പെറ്റോള് (കവിത)
ലിഖിത ദാസ്
ധ്വനി ബുക്സ് (2022)
കവിതകള്‍ സംഭവിക്കുന്നത് മനസ്സിലാണ് . അതിന്റെ എഴുത്ത്ഭാഷയില്‍ മനസ്സ് പറയുന്നതു
അതുപോലെ പകര്‍ത്തപ്പെടുന്നുവെങ്കില്‍ മാത്രമാണു ഒരു എഴുത്തുകാരന്‍ വിജയിക്കുന്നത് .
പക്ഷേ ഇതേ പകര്‍ത്തപ്പെട്ട വസ്തുത ഒരു വായനക്കാരന് ആസ്വാദ്യകരമാകുമ്പോള്‍ മാത്രമാണു
ഒരു എഴുത്തുകാരന്‍ ജനിക്കുന്നതും. ഇത്തരം ഒരു കാഴ്ചപ്പാട് എത്രത്തോളം ആധുനിക സോഷ്യല്‍
മീഡിയയ്ക്ക് രുചിക്കും എന്നതറിയില്ല. അടുത്തിടെയായി കവിതയില്‍ വിപ്ലവം കൊണ്ട് വരാനായി
ആധുനിക സോഷ്യല്‍ മീഡിയാ കവികളുടെ ഭഗീരഥ പ്രയത്നങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണല്ലോ .
അതിനെ പിന്‍പറ്റി നിരവധി ചര്‍ച്ചകളും സംഭവിക്കുന്നുണ്ട് . കാര്യമെന്തൊക്കെയായാലും സ്വന്തം
തെറ്റുകളെ , കുറവുകളെ നികത്താന്‍ വേണ്ടിയുള്ള ഒരു കസര്‍ത്ത് മാത്രമായാണ് ഇതിനെ കാണാന്‍ കഴിയുന്നത്
. കവിതകള്‍ ആദിമ കാലങ്ങളില്‍ എന്തിന് വേണ്ടിയാണ് ഉണ്ടാക്കപ്പെട്ടത് എന്നത് നമുക്കെല്ലാം
അറിയുന്ന കാര്യമാണ് . സ്തുതി ഗീതങ്ങള്‍ ആയിരുന്നു അന്ന് കൂടുതലും ഉണ്ടാകപ്പെട്ടത് .
ചേര ചോള കാലത്തെ കവികള്‍ക്ക് സമൂഹത്തില്‍ വളരെ വലിയ സ്ഥാനമായിരുന്നു ലഭിച്ചിരുന്നതെന്നും
അവരുടെ കവിതകള്‍ക്ക് ശ്രേഷ്ടങ്ങളായ സമ്മാനങ്ങള്‍ ലഭിച്ചിരുന്നു എന്നും ഒക്കെ എവിടെയോ
വായിച്ച ഓരോര്‍മ്മയുണ്ട് . ഇന്നത്തെ കാലത്തും കവികള്‍ ഉണ്ട് എന്നത് നാം മറക്കാന്‍ പാടുള്ളതല്ല
. എന്താകണം കവിത എങ്ങനെയാണ് കവിത എഴുതേണ്ടത് എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ ക്ലാസ്സുകള്‍
വരെ നടക്കുന്നതു കണ്ടിട്ടുണ്ട് പക്ഷേ കവിതകള്‍ ഉണ്ടാകുന്നുണ്ടോ എന്നതാണു നാം ചിന്തിക്കേണ്ടത്
. പ്രകൃതിയെയോ വസ്തുക്കളെയോ വ്യക്തികളെയോ വര്‍ണ്ണിക്കുകയോ അടയാളപ്പെടുത്തുകയോ ചെയ്യുന്ന
കാവ്യങ്ങള്‍ ഇന്ന് കുറവാണ് . ഇന്ന് ട്രെന്‍ഡ് ആയിട്ടുള്ള കവിതകള്‍ എന്നു പറയുന്നത്
ചില പ്രത്യേക ഫോര്‍മാറ്റില്‍ ജനിക്കുന്നവ ആണ് . മിനിക്കഥയോ ചെറുകഥയോ എന്നു തിരിച്ചറിയാനാവാത്ത
കഥ പറച്ചിലുകള്‍ ആണ് ഇന്ന് കവിതകള്‍ . ഗദ്യ കവിത എന്നതിനുമപ്പുറം ദിശാഭംഗം നേരിട്ട
ഒരു അവസ്ഥയില്‍ നില്‍ക്കുകയാണ് ആധുനിക കവിതകള്‍. ആംഗലേയ കവിതകളെ മൊഴിമാറ്റം ചെയ്തു
തുടങ്ങിയ കാലം മുതല്‍ ഇതാരംഭിച്ചിട്ടുണ്ട് എന്നു കരുതുന്നു. ഇപ്പോള്‍ കവിതയില്‍ ആത്മഭാഷണം
കുറയുകയും പകരം പ്രത്യേക വിഷയത്തില്‍ മാത്രം എല്ലാവരും ഫോക്കസ് ചെയ്യുകയും ചെയ്തു പോരുന്നുണ്ടോ
എന്നു സംശയം. സ്ത്രീയെ അവതരിപ്പിക്കുന്ന കവിതകള്‍ക്കാണ് ഇന്ന് മാര്‍ക്കറ്റ് . അവളുടെ
വികാരങ്ങള്‍ , അവളുടെ വിചാരങ്ങള്‍ , അവളുടെ ഒരു ദിവസം തുടങ്ങി
അവളുടെ ഓരോ അവസ്ഥകളെയും കുറിച്ചുള്ള കവിതകള്‍ ആണ് ഒരു പാറ്റേണ്‍ പോലെ വരുന്നത് . അടിച്ചമര്‍ത്തപ്പെട്ട
ഒരു വിഭാഗമായിരുന്ന സ്ത്രീകള്‍ എഴുത്തിന്റെ മേഖലയിലേക്ക് സധൈര്യം വന്നു തുടങ്ങിയപ്പോള്‍, അവര്‍ എഴുതിത്തുടങ്ങിയപ്പോള്‍
ആദ്യം ഞങ്ങളെ എഴുതാം പിന്നെ മറ്റ് കാര്യങ്ങളിലേക്ക് കടക്കാം എന്നൊരു അന്തര്‍ധാര എല്ലാവരും
പിന്തുടരുന്നോ എന്നു തോന്നിപ്പിക്കുന്നുണ്ട് ഇവ വായിക്കുമ്പോള്‍ ഒക്കെയും. ആദ്യം പ്രണയമായിരുന്നു
വിഷയം പിന്നെ ആര്‍ത്തവം ആയി അത് കഴിഞ്ഞപ്പോള്‍ കുടുംബിനി ആയി. ഇനിയെങ്ങോട്ട് എന്നൊരു
സംശയത്തില്‍ നിന്നാണ് തെങ്ങുകയറ്റക്കാരന്റെ പേശിയില്‍ കണ്ണുടക്കുന്നവളിലും, തെറിച്ച പെണ്ണിന്റെ
ചിന്തകളിലേക്കും ഒക്കെ കവികള്‍ കണ്ണുകള്‍ പായിക്കുന്നുണ്ട് . ആശയവും ആവിഷ്കാരവും കവികളുടെ
സ്വാതന്ത്ര്യം ആയതിനാല്‍ ഇവയൊക്കെ പറയാമെന്നല്ലാതെ ആരെയും തിരുത്താനോ വഴി കാണിച്ചുകൊടുക്കാനോ
കഴിയുകയില്ല എന്നതും സത്യമാണ് . ‘ചന്ദ്രമതി’എഴുതിയ “എഴുത്തിന്റെ ലോകങ്ങള്‍” എന്ന പുസ്തകം പെണ്ണെഴുത്തിന്റെ
വക്താക്കള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ടതുണ്ട് .
ലിഖിത ദാസ് എന്ന എഴുത്തുകാരിയുടെ ‘ഉത്തമരഹസ്യങ്ങളുടെ (അ)വിശുദ്ധ
പുസ്തകം’ എന്ന കവിത പുസ്തകം വായിച്ചിട്ടുണ്ട് മുന്‍പൊരിക്കല്‍. സ്ത്രീപക്ഷ
കാഴ്ചപ്പാടുകളുടെ പ്രണയം രതി സ്നേഹം വാത്സല്യം തുടങ്ങി പല മുഖ ബിംബങ്ങളെ വായിച്ചു പോകുന്ന
ഒന്നായിരുന്നു അത് . ലിഖിതയെ ഇപ്പോള്‍ വായിക്കുമ്പോള്‍ അതേ ഫോര്‍മാറ്റില്‍ നിന്നും
അധികദൂരമൊന്നും പോയിട്ടില്ല എന്നത് മനസ്സിലാക്കുന്നു . ടൈപ്പാകുന്ന കവികളെ വായനക്കാര്‍
വേഗത്തില്‍ മടുക്കും എന്നതൊന്നും കവിയെ ബാധിക്കുന്ന വിഷയങ്ങള്‍ ആയി തോന്നുന്നില്ല എന്നു
കാണാം . 37 കവിതകള്‍ ആണ് ഇതില്‍ ഉള്ളത് . തുടക്കം മുതല്‍ ഒടുക്കം വരെ ഒറ്റവായനയില്‍
കടന്നു പോയ കവിതകള്‍. പിതാക്കന്മാരാല്‍ നുള്ളിയെറിയപ്പെട്ട കുരുന്നുകള്‍ , പ്രണയം , കാമം , വിഷാദം, ഏകാന്തതയുടെ തുരുത്തുകള്‍
തുടങ്ങിയ പലമുഖ കാഴ്ചകള്‍ നിറഞ്ഞ കവിതകള്‍ ആണ് ഇതില്‍ ഉള്ളത് . കാമം എന്നു പറയുമ്പോള്‍
അതിനെ ഒരു അശ്ലീല പദമായി കാണരുത് . കാരണം പച്ചയായ കാമം അല്ല പക്ഷേ അതിഗൂഡമായ പ്രണയരതികളുടെ
ഭാവാവിഷ്കാരമാണ് അവ . ഒരു പെണ്ണിനെ സ്നേഹിക്കാന്‍ മറ്റൊരു പെണ്ണിനേ കഴിയൂ എന്നു കവി
പറഞ്ഞു വയ്ക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നു തോന്നും . കൂട്ടത്തില്‍ മനോഹരമായി പറഞ്ഞ
രണ്ടു കവിതകള്‍ ഉണ്ട് . ശരിക്കും കവിയും വായനക്കാരും കവിത എഴുതാന്‍ ശ്രമിക്കുന്നവരും
വായിച്ചിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ രണ്ടു കവിതകള്‍ . ഒന്ന് “കവിത” എന്ന ടൈറ്റില്‍ കവിതയാണ്
. എന്താണ് തനിക്ക് കവിതയെഴുത്ത് എന്നുള്ള വെളിപ്പെടുത്തലുകള്‍ ആണ് ഈ കവിത . എപ്പോഴാണ്
തന്നില്‍ കവിത വിടരുക എപ്പോഴാണ് തന്നില്‍ കവിത വളരുക എന്നും എപ്പോഴാണ് തന്നില്‍ കവിതവരളുക
എന്നും ഇതില്‍ കവി വിളംബരം ചെയ്യുന്നുണ്ട് . അത് വളരെ ഹൃദ്യവും പങ്കുവയ്ക്കപ്പെടേണ്ട ഒന്നുമാണ് എന്നു തോന്നിച്ചു.
മറ്റൊരു കവിത “എഴുതുന്നോര്‍” എന്നു ടൈറ്റിലില്‍ ഉള്ള കവിതയാണ് . എഴുത്തുകാരുടെ മാനസിക തലങ്ങളെ
വികാര വിചാരങ്ങളെ കവിതയുടെ അല്ലെങ്കില്‍ എഴുത്തിന്റെ സമീപനത്തോട് ചേര്‍ത്തു വച്ച് വായിക്കേണ്ടത്
ഉണ്ടോ എന്നൊരു ചോദ്യം ഉയര്‍ത്താന്‍ തക്ക വണ്ണം അതിനെ പറഞ്ഞുവച്ചിട്ടുണ്ട് . ഒരു കുഞ്ഞ്
ജനിക്കുമ്പോള്‍ അതിന്റെ അമ്മ അനുഭവിക്കുന്ന വേദനകള്‍ക്കപ്പുറം കുഞ്ഞിനെ മാത്രം കണ്ടു
വിലയിരുത്തുന്നവര്‍ അമ്മയുടെ ക്ലേശങ്ങള്‍ ഓര്‍ക്കാറില്ലല്ലോ . ഓര്‍ക്കേണ്ടതുണ്ടോ എന്നത്
ചിന്തനീയം. ഉണ്ടെങ്കില്‍ അതേ ചിന്ത ഒരെഴുത്തുകാരന്റെ രചനയിലും ഉണ്ടാകണം എന്നാണ് കവിതയിലൂടെ
കടന്നുപോകുമ്പോള്‍ തോന്നിയത് . കന്നി പെറ്റവര്‍ , പെറ്റോള് ,ക്ഷൌരം ചെയ്യുന്നോള്‍
, നിങ്ങള്‍റിഞ്ഞിട്ടില്ലാത്ത പെണ്ണുങ്ങള്‍ , രണ്ടു സ്ത്രീകള്‍ പ്രണയത്തിലാകുമ്പോള്‍
തുടങ്ങിയവ ഒക്കെ വായനയില്‍ പ്രത്യക്ഷവും പരോക്ഷവുമായ അര്‍ത്ഥതലങ്ങള്‍ നല്‍കുന്നവയാണ്
. സിന്ഡ്രല്ലകുപ്പായവും മഴയോര്‍മ്മയും കൂട്ടത്തില്‍ വളരെ വികാരപരവും ശ്രദ്ധിക്കപ്പെടേണ്ടതുമായ
കവിതകള്‍ ആയി അടയാളപ്പെടുത്തുന്നു . കവി ആമുഖത്തില്‍ പറയുന്ന വാക്കുകള്‍ കവി കൂടി ഓര്മ്മ
വയ്ക്കുകയാണെങ്കില്‍ പുതിയ വിഷയങ്ങളും പുതിയ തലങ്ങളും കവിതയ്ക്ക് വിഷയമായി വരും എന്നത്
തര്‍ക്കമില്ലാത്ത വസ്തുതയാണ് . മനശാസ്ത്രപരമായി വിലയിരുത്തുകയാണെങ്കില്‍ , postpartum(PPD)യില്‍ കൂടി കടന്നു
പോകുന്ന ഒരാളുടെ മാനസിക പിരിമുറുക്കങ്ങളും മനോവ്യാപാരങ്ങളും അദൃശ്യമായ ഒരു വല പോലെ
ഈ കവിതകളില്‍ എങ്ങും നിര്‍ഞ്ഞു കിടക്കുന്നുണ്ട് എന്നു തോന്നുന്നുണ്ട് . അത് കവിതകളുടെ
മേല്‍ വിഷാദത്തിന്റെ ഒരു മഞ്ഞുപോലെ അലിഞ്ഞു കിടക്കുന്നു . “സ്നേഹത്തിന്റെ ഒഴുക്കുള്ള
ഭാഷ വശമുള്ള മനുഷ്യരിലാണെന്റെ മുഴുവന്‍ പ്രതീക്ഷയും. കരയാനും ചിരിക്കാനും കെട്ടിപ്പിടിയ്ക്കാനും
പിശുക്ക് കാണിക്കാത്ത തെളിഞ്ഞ ജലം പോലെയുള്ളവര്‍” തീര്‍ച്ചയായും അവര്‍
സ്വീകരിക്കപ്പെടുന്നത് കൊണ്ട് മാത്രമാണു കവിതകള്‍ നിലനില്‍ക്കുന്നത് എന്നു ഓരോ എഴുത്തുകാരും
മനസ്സിലാക്കേണ്ടിയിരിക്കുന്നു .
കഴിവുള്ള കലാകാരിയാണ് ലിഖിത ദാസ് . മുപ്പതുകളില്‍ നില്‍ക്കുന്ന കവിയ്ക്ക് മൂന്നു
പുരസ്കാരങ്ങള്‍ / ആദരവുകള്‍ ലഭിച്ചിട്ടുണ്ട് . ഈ പുസ്തകമടക്കം അഞ്ചു പുസ്തകങ്ങള്‍ സ്വന്തമായിട്ടുള്ള
ലിഖിത ദാസ് എന്ന എഴുത്തുകാരിക്ക് കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍, കൂടുതല്‍ പുസ്തകങ്ങള്‍
ഇറക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു . ഒരൊറ്റ കൂടിനുള്ളില്‍ നില്‍ക്കാതിരിക്കാന്‍
കഴിയട്ടെ എന്നും. സസ്നേഹം ബി.ജി.എന്‍ വര്‍ക്കല