Saturday, August 23, 2025

മഴപെയ്തു തോരുകയാണ്

 

മഴപെയ്തു തോരുകയാണ്

 

മഴ പെയ്തു തോരുകയാണ്

മനസ്സിന്റെ, മൃദുലമാം താഴ്വരയാകെ.

ഒരു കുട ചൂടി നാമൊരുമിച്ചീ

ഇടവഴി താണ്ടാന്‍ കൊതിച്ചിടുന്നു.

ഈ വഴിത്താരയിലാകേ

ഉരുളൻ കല്ലുകൾ മാത്രമേയുള്ളൂ.

മഴപെയ്തു തോരുകയാണ്

മനസ്സിന്റെ മൃദുലമാം താഴ്വരയാകെ.

 

കനവിൽ നാം കണ്ട ദിനങ്ങൾ

ഒരിക്കലും തളിരിടാചെടികളാണെന്നോ.  

തളം കെട്ടി നിൽക്കുമീ മഴവെള്ളമാകെ

പുളകങ്ങള്‍ പൂക്കുന്ന തിരകള്‍.

കളിവഞ്ചി ഒന്നതിലേറാം

തുഴഞ്ഞതില്‍ ആഴങ്ങള്‍ തേടിയകന്നിടാം.  

മഴപെയ്തു തോരുകയാണ്

മനസ്സിന്റെ മൃദുലമാം താഴ്വരയാകെ.

 

പ്രിയമോടെ നിന്നുടെ മടിയില്‍

കിടന്നു ഞാന്‍ മഴവില്ല് കാണുകയാണ്.

മാനം കറുത്തിരുണ്ടിട്ടും

മനസ്സിന്റെ മാനം തെളിഞ്ഞുനില്ക്കുന്നു.

പീലി വിടര്‍ത്തും മയിലിന്‍

നൃത്തതാളത്തില്‍ നാമലിയുകയാണ്.

മഴപെയ്തു തോരുകയാണ്

മനസ്സിന്റെ മൃദുലമാം താഴ്വരയാകെ.

 

കാത് തുളയ്ക്കുന്ന ശബ്ദം

നിദ്രയെ ഭ്രാന്തമായി തല്ലിക്കൊഴിക്കെ.

നീയില്ല

കുടയില്ല

കളിവഞ്ചിയുമില്ല

മഴവില്ലും

മയിലുമില്ലല്ലോ

അപ്പൊഴും

മഴപെയ്തു തോരുകയാണ്

മനസ്സിന്റെ മൃദുലമാം താഴ്വരയാകെ

@ബി.ജി.എന്‍ വര്‍ക്കല  

Sunday, August 17, 2025

അവിടെയും ഇവിടെയും

അവിടെയും ഇവിടെയും
.......................................

ഇവിടെ ഞാൻ ചൂടിൻ്റെ
മറുകര താണ്ടുമ്പോൾ
അവിടെ നീ മഴ നനയുന്നു.
ഇവിടെൻ്റെ താപം വിറങ്ങലിക്കുമ്പോൾ
അവിടെ നീ കുളിരു ചൂടുന്നു.
പ്രണയമേ...
ജീവിത പന്ഥാവിൽ നാമിത്ര
അകലയായ് പോയതെന്തിങ്ങനെ.
മരുഭൂമി തന്നിലെ ഉഷ്ണപ്രവാഹങ്ങൾ
മനസ്സിൽ വരൾച്ച പാകുമ്പോൾ
പ്രിയതേ നിന്നുടെ ചെറുചിരി പോലും
പേമാരിയാകുന്നുവെന്നിൽ.
ഹൃദയം നിറയെ നിന്നോർമ്മകൾ നല്കുന്ന
ഹരിതകമ്പളത്താൽ മൂടവേ
അറിയാതെ പാദങ്ങൾ മുന്നോട്ടായുന്ന പോൽ
അരികെ വന്നൊന്നു നിന്നീടുവാൻ.
ഈ ഉഷ്ണതാപത്തിൻ പൊള്ളുന്ന വിരലുകൾ
എന്നെത്തലോടുന്ന നേരം
ഓർമ്മയിൽ നിന്നുടെ തണുവിരൽത്തുമ്പിൻ
സ്പർശമറിയുന്നു കുളിരുന്നു.
വേനലാണിവിടെയീ തീരമൊന്നാകെയും
നീ മഴയിൽ നനയുന്ന നേരം.
മഴയെയും തണുവിനെയും നീ തെറിപറഞ്ഞീടുന്നു
ഞാനിവിടെയീ തീക്കാറ്റിനെ ചുംബിക്കവേ.
നമ്മളെന്നെത്ര കാലമാണിങ്ങനെ
രണ്ടായി പിളർന്നു ജീവിക്കുക.!
നമ്മളൊന്നായ് കാണാൻ കൊതിച്ചൊരു കനവ്
മരൂരുഹം പോലൊന്നാകുമ്പോൾ,
നീ മഴയെ പുണരുക.
ഞാനുഷ്ണം ചൂടിയുറങ്ങിടട്ടെ..
@ ബി.ജി.എൻ. വർക്കല