മഴപെയ്തു തോരുകയാണ്
മഴ പെയ്തു തോരുകയാണ്
മനസ്സിന്റെ, മൃദുലമാം താഴ്വരയാകെ.
ഒരു കുട ചൂടി നാമൊരുമിച്ചീ
ഇടവഴി താണ്ടാന്‍ കൊതിച്ചിടുന്നു.
ഈ വഴിത്താരയിലാകേ
ഉരുളൻ കല്ലുകൾ മാത്രമേയുള്ളൂ.
മഴപെയ്തു തോരുകയാണ്
മനസ്സിന്റെ മൃദുലമാം താഴ്വരയാകെ.
കനവിൽ നാം കണ്ട ദിനങ്ങൾ
ഒരിക്കലും തളിരിടാചെടികളാണെന്നോ.
തളം കെട്ടി നിൽക്കുമീ മഴവെള്ളമാകെ
പുളകങ്ങള്‍ പൂക്കുന്ന തിരകള്‍.
കളിവഞ്ചി ഒന്നതിലേറാം
തുഴഞ്ഞതില്‍ ആഴങ്ങള്‍ തേടിയകന്നിടാം.
മഴപെയ്തു തോരുകയാണ്
മനസ്സിന്റെ മൃദുലമാം താഴ്വരയാകെ.
പ്രിയമോടെ നിന്നുടെ മടിയില്‍
കിടന്നു ഞാന്‍ മഴവില്ല് കാണുകയാണ്.
മാനം കറുത്തിരുണ്ടിട്ടും
മനസ്സിന്റെ മാനം തെളിഞ്ഞുനില്ക്കുന്നു.
പീലി വിടര്‍ത്തും മയിലിന്‍
നൃത്തതാളത്തില്‍ നാമലിയുകയാണ്.
മഴപെയ്തു തോരുകയാണ്
മനസ്സിന്റെ മൃദുലമാം താഴ്വരയാകെ.
കാത് തുളയ്ക്കുന്ന ശബ്ദം
നിദ്രയെ ഭ്രാന്തമായി തല്ലിക്കൊഴിക്കെ.
നീയില്ല
കുടയില്ല
കളിവഞ്ചിയുമില്ല
മഴവില്ലും
മയിലുമില്ലല്ലോ
അപ്പൊഴും
മഴപെയ്തു തോരുകയാണ്
മനസ്സിന്റെ മൃദുലമാം താഴ്വരയാകെ
@ബി.ജി.എന്‍
വര്‍ക്കല