Saturday, December 28, 2024

ഒട (കഥകള്‍).......................... ജിന്‍ഷ ഗംഗ

 

ഒട (കഥകള്‍)

ജിന്‍ഷ ഗംഗ

ഡി സി ബുക്സ്

വില : 220

 

 

 ജിന്‍ഷ ഗംഗയുടെ ഒന്പതു കഥകള്‍ അടങ്ങിയ ഒരു സമാഹരണം ആണ് “ഒട” എന്ന പുസ്തകം. ഡി. സി. ബുക്സ് ഇറക്കിയ ഈ പുസ്തകത്തിന്റെ രണ്ടാം എഡിഷന്‍ ആണ് വായനയ്ക്കേടുത്തത്. കെ.ആര്‍.മീരയുടെ അവതാരികയോടെ ഇറങ്ങിയിരിക്കുന്ന ഈ കഥകള്‍ വായനയില്‍ സന്തോഷാനുഭവം നല്കി എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. കാലാകാലമായി കഥകള്‍ക്ക് ഒരു ഐകരൂപം ലഭിക്കുകയും ചില വൃത്തങ്ങള്‍ക്ക് ഉള്ളില്‍ക്കിടന്ന് ശ്വാസം മുട്ടുകയും ചെയ്യുന്ന ഒരു അവസ്ഥ വായനക്കാര്‍ക്ക് അനുഭവവേദ്യമാണ്. എഴുത്തുകാര്‍ക്ക് അതൊരു പ്രശ്നമല്ലതാനും. എന്തെഴുതണം എന്നു തീരുമാനിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കൊടുമുടിയില്‍ വിരാജിക്കുന്ന എഴുത്തുകാരന്റെ അഹങ്കാരം ആയാണ് ഇന്ന് കണക്കാക്കപ്പെടുന്നത് എന്നതുകൊണ്ടു എന്തു തന്നാലും വായിക്കുക എന്നൊരു തിട്ടൂരം ഇപ്പോള്‍ അലിഖിതമായി നിലനില്‍ക്കുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എഴുതാന്‍ അറിയുന്നവരെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ എഴുത്ത് ജോലിക്കാര്‍ ഇന്ന് സാഹിത്യ രംഗം കൈയ്യടക്കി വച്ചിരിക്കുകയാണ്. കൂടെ ഒരു കൂട്ടം അനുചര സംഘവും . അവരെ വാനരന്‍മാര്‍ എന്നു വിളിക്കാനെ കഴിയൂ . കാരണം അവരുടെ പ്രതികരണങ്ങളും വാക്കുകളും കേട്ടുകൊണ്ട് എന്തെങ്കിലും വായിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ അതൊരു വലിയ നിരാശ മാത്രം നല്‍കുന്ന ഒന്നായിപ്പോകുന്നു. ഇത്തരം ആശങ്കകള്‍ക്കിടയിലും നല്ല വായനകള്‍ ലഭിക്കുന്നുണ്ട് എന്നത് സന്തോഷകരം ആണ്. പക്ഷേ അവയെ തിരഞ്ഞെടുക്കുന്നതാണ് ക്ലേശം നിറഞ്ഞ പണി . എന്തായാലും ഏറെക്കാലമായി മുടങ്ങിക്കിടന്ന വായനയെ ഒന്നു ജ്വലിപ്പിച്ചെടുക്കുവാന്‍ ജിന്‍ഷ ഗംഗ എന്ന എഴുത്തുകാരിക്ക് കഴിഞ്ഞു എന്ന ആശ്വാസത്തോടെ കഥകളെ വായിച്ചറിഞ്ഞ വിശേഷം പങ്കുവയ്ക്കാം.

 

ഒരുപാട് കഥകള്‍ ഉള്ള ഒരു പുസ്തകം ആണെങ്കില്‍ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് ഓരോ കഥയും എടുത്തതിന്റെ വായനാനുഭവം പറയുക എന്നത് . ഇവിടെ ഒന്പതു കഥകള്‍ മാത്രമുള്ളതിനാല്‍ അങ്ങനെ ഒരു സാഹസം ആകാം എന്നു കരുതുന്നു. ഒന്നാമത്തെ കഥ ടൈറ്റില്‍ പേര് തന്നെയായിരുന്നു . “ഒട” എന്നു പേരിട്ട ഈ കഥയില്‍ കണ്ണൂരിന്റെ പശ്ചാത്തലം ആണുള്ളത്. ഒട എന്ന വാക്കിന്റെ അര്‍ത്ഥം തേടിപ്പോകാതെ അത് തെയ്യക്കോലത്തിന്റെ ഒരു വേഷഭൂഷാദി ആയി മാത്രം കാണുക എന്നു പറയേണ്ടതുണ്ട്. കണ്ണൂര്‍ എന്നാല്‍ തെയ്യത്തിന്റെ നാട് എന്നുകൂടി വിശേഷണം ഉണ്ടല്ലോ. ഈ തെയ്യം കെട്ടിന്റെ വിവിധ തലങ്ങളും, ഇങ്ങനെ തെയ്യം കെട്ടുന്ന മനുഷ്യരുടെ ജീവിതവും ഈ കഥയില്‍ നമുക്ക് വായിക്കാന്‍ കഴിയും. ഒരു ദേശത്തിന്റെ അടയാളവും വിശ്വാസവും അതിനുമപ്പുറം ആത്മാവുമായി കാണുന്ന തെയ്യവും കോലങ്ങളും കേരള ചരിത്രത്തിന്റെ ഏടുകളില്‍ പതിഞ്ഞ ഒരു നല്ല കാഴ്ചയായി വിലയിരുത്തപ്പെടുന്നു . ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പുകച്ചുരുളുകളില്‍ വീണു കിടക്കുന്ന സമൂഹത്തിന്റെ അഭിമാനമാണ് തെയ്യക്കോലങ്ങളും തെയ്യവും. ഈ തെയ്യക്കോലങ്ങളുടെ വിശ്വാസങ്ങളുടെ അടിത്തറ എന്നു പറയുന്നതു പരമ്പരാഗതമായി കൈമാറി വരുന്ന ചില ചിന്തകളും വേരുറച്ചു പോയ ചില തോന്നലുകളുമാണ് . ഇത് കഥയില്‍ രാമന്‍ പണിക്കന്‍ ലീലയോട് പറയുന്നുണ്ട് . ഒരുപക്ഷേ ആ പറച്ചിലില്‍ ഗതികേടിന്റെ നിരാശാ നിഴലുകള്‍ അടങ്ങിയിട്ടില്ലെ എന്നു തോന്നിപ്പികുന്നുണ്ട് വായനയില്‍ .

“മലയാനായി ജനിച്ചാല്‍ ഒരിക്കലെങ്കിലും തീച്ചാമുണ്ഡി കെട്ടണം എന്നൊരു ബോധം ഉള്ളില്‍ ഉറഞ്ഞുപോയി. അത് മാറ്റാന്‍ പ്രയാസാ ...”

 എന്നു പറയുന്നിടത്ത് ഈ നിഴല്‍ പതിഞ്ഞു കിടപ്പുണ്ട് . എന്നാല്‍പ്പോലും ഓരോ നാടിനും നാട്ടാര്‍ക്കും തനതു ജീവിതങ്ങളുടെ ശൈലി രൂപപ്പെടുത്താന്‍ ഇത്തരം ആചാരങ്ങളും അനുഷ്ഠാനങ്ങളും പങ്ക് വയ്ക്കുന്നുന്നുണ്ട്. ലീല അഭിപ്രായപ്പെട്ടതുപോലുള്ള ചില നിഗൂഢ സന്തോഷങ്ങളും ഇതിലുണ്ട് .

“ഓഹ് ... അല്ലാത്തപ്പോ നിങ്ങടെ മുഖത്തേക്ക് നോക്കാത്ത ചില ജന്തുക്കള്‍, തെയ്യം കെട്ടിക്കഴിയുമ്പോള്‍ മുന്നില്‍ കരഞ്ഞും തൊഴുതും വന്നു നിക്കണ കാണുമ്പോ എനിക്കു വല്ലാത്തൊരു സന്തോഷം തോന്നും”.

 ഇത് വ്യക്തമായും കീഴാള സമൂഹത്തിന്റെ ഒരു നെടുവീര്‍പ്പ് കൂടിയായി ഹൃദയത്തില്‍ സ്പര്‍ശിക്കുന്നുണ്ട്. കേരളത്തിന്റെ തനതുകലകള്‍ എല്ലാം തന്നെയിന്ന് വാണിജ്യവത്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കഥയില്‍ പറയുന്നതുപോലെ, ദുബായ് പോലുള്ള ഇടങ്ങളില്‍ തെയ്യം അവതരിപ്പിക്കാന്‍ എത്തപ്പെടുന്ന കലാകാരന്മാരുടെ കാര്യങ്ങള്‍ ഒരു യാഥാര്‍ഥ്യം തന്നെയാണല്ലോ. ഇക്കഥയും അതിന്റെ പരിസരങ്ങളും പൂര്‍ണ്ണമായും കഥയോടും കഥാപാത്രങ്ങളോടും നീതിപുലര്‍ത്തുന്നവയാണ്.

 

രണ്ടാമത്തെ കഥയായ “അഗ്രസന്ധാനി” (പുസ്തകത്തില്‍ അഗ്രസന്ധനി) എന്നത് ചിത്രഗുപ്തന്റെ പുസ്തകത്തെ പ്രതിനിധാനം ചെയ്യുന്ന വാക്കാണെങ്കില്‍ അതേ വാക്യത്തെ തെറ്റേതുമില്ലാതെ അടയാളപ്പെടുത്തുന്ന കഥയാണ് വായിക്കാന്‍ കഴിയുന്നതും. മനുഷ്യര്‍ ഒരു പ്രത്യേക ജീവിവര്‍ഗ്ഗം തന്നെയാണ്. അവരുടെ മനോവിചാരങ്ങളും ഇഷ്ടാനിഷ്ടങ്ങളും എന്തൊക്കെ തലങ്ങളിലൂടെയാണ് സഞ്ചരിക്കുക എന്നത് പ്രവചനാതീതം ആണ്.

ജീവിതത്തിന്റെ സിംഹഭാഗവും കോടതി മുറിയില്‍, ടൈപ്പ് റൈറ്ററില്‍ ചിലവഴിച്ച ഒരു മനുഷ്യന്റെ വിരാമകാലത്തിന്റെ മാനസികതലങ്ങള്‍ അവതരിപ്പിക്കുന്ന കഥയായിരുന്നു ഇത് . മനുഷ്യ മസ്തിഷ്കത്തിന്റെ വളര്‍ച്ചയിലും വികാസത്തിലും വായനയും നല്ല പങ്ക് വഹിക്കുന്നുണ്ട് എന്നത് ഉള്‍ക്കൊണ്ടുകൊണ്ട് ഇവിടെ നായകന്‍ വായനയുടെ ലോകത്തേക്ക് പോകുമ്പോഴാണ് ചിത്രഗുപ്തനായി മാറുന്ന രസാവഹമായ എന്നാല്‍ കൌതുകകരമായ രൂപമാറ്റം സംഭവിക്കുന്നത്.  മൂന്നാമത്തെ കഥയായ “ഉമ്പാച്ചി” സൂക്ഷിച്ചു കൈകാര്യം ചെയ്തില്ല എങ്കില്‍ പാളിപ്പോയേക്കാവുന്ന ഒരു ക്ലീഷേ കഥയാണ്. പക്ഷേ എഴുത്തുകാരിയുടെ വൈഭവം ആ കഥയെ ബിംബങ്ങളിലും ഉപമകളിലും കൂടി വഴിനടത്തിച്ചു അതിനു ഒരു വേറിട്ട മാനം നല്കുകയും കഥയുടെ പോരായ്മകളെ അടര്‍ത്തിമാറ്റി, പറഞ്ഞു ഫലിപ്പിക്കുകയും ചെയ്തു എന്നു കാണാം.

 

നാലാമത്തെ കഥയായ “വിസെലിസ്റ്റ”യുടെ പശ്ചാത്തലമാകട്ടെ പഴയകാല എഴുത്തുകാരെയും പ്രസാധക ലോകത്തെ പുരോഗമനത്തെയും കച്ചവടതന്ത്രങ്ങളെയും ആണ് തെളിച്ചു കാട്ടുന്നത്. തനിക്ക് ശേഷം പ്രളയം എന്നു കരുതുന്ന മുതിര്‍ന്ന എഴുത്തുകാരുടെ അല്‍പ്പത്തരങ്ങളും അവരുടെ കൂപമണ്ഡൂകത്തവും വെളിപ്പെടുത്തുന്നതും ആകാശത്തേക്ക് കണ്ണുകള്‍ തുറന്നു വച്ചാല്‍ അവരിലുണ്ടാകാവുന്ന മാറ്റത്തെയും ഭംഗ്യന്തരേണ അവതരിപ്പിക്കുകയുണ്ടായി. അഞ്ചാമത്തെ കഥ “തെയ് തെയ് വാഴ്ക” കൂട്ടത്തില്‍ എടുത്തുപറയാവുന്ന മികച്ച ഒന്നായിരുന്നു. കഥകളിലും നോവലുകളിലും തല ഉയര്‍ത്തിനില്‍ക്കുന്ന പെണ്‍ മുഖങ്ങള്‍ വളരെ കുറവാണെന്നത്  വായനയില്‍ നിന്നറിയാനാവുന്ന ഒരു സത്യം . തലയെടുപ്പോടെ നില്‍ക്കുന്ന അത്തരം കഥാപാത്രത്തെ രാച്ചിയമ്മയിലൂടെ വായിച്ചതിന് ശേഷം പിന്നെ വായിക്കാനായത് സജിനി.എസ്സിലും, പിന്നെ ഇക്കഴിഞ്ഞ ഒരു മത്സര ഇനത്തില്‍ പങ്കെടുത്ത കഥകളിലൊന്നിലും ആയിരുന്നു. ഇവിടെ ഗ്ലാഡിസ് ന്ടെ അമ്മൂമ്മ കഥാപാത്രം ആ തലയെടുപ്പുള്ള മറ്റൊരാള്‍ ആയി മുന്നില്‍ നില്‍ക്കുമ്പോള്‍ അന്യം നിന്നുപോകുന്ന സ്ത്രീ കഥാപാത്രങ്ങളുടെ ഗരിമയും ഉഷ്ണവും ഒരിക്കല്‍ക്കൂടി അനുഭവിച്ചറിയാന്‍ കഴിയുന്നു. പക്ഷേ ഒരു പോരായ്മയായി ഇവിടെയും കാണാന്‍ കഴിയുന്നത് ആ തലയെടുപ്പ് അടുത്ത തലമുറകളിലേക്ക് പകരാന്‍ അവര്‍ക്കാകുന്നില്ല എന്ന യാഥാര്‍ഥ്യം എല്ലാ എഴുത്തുകാരും ഒരു നെടുവീര്‍പ്പോടെ പറയുന്നതു കാണേണ്ടി വരുന്നു എന്നുള്ളതാണ് .

 

കഥകളുടെ ഉപ്പും മുളകും അനുഭവിച്ച് പോകുന്ന അനുവാചകരെ ഒരിക്കല്‍ക്കൂടി നേരിന്റെ ഉപ്പളങ്ങളിലേക്ക് വലിച്ചു കൊണ്ട് പോകുന്ന “ഉപ്പ്” എന്ന കഥ തികച്ചും പുതിയ പ്രമേയമായിരുന്നു. ഇത്തരം രൂപപരിണാമങ്ങള്‍ എഴുത്തില്‍ സംഭവിക്കപ്പെടേണ്ടതിന്റെ ആവശ്യം കാലം അവകാശപ്പെടുന്നുണ്ട് എന്നത് കഥാകാരി തിരിച്ചറിയുന്നു. അതിനാല്‍ത്തന്നെ ഉപ്പെന്ന കഥയെ വായിച്ചുപോകുമ്പോള്‍ അറിയാതെ ചില ജീവിത യാഥാര്‍ത്യങ്ങളിലേക്കും പറയപ്പെടാത്ത പല ജീവിത പരാജയങ്ങളുടെ ഉള്ളറകളിലേക്കും വായനക്കാര്‍ കടന്നുപോകുക തന്നെ ചെയ്യും. ശ്രദ്ധിക്കപ്പെടേണ്ട ഒരു രചന ആണ് ഉപ്പെന്ന ആറാമത്തെ കഥ . ഏഴാമത്തെ കഥയായ “ചാപ്പ” ഗ്രാമീണ മിത്തുകളിലും പഴയകാല ജീവിതങ്ങളിലും ഒക്കെ ചിതറിക്കിടക്കുന്നുണ്ടെങ്കിലും എടുത്തുപറയാന്‍ തക്കവണം പ്രത്യേകതകള്‍ ആ കഥയില്‍ കണ്ടെത്താന്‍ കഴിയാതെ പോയി. ഉമ്പാച്ചി എന്ന കഥയുടെ പോലെ ഇതിലും ചില പ്രാദേശിക ചീളുകള്‍ പറഞ്ഞു പഴകിയവ ഉണ്ടെന്നതിനാലകണം അങ്ങനെ തോന്നിയത്. മാത്രമല്ല ഇക്കഥയെ എഴുത്തുകാരിയ്ക്ക് മറ്റുള്ളവ പോലെ ഭംഗിയാക്കാന്‍ കഴിഞ്ഞില്ല എന്നൊരു ഖേദവും ഉണ്ടായി . എട്ടാമത്തെകഥയായ “അതിരും” ഒരു തട്ടിക്കൂട്ട് കഥ പോലെ ക്ലീഷേ ആയി അനുഭവപ്പെട്ടു . മറ്റെഴുത്തുകാര്‍ ആണെങ്കില്‍ അതിനെ അംഗീകരിക്കാനാവുമോ എന്നു ചോദിച്ചാല്‍ അവര്‍ക്കതല്ലേ കഴിയൂ എന്നു പറയാം പക്ഷേ ജിന്‍ഷയിലെ എഴുത്തുകാരിയുടെ അലസതയോ അതോ വെറുതെ എഴുതിപ്പോയതോ എന്നറിയാത്ത ഒരു കഥയാണ് അതിരെന്നു ഞാന്‍ വിശ്വസിക്കുന്നു. ഒരു പക്ഷേ കഥയില്ലാതിരുന്ന ഒരുവള്‍ കഥ തേടിപ്പോയപ്പോള്‍ കിട്ടിയ കഥയില്ലായ്മയായി ഇതിനെ കണ്ടാല്‍ മതിയാകും എന്നും കരുതുന്നു . ആദിവാസികളുടെ ജീവിതമോ പശ്ചാത്തലമോ കഥകളില്‍ അധികം വായിക്കപ്പെട്ടു കാണാറില്ല. അവരുടെ ജീവിതം വെറും അനുവാചക ദയയ്ക്ക് വേണ്ടി മാത്രം പടയ്ക്കുന്ന ഒന്നായി മാറിയിട്ടുമുണ്ട് . എന്നാല്‍ ഒന്‍പത്താമത്തെ കഥയായ “പെണ്‍ മല” ഇതിനൊരു അപവാദമായി നില്‍ക്കുന്നുണ്ട് . ആദിവാസി ജീവിതത്തിന്റെ വിശാലമായ ഒരു ക്യാന്‍വാസല്ല ഇതെങ്കിലും വളരെ വ്യക്തമായി നഗ്നമായി ഒരു ജീവിതം വരച്ചിടുന്നു ഇതില്‍. വളരെ ചെറിയ വാക്കുകളില്‍ക്കൂടി അത് പടര്‍ന്ന് പന്തലിക്കുകയാണ് ചെയ്യുന്നത്.

 

മനുഷ്യരുടെ ജീവിതത്തിന്റെ ആകുലതകളെയും മനോവിചാരങ്ങളുടെ ഇരുണ്ട തലങ്ങളെയും അടയാളപ്പെടുത്താന്‍ കഴിയുന്ന , നല്ല മനോഹരമായി ഭാഷയെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന, ഇരുത്തം വന്ന ഒരു എഴുത്തുകാരിയുടെ ലക്ഷണങ്ങള്‍ ഒക്കെയും ജിന്‍ഷയുടെ രചനകള്‍ കാണിക്കുന്നുണ്ട്. ഒരുപക്ഷേ നാളെയുടെ സാഹിത്യവേദികളില്‍ നിറഞ്ഞു കേള്‍ക്കാന്‍ കഴിയുന്ന കഴിവുറ്റ എഴുത്തുകാരികളുടെ കൂട്ടത്തില്‍ ജിന്‍ഷ ഗംഗയെയും പ്രതീക്ഷിക്കാം എന്ന ശുഭപ്രതീക്ഷയുണ്ട്. കഥകള്‍ എഴുതുകയല്ല സംഭവിക്കുകയാണ് ചെയ്യുന്നതെന്ന് കേട്ടിട്ടുണ്ട്. ജിന്‍ഷ തന്റെ മുഖക്കുറിപ്പില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്

“കഥ കടലിലേക്ക് ഇറങ്ങിപ്പോകുന്നത് കണ്ടു പിന്നാലേ ഓടാനാവാതെ തീരത്ത് നിന്നു ആര്‍ത്തുകരയുന്ന ഒരു കുട്ടിയായി ഞാന്‍ മാറി ...... പിന്നെപ്പോഴോ ജീവിതത്തില്‍ മറ്റൊന്നും ഇല്ലാതായെന്ന തോന്നലുണ്ടായപ്പോള്‍ , തളര്‍ന്നുപോയേക്കാവുന്ന ആ കുട്ടിയുടെ മുന്നിലേക്ക് പണ്ട് കൊണ്ടുപോയ കഥകള്‍ ഓരോന്നായി കടല്‍ തിരികെ തന്നു”.

ഇതൊരു പ്രതീക്ഷയാണ് . ഒരു വാഗ്ദാനവും കാരണം കടല്‍ അനന്തവും അമേയവുമായ മുത്തുകളുടെ നിക്ഷേപമാണ്. കുട്ടി വാരിയെടുക്കുന്ന മുത്തുകള്‍ വായനക്കാരിലേക്കും ആ ആനന്ദം പകരാന്‍ കാലം അനുവദിക്കട്ടെ എന്ന ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

Monday, December 23, 2024

കമ്പരരുടെ രാമായണ കഥ......................... സി. കുഞ്ഞിരാമമേനോന്‍

 


കമ്പരരുടെ രാമായണകഥ(ഗദ്യം )

സി. കുഞ്ഞിരാമമേനോന്‍

ദ മംഗളോദയം കമ്പനി 

വില : 2 രൂപ (1921)


രാമായണം ലോകമാകമാനം പ്രസിദ്ധമായ ഒരു കാവ്യമാണ് . ദേശങ്ങള്‍ക്കനുസരിച്ച് അതില്‍ പല മാറ്റങ്ങളോ കൈ കടത്തലുകളോ ഉണ്ടായിട്ടുണ്ടെങ്കിലും മൂലകാവ്യമായ രാമായണം ഇന്ത്യയിലെ വൈഷ്ണവരുടെ ഭക്തിയുടെയും, ക്രമേണ മുഴുവന്‍ ഇന്ത്യയിലും ഉള്ള ബഹുദൈവ വിശ്വാസികളുടെ ഭക്തിയുടെ പര്യായവും ആയി മാറുകയാണുണ്ടായത്. ചോള രാജാക്കന്മാരുടെ കാലത്ത് ജീവിച്ച കവി പ്രമുഖനായ തമിഴ് കവി കമ്പര്‍ എഴുതിയ രാമായണത്തിന്റെ പദ്യരൂപത്തെ മലയാളത്തില്‍ ഗദ്യത്തിലേക്ക് മൊഴിമാറ്റം ചെയ്യുകയാണ് എഴുത്തുകാരന്‍ ഇവിടെ. വാത്മീകി രാമായണത്തിന്റെ പല സംഗതികളിലും കമ്പരരുടെരാമായണം വ്യത്യസ്തപ്പെട്ടു കാണാന്‍ കഴിയുന്നു എന്നത് ഒരു വേറിട്ട വായനയായി കാണാന്‍ കഴിയും. തമിഴ് ശൈലിയുടെ രസികത്വവും ഒപ്പം രാമായണ വായനയുടെ വേറിട്ട കാഴ്ചകളും ഒരു കൃതിയെ പല കാലങ്ങളില്‍ പലര്‍ കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളുടെ ഏറ്റക്കുറച്ചിലുകളെ മനസ്സിലാക്കാന്‍ സഹായിക്കും. ലോകമെങ്ങുമുള്ള എല്ലാ പഴയ സാഹിത്യത്തിനും സംഭവിച്ചിട്ടുള്ള ആ മാറ്റം പലപ്പോഴും ഭക്തിയുടെയും വിശ്വാസത്തിന്‍റെയും മാപിനികളില്‍ സമരസപ്പെടാതെ വരുന്നത് സ്വാഭാവികമാണ്. 


രാമായണ കഥ എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. അതിനെ അടിസ്ഥാനമാക്കി നിരവധി സാഹിത്യങ്ങള്‍ എല്ലാ ഇന്ത്യന്‍ ഭാഷകളിലും സംഭവിച്ചിട്ടുമുണ്ട് . അമ്മയുടെ മുലകുടിച്ചുകിടക്കുന്ന രാവണന്‍ , ആകാശത്തുകൂടി പറന്നുപോകുന്ന വൈശ്രവണനെ നോക്കി നെടുവീര്‍പ്പിടുന്ന അമ്മയോട് കാര്യം തിരക്കുകയും അമ്മ, തനിക്ക് നഷ്ടമായ രാജ്യവും പദവികളും മകനോടു പറയുന്നതും തുടര്‍ന്നു രാവണന്‍ ഞാനത് വീണ്ടെടുക്കും ലങ്കാപുരി എന്നു പറഞ്ഞു കുംഭകര്‍ണ്ണന്‍, വിഭീഷണന്‍ എന്നിവരുമായി ചേര്‍ന്ന് പതിനായിരം സംവത്സരങ്ങള്‍ ബ്രഹ്മാവിനെ തപസ്സു ചെയ്തു മനുഷ്യര്‍ക്കല്ലാതെ മറ്റാര്‍ക്കും തന്നെ കൊല്ലാന്‍ കഴിയരുതെന്ന വരം വാങ്ങി ലോകം കീഴടക്കാന്‍ പുറപ്പെടുന്നു. വൈശ്രവണന്‍ യുദ്ധം കൂടാതെതന്നെ ലങ്ക നല്കി അവിടെ നിന്നും പൊയ്ക്കൊടുക്കുന്നു. ദേവന്മാരെയും മുനിമാരെയും ഓടി നടന്നു ഉപദ്രവിക്കുകയും കപ്പം വാങ്ങുകയും അവരുടെ സ്ത്രീകളെ അവര്‍ക്ക് മുന്നില്‍ വച്ച് പോലും മാനഭംഗം ചെയ്യുകയും ചെയ്യുന്ന ഒരു പ്രതിനായകനായി രാവണന്‍ മാറുന്നു . ഇതിനിടെ അയോദ്ധ്യയില്‍ ദശരഥന്യാ,ഗം ചെയ്തു കിട്ടിയ പ്രസാദം മൂലം നാലു കുട്ടികള്‍ ഉണ്ടാകുന്നു. ഇവരില്‍ രാമനെയും ലക്ഷ്മണനെയും (ഇവര്‍ ഭൂമിയിലെ അസുരന്‍മാരുടെ ശല്യം പ്രത്യേകിച്ചും രാവണന്‍ എന്ന പ്രതിനായകന്റെ അന്ത്യം കുറിക്കാന്‍ വേണ്ടി മഹാവിഷ്ണുവിന്റെയും അനന്തന്‍ എന്ന നാഗത്തിന്റെയും അവതാരങ്ങള്‍ ആണ് ) വിശ്വാമിത്ര മഹര്‍ഷി കൂടെ കൂട്ടുകയും താടക എന്ന രാക്ഷസ സ്ത്രീയെ വകവരുത്താന്‍ പ്രേരിപ്പിച്ചു താടകാവധവും കഴിഞ്ഞു മുനിമാരെ ശല്യം ചെയ്യുന്ന അസുരന്മാരെയൊക്കെ കൊല്ലിച്ച ശേഷം ജനക രാജാവിന്റെ കൊട്ടാരത്തില്‍ ചെല്ലുകയും അവിടെയുള്ള വിശിഷ്ട ചാപം കുലപ്പിച്ച് സീതയെ രാമന് വിവാഹം ചെയ്തു കൊടുക്കാന്‍ ഉള്ള വഴി ഒരുക്കുകയും ചെയ്യുന്നു. 


ദശരഥന്‍, അക്കാലത്തെ രീതിയനുസരിച്ച് രാജഭരണം മൂത്ത മകന് അതായത് രാമന് നല്കാന്‍ ആലോചിക്കുകയും പക്ഷേ മൂന്നു ഭാര്യമാരില്‍ ഒരുവളായ കൈകേയിയും അവളുടെ ദാസിയും ചേര്‍ന്ന് നടത്തിയ കുതന്ത്രം മൂലം രാമന്‍ പതിനാല് കൊല്ലം വനവാസം അനുഭവിക്കേണ്ടതുണ്ട് എന്നും ഭരതന്‍ രാജ്യം ഭരിക്കട്ടെയെന്നും തീരുമാനമാകുന്നു . വനവാസത്തിന് പോകാന്‍ ഒരുങ്ങുന്ന രാമന് കൂട്ടായി പ്രിയപ്പെട്ട അനുജന്‍ ലക്ഷ്മണനും , ഭാര്യയുടെ ധര്മ്മം കടുകിടെ തെറ്റിക്കാത്ത സീതയും തയ്യാറാകുന്നു. തുടര്‍ന്നു അവര്‍ മൂവരും കാട്ടിലേക്ക് പോകുകയും രാജകീയമായ എല്ലാ സുഖങ്ങളും ത്യജിച്ച് ഫലമൂലാദികള്‍ ഭക്ഷിച്ചു മരവുരി ധരിച്ചു അലയുകയും ചെയ്യുന്നു. ഈ യാത്രയില്‍ ,പൂര്‍വ്വജന്‍മ പാപികളും ശാപം ലഭിച്ചവരുമായ പലരെയും ശാപമോക്ഷം കൊടുക്കാനുള്ള കടമയും രാമനുണ്ടായിരുന്നു. അഹല്യ,ശബരി, ജഡായു തുടങ്ങി പലരും ആ ഭാഗ്യത്തിനായി കാത്തിരിക്കുന്ന വനഭൂമിയിലൂടെ രാമനും സീതയും ലക്ഷ്മണനും യാത്ര തുടര്‍ന്നു . ഈ യാത്രയ്ക്കിടെ സംഭവബഹുലങ്ങളായ പലതും സംഭവിക്കുകയുണ്ടായി . താമസത്തിനായി ഒരു പര്‍ണ്ണശാല നിര്‍മ്മിക്കാനായി ലക്ഷ്മണന്‍ ഒരു മരം വാളുകൊണ്ടു മുറിച്ചപ്പോള്‍ ആ മരത്തോട് ചേര്‍ന്ന് ഒരു മനുഷ്യനും രണ്ടു തുണ്ടായി വീഴുകയുണ്ടായി. തുടര്‍ന്നു ആ മരം ഉപേക്ഷിച്ചു മറ്റ് മരങ്ങള്‍ മുറിക്കുകയും പണി പൂര്‍ത്തിയാക്കുകയും ചെയ്തു. അവര്‍ അവിടെ താമസം ആരംഭിച്ച് . ഇതേ നേരത്തായിരുന്നു രാവണന്റെ ഒരേ ഒരു സഹോദരിയായ ശൂര്‍പ്പണഖ തന്റെ മകന്‍ ശംഭു കുമാരന്‍ ആ കാട്ടില്‍ ഒരു വൃക്ഷത്തില്‍ ചാരി നിന്നു ശിവനെ തപസ്സു ചെയ്തത്  തീരുന്ന ദിവസമായതിനാല്‍ മകനോടു കാര്യങ്ങള്‍ ചോദിച്ചറിയാനായി അവിടെ എത്തിച്ചേരുന്നത് . വന്നപ്പോള്‍ കണ്ടതാകട്ടെ മകന്‍ രണ്ടു കഷണങ്ങള്‍ ആയി മരിച്ചു കിടക്കുന്നതാണ് . ഇതില്‍ കോപിഷ്ടയായ അവള്‍ ഇതാര് ചെയ്തതെന്ന അന്വേഷണത്തിനൊടുവില്‍ രാമന്റെ പര്‍ണ്ണശാലയില്‍ എത്തുന്നു . ഒരു സുന്ദരിയായ സ്ത്രീയുടെ വേഷം എടുത്തായിരുന്നു ശൂര്‍പ്പണഖ അവിടെ എത്തിയത് . രാമന്റെ സൌന്ദര്യം അവളില്‍ അനുരാഗം ഉണര്‍ത്തുകയും രാമനെ സ്വന്തമാക്കാന്‍ വേണ്ടി അവള്‍ രാമനുമായി സംവാദം ചെയ്യുകയും ചെയ്യുന്നു. ഞാന്‍ ഏകപത്നീ വൃതമുള്ള ആളാണെന്ന് പറഞ്ഞു രാമന്‍ ഒഴിയുമ്പോള്‍, സീത ഉള്ളതുകൊണ്ടാണ് രാമന്‍ തന്നെ ഒഴിവാക്കുന്നതെന്ന് ചിന്തിച്ച് സീതയെ ഭക്ഷിക്കാന്‍ വേണ്ടി അടുക്കുകയും ബഹളം കേട്ടു വന്ന ലക്ഷ്മണന്‍ ശൂര്‍പ്പണഖയുടെ മുലയും മൂക്കും മുടിയും മുറിച്ച് അപമാനിച്ചു അയക്കുകയും ചെയ്യുന്നു. ക്രൂദ്ധയായി അവള്‍ തന്റെ ബന്ധുവായ ഖരനെ  സമീപിക്കുകയും അവര്‍ യുദ്ധത്തിന് വരികയും ചെയ്തെങ്കിലും അവരെയും സൈന്യത്തെയെയും  രാമനൊറ്റയ്ക്ക്  അമ്പ് എയ്തു കൊന്നുകളയുന്നു. തുടര്‍ന്നു ശൂര്‍പ്പണഖ ലങ്കയില്‍ ചെന്നു രാവണനോട് സീതയുടെ സൌന്ദര്യവും മറ്റും വര്‍ണ്ണിച്ച് അവളെ ജ്യേഷ്ഠന് വിവാഹം ചെയ്യാന്‍ വേണ്ടി കൂട്ടിക്കൊണ്ടുവരാൻ ശ്രമിച്ചപ്പോള്‍ എന്നെ ഇങ്ങനെ അപമാനിച്ചു വിട്ടു എന്നും പറയുന്നു. രാവണന്‍ ഉടനെ തന്നെ തന്റെ അമ്മാവനായ മാരീചനുമായി കാട്ടില്‍ എത്തുകയും മാരീചന്‍ ഒരു മാനായി വേഷം മാറി സീതയെ മോഹിപ്പിച്ചു കാട്ടുകയും സീതയുടെ അപേക്ഷപ്രകാരം രാമന്‍ അതിനെ പിടിക്കാന്‍ പോകുകയും ചെയ്യുന്നു. രാമന്‍ അകലെ ആയിക്കഴിയുമ്പോള്‍ മാരീചന്‍റെ മായ മൂലം ലക്ഷ്മണനെയും സീതയ്ക്ക് അങ്ങോട്ട് പറഞ്ഞു വിടേണ്ടി വരികയും ഈ സമയത്ത് രാവണന്‍ അവിടെ എത്തി സീതയെ ആദ്യം അനുനയത്തിലും അത് പറ്റാതെ വന്നപ്പോള്‍ നിന്ന ഭൂമിയോടെ പൊക്കിയെടുത്ത് തന്റെ വിമാനത്തില്‍ കയറ്റി കൊണ്ട് പോകുന്നു. സമ്മതപ്രകാരമല്ലാതെ രാവണനേതെങ്കിലും സ്ത്രീയെ തൊട്ടാല്‍ തല പൊട്ടിത്തെറിക്കും എന്നൊരു ശാപം ഉണ്ട് എന്നതിനാലാണത്രെ മണ്ണൊടു കൂടി പൊക്കിയെടുത്തത് . യാത്രാമദ്ധ്യേ ജഡായു എന്ന പക്ഷി രാവണനെ തടുക്കുകയും അവര്‍ തമ്മില്‍ ആകാശത്തു നല്ലൊരു യുദ്ധം ഉണ്ടാവുകയും ചെയ്യുന്നു. യുദ്ധത്തിനിടയില്‍ ജഡായുവിനെ പറ്റിച്ചു യുദ്ധമുറ തെറ്റിച്ചു വെട്ടി വീഴ്ത്തുകയും ഇതിനിടയില്‍ രാവണന്റെ കിരീടവും ആഭരങ്ങളും ആയുധവും ഒക്കെ ജഡായു തട്ടി താഴെ ഇടുകയും ചെയ്യുന്നു. 


സീതയെ തിരഞ്ഞു രാമനും ലക്ഷ്മണനും കാട്ടില്‍ അലയുകയും ജഡായുവിനെ കാണുകയും ജഡായു , ഭാര്യയെ വനത്തില്‍ ഒറ്റക്കാക്കി മാനിനെ പിടിക്കാന്‍ പോയതിന് രാമനെ കുറ്റപ്പെടുത്തുകയും രാവണന്‍ ആണ് കട്ടുകൊണ്ട് പോയതെന്ന് പറഞ്ഞു മരിക്കുകയും ചെയ്തു. തുടര്‍ന്നു അവര്‍ തിരഞ്ഞു നടക്കുന്നതിനിടയ്ക്ക് അയോമുഖി എന്ന രാക്ഷസ സ്ത്രീ ലക്ഷ്മണനെ ശല്യം ചെയ്യാന്‍ വരുകയും അവളുടെ മൂക്കും മുലയും മുടിയും മുറിച്ച് ലക്ഷ്മണന്‍ ഓടിക്കുകയും ചെയ്തു. കിഷ്കിന്ധയിൽ എത്തിയാല്‍ സുഗ്രീവനും വാനര സൈന്യവും സഹായിക്കും സീതയെ തിരയാന്‍ എന്നറിഞ്ഞ രാമലക്ഷ്മണൻമാർ അവിടെ എത്തുമ്പോള്‍ സുഗ്രീവന്‍ തന്റെ ജ്യേഷ്ഠന്‍ ബാലിയെ ഭയന്ന് ഒളിച്ചു ജീവിക്കുന്നതു കാണുകയും സുഗ്രീവന് രാജ്യം തിരികെ പിടിച്ച് കൊടുത്താല്‍ മാത്രമേ സൈന്യ സഹായം ലഭ്യമാകൂ എന്നു കണ്ടു ബാലിയെ ഒളിച്ചിരുന്നു കൊല്ലുകയും ചെയ്യുന്നു. മരിക്കും മുന്നേ ബാലി പക്ഷേ രാമനുമായി സംവാദം നടത്തുമ്പോൾ നല്ല രീതിയില്‍ രാമനെ വിമര്‍ശിക്കുന്നു. രാവണനെ ഒരിക്കല്‍ ശിക്ഷിച്ചിട്ടുള്ളതും, തന്റെ സുഹൃത്തും ആയതിനാല്‍ നീ എന്നോടു പറഞ്ഞാല്‍ പോരായിരുന്നോ എന്നു ചോദിച്ച ബാലി മരണം വരിക്കുന്നു. തുടര്‍ന്നു സുഗ്രീവനും ഹനുമാനും ജാംബവാനും ബാലിയുടെ മകന്‍ അംഗദനും എഴുപതു വള്ളം (ഏകദേശം 91000 കോടി ) വാനര സൈന്യവുമായി സീതയെ അന്വേഷിച്ചു പോകുന്നു. 


യാത്ര ഒടുവില്‍ കടല്‍ തീരത്ത് എത്തുകയും ഇനി എന്തു ചെയ്യണം എന്നറിയാതെ നില്‍ക്കുന്ന അന്വേഷണ സംഘത്തിനോട് ജഡായുവിൻ്റെ സഹോദരന്‍, രാവണന്റെ കോട്ട ആ കടലിന് അപ്പുറം ലങ്കയില്‍ ആണെന്ന് പറഞ്ഞു കൊടുക്കുന്നു. ഇതിനെ തുടര്‍ന്നു രാമനോട് കാര്യങ്ങള്‍ പറയുകയും രാമന്‍ നല്കിയ അടയാളമോതിരവും വാക്യങ്ങളും സ്വീകരിച്ചു ഹനുമാന്‍ ആ കടല് ചാടിക്കടന്നു ലങ്കയില്‍ എത്തി സീതയെ കാണുന്നു . സീത ഒരു മാസത്തിനകം തന്നെ ഇവിടെ നിന്നും രക്ഷിച്ചില്ലെങ്കില്‍ പിന്നെ ചിതയില്‍ ചാടി ഞാന്‍ മരിക്കും എന്നു രാമനോട് പറയാന്‍ ഉപദേശിച്ചു വിടുന്നു. ലങ്കയില്‍ കുറച്ചു നഷ്ടങ്ങൾ ഒക്കെ ഉണ്ടാക്കി ഹനുമാന്‍ തിരികെ വരികയും രാമനോട് വിവരങ്ങള്‍ പറയുകയും ചെയ്യുന്നു. തുടര്‍ന്നു കടലില്‍, വരുണ ദേവന്റെ സഹായത്തോടെ ഒരു ചിറ കെട്ടി രാമനും കൂട്ടരും ലങ്കയില്‍ എത്തുന്നു. ലങ്ക കണ്ട രാമന്‍ ലോകത്ത് ഇത്രയും മനോഹരവും സമ്പന്നവുമായ മറ്റൊരു ഇടം ഉണ്ടോ എന്നു അത്ഭുതം കൂറുന്നു. തന്റെ അയോധ്യ പോലും ഇതിനു മുന്നില്‍ ഒന്നുമല്ല എന്ന രാമന്റെ ചിന്ത ലങ്കയുടെ അഭിവൃദ്ധിയാണ് കാണിക്കുന്നത്. രാമനെ കുറിച്ച് കേട്ടറിഞ്ഞ രാവണ സഹോദരന്‍ വിഷ്ണു ഭക്തനായ വിഭീഷണന്‍ രാവണനെ ഉപദേശിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷയില്ലെന്ന് കണ്ടു രാവണന്‍ ഓടിച്ചു വിട്ടപ്പോള്‍ രാമന്റെ അടുത്ത് അഭയം പ്രാപിക്കുന്നു. സന്ധി സംഭാഷണങ്ങൾ ഒന്നും വിലപ്പോകാതെ ഒടുവില്‍ യുദ്ധം നടക്കുന്നു. രണ്ടുവട്ടം രാവണപുത്രന്‍ ഇന്ദ്രജിത്ത് ലക്ഷ്മണനെ വധിക്കാന്‍ ശ്രമിച്ചെങ്കിലും ഹനുമാന്‍ മൃത സഞ്ജീവനി കൊണ്ട് വന്നും, ഗരുഡന്‍ വന്നും രക്ഷിക്കുന്നു. ഒടുവില്‍ രാമനും സൈന്യവും രാവണനെയും സഹോദരങ്ങളെയും മക്കളെയും ഒക്കെ കൊന്ന് വിഭീഷണനെ സൂര്യചന്ദ്രന്മാർ ഉള്ള കാലത്തോളം  ലങ്കയുടെ രാജാവായിരിക്കും എന്ന് ആശീർവദിച്ച് അരിയിട്ട് വാഴിക്കുന്നു.. 


സീതയെ, ഹനുമാനേ വിട്ടു കൂട്ടിക്കൊണ്ടു വരുമ്പോള്‍ മുഷിഞ്ഞ വേഷം മാറ്റി കുലസ്ത്രീയായി വരിക എന്ന ഉപദേശം കേട്ടു കുളിച്ചു നല്ല വസ്ത്രം ധരിച്ചു വന്നത് കണ്ട രാമന്‍ , രാവണൻ്റെ കോട്ടയില്‍ സീത സന്തോഷവതിയായിരുന്നു എന്നു തെറ്റിദ്ധരിക്കുകയും സീതയോട് സ്നേഹം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്തു. തുടര്‍ന്നു സീത അഗ്നിയില്‍ ചാടി തന്റെ ശുദ്ധി തെളിയിക്കുകയും രാമന്‍ സീതയെയും ലക്ഷ്മണനെയും മറ്റുള്ളവരെയും കൂട്ടി പുഷ്പക വിമാനത്തില്‍ അയോദ്ധ്യയിലേക്ക് പോകുകയും അവിടെ വീണ്ടും രാജാവായി സ്ഥാനം ഏറ്റു ഭരണം തുടങ്ങുകയും ചെയ്തു. ഇതിനിടയില്‍ ഒരു ദിവസം രാമന്റെ ചാരന്മാര്‍ ഒരു അലക്കുകാരനും ഭാര്യയും തമ്മിലുള്ള വഴക്കു കേള്‍ക്കുകയും അത് രാമനോട് വന്നു പറയുകയും ചെയ്തു. ഒരു ദിവസം അന്യവീട്ടില്‍ പോയി താമസിച്ചതിന് ഭാര്യയെ പുറത്താക്കാൻ ശ്രമിക്കുമ്പോള്‍ ഒരു വര്ഷം അന്യ വീട്ടില്‍ താമസിച്ച ഭാര്യയെ കൂടെ താമസിപ്പിക്കുന്നയാളുടെ രാജ്യത്തു ഒരു ദിവസം ഒരു കാര്യമാണോ എന്ന വാദപ്രതിവാദമാണ് നടന്നതവിടെ . ഇത് കേട്ട രാമന്‍ ലക്ഷ്മണനോട് പറഞ്ഞു സീതയെ കാട്ടില്‍ ഉപേക്ഷിക്കുന്നു. മൂന്നുമാസം ഗര്‍ഭിണിയായ സീതയെ ലക്ഷ്മണന്‍ ഗൌതമന്റെ ആശ്രമപരിസരത്ത് ഉപേക്ഷിച്ചു മടങ്ങുന്നു(വാത്മീകി രാമായണത്തില്‍ ഗൌതമനല്ല വാത്മീകിയാണ് ). ഗൌതമ മഹര്‍ഷി സീതയെ ആശ്വസിപ്പിക്കുകയും അവിടെ താമസിപ്പിക്കുകയും ചെയ്യുന്നു. സീത പത്തു മാസം പൂര്‍ത്തിയായപ്പോള്‍ രാമനെ പോലെയുള്ള ഒരാൺകുട്ടിക്ക് ജന്മം നല്കുന്നു. ഒരു ദിവസം സീത പുറത്തുപോയിരുന്ന സമയത്ത് ഗൌതമന്‍ ആശ്രമത്തില്‍ വരികയും കുട്ടിയെ തൊട്ടിലില്‍ കാണാതെ , കുട്ടി നഷ്ടപ്പെട്ടെന്ന് കരുതി ഒരു കുശപ്പുല്ലെടുത്ത് കുട്ടിയായി മാറ്റി അവിടെ കിടത്തുന്നു. കുറെ കഴിഞ്ഞു സീത കുട്ടിയുമായി വരുകയും ഗൌതമന്‍ തെറ്റ് മനസിലാക്കി ആ കുട്ടിയെക്കൂടി  വളര്‍ത്താന്‍ പറയുന്നു. പതിനായിരം സംവത്സരങ്ങള്‍ രാജ്യം ഭരിച്ച രാമന്‍ അശ്വമേധം നടത്താന്‍ ഒരുങ്ങുകയും അതിനെത്തുടര്‍ന്നു യാഗാശ്വത്തെ പിന്തുടര്‍ന്നു രാമലക്ഷ്മണ സൈന്യം യാത്ര ചെയ്യുകയും ചെയ്തു . ഇടയ്ക്കു വച്ച് ഒരു അസുരന്‍ യാഗാശ്വത്തെ അടിച്ചുകൊണ്ടു പോയി. തുടര്‍ന്നു അതിനെ കണ്ടുപിടിക്കുകയും ആ അസുരനെ രാമന്‍ വധിക്കുകയും ചെയ്തപ്പോള്‍ അയാളുടെ ഭാര്യ ഇവരെ ഭക്ഷിക്കാന്‍ ഓടിവന്നു . ലക്ഷ്മണന്‍ അവളുടെ മൂക്കും മുലയും മുടിയും മുറിച്ച് ഓടിച്ചു വിട്ടു. യാഗാശ്വയാത്ര തുടരവേ , അശ്വത്തെ  ഗൌതമ ആശ്രമ പരിസരത്ത് വച്ച് സീതയുടെ മക്കള്‍ പിടിച്ച് കെട്ടുകയും തുടര്‍ന്നു വന്ന രാമലക്ഷ്മണന്മാരെയും ഹനുമാനെയും ഒക്കെ യുദ്ധം ചെയ്തു തോല്‍പ്പിക്കുകയും ചെയ്യുന്നു. സീത ഒടുവില്‍ വിവരം അറിഞ്ഞു മക്കളോട് കാര്യം പറയുകയും അതനുസരിച്ച് അവര്‍ എല്ലാവരും ഒരുമിച്ച് കൊട്ടാരത്തിലേക്ക് രാമൻ കൂട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നു. 


ഒരു ദിവസം രാവണന്റെ രൂപം എന്തായിരുന്നു എന്ന ദശരഥപത്നിമാരുടെ ചോദ്യത്തിന് സീത ഒരിക്കല്‍ മാത്രം രാവണന്‍ തന്റെ വേഷം മാറുമ്പോള്‍ കണ്ട രൂപം ഓര്മ്മ വച്ചുകൊണ്ട്, രാമന്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന പലകയില്‍ രാവണ രൂപം വരച്ചു കാട്ടുന്നു. ഭക്ഷണം കഴിക്കാന്‍ രാമന്‍ പലകയില്‍  ഇരുന്നപ്പോള്‍ അത് വിറയ്ക്കുകയും എന്താണ് കാര്യം എന്നു തിരക്കിയപ്പോള്‍ കൈകേയി , സീത രാവണന്റെ പടം അതില്‍ വരച്ചതിനാല്‍ ആണെന്ന് പറയുന്നു. സീതയുടെ മനസ്സില്‍ രാവണന്‍ ഇപ്പൊഴും ഉണ്ടെന്ന് കരുതിയ രാമന്‍ ലക്ഷ്മണനോട് സീതയെ കാട്ടില്‍ കൊണ്ട് പോയി വെട്ടിക്കൊല്ലാന്‍ പറയുന്നു . സീത പുറത്തേക്കിറങ്ങിയതും ഭൂമി പിളര്‍ന്ന് അതില്‍ വീണു ഭൂമി മൂടുന്നു. ഭൂമിയിലെ പണി കഴിഞ്ഞു തിരികെ വരാന്‍ സമയമായി എന്നറിഞ്ഞ ദേവകളും മുനിമാരും രാമനെയും ലക്ഷ്മണനെയും തമ്മില്‍ തെറ്റിക്കാന്‍ വേണ്ടി ശ്രമിക്കുകയും അവര്‍ അതില്‍ വിജയിക്കുകയും ചെയ്തു. തുടര്‍ന്നു ലക്ഷ്മണനെ കൊല്ലാന്‍ രാമന്‍ ഓടിക്കുകയും ലക്ഷ്മണന്‍ രക്ഷപ്പെടാന്‍ ഓടി ഒടുവില്‍ സരയൂവില്‍ വീണു മരിക്കുകയും ചെയ്യുന്നു. തുടര്‍ന്നു രാമനും സരയൂവില്‍ ചാടുകയും കഥ പൂര്‍ണ്ണമാകുകയും ചെയ്യുന്നു.


വാത്മീകി രാമായണത്തെക്കാള്‍ കുറച്ചൊക്കെ മാറി ഒരു സാധാരണ മനുഷ്യന്റെ എല്ലാ ചാപല്യങ്ങളും അധീരതയും കഴിവുകേടുകളും ചിന്തയും വിമര്‍ശനങ്ങളും നേരിടുന്ന ഒരു രാമനെയാണ് കമ്പരരുടെ രാമായണത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. ഇത് വായനയില്‍ ഒരു മാറ്റം നല്‍കുന്നതായി അനുഭവപ്പെടുന്നു. വേറിട്ട വായനകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു വായനയ്ക്ക് ഈ ഗദ്യ പരിഭാഷ നല്ലതാകും എന്നു കരുതുന്നു.. സസ്നേഹം ബി.ജി.എന്‍ വര്‍ക്കല.