അവശേഷിച്ച പ്രണയത്തിന്റെ അസ്ഥികള്‍
മഴപെയ്തു തോര്‍ന്നൊരാ മണ്ണിന്റെ മാറില്‍
ചാലുകള്‍ പോലെ വിഷാദത്തിന്‍ രേഖകള്‍
തണുവാര്‍ന്ന കാറ്റിന്‍ കരങ്ങളില്‍ മണക്കുന്നു
പ്രിയതേ, നിന്‍ കാച്ചെണ്ണ ഗന്ധമെന്‍ ചുറ്റിനും.
ഒരു ഗദ്ഗദം വന്നു കുരുങ്ങുന്നു തൊണ്ടയില്‍
പിടയുന്നു പുറംപാളി പൊട്ടിച്ചു ചിതറുവാന്‍.
മണ്ണില്‍ പുതഞ്ഞു കിടക്കുമീ പാദസരത്തിന്‍
മണികള്‍ നീ, ഓര്‍മ്മയായ് കൊണ്ടുപോയോ.
അന്നൊരു നിലാപെയ്യും രാത്രിയില്‍ നിന്നുടെ
കണങ്കാല്‍ മടിയില്‍ വച്ചണിയിച്ചതോര്‍ക്കുന്നു.
പിന്നീടൊരിക്കലും കേട്ടതില്ലോര്‍മ്മയില്‍ നിന്‍
മണികള്‍ കിലുങ്ങാത്ത രാവുകള്‍ പകലുകള്‍.
പ്രണയനിമിഷങ്ങള്‍ തന്‍ പരിപൂര്‍ണ്ണ ബിന്ദുവില്‍
നിന്നുടല്‍ താളങ്ങളറിയിച്ചൊരാ മണികിലുക്കം.
മിഴികളടച്ചു ഞാന്‍ കൊതിയോടെ കാത്തോരാ
സുഖമുള്ള ഓര്‍മ്മകള്‍ തച്ചുടച്ചിന്നീ ഭൂമി.
യാത്ര പറയുവാന്‍ പോലും കഴിയാതെ നീ
പോയ്മറഞ്ഞിന്നെത്ര നാളുകള്‍ കഴിയുന്നു.
ഈ മണ്ണിനുള്ളില്‍ എവിടെയോ നിന്നുടെ
ഹൃദയം മിടിക്കുന്നതോര്‍ക്കുന്നു പിടയുന്നു.
കൂട്ടുപോയ് തോഴനു വയ്യായ്മ വന്നപ്പോള്‍
പെട്ടുപോയ് രാവും കടന്നുപോകുമ്പോള്‍.
ഒറ്റയ്ക്ക് നീ വീടിനുള്ളില്‍ കഴിഞ്ഞ ഭയാശങ്ക
രാവേറെ പങ്കുവച്ചതോര്‍ക്കുന്നു തകരുന്നു.
എന്നെയീ മണ്ണില്‍ ഏകാന്തം ഉപേക്ഷിച്ച്
പ്രളയമേ നീ എന്‍ ജീവനുമെടുത്തഹോ!.
ഇമ്മണ്ണില്‍ ഞാനിന്നേകനായ് എന്‍ പ്രിയേ
കഠിനം നിന്‍ വേര്‍പാട് നല്‍കുമീ വേദന.
@ബിജു ജി നാഥ് വര്‍ക്കല
No comments:
Post a Comment