Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Monday, August 24, 2026

നീ നല്‍കുന്ന ശൂന്യത

 

നീ നല്‍കുന്ന ശൂന്യത

---------------------------------------

കൂട്ടുകാരീ, ഈ പൊള്ളുന്ന വേനലില്‍

നിന്‍ നെഞ്ചിന്‍ കുളിരു കൊതിപ്പൂ.

യാത്രയിലെന്നും നിന്നോര്‍മ്മകള്‍

കുളിരിന്‍ തണല്‍ വിരിപ്പൂ.

 

നിന്റെ നിരാസപ്പൊരുളിലമര്‍ന്ന്    

എന്റെ മോഹങ്ങള്‍ പൊലിയുന്നു.

നിന്റെ സങ്കടത്തിരമാലയേവം

എന്നുള്ളം ചുട്ടുനോവിക്കവേ

 

ഏതോ വിദൂര ബിന്ദുവില്‍ മിഴിനട്ട്

ഞാനിന്ന് മൂകം വിലപിപ്പൂ.

നീയതറിയാതെ പോകുവാന്‍ ഞാനിന്ന്‍

ചിരിമലര്‍ വിതറാം പാതയില്‍

 

കഠോരം ജീവിതപ്പാതയിലേകം

അതിദൂര യാത്രയാലാര്‍ത്തന്‍

തരിവെളിച്ചമാമെന്‍ പ്രണയമേ

നിന്‍ വിരല്‍ത്തുമ്പില്‍ തൊട്ടിടുമ്പോള്‍.

 

സമുദായ സഹതാപ ചിന്തകള്‍

അതിതാപമോടിഴയുമ്പോള്‍

ഒരു ചെറുനോവോടെ നീയെന്റെ

വിരലറുത്തകലെ മായുന്നു.

ബി.ജി.എന്‍ വര്‍ക്കല

(വൃത്തം : മഞ്ജരി)

നീ നല്കുന്ന ശൂന്യത

Friday, May 22, 2026

കപ്പിത്താന്‍

 

തകര്‍ക്കപ്പെട്ട ഒരു കപ്പലിന്റെ കപ്പിത്താന്‍

തകര്‍ത്തവര്‍ രക്ഷകര്‍ക്കൊപ്പം ബോട്ടുകളില്‍ രക്ഷ നേടി.

പോകുമ്പോഴും അവര്‍ കപ്പിത്താനാണ്

കപ്പല്‍ തകരാന്‍ കാരണം എന്നു പറയാന്‍ മറന്നില്ല.

കപ്പലില്ലാതായ കപ്പിത്താന് നീന്തല്‍ വശമില്ലാതെ പോയതും

രക്ഷകര്‍ ഇല്ലാതെ പോയതും യാദൃശ്ചികം മാത്രം.

തകര്‍ന്ന കപ്പലിന്റെ ഒരു പാളിയില്‍ കാല്‍ ചവിട്ടി നിന്നുകൊണ്ടു

കപ്പിത്താന്‍ കടലിലേക്ക് നോക്കി

മുങ്ങിത്താഴുന്ന കപ്പലില്‍ ഇരുന്നതുകൊണ്ടോ

കടലില്‍ ചാടിയതു കൊണ്ടോ

ജീവിക്കുവാന്‍ കഴിയില്ല

കപ്പിത്താന് മരിക്കാന്‍ താത്പര്യവുമില്ലല്ലോ.

ചവിട്ടി നിന്ന പാളിയില്‍ നിന്നുകൊണ്ടു

അയാള്‍ ഒരു പുതിയ കപ്പല്‍ നിര്‍മ്മിക്കാന്‍ തുടങ്ങുന്നു.

കടലില്‍ ആവശ്യം പോലെ ജലം ഉണ്ട്

ഓരോ കപ്പലിനും ഇടവുമുണ്ട്.

നയിക്കാനും നയിക്കപ്പെടാനും കപ്പിത്താനുണ്ട് .

സഹയാത്രികരില്ലാതെ ഒറ്റയ്ക്കാകുന്ന യാത്രകള്‍

അതാണ് കപ്പിത്താന്‍ ഇന്നാഗ്രഹിക്കുന്നതും.

സഹയാത്രികരുടെ രക്ഷയോ കാര്യങ്ങളോ

ഒന്നും തന്നെ അലട്ടാതെ ഒറ്റയ്ക്കാകുന്ന യാത്രകള്‍.

അവയുടെ സുഗന്ധവും പേറിയൊരു കടല്‍ക്കാറ്റ് വീശുന്നു

കപ്പിത്താന്‍ പുതിയ കപ്പല്‍ നിര്‍മ്മിക്കാന്‍ തുടങ്ങുന്നു.

ഒറ്റ പാളിയില്‍ നിന്നും

കുറച്ചേറെ ജലത്തില്‍ നിന്നും

കുറേ വായുവില്‍ നിന്നും

ഒറ്റയ്ക്ക്............

@ബി.ജി.എന്‍ വര്‍ക്കല

Monday, February 2, 2026

ബന്ധങ്ങള്‍

 

ബന്ധങ്ങള്‍

 

തണല് തേടി അലയും മൃഗത്തിനെ

തരളമായ് തലോടുന്ന ഹൃത്തിനായ്   

തിരികെ നല്കാന്‍ എന്തുണ്ട് വേറെയീ

തെളിമയുള്ളൊരു പുഞ്ചിരിയല്ലാതെ.

 

പ്രണയിതാക്കള്‍ തെളിച്ചിട്ട പാതകള്‍

പിന്തുടരുവാന്‍ കഴിയാത്ത ജന്മങ്ങള്‍

പ്രണയമാണെന്ന് ചൊല്ലും പരസ്പരം  

പിന്നെയാശംസ നേര്‍ന്നങ്ങു മറയുന്നു.

 

പ്രണയബന്ധത്തില്‍ തനുവും പെട്ടിടാം

സൌഹൃദങ്ങളില്‍ മനസുകള്‍ മാത്രമേ

ഇടപഴകുവാന്‍ ഇഴ കലര്‍ന്നീടുവാന്‍

എവിടെ വച്ചും അകന്നു പോയീടുവാന്‍

 

പറയുവാന്‍ കഴിയുന്നത്ര പറയുവാന്‍

പങ്കിടാന്‍ കഴിയുന്നത്ര പങ്കിടാന്‍, നാം

ഇടയില്‍ കരുതണം വിടവുകളെപ്പൊഴും

നോവറിയാതെ നല്‍കാതെ പിരിയുവാന്‍.

 

ഒരു നിമിഷത്തിന്‍ കേവല ചിന്തയാം

രതിയിലെന്തിന് ബന്ധങ്ങള്‍ നെയ്യണം

മലിനമാകാത്ത ദേഹിയും മനസുമായ്

അകലുവാന്‍ മാത്രമെങ്കിലീ ഊഴിയില്‍.

 

അടുപ്പവും കൂട്ടുകൂടലും ഇഷ്ടവും

അറിഞ്ഞു തന്നെ എടുക്കണം എപ്പഴും

സൌഹൃദം പോലെ പ്രണയമാകില്ല

പ്രണയമെന്നാല്‍ വിവാഹവുമല്ലല്ലോ.

 

വിലകൊടുത്താല്‍ ലഭിക്കുന്ന ദേഹം

പ്രണയചേഷ്ടകള്‍ കാട്ടിയെന്നാകിലോ

പ്രണയപൂര്‍വ്വം ശരീരങ്ങള്‍ പങ്കിടാന്‍

കഴിയുമോ വിടരല്ലാത്തൊരാള്‍ക്കുമേ.

 

പ്രണയനാട്യം പറഞ്ഞങ്ങടുക്കുവോര്‍

പിന്തിരിയുന്നു കാര്യം കഴിഞ്ഞെന്നാല്‍

പ്രണയമാണെന്ന് പറയുവതെങ്ങനാ-

പ്രാപ്പിടയന്‍മാരവര്‍ തന്‍ ഭാവത്തെ

 

സൌഹൃദമാണെന്നങ്ങു ചൊല്ലീട്ട്

ഹൃദയവാതില്‍ തുറന്നു കയറുവോര്‍

അവസരങ്ങള്‍ മുതലാക്കി ദേഹിയെ

കൈക്കലാക്കുന്ന കാഴ്ചകള്‍ ഇല്ലയോ!

 

പണവും ദേഹവും പദവിയും പോലെ

പലതു മോഹിച്ചു ബന്ധങ്ങള്‍ പാകി

ഒടുവില്‍ ഏറെ വിഷാദം മരണവും

തകര്‍ച്ചയും നല്കും ബന്ധങ്ങളൂഴിയില്‍.

 

പ്രണയമെന്നാല്‍ മനസ്സുകള്‍ തമ്മില്‍

അറിയുകെന്നതറിയാതെ പോകുന്നു.

പുറമേയുള്ളോരു ചിന്തക്കും വാക്കിനും

കഴിയുകില്ലൊരാ ബന്ധം പിരിക്കുവാന്‍.

 

അവരടുക്കുന്നു ഇഷ്ടങ്ങള്‍ ഒന്നെങ്കില്‍

അവര്‍ക്കിടയില്‍ വരുന്നില്ല അരുതുകള്‍

ഒരു വിഷയത്തില്‍ മാത്രമായ് ഒതുങ്ങുന്ന

ബന്ധമല്ല, ഉപാധികള്‍ ഇല്ലൊട്ടുമില്ലഹോ.

 

തിരഞ്ഞെടുപ്പുകള്‍ അനുചിതമാണെകില്‍

അടര്‍ന്നുപോകുകയില്ലയാ ബന്ധങ്ങള്‍  

അവരവരുടെ ജീവിതം ജീവിച്ചുകൊണ്ടുമേ

അവര്‍ക്ക് പ്രണയം തുടരുവാന്‍ കഴിയുന്നു.

 

അരികിലെന്നും ഇല്ലെന്നു വന്നാലും

കാണുവാന്‍ കഴിയാതിരുന്നീടിലും

കേള്‍ക്കുവാന്‍ കൂടി സമയമില്ലെന്നാലും

പരിഭവം വരാ ദൃഢബന്ധമാണത്.

@ബി.ജി.എന്‍ വര്‍ക്കല

Saturday, January 31, 2026

നിഴൽച്ചിത്രങ്ങൾ

വേനല്‍പ്പറവകള്‍ കൂട് തേടുന്ന ഇരുണ്ട രാവൊന്നില്‍ 
മേഘമാലകള്‍ ചന്ദ്രനെ മറച്ചു പിടിക്കുന്ന വേളയില്‍ 
ചീവീടുകള്‍ ഉച്ചത്തില്‍ സാധകം ചെയ്യുന്ന നേരത്ത് 
നിന്റെ ഉമ്മറപ്പടിയില്‍ ഞാനിരിപ്പുണ്ടായിരുന്നുവല്ലോ. 
നീയപ്പോള്‍ സുസ്മേരവദനയായി ഉമ്മറവാതിലില്‍
കാച്ചെണ്ണ മണം പകരും ചികുരഭാരം നിറമാറിലിട്ട്  
ഒറ്റക്കരയുള്ള ബാലരാമപുരം മുണ്ടിന്റെ കോന്തല 
ബ്ലൌസിന്‍റെ നടുക്ക് തിരുകുന്ന തിരക്കിലായിരുന്നു.
ചിറകു കരിഞ്ഞ പിടച്ചിലുമായ് നിലത്തുവീണ 
മഴപ്പാറ്റയുടെ മരണവേദന കേട്ടുകേട്ടാകണം   
നിലത്തു കത്തിച്ചുവച്ചിരുന്ന നിലവിളക്കിന്റെ നാളം 
കാറ്റിന്റെ താളത്തിനൊത്തു നൃത്തം ചവിട്ടുന്നതില്‍ 
അസ്വസ്ഥത പൂണ്ട ഒരു ഗൌളി ചുവരിറങ്ങുന്നു. 
എന്റെ കൈയ്യിലിരുന്ന കട്ടന്‍ചായ തണുത്തുപോയ് 
എന്റെ ചിന്തകളിലെ ഏകാന്തത അകന്നുപോയ് .
ദീർഘനിശ്വാസങ്ങളുടെ കയറ്റിറക്കങ്ങളിൽ
കോന്തല കള്ളനും പോലീസും കളിക്കവേ
ഇരുട്ട് കടമെടുത്ത തുള്ളിവെളിച്ചം പതിച്ചിട്ടാകാം 
മേദസ്സിന്റെ ചീളുകള്‍ ആലിംഗനം ചെയ്ത വയറില്‍ 
പൊക്കിള്‍ക്കുഴിയ്ക്ക് ചുറ്റും ഒരു നക്ഷത്രത്തിളക്കം.
നിന്റെ ശ്വാസതന്മാത്രകളുടെ പാദചലനത്തിനൊപ്പം 
എന്റെ പിന്നിലൊരു കതകുപാളി കരഞ്ഞടയുന്നു. 
ഉമ്മറം ഇപ്പോള്‍ നിശബ്ദമായിരിക്കുന്നു കൂടുതല്‍. 
മഴപ്പാറ്റയുടെ മരണവേദന നിലച്ചിരിക്കുന്നു 
മേഘങ്ങള്‍ പൌര്‍ണമിയെ പ്രസവിക്കുകയും 
ചീവീടുകള്‍ സാധകം അവസാനിപ്പിച്ചിരിക്കുന്നു .
@ ബി.ജി.എൻ വർക്കല

ഞാൻ മാത്രം


ഞാൻ മാത്രം
......................
എത്ര കടലുകൾതടസ്സമായി നിന്നാലും
എത്ര മലകൾവഴിമുടക്കീടിലും
ഇല്ല, നിങ്ങൾക്ക് നിർത്തുവാനാകില്ല 
ഞാൻ പായിക്കുമീ അശ്വത്തെ ഓർക്കുക . 
ഈ ലോകം എന്റെയുമാണല്ലോ !
ഈ സൂര്യൻ
തടാകങ്ങൾ
മലകൾ
പുഴകൾ
കാടുകൾ
പൂക്കൾ
സ്വപ്നങ്ങൾ
എനിക്കുമുള്ളതാകുമ്പോൾ
ആരൊരാളെന്നെ തടയിടാൻ
ആരൊരാളെന്നെ നിയന്ത്രിച്ചു നിർത്തുവാൻ
എന്റെ സ്വാതന്ത്ര്യമെനിക്ക് നല്കാൻ 
എന്റെ ആകാശത്തിന് ചിറ കെട്ടുവാൻ
എന്റെ കടലിന്നാഴമളക്കുവാൻ
ആര് ഞാനല്ലാതീ ഭൂമിയിൽ വേറെ ?
@ബിജു.ജി.നാഥ് വർക്കല

Friday, January 2, 2026

വേഴാമ്പല്‍

വേഴാമ്പല്‍ 

മഴ കാത്തു കഴിയുന്ന പക്ഷിയൊന്നല്ല
കുലസ്ത്രീകള്‍ക്കൊപ്പം കൂട്ടേണ്ടവള്‍. 
ഒരു പതി, ഒരു കൂട്, ഒരു കുടുംബമെന്ന 
നരജാതി ചിന്തതന്‍ അനുയാത്രകര്‍. 

ചെറുകൂട്ടമായ് കഴിയുന്നവര്‍ നമ്മള്‍ 
ഉയരങ്ങളില്‍ മാത്രം കൂടൊരുക്കുന്നവര്‍ 
ഒരിലയനക്കം പോലും ഭയജന്യമായോര്‍
ഒരുവന്നു മാത്രമായ് ഇണയാകുവോര്‍.

അടയിരിക്കും കാലം കൂടടപ്പോര്‍ തന്‍
ഇണയാല്‍ പശിയുടെ ചൂടകറ്റോര്‍.
ഉറങ്ങുമ്പോഴാകാശ മേലാപ്പിലേക്കായ് 
തലയുയര്‍ത്തും ഞങ്ങള്‍ വേഴാമ്പലുകള്‍. 
@ബി.ജി.എന്‍ വര്‍ക്കല

Monday, December 15, 2025

ഹലേലുയ

ഓരോന്നും തോന്നാൻ ഓരോ കാരണങ്ങൾ അല്ലാതെ പിന്നെ :D

" അതൊരു മനോഹരമായ സ്വപ്നമായിരുന്നു. എപ്പോഴും കാണാറില്ലാത്തത് കൊണ്ടാകാം കാണുമ്പോൾ മധുരം വളരെയേറെ ആണ്. നേരം വെളുത്തു വരുകയായിരുന്നു പെട്ടെന്നായിരുന്നു എൻറെ മുന്നിലേക്ക് അവൾ വന്നത്. വന്നത് എന്ന് പറയാൻ കഴിയില്ല കാഴ്ച തുടങ്ങുമ്പോൾ ഞങ്ങൾ ഒരു സിമ്മിങ് പൂളിന്റെ സൈഡിലായി ഒരുമിച്ച് ശയിക്കുകയായിരുന്നു. അവളൊരു കറുപ്പിൽ വെളുത്ത പൂക്കൾ ഉള്ള മേൽ വസ്ത്രം ആയിരുന്നണിഞ്ഞിരുന്നത് ഞാൻ അവളെ ഉമ്മ വയ്ക്കുകയായിരുന്നു. അവൾ വളരെ സ്നേഹത്തോടെ പ്രണയത്തോടെ എൻറെ മുഖത്തേക്ക് തന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ ഉമ്മ വച്ച് തുടങ്ങിയപ്പോൾ അവളെന്നെ അവളിലേക്ക് വലിച്ചടുപ്പിച്ചു. അവളുടെ ചുണ്ടുകൾ ഞാൻ പതിയെ നുണഞ്ഞു. അവൾ അത് ആദ്യം അനിഷ്ടം കാണിച്ചുവെങ്കിലും പിന്നെ അവൾ അവളുടെ ചുണ്ടുകൾ എൻറെ വായിലേക്ക് അമർത്തി തന്നു. ഇളം ചൂടാർന്ന ആ അധര സ്പർശം വളരെ റിയലായി അനുഭവപ്പെടുന്നുണ്ടായിരുന്നു. ചുണ്ടുകൾ നുണഞ്ഞു തുടങ്ങിയപ്പോൾ അവൾ പതിയെ തൻറെ മേൽ വസ്ത്രത്തിന്റെ കുടുക്ക് അഴിക്കാനായി കൈകൾ മുന്നോട്ട് കൊണ്ടുവന്നു. ഞാൻ അവളുടെ മുഖത്തേക്ക് പ്രണയത്തോടുകൂടി നോക്കുകയായിരുന്നു. അവളുടെ കണ്ണിലെ പുഞ്ചിരി,പൂത്തിരി കാണുകയായിരുന്നു. അലാറം അടിച്ചു എൻറെ ഉറക്കം പോയി. ഞാൻ ഉണർന്നു. സ്വപ്നത്തിൽ ആ സമയത്ത് ഇളം പിങ്ക് നിറത്തിലെ പ്രകാശമായിരുന്നു. പിറകിൽ യേശു എൻറെ രക്ഷകൻ എന്റെ സ്വന്തം രക്ഷകൻ എന്ന ഒരു പാട്ടിൻ ഈരടികൾ കേൾക്കുന്നുണ്ടായിരുന്നു. ങ്കിലും എൻ്റെ അലാറമേ...."

അപ്പോപ്പിന്നെ ആ പാട്ടിനെ ഒന്നെഴുതണ്ടയോ?

 യേശു എന്റെ രക്ഷകന്‍ 
എന്റെ സ്വന്തം രക്ഷകന്‍ 
എന്നെവഴി നടത്തുവാന്‍ 
എന്നുമുണ്ടെന്‍ കൂടെ.  (യേശു ...)

വീണുപോകുമെന്ന് ഞാന്‍ 
കരുതും നേരമൊക്കെയും 
വാനവില്ലൊരുക്കിയെന്റെ 
തേര്‍ തെളിക്കും കാവലാള്‍.  (യേശു....)

മീന്‍പിടിച്ചു നടന്നവര്‍ക്കു 
മനുഷ്യരെ പിടിക്കുവാന്‍ 
മാര്‍ഗ്ഗവും മുക്തിയും 
മോക്ഷവും കൊടുത്തവന്‍.  (യേശു)

കല്ലെറിഞ്ഞ ജനതതന്‍ 
കണ്ണുകള്‍ തുറന്നവന്‍ 
കാന്തമാര്‍ക്കു താങ്ങവന്‍ 
കന്യയില്‍ പിറന്നവന്‍  (യേശു....)

പുല്‍ക്കൂടിലില്‍ പിറന്നവന്‍ 
പാരിലേക്കുയര്‍ന്നവന്‍ 
പാപികള്‍ തന്‍ പാപഭാരം 
പുഞ്ചിരിയോടേറ്റവന്‍  (യേശു ....)

മരിച്ചവരെ ഉയിര്‍പ്പവന്‍ 
കാഴ്ച വീണ്ടെടുപ്പവന്‍ 
പലിശക്കാരെ തല്ലുവോന്‍ 
പീഡിതരെ കാക്കുവോന്‍  (യേശു...)

സത്യവചനമായവന്‍ 
ഉയിര്‍ത്തെഴുത്ത് വന്നവന്‍
സ്വര്‍ഗലോകമെനിക്കേകന്‍ 
വഴിതുറന്നു തന്നവന്‍. (യേശു...)
@ബി.ജി.എൻ വർക്കല

Saturday, November 29, 2025

അവശേഷിച്ച പ്രണയത്തിന്റെ അസ്ഥികള്‍

 അവശേഷിച്ച പ്രണയത്തിന്റെ അസ്ഥികള്‍ 



മഴപെയ്തു തോര്‍ന്നൊരാ മണ്ണിന്റെ മാറില്‍
ചാലുകള്‍ പോലെ വിഷാദത്തിന്‍ രേഖകള്‍ 
തണുവാര്‍ന്ന കാറ്റിന്‍ കരങ്ങളില്‍ മണക്കുന്നു 
പ്രിയതേ, നിന്‍ കാച്ചെണ്ണ ഗന്ധമെന്‍ ചുറ്റിനും. 

ഒരു ഗദ്ഗദം വന്നു കുരുങ്ങുന്നു തൊണ്ടയില്‍ 
പിടയുന്നു പുറംപാളി പൊട്ടിച്ചു ചിതറുവാന്‍.
മണ്ണില്‍ പുതഞ്ഞു കിടക്കുമീ പാദസരത്തിന്‍
മണികള്‍ നീ, ഓര്‍മ്മയായ് കൊണ്ടുപോയോ. 

അന്നൊരു നിലാപെയ്യും രാത്രിയില്‍ നിന്നുടെ 
കണങ്കാല്‍ മടിയില്‍ വച്ചണിയിച്ചതോര്‍ക്കുന്നു.
പിന്നീടൊരിക്കലും കേട്ടതില്ലോര്‍മ്മയില്‍ നിന്‍ 
മണികള്‍ കിലുങ്ങാത്ത രാവുകള്‍ പകലുകള്‍. 

പ്രണയനിമിഷങ്ങള്‍ തന്‍ പരിപൂര്‍ണ്ണ ബിന്ദുവില്‍ 
നിന്നുടല്‍ താളങ്ങളറിയിച്ചൊരാ മണികിലുക്കം. 
മിഴികളടച്ചു ഞാന്‍ കൊതിയോടെ കാത്തോരാ 
സുഖമുള്ള ഓര്‍മ്മകള്‍ തച്ചുടച്ചിന്നീ ഭൂമി. 

യാത്ര പറയുവാന്‍ പോലും കഴിയാതെ നീ 
പോയ്മറഞ്ഞിന്നെത്ര നാളുകള്‍ കഴിയുന്നു.  
ഈ മണ്ണിനുള്ളില്‍ എവിടെയോ നിന്നുടെ 
ഹൃദയം മിടിക്കുന്നതോര്‍ക്കുന്നു പിടയുന്നു. 

കൂട്ടുപോയ് തോഴനു വയ്യായ്മ വന്നപ്പോള്‍
പെട്ടുപോയ് രാവും കടന്നുപോകുമ്പോള്‍. 
ഒറ്റയ്ക്ക് നീ വീടിനുള്ളില്‍ കഴിഞ്ഞ ഭയാശങ്ക
രാവേറെ പങ്കുവച്ചതോര്‍ക്കുന്നു തകരുന്നു.   

എന്നെയീ മണ്ണില്‍ ഏകാന്തം ഉപേക്ഷിച്ച് 
പ്രളയമേ നീ എന്‍ ജീവനുമെടുത്തഹോ!.
ഇമ്മണ്ണില്‍ ഞാനിന്നേകനായ് എന്‍ പ്രിയേ
കഠിനം നിന്‍ വേര്‍പാട് നല്‍കുമീ വേദന.  
@ബിജു ജി നാഥ് വര്‍ക്കല

Wednesday, November 26, 2025

ചിത്രശലഭങ്ങള്‍

ചിത്രശലഭങ്ങള്‍ 

കൊക്കൂൺ പൊട്ടിച്ച് ശലഭങ്ങള്‍ പറക്കുന്ന താഴ്വര !
നിദ്ര തന്‍ ഏതോ യാമങ്ങളില്‍ 
കണ്ണുകള്‍ തുറക്കുമ്പോള്‍ കാണാമെനിക്കത് 
ചുറ്റും നൃത്തം വയ്ക്കുന്നത്.

നോക്കൂ, 
നിങ്ങള്‍ അവയെ കണ്ടിട്ടുണ്ടോ ?
ശലഭച്ചിറകുകളുടെ വര്‍ണ്ണങ്ങള്‍... 
പൂമ്പൊടി നുകരുന്ന കൗശലത. 
എത്ര മൃദുലമായണവ ദളങ്ങളില്‍ പാദമമര്‍ത്തുന്നത് !!
പൂവുപോലും കൊതിച്ചുപോകുന്ന സ്നിഗ്ദ്ധത.

തേന്‍ നുകരുമ്പോള്‍ പൂവറിയാതെ ചുരത്തുന്നു. 
അമ്മ കുഞ്ഞിനു പാലൂട്ടുന്നത് പോലെ.
ശലഭചിറകുകള്‍ വിറ കൊള്ളുമ്പോൾ '
പൂവ് പുഞ്ചിരിച്ചു തുടങ്ങുകയായി . 

പൂവും ശലഭവും തമ്മില്‍ എത്ര പെട്ടെന്നാണ് പ്രണയപ്പെടുന്നതെന്ന് നോക്കൂ!

ജീവിതത്തിന്റെ വസന്തങ്ങളില്‍ 
പൂക്കളും ശലഭങ്ങളും തമ്മിലൊരു ബന്ധമുണ്ട് . 
ക്ഷണനേരത്തേക്ക് മാത്രമായല്ലത്. 
വിറപൂണ്ട ശലഭച്ചിറകുകള്‍ വീശി,
ദളങ്ങളില്‍ പാദമമര്‍ത്തി,  
കൊതിതീരും വരെ മധു നുകര്‍ന്ന് 
ശലഭം യാത്രയാകുമ്പോള്‍ 
പൂക്കള്‍ കണ്ണുനീര്‍ പൊഴിക്കുന്നതെന്തിനാകും.?
@ബി.ജി.എന്‍ വര്‍ക്കല

Monday, October 6, 2025

ഭൂപടം വരയ്ക്കുന്ന കുഞ്ഞുങ്ങൾ

ഭൂപടം വരയ്ക്കുന്ന കുഞ്ഞുങ്ങള്‍ 

ഇരുളിലിരുന്നൊരു കുഞ്ഞ്, ഭൂപടം വരയ്ക്കുന്നു. 
ഭൂപടത്തിന്റെ അതിരുകളില്‍ ഒക്കെയും 
നിരാശയുടെ തൊങ്ങലുകള്‍ കൊണ്ടലങ്കരിക്കുന്നു. 
കുഞ്ഞിന്നറിയില്ലല്ലോ അത് പിറന്ന യോനിയെന്തെന്ന് ....

മിഴികളില്‍ കൗതുകം നിറച്ചാ കുഞ്ഞ് നോക്കുന്നു .
വിഭജിക്കപ്പെട്ട ലോകങ്ങളില്‍ ഒക്കെയും പല മനുഷ്യര്‍
തിന്നുകൊഴുത്ത ചിലര്‍ കൂടുതല്‍ കൊഴുപ്പിനായും, 
കൊന്നുകൊതി പൂണ്ട ചിലര്‍ വിനോദത്തിനായും ,

വേട്ടയാടാന്‍ വെറി പൂണ്ടവര്‍ ആയുധമെടുക്കുന്നു.
വേട്ടമൃഗങ്ങളെ കൂടുതുറന്നു വിട്ടവര്‍ പിന്നാലെ പായുന്നു.
ലക്ഷ്യം തെറ്റുന്ന ആയുധമുനകളില്‍ പിടയുന്ന ചോരയില്‍ 
കുഞ്ഞു മുഖങ്ങള്‍ മാത്രം കണ്ടു ലോകം പകയ്ക്കുന്നു . 

ചോര കൊണ്ട് ചരിത്രമെഴുതാന്‍ തയ്യാറെടുത്തവര്‍ക്ക് 
കുഞ്ഞുചോര കണ്ടാല്‍ അറയ്ക്കില്ലെന്ന് കുഞ്ഞിനറിയില്ലല്ലോ. 
വിത്തുകാളകള്‍ ഇരകളാക്കാന്‍ കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നതും, 
വെറിപിടിച്ച കണ്ണുകളുമായി തെരുവിലലയുന്നതും.

സ്വാതന്ത്ര്യം എന്നാല്‍ എന്തെന്ന് കുഞ്ഞ് തിരയുന്നു.
നൈജീരിയന്‍ കാടുകളില്‍ കുഞ്ഞു ജനനേന്ദ്രിയം തകരുന്നു.
സുഡാനിയന്‍ മരുഭൂമികളിലാ ആമാശയം ഉണങ്ങിവരളുന്നു. 
'നനവേ'മലകളില്‍ പിഞ്ചുടലുകള്‍ മണ്ണ് തിന്നുന്നു . 

കണ്ണുനീര്‍ പൊടിയാതിരിക്കാന്‍ പഠിച്ച കുഞ്ഞുങ്ങള്‍ക്ക് 
സ്വാതന്ത്ര്യം എന്ന വാക്കുച്ഛരിക്കാന്‍ അറിയില്ലല്ലോ.
അപ്പന്‍മാര്‍ കൊലക്കു കൊടുക്കുന്ന ഗാസാമുനമ്പുകളില്‍ 
കുട്ടികള്‍ പക്ഷേ സന്തുഷ്ടരാണ് രക്തസാക്ഷികളാണ് .

കുഞ്ഞുങ്ങള്‍ക്ക് മതമില്ലെന്ന് കുഞ്ഞുങ്ങള്‍ക്ക് മാത്രമറിയാം. 
ലോകം കുഞ്ഞുങ്ങളില്‍ വായിക്കപ്പെടുന്നതും മതം,
എഴുതപ്പെടുന്നതും അണിയിക്കപ്പെടുന്നതും മതം.
മരണം കൊണ്ടുപോലും അടയാളപ്പെടുന്നതും മതം!

കുഞ്ഞുങ്ങളെ വച്ച് വിലപേശുന്നവര്‍ക്ക് മഹത്വം.
കുഞ്ഞുങ്ങളെ കൊലക്കു കൊടുക്കുന്നവര്‍ക്ക് മഹത്വം.
കുഞ്ഞുങ്ങളെ കൊടുക്കുന്നവനും എടുക്കുന്നവനും മഹത്വം. 
ഭൂപടം വരയ്ക്കുന്ന കുഞ്ഞുങ്ങള്‍ മാത്രം  ഇരുളില്‍ ഉഴറുന്നു. 
@ബി.ജി.എന്‍ വര്‍ക്കല

* നനവേ : ഇറാക്കിലെ യസീദി ഗോത്രങ്ങൾ പാർക്കുന്ന ഇടം

Saturday, August 23, 2025

മഴപെയ്തു തോരുകയാണ്

 

മഴപെയ്തു തോരുകയാണ്

 

മഴ പെയ്തു തോരുകയാണ്

മനസ്സിന്റെ, മൃദുലമാം താഴ്വരയാകെ.

ഒരു കുട ചൂടി നാമൊരുമിച്ചീ

ഇടവഴി താണ്ടാന്‍ കൊതിച്ചിടുന്നു.

ഈ വഴിത്താരയിലാകേ

ഉരുളൻ കല്ലുകൾ മാത്രമേയുള്ളൂ.

മഴപെയ്തു തോരുകയാണ്

മനസ്സിന്റെ മൃദുലമാം താഴ്വരയാകെ.

 

കനവിൽ നാം കണ്ട ദിനങ്ങൾ

ഒരിക്കലും തളിരിടാചെടികളാണെന്നോ.  

തളം കെട്ടി നിൽക്കുമീ മഴവെള്ളമാകെ

പുളകങ്ങള്‍ പൂക്കുന്ന തിരകള്‍.

കളിവഞ്ചി ഒന്നതിലേറാം

തുഴഞ്ഞതില്‍ ആഴങ്ങള്‍ തേടിയകന്നിടാം.  

മഴപെയ്തു തോരുകയാണ്

മനസ്സിന്റെ മൃദുലമാം താഴ്വരയാകെ.

 

പ്രിയമോടെ നിന്നുടെ മടിയില്‍

കിടന്നു ഞാന്‍ മഴവില്ല് കാണുകയാണ്.

മാനം കറുത്തിരുണ്ടിട്ടും

മനസ്സിന്റെ മാനം തെളിഞ്ഞുനില്ക്കുന്നു.

പീലി വിടര്‍ത്തും മയിലിന്‍

നൃത്തതാളത്തില്‍ നാമലിയുകയാണ്.

മഴപെയ്തു തോരുകയാണ്

മനസ്സിന്റെ മൃദുലമാം താഴ്വരയാകെ.

 

കാത് തുളയ്ക്കുന്ന ശബ്ദം

നിദ്രയെ ഭ്രാന്തമായി തല്ലിക്കൊഴിക്കെ.

നീയില്ല

കുടയില്ല

കളിവഞ്ചിയുമില്ല

മഴവില്ലും

മയിലുമില്ലല്ലോ

അപ്പൊഴും

മഴപെയ്തു തോരുകയാണ്

മനസ്സിന്റെ മൃദുലമാം താഴ്വരയാകെ

@ബി.ജി.എന്‍ വര്‍ക്കല  

Sunday, August 17, 2025

അവിടെയും ഇവിടെയും

അവിടെയും ഇവിടെയും
.......................................

ഇവിടെ ഞാൻ ചൂടിൻ്റെ
മറുകര താണ്ടുമ്പോൾ
അവിടെ നീ മഴ നനയുന്നു.
ഇവിടെൻ്റെ താപം വിറങ്ങലിക്കുമ്പോൾ
അവിടെ നീ കുളിരു ചൂടുന്നു.
പ്രണയമേ...
ജീവിത പന്ഥാവിൽ നാമിത്ര
അകലയായ് പോയതെന്തിങ്ങനെ.
മരുഭൂമി തന്നിലെ ഉഷ്ണപ്രവാഹങ്ങൾ
മനസ്സിൽ വരൾച്ച പാകുമ്പോൾ
പ്രിയതേ നിന്നുടെ ചെറുചിരി പോലും
പേമാരിയാകുന്നുവെന്നിൽ.
ഹൃദയം നിറയെ നിന്നോർമ്മകൾ നല്കുന്ന
ഹരിതകമ്പളത്താൽ മൂടവേ
അറിയാതെ പാദങ്ങൾ മുന്നോട്ടായുന്ന പോൽ
അരികെ വന്നൊന്നു നിന്നീടുവാൻ.
ഈ ഉഷ്ണതാപത്തിൻ പൊള്ളുന്ന വിരലുകൾ
എന്നെത്തലോടുന്ന നേരം
ഓർമ്മയിൽ നിന്നുടെ തണുവിരൽത്തുമ്പിൻ
സ്പർശമറിയുന്നു കുളിരുന്നു.
വേനലാണിവിടെയീ തീരമൊന്നാകെയും
നീ മഴയിൽ നനയുന്ന നേരം.
മഴയെയും തണുവിനെയും നീ തെറിപറഞ്ഞീടുന്നു
ഞാനിവിടെയീ തീക്കാറ്റിനെ ചുംബിക്കവേ.
നമ്മളെന്നെത്ര കാലമാണിങ്ങനെ
രണ്ടായി പിളർന്നു ജീവിക്കുക.!
നമ്മളൊന്നായ് കാണാൻ കൊതിച്ചൊരു കനവ്
മരൂരുഹം പോലൊന്നാകുമ്പോൾ,
നീ മഴയെ പുണരുക.
ഞാനുഷ്ണം ചൂടിയുറങ്ങിടട്ടെ..
@ ബി.ജി.എൻ. വർക്കല

Monday, June 16, 2025

പ്രണയമുണ്ടെങ്കില്‍ പിന്നൊന്നുമില്ല

പ്രണയമുണ്ടെങ്കില്‍ പിന്നൊന്നുമില്ല 
--------------------------------------------
ഗഗന നീലിമ മിഴികളില്‍ എഴുതിയ 
പ്രിയ സഖീ നീ വരുമോ ?
പ്രിയ സഖീ നീ വരുമോ ?
അഴിഞ്ഞ വാര്‍മുടി ഒതുക്കിയകറ്റി നീ 
ഒരു മൃദുസ്മേരം തരുമോ 
ഒരു മൃദുസ്മേരം തരുമോ (ഗഗന നീലിമ )

ഇരുള് മായും മുന്നേ പ്രിയ നീ 
കടന്നുപോകുകയരുതേ.
കൊടിയ താപത്താല്‍ ഉഴറുമെന്‍ മനം 
കൊതിച്ചിടുന്നു നിന്നെ
മതിച്ചിടുന്നു നിന്നെ . (ഗഗന നീലിമ ) 

പകലുമുഴുവന്‍ അലയുന്ന ഞാനൊരു 
തണല് തേടും ജന്മം.
ഇരവില്‍ നീയെന്നും വിരുന്ന് വരുന്നൊരു
നിഴലു പോലെന്‍ മുന്നില്‍ 
കനവ് പോലെന്‍ മുന്നില്‍ . (ഗഗന നീലിമ)

പടഹ ധ്വനിയാണ് ഉലകിലെവിടെയും 
തരിയുമില്ലൊരു കനിവ് .
മതങ്ങള്‍ തമ്മിലും മദങ്ങള്‍ തമ്മിലും 
കലഹമാണീ പാരില്‍ 
കരയുകയാണീ ഭൂമി . (ഗഗന നീലിമ)

ജീവനെടുക്കാന്‍ മടിയില്ല മനുഷ്യര്‍ക്ക് 
അറിവ് കൂടിയ കാലത്തും! 
ഹയനകള്‍ പോലും ഭയന്നുപോകുന്ന 
ക്രൂരതയാണിന്നിവിടെ 
പ്രാകൃതരാണീ മനുഷ്യര്‍. (ഗഗന നീലിമ)

അരികില്‍ നീയുണ്ട് പകലു പോലെങ്കില്‍ 
അറിയുകില്ല ഞാനൊന്നും. 
വിരല്‍ പിടിച്ചെന്‍റെ കൂടെ നീ ചരിക്കുകില്‍ 
കാണുകില്ല ഞാനൊന്നും. 
നോക്കുകില്ല ഞാനൊന്നും. (ഗഗന നീലിമ )

പ്രണയമേ, നീയെത്ര കൌതുകമാര്‍ന്നൊരു 
പ്രേഹേളിക തീര്‍ക്കുന്നു മണ്ണില്‍. 
തകര്‍ന്നുപോകുമീ ഉലകിലെല്ലാമെങ്കിലും
രമിച്ചിടുന്നു നാം നിന്നില്‍. 
മരിച്ചിടുന്നൂ നാം നിന്നില്‍.  (ഗഗന നീലിമ) 
@ബി.ജി. എന്‍. വര്‍ക്കല

Sunday, June 1, 2025

ഇനി നമുക്ക് പ്രണയത്തെക്കുറിച്ചു പറയാം.

*ഇനി നമുക്ക് പ്രണയത്തെക്കുറിച്ചു പറയാം.*

നോക്കൂ മിഴിയിണപ്പൂക്കളെ നിങ്ങളീ-
ഇടവപ്പാതി തൻ നീർമണിച്ചോർച്ചയെ.
കേൾക്കൂ കാതുകൾ മെല്ലെ വിടർത്തിയീ
മണ്ണിൽ പതിക്കും ജലതാള മേളങ്ങൾ .

കാലം പലതു കടന്നു പോയെങ്കിലും
അണയാതെ ഉള്ളിൽ ജ്വലിക്കുമീ പ്രണയം.
അരുമയായിന്നൊരാൾ വിരൽ തൊട്ടുണർത്തുന്നു,
അറിയാതെ ഞാനും മിഴിയുയർത്തീടുന്നു.

വിടരും പൂക്കൾ തൻ സൗരഭമാലെ
ഭ്രമരങ്ങൾ ചുറ്റും പറന്നുയർന്നീടുമ്പോൾ,
വിരുന്നൂട്ടുവാനതിൽ ഒന്നിനെ മാത്രം
തിരഞ്ഞെടുക്കുന്നൊരു പൂവിനെപ്പോലെ.

പ്രണയാർദ്രമായ നിൻ മിഴികളെൻ നേർക്കായ്
അതിദ്രുതം ചിമ്മിത്തുറക്കുന്ന നേരം
ആരോ ഉപേക്ഷിച്ച മഞ്ചാടി മണികളെ
നിൻ വിരൽത്തുമ്പു തലോടുന്നുവല്ലോ.

വിടർന്ന നിൻ മാറിട മുകുളങ്ങൾ ത്രസിച്ചിട്ടെൻ
അധര പാനം കൊതിച്ചുണർന്നങ്ങു നിൽക്കേ
വരികെൻ്റെ ചാരത്തണയുക നീ പ്രിയേ
ഈ മേഘപായയിൽ പറന്നുയരാമിനി.

പ്രണയം മനോഹര നിറമാർന്ന ചിന്ത.
പ്രണയം അതിമധുരമാകുന്ന പാനീയം.
പ്രണയം അതിസാന്ദ്രമാകുന്ന സംഗീതം.
പ്രണയമില്ലാലോകം വിരസം വികൃതം.
*@ ബി.ജി.എൻ വർക്കല*

Friday, May 16, 2025

നിൻ്റെ അതിരുകൾ

നിൻ്റെ അതിരുകൾ.
................
നോക്കൂ 
എത്ര പെട്ടെന്നാണ് നീ 
നിൻറെ ആകാശത്തിന് അതിരുകൾ വരച്ചത്.
പക്ഷികൾക്കും മേഘങ്ങൾക്കും
കാറ്റിനു പോലും 
ഇനി അതിനപ്പുറം കടക്കുക വയ്യ തന്നെ.
നിൻറെ സ്വപ്നങ്ങളുടെ ലോകം.
അതിനെ, നീയൊരു ലക്ഷ്മണ രേഖ 
വരച്ചത് പോലെയാണ് .
ഒരുപക്ഷേ,
 നീ നിൻറെ ലോകം 
നിന്നിലേക്ക് ചുരുക്കുന്നത്  കൊണ്ടാകാം.
 എങ്കിലും,
 പാറിപ്പറന്നു നടക്കാൻ 
വാനോളം ഉയർന്ന്,
പ്രപഞ്ചത്തോളം പരന്ന്
ഉല്ലസിക്കാൻ 
നമ്മൾ ആഗ്രഹിച്ചിരുന്നതല്ലേ?
എന്നിട്ടൊടുവിൽ 
യാത്രയുടെ പാതി വെച്ച് നീ
എന്തിനിങ്ങനെ ഒരു ലക്ഷ്മണ രേഖ വരയ്ക്കുന്നു ?
നിനക്ക് ഞാൻ അന്യനായ് തുടങ്ങിയത് കൊണ്ടാണോ
അതോ,
 എന്നെ നിനക്ക് മടുത്തു തുടങ്ങിയതോ....
പ്രതീക്ഷകളുടെ എല്ലാ കോണുകളിലും 
ചേരാതെ പോകുന്ന ഒരു സമവാക്യമായി
 മാറിയതുകൊണ്ടാകണം..
എങ്കിലും,
നിന്റെ ലക്ഷ്മണരേഖ എനിക്ക് ഇഷ്ടമായി. 
സഞ്ചാരയോഗ്യമായ പാതകളിലെല്ലാം 
ഞാൻ എൻറെ യാത്രയെ
മുന്നോട്ടു മാത്രമേ നടത്തുന്നുള്ളൂ.
പിന്നോട്ട് നടക്കാൻ 
എനിക്കും കഴിയുന്നില്ലല്ലോ...
@ ബി.ജി.എൻ വർക്കല

Saturday, April 19, 2025

മനോഹരമായ ഒരു സ്വപ്നമായിരുന്നത്

 

മനോഹരമായ ഒരു സ്വപ്നമായിരുന്നത് .

  ************************************

രാത്രി തന്‍ ചാരുത മിഴികളില്‍ നിറയിച്ച്

ഇരുളെന്നെ ചൂഴ്ന്നു കവര്‍ന്നെടുത്തീടവേ,

മിഴികളില്‍ തൂങ്ങുന്ന നിദ്ര തന്‍ ഭാരത്താല്‍

മറുവഴിയില്ലാതെന്‍ തലയിണ ഞെരിയുന്നു.

 

ഇരുളിന്റെ ആഴത്തില്‍ ഞാനാണ്ടു പോകവേ

ഒരു പൂനിലാവെന്നെ തഴുകിത്തുടങ്ങുന്നു .

എവിടെനിന്നറിയില്ല സംഗീതം പൊഴിയുന്നു.

ഉടലാകെ പൂത്തൊരു വസന്തം വിടരുന്നു .

 

സ്വപ്നത്തില്‍ നിന്നോ ജാഗരത്തില്‍ നിന്നോ

ഒരു മിന്നല്‍ വെളിച്ചത്തില്‍ ഇരുളകന്നകലുന്നു.

എന്റെ ശയനഗൃഹ ജാലകവാതില്‍ കടന്നതാ

വരുന്നുണ്ടൊരു നിഴല്‍ ആരിവള്‍ മോഹിനി.!

 

തൂവെണ്‍മ തോല്‍ക്കുമാ ഉടയാട കാറ്റിന്റെ,

തഴുകലില്‍ ചുറ്റുമായ് പാറിക്കളിക്കുന്നു.

പരിമളം പൊഴിയുന്ന ഊദിന്റെ ഗന്ധത്തില്‍

മുറിയൊരു ഭ്രമലോക പ്രപഞ്ചമായ് തീരുന്നു .

 

മഴനീര്‍ത്തുള്ളികള്‍ വീഴുമ്പോള്‍ കൂമ്പുന്ന

ഇല പോലവളുടെ മിഴികള്‍ അടയുന്നു.

ഒരു മഞ്ഞുതുള്ളി സ്പര്‍ശനമേറ്റെന്ന പോലുണരുന്നു

മുന്തിരിച്ചോപ്പെഴും കുചകുംഭമകുടങ്ങള്‍ .

 

ഒരു നെടുവീര്‍പ്പിന്റെ ശീല്‍ക്കാര ധ്വനിയില്‍

ഉണര്‍ന്നെണീല്‍ക്കുന്നു നിശബ്ദത ചുറ്റിനും.

അറിയാതെ ശയ്യയില്‍ നിന്നുമുയരുന്നു ഞാന്‍

ലോഹത്തെ പുണരുവാന്‍ കാന്തമതെന്ന പോല്‍.

 

വെറും നിലത്തേക്കായ് ഉരുണ്ടു വീഴും നോവില്‍

ഉണര്‍ന്നെണീക്കുന്ന ഞാന്‍ വെളിച്ചം തെളിക്കുമ്പോള്‍.

അതികാലമായെന്ന കുക്കുടമൊഴിയാലെന്നിലെ 

അതിമോഹമെല്ലാം പറിച്ചെറിഞ്ഞല്ലോ ഹാ! കഷ്ടം.

 

@ബി.ജി.എന്‍ വര്‍ക്കല


Friday, April 11, 2025

എപ്പോഴുമെന്നത് പോലെ

എപ്പോഴുമെന്നത് പോലെ 
.............................................
കൂടെ നടക്കുന്ന വേളകളിലൊന്നിലും 
കൂട്ടേ, നീ പറഞ്ഞില്ല ഞാന്‍ ഭ്രാന്തനാണെന്ന്.
കൂട്ടായി നടക്കുമ്പോള്‍ തോന്നാത്തതൊന്നാണോ 
കൂട്ട് വെട്ടുമ്പോള്‍ ഭ്രാന്തായി തോന്നുക! 

കെട്ടിപ്പിടിച്ചിട്ടുണ്ടെത്രയോ വേളയില്‍. 
കെട്ടഴിച്ചിട്ടിട്ടുണ്ട് കഞ്ചുകം ലാസ്യമായ് 
കാട്ടാത്തതൊന്നുമില്ല കാണാത്തതുമെങ്കിലും 
പിരിയുമ്പോള്‍ മാത്രം ഞാന്‍ കാമഭ്രാന്തന്‍ . 

നിന്റെ വിരല്ത്തുമ്പിലൂടെത്രയോ വേളകള്‍ 
ഞാന്‍ രുചിച്ചിട്ടുണ്ട് നിന്‍ മധുവെങ്കിലും, 
നിന്റെ മടിത്തട്ടില്‍ കണ്ണടച്ചുറങ്ങുമ്പോള്‍ 
നീ തന്ന സ്തന്യത്തോളം മാധുര്യമെന്തു വേറെ!

എങ്കിലുമെപ്പോഴും എന്നുടെ ജീവനില്‍ 
ബാക്കി വയ്ക്കുന്നൊരു പേരത് മാത്രം നിത്യം. 
വൃത്തികേടിന്‍ രൂപം, ഭ്രാന്തനെന്നും പിന്നെ 
വട്ടനും വഷളനും മാല്യങ്ങള്‍ എന്തൊക്കെയോ.  

ഏറെപ്പറഞ്ഞു ഞാന്‍ കാടുകയറാനില്ല 
ഏറെപ്പറഞ്ഞു ഞാന്‍ ഉളുപൊള്ളാനുമില്ല .
എപ്പോഴുമെന്നപോല്‍ ഞാന്‍ മൗനിയാകുന്നു. 
എന്റെ വാത്മീകത്തില്‍ ധ്യാനത്തിലുറയുന്നു . 
@ബി.ജി.എന്‍ വര്‍ക്കല

Thursday, April 10, 2025

മനോരാജ്യം

മനോരാജ്യം 

എന്റെ മനോരാജ്യങ്ങളില്‍ പെട്ടവ.....
ചിലപ്പോഴൊക്കെ എനിക്കതിയായ സ്നേഹം വരും .
നിന്നെ കെട്ടിപ്പിടിക്കാനും 
കവിളില്‍ മുത്തം തരാനും തോന്നുന്നത്ര സ്നേഹം .
നിന്റെ മുടിയില്‍ പിടിച്ചു വലിക്കാനും 
മൂക്കിൻതുമ്പില്‍ നുള്ളാനും 
ഗോഷ്ടി കാട്ടി ശുണ്ഠി പിടിപ്പിക്കാനും 
തോന്നുന്നത്ര സ്നേഹം. 

ചിലപ്പോള്‍ എനിക്കു പ്രണയം വരും .
നിന്റെ മുടിയിഴകളെ തഴുകാനും 
നിന്റെ ചുണ്ടില്‍ ഉമ്മകള്‍ നല്കാനും 
തോന്നുന്നത്ര പ്രണയം. 
നിന്റെ മുലകള്‍ക്കിടയില്‍ മുഖം ഒളിപ്പിക്കാനും 
നിന്റെ വയറില്‍ കവിൾ ചേര്‍ത്തു കിടക്കാനും 
നിന്നെ ഇക്കിളിയിടാനും തോന്നുന്നത്ര പ്രണയം .

ചിലപ്പോള്‍ എനിക്കു സങ്കടം വരും .
നിന്റെ വിരലുകള്‍ എന്റെ മുടിയില്‍ ഓടിക്കാനും 
നിന്റെ ചുണ്ടുകള്‍ എന്റെ നെറ്റിയില്‍ പതിയാനും 
തോന്നുന്നത്ര സങ്കടം. 
നിന്റെ ഗാഢമായ ആലിംഗനത്തില്‍ അമരാനും 
നിന്റെ പാട്ടുകേള്‍ക്കാനും 
തോന്നുന്നത്ര സങ്കടം .

എന്റെ വികാരങ്ങളില്‍ അഗ്നിയായും 
ജലമായും 
വായുവായും 
എന്നെ പൊതിയുന്ന സുഗന്ധമായും 
നിന്നെയെന്നും ഞാന്‍ കനവ് കാണുന്നു .
@ബിജു .ജി.നാഥ് വർക്കല

Monday, April 7, 2025

നീ പറഞ്ഞതൊക്കെയും പ്രണയമായിരുന്നു.

നീ പറഞ്ഞതൊക്കെയും പ്രണയമായിരുന്നു .
കുസൃതിക്കണ്ണുകളിൽ ഒളിപ്പിച്ച തിളക്കത്തിൽ 
നുണക്കുഴിക്കവിളുകളിൽ പതിഞ്ഞ ചുവപ്പിൽ
നേർത്ത പുഞ്ചിരി വിരിഞ്ഞ അധരത്തിലുമുണ്ടത്.

നീ പറഞ്ഞതൊക്കെയും പ്രണയമായിരുന്നു.
മുടിയിഴ തഴുകി വന്ന ഈറൻ കാറ്റിലും 
ദ്രുതഗതിയിൽ പുറന്തള്ളപ്പെട്ട നിശ്വാസത്തിലും 
നിന്നെ മണത്ത വിയർപ്പിലുമത് ഉറഞ്ഞിരുന്നു.

നീ പറഞ്ഞതൊക്കെയും പ്രണയമായിരുന്നു.
പറയാതെ നീ പറഞ്ഞ വാക്കുകളിൽ
 ചിതറിത്തെറിക്കുന്ന ഒളികൺനോട്ടങ്ങളിൽ 
പറയാൻ കൊതിച്ച വാക്കുകളിൽ അതുണ്ടായിരുന്നു .

നീ പറഞ്ഞതൊക്കെയും പ്രണയമായിരുന്നു .
എഴുതാതെ പോയ വരികൾക്കിടയിലും
കൃഷ്ണമണിയിൽ പതിഞ്ഞ കരിനീലയിലും
ഉയർന്നു താഴ്ന്ന മാറിടങ്ങളിലും അത് കല്ലിച്ചു കിടന്നു.

ഓർമ്മകളുടെ പുഴയോരത്തിരുന്നിന്ന് 
ഇവിടെ ഒറ്റയ്ക്കീ നിലാവ് കാണുമ്പോൾ സത്യമായും,
വേദനിപ്പിക്കുന്ന അനുഭൂതി പോലെ തോന്നുന്നു.
അതേ, നീ പറഞ്ഞതൊക്കെയും പ്രണയമായിരുന്നു.
@ ബി.ജി.എൻ വർക്കല