നീ പ്രണയത്തിലായിരിക്കുമ്പോൾ...
................................................................
നീ പ്രണയത്തിലായിരിക്കുമ്പോൾ
ലോകം മുഴുവൻ നിന്നിലേക്ക് ഉറയുന്നു.
രാവുകൾ നിനക്കായ് മാത്രം നിലാവ് പൊഴിക്കുകയും
പൂക്കൾ നിനക്ക് വേണ്ടി മാത്രം പുഷ്പിക്കുകയും ചെയ്യുന്നു.
കിളികൾ പതിവിലും മധുരതരമായി പാടുന്നു.
ശലഭങ്ങൾ ചിറകുകൾക്ക് കൂടുതൽ വർണ്ണം നിറയ്ക്കുന്നു.
നീ പ്രണയത്തിലായെന്ന് കാറ്ററിയുന്നു.
നിൻ്റെ മദഗന്ധം പേറി താഴ്വരകളിലും
ഇരുണ്ട വനാന്തരങ്ങളിലും അതലയുന്നു.
നിൻ്റെ മുടിയിഴകളിൽ ഒളിച്ചിരിക്കാൻ
മിന്നാമിന്നികൾ മത്സരിക്കുന്നു.
നിൻ്റെ ചുണ്ടിലെ തേൻ നുകരാൻ
വണ്ടുകൾ അനുവാദം ചോദിക്കുന്നു.
നിൻ്റെ വിരലുകൾ കൊണ്ട് തൊടപ്പെടാൻ
തൊട്ടാവാടികൾ കൊതിച്ചു നില്ക്കുന്നു.
നിൻ്റെ മാറിൽ പതിഞ്ഞു കിടക്കുന്നത്
മുയൽക്കുഞ്ഞുങ്ങൾ സ്വപ്നം കാണുന്നു.
നീ പ്രണയത്തിലാണെന്നറിയുമ്പോൾ
പ്രാവുകൾ കുറുകൽ അവസാനിപ്പിക്കുന്നു.
തേനീച്ചകൾ നിൻ്റെ അരക്കെട്ടിലൊരു കൂടു കൂട്ടുന്നു.
നിൻ്റെ പാദസരമണികളാകാൻ
മണൽത്തരികൾ മത്സരിക്കുന്നു.
നീ പ്രണയത്തിലാണെന്നറിയുമ്പോൾ
ഞാൻ മാത്രം മൗനിയാകുന്നു.
നിൻ്റെ പ്രണയത്തിലെ രാജകുമാരനെ
മനസ്സിലിട്ട് ഞാൻ കൊത്തിയരിയുന്നു.
നിൻ്റെ വഴികളിലേക്ക് ഞാൻ
പൂഴിമണ്ണായി ചൊരിഞ്ഞു വീഴുന്നു.
@ബിജു.ജി.നാഥ്