സുഭദ്രാര്‍ജ്ജുനം (നാടകം )
തോട്ടയ്ക്കാട്ട് ഇക്കാവമ്മ
ഗുട്ടന്‍ബര്‍ഗ്ഗ് അച്ചുകൂടം കോഴിക്കോട്
“ഇക്കാലത്തൊരു പെണ്ണു തെറ്റുകളകന്നുള്ളോരെഴുത്തെങ്കിലും
മുക്കാലും ശരിയാക്കിയിങ്ങെഴുതിയാലൊട്ടല്ലതാശ്ചര്യമാം
ഇക്കാണുന്നൊരു ചാരുനാടകമദുഷ്ടാക്ലിഷ്ടശബ്ദാര്‍ഥമാ
യിക്കാവമ്മചമച്ചതോര്‍ത്തുമുഴുകുന്നുള്ളത്ഭുതാംഭോനിധൌ” (കേരള വര്‍മ്മ കോയിത്തമ്പുരാന്‍)
ആധുനിക സാഹിത്യ രംഗത്ത് സ്ത്രീ എഴുത്തുകാര്‍ വളരെയേറെ മുന്നിലും, മനോഹരങ്ങളായ രചനകളാല്‍ പ്രസിദ്ധരുമാണ് . ആംഗലേയ സാഹിത്യത്തിലായാലും മാതൃഭാഷയിലായാലും എഴുത്തുകാരികളുടെ ബാഹുല്യം എഴുത്തുകാരായ ആണുങ്ങളേക്കാള്‍ ഒരു പക്ഷേ മുന്നില്‍ത്തന്നെയാണ് എന്നു പറയുന്നതില്‍ അപാകതയൊന്നും ഉണ്ട് എന്നു കരുതുന്നില്ല . അതില്‍ ഖേദമോ പരിഭവമോ പോലുമില്ല. സച്ചിദാനന്ദന്‍ മാഷ് ആണെഴുത്തെന്നും പെണ്ണെഴുത്തെന്നും സാഹിത്യത്തെ രണ്ടായി വിഭജിച്ചു പരാമര്‍ശിച്ചുകൊണ്ട് ഒരു വിഭാഗീയത എഴുത്തുകാര്‍ക്കിടയില്‍ പ്രത്യക്ഷമായി കൊണ്ടുവന്നത് ആ കാലത്തിന്റെ ആവശ്യമായിരുന്നെങ്കിലും ഇന്ന് എഴുത്തിന് ലിംഗഭേദം ആവശ്യമുണ്ടോ എന്നത് ചോദ്യം തന്നെയാണ് . എഴുത്തിലെ കാതലാണ് പ്രധാനം എന്നു കരുതുന്നു . അത് ആണെഴുതിയാലും പെണ്ണെഴുതിയാലും ട്രാന്‍സ് മനുഷ്യര്‍ എഴുതിയാലും സാഹിത്യം എന്ന വിഭാഗത്തില്‍പ്പെടുക തന്നെ ചെയ്യുമെങ്കില്‍ അതിനെ എഴുതുന്ന ആളിന്റെ പേരില്‍ അറിയുന്നതല്ലേ കാമ്യം . പകരം ലിംഗഭേദം കൊടുക്കുന്നത് മതം പോലെ മനുഷ്യരെ വേറിട്ടുകാണുന്ന ഒരു സംസ്കാരമായി തോന്നുന്നു . ജാതീയതയും വംശീയതയും നിറഞ്ഞ മനുഷ്യകുലത്തില്‍ അവനവനെ അടയാളപ്പെടുത്താന്‍ ഒരുപാട് കടമ്പകള്‍ ഇന്നും ഉണ്ടെന്നത് വിസ്മരിക്കുന്നില്ല. എത്ര നല്ല സാഹിത്യമായാലും അതിനെ, എഴുതിയ ആളിന്റെ മുഖം , കുലം , ലിംഗം നോക്കി പരിഗണിക്കുകയും , അവഗണിക്കുകയും ചെയ്യുന്ന സാഹിത്യ മണ്ഡലം ആണ് നമ്മുടേത്. അതുകൊണ്ടു തന്നെയാണ് അറിയപ്പെടേണ്ടവര്‍ അറിയപ്പെടാതെ പോകുന്നതും നിലവിളിക്കേണ്ടിവരുന്നതും . സോഷ്യല്‍ മീഡിയ പോലുള്ള ആധുനിക തലത്തില്‍ , സ്വന്തം പേരിനൊപ്പം എഴുത്തുകാരി എഴുത്തുകാരന്‍ കവി , കവയിത്രി , നോവലിസ്റ്റ് എന്നൊക്കെ രേഖപ്പെടുത്തി വിലാസം ഉണ്ടാക്കുന്ന വെപ്രാളത്തിലാണ് ഇന്ന് രണ്ടക്ഷരം എഴുതാന്‍ അറിയുന്നവരൊക്കെയും . ചവറ്പോലെ പുസ്തകങ്ങള്‍ ഇറക്കുന്ന ചിലരുണ്ട് . പണ്ട് സ്ത്രീകളെക്കൊണ്ട് നിര്‍ത്താതെ പ്രസവിപ്പിക്കുമായിരുന്നത് പോലെ ആണിത് . എത്ര കുട്ടികള്‍ അതിജീവിച്ചു എത്രപേര്‍ മരിച്ചുപോയി എത്രപേര്‍ അവശരാണ് എന്നതൊന്നും പ്രസവിച്ച അമ്മയ്ക്കൊ പ്രസവത്തിന് കാരണക്കാരനായ അച്ഛനോ വിഷയമല്ലായിരുന്നു . ഇത് തന്നെയാണ് ഇത്തരക്കാരുടെ പുസ്തകങ്ങളുടെയും അവസ്ഥ . നല്ലതുണ്ടാകാം ചവറുമുണ്ടാകാം. പക്ഷേ അവര്‍ അതല്ല ശ്രദ്ധിക്കുന്നത് . എത്രയെണ്ണം ഇറക്കി എന്നുള്ളതാണ് . കൈയ്യില്‍ പണം ഉണ്ടെങ്കില്‍ പുസ്തകം ഇറക്കുക മാത്രമല്ല കൂണുകള്‍ പോലെ മുളച്ചു വരുന്ന സാഹിത്യ സംഘടനകളുടെ കീഴില്‍ അവാര്‍ഡുകളും സുലഭമാണല്ലോ . കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഒരുപോലെ ഉളുപ്പില്ലാത്ത ഒന്നായതിനാല്‍ സാഹിത്യത്തിൻ്റെ ഈ അപചയത്തെ ഓര്‍ത്ത് ഖേദിക്കുകയല്ലാതെ മറ്റൊന്നും വഴിയില്ല . സ്ത്രീകള്‍ പ്രത്യേകിച്ചും മലയാള സാഹിത്യത്തില്‍ എഴുതുന്നവര്‍ ഇന്ന് വിരാജിക്കുന്ന , അഭിരമിക്കുന്ന ഒരു സ്വാതന്ത്രവും ഇല്ലാതിരുന്ന ഒരു കാലം ചരിത്രത്തില്‍ ഉണ്ട് . പുരുഷ മേല്‍ക്കോയ്മ കൊണ്ട് നിറഞ്ഞു നിന്ന സാഹിത്യമേഖല . വരേണ്യ സാഹിത്യം കൊണ്ട് നിറഞ്ഞതെന്ന് പറഞ്ഞാലെ പൂര്‍ണ്ണമാകൂ . തുഞ്ചത്തെഴുത്തച്ഛനെപ്പോലും ഇല്ലാത്ത പൂണൂല്‍ ധരിപ്പിക്കാന്‍ വ്യഗ്രത പൂണ്ട മലയാള സാഹിത്യം . അവിടെ അവര്‍ണ്ണ വിഭാഗത്തില്‍പ്പെടുത്തിയ മനുഷ്യര്‍ക്ക് മാത്രമല്ല അബലകളെന്ന് മാറ്റി നിർത്തിയ സ്ത്രീകള്‍ക്കും പ്രവേശനമില്ലായിരുന്നു . അത്തരം ഒരിടത്തേയ്ക്കാണ് സധൈര്യം തോട്ടയ്ക്കാട്ട് ഇക്കാവമ്മ എന്ന സ്ത്രീ (അവിടെയും ഹിന്ദുവിന്റെ ലേഖനത്തില്‍ അവരെ വിശേഷിപ്പിക്കുന്നത് Noble Nair Lady) കടന്നുവരുന്നത്. സാഹിത്യഭംഗിയുള്ള കവിതകളും നാടകവുമായി അവര്‍ പുരുഷ ലോകത്തിന്റെ അഹംഭാവത്തെ വെല്ലുവിളിച്ചപ്പോള്‍ , ഇക്കാവമ്മയുടെ കവനം കവയ്ക്കൂ വൃത്തം കാണട്ടെ എന്നു ദ്വയാര്‍ത്ഥത്തില്‍ വെല്ലുവിളികള്‍ നടത്തിയത്രേ സാഹിത്യ പുംഗവന്‍മാര്‍ . വൃത്ത ഭംഗിയോടെ കവിത എഴുതി ഒടുവിലായി കവനം കവച്ചത് മതിയോനിനക്കടാ എന്നെഴുതി ദ്വയാര്‍ത്തത്തില്‍ ശക്തമായി തക്കമറുപടി നല്കാന്‍ ഇക്കാവമ്മയ്ക്ക് കഴിഞ്ഞിടത്താണ് അവരുടെ പ്രസക്തി. കരഞ്ഞും , നിലവിളിച്ചും , സങ്കടം പറഞ്ഞും അവര്‍ മാറിനിന്നില്ല .ആ മഹതിയായ ഇക്കാവമ്മയുടെ ലക്ഷണമൊത്ത ഒരു നാടകമാണ് സുഭദ്രാര്‍ജ്ജുനം. അതിന്റെ രണ്ടാം പതിപ്പില്‍ , കൊച്ചി രാജാവായ കേരള വര്‍മ്മ 1892ല്‍ ഇതൊരു മഹത്തായ കൃതി ആണ് എന്നു കുറിപ്പെഴുതിയത് ഈ നാടകത്തിന്റെ അക്കാലത്തെ വലിയ അംഗീകാരം തന്നെയായി കരുതുന്നു . അക്കാലത്തെ പ്രശസ്തരായ പലരും ഇതില്‍ കുറിപ്പുകള്‍ എഴുതിയിട്ടുണ്ട് . അവയിലൂടെ സഞ്ചരിച്ചാല്‍ അവരുടെ ഉള്ളിലെ ചിന്തയും അസഹിഷ്ണുതയും അവയില്‍ ഒളിഞ്ഞു കിടക്കുന്നതും കാണാന്‍ കഴിയും . മുഖവുരയില്‍ മാനവിക്രമ ഏട്ടന്‍ രാജ ഇങ്ങനെ അഭിപ്രായപ്പെടുന്നുണ്ട് . “കണക്ക് കൂട്ടുന്നതായാല്‍ ലോകത്തിന് നൂറ്റിന് അഞ്ചു കണ്ടു സംസ്കൃത വിദ്വാന്മാരും അവരില്‍ത്തന്നെ നൂറ്റിന്നഞ്ചു കണ്ട് കവികളും ഉണ്ടായിരിക്കുമോ എന്നു സംശയമാണ് . ഇങ്ങനെയിരിക്കെ , പ്രായേണ അജ്ഞമാരായ സ്ത്രീകളില്‍ വിദൂഷികളും കവികളും ഇപ്രകാരം ഉണ്ടായിരിക്കുമോ എന്നു ഊഹിപ്പാനെ അവകാശമില്ല. ഗണകന്‍മാരുടെ ചെറുവിരലിന് അവകാശിയായ തോട്ടയ്ക്കാട്ടെ കുഞ്ഞിക്കാവ എന്ന വിദൂഷിയാല്‍ സുഭദ്രാര്‍ജ്ജുനം എന്ന നാടകം എഴുതിയതിലും തനിക്ക് വായിക്കാന്‍ അയച്ചതിലും സന്തോഷം . ഈ രചന എഫ് എ പരീക്ഷയ്ക്ക് ടെസ്റ്റ് ആയി വന്നതും , രണ്ടാം പതിപ്പ് ഇറങ്ങിയതും ഇതിന്റെ ശ്രേഷ്ഠതയായി കണക്കാക്കാം”. എന്നിങ്ങനെ അദ്ദേഹം എഴുതിയിരിക്കുന്നു . ടി. കെ. കെ. എം. എഴുതിയത് “അബലകള്‍ക്ക് സഹജമായിരിക്കുന്ന അനേകം കൃത്യങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയതായതിനാല്‍ ഇതില്‍ അറ്റകുറ്റങ്ങള്‍ ഉണ്ടാകാം അവയെ സജ്ജനങ്ങള്‍ ചൂണ്ടിക്കാണിച്ചു തരണമേ എന്നാണ്”. കേരള വര്‍മ്മ കോയിത്തമ്പുരാന്‍ കവിതാ ശകലം കൊണ്ട് ഇങ്ങനെ തുടങ്ങുന്നു . “ഇക്കാലത്തൊരു പെണ്ണു തെറ്റുകളകന്നുള്ളോരെഴുത്തെങ്കിലും
മുക്കാലും ശരിയാക്കിയങ്ങെഴുതിയാലൊട്ടല്ലതാശ്ചര്യമാം
ഇക്കാണുന്നൊരു ചാരുനാടകമദുഷ്ടാക്ലിഷ്ടശബ്ദാര്‍ഥമാ യിക്കാവമ്മചമച്ചതോര്‍ത്തുമുഴുകുന്നുള്ളത്ഭുതാംഭോനിധൌ”. അക്കാലത്തെ ഒ. ചന്തുമേനോനടക്കമുള്ള പ്രശസ്തര്‍ അഭിനന്ദിച്ചും അത്ഭുതം കൂറിയും കുറിപ്പുകള്‍ തയ്യാറാക്കിയ ഈ പുസ്തകം വളരെ മനോഹരവും ലളിതവും ആയ ഒരു വായനാനുഭവം നല്കി എന്നതില്‍ സന്തോഷം ഉണ്ട് . നാടകം പഴയ സങ്കേതത്തില്‍ ഉള്ളതാകയാല്‍ അതില്‍ മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടുകള്‍ സാധാരണ അനുഭവപ്പെടാറുണ്ട് . ഇതിന് പ്രധാന കാരണം സംസ്കൃത ഭാഷയുടെ പ്രയോഗങ്ങള്‍ ആണെന്നത് പറയേണ്ടതില്ലല്ലോ . എന്നാല്‍ ഈ നാടകം വളരെ സുതാര്യമായ ഒരു വായന നല്കി എന്നതില്‍ അതിശയം തോന്നി . ലളിതമായി പദങ്ങള്‍ വിന്യസിച്ചുകൊണ്ടുള്ള ഈ സംഗീത നാടകം നല്ല അനുഭവം ആയിരുന്നു. തൻ്റെ കാഴ്ചപ്പാടുകളും സമൂഹ കാഴ്ചപ്പാടുകളോടുള്ള മറുപടികളും തൻ്റെ എഴുത്തിലൂടെ വിഷയത്തിലൂന്നി നിന്നുകൊണ്ട് പ്രകടിപ്പിക്കാനാവുന്നു ഇക്കാവമ്മയ്ക്ക് . തുടക്കം തന്നെ സൂത്രധാരൻ, സ്ത്രീക്കു പുരുഷലോകത്തിൻ്റെ കവിധർമ്മം സാധിക്കുന്നതല്ല നല്ലതല്ല എന്നഭിപ്രായവും അതിന് മറുപടിയും തരുന്നുണ്ട്.
"മല്ലാരി പ്രിയയായ ഭാമ സമരം
ചെയ്തിലയോ, തേർതെളി
ച്ചില്ലേ പണ്ടു സുഭദ്ര, പാരിതു ഭരി
ക്കുന്നില്ലെ വിക്ടോറിയാ?
മല്ലാക്ഷീമണികൾക്കു പാടവമിവ
യ്ക്കെല്ലാം ഭവിച്ചീടുകിൽ
ചൊല്ലേറും കവിതയ്ക്കു മാത്രമിവ
രാളല്ലെന്നു വന്നീടുമോ?"
എന്ന് വ്യക്തമായി ചോദിക്കുന്നു. അക്കാലത്തെ സ്ത്രീകളുടെ വിവാഹ ചിന്തയേയും നാടകത്തിൽ ചോദ്യം ചെയ്യുന്നു.
"നിനച്ചിടാതേതും തരുണിയുടെ ചിത്തം ഗുരു ജനം
തനിച്ചാലോചിച്ചിട്ടൊരുവനുകൊടുക്കുന്നിതതിനാൽ
രമിച്ചീടാതുള്ളം കലഹമൊടു തമ്മിൽ ബഹുവിധം
നയിച്ചിടുന്നെല്ലോ സമയമതു പാരിൽ പല ജനം"
എന്ന് കൃഷ്ണൻ സുഭദ്രയുടെ വിവാഹക്കാര്യം പറയുമ്പോൾ ബലഭദ്രനോട് പറയുന്നു. അറേഞ്ച്ഡ് മാര്യേജുകളുടെ പ്രധാന പോരായ്മയെ അന്നേ ഇക്കാവമ്മ പറയുന്നുണ്ട്. ഇന്നും അത് പക്ഷേ മാറ്റമില്ലാതെ തുടരുകയുമാണല്ലോ. ഉൾക്കാഴ്ചയുള്ള ധൈര്യവതിയായ ഒരു സ്ത്രീയായി , ഒരു പക്ഷേ ഫെമിനിസ്റ്റായി തലയുയർത്തി നിന്ന ഇക്കാവമ്മ പില്കാല സാഹിത്യലോക ചിന്തയിൽ അപ്രസക്തയായി ചർച്ചകൾ ഇല്ലാതെ പോയത് എന്താകാം? പകരം നാം ചർച്ച ചെയ്യുക ഭയം മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന എഴുത്തുകാരികളെക്കുറിച്ചാണ്. തുറന്നെഴുതാൻ ധൈര്യം കാട്ടിയ മാധവിക്കുട്ടിയെക്കുറിച്ച് വാചാലരാകുന്നവർ ഇക്കാവമ്മയെ മറന്നതായി നടിക്കുന്നത് അവർ എഴുത്തുകാരിയല്ലാഞ്ഞിട്ടാണോ അതോ തുറന്നെഴുതാത്തതിനാലോ?
നെറ്റില്‍ പി ഡി എഫ് ലഭ്യമായിരുന്നതിനാല്‍ ആണ് ഈ പുസ്തകം വായിക്കാന്‍ കഴിഞ്ഞത് . ഇന്നത്തെ എഴുത്തുകാരികള്‍ ഒരുപാട് പഠിക്കാനുണ്ട് ഇക്കാവമ്മയില്‍ നിന്നും എന്നു പറയാനാണ് ഈ വായനയും വ്യക്തിയും തോന്നിപ്പിച്ചത് . സസ്നേഹം ബിജു . ജി നാഥ് വര്‍ക്കല