Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Friday, October 21, 2022

ഗള്‍ഫ് കുടിയേറ്റം; രണ്ടാം തലമുറയുടെ വീണ്ടു വിചാര

ഗള്‍ഫ് കുടിയേറ്റം; രണ്ടാം തലമുറയുടെ വീണ്ടു വിചാരം പ്രവാസം കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉള്ള പ്രവാസം ആരംഭിച്ചത് ദാരിദ്ര്യത്തിന്റെ ദയനീയ മുഖങ്ങളില്‍ നിന്നും അതിജീവനത്തിന്റെ പിടച്ചില്‍ സംഭവിച്ച കാലത്താണ് . അന്നത്തെ സാമ്പത്തിക , സാമൂഹിക സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് പ്രവാസം തുടങ്ങിയവര്‍ക്ക് മുന്നില്‍ കടമ്പകള്‍ ഒരുപാട് ഉണ്ടായിരുന്നു . നിലനില്‍പ്പിനു വേണ്ടിയുള്ള സമരത്തില്‍ വിജയത്തിന് സമീപം പോലും എത്താതെ മരിച്ചു വീണ ഒരു വലിയ വിഭാഗത്തിന്റെ ബാക്കി പത്രമാണ്‌ ഇന്നത്തെ പ്രവാസമുഖം. കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തെ തിരുത്തിക്കുറിച്ചു കൊണ്ട് പരിമിതങ്ങളിലും പരിമിതങ്ങളായ സാഹചര്യങ്ങളില്‍ , സൗകര്യങ്ങളുടെ ഒരു പര്യാപ്തതയും ഇല്ലായിരുന്ന അവസ്ഥകളില്‍ ഇരുന്നുകൊണ്ട് അന്നത്തെ തൊഴില്‍ അന്വേഷകര്‍ തങ്ങളുടെ ഭൂമിക പടുത്തുയര്‍ത്തുക ഉണ്ടായി. കടമ്പകള്‍ ആദ്യകാല പ്രവാസികള്‍ അനുഭവിച്ച പ്രധാന ബുദ്ധിമുട്ടുകള്‍ എന്തായിരുന്നു എന്നൊന്ന് പരിശോധിച്ച് നോക്കാം. ആദ്യവിഷയം യാത്രയുടെ ബുദ്ധിമുട്ട് തന്നെയായിരുന്നു. കടല്‍ കടന്നു അന്ന് മരുഭൂമിയില്‍ എത്താന്‍ ആശ്രയമായത് ഉരുക്കള്‍ ആയിരുന്നു. ദിവസങ്ങളോളം കടലില്‍ യാത്ര ചെയ്തു വരുന്നവരില്‍ എത്രപേര്‍ ആരോഗ്യത്തോടെ , ജീവനോടെ മറുകരയില്‍ എത്തിച്ചേരുന്നു എന്നത് ഒരു വലിയ കടമ്പ തന്നെയായിരുന്നു. ഇനി എത്തിച്ചേരുന്നവര്‍ക്കോ, ഒരു തൊഴില്‍ കണ്ടെത്തുന്നതും അവര്‍ക്ക് നിലനില്പ് ലഭിക്കുന്നതും താമസ സൗകര്യങ്ങള്‍ ലഭിക്കുന്നതും മറ്റൊരു വലിയ പ്രശ്നം. കേരളത്തിന്റെ മനോഹരമായ കാലാവസ്ഥയില്‍ നിന്നും, അതി ശൈത്യവും അത്യുഷ്ണവും നിറഞ്ഞ കാലാവസ്ഥയില്‍ , പൊടിക്കാറ്റില്‍ പ്രവാസത്തിന്റെ പുതിയ അധ്യായം രചിച്ചു തുടങ്ങുകയായിരുന്നു അവര്‍. വിശാലമായ മരുഭൂമികളും , പുരാതന കെട്ടിടങ്ങളും , കുടിവെള്ളം പോലും വില പിടിച്ചതുമായ ഒരു ലോകത്താണ് അവര്‍ തങ്ങളുടെ ജീവിതത്തെ കരുപ്പിടിപ്പിക്കാന്‍ തുടങ്ങിയത്. എണ്ണപ്പണം വാരാന്‍ അന്ന് വന്നവരില്‍ വിദ്യാഭ്യാസം ഉള്ളവരുടെ സംഖ്യ തുലോം വിരളമായിരുന്നു എന്ന് മാത്രമല്ല തൊഴില്‍പരിശീലനം ഉള്ളവരും തീരെക്കുറവായിരുന്നു. തൊഴില്‍ ചൂക്ഷണം എന്നത് വളരെ വലിയ തോതില്‍ ബാധിച്ച ഒരു സമൂഹമായി പ്രവാസികള്‍ ദുരിതമനുഭവിക്കേണ്ടി വന്നു ആ കാലത്ത്. ഇതൊക്കെ സഹിച്ചും അവര്‍ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിന് വേണ്ടി സ്വന്തം ജീവിതങ്ങളെ വിധിക്ക് വിട്ടുകൊടുത്തുകൊണ്ട്‌ അദ്ധ്വാനിക്കുകയും കുടുംബത്തെ കരകയറ്റാന്‍ ശ്രമിക്കുകയും തുടര്‍ന്നുകൊണ്ടേയിരുന്നു. ഗൃഹാതുരത ഒരേ കടലിനിരുപുറം പരസ്പരം സമ്പര്‍ക്കമില്ലാതെ കഴിഞ്ഞുകൂടിയവര്‍ ആയിരുന്നു അവര്‍. കത്തുകള്‍ എഴുതി അത് അയക്കാനും മറുപടിക്ക് വേണ്ടി കാത്തിരിക്കാനും പ്രവാസി കാണിച്ച ക്ഷമയോളം വരില്ല ഒരു സഹനവും. നാട്ടില്‍ നിന്നും പുതിയതായി വരുന്ന ഓരോ മനുഷ്യരും അവര്‍ക്ക് വിശിഷ്ട അതിഥികള്‍ ആയിരുന്നു. മരുഭൂമി മുഖം മാറി. മാറ്റിയതാണ് ശരി എന്ന് പറയാം. പ്രവാസത്തിന്റെ ആദ്യകാലക്കാരുടെ ചോരയും നീരും കണ്ണീരും വീണു മരുഭൂമി പച്ചപിടിച്ചു. സാഹിത്യപരമായും സാംസ്കാരികപരമായും നാടിന്റെ ഓര്‍മ്മകളും , നഷ്ടപ്പെട്ട സന്തോഷങ്ങളും കുറേശ്ശെയായി പ്രവാസികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ ആകുകയും വായനയും എഴുത്തും പോലുള്ള സര്‍ഗ്ഗാത്മകതയ്ക്ക് വളര്‍ച്ച നല്‍കുകയും ചെയ്തു തുടങ്ങി. രോഗങ്ങളും, ആരോഗ്യപ്രശ്നങ്ങളും മതിയായ പരിചരണങ്ങളും ലഭ്യമാകാതെയും, കുടുംബത്തിന്റെ ചിന്തയും,ജീവിതത്തില്‍ എങ്ങുമെത്താത്ത അവസ്ഥയുടെ വേദനയും നല്‍കിയ മാനസിക പ്രശ്നങ്ങളും സന്തത സഹചാരിയായിരുന്നു അവര്‍ക്ക്. മരണമടഞ്ഞാല്‍ പോലും മാസങ്ങളോളം മോര്‍ച്ചറിയില്‍ മരവിച്ചു കിടക്കുകയും ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടുക്കുകയും ചെയ്യുന്ന ഒരു സംഗതി ആയിരുന്നു പ്രവാസി. നവകലാ പ്രവാസം അഥവാ രണ്ടാം തലമുറയുടെ പ്രവാസം പ്രവാസത്തിലെ പുതുമുറക്കാര്‍ക്ക് അജ്ഞാതമായതോ, കഥകളിലും സിനിമകളിലും കൂടി അറിഞ്ഞിട്ടുള്ളതോ ആയ ഒന്നാണ് മുന്‍ഗാമികളുടെ അതിജീവനത്തിന്റെ നേരുകള്‍. അവര്‍ കടന്നു വന്നത് അംബരചുംബികള്‍ ആയ കെട്ടിടങ്ങളും സുഖ ശീതോക്ഷ്ണങ്ങളുടെ ഓഫീസ് സമുച്ചയങ്ങളിലേക്കും ആണ് . അവരില്‍ കൂടിയ വിഭാഗവും തങ്ങളുടെ മുന്‍ഗാമികള്‍ ഇവിടെ ഈ പച്ചപ്പുകള്‍ സൃഷ്ടിക്കാന്‍ ചോര നീരാക്കിയ പണത്തില്‍ വിദ്യാഭ്യാസത്തിന്റെ ഉന്നത ശ്രേണികള്‍ ചവിട്ടി വന്നവര്‍ ആയിരുന്നു . സുഖസൗകര്യങ്ങളുടെ നല്ല ചുറ്റുപാടുകളില്‍ അവര്‍ക്ക് ജീവിതം ആഘോഷം മാത്രമാകുന്നു. ജീവിക്കാന്‍ ഒരു ജോലി. ചിലവഴിക്കാന്‍ പണം. ഇതിനു വേണ്ടുന്ന വിദ്യാഭ്യാസം , കഴിവ് എന്നിവ അവര്‍ക്കുണ്ടായിരുന്നു. അവരുടെ മുന്നില്‍ അവസരങ്ങള്‍ തുറന്നു കിടന്നു. സഞ്ചരിക്കാന്‍ വാഹനം , വാഹന സൗകര്യം, താമസിക്കാന്‍ കുറ്റമില്ലാത്ത ക്യാമ്പുകള്‍ അല്ലെങ്കില്‍ ബാച്ചിലര്‍ അക്കോമഡേഷനുകള്‍, വിവരസാങ്കേതിക വിദ്യയുടെ അനന്തമായ സാധ്യതകള്‍ ഇവയൊക്കെയും അവര്‍ക്ക് സ്വന്തം. വളരെ ചെലവ് കുറഞ്ഞ വിമാനയാത്രകളും, കുടുംബത്തെ കൂടെക്കൊണ്ട് വന്നു താമസിപ്പിക്കാന്‍ ഉള്ള സൗകര്യങ്ങളും , വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയും ഒക്കെ പറിച്ചു നടലിന്റെ വ്യാപ്തിയും വേഗതയും വര്‍ദ്ധിപ്പിച്ചു. കൂട്ടായ്മകളും സാഹിത്യവും സാംസ്കാരികവുമായ ഒത്തുചേരലുകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആയ രക്ത ദാനം പോലുള്ള സേവനസംഘടനകളും ഒക്കെയായി പ്രവാസത്തില്‍ നാടിന്റെ സ്പന്ദനം കൊണ്ട് വരികയും, ദുഃഖം എന്ന സംഗതികള്‍ക്ക് അപ്പുറം സന്തോഷം സമാധാനം എന്നൊരു തലത്തിലേക്ക് ജീവിതത്തെ വഴിതിരിച്ചു വിടുകയം ചെയ്തവര്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന തൊഴിലാളികള്‍ പോലും പഴയ തൊഴിലാളികള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ അധികവും അനുഭവിക്കേണ്ടി വരുന്നവര്‍ അല്ല. താമസവും ഭക്ഷണവും യാത്രയും തൊഴില്‍ ഇടങ്ങളിലെ സുരക്ഷിതത്വവും അവന്റെ ആയുസ്സും ആരോഗ്യവും മെച്ചപ്പെടുത്തി നിര്‍ത്തുകയും നിയമങ്ങള്‍ അവനു വേണ്ടത്ര പരിരക്ഷ നല്‍കുകയും ചെയ്യുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു മാത്രം നാട് കാണാന്‍ വിധിക്കപ്പെട്ടവന്‍ എന്ന പേരുദോഷം ഇന്നില്ല. രണ്ടു വര്ഷം കഴിഞ്ഞാല്‍ നിര്‍ബന്ധമായും നാട്ടില്‍ പോകണം എന്ന നിയമവും തൊഴില്‍ കരാറുകള്‍ രണ്ടു വര്‍ഷമോ ഒരു വര്‍ഷമോ ആയി പരിമിതപ്പെടുത്തലും അവനു ഗുണകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. അവിദഗ്ധ തൊഴിലാളികളില്‍ നിന്നും വിദഗ്ധ തൊഴിലാളികള്‍ എന്നൊരു നിലയിലേക്ക് ഉയരുകയും കേരളത്തിന്റെ വരുമാനത്തില്‍ പത്തൊന്‍പത് ശതമാനത്തില്‍ അധികം വരവുകളും സംഭാവന ചെയ്യുന്ന ഒരു പൊതു ഘടകവും ആയി പ്രവാസം മാറുകയും അധികാര വര്‍ഗ്ഗം പ്രവാസിയുടെ ക്ഷേമം അറിയാനും സഹായിക്കാനും അവനെ തിരഞ്ഞു പ്രവാസത്തിലേക്ക് വരാനും കഴിയുന്ന തലം ആയി മാറി പ്രവാസം. നാടിന്റെ വിദ്യാഭ്യാസ , സാംസ്കാരിക , ആരോഗ്യ , മാനവിക തലങ്ങളില്‍ പ്രവാസിയുടെ അക്ഷയപാത്രം തുറന്നു വന്നത് പുതിയ കാല പ്രവാസത്തിന്റെ പ്രത്യേകതയാണ്. നാടിനേക്കാള്‍ നേരത്തെ നാടിന്റെ പ്രശ്നങ്ങള്‍ അറിഞ്ഞു പ്രതികരിക്കുകയും നാടിന്റെ സ്പന്ദനങ്ങള്‍ വളരെ വേഗം അറിഞ്ഞു പ്രതികരിക്കുകയും ചെയ്യുന്ന തലത്തില്‍ എത്തി നില്‍ക്കുന്ന പ്രവാസികളുടെ പുതിയ തലമുറ പ്രതീക്ഷകളുടെ കൂടിയാണ്. വര്‍ദ്ധിച്ചു വരുന്ന സ്വദേശിവത്കരണവും രാഷ്ട്രീയ സാമൂഹിക മാറ്റങ്ങളും പക്ഷെ പ്രവാസത്തിന്റെ മേല്‍ വീഴുന്ന കാര്‍മേഘം ആണെന്നത് വിസ്മരിക്കാന്‍ കഴിയില്ല. ബിജു.ജി.നാഥ് വര്‍ക്കല

Saturday, August 27, 2022

ഫ്രാന്കോ വിധിയുടെ വിലയിരുത്തല്‍

വിധിന്യായവും വിധികര്‍ത്താക്കളും സമൂഹത്തിന്റെ പരിച്ഛേദമാണ് . ജീവിതത്തെ മുന്നോട്ട് നയിക്കാന്‍ സാധ്യമല്ലാത്തവിധം ദുസ്സഹമാക്കുന്ന ഘട്ടങ്ങള്‍ ചിലര്‍ക്കെങ്കിലും ജീവിതത്തില്‍ അനുഭവിക്കേണ്ടിവരും . ഇവിടെ ഇരയെന്ന വാക്കില്‍ കൊരുത്ത് കോടതി ഇത്തരം ഒരു ദുസ്സഹമായ ജീവിതത്തെ സമൂഹത്തിലേക്കിട്ട് തരികയായിരുന്നു എന്നതാണു വാസ്തവം . ഇതാദ്യത്തേത് അല്ല . അവസാനത്തേതും . മതവും പുരുഷനും ഒരു വലിയ ശാക്തികഘടകമായി കുറഞ്ഞത് രണ്ടായിരത്തഞ്ഞൂറു കൊല്ലാമെങ്കിലും ആയിട്ടുണ്ടാകണം മനുഷ്യ സമൂഹത്തെ നിയന്ത്രിക്കാന്‍ തുടങ്ങിയിട്ടു . ഈ കാലഘട്ടത്തിന്റെ ആരംഭത്തോടെ മനുഷ്യരില്‍ വളരെ പ്രത്യക്ഷപരമായിത്തന്നെ രണ്ടു തരം മനുഷ്യരുണ്ടായി . ഒന്നു അധികാരത്തിന്റെ മൊത്തക്കച്ചവടക്കാരായ പുരുഷന്മാരും രണ്ട് സഹനത്തിന്റെ നിതാന്തതാഴ്വരയുടെ വാസകരായ സ്ത്രീകളും. മതവും ജാതിയും മറ്റ് എല്ലാ സാമൂഹിക ഘടകങ്ങളും സ്ത്രീയെ തന്റെ കാള്‍ക്കീഴില്‍ തന്നെ സൂക്ഷിക്കാന്‍ എപ്പോഴും ശ്രമിച്ചിരുന്നു . ഔപചാരികതയോടെ , ദയാവായ്പ്പോടെ അവള്‍ക്ക് നല്‍കിയെന്ന് (നല്കാന്‍ നീയാര് എന്ന ചോദ്യം ഉള്ളില്‍പ്പോലും കരുതാന്‍ അവര്‍ക്ക് കഴിയാതെ പോയതെന്താകും?) പുരുഷനും അവന്റെ മതവും അവന്റെ ദൈവവും വലിയ ഘോഷത്തോടെ പറഞ്ഞു വച്ചു. ദാനം കിട്ടിയ സ്വാതന്ത്ര്യം അവള്‍ ആഘോഷിച്ചത് കണ്ണീരിലും വിങ്ങിപ്പോട്ടലുകളിലും സന്തോഷം ഒട്ടിച്ചു വച്ച് ചിരിക്കാന്‍ പാദിച്ചുകൊണ്ടാണ് . അവളുടെ മക്കളില്‍ പെണ്ണായി പിറന്നവര്‍ക്കെല്ലാം അവള്‍ പകര്‍ന്നു കൊടുത്തത് നീ സഹിക്കേണ്ടവല്‍ ആണെന്ന വേദവാക്യം ത്തന്നെയാണ് . തത്വത്തില്‍ അവളുമാര്‍ സ്വയം അണിഞ്ഞ കൂലമഹിമയുടെ ചിഹ്നമായിരുന്നു പുരുഷന്റെ ഒന്നാം സ്ഥാനം സമ്മതിച്ചുകൊടുക്കലും അതിന്റെ ആഘോഷങ്ങള്‍ക്ക് വേണ്ടി ഇരകള്‍ ആകുക എന്നത് തന്റെ കടമയാണെന്ന ബോധവും . പതിനെട്ടാം നൂറ്റാണ്ടിന്റെ തിരുശേഷിപ്പുകള്‍ ആയ വിക്ടോറിയന്‍ നിയമങ്ങളെയും സനാതന ധര്‍മ്മത്തിന്റെ നിയമസംഹിതയായ മനുസ്മൃതിയും പകര്‍ന്നു നല്കിയ സാത്തായാണ് ഇന്ത്യന്‍ നീതിന്യായ വ്യേവസ്ഥ . അതിന്റെ എല്ലാ അവസ്ഥകളിലും അത് പരിരക്ഷ നല്‍കുന്നത് എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണെന്ന് പറയുമ്പോഴും , ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന ആപ്തവാക്യം ഉപയോഗിക്കുമ്പോഴും കണ്ണുകെട്ടിയ നീതിദേവതയുടെ ബിംബവത്കരണത്തിലൂടെയും പൊതു ജനത്തിന് നല്‍കുന്ന സന്ദേസന്ദേശം നിയമപരിരക്ഷയുടെ ശീതളതൈലമായിരിക്കുമ്പോഴും അബലരായ ജനങ്ങള്‍ക്കിന്നും ഒട്ടകം സൂചിക്കുഴയിലൂടെ സഞ്ചരിക്കുമ്പോലെ കദിനമാണ് നീതി ലഭിക്കുക എന്നത് . അതിനാലാണ് കോടതിയുടെ ഉള്ളില്‍ നടക്കുന്ന വാദ പ്രതിവാദങ്ങള്‍ ക്കൊന്നും വ്യെക്തവും ശക്തവുമായ തെളിവുകളില്ലാതെ ആയുസ്സില്ലാതെപോകുന്നത് . വാഡി പ്രതിയാകുന്നതും പ്രതി വാദിയാകുന്നതും ഇത്തരം തെളിവുകളുടെ സൃഷ്ടിയിലൂടെയാണ് . ആധുനിക ലോകത്ത് തെളിവുകള്‍ സൃഷ്ടിക്കുക എന്നതിന് വലിയ ബുദ്ധിമുട്ടുകള്‍ ഒന്നുംതന്നെയില്ലല്ലോ . മിടുക്കനായ ഒരു വക്കീലും കൈ നിറയെ പണവും അധികാരത്തിന്റെ സ്വാധീനവും ഉണ്ടെങ്കില്‍ ഏത് അപരാധിക്കും നിരപരാധിയും ഏത് നിരപരാധിക്കും അപരാധിയും ആയി മാറാന്‍ കഴിയും. മതത്തിന്റെ പരിരക്ഷ എന്നു പറയുന്നതു അധികാരത്തെക്കാള്‍ വലുതാണ് നമ്മുടെ സമൂഹത്തിനു . നൂറ്റാണ്ടുകള്‍ കൊണ്ട് ഉരുത്തിരിഞ്ഞുണ്ടായ ഒരു വിശ്വാസത്തെയും ആചാരങ്ങളെയും ഒരു നൊടിയിട കൊണ്ട് മാറ്റിയെടുക്കുക സാധ്യമല്ലല്ലോ . ശക്തമായ ഒരു വക്കീലിന്റെ കുറവും അബലതയുടെ ദയനീയതയും കൊണ്ട് മാത്രമാണു ഏറെ വിവാദമായ ബിഷപ്പ് ഫ്രാങ്കോ കേസ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് തോല്‍വിയടയേണ്ടി വന്നത് എന്നു സാമാന്യബുദ്ധിയുള്ള ആര്‍ക്കും ബോധ്യമാകുന്ന സംഗതിയാണ് . വിധിന്യായത്തില്‍ പകുതിയോളം ഭാഗത്തോളം വളരെ വ്യെക്തമായി വിധികര്‍ത്താവ് അക്കമിട്ടു നിരത്തുന്ന കാര്യകാരണങ്ങള്‍ ഇത് സാധൂകരിക്കുന്നു . പത്തു പോയിന്റുകള്‍ ആണ് തെളിയിക്കപ്പെടാനായി മുന്നില്‍ ഉണ്ടായിരുന്നത് . ആ പത്തുപോയിന്‍റുകള്‍ പക്ഷേ തെളിവുകളുടെ ബലമില്ലായ്മകൊണ്ടു മാത്രം തെളിയിക്കാന്‍ കഴിയാത്തതായി മാറി . പതിമൂന്നു വട്ടം ലൈങ്ഗികമായി ഉപയോഗിച്ചിട്ടും അത് തെളിയിക്കേണ്ട ബാധ്യത സ്ത്രീയുടേത് മാത്രമായിരുന്നു . അതിനു വേണ്ടിയിരുന്നത് തെളിവുകള്‍ ആയിരുന്നു . കവിളിലും വായിലും കൈയ്യിലും യോനിയിലും നിന്ന് ഇര തെളിവുകള്‍ സൂക്ഷിക്കണമായിരുന്നു എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും തെളിവിന് വേണ്ടി . പിതാവിന്നു തുല്യമെന്നോ , ദൈവത്തിന്റെ പ്രതിപുരുഷനെന്നോ വിവക്ഷിക്കാവുന്ന ഒരിടത്തിരിക്കുന്ന ഒരാളുടെ അടുത്തു നിന്നും ഒരു വിശ്വാസിക്കു ഏല്‍ക്കുന്ന മുറിവുകള്‍ക്ക് , തനിക്ക് സംഭവിക്കുന്ന അനീതികള്‍ക്കൊക്കെ ഇര സമയസമയം ആരോടെങ്കിലും ഒക്കെ വിവരിച്ചുകൊടുക്കുകയും അത് വ്യെക്തമായി അക്ഷരത്തെട്ടില്ലാതെ പില്‍ക്കാലത്തും പറയുകയും ചെയ്യേണ്ടിയിരിക്കുന്നു . പൊട്ടിപ്പോയ കന്യാചര്‍മ്മം , ബിഷപ്പിന്റെ വിരലുകൊണ്ടുള്ള പ്രയോഗത്താലാണോ , ലിംഗ പ്രയോഗത്താലാണോ സംഭവിച്ചതെന്ന് തെളിവ് സഹിതം സ്ഥാപിക്കപ്പെടേണ്ടത് ഇരയുടെ കടമയാണ് . യോനിക്കുള്ളില്‍ നിയമം മാസങ്ങള്‍ക്കൊ വര്‍ഷങ്ങള്‍ക്കൊ അപ്പുറം ബീജത്തിന്റെ അംശം കണ്ടെത്താന്‍ ശ്രമിക്കുന്നത് ആധുനിക സമൂഹത്തിനു അപമാനകരമായ ഒരു വസ്തുത ത്തന്നെയാണ് . പുരുഷബീജം തിരഞ്ഞു സ്ത്രീയുടെ യോനിയില്‍ കൈ കടത്തുന്ന നിയമം പുരുഷന്റെ ചര്‍മ്മം മുറിഞ്ഞോ , യോനി ശ്രവങ്ങള്‍ ഉണ്ടോ എന്നല്ല പരിശോധിയ്ക്കുക പകരം , ഇര ആരോപിക്കുന്ന വിധത്തില്‍ പെരുമാറാന്‍ തക്ക ലൈങ്ഗിക ആരോഗ്യം ഉണ്ടോ എന്നു മാത്രമാകും . ഇരയുടെ മേല്‍ തെറ്റായ ആരോപണങ്ങള്‍ കേസ് ബലക്കാന്‍ വേണ്ടിയാരെങ്കിലും ഉപോയ്ഗിച്ചിട്ടുണ്ട് എങ്കില്‍ വിശിഷ്യാ സദാചാര ഭ്രംശം സംഭവിച്ചു എന്നാന്നതെങ്കില്‍ പിന്നെ ഇരയുടെ പൊട്ടിയ കന്യാചര്‍മ്മത്തിന് കാരണം വേറെ തിറയേണ്ടതുണ്ടോ എന്നു നിയമം സംശയം ചോദിചെന്നിരിക്കും. കാരണം നിയമവും പറയുവാന്‍ ശ്രമിക്കുക ഇല ചെന്നു മുള്ളില്‍ വീണാലും മുള്ള് വന്നു ഇലയില്‍ വീണാലും കേടു ഇലക്ക് മാത്രമെന്നാണല്ലോ . പ്രതി എന്തു മെസ്സേജ് ആണ് ഇരയ്ക്ക് അയച്ചത് എന്നറിയാണ്‍ ഇര തന്റെ മൊബൈലും ലാപ്പൂമ് ഒക്കെ നാല്‍കേണ്ടി വരും ഇല്ലെങ്കില്‍ തെളിവുകള്‍ ദുര്‍ബ്ബലമാകും . പ്രതിയുടെ മൊബൈലില്‍ നിന്നും അത് ലഭിക്കുന്നതിന് ഈ പറയുന്ന സാങ്കേതിക വിദ്യകള്‍ ഒന്നും തന്നെ ഇന്നും ലഭ്യമല്ലല്ലോ . ഇര മനപൂര്‍വ്വം മാറ്റിവച്ച മൊബൈല്‍ അതോ ആക്രിക്കടയില്‍ വിറ്റേന്നു കരുത്തുന്ന മൊബൈല്‍ ഇല്ലാത്ത്ഥ് കൊണ്ട് ഇരയുടെ വാദം ബലപ്പെടുകയില്ല എന്നു പറയുന്നിടത്തും ആരോപണം ഉന്നയിക്കുന്ന പ്രതിയുടെ കൂട്ട് പ്രതിയായവളുടെ മൊബൈല്‍ ആര്‍ക്കോ നല്‍കിയെന്നത് വിഷയമാകുന്നില്ല . തെളിവുകള്‍ സമര്‍പ്പിക്കേണ്ടത് ഇരയാണ് . അതില്‍ ഇര പരാജയപ്പെട്ടാല്‍ വൈകാരികഥയ്ക്ക് കോടതിയില്‍ സ്ഥാനമില്ല എന്നത് അറിയണം . ഇര പാതി വസ്ത്രം ധരിച്ചു ബാക്കി കൈയ്യില്‍ പിടിച്ച് പുറത്തു പോയാലും , തുണി ഉടുക്കാതെ പോയാലും അത് ആരേലും ഒക്കെ കാണുകയോ വിളിച്ച് കാണിക്കുകയോ വേണം . സാക്ഷികള്‍ ആണല്ലോ പ്രദാനം . പുതിയ തലമുറയ്ക്ക് ഈ വിധി ഒരു നല്ല പഠനം ആകും എന്നു കരുത്തുന്നു . നിങ്ങള്‍ എപ്പോഴും ഒരു മൂന്നാം കണ്ണു ശരീരത്ത് ഘടിപ്പിക്കുക . ഒപ്പം ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകും എന്നത് മുങ്കൂട്ടി കണ്ടു നിങ്ങള്‍ തെളിവുകള്‍ സംഭരിച്ചു വയ്ക്കുക . സത്യത്തില്‍ സ്കൂള്‍ താളം മുതല്‍ കുട്ടികള്‍ക്ക് നിയമ ബോധവും ലൈങ്ഗിക വിദ്യാഭ്യാസവും നല്കേണ്ടതുണ്ട് . മതബോധം നല്കാന്‍ പ്രായപൂര്‍ത്തിയാകാണാം എന്നൊരു നിയമവും ഇരുപത്തിയൊന്ന് വയസ്സിന്റ്റെ നിയമനിര്‍മ്മാണത്തോടൊപ്പം നടത്താന്‍ അധികാരികള്‍ക്ക് ചങ്കൂറപ്പുണ്ടാകണം . അതല്ലായെങ്കില്‍ ഇരകള്‍ എത്ര വിദ്യാസംഭണരാണെന്ന അത്ഭുതം കൂരിയിട്ടും കാര്യമുണ്ടാകില്ല . ഉന്നത വിദ്യാഭ്യാസമുള്ള ഇരുയാപ്ത്തിയഞ്ച് വയസ്സേങ്കിലും പ്രായമുള്ള ഒരു സ്ത്രീക്ക് പോലും ലൈങ്ഗികതയെക്കുറിച്ച് ഒരു പുണാക്കും അറിയാന്‍ കഴിയുന്നുണ്ടാകില്ല . മാസം തോറും ആര്‍ത്തവം സംഭവിക്കുന്നുണ്ടെങ്കിലും അതെന്താണ് എന്നറിയാണ്‍ വയ്യാത്ത , തങ്ങളുടെ ആ ഭാഗത്ത് മൂത്രം ഒഴിക്കാനുള്ളതല്ലാതെ മറ്റൊരു ദ്വാരം കൂടെയുണ്ടെന്ന് അറിയാത്ത സ്ത്രീകളോട് ആണ് നാം പ്രായവും പക്വതയുടെയും കഥകള്‍ പറയുക . ജീവിതം മനോഹരമാണ് . അതിനെ ജീവിച്ച് തീര്‍ക്കാന്‍ കഴിയണം ഒരു വ്യെക്തിയുടെ എല്ലാ സ്വാതന്ത്ര്യത്തോടും . ആരുടേയും ഔദാര്യമാകരുതു സ്വാതന്ത്ര്യം . ആരുടേയും അടിമയല്ല അപരനെന്ന ബോധം ഉണ്ടാകണം . സമത്വമുള്ള ഒരു സമൂഹവും സമഭാവനയുടെ മനസ്സും ആവശ്യമാണ് . മതമല്ല , ദൈവമോ ദൈവ നിയമങ്ങളോ അല്ല മനുഷ്യന്റെ ജീവിതത്തിന്റെ സഞ്ചാര പാത നിര്‍ണ്ണയിക്കേണ്ടത് . അതിനു വേണ്ടത് മനുഷ്യനെന്ന ജീവിക്കും ഈ ഭൂമിയില്‍ ജീവിക്കാന്‍ ഉള്ള അവകാശത്തെ പകുത്തെടുക്കുന്ന ചിന്തകള്‍ ഇല്ലാതാകുക എന്നതാണ്. പ്രകൃതിയിലെ മറ്റ് മൃഗങ്ങള്‍ക്കൊന്നും ഇല്ലാത്ത സവിശേഷ ഗുണമായ ചിന്തിക്കാനുള്ള തലച്ചോറ് എല്ലാവര്ക്കും ഒരുപോലെയാണ് മനുഷ്യജീവിയിലുള്ളത് . അതിനെ സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും വിടുക . ജീവിതം സന്തോഷപൂര്‍ണ്ണമാകട്ടെ . ബിജു ജി. നാഥ്

Tuesday, November 9, 2021

കോവിഡീയന്‍ കുട്ടികള്‍

കോവിഡീയന്‍ കുട്ടികള്‍

വളരെ പെട്ടെന്നാണ് ലോകം മാറിയത് !.  നൂറ്റാണ്ടുകളില്‍ സംഭവിക്കുന്ന ഒരു ദുരന്തമായി കണക്കാക്കാന്‍ കഴിയുന്ന ഒന്നായി കോവിഡിനെ വിലയിരുത്തുന്ന ഈ കാലത്ത് , കോവിഡ് ഒരു സാധാരണ സംഭവം പോലെ ലളിതമായി കൈകാര്യം ചെയ്യാന്‍ പറ്റുന്ന വിധത്തില്‍ ജനതയുടെ ചിന്തയും ശാസ്ത്രവും അറിവും വളര്‍ന്നിരിക്കുന്നതിനാല്‍ മാത്രം അഞ്ചു കോടി മരണം ഇതെഴുതുന്ന സമയത്ത് സംഭവിച്ചു കഴിഞ്ഞിട്ടും കോവിഡ് ഒരു വലിയ ആഘാതമായി ജനത്തിന് ഇനിയും അനുഭവപ്പെടുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല. അത്തരം ആഗോള വിഷയങ്ങളിലേക്ക് പോകുവാന്‍ വിസ്താരഭയം മൂലം ശ്രമിക്കുന്നുമില്ല എങ്കിലും ഞാന്‍ ഇവിടെ പറയാന്‍ ശ്രമിക്കുന്നത് കോവിഡ് കാലത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ചാണ് . 

കേട്ടു കേള്‍വികളില്‍ മാത്രമുണ്ടായിരുന്ന ഒന്നായിരുന്നു നമുക്കൊക്കെ ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍. മാറുന്ന കാലത്ത് വിദൂര പഠനം ഒരു വലിയ കാര്യമായേ തോന്നുന്നില്ല എന്നിരിക്കിലും അവയൊക്കെ മുതിര്‍ന്നവരില്‍ മാത്രമാണു ഒതുങ്ങി നിന്നിരുന്നത് . ഇന്ദിരാ ഗാന്ധി ഓപ്പണ്‍ സ്ട്രീം അടക്കം ഒരുപാട് വിദൂര പഠനസംവിധാനങ്ങള്‍ ഉണ്ട് എങ്കില്‍പ്പോലും സ്കൂള്‍ കോളേജ് വിദ്യാഭ്യാസങ്ങള്‍ നേരിട്ടു ഗുരുമുഖത്തില്‍ നിന്നും ലഭിച്ചിരുന്ന കാലവും അതിന്റെ ഗുണങ്ങളും ഉള്ളിന്റെ ഉള്ളില്‍ ഉറഞ്ഞു പോയ ഒരു വിശ്വാസമായി നില്‍ക്കുന്നതിനാല്‍ ആകണം ഓണ്‍ ലൈന്‍ ക്ലാസ്സുകളിലേക്ക് കുട്ടികളെ തള്ളിവിടപ്പെട്ടപ്പോള്‍ അതിനെ ആശങ്കയോടെ നോക്കിക്കാണാനും വിലയിരുത്താനും ശ്രമിച്ചത് . തീര്‍ച്ചയായും ഓണ്‍ ലൈന്‍ പഠനം മൂലം കുട്ടികള്‍ക്ക് ഉണ്ടായ ഗുണങ്ങളെക്കുറിച്ചാണ് ആദ്യമായി പറയാന്‍ നോക്കുന്നത് . അന്നുവരെ ഭൂരിഭാഗം കുട്ടികള്‍ക്കും നിഷിദ്ധമായിരുന്ന മൊബൈല്‍ , ടാബ് , ലാപ് ടോപ് , കമ്പ്യൂട്ടര്‍ , ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ സ്വാതന്ത്ര്യത്തോടെ അവരുടെ കൈകളിലേക്ക് വന്നെത്തി എന്നതാണു അവരില്‍ ആദ്യം ലഭ്യമായ സ്വാതന്ത്ര്യം . ഏതൊരു കാര്യത്തിനും ഗുണങ്ങളും ദോഷങ്ങളും ഉണ്ട് . ഈ സംവിധാനങ്ങള്‍ ലഭ്യമായതോടെ കുട്ടികള്‍ക്കുണ്ടായ ഗുണങ്ങള്‍ എന്താണെന്ന് ആദ്യം നോക്കാം . ഗുരുക്കന്മാരെ നേരില്‍ കണ്ടു ക്ലാസ് ശ്രവിക്കാനും നോട്ടുകള്‍ തയ്യാറാക്കി അയച്ചു കൊടുക്കാനും സ്വീകരിക്കാനും . പ്രൊജക്ടുകള്‍ ചെയ്യാനും, പരീക്ഷ എഴുതാനും അതോടൊപ്പം തങ്ങളുടെ കലാപരമായ പ്രവര്‍ത്തനങ്ങളെ പ്രകടിപ്പിക്കാനും ഉള്ള അവസരങ്ങള്‍ കരഗതമായി . അതുപോലെ ലോകത്തെ വിശേഷങ്ങളും വിവരങ്ങളും അറിയാനും തങ്ങളുടെ കഴിവുകളെ ലോകത്തിന് പരിചയപ്പെടുത്താനും അവസരങ്ങള്‍ ഇന്‍റര്‍നെറ്റ് സൗകര്യത്തിലൂടെ യൂടൂബ്, ടിക് ടോക് , ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സംവിധാനങ്ങളിലൂടെ സാധിച്ചു . എന്നാല്‍ ഇവയ്ക്കപ്പുറം ചിലത് കൂടി സംഭവിച്ചു ഇതിനിടയില്‍ . വാട്സപ് , ഫേസ്ബുക്ക് , ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം യൂടൂബ് തുടങ്ങിയ മുതിര്‍ന്നവര്‍ ഉപയോഗിയ്ക്കുന്ന എല്ലാ സോഷ്യല്‍ മീഡിയപ്ലാറ്റ്ഫോമുകളിലും  കുട്ടികള്‍ക്ക് കടന്നു കയറാനും അതുവഴി ഗ്രൂപ്പുകളും , പുതിയ ബന്ധങ്ങളും , അറിവുകളും നേടാന്‍ കൂടി ഇത് അവര്‍ക്ക് സാധ്യത തുറന്നു കൊടുത്തു . ആദ്യമായി കോളേജില്‍ പോയിത്തുടങ്ങുന്ന കൗമാരക്കാര്‍ നൂണ്‍ ഷോകളിലേക്കും , മദ്യപാനം , പുകവലി ,ലൈംഗിക തൊഴിലാളികളുടെ സേവന കേന്ദ്രങ്ങളിലേക്കും നുഴഞ്ഞു കയറുന്നതിന് സമാനമായ ഒരു ലഹരി ലോകം കുട്ടികളില്‍ അതും കൊച്ചു കുട്ടികളില്‍ വരെ സൃഷ്ടിക്കാന്‍ കൂടി ഈ സാധ്യതാ ലോകം സഹായിച്ചു എന്നതാണു വാസ്തവം. ഗ്രൂപ്പുകളില്‍ കയറി ഇരിക്കാന്‍ കുട്ടികള്‍ താത്പര്യം പ്രകടിപ്പിച്ചു തുടങ്ങിയത് മാത്രമല്ല അവരെ ഉദ്ദേശിച്ചു മാത്രം പുതിയ ആപ്പുകള്‍ ഉണ്ടായി എന്നതാണു പ്രകടമായ ഒരു പ്രശ്നം . തങ്ങള്‍ ഇരിക്കുന്ന സ്ഥലമോ , നോക്കുന്ന സൈറ്റുകളോ , കാണുന്ന സംഗതികളോ രഹസ്യമായി വയ്ക്കാന്‍ ഉതകുന്ന ആപ്പുകള്‍ അവര്‍ക്ക് ലഭ്യമായി . മുതിര്‍ന്നവര്‍ക്ക് അറിയാത്ത എല്ലാ രഹസ്യാത്മക സംവിധാനങ്ങളും കുട്ടികള്‍ക്ക് അറിയാവുന്ന അവസ്ഥയായി. അവര്‍ അത് മനോഹരമായി ഉപയോഗിക്കുകയും ചെയ്തു തുടങ്ങി. കൂട്ടുകാരുടെ ഇടയില്‍ പല പ്രായക്കാരും പല ചിന്തക്കാരും ഉണ്ടായി . മുതിര്‍ന്നവര്‍ നിയന്ത്രിക്കുന്ന ചില ഘടകങ്ങള്‍ ഉണ്ടായി ഇത്തരം ഗ്രൂപ്പുകളില്‍ . അതിനു ഉദാഹരണം ആണ് ഓണ്‍ ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്ന കുട്ടികളുടെയും ടീച്ചറിന്റെയും ഫോട്ടോയും നമ്പറും ഒക്കെ ഓണ്‍ ലൈനില്‍ തന്നെ വില്‍പ്പന നടത്തിയ കുട്ടികളുടെ വാർത്തകള്‍ എന്ന് നാം കണ്ടതാണല്ലോ . പലപ്പോഴും കുട്ടികള്‍ ഉപയോഗിയ്ക്കുന്ന മൊബൈലുകള്‍ അവരുടെ രക്ഷകര്‍ത്താക്കളുടെയോ സഹോദരങ്ങളുടെയോ അടുത്ത ബന്ധുക്കളുടെയോ മറ്റുമാകുന്നു. ഇവര്‍ പലപ്പോഴും കുട്ടികളുടെ ഓണ്‍ ലൈന്‍ ക്ലാസ്സുകളില്‍ നുഴഞ്ഞു കയറുകയും അനാവശ്യവും അവസരോചിതമല്ലാത്തതുമായ കമന്റുകളും ഇടപെടലുകളും നടത്തുന്നതും ഇതിനെതിരെ സ്കൂള്‍ അധികൃതര്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പരാതി ബോധിപ്പിക്കുന്നതും നാം കണ്ടതാണ് . ഇതോടൊപ്പം തന്നെ കാണേണ്ട കാര്യമാണ് ഗെയിമുകള്‍ . ചില ഗെയിമുകളില്‍ ഏര്‍പ്പെട്ട കുട്ടികള്‍ മാനസികവിഷമതകളില്‍ പ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുകയുണ്ടായി .

ചിലര്‍ വീട്ടുകാരുടെ പണം അവര്‍ പോലുമറിയാതെ ഗെയിമുകളില്‍ ഉപയോഗിച്ച് വീട്ടുകാരെ വിഷമത്തിലാക്കുകയുണ്ടായി . കൊച്ചു കുട്ടികളുടെ ഇന്‍ബോക്സുകളിലേക്ക് അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ചു കൊടുക്കുകയും അവരെ മോശം ചിന്താഗതികളിലേക്ക് നയിക്കുകയും ചെയ്ത സംഭവങ്ങള്‍ ഒരുപാട് ഉണ്ടായി . പുറത്തായ വിവരങ്ങളില്‍ ഒരധ്യാപകനെയും നമ്മള്‍ കണ്ടു . അറിയപ്പെടാത്ത ഒരുപാട് വിഷയങ്ങള്‍ അവ്യക്തമായി തുടരുകയും ചെയ്യുന്നു . ഏറ്റവും മോശമായ ഒരു വിഷയം എന്താണ് എന്നു നോക്കിയാല്‍ കുട്ടികള്‍ മൊബൈലിനു അഡിക്റ്റ് ആയി മാറുന്ന കാഴ്ച ആയിരുന്നു . ഉറങ്ങാന്‍ പോകുമ്പോള്‍ പോലും അവരുടെ കൈകളില്‍ മൊബൈല്‍ സൂക്ഷിയ്ക്കുന്ന വിധത്തില്‍ അത് വളര്‍ന്ന് . ഇടയ്ക്കിടക്ക് മൊബൈല്‍ തുറന്നു നോക്കി മെസ്സെജുകള്‍ ഉണ്ടോ ഇല്ലയോ എന്നു നോക്കുന്ന അവസ്ഥയിലേക്ക് കുട്ടികള്‍ വീണു പോകുന്നത് കാണാനായി . മൊബൈല്‍ ഉപയോഗം കുറച്ചപ്പോഴോ , നിയന്ത്രിക്കുകയോ നിഷേധിക്കുകയോ ചെയ്തപ്പോഴോ ആത്മഹത്യകള്‍ സംഭവിക്കുന്നത് കാണാന്‍ കഴിഞ്ഞു . ഒറ്റയ്ക്കാകുന്ന അവസരങ്ങളിലൊക്കെയും അല്ലാത്തപ്പോഴും ഓൺലൈനുകളിൽ കുട്ടികൾ രഹസ്യാത്മകത സൂക്ഷിക്കാനും പ്രകടിപ്പിക്കാനും ശ്രമിക്കുന്നത് കാണാനായി.

ഇത്തരം അവസ്ഥകളില്‍ വീണു പോകുന്ന തരത്തില്‍ ഓണ്‍ ലൈന്‍ സ്വാധീനം കുട്ടികളില്‍ വളര്‍ന്ന് കഴിഞ്ഞപ്പോഴാണ് ആശ്വാസമെന്ന പോലെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത് . ഇത് രക്ഷകര്‍ത്താക്കളെ സംബന്ധിച്ചു ഒരു നല്ല സംഗതിയാണ് . കാരണം കുട്ടികളിലെ മൊബൈല്‍ സ്വാധീനം ഇല്ലാതാക്കാന്‍ ഇത് ഉപകരിക്കും എന്നവര്‍ ആശ്വസിക്കുന്നു . ഇതാ അവിടെയാണ് മറ്റൊരു പ്രശ്നം കടന്നു വരുന്നത് . കുട്ടികള്‍ക്ക് കുറഞ്ഞ കാലം കൊണ്ട് കിട്ടിയ ഈ സൗകര്യങ്ങള്‍ അവര്‍ക്ക് ഉപേക്ഷിക്കാന്‍ കഴിയാത്ത വിധത്തില്‍ അവരില്‍ സ്വാധീനപ്പെട്ടിരിക്കുന്നു . മൊബൈല്‍ വാങ്ങിവയ്ക്കുകയോ , നിഷേധിക്കുകയോ , പരിമിതപ്പെടുത്തുകയോ ചെയ്യുമ്പോള്‍ അവരില്‍ അത് മാനസികമായ ആഘാതങ്ങള്‍ സൃഷ്ടിക്കുന്നു . അവരില്‍ മറ്റേതൊരു അഡിക്ഷന്‍ വിഷയങ്ങളിലും  സംഭവിക്കുന്നത് പോലെയുള്ള പ്രത്യാഘാതങ്ങള്‍ ഇത് ഉണ്ടാക്കുന്നു . ഇത് മനസ്സിലാക്കി രക്ഷകര്‍ത്താക്കളും സ്കൂള്‍ അധികൃതരും മാനസിക ആരോഗ്യ പ്രവര്‍ത്തകരും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത് . തീര്‍ച്ചയായും സ്കൂളുകളില്‍ ക്ലാസുകള്‍ക്കൊപ്പം കൗണ്‍സലിംഗ് കൂടി അവശ്യമുള്‍പ്പെടുത്തി കുട്ടികളെ ഈ വിഷയത്തില്‍ ബോധവത്കരിക്കുന്നില്ല എങ്കില്‍ നമുക്ക് പുതിയ പല വാര്‍ത്തകളും വിഷയങ്ങളും സമീപകാലത്ത് ചർച്ച ചെയ്യപ്പെടേണ്ടി വരും എന്നതില്‍ സംശയമേതുമില്ല. ഫാമിലി ലിങ്ക് പോലുള്ള ആപ്പുകള്‍ ഉപയോഗിച്ച് ഓണ്‍ ലൈന്‍ ക്ലാസ്സ് സമയം മുതലേ കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന ഒരാള്‍ എന്ന നിലയില്‍ ഇപ്പോള്‍ അനുഭവിക്കുന്ന് പ്രശ്നം അതിന്റെ സമയങ്ങള്‍ കുറച്ചു കൊണ്ട് വരുന്ന ആദ്യ ശ്രമത്തില്‍ തന്നെ കഠിനമായ എതിര്‍പ്പുകളും പ്രതിഷേധ പ്രവർത്തികളും കുട്ടികള്‍ പ്രകടിപ്പിച്ചു തുടങ്ങുന്നു എന്നുതന്നെയാണ് . നിരന്തരമായ കൗണ്‍സലിംഗുകള്‍ നടത്തുന്നുണ്ട് എങ്കിലും വിജയം എത്രകണ്ടു ഉണ്ടാകും എന്നറിയില്ല. ഒറ്റയടിക്ക് നിര്‍ത്തുക എന്നത് പ്രശ്നം തന്നെയാണ് . പടിപടിയായി സമയം വെട്ടിക്കുറച്ചും , പഠനസമയത്തെയും ഉല്ലാസ സമയങ്ങളെയും ഉറക്ക സമയത്തെയും ക്രമീകരിച്ചു അതിനിടയില്‍ ഒരു കുഞ്ഞ് സമയം ഇതിന് വേണ്ടി നല്‍കിക്കൊണ്ട് ക്രമമായി അവരില്‍ നിന്നും അത് തിരികെ വാങ്ങുക ആണ് ആശ്വാസവഹമായ ഒരു പ്രവര്‍ത്തി എന്നു കരുതുന്നു.

മുതിര്‍ന്നവര്‍ ഉപയോഗിച്ചിരുന്ന സംഗതികള്‍ എന്തെന്ന് അവര്‍ അനുഭവിച്ചറിഞ്ഞവര്‍ ആണ് . അവര്‍ക്കത് രസാവഹവും ഒഴിവാക്കാന്‍ കഴിയാത്തതുമായി ഉള്ളില്‍ പരുവപ്പെടുകയും ചെയ്യുമ്പോള്‍ ആണ് അതിനെ നിയന്ത്രിക്കാന്‍ ശ്രമം വരുന്നത് . അതിനു നാം ഒരുങ്ങുമ്പോൾ അവര്‍ക്ക് നാം നല്കേണ്ട കാഴ്ച നമ്മളും അത് ഉപയോഗം കുറച്ചു കാണിക്കുന്നത് തന്നെയാകും . കുട്ടികളെ പഠിപ്പിക്കുന്ന സമയത്ത് രക്ഷകര്‍ത്താക്കള്‍ മിക്കവാറും ചെയ്യുക അവരെ പഠിക്കാന്‍ വിട്ടിട്ടു മൊബൈലില്‍  മുഴുകുക എന്നതാണു . അവര്‍ക്കതില്‍ ഈര്‍ഷ്യയും പഠനത്തിലെ ശ്രദ്ധ വിട്ടുപോകാനും സാധ്യത ഉണ്ട് . കഴിക്കുമ്പോള്‍ , ഉറങ്ങാന്‍ പോകുമ്പോള്‍ ഒക്കെ രക്ഷകര്‍ത്താക്കള്‍ തങ്ങളുടെ മൊബൈല്‍ ഉപയോഗം അവര്‍ക്ക് മുന്നില്‍ കുറച്ചു കാണിക്കുന്നത് വളരെ നന്നായിരിക്കും എന്നു കരുതുന്നു . അതുപോലെ കുട്ടികള്‍ക്ക് സംഗീതം കേള്‍ക്കാന്‍ വേണ്ടി ആകും മിക്കവാറും അവര്‍ മൊബൈല്‍ ഉപയോഗിക്കാന്‍ ചോദിക്കുക . അങ്ങനെ വരുമ്പോള്‍ നെറ്റ് ഓഫ് ചെയ്തു അവര്‍ക്ക് അത് നല്കാം സോഷ്യല്‍ മീഡിയകള്‍ ഉപയോഗം ചെയ്യാന്‍ അനുവദിക്കാതെ തന്നെ . അതല്ലെങ്കില്‍ മീഡിയ പ്ലേയറുകള്‍ വാങ്ങിക്കൊടുത്താല്‍ അവര്‍ മൊബൈല്‍ ഉപേക്ഷിക്കാന്‍ തയ്യാറാകും . പക്ഷേ അധിക നേരം ഹെഡ് ഫോണുകള്‍ ഉപയോഗിക്കുന്നത് ചെവിയില്‍ ഫംഗസ് ബാധയും കേള്‍വിക്ക് പ്രശനവും ഉണ്ടാക്കും എന്നതുകൂടി നാം മനസ്സിലാക്കുക തന്നെ വേണം. കണ്ണുകള്‍ക്ക് വരള്‍ച്ച , കാഴ്ചയ്ക്ക് പ്രശ്നം , ഉറക്കക്കുറവ് , നട്ടെല്ലിന് പ്രശ്നം തുടങ്ങിയ പലവിധ പ്രശ്നങ്ങള്‍ മൊബൈലിൻ്റെ നിരന്തര ഉപയോഗം കുട്ടികള്‍ക്ക് നല്കും . അവര്‍ വളര്‍ന്ന് തുടങ്ങിയിട്ടേയുള്ളു അവര്‍ വളഞ്ഞു പോകാതിരിക്കട്ടെ . കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിക്കുക . അതാകട്ടെ ഹാളിലോ മറ്റുള്ളവരുടെ കണ്‍വെട്ടത്തോ ആയിരിക്കാന്‍ ശ്രദ്ധിയ്ക്കുക . ഗെയിമുകളും ഓണ്‍ ലൈന്‍ സൈറ്റുകളും എടുക്കാന്‍ അവര്‍ ഉപയോഗിയ്ക്കുന്ന ഇ മെയില്‍ വിലാസം അവരുടെ പേരില്‍ തന്നെ തുടങ്ങുക അവരുടെ ശരിയായ പ്രായം കൊടുത്തുകൊണ്ടു . അത് മൂലം അഡള്‍ട്ട് റേറ്റിംഗ് സംവിധാനം കൊണ്ട് കുറേയൊക്കെ അവരുടെ അന്വേഷണങ്ങള്‍ ആരോഗ്യകരമായി നില്ക്കും . നിയന്ത്രണങ്ങള്‍ നല്‍കുന്നതിനൊപ്പം തന്നെ അവര്‍ക്ക് ലൈംഗിക വിദ്യാഭ്യാസവും ബോധവത്കരണവും സോഷ്യല്‍ മീഡിയകളും ഇന്‍റര്‍നെറ്റും അതിന്റെ ഗുണദോഷങ്ങളും പറഞ്ഞു ബോധ്യപ്പെടുത്തുക. ഇവയൊക്കെ കൊണ്ട് മാത്രമേ കുട്ടികളെ സ്വതന്ത്രമായി പരിമിതമായെങ്കിലും ഇവയൊക്കെ പോസിറ്റീവ് ആയി ഉപയോഗിക്കാന്‍ പ്രാപ്തമാക്കുകയുള്ളൂ. മാറുന്ന കാലത്തിനൊപ്പം അവരും ബുദ്ധിപരവും ആരോഗ്യപരവുമായി മാറട്ടെ . അത് നന്മ വരുത്തുക തന്നെ ചെയ്യും . 
(ഈ ലേഖനത്തില്‍ കുട്ടികള്‍ എന്നും രക്ഷകര്‍ത്താക്കൾ എന്നും രണ്ടു കാര്യങ്ങള്‍ ഉപയോഗിച്ചത് പൊതുവത്കരണം ആയി എടുത്തു പ്രഹസനം സൃഷ്ടിക്കരുത് എന്നപേക്ഷിക്കുന്നു . മുഴുവന്‍ കുട്ടികളും രക്ഷകര്‍ത്താക്കളും സമൂഹവും ഇങ്ങനെയാണ് എന്നല്ല ഇങ്ങനെയും ഇവിടെ സംഭവിക്കുന്നുണ്ട് എന്നു മാത്രമുള്ള ഓരോര്‍മ്മപ്പെടുത്തല്‍ മാത്രമാണു ഇതിലുള്ളത് . ആ രീതിയില്‍ ഇത് വായിക്കണം എന്നു അപേക്ഷിക്കുന്നു.)
ബിജു .ജി . നാഥ്

Saturday, February 20, 2021

നാസ്തികതയും ആസ്തികതയും സ്വതന്ത്ര ചിന്തയും

നാസ്തികതയും ആസ്തികതയും               

         മനുഷ്യ ജീവിതത്തില്‍ ദൈവം എന്നൊരു തമാശക്കഥാപാത്രം ഒരു വിശ്വാസമായി ഉരുത്തിരിഞ്ഞുവന്ന കാലത്തുതന്നെ അതിനെ നിരാകരിക്കുന്ന ഒരുവിഭാഗവും ഇവിടെ ഉണ്ടായിരുന്നു. ദൈവവിശ്വാസത്തോളം പഴക്കമുള്ള ഒരു തര്‍ക്കമാണ് ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളതും. ഇക്കാരണത്താല്‍ത്തന്നെ ഹിന്ദുപുരാണങ്ങളും വിശ്വാസസംഹിതകളും രണ്ടുവിഭാഗം ആള്‍ക്കാരെ ദൈവവിശ്വാസത്തിന്റെ ഭാഗമായി തരംതിരിക്കുകയുണ്ടായി. അവരാണ് ദൈവം ഉണ്ട് എന്നു വിശ്വസിക്കുന്നവരും ദൈവമില്ല എന്നു വിശ്വസിക്കുന്നവരും . ഉണ്ട് എന്നു പറയുന്നവരുടെ കടമയാണ് അത് ഉണ്ട് എന്നു തെളിയിക്കുക എന്നുള്ളത് . അതിനവര്‍ക്ക് കഴിയാതെ പോകുന്നതുകൊണ്ടു മാത്രമാണു, അതില്‍ നിന്നുള്ള പരാജയത്തിന്റെ പ്രതിപ്രവര്‍ത്തനം മാത്രമാണു  ഇല്ല എന്ന്‍ വാദത്തിനോടും വാദക്കാരോടുമുള്ള പകയും പ്രതികാരവും തിരസ്കാരവും . യാദൃച്ഛികവശാല്‍ ഉണ്ട് എന്ന്‍ വാദിക്കുന്നവര്‍ കൂടുതലും ഇല്ല എന്നു വാദിക്കുന്നവര്‍ കുറവുമാണ് എണ്ണത്തില്‍ എന്നത് മൂലം ശക്തിയുള്ളവന്‍ ദുര്‍ബ്ബലനെ ആക്രമിക്കുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യും എന്ന പ്രകൃതിനിയമം സംഭവിച്ചുകൊണ്ടിരിക്കുന്നു. ആശയപരമായി കീഴടക്കാന്‍ കഴിയാത്തിടത്ത് മുഷ്ക്ക് ഉപയോഗിക്കുക എന്നത് മതത്തിന്റെ ഒരു പ്രധാന അടവാണല്ലോ.               എന്താണ് ആസ്തികത എന്ന വാക്കിന്റെ അര്‍ത്ഥം എന്നു നോക്കാം. സംസ്കൃതത്തില്‍ അതിനെ ‘അസ്തി’ അതായത് ഉണ്ട്, നിലനില്‍ക്കുന്നു എന്നാണ് വിവക്ഷ. ഈ ഉണ്ട് എന്നത് ഒരാള്‍ , ഒരു ആത്മാവു , ഒരു ബ്രാഹ്മണന്‍ അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും ഒന്നു ഉണ്ട് നിലനില്‍ക്കുന്നു എന്നു വിശ്വസിക്കുന്നതിനെയാണ് . അത് മൂന്നു വിധത്തില്‍ ഉണ്ട്.
 1.    വേദങ്ങളുടെ ആധികാരികതയില്‍ വിശ്വാസം പ്രകടിപ്പിക്കുക 
2.    ആത്മാവു , പരലോകം , പുനര്‍ജന്‍മം ഉണ്ട് എന്നു വിശ്വസിക്കുക
 3.    ദൈവം ഉണ്ട് എന്നു വിശ്വസിക്കുക

      ഈ മൂന്നു കാര്യങ്ങളും ഇല്ല എന്നു വിശ്വസിക്കുന്നവരെ നാസ്തികര്‍ എന്നു വിവക്ഷിക്കുന്നു . ശ്രദ്ധിക്കേണ്ട ഒരു കാര്യം , വേദങ്ങള്‍ ഇല്ല എന്നു നാസ്തികര്‍ അഭിപ്രായപ്പെടുന്നുമില്ല. മറിച്ച് അവയില്‍ പറയുന്നതു കളവ് ആണ് അല്ലെങ്കില്‍ അത് പരിഷ്കൃത സമൂഹത്തിനു എതിരാണ് എന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. പുരാതന ഭാരതത്തില്‍ ചാര്‍വാകന്‍മാര്‍ , ബുദ്ധമതക്കാര്‍ , ജൈനമതക്കാര്‍ എന്നിവരെയൊക്കെ നാസ്തികര്‍ ആയി കണക്കാക്കിയിരുന്നു എന്നു പറഞ്ഞു കേള്‍ക്കാം. എന്നാല്‍ ഇതിലും തെറ്റുകള്‍ ഉണ്ട് . പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നവര്‍ ആണ് ബുദ്ധമതാനുയായികള്‍. അതുപോലെ മോക്ഷവും. ജൈനമതവും മോക്ഷത്തില്‍ വിശ്വസിക്കുന്നു . ചര്‍വാകന്‍മാര്‍ പൊതുവേ എല്ലാത്തിനെയും എതിര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന വിഭാഗമായി കണക്കാക്കുന്നു.

യുക്തിവാദം , നാസ്തികത പിന്നെ സ്വതന്ത്രചിന്ത

             നാസ്തികര്‍ എന്നാല്‍ യുക്തിവാദികള്‍ ആണെന്ന ചിന്ത യുക്തിവാദവും നാസ്തികതയും പരസ്പരം കൈമാറപ്പെടുന്ന ഒരു പൊതു വിഷയത്തില്‍ അടിസ്ഥാനമാക്കി പറയപ്പെടുന്ന ഒന്നാണ് . ദൈവം ഇല്ല എന്നതും പരലോകം, ആത്മാവു എന്നിവയില്ല  എന്നു പറയുന്നതും ആണത് . യുക്തിവാദം പ്രധാനമായും ദൈവം ഇല്ല എന്ന വിഷയത്തില്‍ മാത്രം ഊന്നിയുള്ള ചിന്തയും പ്രവര്‍ത്തനവും ആണ് .നാസ്തികത എന്നത് മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ എല്ലാമുള്ള അസ്തിത്വം ചോദ്യം ചെയ്യലും . എന്നാല്‍ നവനാസ്തികത എന്നത് സ്വതന്ത്രചിന്തകര്‍ എന്ന പുതിയ രൂപവും ഭാവവും കൈവരുന്ന ഒരു ലോകമാണ്.. എന്താണ് സ്വതന്ത്രചിന്ത എന്നു മനസ്സിലാക്കിയാല്‍ എന്തുകൊണ്ടാണ് യുക്തിവാദത്തെക്കാള്‍ , നാസ്തികതയേക്കാള്‍ മത വിശ്വാസികള്‍ക്ക് സ്വതന്ത്ര ചിന്തകര്‍ കണ്ണിലെ കരടാകുന്നത് എന്നത് വ്യെക്തമാകും. സ്വതന്ത്രചിന്ത എന്നതുകൊണ്ടു സമൂഹം പൊതുവേ ഉദ്ദേശിക്കുന്നത്  ഭൂരിഭാഗം മതവിശ്വാസികളും കരുതുന്നതും ആക്ഷേപിക്കുന്നതുമായ സ്വതന്ത്രരതിയല്ല  എന്നത് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു . സ്വതന്ത്രചിന്തകരായി നടിക്കുന്നവരും, വെറും കാമപൂരണത്തിനായി ആഗ്രഹിക്കുന്നവരും പ്രവര്‍ത്തിക്കുന്ന ഒരു സംഗതിയാണ് സ്വതന്ത്ര ചിന്തകര്‍ എന്നു ഭാവിക്കുകയും ആ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കുപ്പെടുന്ന, വരുന്ന സ്ത്രീകളെയോ പുരുഷന്മാരെയോ മാറി മാറി യുക്തംപോലെ  ശാരീരിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുകയും ഒഴിവാക്കുകയും ചെയ്യുക എന്നത് . പരസ്പരവിശ്വസം, സമ്മതം എന്നീ ഒഴിവുകഴിവുകളിലൂടെ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെടുന്ന ഇവര്‍ വിശ്വാസികള്‍ ആയിരുന്നെങ്കില്‍ ഒരു പക്ഷേ പീഡനം എന്ന കുരുക്കില്‍ വീണു നിയമ നടപടികളില്‍ കുരുങ്ങുമായിരുന്നു എന്നതില്‍ സംശയമില്ല. സ്വതന്ത്ര ചിന്ത എന്നാല്‍ പ്രധാനമായും മുന്നോട്ടു വയ്ക്കുന്ന ചിന്ത എന്നത് ലിംഗസമത്വവും  തുല്യമായ സാമൂഹ്യനീതിയുമാണ്. മതത്തിന്റെ നിലനില്‍പ്പ് തന്നെ പരുങ്ങലിലാകുന്ന വലിയ ഒരു പ്രശനം ആണിത്. ദൈവം ഇല്ല എന്നു പറയുന്നവരോടു മല്ലിട്ടു നിന്നുകൊണ്ടു മതഗ്രന്ഥങ്ങളും മറ്റായുധങ്ങളും  ഉപയോഗിച്ച് പ്രതിരോധം തീര്‍ക്കാം എന്നു കരുതുമെങ്കിലും, ലിംഗസമത്വം എന്ന മാനവികതയില്‍ ഊന്നിയുള്ള പൊതുസാമൂഹ്യനീതിയെന്നതു മതത്തിന് ഭ്രാന്ത് പിടിക്കുന്ന സംഗതികള്‍ ആണല്ലോ. യുക്തിവാദം, ദൈവം ഇല്ല എന്നു പറയുമ്പോള്‍ നാസ്തികര്‍ പരലോകം ഇല്ല , ആത്മാവില്ല, ദൈവം ഇല്ല എന്നു പറയുന്നതു പോലെയല്ല സ്ത്രീക്കും പുരുഷനും ട്രാന്‍സ് ജെണ്ടറിനും തുല്യത വേണം എന്ന വാദം. അത് പുരുഷ മേല്‍ക്കോയ്മയുള്ള ലോകത്തിന് ഒരിയ്ക്കലും അനുവദിക്കാന്‍ കഴിയാത്ത  ഒരു സംഗതിയാണ് . ചക്കരപുരട്ടി നവമതങ്ങളും പുരാതനമതങ്ങളും നല്‍കുന്ന സമത്വം എന്ന കാഴ്ചപ്പാടിനെ സ്വതന്ത്ര ചിന്തകര്‍ അക്കമിട്ടു പ്രതിരോധിക്കുമ്പോള്‍ മതം നിരായുധരായി നില്‍ക്കുന്ന അവസ്ഥ ആണ്  സംഭവിക്കുന്നത്.  മാത്രവുമല്ല സ്വതന്ത്ര ചിന്തയില്‍ ആര്‍ത്തവം, സദാചാരം, ലൈംഗികത തുടങ്ങി മനുഷ്യ സംബന്ധമായ എല്ലാ കാര്യങ്ങളിലും ഉള്ള ഉച്ചനീചത്വങ്ങളെ അഡ്രസ് ചെയ്യപ്പെടുകയും അതിനെയൊക്കേ എതിര്‍ക്കുകയും ചെയ്യുന്നു ലിംഗസമത്വം പോലെതന്നെ വര്‍ഗ്ഗസമത്വവും സ്വതന്ത്ര ചിന്ത കൈകാര്യം ചെയ്യുന്നുണ്ട് . ജാതീയത, ഗോത്രീയത, രാഷ്ട്രീയത, ദേശീയത തുടങ്ങി മനുഷ്യ ജീവിയുടെ സമസ്ത വ്യവഹാരവിഷയങ്ങളിലും സ്വതന്ത്രചിന്ത ഇടപെടുന്നുണ്ട്. ഫെമിനിസം പോലുള്ള വേറിട്ട കാഴ്ചപ്പാടില്‍ നിന്നും മാറി ഹ്യൂമനിസം എന്നൊരു കാഴ്ചപ്പാടില്‍ നിന്നുകൊണ്ടു മനുഷ്യനെ കാണാന്‍ സ്വതന്ത്രചിന്ത ശ്രമിക്കുന്നുണ്ട് . തീര്‍ച്ചയായും ഇത്തരം കാഴ്ചപ്പാടുകള്‍/ചിന്തകള്‍ സാധാരണ വിശ്വാസസമൂഹത്തിനു വളരെ അരോചകം സൃഷ്ടിക്കുന്ന ഒന്നായതിനാല്‍ അതിനെ അതിന്റേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് പൊതുജനസമക്ഷം അവതരിപ്പിച്ചു അപകീര്‍ത്തിപ്പെടുത്തുന്നതില്‍ ആണ് ഇന്ന് കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നന്ത്  എന്നു കാണാം. 

പിതൃത്താരോഹണം      

          സ്വതന്ത്ര ചിന്തകര്‍ക്കോ യുക്തിവാദികകള്‍ക്കോ നാസ്തികര്‍ക്കോ അങ്ങനെ പ്രത്യേകിച്ചു ഒരുതലതൊട്ടപ്പനോ ആരാധനമൂര്‍ത്തിയോ ഇല്ല എന്നിരിക്കിലും മതവാദികള്‍ തരാതരം പോലെ ആരുടെയെങ്കിലും പിതൃത്വം അവരില്‍ അടിച്ചേല്‍പ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നത്  കാണാം. റെന ദേകാര്‍ത്ത , ബാറൂച്ച് സ്പിനോസ , ലേയ്ബനീസ് , ഡാര്‍വിന്‍ , ചാള്‍സ് ഡിക്കന്‍സ്  തുടങ്ങി പലരെയും അവര്‍ ഇത്തരത്തില്‍ പിതാമഹാന്മാരായി അവതരിപ്പിച്ചുകൊണ്ടു അവരിലുള്ള പോരായ്മകളെ പൊതു പോരായ്മയായി കൊണ്ടാടന്‍ ശ്രമിക്കുന്ന കേവലത സ്ഥിരമായ ഒരു കാഴ്ചയാണല്ലോ . ഐന്‍സ്റ്റീന്‍ , ന്യൂട്ടന്‍  തുടങ്ങി മതബോധത്തിന്റെ കറുത്ത കാലത്തെ പല പ്രമുഖരുടെയും പല അവസരത്തിലുള്ള നിലനില്‍പ്പിന്റെ ഞാണിന്‍മേല്‍ക്കളികളെ സൂചിപ്പിച്ചുകൊണ്ടു  അവര്‍ യുക്തിവാദത്തിന് മേല്‍ അപചയത്തിന്റെ തെളിവുകള്‍ കാട്ടാറുണ്ട് . ലോകമുള്ള കാലം വരെയും മാറ്റമില്ലാതെ തുടരുന്നതെന്നു  ചില പൊള്ളയായ വിശ്വാസവസ്തുതകളെ മുന്‍ നിര്‍ത്തി അതേ മാപിനികൊണ്ട് അളക്കുന്നതിലുള്ള പോരായ്മയാണിത് എന്നു സ്വതന്ത്ര ചിന്തകര്‍ ഇതിനെ വിലയിരുത്തുന്നു .
  
ശാസ്ത്രവും മതവും

              മതവും ശാസ്ത്രവും തമ്മില്‍ പ്രത്യക്ഷത്തില്‍ ഒരു ബന്ധവും ഇല്ലയെങ്കിലും പൊതുവായ ഒരു അസ്ഥിത്വത്തിന് വേണ്ടി, നിലനില്‍പ്പിന്റെ ശാസ്ത്രമായി മതത്തെ ശാസ്ത്രീയവത്കരിക്കുന്നതില്‍ ആണ് ആധുനിക മതബോധക്കാര്‍, പണ്ഡിതര്‍ ശ്രമിക്കുന്നത്. പശു ശാസ്ത്രത്തിനെക്കുറിച്ചുള്ള ഗവേഷണവും പഠനമത്സരവും ഓര്‍ഗനൈസു ചെയ്ത ഇന്നത്തെ(20-02-2021) പത്രവാര്‍ത്ത അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് . ഇതേപോലെ തന്നെയാണ് ആരോഗ്യരംഗത്തെ കാര്യങ്ങളിലും ഭൌമവിഷയങ്ങളിലും പ്രപഞ്ചവിഷയങ്ങളിലും അനിയന്‍ ചേട്ടന്‍മാരായ എല്ലാ മതങ്ങളും അവകാശവാദങ്ങള്‍ ഉന്നയിക്കുകയും അപക്വമായ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത്. സമീപകാലത്ത് അതിനു ഏറ്റവും അവസാന ഉദാഹരണമായി കാണിക്കാന്‍ കഴിയുക എം എം അക്ബറും ഇ എ ജബ്ബാറും തമ്മില്‍ നടന്ന സംവാദം തന്നെയാണ് . ഇസ്ലാം മതത്തിലെ, ഈ വിഷയത്തിലുള്ള  ഹൈഡ് ആന്ഡ് സീക് കളി വളരെ രസാവഹമാണ് . ഒരു മത പണ്ഡിതനോടു ഖുറാന്‍ ശാസ്ത്രീയ പുസ്തകമാണോ എന്നു ചോദിച്ചാല്‍ അല്ല എന്നാകും ആദ്യ ഉത്തരം. അത് ദൈവം ലോകത്തിലെ എല്ലാവര്‍ക്കുമായി അവസാനമായി ഇറക്കിയ ഗ്രന്ഥമാണ് എന്നുമതൊരു സമ്പൂര്‍ണ്ണ ജീവിതരീതിയുടെ ദിശകാട്ടിയാണ് എന്നുമവര്‍ അവകാശപ്പെടും തൊട്ടടുത്ത നിമിഷത്തില്‍ അവര്‍ അതില്‍ നിന്നും സമുദ്രശാസ്ത്രം, പ്രപഞ്ച ശാസ്ത്രം , ഭ്രൂണശാസ്ത്രം തുടങ്ങി എല്ലാ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെയും പിതൃത്വം ആ പുസ്തകത്തിന് കല്‍പ്പിച്ചു നല്കുകയും ചെയ്യും. ഭാരതീയ പുരാണങ്ങളും വേദങ്ങളും ഉപനിഷത്തുകളും എടുത്തുദ്ധരിച്ചുകൊണ്ടു ഹൈന്ദവവിശ്വാസികളും ഇതേ കുഴലൂത്തുകള്‍ നടത്തുന്നുണ്ട്  . ഒട്ടും പിന്നിലല്ലാതെ എന്നാല്‍ അല്പവകതിരിവോടെ ക്രിസ്തുമതവും ഏതാണ്ട് ഇതേ സംഗതികള്‍ തന്നെ സ്ഥാപിക്കുന്നുണ്ട്. മതത്തിന് ഇല്ലാത്ത ശാസ്ത്രീയത മതം ഉണ്ട് എന്നു സ്വയം അവകാശപ്പെടുകയും അതില്ല എന്നു ചൂണ്ടിക്കാണിക്കുന്നവരെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നതിന് പൊതുവേ പറയുന്ന പേരാണ് ഇന്ന് സഹിഷ്ണുത എന്ന വാക്ക്. അക്കാര്യത്തില്‍ സര്‍വ്വമതങ്ങള്‍ക്കും ഒറ്റ അഭിപ്രായമാണ് .ഒരേ സ്വരമാണ്.  .ചുംബന സമരത്തില്‍ അത് കേരളം നേരില്‍ കണ്ടതുമാണല്ലോ. മതനിഷേധികള്‍ ആയ ബ്രൂണോയെ ചുട്ടുകൊന്ന, ഗലീലിയോയെ വിടാതെ പിന്തുടര്‍ന്ന മതം എന്നു ക്രിസ്തുമതത്തിനെ ആക്ഷേപിക്കുമ്പോള്‍, ആ പാപഭാരം കുറേയൊക്കെ അവര്‍ മാപ്പ് പറഞ്ഞു തീര്‍ക്കുന്നുണ്ട് . എന്നാല്‍ ചേകണ്ണൂരിനെയും ജേക്കബ് എന്ന  അധ്യാപകനെയും   ഫൈസലിനെയും ഒന്നും കാണാനോ അവരെക്കുറിച്ച്  സഹതപിക്കാനോ മാപ്പ് പറയാനോ നാളെ മതത്തിന് കഴിയുമോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്.  ഒരു മതത്തിലെ അനുയായികള്‍ക്ക് തങ്ങളുടെ പ്രവാചകനെയോ ദൈവത്തിനെയോ മാനിക്കാനും വാഴ്ത്താനും അവകാശമുണ്ട് എന്നാല്‍ അവര്‍ ശത്രുക്കള്‍ ആയി കരുതുന്നവരും, ആ മതത്തെ , ദൈവത്തെ വിശ്വസിക്കാത്തവരും അത് ചെയ്യണം എന്നു ശഠിക്കുന്ന മതബോധം എന്തു സഹിഷ്ണുതയുടെ സന്ദേശമാണ് ലോകത്തിന് കൊടുക്കുക. പൊതുവില്‍ അന്യമതത്തിനേ തള്ളുകയും അവരുടെ വിശ്വാസത്തെയും ദൈവത്തെയും നിരസിക്കുകയും അത് കപടമെന്ന് ആക്ഷേപിക്കുകയും ചെയ്യുന്നിടത്താണ്  യഥാര്‍ഥത്തില്‍ ഒരു മതവിശ്വാസം നിലനില്‍ക്കുന്നത് എന്നത് നിഷേധിക്കാന്‍ കഴിയാത്ത ഒരു വസ്തുതയാണ് . നബിയെ വരച്ചു  എന്ന പേരില്‍ വാളെടുക്കുന്നവര്‍ വിക്കിപീഡിയില്‍ വര്‍ഷങ്ങള്‍ ആയി കിടക്കുന്ന അതേ നബിയുടെ ചിത്രങള്‍ കാണാഞ്ഞിട്ടൊന്നുമല്ല എന്നത് വ്യക്തമാണ്. ഇതേ  അവസ്ഥ തന്നെയാണ് അമേരിക്കന്‍ പോപ് ഗായികയുടെ അര്‍ദ്ധനഗ്ന ഫോട്ടോയില്‍ മാറില്‍ അണിഞ്ഞ ഗണപതി ചിത്രമുള്ള ലോക്കറ്റിന്റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങളും. പൊതുവേ സഹിഷ്ണുതയുടെ മുഖമെന്നത് ഒരു കറുത്ത ഹാസ്യമായി നില്‍ക്കുന്നത് മതം എന്നതിന്റെ കാപട്യത്തിന്റെ പൊള്ളുന്ന വാസ്തവികതയാണ് എന്നു പറഞ്ഞുകൊണ്ടു അവസാനിപ്പിക്കുന്നു .
 ബി. ജി എന്‍ വര്‍ക്കല
 
 

Sunday, August 11, 2019

ദുരന്തനിവാരണം ദുരന്തമാകരുത്

കേരളം ഇനിയും സജ്ജമല്ല

ദുരന്തങ്ങൾ നമുക്ക് പുതിയ അനുഭവമാണ്.. അവയെ ഇനിയും അവഗണിക്കരുത്.. നമുക്ക് സുസജ്ജമായ ഒരു പരിശീലനം ആവശ്യമാണ്.
എന്തുകൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നതെന്നു പറയും മുന്നേ ചില മഴക്കാല ദുരന്ത സംരക്ഷണ സേനയുടെ പ്രവർത്തന കാഴ്ചകൾ പറയാം.

1. എട്ടു മാസം ഗർഭിണിയായ ഒരു സ്ത്രീയെ ഭവാനിപ്പുഴക്കിപ്പുറത്തേക്ക് രക്ഷപ്പെടുത്തുന്ന ഫയർഫോഴ്‌സ്, എക്സൈസ് ഉദ്യോഗസ്ഥർ. ഒരു റോപ്പ് കെട്ടി അതിൽ സേഫ്റ്റി ബൽറ്റ് ധരിച്ച സ്ത്രീയെ ബന്ധിപ്പിച്ചു . ബെൽറ്റിലെ മെറ്റൽ ഹുക്ക് റോപ്പിൽ കൊളുത്തി മറ്റൊരു കയർ ഉപയോഗിച്ചു വലിച്ചു ഇക്കരെ കൊണ്ടു വന്നു.

2. ഒരു വീടിന് മുകളിലെക്ക് വീണു കിടന്ന മരം വുഡ്കട്ടർ ഉപയോഗിച്ചു മുറിച്ചു മാറ്റുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ താഴെ വീണു . തലയിൽ മുറിവ് പറ്റി.

3. കവളപ്പാറ അടക്കമുള്ള ഉരുൾപൊട്ടൽ ഭാഗത്ത് മലയിലൊക്കെ രക്ഷാപ്രവർത്തനത്തിന് സുരക്ഷയുമില്ലാതെ കയറിപ്പോകുന്ന രക്ഷാപ്രവർത്തകർ.

4. ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ വെള്ളത്തിൽ വീണു  മരിച്ചു.

ഈ കാഴ്ചകൾക്ക് എന്താണ് കുഴപ്പം?

ഒന്നാമത്തെ കാഴ്ചയിൽ ഇക്കരെ കരയിൽ നിന്ന രക്ഷാപ്രവർത്തകർ മരത്തിനു മുകളിൽ യാതൊരു സുരക്ഷാ ബെൽറ്റും ഇല്ലാതെ നിന്നുകൊണ്ടാണ് പ്രവർത്തിച്ചത്. മാത്രമല്ല റോപ്പിൽ ഡയറക്ട് സേഫ്റ്റി ബൽറ്റ് ബക്കിൾ കണക്റ്റ് ചെയ്താണ് വലിച്ചു നീക്കിയത്. സേഫ്റ്റി ബൽറ്റ് ബക്കിൾ ഒരു ബെയറിംഗ് റിംഗ് അല്ലെങ്കിൽ കപ്പി ഉപയോഗിക്കാതെ നേരിട്ടു ചെയ്യുമ്പോൾ റോപ്പിൽ ഘർഷണം മൂലം അപകടം സംഭവിക്കാവുന്നതാണ്. സേഫ്റ്റി ബൽറ്റ് ഇല്ലാത്തതിനാൽ മരത്തിൽ നിൽക്കുന്നവർക്ക് താഴെ വീണപകടം ഉണ്ടാവാം.

രണ്ടാമത്തെ കേസിൽ ആ ഉദ്യോഗസ്ഥൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടത് എന്നു പറയാം. കാരണം സേഫ്റ്റി ബൽറ്റ് ധരിക്കാതെ ഉയരത്തിൽ നിന്നു മരം മുറിച്ചതിനാലാണ് ആ മനുഷ്യൻ താഴെ വീണത്. വുഡ് കട്ടർ വർക്കിംഗ് ആയിരുന്നുവെങ്കിൽ അയാൾടെ ജീവന് അപകടം സംഭവിക്കുമായിരുന്നു.

മൂന്നാമത്തെ കേസിൽ ഗംബൂട്ട് ധരിക്കാത്ത രക്ഷാപ്രവർത്തകർ അപകടം വിളിച്ചു വരുത്തുകയാണ്. ചെറിയ പോറലുകൾ പോലും അണുബാധ വിളിച്ചു വരുത്തുന്നവയാണ്. അതുപോലെ കൈയ്യുറകൾ ഉപയോഗിച്ചിട്ടില്ല.

അവസാന കേസിൽ ആ മനുഷ്യൻ ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ല. ഒരു പക്ഷേ ആ ജീവൻ രക്ഷിക്കാൻ അതുപകരിച്ചേനെ.

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.?

നമ്മൾ പഠിക്കുന്ന പാഠങ്ങൾ ഒന്നും ശരിയായ രീതിയിലല്ല. ഒപ്പം അത്യാവശ്യ ഘട്ടങ്ങളിൽ നാം സുരക്ഷയെ നോക്കുകയോ പിന്തുടരുകയോ ചെയ്യാതെ ചാടിയിറങ്ങി പ്രവർത്തിക്കും. ഫയർഫോഴ്സ് പോലുള്ള സംവിധാനങ്ങളിൽ പ്രവർത്തിക്കുന്ന ആൾക്കാർക്ക് പോലും ഇവ ഫോളോ ചെയ്യാൻ കഴിയുന്നില്ല എന്നത് നമ്മുടെ ആൾക്കാരുടെ മനോഭാവത്തിലെ നിസാരവത്കരണത്തിന് ഉദാഹരണം ആണ്.

എന്താണ് പോംവഴി.?

നമുക്ക് വേണ്ടത് ശാസ്ത്രീയമായ പരിശീലനമാണ്. നമ്മുടെ കുട്ടികൾ സ്കൂൾ തലത്തിൽ തന്നെ സുരക്ഷയെക്കുറിച്ചു ബോധവത്കരണവും ഡെമോൺസ്ട്രേഷനും പരിചയിക്കണം. പ്രഥമ ശുശ്രൂക്ഷ നല്കാനും, നീന്തൽ അറിയാനും , സുരക്ഷാ നിയമങ്ങളും ചിട്ടകളും മനസ്സിലാക്കാനും വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കണം. നമ്മുടെ ഫയർ ഫോഴ്സ് സേനയുടെയും പോലീസിന്റെയും പരിശീലനത്തിൽ ഈ കാര്യങ്ങൾ കർശനമാക്കണം. മൂന്നു മാസത്തിലൊരിക്കൽ മോക്ഡ്രിൽ ഉണ്ടാകണം. ഉണ്ട എന്ന സിനിമ നല്കുന്ന ഒരു സന്ദേശം ഉണ്ട്. അത് നമ്മുടെ പോലീസ് സേനയുടെ കഴിവില്ലായ്മയുടെ ഒരു കറുത്ത മുഖമാണ്. അവ പോസിറ്റീവ് ആയി എടുക്കണം.

മുൻകരുതൽ എങ്ങനെ ?

കേരളത്തിന് ഇനി വേണ്ടത് സ്വന്തമായ ഒരു ദുരന്തനിവാരണ സേനയാണ്. പോലീസ്, ഫയർഫോഴ്‌സ്, ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി എന്നീ സംവിധാനങ്ങളെ ഉൾപ്പെടുത്തി വേണം ആ സേന രൂപീകരിക്കുവാൻ. ജില്ലാ കളക്ടർ ആകണം അതിന്റെ തലവൻ. ആ ഗ്രൂപ്പിൽ പൊതുജനങ്ങളിൽ നിന്നും ഒരു സംഘത്തെ എല്ലാ ജില്ലകളിലും തയ്യാർ ചെയ്യണം. സുരക്ഷാ പ്രവർത്തനം, പ്രഥമ ശ്രുശ്രൂക്ഷ തുടങ്ങിയവ പരിശീലിപ്പിക്കണം. നീന്തൽ, ഡ്രൈവിംഗ് എന്നിവ അറിയുന്നവരാകണം. അത്യാവശ്യം ഇലക്ട്രിക്കൽ, പ്ലംബിംഗ് ജോലികൾ പരിശീലിപ്പിക്കണം. മീഡിയ കവറേജ് ഈ യൂണിറ്റിന്റെ മീഡിയവിംഗിന് നല്കണം. അവർ കൊടുക്കുന്ന വാർത്ത മാത്രം പുറത്തു പോകണം. ജനങ്ങളെ നിയന്ത്രിക്കുകയും ഒഴിപ്പിക്കുകയും ചെയ്യുന്നതിന് പോലീസ് തയ്യാറാകണം. രക്ഷാപ്രവർത്തനം നടത്തുന്ന പോലെ അവരെ സംരക്ഷിക്കുന്ന ഇടവും ഈ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാക്കണം. സന്നദ്ധ സേവകരാകുന്നവർക്ക് ബാഡ്ജ് നല്കുകയും പരിശീലനം നല്കുകയും നിയന്ത്രിക്കുകയും ഈ ഗ്രൂപ്പിന്റെ ചുമതലയാകണം. മതമോ രാഷ്ട്രീയമോ വിഭാഗീയതയോ ആയ കാര്യങ്ങളിൽ നിന്നും ഈ അംഗങ്ങൾ മുക്തരാകണം.

കേരളം ഈ വിഷയങ്ങൾ സശ്രദ്ധം പിന്തുടരണം. കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങളും മറ്റും ചേർത്ത് ഇവ കാര്യക്ഷമമായി നടപ്പിൽ വരുത്താൻ കേരളം അമാന്തിക്കരുത്.
ബിജു.ജി.നാഥ് വർക്കല
സേഫ്റ്റി ഓഫീസർ

Saturday, May 4, 2019

മറയ്ക്കേണ്ടത് മുഖമായിരുന്നോ ?

മറയ്ക്കേണ്ടത് മുഖമായിരുന്നോ ?

ആദിമ ജനത വസ്ത്രം എന്നൊരു വസ്തുതയെ ഒരിയ്ക്കലും ആഗ്രഹിച്ചിരുന്നില്ല. മൃഗങ്ങള്‍ക്കൊപ്പം മറ്റൊരു ജാതി മൃഗം എന്നതിനപ്പൂപ്പുറം ആ ജീവിവര്‍ഗ്ഗങ്ങളില്‍ തുള്ളിക്കളിക്കുന്ന മുലകളോ ലിംഗ യോനി ദര്‍ശനമോ നിതംബങ്ങളോ ഒരു പ്രത്യേക വസ്തുവോ കാമോദ്ദീപക സംഗതികളോ കാഴ്ചകളോ ആയിരുന്നില്ല. ജരാവകളും സെന്‍റിനല്‍ ദ്വീപ് വാസികളും (ആറായിരം വര്ഷം പഴക്കമുള്ള ഗോത്ര വര്‍ഗ്ഗം), ആഫ്രിക്കന്‍ ഗോത്ര വര്‍ഗ്ഗങ്ങളും ഒക്കെ ഇതിന് ജീവിക്കുന്ന ഇന്നത്തെ ഉദാഹരണങ്ങള്‍ ആയി മുന്നിലുള്ളത് കൊണ്ട് തര്‍ക്കത്തിന് സാധ്യത ഉണ്ടാകുന്നില്ല. ആദ്യകാലത്ത് മനുഷ്യ ജീവികള്‍ക്ക് ആവശ്യം അത്യാവശ്യ ഭക്ഷണം ആയിരുന്നു. വന വിഭവങ്ങള്‍ ആയ കായ്കനികള്‍ മാത്രം ആയിരുന്നില്ല അവരുടെ ഇഷ്ട ഭക്ഷണം. സിംഹങ്ങളും മറ്റും വേട്ടയാടി തിന്ന ശേഷം ഉപേക്ഷിക്കുന്ന അഴുകിയ മാംസം ഹയനകളും ആയി മത്സരിച്ചുമവയെ ആട്ടിയോടിച്ചും കരസ്ഥമാക്കല്‍ ആയിരുന്നു അന്നത്തെ അവരുടെ ഏറ്റവും വലിയ ബുദ്ധിമുട്ടും തൊഴിലും. മനുഷ്യന്‍ സസ്യഭുക്കുകള്‍ ആണ് എന്നു വാദിക്കുന്നവര്‍ തങ്ങളുടെ തേഞ്ഞുപോയ തേറ്റപ്പല്ലുകളെ വെറുതെ കണ്ണാടിയില്‍ ഒന്നു നോക്കിക്കോട്ടെ. അതുപോലെ മൃഗം അല്ല മാംസഭുക്ക് അല്ലാ എന്ന വാദക്കാരൊക്കെ കോഴിയുടെ കാലെടുത്തു മുന്‍വരിപ്പല്ലുകള്‍ കൊണ്ട് കടിച്ചു തിന്നു തുടങ്ങട്ടെ. അപ്പോഴും ആദ്യം കടിക്കുക വശത്തേക്കു വച്ചാകും കാരണം ജീനിലുള്ളത് തൂത്താല്‍ പോകില്ല എന്ന്‍ ചൊല്ലുണ്ട്. അങ്ങനെ മൃഗങ്ങള്‍ക്കൊപ്പം നടന്നു ഉച്ചിഷ്ടം തിന്നു ജീവിച്ച മനുഷ്യനു ആ മാംസ്യം നല്കിയ ഗുണം ആയിരുന്നു അവന്റെ വികാസം വന്ന മസ്തിഷ്ക്കത്തിന് കൂടുതല്‍ വികാസം കിട്ടുക എന്നത്. അതോടെ അവന്‍ സ്വന്തമായി വേട്ടയാടി ആഹാരം കഴിക്കാന്‍ തുടങ്ങി. വേട്ടയാടലിന് പോകുമ്പോള്‍ ഇരകളെ പതിയിരുന്നു പിടിക്കാന്‍ കുഞ്ഞുങ്ങളും ആയി കൂടെ വേട്ടയ്ക്ക് വരുന്ന പെണ്ണുങ്ങള്‍ ഒരു ശല്യമായി തോന്നിത്തുടങ്ങിയപ്പോള്‍ അവരെ ഒരു ഇടത്തു ഇരുത്താന്‍ തുടങ്ങി. വെറുതെ ഇരിക്കണ്ട എന്നു കരുതിയിട്ടു അവരെക്കൊണ്ടു ഇരിക്കുന്നിടം വൃത്തിയാക്കിക്കാനും വേട്ടയാടി കൊണ്ട് വരുന്ന ഭക്ഷണം ആവശ്യത്തിന് എടുത്തിട്ടു ബാക്കി സംസ്കരിച്ചു വയ്ക്കാനും പറഞ്ഞു. ചുമ്മാ കുത്തിയിരുന്നു അങ്ങനെ സുഖിക്കണ്ട പിള്ളാരെ നോക്കല്‍ വലിയ ജോലി ഒന്നും അല്ല എന്നു അവര്‍ അങ്ങ് തീരുമാനിച്ചു. ക്രമേണ സമൂഹം , കുടുംബം ഒക്കെ നിലവില്‍ വന്നു. വസ്ത്രം ആണല്ലോ വിഷയം. വേട്ടയാടാന്‍ കാട്ടിലൂടെ ഉള്ള ഓട്ടത്തില്‍ പലപ്പോഴും മുറിവ് പറ്റുന്ന ഒരു പ്രധാന സംഗതിയായി ലൈംഗിക അവയവം. നാലു കാലില്‍ ഓടുന്ന മൃഗത്തിനേ പോലല്ലല്ലോ രണ്ടു കാലില്‍ ഓടുന്നവന്റെ പെടാപ്പാടുകള്‍. അതോടെ സ്ത്രീകള്‍ക്കും ആ ഭാഗം പൊതിഞ്ഞു വയ്ക്കാം എന്നും ഒരു ഐക്യം നല്കാം എന്നും ചിന്തിക്കാതെ തരമില്ല. കുട്ടികള്‍ വലുതായി വേട്ടയാടാന്‍ കഴിവുള്ളവര്‍ ആകും വരെ ഈ സുഖം അവര്‍ക്ക് കിട്ടിയതും ഇല്ല. അത് മൂലം അവര്‍ ആ സംഗതി നോക്കി കാമവര്‍ദ്ധകര്‍ ഒന്നും ആയതുമില്ല . പീഡനം ഒന്നും ഈ പറയും പോലെ സര്‍വ്വസാധാരണം ആയിരുന്നുമില്ല. എല്ലാ മനുഷ്യരിലും ഉള്ള പോലെ ഞരമ്പു രോഗികള്‍ ആയ മനോരോഗികള്‍ അവരിലും ഉണ്ടായിരുന്നിരിക്കാം പക്ഷേ സമൂഹം അവരെ ക്രൂരമായി ശിക്ഷിച്ചിരുന്നതിനാല്‍ അവര്‍ ഇന്നത്തെപ്പോലെ അന്നും സജീവമല്ലായിരുന്നിരിക്കാം.
ക്രമേണ കൃഷിയുടെ ലോകത്തേക്ക് വന്നതോടെ ജീവിത നിലവാരവും സംസ്കാര ചിന്തയും വര്‍ദ്ധിക്കാന്‍ തുടങ്ങി. മുന്പ് തണുപ്പ് വന്നാല്‍ സഹിക്കാന്‍ പറ്റിയില്ലെങ്കില്‍ പുതയ്ക്കാന്‍ മൃഗങ്ങളുടെ തൊലികള്‍  ഉപയോഗിച്ചിരുന്നു എന്നതിനപ്പുറം ശരീരം മുഴുവനും മൂടുന്നത് ഒരു ഫാഷന്‍ ആയിട്ടില്ല അന്ന്. സമൂഹ നിര്‍മ്മിതി വന്നപ്പോള്‍ വേട്ടയാടല്‍, കൃഷിപ്പണി എന്നിവ  പോലെ തന്നെ പ്രധാനം ആയി അവയെ സൂക്ഷിക്കല്‍ എന്നതും. സൂക്ഷിക്കാനും സംരക്ഷിക്കാനും തര്‍ക്കങ്ങള്‍ പരിഹരിക്കാനും പണി ചെയ്യാനും പണിയായുധങ്ങള്‍ നിര്‍മ്മിക്കാനും ഒക്കെ ഒക്കെ പ്രത്യേകം ആള്‍ക്കാരെ നിശ്ചയിച്ചപ്പോള്‍ അവിടെ ജാതി ചിന്ത വരികയും ക്രമേണ ചാതുര്‍വര്‍ണ്യം ഒരു സംസ്കാരം ആകുകയും ചെയ്തു. ക്രമേണ ഉണ്ടായ മതങ്ങള്‍ ഇവയെ തരാതരമായി ഉപയോഗപ്പെടുത്തി എന്നതും നമുക്ക് കാണാം. ഈ ക്രമത്തില്‍ തന്നെ വസ്ത്രവും ഫാഷന്‍ ആയി .  ഉന്നതമായ ജോലികള്‍ ചെയ്യുന്നവര്‍ക്ക് വസ്ത്രം ഒരു അലങ്കാരം ആയിരുന്നു . അവനു പണി ചെയ്യണ്ട വസ്ത്രം അഴുക്കാവില്ല കീറില്ല തുടങ്ങിയ സൌകര്യങ്ങള്‍ ഉണ്ടല്ലോ. അതിനു താഴോട്ട് അതേ പോലെ ഉപയോഗമനുസരിച്ചു അളവും ക്രമവും കുറവായിരുന്നു  സ്ത്രീകള്‍ക്കാകട്ടെ വെറുതെ വീട്ടില്‍ ഇരിക്കുന്നതിനാലും അധികം ആവശ്യങ്ങള്‍ ഇല്ലാത്തതിനാലും അരയില്‍ ഒരു തുണി കൊണ്ട് തൃപ്തയായിരുന്നു. ഗൃഹനാഥന്ഠെ പദവി അനുസരിച്ചു അവര്‍ക്കും മാറില്‍ കുറുകെ ഒരു തുണി ഒക്കെ അനുവദിക്കപ്പെട്ടു. വെറുതെ ഇരുന്നവര്‍ക്കൊക്കെ വേല ഇല്ലാതായപ്പോള്‍ കാമം ഒരു ജോലിയായി ഒരു ഉപാധിയായി ഒരു സമയം പോക്കായി . എങ്കിലും ശരീര കാഴ്ചകള്‍ കാമത്തിന്റെ അളവ് കോലായി മാറിയിട്ടില്ലായിരുന്നു. കൂടുതല്‍ നേരം നേരം പൊക്കുകള്‍ നടത്തിയവര്‍ക്ക് അതില്‍ ഗവേഷണം നടത്തണം എന്നു തോന്നുക സ്വാഭാവികം . ചിലര്‍ അത് കവിതയാക്കി ആസ്വദിച്ച് ഉല്ലസിച്ചു. ചിലര്‍ ചിത്രം വരച്ചു . ചിലര്‍ ശില്പങ്ങള്‍ നിര്‍മ്മിച്ചു . ചിലര്‍ അത്തരം കേളികള്‍ക്ക് വേണ്ട മാര്‍ഗ്ഗങ്ങളും രീതികളും പരീക്ഷിച്ചും കണ്ടും എഴുതി വച്ച് കൂടുതല്‍ പ്രചാരം നടത്തി . ക്രമേണ ലൈംഗികത എന്നാല്‍ കാഴ്ച തന്നെ എന്ന്‍ അവസ്ഥയിലേക്ക് വന്നു സംസ്കാരം. പതിയെ പതിയെ വസ്ത്രം ഇന്നത്തെ അവസ്ഥയിലേക്ക് എത്തുന്നത്  ഇന്ത്യയുടെയും ഇങ്ങ് കേരളത്തിന്റെയും കാര്യം ആണ് ഇതെങ്കില്‍ ഇതിന് വെറും അന്‍പത് അറുപത് കൊല്ലത്തെ പഴക്കമേ ഉള്ളൂ എന്നു കൂടി മനസിലാക്കണം. ഇതേ സംഗതി അങ്ങ് മൊസപ്പൊട്ടാമിയായില്‍ സംഭവിച്ചതും ഏകദേശം കൃഷി വരെ ശരിയാണ്.
പക്ഷേ അവിടെ മരുഭൂമിയുടെ വന്യതയില്‍ ജീവിച്ച മനുഷ്യന്‍ നിരന്തരം കാടിനുള്ളില്‍ എന്നത് പോലെ കാടില്ലായ്മയിലും പൊരുതുകയായിരുന്നു . കൊടിയ ചൂടും പൊടിക്കാറ്റും അവനെ ആസകലം വലച്ചു. പരിഷ്കാരം വരും തോറും അവന്‍ തന്റെ ശരീരം മുഴുവന്‍ മൂടി നടക്കാന്‍ തുടങ്ങി. അവിടെയും ഈ മൂടി നടക്കല്‍ പണം ഉള്ളവന് മാത്രം കഴിഞ്ഞ സംഗതികള്‍ ആണ് . അടിമകള്‍ക്ക് വേണ്ടത്ര വസ്ത്രങ്ങള്‍ പോലും ഉണ്ടായിരുന്നില്ല . അത് അവര്‍ക്കൊരു ആവശ്യവും അല്ലായിരുന്നു. അടിമ വസ്ത്രം ധരിച്ചിട്ടു എന്തു കാര്യം . ഉടമക്ക് ആകെയുണ്ടായിരുന്ന ഒരു നേരമ്പോക്ക് അന്നും ഇന്നും ഭക്ഷണം ഭോഗം വിശ്രമം എന്നിവ മാത്രമായിരുന്നു. പണി എടുക്കാന്‍ അടിമകള്‍ ഉണ്ട് . ആയിരത്തി അഞ്ഞൂറു വര്ഷം മുന്പും അവരുടെ വസ്ത്രം ഇന്നത്തെ പോലെ ആയിരുന്നില്ല. വിശുദ്ധ ക അബയുടെ ചുറ്റും നഗ്നരായി മനുഷ്യര്‍ പ്രദക്ഷിണം നടത്തിയിരുന്നത് ചരിത്രത്തില്‍ രേഖപ്പെട്ടതാണ് . അത് പോലെ നിസ്കരിക്കുമ്പോള്‍ പിറകില്‍ നില്‍ക്കുന്നവര്‍ രഹസ്യ ഭാഗം കാണുന്നു എന്നതിനാല്‍ നിസ്കാരത്തിന് അരയില്‍ മുട്ട് വരെ മൂടുന്ന വസ്ത്രം സ്ത്രീകള്‍ക്ക് നന്നായിരിക്കും എന്നു പ്രവാചകന്‍ പറഞ്ഞതായി വായിച്ച ഓര്മ്മ എവിടെയോ ഉണ്ട്. അവിടെ നിന്നും വസ്ത്ര ധാരണത്തില്‍ സംഭവിച്ച മാറ്റം നിങ്ങള്‍ നിങ്ങളുടെ ശിരോ വസ്ത്രം (മണല്‍ കാറ്റില്‍ മുടിയുടെ അവസ്ഥ എന്താണ് എന്നറിയാണ്‍ ഗള്‍ഫ് നാടുകളില്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ ജോലി ചെയ്യുന്നവരോടു ചോദിച്ചാല്‍ മനസ്സിലാകും അവര്‍ എന്തുകൊണ്ടാണ് മുഖവും തലയും പൊതിഞ്ഞു കെട്ടുന്നത് എന്നു ) ധരിക്കുന്നത് മാറിലോട്ട് കൂടി താഴ്ത്തി ഇടുന്നത് നിങ്ങള്ക്ക് ഞങ്ങളുടെ നോട്ടത്തില്‍ നിന്നും രക്ഷ നേടുന്നതിന് ഉപയോഗമാകും എന്നൊരു ഔദാര്യം ആയി സംഭവിച്ചത് ആണ് . ക്രമേണ സമൂഹത്തിലെ എല്ലാവരും ശരീരം മുഴുവന്‍ മൂടുന്ന വസ്ത്ര ധാരണം നടത്തിയിരുന്നു അത് ഒരു പരിഷ്കാരം ആയിരുന്നില്ല ഒരു പ്രതിരോധം ആയിരുന്നു. വീടിനുള്ളില്‍ നാമമാത്രമായ വസ്ത്ര ധാരണവും പുറത്തു മൂടിപ്പൊതിഞ്ഞും അവര്‍ നടന്നത് ഈ ഒരു കാരണം കൊണ്ടായിരുന്നു. ഈ നാമമാത്രം ആയ കാരണത്താല്‍ ആണ് വീട്ടില്‍ പോലും ആണ്‍ പെണ്‍ വിഭജനം മുറികളില്‍ പോലും ഉള്ളത് . ഇതൊക്കെ അവരുടെ സംസ്കാരത്തെ അവര്‍ സംരക്ഷിക്കാന്‍ അവര്‍ ആചരിച്ചു പോന്നവയാണെങ്കില്‍ അവിടെ നിന്നും പ്രചരിച്ച മതത്തിനൊപ്പം ആചാരത്തിന്റെ ഭാഗമായി വസ്ത്രവും കടല്‍ കടന്നു എന്നതാണു ശരി. ലോകം ഒട്ടാകെ പ്രചാരം എവിടെയൊക്കെ ഉണ്ടായോ അവിടെയൊക്കെ അവര്‍ മരുഭൂമിയില്‍ അല്ലായിരുന്നിട്ടും ശരീരം മൂടി. തല മൂടി മുഖം മൂടി ജീവിച്ച് പരിശീലിച്ചു തുടങ്ങി. ഈ അനുകരണം എല്ലായിടത്തും ഉണ്ട് എന്നു പറയുക വയ്യ കാരണം അന്ധമായി അനുകരിക്കാത്ത പാശ്ചാത്യ നാടുകളില്‍ ഇവ സര്‍വ്വസാധാരണം ആയിരുന്നില്ല. ഇങ്ങ് കൊച്ചു കേരളത്തിലും ഇത് ഒരു ആചാരം ആയി അംഗീകരിച്ചില്ല പരക്കെ. അതിനാല്‍ തന്നെ അവര്‍ മറ്റുള്ളവര്‍ ധരിക്കുന്നതില്‍ നിന്നും വേറിട്ട വസ്ത്രം ധരിച്ചു കൊണ്ട് ഞങ്ങള്‍ വേറൊരു മനുഷ്യ വിഭാഗം ആണ് എന്ന്‍ ഭാവം മാത്രം നിലനിര്‍ത്തി. ക്രിസ്ത്യന്‍ മതം കൊണ്ട് വന്ന മുണ്ടും ചട്ടയും അവര്‍ പരിഷ്കരിച്ചു കാച്ചിയും തട്ടവും ആക്കി. മുണ്ട് ഇവിടെ തന്നെ ഉണ്ടായിരുന്നെങ്കിലും ഇവിടുള്ളവര്‍ക്ക് ചട്ട ഒരു അധികപ്പറ്റായിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ രാജാവു സര്ക്കാര്‍ പൊതുമരാമത്ത് ജോലിക്കു സ്ത്രീകള്‍ക്ക് പണി വേണം എങ്കില്‍ ഉടുപ്പിട്ടു വരണം എന്നു പറഞ്ഞ കാര്യം റോബിന്‍ ജെഫ്രി എഴുതിയിട്ടുള്ളത് കാണാം. അങ്ങനെയുള്ള പടിപടി ആയുള്ള വസ്ത്ര പരിഷ്കാരങ്ങളില്‍ ഒന്നും തന്നെ മുഖം മറയ്ക്കുന്ന ഒരു സംഗതി ഉണ്ടായിരുന്നില്ല. ഉത്തരേന്ത്യയില്‍ വിവാഹം കഴിഞ്ഞ സ്ത്രീകള്‍ ഭര്‍ത്താവിന് അല്ലാതെ മുഖം മറ്റാരെയും കാട്ടാതെ സാരിത്തലപ്പ് കൊണ്ട് മറച്ചു വയ്ക്കന്ന ഒരു സംസ്കാരം ഉണ്ട് . ഇതിനെ ചുവടു പിടിച്ച് തലമുടി വെളിയില്‍ കണ്ടാല്‍ നാട്ടാര്‍ക്ക് മുഴുവന്‍ കാമം ഉണ്ടാകും എന്നു പഠിപ്പിച്ചു ഇടീച്ച തട്ടം അവര്‍ നാണം വരുമ്പോഴും അന്യ പുരുഷന്മാരേ കാണുമ്പോഴും മുഖത്തേക്ക് ഒന്നു ഇട്ടുകൊണ്ട് അനുകരണം ആവര്‍ത്തിച്ചു;. മുഗള്‍ ഭരണ കാലത്ത് ഉത്തരേന്ത്യന്‍ കൊടുക്കല്‍ വാങ്ങലുകള്‍ ഏറെ നടന്നതിന്റെ ബാക്കിയായിരുന്നു ഇതെന്നും ഊഹിക്കുന്നു. തട്ടം കൃസ്ത്യന്‍ സമുദായത്തിനും ഒരു ഇഷ്ടവസ്ത്രം ആയിരുന്നു എന്നു പഴയകാല പള്ളിയില്‍ പോകുന്ന സ്ത്രീകളുടെ തല മറയ്ക്കല്‍ സംബ്രദായം കൊണ്ട് അറിയാന്‍ കഴിയുന്നു.
പക്ഷേ ഇരുപത്തിഒന്നാം നൂറ്റാണ്ടു ആയപ്പോഴേക്കും ഇസ്ലാം മതത്തിന്റെ മത ചിന്തകള്‍ ഒരുപാട് കണിശമാകുകയും അന്യ നാടുകളിലേക്ക് കൂടി വര്‍ദ്ധിച്ച തോതില്‍ ശരീരം മൂടുന്ന വസ്ത്രങ്ങളുടെ ആവശ്യകത പ്രചാരം ആക്കുക്കയും ചെയ്യുക എന്ന്‍ അജണ്ട നടപ്പില്‍ വരികയുണ്ടായി. ഈ അജണ്ടയുടെ ഭാഗമായി അന്നുവരെ കാച്ചീയും തട്ടവും ഇട്ട സ്ത്രീകളെ ഒക്കെ അറേബ്യന്‍ വസ്ത്രങ്ങളില്‍ പുതപ്പിച്ചുകൊണ്ടു മതത്തിന്റെ ഏകീകരവും ഐക്യപ്പെടലും സജീവമാക്കാന്‍ തുടങ്ങി. ഒരു പൊടിക്കാറ്റോ മണല്‍ ശല്യമോ ഇല്ലാത്ത നാട്ടില്‍ ആയിട്ടും മതത്തിന്റെ ചിഹ്നം ആയി ഒരേ വസ്ത്രം ധരിക്കേണ്ട ഗതികേടിലായി ഇവിടെയുള്ള സ്ത്രീകളും. ഭാഗ്യത്തിന് ഇസ്ലാം മതം രൂപം കൊണ്ടത് അന്‍റാര്‍ട്ടിക്ക പോലുള്ള സ്ഥലങ്ങളില്‍ അല്ലാതായത് ഭാഗ്യം എന്നു കരുതാം . അല്ലെങ്കില്‍ വര്ഷം മുഴുവന്‍ കമ്പിളിത്തുണി ധരിച്ചു നടക്കേണ്ട ഗതികേടില്‍ ആയേനെ സ്ത്രീകള്‍. പുരുഷന്‍മാര്‍ക്ക് അറബി വേഷം ധരിക്കേണ്ട ആവശ്യമില്ലെന്ന അവരുടെ തന്നെ തീരുമാനത്താല്‍ അവര്‍ രക്ഷപ്പെടുത്തി സ്വയം. എങ്കിലും ഒത്തുതീര്‍പ്പുകള്‍ ഉണ്ടാകുന്നതിനായി കണങ്കാല്‍ മുകളില്‍ വച്ച് വസ്ത്രം ധരിക്കാനും മീശ ഒഴിവാക്കാനും തൊപ്പി ധരിക്കാനും ഒക്കെ ഉള്ള അവരുടെ മനസ്സ് കാണാതെ പോകരുതു. പൊതിഞ്ഞു വയ്ക്കുവാന്‍ ഉള്ള ഒരു വസ്തുവാണ് സ്ത്രീ എന്ന്‍ ഈ നൂറ്റാണ്ടിലെ ചിന്തയെ എത്രത്തോളം സമൂഹം അംഗീകരിക്കുന്നു എന്നതിന് ഉദാഹരണം ആണ് ഗഫൂറിന്റെ പോസ്റ്റുകളിലും അല്ലാതെയും ഇന്ന് ചെറുപ്പക്കാര്‍ മുഴക്കുന്ന ഭീഷണികള്‍ എന്നു കാണാം. ഒരു സ്ത്രീയുടെ മുഖമോ കൈ കാലുകളോ കണ്ടാല്‍ പുരുഷന് കാമം വരും എന്നു കരുതുന്ന ചെറുപ്പക്കാര്‍ എങ്ങനെയാകും അമുസ്ലീം ആയ സ്ത്രീകളുടെ അടുത്തു ആരോഗ്യകരമായ ഒരു സമീപനം വച്ച് പുലര്‍ത്തുക എന്നവര്‍ തന്നെ ചിന്തിക്കേണ്ട കാര്യമാണ് . സ്വന്തം സമുദായത്തിലെ സ്ത്രീകളെ മുഴുവന്‍ മറച്ചു വയ്ക്കാന്‍ പറയുന്നവര്‍ അന്യ സമുദായത്തിലെ സ്ത്രീകളും കൂടി അടങ്ങുന്ന ഒരു സമൂഹത്തില്‍ ആണ് ജീവിക്കുന്നതു എന്നത് അവര്‍ മറക്കുന്നു . അവരുടെ ഓരോ വാക്കുകളും മുഴുവന്‍ സ്ത്രീത്വത്തെയും അപമാനിക്കുന്നവ ആണ്. പൊതുവേ ഇസ്ലാം മതത്തില്‍ സ്ത്രീകള്‍ക്ക് നരകം മാത്രമാണു പറഞ്ഞിട്ടുള്ളത്. പുരുഷന് അതും സ്വര്‍ഗ്ഗം കിട്ടുന്നവന് മാത്രം അവിടെ വിലപ്പെട്ട മുത്തുകള്‍ പോലെ പരിശുദ്ധമായ ഇണകള്‍ ലഭിക്കുമ്പോള്‍ അവള്‍ക്ക ഔദാര്യം പോലെ ഒരിടത്ത് നിനക്കു ഇവനെ തന്നെ അവിടെ ഇണയായി കിട്ടും എന്നോ മറ്റോ  ഒരാശ്വാസവാക്ക് കണ്ടതായി ഓര്‍ക്കുന്നു ദൈവത്തില്‍ നിന്നും. മതം നവീകരിക്കേണ്ട കാലം കഴിഞ്ഞുപോയിരിക്കുന്നു . ഈ നൂറ്റാണ്ടിനപ്പുറം മതത്തിന് നിലനിപ്പില്ല. നിലവിലെ എല്ലാ മത തീവ്രചിന്തകളും അടിവരയിടുന്ന കാര്യം തന്നെയാണത്. പരിഷ്കാരം എന്നത് അടച്ചു മൂടി അടുക്കള കോണില്‍ സൂക്ഷിക്കല്‍ അല്ല എന്നു അവന്‍ തിരിച്ചറിയുന്നില്ല എങ്കില്‍ അവള്‍ അത് തുറന്നുപറയേണ്ടതാണ് . പക്ഷേ അടിയുറച്ചു പോയ മത വിശ്വാസത്തില്‍ അവനെ കുറ്റം പറഞ്ഞാലോ എതിര്‍ത്താലോ പോലും കിട്ടുന്ന നരക ശിക്ഷ ഓര്‍ത്ത് ഉത്തമ മത വിശ്വാസിയായ സ്ത്രീ അവന്‍ പറയുന്നതാ ശരി എന്നും ഞങ്ങള്‍ക്കിതു സ്വര്‍ഗ്ഗം ആണെന്നും പറയേണ്ടി വരുന്ന ഗതികേടിനെയാണ് സ്വാതന്ത്രം എന്നവര്‍ കൊട്ടിഘോഷിക്കുന്നത്. മാറണം .മറ്റ് മതങ്ങളില്‍ നടന്ന പുരോഗമനം ഈ മതത്തിലും ഉണ്ടാകണം. അതിനു ശ്രമിക്കുന്നവരെ അടിച്ചമര്‍ത്തുകയോ നിശബ്ദമാക്കുകയോ അല്ല വേണ്ടത്. സ്വമതത്തില്‍ ഉള്ളവര്‍ ആണെങ്കില്‍ അവനെ മതത്തില്‍ നിന്നും പുറത്തു പോയവന്‍ എന്നു വിളിക്കുകയും അന്യ മതത്തില്‍ ഉള്ളവന്‍ ആണ് പറയുന്നതു എങ്കില്‍ അവന്‍ ഇസ്ലാമോ ഫോബിയ പിടിച്ചവനാണെന്ന് പറയുകയും ചെയ്യുന്ന അത്രയും സമയം വേണ്ട സ്വയം ഒന്നു ചിന്തിച്ച് മാറ്റം കൊണ്ട് വരാന്‍. അതിനു പക്ഷേ ലോകാവസാനം വരെ മാറ്റമില്ലാതെ തുടരുന്ന ഒരു ഗ്രന്ഥം എന്ന പേരില്‍ ഇരുണ്ട കാലത്തെ ചിന്തകളെ ഇന്നും പിന്തുടരുകയും അതിനെത്തന്നെ വ്യാഖ്യാനിച്ചു കൂടുതല്‍ ഭീകരവും അസുരക്ഷിതവും അമാനവികവും ആക്കുന്നത് ശരിവയ്ക്കുന്നവരാല്‍ കഴിയും എന്നു കരുതുക വയ്യ തന്നെ . മറയ്ക്കേണ്ടത് മുഖം അല്ല മായ്ക്കേണ്ടത്  തെറ്റുകളെ ആണ് . തെറ്റുകള്‍ എന്നത് കാലാന്തരത്തില്‍ എങ്കിലും ശരിയാക്കുക വേണം. അതിനെയാണ് പരിഷ്കാരം എന്നു പറയുന്നതു . പരിഷ്കാരങ്ങള്‍ മാനവിക വളര്‍ച്ചയും നന്മയും ലക്കാക്കി വരേണ്ടതാണ് . അവ നിലനില്‍ക്കേണ്ടത് മാനവികതയുടെ പക്ഷത്തു ആകണം . തുല്യ നീതിയുണ്ടാകണം. സ്ത്രീ പുരുഷന് കീഴെയല്ല എന്ന ഒറ്റ ചിന്ത മതി അത് പ്രാവര്‍ത്തികമാക്കാന്‍ .
ആശംസ്കളോടെ ബി.ജി.എന്‍ വര്‍ക്കല