Thursday, September 24, 2020

കണിമലരായി നീ വിരിഞ്ഞെങ്കിൽ !

കണിമലരായി നീ വിരിഞ്ഞെങ്കിൽ !
.............................................................
ഒരു കണിയായി നീയുണ്ടെങ്കിൽ സഖീ-
യെൻ ദിനമെത്ര ഊഷ്മളമായിരുന്നേനെ.
ഒരു ചിരിയായെന്നെ നീ പുണരുകിൽ
എത്ര വേദനയും പൂവായ് മാറിയേനെ.

നീ , ഒരു നിരാകാര ബ്രഹ്മമായ്
നിർവ്വികാരത്തിൻ ജല ബിന്ദുപോൽ
മരുവുന്നുണ്ടെൻ ശിരോമണ്ഡലങ്ങളിൽ
ഒരു തെച്ചിക്കാടിൻ ചോപ്പുമായ്.

ഓർമ്മകൾ തൻ വാതായനം തുറന്നു ഞാൻ
നിൻ മധുരമാം പുഞ്ചിരി കവരവേ
നീയൊരു കുളിർ നിലാവായെൻ
മൗന വാത്മീകം തകർത്തു വെന്നോ...!

ഈറൻ മുടി മാറിലേയ്ക്കിട്ടു നീ
മോഹിപ്പിക്കുന്ന കനവു പോൽ നിൽക്കവേ
ഒഴുകിയിയിറങ്ങും ജലബിന്ദു നിൻ
മുലഞെട്ടിൽ തങ്ങി നില്ക്കുന്നുവോ നൊടിയിട.

നിൻ ഹൃദയതാളം ശ്രവിച്ചു ഞാൻ പ്രിയേ
അകലുവാനാകാതെ പകച്ചു നില്ക്കവേ
ഒരു ചെറു പുഞ്ചിരി തന്നു നീ
അകലുന്നുവോ മിഴികൾ നനയുന്നുവോ.!

ഇനിയീ തമസ്സിൽ ഞാനും നിൻ
സ്മരണതൻ ശീത നിലാവും മാത്രം.
ഇണചേരുവാൻ വിതുമ്പി നില്ക്കുമ്പോൾ
വരുവതുണ്ടു ചന്ദ്രിക മന്ദമായ്.

ഇനി യാത്ര പറയാൻ മറന്നു ഞാൻ
ഒരു ശിലാ പാളിയായി മാറവേ
അകലുകയാണ് നീ മൽ സഖീ
ഒരു ചെറു വാക്കു പോലും പറഞ്ഞിടാതിങ്ങനെ...
ബി.ജി.എൻ വർക്കല

Monday, September 21, 2020

മറവി

മറവി.
............
ചിലപ്പോൾ മറവി അനുഗ്രഹമാണത്രേ!
നോക്കൂ ഞാനെന്താ മറന്നതെന്ന്.
അച്ഛൻ്റെ വേർപാട് ദിനം
എൻ്റെ വിവാഹ ദിനം
ഭാര്യയുടെ ജന്മദിനം
മക്കളുടെ പിറന്നാളുകൾ
തിരുവോണത്തിന് അമ്മയെ വിളിക്കൽ
എല്ലാ മറവികൾക്കും മേലെ
എന്താണ് തിരശ്ശീലയാക്കേണ്ടത്.?
എന്താണ് ഓർമ്മയുള്ളത്...
സ്വന്തം നമ്പരല്ലാതെ
അമ്മ
ഭാര്യ 
സഹോദരർ
ഉറ്റ സ്നേഹിതർ
ആരുടെ നമ്പറാണ് ഓർമ്മയുള്ളത് ?
ഗൂഗിൾ അക്കൗണ്ട് ഇല്ലെങ്കിൽ
മൊബൈൽ നഷ്ടപ്പെട്ടാൽ ???
മറവിക്ക് ഒരു ദിനമുണ്ട്.
ആഘോഷമായി കൊണ്ടാടാം
അപ്പഴും മറവി മറവി തന്നെയല്ലേ?
എഫ് ബി 
മൊബൈൽ
ഇവയില്ലെങ്കിൽ 
എന്തോർമ്മിക്കാനാണ്?
അപ്പോഴും നാം പറയുന്നു
എനിക്കെല്ലാം ഓർമ്മയുണ്ട്..
ഒരിക്കൽ അവൾ പറഞ്ഞു.
ഈ സോഷ്യൽ മീഡിയ നിന്നാൽ
എല്ലാ ബന്ധങ്ങളും തീർന്നു
എനിക്ക് ഭയമാകുന്നു.
എൻ്റെ ജീമെയിൽ മറന്നു പോയാൽ
എൻ്റെ മൊബൈൽ കളഞ്ഞു പോയാൽ
പിന്നെ ആരുണ്ടാകും എൻ്റെ ഓർമ്മയിൽ?
ആരെ 
എങ്ങനെ
ഞാൻ വിളിക്കും....?
.... ബി.ജി.എൻ വർക്കല..

പ്രവാസം

Friday, September 18, 2020

ലോക ക്ലാസ്സിക് കഥകള്‍ ....................... പരിഭാഷ: ബാബു ജോസ്

 

ലോക ക്ലാസ്സിക് കഥകള്‍

പരിഭാഷ: ബാബു ജോസ്

എല്‍.ബി.ജെ പബ്ലീഷിങ്

വില : 90.00 രൂപ(ആമസോണ്‍)

 

 

മലയാള കഥാസാഹിത്യത്തിന്റെ വളര്‍ച്ച ആരംഭിക്കുന്നത് വിദേശ കഥകളെ മൊഴിമാറ്റം ചെയ്തു അവതരിപ്പിക്കപ്പെട്ടുകൊണ്ടാണ് എന്നു കാണാം. ഒട്ടനവധി മൊഴിമാറ്റങ്ങള്‍ ഇങ്ങനെ ആംഗലേയ ഭാഷയില്‍ നിന്നും റഷ്യന്‍ ഭാഷയില്‍ നിന്നും അറബി ഭാഷയില്‍ നിന്നും ഫ്രഞ്ച് ഭാഷയില്‍ നിന്നുമൊക്കെ മലയാളിക്ക് ലഭിച്ചിരുന്നു . കുട്ടികള്‍ക്ക് വേണ്ടി മൊഴിമാറ്റം ചെയ്യപ്പെട്ട റഷ്യന്‍ നാടോടിക്കഥകള്‍ വളരെ പ്രസിദ്ധമായിരുന്നുവല്ലോ. മലയാളത്തിലെ പ്രശസ്തരായ ഒട്ടുമിക്ക എഴുത്തുകാരും അവരുടെ വായനാലോകം വികസിച്ചത് ലോകസാഹിത്യം വായിച്ചുതന്നെയെന്ന്  പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട് . ആംഗലേയ ഭാഷ നന്നായി അറിയുമായിരുന്ന വിദ്യാസമ്പന്നരായ ആ തലമുറ അവര്‍ വായിച്ചവയില്‍ നിന്നും മികച്ചത് എന്നവര്‍ക്ക് മനസ്സിലായവ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടു . ചിലരെങ്കിലും മൊഴിമാറ്റം ചെയ്യുന്നതിന്  പകരം ആ കഥകളെ തങ്ങളുടെ സര്‍ഗ്ഗശേഷി ഉപയോഗിച്ച് സ്വന്തം രചനകള്‍ ആക്കുകയും ചെയ്തിട്ടുണ്ട് .

   ബാബു ജോസ് എന്ന എഴുത്തുകാരന്‍ എല്‍ ബി ജെ പബ്ലീഷിങ്ങിന്റെ കീഴില്‍ പുറത്തിറക്കിയ ലോക ക്ലാസ്സിക് കഥകള്‍ എന്ന പുസ്തകത്തില്‍ മൂന്നു കഥാകാരന്‍മാരുടെ ഓരോ കഥകള്‍ ആണ് പരിചയപ്പെടുത്തുന്നത് . ഏണസ്റ്റ് ഹെമിംഗ് വേ , ആന്‍റണ്‍ ചെക്കോവ് , മോപ്പസാംഗ് എന്നിവരാണത് . ചെറുകഥകളുടെ ലോകത്ത് മുടിചൂടാമന്നന്മാര്‍ ആയി കണക്കാക്കുന്ന ഇവരുടെ മൂന്നുപേരുടെയും കഥകള്‍ കഥാസ്വാദകര്‍ ഒരിയ്ക്കലും വിട്ടുപോകുകയില്ല എന്നുതന്നെയാണ് വിശ്വാസം. വിവിധ വീക്ഷണ കോണുകളിൽ നിന്നു കൊണ്ട് മനുഷ്യ ജീവിതത്തിന്റെ വിവിധങ്ങളായ ചിന്താധാരയെ മാനസികമായും സാമൂഹികമായും നോക്കിക്കാണുന്ന കഥകള്‍ ആണ് ഇവരുടേത് എന്നു കാണാം . കഥകള്‍ സഞ്ചരിക്കുന്ന വഴികളുടെ അഭൗമമായ സൗന്ദര്യം വായനക്കാര്‍ക്ക് അനുഭവവേദ്യമാക്കുന്ന രചനാശൈലിക്കുടമകള്‍ ആയ ഈ എഴുത്തുകാരുടെ കഥകളില്‍ നിന്നും ശ്രീ ബാബു ജോസ് തിരഞ്ഞെടുത്തത് ഓരോ കഥകള്‍ മാത്രമാണു .

   ഹെമിംഗ് വെയുടെ ഹില്‍സ് ലൈക് വൈറ്റ് എലിഫന്‍റ്സ് എന്ന കഥയാണ് ആദ്യത്തേത്. വെറും രണ്ടു കഥാപാത്രങ്ങള്‍, ഒരു റയിൽവേ സ്റ്റേഷനില്‍ ഒരു യാത്രയ്ക്ക് ആയി എത്തിച്ചേരുന്നതും അവരുടെ യാത്രയുടെ ഉദ്ദേശം എന്തെന്നത് വളരെ ലഘുവും എന്നാല്‍ ഗുപ്തവും ആയ സംഭാഷണങ്ങൾ കൊണ്ട് വെളിപ്പെടുത്തുന്നതും ആയ ഒരു കഥയാണത് . ഈ കഥയുടെ പ്രത്യേകത എന്താണ് എന്നു ചോദിച്ചാല്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ കത്തോലിക്ക സഭയുടെ കഠിനമായ മതബോധവും മതനിയമവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ , ഒരു ഗര്‍ഭഛിദ്രം നടക്കുവാന്‍ പോകുന്നതിന്റെ ഭയവും ആശങ്കകളും മാനസികവ്യാപാരങ്ങളും പ്രകടിപ്പിക്കാന്‍ എഴുത്തുകാരന്‍ വളരെ കൈയ്യടക്കവും സമൂഹ്യമര്യാദയും പുലര്‍ത്തുന്ന കാഴ്ച മനോഹരമാണ് എന്നുള്ളതാണ്. . സൂചനകളും , ദ്വയാര്‍ത്ഥങ്ങളും നിറഞ്ഞ സംഭാഷണപ്രക്രിയയിലൂടെ ആ കഥ വായനയെ രസാവഹമാക്കുന്നു . ചെക്കോവിന്റെ ദി ലേഡി വിത്ത് ദ പെറ്റ് ഡോഗ് എക്കാലത്തെയും മികച്ച ചെറുകഥകളില്‍ ഒന്നെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. മനുഷ്യമനസ്സുകളുടെ ചിന്തകളെയും പ്രവര്‍ത്തിയെയും വിശദമായി പരിചയപ്പെടുത്തുന്ന ഒരു കഥയാണ് ഇത് . പ്രണയം , രതി, ദാമ്പത്യം എന്നിവയുടെ രസതന്ത്രത്തില്‍ അകപ്പെട്ടുപോകുന്ന മനുഷ്യരുടെ ചിന്താപരിസരങ്ങളിലൂടെ ഒരു മനോഹരമായ പ്രണയവും രണ്ടു മനുഷ്യരുടെ കുടുംബജീവിതത്തിന്റെ  വൈഷമതകളും പ്രതിപാദിക്കുന്നു ഈ കഥ . പൊതു ജീവിതവും  സ്വകാര്യ ജീവിതവും എങ്ങനെയാണ് മനുഷ്യരുടെ ചിന്തകളിലും പ്രവര്‍ത്തിയിലും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് എന്നു ഈ കഥ വ്യക്തമായി അവതരിപ്പിക്കുന്നു .  കൂട്ടത്തില്‍ ഏറ്റവും മനോഹരവും വ്യത്യസ്ഥവും ആയി തോന്നിയ കഥയാണ് മോപ്പസാംഗ് എഴുതിയ  'ദ പ്പീസ് ഓഫ് സ്ട്രിംഗ് ' എന്ന കഥ . മനുഷ്യമനസ്സിന്റെ ഏറ്റവും ലോലമായ തന്ത്രികളെ , വളരെ വിശദമായി തൊടുന്ന മോപ്പസാംഗ് എന്ന എഴുത്തുകാരന്‍ മാനസിക രോഗം വന്നു അകാലത്തിൽ മരിച്ചുപോയി എന്നത് സാഹിത്യത്തിന് വലിയ ഒരു നഷ്ടം തന്നെയാണ് എന്ന് പറയാതെ വയ്യ . ഒരു ചെറിയ ചരട് വഴിയില്‍ നിന്നും വീണുകിട്ടുന്ന ഒരു മനുഷ്യന്‍ ഒരു കള്ളനായി , തന്റെ നിരപരാധിത്വം തെളിയിക്കാനാവാതെ ഒരു ഹാസ്യകഥാപാത്രമായി മരിക്കേണ്ടി വരുന്നത് എത്ര സങ്കടകരമായ ഒരു അവസ്ഥയാണ് . നമുക്കിടയില്‍ ഇന്നും , ചെയ്യാത്ത തെറ്റിന്റെ പഴിയും പേരി ജീവിതകാലം മുഴുവന്‍ ചിലവഴിക്കേണ്ടി വരുന്ന എത്രയോ മനുഷ്യരുണ്ട് എന്നതാണു ഈ കഥയുടെ പ്രസക്തി . വളരെ മനോഹരവും ലളിതവുമായി ഈ കഥയെ അവതരിപ്പിച്ചിട്ടുണ്ട് . ഇതിലെ ഓരോ നിമിഷങ്ങളും വായനയുടെ ആകാംഷയെയും വികാരങ്ങളെയും ബാധിക്കുന്ന തരത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത് എന്നു കാണാം . സാഹചര്യങ്ങളും , പകയും ഒക്കെ എങ്ങനെയാണ് ഒരു മനുഷ്യന്റെ വിധി നിര്‍ണ്ണയിക്കുന്നത് എന്നീ കഥ പറഞ്ഞു തരുന്നുണ്ട് .

   പൊതുവേ തര്‍ജ്ജമകള്‍ക്ക് സംഭവിക്കുന്ന ദുര്യോഗം കഥയുമായി ഒരിയ്ക്കലും താദാത്മ്യം പ്രാപിക്കാന്‍ കഴിയാത്ത കസര്‍ത്ത്  ആകുന്നു എന്നതാണ്. മൂലകഥയില്‍ നിന്നും തര്‍ജ്ജമ അകന്നു പോകുകയോ പനുപദ തര്‍ജ്ജമ മൂലം വായന വൈകൃതമാകുകയോ ചെയ്യുന്ന ഒരുപാട് തര്‍ജ്ജമകള്‍ നമുക്ക് കാണാന്‍ കഴിയും . പക്ഷേ ഭാഗ്യവശാല്‍ ബാബു ജോസ് എന്ന എഴുത്തുകാരന്‍ ഇവിടെ വളരെ മനോഹരമായി ഈ കഥകളെ മൊഴിമാറ്റം നടത്തിയിരിക്കുന്നു എന്നു കാണാം.  വായനയില്‍ ഒരു വിരസതയും അനുഭവപ്പെട്ടില്ല എന്നത് മാത്രമല്ല , കഥയെ ആസ്വദിച്ചു വായിക്കുവാന്‍ കഴിയുകയും ചെയ്തു എന്നത് മൊഴിമാറ്റത്തിന്റെ സൗന്ദര്യം ആണ് . ഇത്തരം മൊഴിമാറ്റ സംരംഭങ്ങള്‍ വായനയുടെ വസന്തം വിരിയിക്കുക തന്നെ ചെയ്യും .കൂടുതല്‍  മൊഴിമാറ്റങ്ങള്‍ ഈ എഴുത്തുകാരനില്‍ നിന്നും പ്രതീക്ഷിക്കുന്നു .ആശംസകള്‍ നേര്‍ന്നുകൊണ്ടു ബി.ജി.എന്‍ വര്‍ക്കല  

  

 

Thursday, September 3, 2020

ഓൺലൈൻ വിരഹ സുവിശേഷങ്ങൾ

ഓൺലൈൻ വിരഹ സുവിശേഷങ്ങൾ.
.........................
അനന്തരം അതിരാവിലെ എഴുന്നേറ്റ് 
അവൾ ഡി പി മാറ്റിയോന്നും
സ്റ്റാറ്റസ് മാറിയോന്നും 
ഓൺലൈൻ ഉണ്ടോന്നും നോക്കാം.
ദിവസത്തിൽ 
ഓരോ ഫ്രീ ടൈമിലും ഇതാവർത്തിക്കുക.
വിരഹകാലത്തിൻ്റെ അവസാനം
 വരേയ്ക്കും. 
സുഖമാണോന്നും 
എന്താ വിശേഷമെന്നും എഴുതിയിട്ട്
മായ്ച്ചു കളയുക. 
എന്തേലും പോസ്റ്റിട്ടോന്ന് തിരയുക.
കണ്ടാൽ 
അതിലാരൊക്കെ 
എന്തൊക്കെ പറഞ്ഞുവെന്നും
എന്തൊക്കെ മറുപടികൾ കൊടുക്കുന്നുവെന്നും
നോക്കിയിരിക്കുക. 
ആർക്കേലും നേരെ
മധുരമോടെന്തെങ്കിലും പറഞ്ഞാലോ 
ആരെങ്കിലും മധുരമായി 
എന്തേലും പറഞ്ഞാലോ 
അവയേ നോക്കി
ഹൃദയവേദനയോടെ ഇരിക്കുക.
എവിടെയെങ്കിലും 
അവളുടെ ശബ്ദം കേട്ടാൽ 
അത് കേട്ടു കേട്ടു നടക്കുക. 
അവൾ ആരെ ഇഷ്ടപ്പെടുന്നോ
അവരെയൊക്കെ ഈർഷ്യയോടെ നോക്കുക. 
അവൾ ഇല്ലാത്ത ദിനങ്ങളിൽ
അവൾ മുൻപു മിണ്ടിയിരുന്ന കാലങ്ങളിൽ 
തന്നിരുന്ന ശബ്ദരേഖകൾ കേട്ട്
ഉള്ളിൽ കരയുക. 
രാത്രി കാലം വരുമ്പോൾ
അവളെ ഓർത്ത് രണ്ടു പെഗ്ഗ് കൂടുതൽ കഴിക്കുക.
അവളെ ഓർത്ത് ഉറങ്ങാതെ കിടക്കുക.
ഉറക്കം വരാതിരിക്കുമ്പോൾ വീണ്ടുമവളുടെ 
മുഖം നോക്കിക്കിടക്കുക.
... ബി.ജി.എൻ വർക്കല


Wednesday, September 2, 2020

കാണാതായ വാക്കുകൾ ..........അസീം താന്നിമൂട്

കാണാതായ വാക്കുകൾ (കവിതകൾ)
അസീം താന്നിമൂട്
ഡി.സി.ബുക്സ്(2019)
വില: ₹ 140.00


കവിതകൾക്ക് മാർക്കറ്റ് നഷ്ടപ്പെടുന്ന ഒരു കാലമാണിത്. ഇൻസ്റ്റൻൻ്റ് ഓൺലൈൻ കവിതകൾക്ക് പോലും നിലനില്പ് നഷ്ടമായിക്കൊണ്ടിരിക്കുന്നു. മൂല്യശോഷണം സംഭവിച്ച ഒരു ശാഖയായി കവിതാ വിഭാഗം നിരന്തര പരീക്ഷണങ്ങളുടെ ഫലപ്രാപ്തി കൈവരിച്ചുകൊണ്ടിരിക്കുമ്പോൾ പുസ്തകമായി കവിതാ സമാഹാരങ്ങൾ ഇറങ്ങിയാൽ അവ ശ്രദ്ധിക്കാൻ എത്ര പേരുണ്ടാകും.? വായനയുടെ സ്വാദ് നഷ്ടപ്പെടുത്തുന്ന തലത്തിലേക്ക് കവിത ഇറക്കി നില്ക്കുകയാണിന്ന്. അക്ഷരം കൂട്ടി വായിക്കാനോ, അർത്ഥം അറിയാനോ തയ്യാറാകുക കൂടിയില്ല ഇന്നത്തെ ഓൺലൈൻ കവികൾ. ഒരിക്കൽ നൂറുദിന കവിതായജ്ഞം നടത്തിയ ഒരു സോഷ്യൽ മീഡിയ കവിയോടു ഇതെങ്ങനെ സാധിക്കുന്നു എന്നു ചോദിക്കുമ്പോൾ , അതും ഒരു വാക്ക് എടുത്ത് അതിൻ്റെ അർത്ഥവും ആ കവിതയിലെ സ്ഥാനവും തിരക്കുമ്പോൾ നല്കിയ മറുപടി ശബ്ദതാരാവലിയിൽ നിന്നും കുറച്ചു വ്യത്യസ്ഥതയുള്ള വാക്കുകൾ ശേഖരിക്കും. അധികം പരിചരിച്ചു കാണാത്ത ആ വാക്കുകൾ ഉപയോഗിച്ചു കവിതയുണ്ടാക്കുന്നതാണ് എന്നായിരുന്നു. ചില കവികൾ കവിതയ്ക്കു പ്രയോഗിക്കാൻ വേണ്ടി പുതുമയുടെ ആവശ്യത്തിലേക്ക് വാക്കുകളുടെ നാനാർത്ഥം തിരഞ്ഞു നടക്കുന്നത് കാണാൻ കഴിയാറുണ്ട്. ഒരു തരത്തിൽ ഇവരൊക്കെ ഭാഷയ്ക്ക് സഹായകമാകുന്ന എഴുത്തുകാരുമാണ്. കാരണം സ്വയം പുതിയ വാക്കുകൾ പഠിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നതു മൂലം വായനക്കാർ (അങ്ങനെ ചിലരെങ്കിലുമുണ്ട് )ക്ക് ഭാഷയോടു കൂടുതൽ താത്പര്യവും പഠനവും സാധ്യമാകുന്നുണ്ടല്ലോ. 

വൃത്തവുമലങ്കാരവും ഇന്ന് കവിതകൾക്ക് ആവശ്യമില്ലാത്ത കാലമാണ്. ഈണമെന്നതും ഒരത്യാവശ്യ ഘടകമല്ല. ചൊല്ക്കവിതകൾക്ക് പുതിയ രൂപവും ഭാവവും വന്നു കഴിഞ്ഞു. വീഡിയോകളിലൂടെ ഉടുത്തും ഉടുക്കാതെയും നിന്നും നടന്നും കിടന്നും നൃത്തം ചവിട്ടിയും കവിതകൾ പറഞ്ഞു തീർക്കുന്ന ആധുനിക കവികളിൽ നിന്നും ഈണത്തെക്കുറിച്ചും കാവ്യഭംഗിയെക്കുറിച്ചും പഠിക്കേണ്ടതുണ്ട് പുതിയ തലമുറ. അതല്ലാത്ത പക്ഷം അവർ പഴഞ്ചനും ആസ്വാദകരല്ലാത്തവരും ഒക്കെ ആയിത്തീരുകയും ചെയ്യും. കവിതാ മത്സരങ്ങൾക്ക് മാർക്കിടുന്നവരുടെ കാര്യവും കഷ്ടം തന്നെ. അവർ അധ്യാപകരാണെങ്കിൽ പറയുകയും വേണ്ട.

"അസീം താന്നിമൂടി"ൻ്റെ "കാണാതായ വാക്കുകൾ " എന്ന കവിതാ സമാഹാരത്തിൽ ചെറുതും വലുതുമായ 72 കവിതകൾ ഉണ്ട്. ദേശമംഗലം രാമകൃഷ്ണനും, കെ.പി.ശങ്കരനും എഴുതിയ ദീർഘമായ കുറിപ്പുകൾ തുടക്കമിടുന്നു പുസ്തകം. ദേശാഭിമാനിയിൽ വന്ന ഒരു കവിതയുടെ വായന നടത്തിയ പ്രൊഫ: എം.കൃഷ്ണൻ നായരിൽ തുടങ്ങുന്ന ഈ കവിതാ സമാഹാരത്തിലെ എല്ലാ കവിതകളും വിവിധ പ്രസിദ്ധീകരണങ്ങളിൽ വന്നവയാണ്. ഈ സമാഹാരത്തിൻ്റെ പ്രധാന പ്രത്യേകതയെന്നത് നല്ലൊരു എഡിറ്റിംഗ് വർക്ക് നടന്ന പുസ്തകം എന്നതു തന്നെ. വായനയുടെ രസത്തെ ഒട്ടും ബാധിക്കാത്ത വിധത്തിൽ അതു വർത്തിച്ചിരിക്കുന്നു.

ഒരു കവി എന്നാൽ എന്തിലും കവിത കാണുന്നവനാകണം എന്ന സാമാന്യബോധത്തിനു ഉള്ളിൽ നിന്നു കൊണ്ടാണ് ശ്രീ അസീം കവിതകൾ കുറിച്ചിരിക്കുന്നത് എന്ന് കാണാം. വിഷയവൈവിധ്യത്തിലൂടെ വായനക്കാരെ സന്തോഷിപ്പിക്കാൻ കഴിഞ്ഞ ഒരു സമാഹാരം എന്നു പറയാം. ഉപ്പുപ്പായുടെ ചാരുകസേരയും നെടുമങ്ങാട് വിശേഷവും തിരുവനന്തപുരത്ത് നിന്നുള്ള ബസും ഒക്കെ അങ്ങനെ കവിതയായ പ്രത്യേകതകൾ ആണ്. സ്ഥിരം കവിതാ രചനക്കാരുടെ നൊസ്റ്റാൾജിക്ക് വിഷയമായ പ്രണയം വിരഹം സെൻ്റിമെൻ്റൽ മെലോ ഡ്രാമകൾ ഒന്നും തന്നെ ഈ കവിതകളെ സ്പർശിച്ചു കാണാനാകില്ല. വ്യക്തമായ രാഷ്ട്രീയവും, സാമൂഹികവുമായ കാഴ്ചപ്പാടുകൾ ഉള്ള ഒരാൾ തന്നെയാണ് കവി.

എല്ലാ കവിതകളും നല്ലവയാണെന്ന അഭിപ്രായമില്ല. ഇഴകീറി നോക്കിയാൽ അർത്ഥരഹിത്യമുള്ള ചില കവിതകൾ വായനയെ ബാധിച്ചേക്കും. അതുപോലെ സാമൂഹ്യ പ്രതിബദ്ധത എന്നത് മതബോധവും സദാചാര ബോധവും നിറഞ്ഞ ഒരു കണ്ണാടിയിലൂടെയുള്ള കാഴ്ചയാണ് എന്നു കരുതുന്ന കവിയുടെ ചില കവിതകളും അസ്വാരസ്യം നിറച്ചേക്കാം എന്നിരിക്കിലും പൊതുവായ വായനയിൽ നല്ല നിലവാരവും അക്ഷരശുദ്ധിയും നിറഞ്ഞ ഒന്നായി ഈ സമാഹാരത്തെ വിലയിരുത്താനാകും.

ഭാഷയുടെ വളർച്ച വായനയിലൂടെയാണ്. കവിതയുടെ വളർച്ച നിരന്തര വായനയും ഭാവനയും ലോകവീക്ഷണത്തിലൂടെയും ആണ് സംഭവിക്കുക. നവീകരണം സ്വയവും സമൂഹത്തിനും സംഭവിക്കണം. അത്തരം തലങ്ങളിലേക്ക് കവികൾ എത്തിച്ചേരട്ടെ എന്ന ശുഭപ്രതീക്ഷകളോടെ ആശംസകൾ നേരുന്നു. ബി.ജി.എൻ വർക്കല.