ഖുറാൻ ഒരു വിമർശന പഠനം (ലേഖനം)
ഇടമറുക്
ഇന്ത്യൻ എതീസ്റ്റ് പബ്ലിക്കേഷൻ
വില: ഫ്രീ എഡിഷൻ
മതങ്ങൾ മനുഷ്യന്റെ ജീവിതത്തെ സ്വാധീനിക്കാൻ തുടങ്ങിയത് അവനു പട്ടിണിയും വിഷമതകളും ഒഴിഞ്ഞു തുടങ്ങിയപ്പോൾ ആണ് . പരിഷ്കൃത സമൂഹങ്ങൾ ആയി വികസിച്ചു വന്ന മനുഷ്യസമൂഹത്തിൽ വെറുതെ ഇരിക്കുമ്പോൾ തോന്നുന്ന വിവിധ വിചാരങ്ങളുടെ ആകെത്തുകയാണ് മതം . മനുഷ്യൻ ഇന്നോളം വികസിപ്പിച്ചെടുത്ത എല്ലാ അറിവുകൾക്കും വിശ്വാസങ്ങൾക്കും മേലെ ആഴത്തിൽ അടച്ചിറക്കിയ ഒരു വലിയ തുരുമ്പാണി ആണ് മതം . ലോകത്തിന്നേവരെ ഒട്ടനവധി മതങ്ങൾ വന്നു പോയിക്കഴിഞ്ഞിരുന്നു . എങ്കിലും പ്രമുഖ മതങ്ങൾ ആയി ഇന്നറിയപ്പെടുന്നത് ക്രിസ്തു മതവും ഇസ്‌ലാം മതവും ആണ് . ലോകത്തെ എല്ലാ സംഘർഷങ്ങൾക്കും മൂലകാരണം ഈ രണ്ടു മതങ്ങൾ തമ്മിൽ ഒന്നാമതെത്താനും ഒന്നാം സ്ഥാനം നിലനിർത്താനും വേണ്ടിയുള്ള മത്‌സരം മൂലമാണ് എന്നത് പരസ്യമായ ഒരു രഹസ്യമാണ് . മതങ്ങളിൽ അവസാനത്തേത് എന്ന് ഇസ്‌ലാം മതം സ്വയം പറയുമ്പോഴും രണ്ടു വര്ഷം മുൻപ് മാത്രം തിരുവനന്തപുരത്ത് ശംഖുമുഖം കടപ്പുറത്തു കൂടിയ മനുഷ്യരെ നോക്കെ നമ്മൾ ഒരു മതമാണ് എന്നും നമ്മുടെ മതത്തിന്റെ പേര് ശ്രീനാരായണീയം എന്നും നമ്മൾ അറിയപ്പെടുക ശ്രീനാരായാണീയർ എന്ന് തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത് കൂടി കൂട്ടി ഒട്ടനവധി മതം ഇന്ത്യയും ലോകവും മുഴുവനായി പടർന്നു കിടക്കുന്നുണ്ട് . പുതിയവ വന്നുകൊണ്ടിരിക്കുന്നുമുണ്ട് . തിരുത്തലുകൾ ഇല്ലാത്ത ഗ്രന്ഥം എന്ന വിശേഷണം പോലും തെറ്റായി സ്ഥാപിക്കപ്പെടുന്ന മത ഗ്രന്ഥങ്ങൾ മനുഷ്യരുടെ സാമൂഹ്യ സാംസ്കാരിക വികാസങ്ങളുടെ കാലത്ത് തന്നെ വളർച്ചയെ തടഞ്ഞും ലിംഗനീതിയും സാമൂഹ്യനീതിയും പ്രതിരോധിച്ചും കണ്ണുകെട്ടിയും സമൂഹത്തെ ഇന്നും പുറകോട്ടു നയിക്കുന്നത് വിദ്യാഭ്യാസം കൊണ്ട് വികാസപരിണാമം സംഭവിക്കുന്ന പുതിയ കാലഘട്ടം മനസിലാക്കിത്തുടങ്ങിയിട്ടുണ്ട് . ഇന്ത്യയുടെ ബഹുസ്വരതയുടെ മുകളിൽ കരിനിഴലാകുന്നത് മനുസ്‌മൃതിയും സനാതന സംസ്കൃതി ഗ്രന്ഥങ്ങളും മാത്രമല്ല അവയ്ക്കൊപ്പം സഞ്ചരിക്കുന്ന ഒരേ നാണയത്തിന്റെ മറുഭാഗങ്ങൾ ആയ മറ്റു പ്രമുഖ മതങ്ങളുടെ ഗ്രന്ഥങ്ങളും ഉണ്ട് . പഴനിയമത്തിന്റെ പുതിയ തലമുറയുടെ ചിന്തയെ മഥിക്കുന്ന സംഗതികളെ തിരുത്തി പുതിയ നിയമമാക്കി അവതരിപ്പിക്കാനും കാലോചിതമായ ചിന്താമാറ്റങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് അവയെ നടപ്പിൽ വരുത്താനും ശ്രമിക്കുന്ന ക്രിസ്തുമതം ആണ് കൂട്ടത്തിൽ അല്പമെങ്കിലും ശാസ്ത്രീയമായ പുരോഗതിയെ ഇന്ന് (പണ്ടല്ല) സഹായിക്കുന്നത് എന്ന് യൂറോപ്പ് പറഞ്ഞു തരുന്നു . ഒരു കഴഞ്ചു പോലും മാറ്റില്ല എന്ന ചിന്താഗതിയെ പതിയെ കൈവയ്ക്കാൻ ഇസ്‌ലാമിക രാജ്യങ്ങളും ശ്രമിച്ചു തുടങ്ങുന്നത് മാറ്റത്തിന്റെ കാഴ്ചപ്പാടാണ് . എങ്കിലും മതം എന്ത് പറയുന്നുവോ അതിൽ നിന്നും ഒരിക്കലും പിറകോട്ടു പോകാൻ തയ്യാറല്ല എന്ന് കരുതുന്ന കേന്ദ്രങ്ങൾ ആണ് പലപ്പോഴും മതത്തിന്റെ പേരിൽ സംഘര്ഷങ്ങള് ഉണ്ടാക്കുന്നത് . സമീപകാലത്തു ഫ്രാൻസിൽ സംഭവിക്കുന്നത് മതം ഒരു ആത്മപരിശോധനയ്ക്ക് ഉപയോഗിച്ചാൽ നന്നായിരിക്കും എന്നുകൂടി തോന്നിപ്പോകുന്നുണ്ട് .
മതത്തെ വിമര്ശിക്കുന്നവർക്കുള്ള മറുപടി മരണം ആണ് എന്നത് ഇസ്‌ലാം മതത്തെ എന്ന് എടുത്തു പറയേണ്ടി വരുന്നുണ്ട് എല്ലാക്കാലത്തും . ഖുറാൻ വിമര്ശിക്കപ്പെടുമ്പോഴും , മുഹമ്മദ് നബി വിമര്ശിക്കപ്പെടുമ്പോഴും , ഇസ്‌ലാം മതം വിമര്ശിക്കപ്പെടുമ്പോഴും , നബിയെ വരയ്ക്കപ്പെടുമ്പോഴും മാത്രം മതവികാരം വൃണപ്പെടുന്ന ഒരു സമൂഹമായി ഇസ്‌ലാം മതം മാറപ്പെടുന്നു . ഇത് മാത്രവുമല്ല ഇസ്‌ലാം മതത്തെ വിമർശിക്കുകയോ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയോ ചെയ്യുന്നവർക്ക് ഇസ്‌ലാമോ ഫോബിയ എന്നൊരു ചാപ്പ കൂടി സുലഭമായി ലഭിക്കുന്നു . മറ്റേത് മതത്തെ വിമർശിച്ചാലും സന്തോഷത്തോടെ സ്വീകരിക്കുന്ന പ്രതികരിക്കുന്ന ഇസ്ലാം മതം , വിമർശനത്തെ എന്തുകൊണ്ടാണ് ഭയപ്പെടുന്നത് എന്ന് മനസ്സിലാകുന്നില്ല . ചർച്ച ചെയ്യാൻ ഞങ്ങൾ തയ്യാർ എന്ന് പറയുമ്പോഴും പഠിച്ചു വിമർശിക്കൂ എന്ന് പറയുമ്പോഴും അത് വസ്തു നിഷ്ഠമായി തയ്യാറാകുന്നവരെ ആക്രമിക്കാൻ അനുയായികളുടെ ഒരു സേന തന്നെ ഉണ്ടാകുന്നു . അതുവരെ സ്നേഹിതരായിരിക്കുന്നവർ പോലും അതോടെ മാനസികമായി ശത്രുവാകുന്നു . ഒളിഞ്ഞും തെളിഞ്ഞും മതഭ്രാന്തന്മാർക്ക് ഒറ്റുകൊടുക്കാൻ അവർ നിർബന്ധിതരാകുന്നു . അതിനാൽ തന്നെ ഇസ്‌ലാം മതത്തെ വിമർശിക്കുക എന്നത് ആരും (ജീവന് ഭയം ഉള്ളവർ ആരും ) ചെയ്യാൻ ധൈര്യപ്പെടുന്നില്ല .
ഈ ഒരു ചുറ്റുപാടിൽ നിന്നുകൊണ്ടാണ് ഇടമറുകിന്റെ ഖുർആൻ ഒരു വിമർശനപഠനം എന്ന പുസ്തകത്തെ സമീപിക്കുന്നത് . കേരളത്തിന്റെ കാര്യം എടുക്കുകയാണെങ്കിൽ ഖുറാനും ഇസ്‌ലാമിക ചിന്തകളെയും നഖശിഖാന്തം എതിർക്കുന്ന രണ്ടുമൂന്നുപേരെ ഇന്ന് പരിചിതമാണ്. അധ്യാപകരായ ഇ എ ജബ്ബാർ , അയൂബ് മൗലവി , ജാമിദ ടീച്ചർ . ഇവർക്കൊപ്പം അത്ര കഠിനം അല്ലെങ്കിലും ചില ചെറു ബാല്യങ്ങളും ഉണ്ട് എന്ന് കാണാം . മുഹമ്മദ് നബിയെക്കുറിച്ചു വളരെ ഗൗരവതരമായി ഒരു പുസ്തകം തയ്യാറാക്കിയ ഇറാനിയൻ എഴുത്തുകാരൻ അലി സിനായും , ഇസ്‌ലാം വിമർശനം മൂലം രാജ്യം വിട്ടു നിൽക്കുന്ന സൽമാൻ റുഷ്ദി , തസ്ലീമ നസ്രീൻ,അയാൻ ഹിർസി അലി എന്നിവരെയും വായനക്കാർക്ക് പരിചിതമാകണം .
ഇടമറുക് ഈ പുസ്തകത്തിൽ ഖുറാൻ എന്ന മത ഗ്രന്ഥത്തെയും അതിൽ പറഞ്ഞിട്ടുള്ള അശാസ്ത്രീയവും അമാനവികവുമായ തെറ്റുകളെ എടുത്തു പറഞ്ഞു വിമർശിക്കുന്നു . ലിംഗ സമത്വം , ശിക്ഷാവിധികൾ എന്നിവയെയും മറ്റും ചൂണ്ടിക്കാണിച്ചു അതിലെ അപരിഷ്കൃത കാലോചിതമായി വരാത്ത മാറ്റങ്ങളും ചൂണ്ടിക്കാട്ടുന്നു . ഒരു മത ഗ്രന്ഥം എന്ന ഭക്തിപുരസ്കാരമായ ചിന്ത മാറ്റി വച്ചുകൊണ്ടു ഒരു സാഹിത്യ കൃതി എന്ന രീത്യിൽ ഈ ഗ്രന്ഥത്തെ സമീപിക്കുന്ന ആർക്കും മനസിലാകുന്ന വിഷയങ്ങൾ തന്നെയാണ് ഇടമറുക് ഇതിൽ പ്രതിപാദിക്കുന്നത് . ഒരു പക്ഷെ ഇന്നത്തെ യുക്തിവാദികൾ സോഷ്യൽ മീഡിയയിലും മറ്റും നിരന്തരം നടത്തുന്ന ചർച്ചകളും മറ്റും ഇതേ വിഷയങ്ങൾ തന്നെയാണ് എങ്കിലും മതം ഇന്നും അവയിലേക്ക് ഒരു തുറന്ന ചർച്ചയ്ക്ക് തയ്യാറായിട്ടുണ്ടോ എന്ന് സംശയമാണ് . വരുംകാലതലമുറ മതത്തെ ആഴത്തിൽ പഠിച്ചു ചോദ്യങ്ങൾ ചോദിക്കുന്ന ഒരു തലമുറയാകട്ടെ . മത പഠനം എന്നത് പതിനെട്ടു വയസ്സ് വരെ പാടില്ലാത്ത ഒരു സംഗതിയായി നിയമ നിർമ്മാണം വരുത്തുന്നത് ഒരു പക്ഷെ മതവിശ്വാസവും അതിന്റെ തുടർച്ചയായി ഉണ്ടാകുന്ന സാമൂഹ്യ സാംസ്കാരിക അപചയങ്ങൾക്കു തടയിടാനും മനുഷ്യരായി ജീവിക്കാനും സഹായിക്കുന്ന ഒരു അവസ്ഥ ഉണ്ടാക്കി എടുത്തേക്കും എന്ന് പ്രതീക്ഷിക്കുന്നു. ഫ്രാൻസ് നിലവിൽ വരുത്താൻ തുടങ്ങുന്ന ഒരു നിയമം ഉണ്ട് അത് അവർ പക്ഷെ നടപ്പിൽ വരുത്താൻ തുടങ്ങുന്ന ഇസ്‌ലാമികമതസ്ഥരിൽ ആണ് . ആ നിയമം എല്ലാ മതങ്ങൾക്കും ഒരുപോലെ നടപ്പിൽ വരുത്തുവാൻ ശ്രമിച്ചാൽ ഒരു പക്ഷെ പുതിയ ലോകം നല്ലൊരു നന്മയുടെ മാനുഷികതയുടെ ലോകം ആയിരിക്കും സംഭാവന ചെയ്യുക എന്ന് പ്രതീക്ഷിക്കുന്നു . ഒരു നല്ല വായന ആശിക്കുന്നവർ , തെറ്റുകൾ തിരിച്ചറിയാൻ ശ്രമിക്കുന്നവർ തീർച്ചയായും വായിക്കേണ്ട പുസ്തകങ്ങളിൽ ഒന്ന് തന്നെയാണ് ഇത് . ഇതോടൊപ്പം പക്ഷെ മറ്റു മതങ്ങളെയും പഠിക്കുകയും അവയിലെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുകയും , മനസ്സിലാക്കുകയും കൂടി വേണം എന്ന് ആഗ്രഹിക്കുന്നു . കാരണം ഒരു മതം മാത്രമല്ല സർവ്വ മതവും മനുഷ്യരെ നന്മ ചെയ്യാൻ വേണ്ടി ഉണ്ടാക്കിയവ അല്ല എന്ന തിരിച്ചറിവ് ഉണ്ടാകണം . അതിനു ഭക്തി മാറ്റി വച്ച് തുറന്ന വായനകൾ ഉണ്ടാകണം . ആശംസകളോടെ ബി.ജി.എൻ വർക്കല