Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Saturday, November 29, 2025

വെയില്‍ ഉരുകിയ നിഴലുകള്‍

വെയില്‍ ഉരുകിയ നിഴലുകള്‍ 



“കണ്ടിരുന്നോ...”
അയാളുടെ ചോദ്യം കേള്‍ക്കാത്ത പോലെ നില്‍ക്കാനെ കഴിയുമായിരുന്നുള്ളൂ. കണ്‍മുന്നില്‍ വെറും തറയില്‍ ചടഞ്ഞിരുന്നു കരയുന്ന ആ കുഞ്ഞിന്റെ കരച്ചില്‍ അത്രയ്ക്കും മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു .
ഒന്നാലോചിച്ചാല്‍ എത്ര വേഗത്തിലാണ് മനുഷ്യര്‍ അനാഥരാകുന്നത്! 
വേറിട്ടുപോകുന്ന ജീവിതങ്ങള്‍ . ഒരു മാത്രയില്‍ തച്ചുടയ്ക്കുന്ന ജന്മങ്ങള്‍. 
എന്തിനാകും പിന്നേയും ആര്‍ത്തിപൂണ്ട് പായുന്നത് നാമൊക്കെ . 
കഴിഞ്ഞ കുറേയേറെ മണിക്കൂറുകള്‍ ആയി ഈ ചെളിപുരണ്ട മണ്ണില്‍ ഇങ്ങനെ അലഞ്ഞു നടക്കുന്നു. പോകേണ്ട വഴി മറന്ന്, ചെയ്യേണ്ട കടമ മറന്നുകൊണ്ട് ഈ അപരിചിതമായ ഇടത്തില്‍ ഞാനെന്തിനാകും ഇങ്ങനെ വേദനപ്പെട്ടു നില്‍ക്കുന്നത് . 
ദൂരെ നഗരത്തിലെ സുഹൃത്തിനെ കാണാന്‍ വേണ്ടിയാണ് തിരക്കുകള്‍ മാറ്റി വച്ച് ഇന്നലെ വൈകിട്ടോടെ യാത്ര തുടങ്ങിയത് . ഒറ്റയ്ക്കുള്ള ഡ്രൈവ് ഒരു ഹരമാണ് . പ്രത്യേകിച്ചും രാത്രിയുടെ ഏകാന്തതയിലൂടെ ഗസലുകള്‍ കേട്ടുകൊണ്ടുള്ള യാത്ര. പോരാത്തതിന് കോരിച്ചൊരിയുന്ന മഴ കൂടിയുണ്ട്. അതിനാല്‍ത്തന്നെ വഴികള്‍ ശൂന്യമാണെന്ന ഒരു സന്തോഷം ഇത്തരം യാത്രകള്‍ക്ക് കൂട്ടാകാറുണ്ട്. 
പതിവിന് വിരുദ്ധമായി രാത്രി അവസാനിക്കുന്ന നേരം ആ മലയോര ഗ്രാമത്തിന്റെ അടുത്തേക്ക് എത്തുംതോറും ഒരു ഭീകരത അനുഭവപ്പെട്ടു തുടങ്ങിയത് അസ്വസ്ഥത ഉണര്‍ത്തി. ഇത് പതിവുള്ളതല്ലല്ലോ എന്നോര്‍ത്തുകൊണ്ടു മുന്നോട്ട് തന്നെ യാത്ര തുടരുകയായിരുന്നു. 
സൈറനിട്ടു ചീറിപ്പായുന്ന ആംബുലന്‍സുകള്‍ , വാഹനങ്ങള്‍ പൊടുന്നനെയാണ് അവ വഴിമുടക്കിയതുപോലെ മുന്നില്‍ തെളിഞ്ഞു തുടങ്ങിയത്. ഇത്രയധികം വണ്ടികള്‍ .....
ഒട്ടൊരു ആശങ്കയോടെ മുന്നിലേക്ക് ചെല്ലും തോറും വഴി തടയുമ്പോലെ ആള്‍ക്കൂട്ടങ്ങള്‍ കണ്ടു തുടങ്ങി. എല്ലാരും മുകളിലേക്കു ഓടുന്നതാണ് കണ്ടത് . മുന്നിലെ വഴിയാകേ ചെളിയും വെള്ളവും പാറയും നിറഞ്ഞിരിക്കുന്നു. വണ്ടി ഒരു വശത്തേക്ക് ഒതുക്കി പുറത്തേക്ക് ഇറങ്ങി. അന്നേരം മുതല്‍ ഈ വൈകുന്നേരം വരെയും കൈ മെയ് മറന്നു സ്വന്തക്കാരെ ആരെയോ തിരയുമ്പോലെ ഞാനെന്തിനാകും ഇവിടെ ഇവര്‍ക്കൊപ്പം... 
ചെളിയിലും മണ്ണിലും കുതിര്‍ന്ന എത്ര മനുഷ്യരേ ഇതിനകം എടുത്തുയര്‍ത്താന്‍ സഹായിച്ചു . അറിയില്ല. ചോരയും , കണ്ണീരും ചെളിയും പുരണ്ട വസ്ത്രങ്ങള്‍ ഒരു യുദ്ധഭൂമിയില്‍ പൊരുതിനില്‍ക്കുന്നവന്റെ രൂപം സൃഷ്ടിക്കുന്നു. 
കൈകള്‍ നഷ്ടമായ, തല തകര്‍ന്ന , തല തന്നെ നഷ്ടമായ സ്ത്രീകള്‍, പുരുഷന്മാര്‍ , കുട്ടികള്‍ , മൃഗങ്ങള്‍ .... വയ്യ തല മരവിച്ചിരിക്കുന്നു. 
കുതിച്ചു പാഞ്ഞുപോയ മഴവെള്ളം കൈകളില്‍ കോരിയെടുത്തുപോയത് ആരുടെയോ ഒക്കെ പ്രതീക്ഷകള്‍ ,സ്വപ്നങ്ങള്‍, ജീവിതങ്ങള്‍ .... 
ഇക്കാണുന്ന കുഞ്ഞിനെ പോലെ അനാഥമാക്കപ്പെട്ട എത്ര മനുഷ്യരാണ് ഒറ്റ രാത്രികൊണ്ടു ഉണ്ടാകപ്പെട്ടത്. 
ആരോ വച്ച് നീട്ടിയ കുപ്പിവെള്ളം ആര്‍ത്തിയോടെ കുടിക്കുമ്പോള്‍ ആരുടെയോ ശബ്ദം മുകളില്‍ നിന്നും കേള്‍ക്കുന്നു 
“ഇവിടെ ആരോ ഉണ്ട് . മരിച്ചിട്ടില്ല. ശബ്ദം കേള്‍ക്കാം . ഓടി വരൂ. “
കൈകളില്‍ ഇരുന്ന വെള്ളക്കുപ്പി വലിച്ചെറിഞ്ഞു മുകളിലേക്കു ഓടുമ്പോള്‍ മനസ്സ് പ്രാര്‍ത്ഥിച്ചു ... ജീവനുണ്ടായിരിക്കണേ.....
@ബിജു ജി നാഥ് വര്‍ക്കല

Saturday, October 26, 2024

ജാനകീവധം

ജാനകീവധം

പുനരാഖ്യാനം ബി.ജി.എൻ വർക്കല


"ജാനകീ ...... രാഘവന്‍ വരുന്നുണ്ട് . ഭക്ഷണം എടുത്തു വയ്ക്കാന്‍ ഉള്ള ഏര്‍പ്പാടുകള്‍ ചെയ്യൂ." 
കൗസല്യയുടെ വാക്കുകള്‍ കേട്ട ജാനകി പെട്ടെന്നു തന്നെ തല്പത്തില്‍ നിന്നും എഴുന്നേറ്റ് കുശിനിപ്പുരയിലേക്ക് വേഗത്തില്‍ നടന്നു. കൗസല്യ ഉടനെ തന്നെ ജാനകി വരച്ചു വച്ച പലക എടുത്ത് തിരശ്ശീലയ്ക്ക് പിന്നിലേക്ക് മാറ്റി ആരും കാണാത്ത വിധം വച്ച ശേഷം സുമിത്രയുമൊത്ത് അറയിലേക്ക് നടന്നുപോയി. കൈകേയി പുറകെ ചെല്ലാന്‍ ഒരുങ്ങിയിട്ടു പെട്ടെന്നു തിരിഞ്ഞു തിരശ്ശീലക്കു പിറകില്‍ വച്ച പലക എടുത്തു പുറമെ കാണാന്‍ കഴിയുന്ന വിധത്തില്‍ വച്ചശേഷം ഗൂഢമായ ഒരു പുഞ്ചിരിയോടെ അവരുടെ പിന്നാലേ നടന്നു പോയി. 
മുറിവാതില്‍ക്കല്‍ രാഘവന്റെ കാലടി ശബ്ദം കേള്‍ക്കുമ്പോഴേക്കും ജാനകി കഴുകിത്തുടച്ച തൂശനിലയുമായി എത്തിക്കഴിഞ്ഞിരുന്നു . അകത്തേക്ക് വന്ന രാഘവന് ഇരിക്കാന്‍ അവള്‍ അടുത്തുകണ്ട പലക എടുത്തു മുന്നിലേക്ക് നീക്കി വച്ച് ഭവ്യതയോടെ കാത്തു നിന്നു. 

********
ജാനകിയുടെ സമൃദ്ധമായമുടിയില്‍ എണ്ണയിട്ടുകൊണ്ട് കൗസല്യയും ഇരുവശവും അവളുടെ മുഖത്ത് നോക്കി കൈകേയിയും സുമിത്രയും ഇരുപ്പുണ്ടായിരുന്നു. 
ലങ്കയിലെ വിശേഷങ്ങള്‍ കേട്ടു മതിയായിട്ടില്ല എന്നു തോന്നും മൂവരുടെയും ആകാംഷയും ചോദ്യങ്ങളും കേട്ടാല്‍ . ഇതിപ്പോള്‍ എത്രവട്ടമായി എന്നു ജാനകിക്കു നിശ്ചയമില്ല രാവണക്കോട്ടയുടെ കഥകള്‍ പറയുന്നത് . മുത്തും പവിഴവും തങ്കവും കൊണ്ട് അലംകൃതമായ രാവണരാജ്യം . ലങ്കയുടെ മഹിമ അയോദ്ധ്യക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല . ദൂതന്മാരും സഞ്ചാരികളും വര്‍ണ്ണിച്ച് കേട്ടിട്ടുള്ളതല്ലാതെ ആരും കണ്ടിട്ടുപോലുമില്ലാത്ത ആ സ്വര്‍ഗ്ഗഭൂമിയില്‍ ജാനകി കുറെക്കാലം ജീവിച്ചവള്‍ ആണെന്നതിനാല്‍ അവളുടെ വാക്കുകള്‍ക്ക് കൂടുതല്‍ തെളിമ ഉണ്ടാകും എന്നവര്‍ക്കറിയാം. അതുകൊണ്ടു തന്നെ അവര്‍ ചോദിച്ചുകൊണ്ടേയിരുന്നു സമയം കിട്ടുമ്പോള്‍ ഒക്കെ . അന്തപ്പുരം വിട്ടു പുറത്തു പോയിട്ടു എത്രയോ കാലമായി. ദശരഥന്‍ മരിക്കുകയും രാമനും ലക്ഷ്മണനും രാജ്യമുപേക്ഷിച്ചു കാട്ടിലേക്കും അധികാരം ഉപേക്ഷിച്ചു മുനിജനങ്ങളെപ്പോലെ ഭരതനും ശത്രുഘ്നനും ജീവിക്കുകയും ചെയ്ത അയോദ്ധ്യയില്‍ ഇത്രകാലവും അമാവാസിയായിരുന്നല്ലോ. അതിനാല്‍ത്തന്നെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ സീതയുടെ ചുറ്റും സമയം ലഭിക്കുമ്പോഴൊക്കെ മൂവരും എത്തിക്കൊണ്ടിരുന്നു. 
വിശേഷങ്ങള്‍ തിരക്കുന്നതിലെ ഉത്സാഹം പതിയെ രാവണന്റെ നേരെ ആയി മാറിയത് പൊടുന്നനെയായിരുന്നു. സത്യത്തില്‍ അതിന്റെ പിന്നിലെ ബുദ്ധി കൈകേയിയുടെ ആയിരുന്നു. ജാനകിയുടെ ഉള്ളില്‍ രാവണന്‍ ഉണ്ടോ എന്നറിയാനുള്ള ഒരു മാര്‍ഗ്ഗം തിരയലായിരുന്നു മൂന്നമ്മമാരിലും വളര്‍ന്ന് നിന്നത് . കുലവധൂടികള്‍ ആയ സ്ത്രീകള്‍ സ്വന്തം പുരുഷനെ അല്ലാതെ മറ്റൊരാളെ മനസ്സില്‍ പോലും നിനയ്ക്കാറില്ല എന്നതാണു ചട്ടം. അതാണ് ശാസ്ത്രങ്ങള്‍ പഠിപ്പിക്കുന്നതും. അതിനപ്പുറം അവള്‍ മറ്റൊരു പുരുഷനെക്കുറിച്ച്  ഓര്‍മ്മിക്കുകയോ സങ്കല്‍പ്പിക്കുകയോ എന്തിന് നോക്കുകയോ ചെയ്യുന്നത് പോലും സദാചാരസീമകള്‍ക്കപ്പുറം ആണ്. അതിനാല്‍ത്തന്നെ ജാനകിയുടെ ഉള്ളില്‍ രാവണന്‍ ഉണ്ടോ എന്നറിയുക അത്യാവശ്യമായി മാറിയിരിക്കുന്നു. അലക്കുകാരന്‍ പറഞ്ഞത് കേട്ടു രാഘവന്‍ ജാനകിയെ കാട്ടില്‍ ഉപേക്ഷിച്ചു എങ്കിലും രാജസൂയത്തോട് അനുബന്ധിച്ച് പുനര്‍ സംഗമം നടന്നത് എല്ലാര്‍ക്കും അറിയാമെങ്കിലും ഇപ്പഴും ജനങ്ങളുടെ മനസ്സില്‍ ഒരു കരട് കിടപ്പുണ്ട്. സ്ത്രീജിതനായി പേര് കേട്ട ഒരാള്‍ . അയാളുടെ തടങ്കലില്‍ ജാനകിയെപ്പോലൊരു സാധുവും സുന്ദരിയുമായ പതിവൃത എത്ര കാലം പിടിച്ച് നിന്നിരിക്കാം. ദേവ സ്ത്രീകള്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയായിരുന്നു എന്നു കേട്ടിട്ടുണ്ട്. അപ്പോള്‍ ജാനകി രാവണന് വെറും സാധാരണ ഒരു സ്ത്രീ മാത്രമല്ലേ. 
ഹനുമാന്‍ ജാനകിയെ , രാവണ വധത്തിന് ശേഷം രാഘവന്‍ പറഞ്ഞത് കേട്ടു വിളിച്ചുകൊണ്ടു വരുമ്പോള്‍ ജാനകി അണിഞ്ഞൊരുങ്ങി കുലവധൂ വേഷത്തില്‍ ആയിരുന്നു വന്നതെന്ന് കേട്ടിട്ടുണ്ട്. അത്രയും കാലം വിരഹ ദുഖം അനുഭവിച്ച ഒരുവള്‍ ആയിരുന്നില്ല രാഘവന്റെ മുന്നില്‍ വന്നു നിന്ന ജാനകി. ഹനുമാന്റെ അപേക്ഷ പ്രകാരമാണ് മുഷിഞ്ഞ വസ്ത്രങ്ങള്‍ മാറി , സ്നാനം ചെയ്തു ഒരുങ്ങി വന്നതെന്നത് പക്ഷേ രാഘവനോ കൂടെയുള്ളവര്‍ക്കോ മനസ്സിലായതുമില്ല. ശാസ്ത്രവും , വിധിയും, സമൂഹ നടപടികളും ഒക്കെ വിശദീകരിച്ചു നിര്‍ബന്ധിച്ച് ഹനുമാന്‍ ജാനകിയെ അണിഞ്ഞൊരുങ്ങി വരാന്‍ അപേക്ഷിക്കുമ്പോള്‍ അയാളുടെ മനസ്സിലും മറ്റൊരു ചിന്ത ഉണ്ടായിരുന്നു എന്നു കരുതാന്‍ വയ്യ. എന്തായാലും അത് കണ്ടതോടെ രാഘവന്റെയും കൂട്ടരുടെയും മുഖം കറുത്തു എന്നത് വാസ്തവം. നാട്ടുകാരുടെ വായടയ്ക്കാന്‍ എന്ന പേരിലാണെങ്കിലും രാഘവന്‍ അന്ന് അഗ്നിപരീക്ഷ നടത്തി ജാനകിയെ പരീക്ഷിക്കുകയും ചെയ്തിരുന്നുവല്ലോ. 
സംശയാസ്പദമായ ഒരു ദാമ്പത്യജീവിതമാണ് രാഘവന് എന്നും നയിക്കേണ്ടി വന്നത് എന്നതില്‍ അമ്മമാര്‍ക്ക് വേദനയുണ്ടാക്കിയിരുന്നു. അതില്‍ നിന്നും ഒരു മോചനം നല്കാന്‍ അവര്‍ പലവുരു കരുതിയതാണെങ്കിലും ജാനകിയെ കാട്ടില്‍ ഉപേക്ഷിച്ചു വന്നപ്പോഴും രാഘവന്‍ ബ്രഹ്മചര്യം സ്വീകരിക്കാന്‍ ആണ് തയ്യാറായത്. അതൊരു വലിയ പരാജയം തന്നെയായിരുന്നു തങ്ങളുടെ ഭാഗത്ത് നിന്നും സംഭവിച്ചത് എന്നത് അമ്മമാര്‍ ഓര്‍ക്കുന്നുണ്ടു എപ്പോഴും. ആ ഒരു കുറ്റബോധം ആണ് ജാനകിയെ പരീക്ഷിക്കാന്‍ കിട്ടുന്ന ഓരോ അവസരത്തിലും അവര്‍ ഉപയോഗിച്ചുകൊണ്ടിരുന്നതും. 
അമ്മമാരുടെ കൗതുകാന്വേഷണങ്ങളില്‍ രാവണന്റെ പരാമര്‍ശം വരുമ്പോഴൊക്കെ ജാനകി അസ്വസ്ഥത കാണിക്കാറുണ്ടായിരുന്നു. പക്ഷേ സ്ത്രീ സഹജമായ കാഴ്ചപ്പാടും , സംശയങ്ങളും അവരെ വിട്ടുപോയിട്ടില്ലായിരുന്നു. ഒടുവില്‍ അന്ന് അത് സംഭവിച്ചു. 
കൈകേയി ആണ് വിഷയം ആദ്യം എടുത്തിട്ടത് . ജാനകീ നീ എത്ര ഇല്ലെന്നു പറഞ്ഞാലും ഞങ്ങള്‍ വിശ്വസിക്കില്ല . രാവണനെ നീ കണ്ടിട്ടുണ്ട് ഒരിക്കലെങ്കിലും. അങ്ങനെയെങ്കില്‍ നിന്റെ ജീവിതത്തെ നശിപ്പിച്ച ആ ദുഷ്ടന്റെ മുഖം നീ ഒരിയ്ക്കലും മറക്കാന്‍ വഴിയില്ല. ഞങ്ങള്‍ ആണെങ്കില്‍ വയസ്സായി , മരിക്കാറായി. ഇനിയും ഞങ്ങൾക്ക് രാവണനെ കാണാന്‍ കഴിയുകയുമില്ല . ലോകം മുഴുവന്‍ ദുഷിക്കുകയും ശപിക്കുകയും ഭയക്കുകയും ചെയ്തിരുന്ന ആ ദുഷ്ടനെ മരിക്കും മുന്നേ ഒന്നു കാണാന്‍ കഴിയാതെ പോകുന്നത് ഈ ജന്മത്തില്‍ ഒരു വലിയ കുറവ് തന്നെയാകും. ജാനകിയ്ക്കു നന്നായി ചിത്രരചന അറിയാമല്ലോ . ഞങ്ങള്‍ക്കു കാണാന്‍ വേണ്ടി ഒരിക്കല്‍ മാത്രം രാവണനെ ഒന്നു വരച്ചു കാണിക്കാമോ. കൗസല്യയുടെയും സുമിത്രയുടെയും മുഖത്തും ഇതേ ആവശ്യവും ആകാംഷയും തിങ്ങി നില്‍ക്കുന്നത് കണ്ട ജാനകി ചകിതയായി. 
അമ്മേ , പതിവൃതയായ ഒരു സ്ത്രീയും ചെയ്യാന്‍ പാടില്ലാത്തത് ആണ് പരപുരുഷനെ ഓര്‍മ്മിക്കുകയോ അയാളെ സങ്കല്‍പ്പിക്കുകയോ ചെയ്യുക എന്നത്. എന്റെ ജീവിതത്തിലെ ആ കറുത്ത ദിനങ്ങളെ ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണ് ഇത്ര കാലവും. അതിനെ വീണ്ടും ഓര്‍മ്മിപ്പിച്ചു എന്നെ കഷ്ടത്തിലാക്കരുതേ . ലോക നിയമം പാലിക്കാന്‍ ബാധ്യസ്ഥരായ കുലസ്ത്രീകള്‍ ആണ് നമ്മള്‍ എന്നത് അമ്മമാര്‍ മറന്നുപോകുന്നുവോ . 
ജാനകി എന്തിന് വിഷമിക്കണം. ഈ അന്തപ്പുരത്തില്‍ നടക്കുന്നതൊന്നും പുറത്തറിയുന്നതല്ല. നമ്മള്‍ ആരും നമ്മുടെ  ചിത കൊളുത്താന്‍ ആഗ്രഹിക്കുന്നവരുമല്ല. അതിനാല്‍ ജാനകിയുടെ ഭയം അസ്ഥാനത്താണ്. ഇവിടെ ആരും ഇല്ല ആരും കടന്നുവരികയുമില്ല നമ്മുടെ അനുവാദമില്ലാതെ. 
അമ്മേ ലോകം എത്ര അറിയാതെ പോയാലും നമ്മള്‍ തെറ്റുകള്‍ ചെയ്യാന്‍ പാടുണ്ടോ . ശാസ്ത്രങ്ങള്‍ അനുസരിക്കാനുള്ളതല്ലേ . അവയെ നാം തന്നെ അവഗണിക്കുകയോ എതിര്‍ത്തു പെരുമാറുകയോ ചെയ്താല്‍ പിന്നെ പ്രജകള്‍ക്കെങ്ങനെ നാം നല്ലൊരു സന്ദേശം നല്കാന്‍ കഴിയും. അവരെ എങ്ങനെ നമുക്ക്  നയിക്കാന്‍ കഴിയും. എല്ലാ കണ്ണുകളും മറച്ചു വയ്ക്കാന്‍ കഴിയുമോ നമുക്ക് . 
മകളെ , നമ്മുടെ മനോരഥങ്ങള്‍ ഒന്നും തന്നെ സമൂഹത്തില്‍ നിന്നും വേറിട്ടതല്ല. നാം നമ്മുടെ മഹിമ കൊണ്ടും സ്ഥാനം കൊണ്ടും അവയെ ഗോപ്യമായി വയ്ക്കുന്നു എന്നതിനപ്പുറം നമുക്കാര്‍ക്കാണ് അതിനെ പൂര്‍ണ്ണമായും നിരാകരിച്ചുകൊണ്ടു ജീവിക്കാന്‍ കഴിയുക. 
വാദോപവാദങ്ങള്‍ക്കു ഒടുവില്‍ ജാനകി രണ്ടും കല്‍പ്പിച്ചു അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കാം എന്നു കരുതി അവിടെ ഉണ്ടായിരുന്ന പലക എടുത്തു അതിന്റെ അടി ഭാഗത്ത് രാവണനെ വരയ്ക്കാന്‍ ശ്രമിച്ചു. അവളുടെ മനസ്സ് പഴയ കാലത്തിലേക്ക് കുതിച്ചുപാഞ്ഞു. 
തന്നെ തട്ടിക്കൊണ്ടു പോകാന്‍ ആദ്യം പര്‍ണ്ണശാലയില്‍ വന്ന രാവണന്റെ മുഖത്ത് അവള്‍ കണ്ടത് ആരാധനയും അസൂയയും പ്രേമവും ആയിരുന്നു എന്നവള്‍ ഓര്‍ത്തെടുത്തു. തന്നെ തട്ടിയെടുത്ത് പുഷ്പക വിമാനത്തില്‍ കയറുമ്പോള്‍ അയാളുടെ മുഖത്ത് ഒരു വീരന്റെ ഗര്‍വ്വ് ആയിരുന്നു. ശിംശിപാ വൃക്ഷച്ചുവട്ടില്‍ പക്ഷേ പല സമയത്തും അയാള്‍ക്കു പല മുഖമായിരുന്നു. ചിലപ്പോള്‍ കാമപരവശന്‍ , ചിലപ്പോള്‍ ക്രോധത്താല്‍ തിളച്ചു നില്ക്കുന്നു ചിലപ്പോള്‍ വാശി മൂത്ത ഭാവം ചിലപ്പോള്‍ ദയനീയമായ അപേക്ഷഭാവം ചിലപ്പോള്‍ ദുഖിതനായ ഒരാള്‍ . അവസാനം കണ്ടപ്പോള്‍ അവശനും പരാജിതനുമായ ഒരാള്‍ ആയിരുന്നു രാവണന്‍ . 
മനസ്സിലെ എല്ലാ ഭാവങ്ങളും ഓര്‍ത്തെടുത്ത് അവള്‍ രാവണനെ വരച്ചു പൂര്‍ത്തിയാക്കി. പത്തു മുഖങ്ങള്‍ പത്തു ഭാവങ്ങള്‍ . അറിഞ്ഞോ അറിയാതെയോ അയാളുടെ ശരീരം അവള്‍ വരച്ചു തീരുമ്പോള്‍ അമ്മമാരില്‍ നിറഞ്ഞ കൗതുകം മെല്ലെ മാറി അതില്‍ അമ്പരപ്പ് ഭയം വിദ്വേഷം ലജ്ജ തുടങ്ങിയ പല ഭാവങ്ങള്‍ ആയി മാറുകയായിരുന്നു. അന്യപൂരുഷനെ നോക്കുന്നത് പോലും പാപമായിരിക്കുമ്പോള്‍ തന്നെ ഉപദ്രവിച്ച മനുഷ്യന്റെ എത്ര മുഖങ്ങള്‍ ഭാവങ്ങള്‍ ആണ് ജാനകി ഓര്‍ത്ത് വച്ചിരിക്കുന്നത് എന്നവര്‍ അത്ഭുതപ്പെട്ടു . അയാളുടെ ശരീരത്തിന്റെ കായ ബലവും അഴകും ഒരു പക്ഷേ അയാള്‍ക്കു പോലും ലജ്ജ തോന്നും വിധം അവള്‍ പകര്‍ത്തിയിരിക്കുന്നു . അതിനര്‍ത്ഥം ജനങ്ങള്‍ പിറുപിറുക്കുന്നത് ശരിതന്നെയാണെന്നല്ലേ. രാഘവന്‍ ജാനകിയെ അഗ്നിപരീക്ഷ ചെയ്തതിലോ കാട്ടില്‍ ഉപേക്ഷിച്ചതിലോ ഒരു തെറ്റുമില്ല എന്നവര്‍ക്ക് തോന്നി. അവള്‍ ഒരിയ്ക്കലും സത്യസന്ധയായിരുന്നില്ല എന്നും അവള്‍ പാപിനിയാണെന്നും അവര്‍ക്ക് തോന്നി. അയോധ്യയുടെ മേല്‍ വീണ കളങ്കം തന്നെയാണ് ജാനകി . രാഘവന്‍ ജാനകിയെ പരിണയിച്ച നാള്‍ മുതല്‍ അയോധ്യയുടെ മേല്‍ നിറഞ്ഞു നില്‍ക്കുന്നത് കരിനിഴലുകള്‍ മാത്രമാണു .പിന്നൊരിക്കലും അയോധ്യ സന്തോഷം എന്തെന്നറിഞ്ഞിട്ടില്ല. ഭരിക്കുന്നവരോ ഭരിക്കപ്പെടുന്നവരോ സന്തുഷ്ടരല്ലാതെ പോയ ഒരു കാലം . ഇത് അയോധ്യയുടെ മേല്‍ ഒരു കളങ്കമാണ്. സൂര്യവംശത്തിന് ഏറ്റ അപമാനം. 
ഈ ദുര്‍ഘടന എങ്ങനെ ആണ് അയോദ്ധ്യയില്‍ നിന്നൊഴിയുക. എങ്ങനെയാണ് ഇത് രാഘവനെ അറിയിക്കുക. അത് പാടുണ്ടോ . കൂടുതല്‍ ദുഖങ്ങളിലേക്കും ദുരിതങ്ങളിലേക്കും ആണ് അയോധ്യ കടന്നു പോകാന്‍ പോകുന്നതെന്ന് കൗസല്യ ഭയപ്പെട്ടു . സുമിത്രയുടെ മുഖത്ത് അതേ പരിഭ്രാന്തിയും സംശയവും വായിച്ചെടുക്കാന്‍ കഴിഞ്ഞു. പക്ഷേ കൈകേയി ചിരിക്കുകയായിരുന്നു ഉള്ളാല്‍. കഴിഞ്ഞു. ഇതോടെ ജാനകിയുടെ കാര്യം അവസാനിക്കുന്നു. ഒപ്പം രാഘവനും. ഈ വിവരം രാഘവന്‍ അറിഞ്ഞാല്‍ ജാനകിയുടെ ജീവന്‍ ആ നിമിഷം അവസാനിക്കും. പിന്നെ ദുഖഭാരം മൂലം രാജ്യം ഉപേക്ഷിച്ചു രാഘവനും എന്നെന്നേക്കുമായി അയോധ്യ വീടും. ഇനിയെങ്കിലും ഭരതന് രാജ്യം മനസമാധാനത്തോടെ ഭരിക്കാം. രാജമാതാവായി ഇനി എങ്കിലും എനിക്കും വാഴാമല്ലോ. 

*******
രാഘവന്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി പലകയിലേക്കിരിക്കുമ്പോള്‍ പലക തെന്നി പിറകിലോട്ട് പോയി. എന്തു പറ്റിയെന്ന് നോക്കാന്‍ പലക എടുത്തു നേരെയാക്കുമ്പോള്‍ ആണ് അതിന്റെ പിറകില്‍ വരച്ചിരിക്കുന്ന രാവണന്റെ ചിത്രം രാഘവന്‍ കണ്ടത്. അടിമുടി ഒരു തീക്കാറ്റു കടന്നുപോയി രാഘവന്റെയും ജാനകിയുടെയും ശരീരത്തില്‍ ഒരേ പോലെ. അവൾ ഭയന്ന് തളര്‍ന്ന് അടുത്തുള്ള ചിത്രത്തൂണില്‍ തന്റെ ശരീരം താങ്ങി നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ രാഘവന്റെ തീക്കണ്ണുകള്‍ ജാനകിയ്ക്കു മേല്‍ ആയിരുന്നു. 
ആരാണ് ഈ പലകയില്‍ രാവണന്റെ ചിത്രം വരച്ചത് . രാഘവന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ജാനകി ഓര്‍ത്തത് ഇതേ ശബ്ദമായിരുന്നന്ന് അഗ്നിപരീക്ഷയ്ക്ക് തന്നെ നിര്‍ബന്ധിക്കുമ്പോഴും രാഘവനെന്നായിരുന്നു. 
അത് ..... അമ്മമാര്‍ എന്നോടു രാവണനെ കാണണം എന്നു ആശ പറഞ്ഞപ്പോള്‍........ 
വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല ജാനകിയ്ക്കു അപ്പോഴേക്കും മതി എന്നര്‍ത്ഥത്തില്‍ രാഘവന്‍ കൈ എടുത്തു തടഞ്ഞു . ജാനകിയ്ക്കു ഇന്നുവരെ നമ്മെ ഒന്നു വരയ്ക്കാന്‍ ആയിട്ടില്ല പൂര്‍ണ്ണമായും. എന്തിന് പറയുന്നു ലവ കുശന്മാരെ വരച്ചിട്ടില്ല . പക്ഷേ , എത്ര ഗഹനമായി സൂക്ഷ്മമായി രാവണനെ വരച്ചിരിക്കുന്നു . ഇക്കണ്ട കാലം മുഴുവന്‍ ഞാനൊരു വിഡ്ഢി വേഷം കെട്ടുകയായിരുന്നു അല്ലേ. നമ്മുടെ മനസിനെ വഞ്ചിച്ചുകൊണ്ടു നമുക്കെങ്ങനെ ജീവിക്കാന്‍ കഴിയും ജാനകീ. 
അരുതു അങ്ങനെ ഒന്നും കരുതരുത് പറയരുതു . ഞാന്‍ ചിത്രം വരച്ചു എന്നത് ശരിയാണ് . പക്ഷേ അതിനര്‍ത്ഥം എന്റെ മനസ്സില്‍ ആ രൂപം ആണെന്ന് കരുതരുത് . അത് പാപമാണ്. എനിക്കു അങ്ങയോടുള്ള സ്നേഹവും ഭക്തിയും എന്നും അതേ നിലയില്‍ തന്നെയുണ്ട്. എന്റെ മനസ്സിലെയും ജീവിതത്തിലെയും പുരുഷന്‍ അങ്ങ് മാത്രമാണു. അങ്ങല്ലാതെ ആരും എന്നെ ......
ജാനകീ ...... പാഴ്വാക്കുകള്‍ കൊണ്ട് നീ തീര്‍ക്കുന്ന ഒന്നും തന്നെ പാപപരിഹാരം ആകുന്നില്ല . ഇനി ഈ ഭൂമിക്ക് ഭാരമായി നീയുണ്ടാകന്‍ പാടില്ല .ഇനിയും എന്റെ ജനതയെ അഭിമുഖീകരിക്കുവാന്‍ എനിക്കു കഴിയില്ല . ഞാന്‍ ഒരു കോമാളിയുടെ വേഷം ആണ് ആടുന്നതെന്ന് കരുതുന്നു. എനിക്കു ഇനിയും ഇത് കഴിയില്ല. 
ആദ്യമായി ജാനകിയുടെ കണ്ണുകളില്‍ രാഘവന്‍ പുതിയ ഒരു ഭാവം കാണുകയായിരുന്നു. 
അങ്ങേക്ക് എന്തു യോഗ്യതയാണുള്ളത് ഇനിയും എന്നെ അപമാനിക്കുവാന്‍. ശരിക്കും ഞാനല്ലേ ഇവിടെ കോമാളിയായി ജീവിക്കുന്നത്? ഒരു ഭാര്യ എന്ന നിലയില്‍ എന്റെ സംരക്ഷണം അങ്ങയുടെ ചുമതല അല്ലേ . അത് ചെയ്യാന്‍ മറന്ന അങ്ങേക്ക് എങ്ങനെയാണ് എന്റെ രക്ഷകന്‍ എന്ന ഭാവവും അധികാരവും ഭൂഷണമാകുന്നത് . 
ജാനകീ . ... എല്ലാം കാലത്തിന്റെ ആവശ്യമായിരുന്നു. കാലാകാലങ്ങളില്‍ സംഭവിക്കേണ്ടവ സംഭവിക്കുക തന്നെ വേണമല്ലോ. 
അതിനാലാണോ അങ്ങ് ഒരന്യപുരുഷന്‍ തട്ടിക്കൊണ്ടു പോയ ഭാര്യയെ പാടുപെട്ടു വീണ്ടെടുത്തത്. അതിനായിരുന്നോ അക്കണ്ട ജനങ്ങള്‍ക്ക് മുന്നില്‍ വച്ച് എന്നെ അവമതിക്കുകയും അവിശ്വസിക്കുകയും അഗ്നിപരീക്ഷ നടത്തുകയും ചെയ്തത് . അതിനാലാണോ ഏതോ വായാടി പറഞ്ഞ ഭോഷത്തരം കേട്ട് ഗര്‍ഭിണിയായ എന്നെ കാട്ടില്‍ ഉപേക്ഷിച്ചത് . ഇതാണോ രാജ ധർമ്മം. ഇതാണോ കൊട്ടിഘോഷിക്കുന്ന സൂര്യ വംശത്തിന്റെ മഹിമ . ഇതിലും നല്ലത് അങ്ങേന്നെ വീണ്ടെടുക്കാതിരിക്കുന്നതായിരുന്നു. വീണ്ടും വീണ്ടും മരിക്കാന്‍ വേണ്ടി അങ്ങെന്നെ വീണ്ടെടുക്കാതിരിക്കണമായിരുന്നു. 
ജാനകീ ..... നിന്റെ വാക്കുകള്‍ അതിര് കടക്കുന്നു. ഒരു പുരുഷന്റെ , ഭര്‍ത്താവിന്റെ കടമയാണ് തന്റെ ഭാര്യയെ രക്ഷിക്കുക എന്നത്. അതില്‍ എനിക്കു സംഭവിച്ച വീഴ്ചയാണ് നിന്നെ രാവണന്റെ കോട്ടയില്‍ എത്തിച്ചതെന്നറിയാം. പക്ഷേ അത് ദൈവവിധിയായിരുന്നു. ഞാന്‍ അവിടെ നിന്നും നിന്നെ വീണ്ടെടുത്ത് സകല പുരുഷന്മാരുടെയും അഭിമാനം ആണ് സംരക്ഷിച്ചത്. 
എന്തു അഭിമാനം . പുരുഷന്റെ അഭിമാനം എന്നത് സ്ത്രീയെ രക്ഷിക്കുന്നതില്‍ ആണോ ? അവളെ മനസ്സിലാക്കുകയും ഒപ്പം നടക്കുകയും ചെയ്യുന്നതിലാണ്. പരസ്പരം വിശ്വാസം നഷ്ടമാകുന്ന ഒരു ബന്ധത്തിലും ശാന്തിയും സമാധാനവും ഉണ്ടാകുന്നില്ല എന്നങ്ങേക്ക് മനസ്സിലാകുന്നില്ലേ ഇനിയും.  
അങ്ങ് കൊട്ടിഘോഷിക്കുന്ന പുരുഷത്വം , അന്യരുടെ വാക്കുകള്‍ കേട്ടു സ്വന്തം ഭാര്യയെ തീയില്‍ ചുട്ടെടുക്കുന്നതില്‍ അല്ല നിലനില്‍ക്കുന്നത് . ഗര്‍ഭാവസ്ഥയില്‍, സംരക്ഷിക്കപ്പെടേണ്ട കാലത്ത് വനത്തില്‍ ഉപേക്ഷിച്ചല്ല അത് തെളിയിക്കേണ്ടത്. എന്തിന് , കേവലം ഒരു ചിത്രം വരച്ചതിന്റെ പേരില്‍ കൊല്ലാന്‍ പുറപ്പെടുന്നതല്ല പുരുഷത്വം. എങ്ങനെയാണ് താങ്കളെ പ്രജകള്‍ പിന്തുടരുക . എങ്ങനെയാണ് താങ്കളെ ജനങ്ങള്‍ മാനിക്കുക. ചതിയിലൂടെയും വഞ്ചനയിലൂടെയും അങ്ങ് നേടിയെന്ന് കരുതുന്ന ഒരു വിജയവും വിജയമല്ല എന്നറിയുക. കൗശലം കൊണ്ട് മാത്രമാണ് അങ്ങ് യുദ്ധം ജയിച്ചു എന്നെ വീണ്ടെടുത്തത് . പക്ഷേ അത് ലോകത്തിന് മുന്നില്‍ സ്വന്തം പുരുഷത്വം തെളിയിക്കാന്‍ വേണ്ടിയുള്ള ഒരു കസര്‍ത്ത് മാത്രം. ഉള്ളിന്റെ ഉള്ളില്‍ അങ്ങ് പേറുന്ന അപകര്‍ഷതാബോധം കാലം അങ്ങേക്ക് നേരെ വിരല്‍ ചൂണ്ടുന്നതിന് കാരണമാകും എന്നറിയുക. 
ഒരു രാജാവെന്ന നിലയ്ക്ക് എന്റെ കടമയാണ് പ്രജകളെ സംരക്ഷിക്കുക എന്നതും അവരുടെ താത്പര്യങ്ങള്‍ നിവര്‍ത്തിക്കൊടുക്കുക എന്നതും. അതിനപ്പുറം ഞാന്‍ എന്റെ സ്വകാര്യതയ്ക്ക് അവിടെ സ്ഥാനം എങ്ങനെ നല്കും. രാജനീതി എന്തെന്ന് ജാനകിയ്ക്കു അറിയില്ല എന്നില്ലല്ലോ . 
അങ്ങ് പറയുന്ന രാജനീതി , അവിടത്തെ ഒരു പ്രജയായ എനിക്കും കൂടി അവകാശപ്പെട്ടതല്ലേ . ലോകത്തിന് മുന്നില്‍ പരിഹാസ്യയായി പതിതയായി നില്‍ക്കാന്‍ തക്കവണ്ണം എന്തു തെറ്റ് ഞാന്‍ ചെയ്തു. എന്നെ രാവണന്‍ പിടിച്ച് കൊണ്ടുപോയത് എന്റെ അനുവാദത്തോടെ ആയിരുന്നില്ല. അവിടെ അറിയാത്ത ഒരു സ്ഥലത്തു ഒറ്റയ്ക്ക് ഭയന്ന് കഴിഞ്ഞതും എന്റെ സമ്മതത്തോടെ അല്ലായിരുന്നു. പക്ഷേ എല്ലാവരും പറയുന്നതു പോലെ ഒരു മനുഷ്യന്‍ ആയിരുന്നു രാവണന്‍ എങ്കില്‍ അങ്ങെന്നെ തിരികെ കൊണ്ട് വരുമ്പോള്‍ ഞാന്‍ രാവണന്റെ പത്നിയായി അയാളുടെ വിധവയായി ആയിരുന്നെനേ. സുഗ്രീവന്റെ മുന്നിലേക്ക് താരയെ എങ്ങനെ ബാലിയെ കൊന്നു അങ്ങ് തിരിച്ചു കൊടുത്തോ ആ ഒരു അവസ്ഥ എന്തായാലും ജാനകിയ്ക്കു അവകാശപ്പെടാന്‍ കഴിയാത്ത വണ്ണം രാവണന്‍ മാന്യന്‍ തന്നെയായിരുന്നു. എന്നിട്ടും അങ്ങെന്നെ പരീക്ഷിച്ചു. ഗര്‍ഭിണി ആണെന്നറിഞ്ഞും കാട്ടില്‍ ഉപേക്ഷിച്ചു. രണ്ടു മക്കള്‍ അവര്‍ക്ക് അങ്ങയുടെ രൂപവും സൗന്ദര്യവും കണ്ടത് കൊണ്ട് മാത്രം എന്നെ തിരികെ കൊണ്ട് വന്നു. ഇപ്പോഴോ ….. വെറുമൊരു ചിത്രത്തിന്റെ പേരില്‍ അങ്ങെന്നെ കൊല്ലാന്‍ തുടങ്ങുന്നു. ഇത് രാജനീതി. ഇത് പുരുഷ ധർമ്മം. കൊള്ളാം നന്നായിരിക്കുന്നു അങ്ങയുടെ രാജ്യത്തിന്റെ ഭാവി ഇതില്‍ നിന്നാകും ഇനി മുന്നോട്ട് പോവുക. 
ലജ്ജയും അപമാനവും ക്രോധവും നല്കിയ ആവേശത്തില്‍ ജാനകിയുടെ നേരെ ക്രൂദ്ധനായി ഓടി അടുത്ത രാഘവനില്‍ നിന്നും രക്ഷപ്പെടുവാന്‍ വേണ്ടി ജാനകി മട്ടുപ്പാവിലേക്കു  ഓടിക്കയറി . പിറകെ അവളെ കൊല്ലുവാനുള്ള പകയുമായി രാഘവനും. ഒടുവില്‍ ഓടാന്‍ മുന്നില്‍ വഴിയില്ല എന്നു കണ്ട ജാനകി ഒരു നിമിഷം പകച്ചു നിന്നു. ജീവിതത്തോടും ലോകത്തോടുമുള്ള ഒടുങ്ങാത്ത പകയും വാശിയും അവളിലേക്ക് ഇരച്ചു കയറവേ മറ്റൊന്നും ചിന്തിക്കാതെ അവള്‍ താഴേക്കു ചാടി. ഓടിയടുത്ത രാഘവന്‍ ഇച്ഛാഭംഗത്തോടെ താഴേക്കു നോക്കി. കൊട്ടാരത്തിന് പുറത്തു സുരക്ഷയ്ക്കായി കെട്ടിയ അഗാധമായ കൊക്കയിലെവിടെയോ ജാനകി മറഞ്ഞു കഴിഞ്ഞിരുന്നു. രാഘവന്‍ ഇതികര്‍ത്തവ്യതാമൂഢനായി അകലേക്ക് നോക്കി നിന്നു . തനിക്ക് നേരെ വിരല്‍ ചൂണ്ടി ആര്‍ത്തട്ടഹസിക്കുന്ന പ്രജകളെ മനസ്സില്‍ കണ്ടു ശരീരം തളര്‍ന്നു രാഘവന്‍ ഇരുകൈകളും തലയില്‍ പിടിച്ച് കുനിഞ്ഞിരുന്നു പൊട്ടിക്കരയാന്‍ തുടങ്ങി. 
കൊട്ടാരം ഒരു വലിയ മൂകതയിലേക്ക് വീണപോലെ നിശബ്ദമായി കണ്ടു. ആകാശം കറുത്തുപോയി ...

Monday, July 31, 2023

മയിലുകള്‍ ശബ്ദിക്കുമ്പോള്‍



മയിലുകള്‍ ശബ്ദിക്കുമ്പോള്‍


അലക്സിന്റെ സന്ദേശം വാട്സപ്പി‌ല്‍ കേട്ടുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നു മയിലിന്റെ കരച്ചില്‍ അതില്‍ കേട്ടു. ഉള്ളിലേക്ക് ഒരു തണുപ്പ് അരിച്ച് കയറുന്നത് പോലെ, ഒരു തളര്‍ച്ചയില്‍ പൊടുന്നനെ വീണുപോയത് പോലെ. മറക്കാന്‍ ശ്രമിക്കുന്നതെന്തൊ അവ ശരങ്ങള്‍ പോലെ ശരീരത്തില്‍ പതിക്കുന്ന വേദന ... ഹോ ! അതൊരു വല്ലാത്ത അവസ്ഥയാണ് . ചില ശബ്ദങ്ങള്‍ , ചില നിറങ്ങള്‍ , ചില കാഴ്ചകള്‍ , മണങ്ങള്‍ നമ്മെ നാം മറക്കാന്‍ ശ്രമിക്കുന്ന ഇരുണ്ടതോ വെളിച്ചം നിറഞ്ഞതോ ആയ ഗുഹകളിലേക്ക് കൈപിടിച്ചു നടത്തും എന്നു തോന്നുന്നു . 

 

പഴയ ഓര്‍മ്മകളെ പൊടിതട്ടി എടുക്കാന്‍ പുതിയ കാലത്തിന്റെ സാങ്കേതികവിദ്യയില്‍ ഉരുത്തിരിഞ്ഞ ഒന്നാണല്ലോ കൂട്ടായ്മകള്‍. സ്കൂള്‍ തലത്തിലെ കൂട്ടുകാരുടെ ഓര്‍മ്മകള്‍ പോലും പൊടിഞ്ഞു തുടങ്ങുമ്പോഴാണ് എല്ലാവരെയും കുറിച്ച് ഒന്നറിയാനും പറ്റിയാല്‍ ഒന്നു കൂടിച്ചേരാനും ഒരാഗ്രഹം മനസ്സില്‍ ഉരുത്തിരിഞ്ഞത് . വിരസമായ പകലുകളില്‍, അധികമൊന്നും ചെയ്യാനില്ലാതെ വീടിനുള്ളില്‍ ഇരിക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് അനുഭവിക്കാത്തവര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകണമെന്നില്ലല്ലോ. കഴിയുന്നിടത്തോളം മുഖപുസ്തകവും, പരിചയക്കാരെയും ഒക്കെ തിരഞ്ഞുപിടിച്ചും അന്വേഷിച്ചും ഒടുവില്‍ പത്താം തരക്കാരുടെ ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി എന്നുപറയാം. എല്ലാവർക്കും വലിയ കൗതുകമായിരുന്നു അതിനാല്‍ത്തന്നെ പെട്ടെന്നു എല്ലാര്‍ക്കും ഒരു ഊര്‍ജ്ജം കൈവന്നപോലെ. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഒരാളില്‍ നിന്നും മറ്റൊരാള്‍ അങ്ങനെ ഒട്ടുമിക്കവരെയും ഗ്രൂപ്പില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഏറ്റവും സന്തോഷം തന്ന സംഗതി, എൻ്റെ നാട്ടുകാരനും കളിക്കൂട്ടുകാരനും ആയിരുന്ന വര്‍ക്കിയെ വീണ്ടും തിരികെ കിട്ടി എന്നതായിരുന്നു. രാജസ്ഥാനിലെ കോട്ടയില്‍ ഒരു കമ്പനിയില്‍ ജോലിയിലാണ് അവനെന്ന് പറഞ്ഞു. ഗ്രൂപ്പില്‍ നിന്നും അവനെ പ്രൈവറ്റ് മെസേജ് നല്കി പഴയ പരിചയത്തിന്റെയും സൗഹൃദത്തിന്റെയും വര്‍ണ്ണനൂലുകള്‍ ഇഴ അടര്‍ത്തിയെടുത്ത് ആസ്വദിക്കുമ്പോള്‍ ആ കാലത്തിലേക്ക് അറിയാതെ നാം കടന്നുപോകുകയായിരുന്നു. 

 

വര്‍ക്കിയും ഞാനും അയല്‍ക്കാരായതിനാലും ഒരേ പ്രായം ആയതിനാലും സ്കൂളില്‍ പോക്കും, മരംകേറി നടക്കലും ഒക്കെ ഒന്നിച്ചായിരുന്നു. തോട്ടുവക്കിലൂടെ മാനത്തുകണ്ണികളെ എണ്ണിയും, പുളവനെ കല്ലെറിഞ്ഞും, തവളക്കുഞ്ഞുങ്ങളെ പേടിപ്പിച്ചും, കൊറ്റികളെ പറത്തിവിട്ടുമൊക്കെ ആനന്ദിച്ചു നടന്ന കാലം.!

"വയസ്സറിയിച്ചിട്ടുമുണ്ടായില്ല കുരുത്തക്കേടുകളുടെ കുറവെന്ന്" ഉമ്മ വഴക്കു പറയുമായിരുന്നെങ്കിലും പറഞ്ഞും വായിച്ചും കേള്‍ക്കുന്ന നിബന്ധനകളും വിലക്കുകളും വളരെ കുറവായിരുന്നു വീട്ടില്‍. ആരും അന്നൊന്നും അതത്ര വലിയ കാര്യമായി കരുതിയിരുന്നില്ല വീട്ടില്‍ എന്നു തോന്നുന്നു. അതുകൊണ്ടു തന്നെ ബാല്യം ഒരു മനോഹരമായ ലോകവും അനുഭവവുമായിരുന്നു. സ്കൂളില്‍ പോകുന്ന വഴിക്കുള്ള കുരുത്തക്കേടുകള്‍ എല്ലാം വര്‍ക്കിയുടെ നേതൃത്വത്തിലായിരുന്നു. പോണപോക്കിലുള്ള പറമ്പുകളിലെ മാങ്ങ, പേരയ്ക്ക, നെല്ലിക്ക, ചാമ്പയ്ക്ക ഒക്കെയും ശേഖരിച്ചുള്ള യാത്രകള്‍ എത്ര രസാവഹമായിരുന്നു. ഇന്നാ പറമ്പുകളില്‍ മരുന്നിന് പോലും ഒരു പേരമരമോ നെല്ലിമരമോ ഒന്നും തന്നെ കാണാന്‍ ഇല്ല.

 

തുടര്‍ന്നുള്ള ദിവസങ്ങള്‍ വളരെ തിരക്കായിരുന്നു. മറ്റൊരു ജോലിക്കും സമയമില്ലാത്തപോലെ വര്‍ക്കിയോട് സംസാരിക്കുക, ഓര്‍മ്മകള്‍ പുതുക്കുക തുടങ്ങി ഒരുത്സവം തന്നെ. അവനോടു സംസാരിക്കുമ്പോള്‍ മിക്കവാറും, അല്ലെങ്കില്‍ അവന്‍ ആഡിയോ മെസ്സേജ് ഇടുമ്പോള്‍ മിക്കവാറും പരിസരത്ത് നിന്നും മയിലിന്റെ ശബ്ദം കേൾക്കാം. ആദ്യം അതെന്തെന്നറിയില്ലാരുന്നു. അവനാണ് പറഞ്ഞത് അത് മയിലാണ്. അവിടെ മയിലുകള്‍ സാധാരണമായി എപ്പോഴും പരിസരങ്ങളിൽ ഉണ്ടാകുമെന്നു. ഗ്രൂപ്പ് സജീവമായിരുന്നു എങ്കിലും അതിലും കൂടുതല്‍, അവിടത്തേക്കാള്‍ കൂടുതല്‍ സംസാരം നടന്നിരുന്നത് ഞാനും വര്‍ക്കിയും തമ്മിലായിരുന്നു. അത്തരം സംസാരങ്ങള്‍ക്കിടയിലാണ് വര്‍ക്കി ഒരു രഹസ്യം വെളിപ്പെടുത്തുന്നത്. അത്രയേറെ കൂട്ടായിരുന്നിട്ടും എന്നോടുപോലും പറയാതെ അവന്‍ മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു പ്രണയത്തിന്റെ കാര്യം. നിത്യയായിരുന്നത്. നിത്യ ക്ളാസ്സില്‍ അധികം ആരോടും സംസാരിക്കാത്ത ഒരു കുട്ടിയായിരുന്നു. കൂട്ടുകൂടാന്‍ പ്രയാസം തോന്നിച്ച ഒരാള്‍. അവള്‍ എപ്പോഴും ഒരകലം എല്ലാവരില്‍ നിന്നും പാലിച്ചിരുന്നതുപോലെ തോന്നിയിരുന്നു. പക്ഷേ വര്‍ക്കിക്ക് നിത്യയോട് പ്രണയം ഉണ്ടായിരുന്നു എന്നത് ഞാനറിഞ്ഞതെയില്ല. ഞാനെന്നല്ല ആരും. കാരണം അതവന്റെ മാത്രം ഉള്ളിലായിരുന്നല്ലോ. ഗ്രൂപ്പില്‍ നിത്യ വന്നപ്പോഴാണ് വര്‍ക്കി ആ രഹസ്യം എന്നോടു പറയുന്നതു. അവള്‍ ഇപ്പോള്‍ ദുബായിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു. ഭര്‍ത്താവും കുട്ടികളും അവിടെത്തന്നെയാണ്. വര്‍ക്കിക്കും ഇപ്പോള്‍ കുടുംബവും കുട്ടികളുമായി കഴിഞ്ഞിരിക്കുന്നു. എങ്കിലും അവന് അവളെ കണ്ടപ്പോള്‍ പഴയ ഓർമ്മ വരികയും എന്തോ ഒരു നോവവനെ പൊതിയുകയും ചെയ്തത് അവന്‍ വെളിപ്പെടുത്തി. പക്ഷേ അവര്‍ തമ്മില്‍ ഗ്രൂപ്പില്‍ പ്രത്യേകിച്ചു സംസാരം ഒന്നും ഉണ്ടായിരുന്നില്ല. പ്രകടമായ ഒരു പ്രത്യേകത, നിത്യ എല്ലാരോടും വളരെ സൗഹാര്‍ദ്ദപരമായി സംസാരിക്കുകയും പ്രതികരിക്കുകയും ഒക്കെ ചെയ്യുന്ന കാഴ്ചയായിരുന്നു. ക്രമേണ എന്നോടുള്ള വര്‍ക്കിയുടെ സംസാരം കുറഞ്ഞു തുടങ്ങി. ജോലിത്തിരക്ക്, കുടുംബ കാര്യങ്ങള്‍ എന്നിങ്ങനെ ഓരോ ഒഴിവുകഴിവുകള്‍ അവന്‍ സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒക്കെ പറഞ്ഞു തുടങ്ങി. എനിക്കത് വല്ലാത്ത നിരാശ തന്നു. എന്റെ മനസ്സിലെ പഴയ വര്‍ക്കിക്ക് ഇങ്ങനെ എന്നെ ഒഴിവാക്കാന്‍ കഴിയില്ല. എന്തിന് ഇക്കഴിഞ്ഞ കുറച്ചു നാളുകള്‍ അവന്‍ ആ പഴയ വര്‍ക്കി തന്നെയായിരുന്നല്ലോ. 

 

ഒടുവില്‍ ഒരു കൂടിക്കാഴ്ച എല്ലാവരും കൂടി പ്ലാന്‍ ചെയ്തു. നാട്ടിലെ പഴയ, അതേ വിദ്യാലയത്തില്‍ ഒരു ഞായറാഴ്ച കൂടിച്ചേരാന്‍ എല്ലാരും കൂടി തീരുമാനമായി. വിദേശത്തും അകലെയും ഒക്കെയുള്ള എല്ലാവരുടെയും സൗകര്യവും അവധിയും ഒക്കെ ഒന്നിച്ചുവന്ന ഒരു ഞായറാഴ്ച. അത്ഭുതം പോലെയായിരുന്നു ഓരോരുത്തരുടെയും ദർശനം. മുഖത്തിന് വലിയ വ്യത്യാസമൊന്നും കാലം വരുത്തിയിരുന്നില്ല ആര്‍ക്കും. ശരീരം പക്ഷേ പലരും പല വിധത്തിലായിക്കഴിഞ്ഞിരുന്നു. ചിലര്‍ നിത്യരോഗികളും. തുടക്കത്തില്‍ മസില്‍ പിടിത്തവും ഗൗരവവും ഒക്കെ ആയിരുന്നെങ്കിലും കുറച്ചു കഴിഞ്ഞതോടെ എല്ലാവരും പഴയ സ്കൂള്‍ കുട്ടികള്‍ ആയി. എനിക്കേറ്റവും വേദന തോന്നിയത് വര്‍ക്കി വരാതിരുന്നതിലാണ്. നിത്യയും മറ്റ് ചിലരും വന്നിരുന്നില്ല എങ്കിലും വര്‍ക്കിയുടെ അഭാവം എന്നെ വല്ലാതെ സങ്കടത്തില്‍ ആഴ്ത്തി. ഒഴിച്ച്കൂടാനാവാത്ത എന്തോ പ്രശ്നം കമ്പനിയില്‍ ഉണ്ടായതാണ് കാരണം എന്നവന്‍ എന്നോടു പറയുകയുണ്ടായി. അധികം നില്‍ക്കാതെ ഞാനും ഒഴിവുകഴിവുകള്‍ പറഞ്ഞു മടങ്ങിപ്പോയതും അതിനാല്‍ മാത്രമാണു. 

 

ആര്യയുടെ അടുത്തു കൂടുതല്‍ ഇടപഴകാന്‍ കഴിഞ്ഞു . അവള്‍ ആയിരുന്നു എന്റെ ബഞ്ചിൽ എനിക്കടുത്ത് ഇരുന്നിരുന്നവള്‍. അവളുടെ ഭര്‍ത്താവ് ദുബായില്‍ ആണ്. ഇടക്കിടക്ക് അവളും കുട്ടികളും അങ്ങ് പോകാറുണ്ട്. അവള്‍ നിത്യയെ കണ്ടിട്ടുണ്ട് ദുബായിലെന്ന് പറഞ്ഞു. ഒപ്പം രഹസ്യമായി ചില കാര്യങ്ങളും. നിത്യയുടെ കുടുംബ ജീവിതം അത്ര ഭദ്രമല്ല എന്നും അവൾക്ക് പുരുഷ സുഹൃത്തുക്കള്‍ ധാരാളം ഉണ്ട് എന്നും മറ്റും. സ്ത്രീ സഹജമായ ഒരു ചിന്തയും സദാചാര വിഷയവും ആയതിനാല്‍ ഞാനതിനോട് വലിയ താത്പര്യം കാണിച്ചില്ല . എന്നെ ബാധിക്കുന്ന വിഷയവുമല്ലല്ലോ അത്. 

 

നീണ്ട ഒരു ഇടവേള വന്നു അപ്പോഴേക്കും എനിക്കും വര്‍ക്കിക്കും ഇടയില്‍ . ഒരു ശുഭദിനം, ഒരു ആഘോഷ ദിനാശംസകൾ ഇവകളില്‍ ഒതുങ്ങുന്ന വാചകങ്ങള്‍ ആയി അവ കുറഞ്ഞു. കാണാതിരുന്നപ്പോള്‍ മറവിയില്‍ ആണ്ടു പോയ ഒരു ബാല്യകാല നഷ്ടമായിരുന്നു വര്‍ക്കി. പക്ഷേ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ആ നഷ്ടം നികന്നതായും വര്‍ക്കി പഴയ വര്‍ക്കിയായി കൂടെ ഉണ്ടാകും എന്നും സന്തോഷിച്ചുപോയതായിരുന്നു. ഭര്‍ത്താവും കുട്ടികളും ഒട്ടൊരു അസൂയയോടെയായിരുന്നല്ലോ വര്‍ക്കിയോടുള്ള എന്റെ സൗഹൃദം കണ്ടിരുന്നത്. അതിനാല്‍ത്തന്നെ അവന്റെ അഭാവം എന്നില്‍ വരുത്തിയ സങ്കടം അവര്‍ക്ക് ഊഹിക്കാനാവുമായിരുന്നു. അദ്ദേഹം പലപ്പോഴും എന്നെ ആശ്വസിപ്പിക്കാന്‍ വൃഥാ ശ്രമിക്കുകയും ചെയ്തിരുന്നു.

 

ആകസ്മികമായാണ് എനിക്കു വര്‍ക്കിയുടെ കാള്‍ വന്നത്. ഞാന്‍ ആദ്യം എന്തുപറയണം എന്നറിയാതെ പതറിപ്പോയി. സങ്കടവും ദേഷ്യവും ഒക്കെ ഇരച്ചു കയറിവന്നു. ആ ദേഷ്യത്തിനവനെ എന്തൊക്കെയോ വഴക്കുകള്‍ പറഞ്ഞു. കുട്ടിക്കാലത്തെ ഞങ്ങളാകുകയായിരുന്നു അപ്പോള്‍ നാം. എല്ലാം ക്ഷമയോടെ കേട്ടശേഷം അവന്‍ പറഞ്ഞു

"നീ വിഷമിക്കണ്ടടീ.. ഞാന്‍ നിന്നെ കാണാന്‍ വരുന്നു. ഞാന്‍ നാട്ടില്‍ ഉണ്ട്".

അത് കേട്ടപ്പോള്‍ എനിക്കു വലിയ സന്തോഷമായി.

"വേഗം വായോ"

എന്നു ഞാന്‍ പരിസരം മറന്നു വിളിച്ച്പറഞ്ഞു. അന്ന് വൈകുന്നേരം എനിക്കു ആദ്യമായി നിത്യയുടെ മെസ്സേജ് വന്നു. അവള്‍ എന്നെ കാണാന്‍ വരുന്നു. എന്നായിരുന്നു സന്ദേശം. ആദ്യം ഞാന്‍ ഒന്നമ്പരന്നു. കാരണം അവള്‍ നാട്ടില്‍ എത്തിയത് ഞാനറിഞ്ഞില്ല. അതുമല്ല അവള്‍ എന്നെ കാണാന്‍ വരുമെന്നതും. കൂടുതല്‍ ചിന്തിച്ചപ്പോള്‍ എനിക്കെന്തോ അതില്‍ ഒരു പ്ലാനിംഗ് ഉള്ളത്പോലെ. വര്‍ക്കിയും അവളും നാട്ടില്‍ എത്തിയിരിക്കുന്നു. അതിനര്‍ത്ഥം അവര്‍ തമ്മില്‍ എന്തെങ്കിലും ബന്ധം? എയ് അങ്ങനെ ഒന്നും കാണില്ല. ഉണ്ടെങ്കില്‍ അവന്‍ എന്നോടു അത് പറയുമായിരുന്നല്ലോ. 

 

അടുത്ത ബുധനാഴ്ച പത്തുമണിയോടടുപ്പിച്ചു എന്നെ ഞെട്ടിച്ചുകൊണ്ടു വര്‍ക്കി എന്റെ പൂമുഖ വാതിലില്‍ എത്തി. മണിയടിക്കുന്ന ശബ്ദം കേട്ട് ആരാന്നു അറിയാന്‍ ചെന്നു നോക്കുമ്പോള്‍ കണ്ടത് വര്‍ക്കിയും അവന്റെ പിന്നില്‍ ഒട്ടൊരു സങ്കോചത്തോടെ നില്‍ക്കുന്ന നിത്യയെയുമായിരുന്നു. ഉള്ളം കാലില്‍ നിന്നോരു വിറയല്‍ ശരീരമാകെ കടന്നു പോയത് പോലെ അനുഭവപ്പെട്ടു. സംയമനത്തോടെ രണ്ടുപേരെയും അകത്തേക്ക് ക്ഷണിച്ചു. ഒരു ചമ്മല്‍ വര്‍ക്കിയുടെ മുഖത്ത് കാണാമായിരുന്നു. സോഫയില്‍ ഇരുന്നു കുറച്ചുനേരം എന്തു സംസാരിക്കണം എന്നറിയാത്ത ഒരു പകപ്പ് മൂന്നുപേരിലും ഉണ്ടായിരുന്നു. പക്ഷേ വര്‍ക്കിതന്നെ അന്തരീക്ഷം തണുപ്പിച്ച്. “നിന്നോടു ഞാന്‍ പറഞ്ഞിരുന്നില്ലേ എനിക്കു നിത്യയോടുണ്ടായിരുന്നു പ്രണയത്തെക്കുറിച്ച്. അത് ഞാന്‍ അവളോടു പറഞ്ഞു. അവൾക്കും എന്നോടു അങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നു എന്നവള്‍ പറഞ്ഞപ്പോള്‍ ആണ് ഞാന്‍ ആകെ ത്രില്ലായത്. നേരത്തെ ഇവളത് ഒരു സൂചന തന്നിരുന്നെങ്കില്‍ ഇപ്പോള്‍ രണ്ടുപേരും രണ്ടിടങ്ങളില്‍ രണ്ടു ലോകത്താകില്ലായിരുന്നല്ലോ.”

“അതങ്ങനെയല്ല... നിത്യയുടെ തൊണ്ടയില്‍ വാക്കുകള്‍ കുരുങ്ങി... സാഹചര്യങ്ങള്‍ അങ്ങനെയായിരുന്നു. എന്റെ മാനസികാവസ്ഥ അന്നത് പറയാന്‍ കഴിയുന്ന വിധമല്ലായിരുന്നു.”

“എന്തായാലും ഇപ്പോള്‍ എല്ലാം കലങ്ങിത്തെളിഞ്ഞില്ലേ. പക്ഷേ നിങ്ങളുടെ ഈ പ്രണയം, രണ്ടുപേരുടെയും കുടുംബം എങ്ങനെ സ്വീകരിക്കും? നിങ്ങള്‍ക്കിത് ഇനിയൊരിക്കലും പരസ്യമാക്കാന്‍ കഴിയില്ലല്ലോ”

എന്റെ ആശങ്കകള്‍ ഞാന്‍ പങ്കുവച്ച്. അതിനെ ശരിവച്ചുകൊണ്ടു നിത്യയും സംസാരിച്ച്. വര്‍ക്കിക്കതിനെ എതിര്‍ത്തുകൊണ്ടൊന്നും പറയാന്‍ ഉണ്ടായിരുന്നില്ല. അല്പം സമാധാനത്തോടെ അടുത്തിരുന്നു സംസാരിക്കാനും കാണാനും വേണ്ടിയാണ് അവര്‍ ഒന്നിച്ച് എന്നെ കാണാന്‍ പ്ലാനിട്ടത് എന്നു വര്‍ക്കി പറയുമ്പോഴാണ് അവര്‍ തമ്മിലുള്ള പ്ലാന്‍ ആയിരുന്നു ഈ യാത്ര എന്നത് എനിക്കു മനസ്സിലാകുന്നത്. യാദൃശ്ചികത അല്ല അതിനുപിന്നില്‍ എന്നത് എനിക്കല്‍പ്പം ഈര്‍ഷ്യ നല്‍കിയെങ്കിലും വര്‍ക്കിയുടെ സന്തോഷത്തിന് ഞാന്‍ പ്രാധാന്യം നല്കി. അവര്‍ സംസാരിച്ചിരിക്കട്ടെ എന്നു കരുതി ഞാന്‍ അടുക്കളയിലേക്ക് കടന്നു. ഭക്ഷണവും മറ്റും തയ്യാറാക്കി വരുമ്പോള്‍ രണ്ടുപേരും സോഫയില്‍ അടുത്തടുത്തിരുന്നു എന്തൊക്കെയോ സംസാരിക്കുകയും ചിരിക്കുകയും ചെയ്യുകയായിരുന്നു. വര്‍ക്കിയുടെ വലതുകൈ നിത്യയുടെ കൈയ്യുമായി കോര്‍ത്ത് അവളുടെ മടിയില്‍ വച്ചിരിക്കുകയായിരുന്നു. എന്നെ കണ്ടതും വര്‍ക്കി പെട്ടെന്നു കൈ വലിച്ചെടുത്ത്. ഞാന്‍ അത് കാണാത്തപോലെ അടുത്തു ചെന്നിട്ട് ഭക്ഷണം കഴിക്കാം എന്നു പറഞ്ഞു. 

 

ഭക്ഷണമൊക്കെ കഴിഞ്ഞു ഒന്നു വിശ്രമിക്കാം എന്നു കരുതിയപ്പോഴാണ് സ്കൂളില്‍ നിന്നും കാള്‍ വന്നത് മകളുടെ കാര്യത്തിന്. എനിക്കു പെട്ടെന്നു അങ്ങോട്ട് പോകേണ്ടതുണ്ട് . 

“നിങ്ങളിരിക്ക് പോകരുതേ . ഞാന്‍ അരമണിക്കൂറിനുള്ളില്‍ വരാം എന്നും പറഞ്ഞു ഞാന്‍ വേഗം ആക്ടീവയുമെടുത്ത് സ്കൂളിലേക്ക് പോയി. മോള്‍ക്ക് ഒരു തല കറക്കം പോലെ വന്നതായിരുന്നു കാരണം. ഡോക്ടറുടെ അടുത്തു അവര്‍ കൊണ്ട് പോയിരുന്നു. കുഴപ്പമൊന്നുമില്ല അനീമിയാക്കാണത്രെ. അയണ്‍ ടോണിക്ക് ഡോക്ടര്‍ എഴുതി. എന്തായാലും അവളെ കൂടെക്കൂട്ടി തിരിച്ചു വീട്ടിലേക്ക് വന്നു. 

തിരികെ വരുമ്പോള്‍ അവര്‍ രണ്ടുപേരും സോഫയില്‍ ഉണ്ടായിരുന്നു. രണ്ടുപേരിലും ഒരു പരുങ്ങല്‍, ഒരു മാറ്റം തോന്നിയെങ്കിലും അത് കാര്യമായെടുക്കാന്‍ തോന്നിയ അവസ്ഥയായിരുന്നില്ല. അധികം വൈകാതെ, ചായ കുടിക്കാന്‍ നില്‍ക്കാതെ അവര്‍ തിരികെ പോയി. 

 

മകള്‍ക്ക് ബോണ്‍വിറ്റ കലക്കിക്കൊടുത്ത ശേഷം ബഡ്റൂമില്‍ ചെല്ലുമ്പോള്‍ ഒരു പ്രത്യേക ഗന്ധം അവിടെ തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. നിത്യയുടെ പെര്‍ഫ്യൂം ഗന്ധം. ഞാന്‍ വിരിച്ചിട്ടിരുന്ന ബഡ് ഷീറ്റ് ചുളുങ്ങി കാണപ്പെട്ടപ്പോള്‍ എനിക്കു പെട്ടെന്നു സംശയം വന്നത് ഞാന്‍ വിഴുങ്ങി.

 

രാത്രി വര്‍ക്കിയുടെ മെസ്സേജ് വന്നു. പഴയപോലെ വളരെ ഫ്രീയായി അവന്‍ സംസാരിച്ചപ്പോള്‍ എനിക്കു എന്റെ വര്‍ക്കിയെ തിരികെ കിട്ടി എന്നു ഞാന്‍ കരുതി. അവന്‍ ഇടക്ക്, 'ഒരു കാര്യം പറഞ്ഞാല്‍ നീ ദേഷ്യപ്പെടരുത്' എന്നു മെസ്സേജ് ഇട്ടപ്പോള്‍ 'ഇല്ല പറയൂ' എന്നു ഞാന്‍ മറുപടി കൊടുത്തു . 'അവര്‍ എന്റെ കിടക്ക ഉപയോഗിച്ചു. സാഹചര്യം അങ്ങനെ ചെയ്യാന്‍ ഇടവരുത്തി. എന്നോടു ക്ഷമിക്കണം' എന്നവന്‍ കുറിച്ചു. കുറച്ചുനേരം എനിക്കു ഒന്നും മറുപടി പറയാന്‍ ഇല്ലാത്ത പോലെ ഞാന്‍ മിണ്ടാതെ ഇരുന്നു. പിന്നെ ചിന്തിച്ചപ്പോള്‍ അവരുടെ പ്രണയത്തിനു ഇങ്ങനെയൊക്കെയേ ഒന്നിക്കുവാന്‍ കഴിയൂ എന്നത് ഒരു സത്യമാണല്ലോ അതിനാല്‍ ഇത് പൊറുക്കപ്പെടാന്‍ കഴിയാത്ത ഒരു തെറ്റായി തോന്നുന്നില്ല എന്നു ഞാന്‍ സമാധാനിച്ചു. 

 

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ തിരികെ പോയി എന്നു പറഞ്ഞു. പിന്നെപ്പിന്നെ വീണ്ടും അവൻ്റെ  മെസ്സെജുകള്‍ കുറയാന്‍ തുടങ്ങി. ഞാന്‍ ഇത്തവണ കര്‍ശനമായി തന്നെ അവനോടു ചോദിച്ചു.

"നീ എന്തുകൊണ്ടാണ് എനിക്കു മെസ്സേജ് അയക്കാത്തത് ? നിനക്കു സമയം ഇല്ല എന്ന കള്ളം പറയരുതു. എന്തായാലും അത് തുറന്നുപറയാന്‍ നിനക്കു സ്വാതന്ത്ര്യം ഉണ്ടല്ലോ എന്നോടു."

അപ്പോഴാണ് അവന്‍ അത് പറയുന്നതു. നിത്യയുമായി സംസാരിച്ചിരിക്കുന്നതിനാല്‍ ആണ് അവന് എന്നോടു മിണ്ടാന്‍ സമയം കിട്ടാത്തത്. മാത്രവുമല്ല നിത്യ, എനിക്കോ മറ്റ് സുഹൃത്തുക്കള്‍ക്കോ മെസ്സേജ് ചെയ്യാനോ കൂട്ടുകൂടാനോ പാടില്ല അവളുടെ മാത്രം ആയിരിക്കണം എന്നു നിര്‍ബന്ധം പിടിച്ചിരിക്കുന്നതിനാല്‍ ആണ് എന്നുകൂടി പറഞ്ഞപ്പോള്‍ എനിക്കവനോടു അനിഷ്ടം തോന്നി. അതോടെ അധികം മെസ്സെജുകള്‍ ഞാന്‍ അവന് അയക്കാതെ ആയി. എന്റെ മാനസിക പിരിമുറുക്കം ഞാന്‍ സ്വയം അടക്കുകയും അത് പുറമെ ഭാവിക്കാതെയും ഇരിക്കാന്‍ ശ്രമിച്ചു. 

 

ഒരുദിവസം ആര്യ വീണ്ടും മെസ്സേജ് ഇട്ടു. അവള്‍ ദുബായില്‍ ഉണ്ട് എന്നും. നിത്യയുടെ ലീലകള്‍ അറിഞ്ഞത് പങ്ക് വയ്ക്കുകയും ചെയ്തു. പബ്ബിലും മറ്റും പോകുകയും പുരുഷന്മാരുമായി കറങ്ങാന്‍ പോകുകയും ചെയ്യുന്നത് അവള്‍ പറഞ്ഞപ്പോള്‍ എനിക്കു പെട്ടെന്നു വര്‍ക്കിയോട് ഇവ പങ്ക് വയ്ക്കണം എന്നു തോന്നി. അവന്‍ മറ്റാരോടും മിണ്ടാന്‍ പാടില്ല എന്നു വാശിപിടിക്കുന്നവള്‍ അതൊക്കെ ചെയ്യുന്നത് അനീതിയായി എനിക്കു തോന്നി. പക്ഷേ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി വര്‍ക്കി എല്ലാം വായിച്ചശേഷം എന്നെ കഠിനമായി ശകാരിക്കുകയും വഴക്കു കൂടി പിണങ്ങുകയും ആണ് ചെയ്തത്. അവന്‍ എന്നോടു മിണ്ടാത്തത്തിന്റെ ചൊരുക്ക് തീര്‍ക്കാന്‍ ഞാന്‍ കളവ് പറയുന്നതാണെന്നും എനിക്കസൂയ ആണെന്നും എന്തോ ഒക്കെ അവന്‍ എഴുതി വിട്ടു. എനിക്കത് കഠിനമായ വിഷമമുണ്ടാക്കി. ഞാന്‍ വര്‍ക്കിയോട് ഇനി മിണ്ടില്ല എന്നു തന്നെ തീരുമാനിച്ചു. അടഞ്ഞ അദ്ധ്യായമായി ആ കളിക്കൂട്ടുകാരനെ ഞാന്‍ കരുതി. 

 

കുറച്ചു മാസങ്ങള്‍ക്ക് ശേഷം വര്‍ക്കിയുടെ ഒരു സന്ദേശം വഴിതെറ്റിയിട്ടെന്നപോലെ എനിക്കു വന്നു. ഞാനത് കണ്ടിട്ടും മിണ്ടാതെ ഇരുന്നു. അവന്‍ പിറ്റേന്ന് എന്നെ വിളിച്ച്. ഞാന്‍ പറഞ്ഞതും അറിഞ്ഞതും ഒക്കെ ശരിയാണ് എന്നും അവള്‍ ഇപ്പോള്‍ അവനോടു മിണ്ടാറില്ല എന്നും വര്‍ക്കി വളരെ സങ്കടത്തോടെ എന്നോടു പറഞ്ഞു. അവള്‍ ശാരീരിക ആവശ്യത്തിന് വേണ്ടി മാത്രമാണു എന്നെ ബന്ധപ്പെട്ടതെന്നും ആവശ്യം കഴിഞ്ഞതോടെ അവൾക്ക് ഞാന്‍ മടുത്തു എന്നും അവന്‍ പറഞ്ഞു. രണ്ടുപേരും രണ്ടു സ്ഥലത്തായതിനാല്‍ ഒന്നിച്ച് കൂടുക സാധ്യമല്ല എന്നതൊരു വലിയ കാര്യമായിരുന്നു അവര്‍ക്കിടയിലെ ബന്ധത്തില്‍. എന്തായാലും എന്നോടു ഒരു കുന്നു മാപ്പുകൾ ചോദിച്ചുകൊണ്ടു വര്‍ക്കി കാത്തു നിന്നു.

 

ഒരു സൗഹൃദത്തെ , പ്രണയത്തിന്റെ ക്ഷണികമായ ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കാനോ അവഗണിക്കാനോ കഴിയുക എന്നത് ശരിയായ, ആത്മാര്‍ഥമായ ഒന്നായി എനിക്കു തോന്നിയില്ല. അതിനാല്‍ തന്നെ വര്‍ക്കിയുടെ പിന്നീടുള്ള മെസ്സേജുകള്‍ക്ക് ഞാന്‍ കാര്യമാത്ര പ്രസക്തമായ മറുപടികള്‍ നല്കാതായി. ക്രമേണ വര്‍ക്കിക്ക് അത് മനസ്സിലായിട്ടാകാം അവന്റെ സന്ദേശങ്ങള്‍ എനിക്കും വരാതായി. ഇപ്പോള്‍ ഇതാ യാദൃശ്ചികമായി പരിചയപ്പെട്ട ഒരു സുഹൃത്തിന്റെ ശബ്ദ സന്ദേശത്തില്‍ അതേ മയിലുകളുടെ ശബ്ദം! ഒരു ശബ്ദത്തിന് മറവിയിലെ ഒരു വലിയ സന്തോഷത്തെ, കുഴിച്ചുമൂടിയ  ഒരു സൗഹൃദത്തിൻ്റെ മരിച്ചുപോയ ഓര്‍മ്മയെ തിരികെ കൊണ്ട് വരാന്‍ കഴിഞ്ഞിരിക്കുന്നു. എനിക്കു വര്‍ക്കിയെ ഒന്നു വിളിക്കണം എന്നു തോന്നിപ്പോകുന്നു. ഞാന്‍ എന്റെ മൊബൈല്‍ എടുത്തു.

@ബിജു ജി. നാഥ്

 ഷാർജ ഇന്ത്യൻ അസോസിയേഷൻ 2023 ഓണം സുവനീറിൽ പ്രസിദ്ധീകരിച്ചു.


Wednesday, January 13, 2021

ഗോപാലപുരാണം

കഥ
••••••••••••••••
ഗോപാലപുരാണം
ബിജു.ജി.നാഥ്‌ വർക്കല
•••••••••••••••••
സ്ഥിരം വയറുവേദനക്കാരനായ രോഗിയെ ഒരുവിധം സമാധാനിപ്പിച്ച് ഒന്ന് നടുനിവര്‍ക്കാന്‍ തുടങ്ങുമ്പോഴാണ് നല്ലപാതി വിളിച്ചതു . ഇടം കണ്ണ് തുടിക്കുന്നു അതിനാല്‍ വിളിച്ചതാണത്രേ. 'ഇടംകണ്ണ് തുടിച്ചാല്‍ ഇണക്ക് ദോഷം' എന്ന് വല്യമ്മ പറഞ്ഞു കൊടുത്തിട്ടുണ്ട്. എനിക്കിനി എന്തേലും ദോഷം വന്നോ എന്നറിയാന്‍ വേണ്ടി വിളിച്ചുറപ്പു വരുത്തിയതാണ് . നല്ല കാര്യം . ഇതിലും വലിയ ദോഷം എന്താണ് ഇനി വരാന്‍ ഉള്ളത് എന്നോര്‍മ്മിപ്പിക്കും മട്ടില്‍ അപ്പോഴാണ് ഗോപാലന്‍ വന്നുകയറിയത് .

“എന്താ ഗോപാലാ , എന്തൊക്കെയുണ്ട് വിശേഷം . ഒരുപാട് നാളായല്ലോ കണ്ടിട്ട്.”

ഓരോ രോഗിയും എനിക്ക് പരിചയക്കാര്‍ ആണ് അതിനാല്‍ത്തന്നെ അവരെ ഓര്‍മ്മിച്ചു വയ്ക്കുക എനിക്കൊരു വലിയ ഭാരമായി തോന്നിയിട്ടുമില്ല.

എന്റെ ചോദ്യങ്ങള്‍ പക്ഷെ ഗോപാലനെ തൊട്ടതേയില്ല എന്ന് തോന്നുന്നു. സ്വതേ ശോകാകുലമായ മുഖം കുറച്ചൂടെ ശോകമൂകമായി. ഒന്നും മിണ്ടാതെ മുന്നിലെ പരിശോധനാക്കസേരയില്‍ ഇരുപ്പുറപ്പിച്ചു അയാള്‍. ദീര്‍ഘമായ ഒരു നിശ്വാസം ഉതിര്‍ത്തുകൊണ്ട് അയാള്‍ എന്നെ നോക്കി.

“ഡോക്ടര്‍ .... എന്നെ ആരും മനസ്സിലാക്കുന്നില്ല. ഞാന്‍ പറയുന്നത് ആരും വിശ്വസിക്കുന്നില്ല.”

പതിവു വാചകം തന്നെ ഗോപാലന്‍ ആദ്യം ഉരുവിട്ടതില്‍ പക്ഷെ മുന്‍പരിചയം കൊണ്ട് എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. ഗോപാലന്‍ കരയുവാന്‍ തുടങ്ങിയിരുന്നു.

ഗോപാലന്‍ ഇതിനു മുന്‍പ് ഒരിക്കല്‍ എന്നെ കാണാന്‍ വന്നിരുന്നു. നാല്‍പ്പത് കഴിയാത്ത ഒരു യുവാവാണ് ഗോപാലന്‍ . കൃശഗാത്രനായ അയാള്‍ വേഷവിധാനങ്ങളില്‍ വലിയ ശ്രദ്ധ ഒന്നും നല്‍കിക്കണ്ടിരുന്നില്ല. അയഞ്ഞ ഒരു കൂര്‍ത്തയും നിറം മങ്ങിയ പഴയ ഒരു ജീന്‍സും ആണ് അന്നുമയാളുടെ വേഷം. ക്രമം തെറ്റി വളര്‍ന്ന മുടിയും താടി മീശയും അയാളെ അശാന്തനായ ഒരു മനുഷ്യനെ ഓര്‍മ്മിപ്പിച്ചു . ഒതുക്കമില്ലാത്ത കോലന്‍ മുടി ഫാനിന്റെ കാറ്റില്‍ പറന്നു മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു.

വിചിത്രമായ ഒരസുഖവുമായായിരുന്നു ഗോപാലന്‍ ആദ്യമായി എന്റെ മുന്നിലേക്ക് വന്നത് . മെലിഞ്ഞു നീണ്ട തന്റെ വലംകൈ ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞത് കേട്ട് ഞാന്‍ വിസ്മയിച്ചുപോയി.

“ഡോക്ടര്‍, നോക്കൂ എന്റെ കൈ മുറിഞ്ഞു പോയിരിക്കുന്നു . വേദന സഹിക്കാന്‍ കഴിയുന്നില്ല.”

അസഹ്യമായ വേദനയാല്‍ ചുളിയുന്നുണ്ടായിരുന്നു അത് പറയുമ്പോഴും അയാളുടെ മുഖം. അയാള്‍ക്ക് എന്തേലും മാനസികമായ അസുഖമുണ്ടോ എന്ന് ഞാന്‍ സംശയിച്ചുപോയി. എങ്കിലും അയാളെ നിരാശനാക്കാതെ കൈ പിടിച്ചു നാഡിമിടിപ്പും മറ്റും നോക്കി . എല്ലാം നോര്‍മല്‍ ആണ് . പക്ഷെ ആ കൈയ്യില്‍ തൊട്ടതോ പിടിച്ചതോ ഒന്നും അയാള്‍ അറിയുന്നുണ്ടായിരുന്നില്ല. സംശയം മാറ്റാന്‍ അയാള്‍ അറിയാതെ ഞാനയാളെ ഒന്നു നുള്ളി നോക്കി . ഒരു ഭാവഭേദവുമില്ലാതെ അയാള്‍ എന്നെ നോക്കിയിരിക്കുകയായിരുന്നു.

ഇത്തരത്തില്‍ ഒരു രോഗി ആദ്യമായാണ്‌ എനിക്ക് എന്നതുകൊണ്ട്‌ വളരെ താത്പര്യം തോന്നി . വിശദവിവരങ്ങള്‍ അറിയണം എന്നു കരുതി അയാളോടു സംസാരിക്കാന്‍ തന്നെ തീരുമാനിച്ചു.

“ഗോപാലന് എപ്പോള്‍ മുതല്‍ ആണ് കൈ നഷ്ടമായത്.?”

ഞാന്‍ അയാളെ മനസ്സിലാക്കുന്നു എന്ന ബോധം അയാളില്‍ എന്നെ വിശ്വസിക്കാന്‍ തോന്നിപ്പിച്ചു എന്ന് മുഖഭാവം പറയുന്നുണ്ടായിരുന്നു. അയാള്‍ അത് പറയാന്‍ ഉള്ള ഒരു തുടക്കം തേടും പോലെ എന്നെത്തന്നെ നോക്കി ഇരുന്നു.

“ഡോക്ടര്‍ ഞാന്‍ ഒരനാഥന്‍ ആണ്. തെരുവിലെ ജീവിതമാണ് എന്റേത്.”

അയാള്‍ പറഞ്ഞു തുടങ്ങി . ഒരു തെരുവ് ജീവിതത്തിന്റെ ഭാഷയോ , സംസ്കാരമോ അല്ല അയാള്‍ കാണിക്കുന്നതല്ലോ എന്നോര്‍ത്തുവെങ്കിലും, ഞാന്‍ അയാളെ തടസ്സപ്പെടുത്താതെ കേട്ടിരിക്കാം എന്ന് തന്നെ കരുതി.

“തെരുവിലെ ജീവിതം, തെരുവിന്റെ സംഗീതം ഇതൊന്നും ഡോക്ടര്‍ക്ക് പറഞ്ഞാൽ മനസ്സിലാകില്ല. ഞാനത് വിശദീകരിക്കാന്‍ ശ്രമിക്കുന്നുമില്ല. എല്ലാരെയും എല്ലായ്പ്പോഴും ഒരു പോലെ കാണാന്‍ കഴിയുന്ന ഒരു ലോകം ആണെന്റേത്. ജീവിതത്തെ ഞാന്‍ ഒരു ചരടു പൊട്ടിയ പട്ടം പോലെ  വിടുന്നതും അതുകൊണ്ടാണ്.”

ഏതോ മധുരതരമായ ഒരു ലോകത്തേക്ക് ഗോപാലന്‍ സഞ്ചരിക്കുന്നത് ഞാന്‍ കണ്ടു . അവിടെ അയാള്‍ ജീവിതത്തിന്റെ സുഗന്ധം ആസ്വദിക്കുന്നുണ്ട് എന്ന് തോന്നുന്നുണ്ട് മുഖഭാവത്തിലൂടെ.

“എന്റെ ജീവിതത്തിനു കടപ്പാട് രാമുവിനോട് ആണ്. പലപ്പോഴും എന്റെ ജീവിതത്തിനെ വഴിതിരിച്ചു വിടാന്‍ അവന്‍ എന്നെ സഹായിച്ചിട്ടുണ്ട് . ഒരിക്കലും വിശക്കാന്‍ എനിക്ക് അവസരം തരാതെ അവന്‍ എനിക്ക് അന്നം കാട്ടിത്തന്നിരുന്നു. ഒരു പരാതിയും കൂടാതെ ഞങ്ങള്‍ ഭക്ഷണം പങ്കിട്ടു കഴിച്ചിരുന്നു. എത്ര കാലമായി രാമുവും ഞാനുമൊന്നിച്ചുനടക്കാന്‍ തുടങ്ങിയിട്ട് എന്നെനിക്കറിയില്ല. എന്റെ എല്ലാ അനുഭവങ്ങളിലും ഒരു നിശബ്ദ സാന്നിധ്യമായി അവന്‍ ഉണ്ടായിരുന്നു . പക്ഷെ ....”

ഓര്‍ക്കാന്‍ കഴിയാത്ത എന്തോ ഒരു ഓര്‍മ്മയിലെന്ന പോലെ ഗോപാലന്‍ പുളഞ്ഞു. അയാളുടെ മുഖം വേദന കൊണ്ട് കോടുന്നുണ്ടായിരുന്നു.

പതിയെ അയാളെ ആശ്വസിപ്പിക്കാന്‍ എന്ന വണ്ണം അയാളുടെ കൈപ്പത്തിക്കു മീതെ കൈയ്യമര്‍ത്തി. അയാള്‍ ദയനീയമായി എന്നെത്തന്നെ നോക്കി .

“ചീറിപ്പാഞ്ഞു വന്ന ഒരു പാണ്ടിലോറി എന്റെ രാമുവിനെ വെറും മാംസക്കഷണങ്ങളായി ......”

വാക്കുകള്‍ മുറിഞ്ഞു തുടങ്ങി . അയാള്‍ കരയാന്‍ തുടങ്ങി . ഞാന്‍ മെല്ലെ എഴുന്നേറ്റു അയാളുടെ തോളില്‍ തട്ടി . പിന്നെ അയാളുടെ വലതു കൈ തടവിക്കൊടുത്തു . അലിവോടെ അയാളെ നോക്കിയപ്പോള്‍ അയാള്‍ ശാന്തനാകാന്‍ തുടങ്ങി . കൈ വേദനയ്ക്ക് ചില ട്രാങ്കലൈസറുകളും ഡിപ്രഷന്‍ റിലീഫ് ടാബും എഴുതിക്കൊടുത്തു. അത് കഴിച്ചു കുറവില്ലെങ്കില്‍ വരാന്‍ പറഞ്ഞയാളെ യാത്രയാക്കുമ്പോള്‍ എന്റെ മനസ്സില്‍ ഒരു ശൂന്യത വന്നു മൂടുന്നുണ്ടായിരുന്നു. ചുവരില്‍ തൂക്കിയിട്ടിരുന്ന  യുദ്ധക്കളത്തില്‍ അര്‍ജ്ജുനനു വലംകൈയായി നില്‍ക്കുന്ന കൃഷ്ണന്റെ ചിത്രത്തെ നോക്കി ഞാന്‍ മെല്ലെ കണ്ണുകള്‍ അടക്കുമ്പോള്‍ ഗോപാലന്‍ ശൂന്യമായ വലംകൈയ്യുമായി വേച്ചുവേച്ചു പുറത്തേക്ക് നടക്കുകയായിരുന്നുവല്ലോ.

ഇപ്പോള്‍ എന്താകും ഗോപാലന്റെ പുതിയ പ്രശ്നം എന്നോര്‍ത്തു ഞാന്‍ ഉത്കണ്ട്ഠയോടെ അയാളെ നോക്കി.

“എങ്ങനെയുണ്ട് ഗോപാലാ കൈ വേദന. ഇപ്പോള്‍ എന്തു തോന്നുന്നു .?”

“ഞാന്‍ അതുമായി പൊരുത്തപ്പെട്ടു ഡോക്ടര്‍. ഇപ്പോള്‍ വേദന അറിയാറില്ല. നഷ്ടപ്പെട്ടത് തിരികെ കിട്ടില്ലല്ലോ. ഞാനത് മനസ്സിലാക്കുന്നു. ഇനി മരിക്കും വരെ ഈ വേദന ഞാന്‍ സഹിക്കണം.”

നഷ്ടമായതായി വിശ്വസിക്കുന്ന വലതു കൈയുടെ മുകളില്‍ കൈകളോടിച്ചു അയാള്‍ സ്വയം ആശ്വാസം കൊള്ളുകയായിരുന്നു.

“ഡോക്ടര്‍ ... അങ്ങേക്ക് എപ്പോഴെങ്കിലും തോന്നിയിരുന്നോ ഞാന്‍ പറയുന്നത് കളവാണെന്ന് . “

അയാള്‍ ചോദ്യഭാവത്തില്‍ എന്റെ മുഖത്തു തന്നെ നോക്കിയിരുന്നു.

അയാളെ നിരാശപ്പെടുത്താന്‍ എന്നിലെ ഡോക്ടര്‍ക്ക് കഴിയുമായിരുന്നില്ല. ഞാന്‍ ഇല്ലെന്നു തലയാട്ടുക മാത്രം ചെയ്തു.

“ഡോക്ടര്‍ മാത്രമേ എന്നെ വിശ്വസിച്ചിട്ടുള്ളൂ. അതുകൊണ്ടാണു ഞാന്‍ വീണ്ടുമിവിടേക്ക് വന്നത്”

അയാള്‍ ഒന്നു നിര്‍ത്തി എന്റെ മുഖത്തേക്ക് വീണ്ടും നോക്കി . ഞാന്‍ പുഞ്ചിരിയോടെ തുടരാന്‍ അയാളോട് തലകൊണ്ട് ആംഗ്യം കാട്ടി.

ഇടതു കൈ മേശമേല്‍ അമര്‍ത്തിപ്പിടിച്ചു അയാള്‍ മുന്നോട്ടാഞ്ഞിരുന്നു .

“നോക്കൂ ഡോക്ടര്‍ , എനിക്കെന്റെ ഇടം കണ്ണ് നഷ്ടമായിരിക്കുന്നു .”

ഞാന്‍ ഒന്നു ഞെട്ടി പിറകോട്ടു ചാരി. ഒരുപോലെ തിളങ്ങുന്ന , ചലിക്കുന്ന അയാളുടെ കണ്ണുകളില്‍ എന്താണ് പ്രശ്നം? എനിക്ക് സുബോധം ഇല്ലാത്തതാണോ അതോ അയാള്‍ ശരിക്കും സുബോധം നഷ്ടപ്പെട്ട ഒരു മനുഷ്യനാണോ? കണ്ണാടി എടുത്തു തുടച്ചു കണ്ണുകള്‍ അമര്‍ത്തി തുടച്ചു മുന്നോട്ടിരിക്കെ ഗോപാലന്റെ കണ്ണിനു എന്താണ് പറ്റിയത് എന്നറിയാന്‍ എനിക്ക് ആകാംഷയായിക്കഴിഞ്ഞിരുന്നു.

എന്റെ ആകാംഷ മനസ്സിലാക്കിയ മട്ടില്‍ അയാള്‍ തനിക്ക് കാഴ്ച നഷ്ടപ്പെട്ട കഥ പറയാന്‍ തുടങ്ങി .

“രാമുവിന്റെ അഭാവം എന്റെ ജീവിതത്തെ വല്ലാതെ നിരാശയിലാഴ്ത്തി. ജീവിതത്തോടുള്ള എല്ലാ ആഗ്രഹങ്ങളും നശിച്ച ഞാന്‍ മരിക്കുന്നതിനുള്ള ചിന്തയിലായിരുന്നു ഇവിടന്നു പോയതിനു ശേഷം . ഭക്ഷണത്തോടുള്ള പ്രതിപത്തി ഒക്കെ നഷ്‌ടമായ ഞാന്‍ അത് പാടെ മറന്നപോലെ ആയിരുന്നു പിന്നീടങ്ങോട്ട്.”

അയാളുടെ നോട്ടം എന്നെയും തുളച്ചു കടന്നു പോകുകയും അത് ലക്ഷ്യമില്ലാത്ത ഒരു ദിശയില്‍ ഓടിത്തളരുന്നതും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു . ഇരുണ്ട ഇടനാഴിയിലൂടെ സംസാരിച്ചു നീങ്ങുന്ന ഒരു അവശനായ മനുഷ്യനെ ഓര്‍മിപ്പിച്ചു ഗോപാലന്റെ ശബ്ദം.

“സുശീല എന്നെ കണ്ടെത്തുന്നത് , അതോ ഞാന്‍ സുശീലയെ കണ്ടെത്തുന്നതോ അക്കാലത്താണ് . എന്റെ വിശപ്പും ദാഹവും കണ്ടെത്തി എനിക്ക് തണലായി അവളെന്നെ ഏറ്റെടുക്കുകയായിരുന്നു. പകല്‍ മുഴുവന്‍ ഉറങ്ങുകയും രാത്രി ഉണര്‍ന്നിരിക്കുകയും ചെയ്തിരുന്ന അവള്‍ക്ക് ' എന്നെ കണ്ടെടുത്തതോടെ പകല്‍ ഉറക്കം മുടങ്ങി എന്നതാണ് അവളില്‍ ഉണ്ടായ മാറ്റം .”

അയാളുടെ വാക്കുകളില്‍ അവളോടുള്ള സ്നേഹവും , ബഹുമാനവും സ്ഫുരിക്കുന്നത് കാണാമായിരുന്നു. അയാളെ നിരാശനാക്കാന്‍ ഞാന്‍  തയ്യാറായിരുന്നില്ല. അയാളെ പറയാന്‍ വിട്ടുകൊണ്ട് ഞാന്‍ മെല്ലെ കസേരയിലേക്ക് ചാഞ്ഞു.

“രാമൂന്റെ അഭാവം മൂലം വേദന അനുഭവിച്ചിരുന്ന എന്നെ അവള്‍ സ്നേഹിക്കാന്‍ തുടങ്ങിയപ്പോള്‍ വേദന ഞാന്‍ മറക്കുകയായിരുന്നു . നഷ്ടമായ കൈക്ക് പകരം എനിക്കവള്‍ ഉണ്ടല്ലോ എന്ന ആശ്വാസം. ദിവസങ്ങള്‍ കടന്നു പോകവേ അവള്‍ ഇല്ലാതെ ഒരു ദിവസവും കടന്നു പോകാന്‍ കഴിയില്ലെന്ന അവസ്ഥയിലേക്ക് ഞാന്‍ എത്തിച്ചേരുകയായിരുന്നു. “

തുടരാന്‍ കഴിയാതെ അയാള്‍ ശ്വാസംമുട്ടനുഭവിക്കുന്നത് മനസ്സിലാക്കിയപ്പോള്‍ മുന്നിലേക്ക്‌ ജഗ്ഗില്‍ നിന്നും ഗ്ലാസ്സില്‍ തണുത്ത വെള്ളം ഒഴിച്ചു വച്ചുകൊടുത്തു. ആര്‍ത്തിയോടെ ആ വെള്ളം കുടിച്ച അയാള്‍ വീണ്ടും വേണം എന്ന് കാണിച്ചു ഞാന്‍ കുറച്ചു കൂടെ ഒഴിച്ചു കൊടുത്തു . അതും ഒറ്റവലിക്കു കുടിച്ചു അയാള്‍ ചിറി തുടച്ചു കുറച്ചു നേരം കണ്ണടച്ചു നെറ്റിതടവി കുനിഞ്ഞിരുന്നു.

“ഡോക്ടര്‍ ..... അവളെ കാണാനില്ല  മിനിഞ്ഞാന്ന് രാത്രിമുതല്‍....”

അയാള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പെട്ടെന്ന് പറഞ്ഞു . ഞാന്‍ ഒന്ന് ഞെട്ടിപ്പോയി ആ പൊടുന്നനെയുള്ള വികാരപ്രകടനത്തിലും ശബ്ദത്തിലും.

“എങ്ങനെ ? എവിടെപ്പോയി ..?”

എന്റെ നാവില്‍ നിന്നും അറിയാതെ ചോദ്യങ്ങള്‍ ചിതറിവീണു.

“അറിയില്ല ഡോക്ടര്‍ . ഞാന്‍ ഇനി തേടാന്‍ തെരുവിലൊരിടം ഇല്ല. എന്റെ ഒറ്റക്കണ്ണിലൂടെ എനിക്ക് ഒന്നും ശരിക്കും കാണാന്‍ കഴിയുന്നില്ല. എനിക്ക് മുന്നില്‍ ശൂന്യത മാത്രം .”
വേദനയ്ക്ക് പഴയ മരുന്നും ,മേശ വലിപ്പില്‍ കിടന്ന കറുത്ത കണ്ണടയും നല്‍കി അയാളെ യാത്രയാക്കുമ്പോള്‍ ഞാനറിയാതെ എന്റെ കണ്ണുകള്‍ രണ്ടും മാറി മാറി അടച്ചു കാഴ്ച പരിശോധിച്ചുപോയി. പിറുപിറുത്തുകൊണ്ട് അയാള്‍ തപ്പിത്തടഞ്ഞു പുറത്തേക്ക് പോകുകയായിരുന്നു അപ്പോള്‍. വീണ്ടും എന്റെ ഫോണ്‍ മണിയടിക്കാന്‍ തുടങ്ങി . ഓ അവളാണ് . ഇടം കണ്ണിന്റെ തുടിപ്പ് മാറിയോ എന്തോ.

ഇനിയും നഷ്‌ടമായ ഒരവയവുമായി കടന്നു വന്നേക്കാവുന്ന ഗോപാലനെ കാത്തു ഞാന്‍ ഇപ്പോൾ എന്നും മുടങ്ങാതെ ഇപ്പോള്‍ ക്ലിനിക്ക് തുറന്നു വയ്ക്കുന്നുണ്ട്‌ . അയാള്‍ എനിക്ക് വല്ലാത്ത ഒരു പ്രതീക്ഷയും ഇഷ്ടവും പതിയെ തന്നു തുടങ്ങിയിരിക്കുന്നു .
©️®️✍🏼 ബി.ജി.എൻ വർക്കല

Saturday, May 7, 2016

യന്ത്ര മനുഷ്യര്‍


പുറത്തെ നിലാവിലേക്ക് നോക്കി നില്‍ക്കുന്ന രശ്മിയുടെ പിറകിലേക്ക് ആകാശ് ഒരു കള്ളനെ പോലെ പതുങ്ങി വന്നു ജനലഴികളിലേയ്ക്ക് ഉയര്‍ത്തി വച്ച കൈകള്‍ക്കിടയിലൂടെ അവളുടെ നഗ്നമായ മുലകളെ ഒരു പരിച പോലെ പൊതിഞ്ഞു പിടിച്ചു രണ്ടു കൈകളാലും . ഒരു നേര്‍ത്ത ചൂട് തന്റെ മുലകളിലൂടെ ശരീരം മുഴുവന്‍ വ്യാപിക്കുന്നത് അവള്‍ അറിഞ്ഞു . മുലഞെട്ടുകള്‍ ത്രസിച്ചു വന്നു . കഴിഞ്ഞു പോയ രതിനദിയുടെ ഓളങ്ങള്‍ ഒന്നടങ്ങിയപ്പോഴാണ് രശ്മി കിടക്കയില്‍ നിന്നും എഴുന്നേറ്റ് ആകാശം കാണാന്‍ ഇങ്ങനെ ജാലകത്തിന് അരികില്‍ വന്നു നിന്നത് . ജീവിതത്തില്‍ വളരെ വിരളമായി മാത്രം തനിക്കു ലഭിയ്ക്കുന്ന ഒരു സൗഭാഗ്യമാണ് ആകാശ് എന്നവള്‍ ഓര്‍ത്തു . അതുകൊണ്ട് തന്നെയാണ് ഏറെ കഷ്ടപ്പെട്ടും കള്ളം പറഞ്ഞും ഇന്നവള്‍ ഈ മുറിയില്‍ ആകാശിന്റെ ഒപ്പം നില്‍ക്കുന്നത് എന്നോര്‍ത്തപ്പോള്‍ കുറ്റബോധത്തെക്കാള്‍ അവളില്‍ നിറഞ്ഞത്‌ ആശ്വാസവും എന്തിനോടോ ഒക്കെ ഉള്ള പകയും ആയിരുന്നു .
ഓര്‍മ്മകളെ തിരികെ വിളിച്ചുകൊണ്ടു ആകാശിന്റെ വിരലുകള്‍ കുസൃതികള്‍ കാണിച്ചുകൊണ്ടിരുന്നു . മുലകളെ തഴുകിയും അമര്‍ത്തിയും ഉള്ള ആ തമാശയില്‍ അവള്‍ അവന്റെ നെഞ്ചിലേക്ക് ചാരി കണ്ണുകള്‍ അടച്ചു പുഞ്ചിരിയോടെ നിന്ന് കൊടുത്തു .സുഖാലസ്യത്തില്‍ അങ്ങനെ നില്‍ക്കുമ്പോള്‍ ആകാശിന്റെ കൈകള്‍ നിശ്ചലമാകുന്നതും ഇടതു മുലഞെട്ടിനു സമീപം അവന്റെ വിരലുകള്‍ മെല്ലെ ആഴത്തില്‍ എന്തോ പരതുന്നതും അവള്‍ക്കു അനുഭവപ്പെട്ടു . അവള്‍ ചോദ്യഭാവത്തില്‍ കണ്ണുകള്‍ തുറന്നു അവനെ മുഖം ഉയര്‍ത്തി നോക്കി . അവന്‍ പതിയെ മുലയില്‍ വിരല്‍ കൊണ്ട് വട്ടം ഉഴിഞ്ഞിട്ടു തെന്നിതെന്നി പോകുന്ന ഒരു മുഴയെ തൊട്ടുകൊണ്ട്‌ വേദന ഉണ്ടോ എന്ന് ചോദിച്ചു . അവള്‍ക്ക് കാര്യം മനസ്സിലായില്ല . എങ്കിലും ചിലപ്പോള്‍ ഒക്കെ കുളിക്കുമ്പോള്‍ അവളും അത് ശ്രദ്ധിക്കാറുള്ളത് ഓര്‍ത്ത്‌ . വേദനയെക്കുറിച്ച് ചോദിച്ചപ്പോള്‍, ഉഴുതുമറിക്കപ്പെടുന്ന കാളരാത്രികളില്‍ നോവിന്റെ ഉറവിടം എവിടെയൊക്കെ എന്നറിയാതെ എരിപൊരി സഞ്ചാരം കൊള്ളുമ്പോള്‍. കണ്ണില്‍ നിന്നും തീയും കണ്ണീരും ചിതറുമ്പോള്‍ ആ ചോദ്യം അപ്രസക്തമായി അവള്‍ക്കു തോന്നി .
രാജേട്ടന്‍ ഒരിക്കല്‍ പോലും വിവാഹം കഴിഞ്ഞു ഈ പതിനാലു വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു നാളില്‍ പോലും സ്നേഹത്തോടെ ഒരു ഉമ്മയോ പ്രണയത്തോടെ ഒരു ആലിംഗനമോ തനിക്ക് നല്കിയിട്ടില്ലല്ലോ എന്ന വേദന അവളില്‍ ആ നേരത്തും പുകയുന്ന ഒരു ഓര്‍മ്മയായി പൊതിഞ്ഞു . കിടക്കയില്‍ ഇടയ്ക്കെപ്പോഴോ പുറത്തു വീഴുന്ന കരങ്ങള്‍ പിന്നെ ഉറക്കത്തിനും ഉണര്‍വ്വിനും ഇടയില്‍ വസ്ത്രങ്ങള്‍ സ്ഥാനം തെറ്റുന്നതും ഉഴുതുമറിക്കുന്ന ഒരു ഭൂമിയായി താന്‍ മാറുന്നതും ആവേശം കെട്ടടങ്ങുമ്പോള്‍ തിരിഞ്ഞു കിടന്നു കൂര്‍ക്കം വലിച്ചു ഉറങ്ങുന്നതും അല്ലാതെ സ്നേഹത്തോടെ ഒരിക്കല്‍പ്പോലും ആ കരങ്ങള്‍ തന്നെ പൊതിഞ്ഞിട്ടില്ല . ഓരോ വേഴ്ചയും ഓരോ സങ്കടങ്ങള്‍ ആയിരുന്നു എന്നും തനിക്ക് . മുറിവുകള്‍ ഏല്‍ക്കാത്ത ദിവസങ്ങള്‍ കുറവാണ് എന്ന് തന്നെ പറയാം . ഒന്ന് കെട്ടിപ്പിടിച്ചു കിടക്കാന്‍ ഒരു പുതപ്പിന്‍ കീഴില്‍ ആ നെഞ്ചില്‍ തല വച്ച് കിടന്നു ഉറങ്ങാന്‍ മോഹിച്ചു എത്രയോ രാത്രികള്‍ ..... തള്ളി നീക്കി നിന്റെ പുതപ്പ് അപ്പുറത്ത് കിടപ്പുണ്ട് അതെടുത്തോളൂ എന്ന് പറഞ്ഞു ഉറക്കത്തിലേക്ക് പിറുപിറുപ്പോടെ നടന്നു പോകുന്ന രാജേട്ടന്‍, രശ്മിയുടെ ജീവിതത്തിലെ ഒരിക്കലും വേര്‍പെടുത്താന്‍ ആകാത്ത ഒരു വ്യാധി ആണ് .
വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് അനുരൂപനായ ഒരു ചെറുപ്പക്കാരന്റെ കൈകളിലേക്ക് തന്നെ പിടിച്ചു കൊടുക്കുമ്പോള്‍ അയാള്‍ എങ്ങനെ ഉള്ളവന്‍ ആണെന്ന് പോലും തനിക്കറിയില്ലാരുന്നു . ആദ്യരാത്രിയില്‍ തുടങ്ങിയ ചര്യയാണ് ഒന്നുമറിയാത്ത ഒരു പെണ്‍കുട്ടിയുടെ പ്രതീക്ഷകളെ സങ്കല്പങ്ങളെ ഒക്കെയും ഒരു കാട്ടാള സ്വപ്നം കൊണ്ട് ചതച്ചരച്ചു കളഞ്ഞത് . വിവാഹരാത്രി എന്തെന്ന് പോലും അറിയാത്ത ഒരാളില്‍ അത് ഏല്‍പ്പിച്ച ആഘാതം ഇന്നോളം അങ്ങനെ തന്നെ തുടരുകയും ചെയ്യുന്നു .
രണ്ടു കുട്ടികള്‍ ആയിക്കഴിഞ്ഞപ്പോഴാനു രാജേട്ടന്റെ വരുമാനം കൊണ്ട് വീട് നടക്കില്ല എന്ന പ്രശ്നം മുന്നില്‍ എത്തിയത്. മക്കളുടെ പഠനവും വീട്ടിന്റെ പണിയും ഒക്കെ കൂടി കടം കേറിവന്നപ്പോള്‍ ആണ് രശ്മി ആ സ്വകാര്യസ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്‌ . ഒരു വിധത്തില്‍ നോക്കിയാല്‍ ആ ജോലി ഒരു ആശ്വാസവും ആയി തോന്നി . പകല്‍ മുഴുവന്‍ വീട്ടിലെ ഏകാന്തതയില്‍ സുഖമുള്ള ഒരു ഓര്‍മ്മയും ഇല്ലാതെ ചടഞ്ഞു കൂടിയ ജീവിതം ജോലി കിട്ടിയതോടെ മാറിക്കിട്ടി എന്ന് തന്നെ പറയാം.
*********
പുതുതായി ജോലിയില്‍ ചേര്‍ന്ന ചെറുപ്പക്കാരന്‍ എല്ലാരുടെയും ശ്രദ്ധ പെട്ടെന്ന് പിടിച്ചെടുത്തു . വളരെ ഊര്‍ജ്ജ്വസ്വലനായ ഒരു ചെറുപ്പക്കാരന്‍ . പുഞ്ചിരിക്കുന്ന മുഖത്തോടെ അല്ലാതെ കാണാന്‍ കഴിഞ്ഞിട്ടില്ല അയാളെ . എല്ലാരോടും സൗമ്യതയോടെ ഇടപെടുന്ന അയാളുടെ ആകര്‍ഷകത അവളില്‍ വല്ലാത്ത ഒരു ആശ്വാസവും അടുപ്പവും തോന്നിച്ചു എന്നത് സത്യമാണ് .
പതിയെ പതിയെ അവര്‍ തമ്മില്‍ അടുക്കുകയായിരുന്നു . ആകാശ് അതാണ്‌ അയാളുടെ പേര്. ഉച്ചയ്ക്കുള്ള ആഹാരത്തിന്റെ ഇടവേളകളില്‍ അവള്‍ക്കടുത്തിരുന്ന ഒരു ദിവസം ആണ് അവര്‍ തമ്മില്‍ അടുത്തത്‌ എന്നവള്‍ ഓര്‍ത്തെടുത്തു .
"നീയെവിടെയാ പെണ്ണേ" എന്ന ആകാശിന്റെ സ്വരം കാതുകളില്‍ വീഴുമ്പോള്‍ ആണ് അവള്‍ പെട്ടെന്ന് സ്വബോധത്തിലേയ്ക്ക് വന്നത് .
"നാളെ തന്നെ നീയൊരു ഡോക്ടറെ കാണണം കേട്ടോ" . ആകാശിന്റെ വാക്കുകളില്‍ സ്നേഹത്തിന്റെ പശിമ നിറഞ്ഞിരുന്നു . ഹൃദയാന്തര്‍ ഭാഗത്തോളം അത് പതിഞ്ഞു കിടക്കും . എത്ര കേട്ടാലും മതിയാകില്ല ആകാശിന്റെ സ്വരം എന്നവള്‍ കൊതിയോടെ ഓര്‍ത്ത്‌ പോയി . ജോലിയുടെ ഭാഗമായി ഈ നഗരത്തില്‍ എത്താന്‍ കഴിഞ്ഞത് വളരെ വലിയൊരു ഭാഗ്യമായി തോന്നി . രണ്ടു ദിവസം ആകാശും ആയി ഒന്നിച്ചു ചിലവഴിക്കാന്‍ ദൈവം നല്‍കിയ ഒരവസരം ആയി അവള്‍ക്ക് തോന്നി . അല്ലെങ്കില്‍ത്തന്നെ അവര്‍ എന്നേ കാണുന്നൊരു സ്വപ്നം ആണ് ഒന്നിച്ചു കുറച്ചു നിമിഷങ്ങള്‍ ആരുമറിയാത്ത ഒരിടത്ത് ജീവിതത്തില്‍ ഒരിക്കലെങ്കിലും ഉണ്ടാകണം എന്ന് .
ജീവിതത്തില്‍ രതി എന്തെന്നും പ്രണയം എന്തെന്നും തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ . പുരുഷന് ഒരു പുഷ്പം പോലെ പെണ്ണിനെ താലോലിക്കാന്‍ കഴിയും എന്ന് താനറിയുകയായിരുന്നു. ഓരോ അണുവും ഉണര്‍ന്നു എഴുന്നേല്‍ക്കുന്നതും ഒരു പൂവാടി പോലെ താന്‍ പൂത്തുലഞ്ഞു പോയതും അവള്‍ക്ക് ഉള്‍പ്പുളകത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ . തന്റെ ശരീരത്തെ നോവിക്കാതെ ഇത്ര കരുതലോടെ ഒരു പുരുഷന്‍ ഉണര്‍ത്തി എടുത്തു തളര്‍ത്തി കിടത്തുമ്പോള്‍ താന്‍ ഇപ്പോഴും ഭൂമിയില്‍ തന്നെയാണോ എന്ന് അവള്‍ക്ക് സംശയം മാറുന്നുണ്ടായിരുന്നില്ല .
എന്താ പ്രശ്നം എന്ന അവളുടെ ചോദ്യങ്ങള്‍ക്ക് ആകാശ് വ്യക്തമായ മറുപടി തന്നില്ല . എങ്കിലും അയാള്‍ ഇടയ്ക്കിടെ അതോര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു . പക്ഷെ അവളില്‍ അതൊന്നും ഓര്‍ക്കാനോ ശ്രദ്ധിക്കാനോ നേരം ഇല്ലായിരുന്നു . തന്റെ ജീവിതത്തിലെ അസുലഭമായ ഒരു നിമിഷം ! ഇനിയൊരിക്കലും തനിക്കു ലഭിക്കില്ലായിരിക്കും ഇങ്ങനെ ഒരു അവസരം എന്ന ചിന്തയില്‍ അവള്‍ അവനെ വരിഞ്ഞു മുറുക്കി നില്‍ക്കുകയായിരുന്നു .
തന്റെ മനസ്സറിഞ്ഞ പുരുഷന്‍ ആണ് ആകാശ് എന്നവള്‍ ഓര്‍ത്ത്‌ . തന്റെ വേദനകളും പരാതികളും കേള്‍ക്കാന്‍ , തനിക്ക് എപ്പോഴും ഓടി വന്നു സങ്കടം പറയാന്‍ , ആശ്വാസം തേടാന്‍ ഒരാള്‍ എന്നതായിരുന്നു ആകാശില്‍ അവള്‍ കണ്ട മേന്മ. അവനോടു പറയാത്ത ഒന്നും തന്നെ അവളുടെ ജീവിതത്തില്‍ ഇല്ലായിരുന്നു . താളം തെറ്റുന്ന മാസമുറ മുതല്‍ രാജേട്ടന്റെ യുദ്ധം കഴിഞ്ഞുള്ള ഉറക്കമില്ലാത്ത രാവുകളില്‍ നീറ്റലുകള്‍ പോലും പങ്കു വയ്ക്കാന്‍ വിശ്വസ്തനായ ഒരു സുഹൃത്ത്‌ . അവന്‍ ഒരിക്കലും അവളെ വഴക്ക് പറഞ്ഞിട്ടില്ല . ഒരിക്കല്‍ പോലും പിണങ്ങി മാറി നിന്നിട്ടില്ല . അവള്‍ക്ക് ഏതു പാതിരാത്രിയിലും അവന്റെ സാമീപ്യം ലഭ്യമായിരുന്നു . അവനെ കുറിച്ച് അവള്‍ക്കൊന്നും അറിയില്ല എന്നതാണ് അവള്‍ അത്ഭുതത്തോടെ ഓര്‍ക്കുന്ന ഒരു കാര്യം . ഒരിക്കല്‍ പോലും ചോദിച്ചിട്ടില്ല അവന്‍ പറഞ്ഞിട്ടും ഇല്ല പക്ഷേ അവനെ അവള്‍ക്ക് അവളെക്കാള്‍ വിശ്വാസമായിരുന്നു . ഒരിക്കലും അവന്‍ അത് നശിപ്പിച്ചിട്ടുമില്ല; അതുകൊണ്ട് തന്നെയാണ് അവനു തന്നെ സമര്‍പ്പിക്കണം എന്നവള്‍ കരുതിയതും അവനൊപ്പം ആ യാത്ര ആസ്വദിച്ചതും .
തിരികെ പോകാന്‍ നേരം ആകാശിനെ പിരിയുന്നതോര്‍ത്തു അവളുടെ ഇടനെഞ്ചു പൊടിഞ്ഞു . അവന്റെ മാറില്‍ കിടന്നവള്‍ ഒരുപാട് കരഞ്ഞു . തന്റെ ഷര്‍ട്ടില്‍ പടരുന്ന കണ്ണീര്‍ നെഞ്ചു പൊള്ളിക്കുമ്പോഴും അവന്‍ അവളെ ചേര്‍ത്തു പിടിച്ചിരുന്നു തന്റെ ശരീരത്തോട് വളരെ വളരെ ചേര്‍ത്തു.
*********
തിരികെ എത്തി പതിവ് പോലെ അവരുടെ ലോകം സജീവമായി നിലനിന്നു . പരസ്പരം കാണുമ്പോള്‍ ഉള്ള മധുരമായ ഒരു രഹസ്യ പുഞ്ചിരി രണ്ടുപേരിലും ഉണ്ടായിരുന്നു എങ്കിലും ഒരിക്കലും പഴയതില്‍ നിന്നും അധികമായ്‌ ഒരു ചലനമോ പ്രതികരണമോ രണ്ടുപേരും ബോധപൂര്‍വ്വം നടത്തിയില്ല . അവളുടെ ലോകം പഴയത് പോലെ ഉഴുതുമറിച്ച നിലം ആയി കിടന്നു പക്ഷെ ഇപ്പോള്‍ അവള്‍ ഓരോ വേദനയിലും കണ്ണുകള്‍ അടച്ചു ആകാശിനെ മനസ്സിലേയ്ക്ക് കൊണ്ട് വരാന്‍ തുടങ്ങി . ക്രമേണ തന്റെ മേല്‍ കിടന്നു തന്നെ ആസകലം ചുട്ടുപൊള്ളിക്കുന്നത് ആകാശ് ആണെന്ന് സങ്കല്‍പ്പിച്ചു തുടങ്ങിയപ്പോള്‍ വേദനകള്‍ അവള്‍ അറിയാതെ ആയി .
ആകാശിന്റെ നിര്‍ബന്ധം സഹിക്കാതെ ആയപ്പോള്‍ ആണ് അവള്‍ ഡോക്ടറെ കണ്ടത് . താന്‍ വലിയൊരു ദുരന്തത്തിലേയ്ക്കാണ് നടന്നടുക്കുന്നത് എന്നവള്‍ അപ്പോള്‍ അറിഞ്ഞിരുന്നില്ല . ഡോകടര്‍ പരിശോധിച്ച ശേഷം ചില ടെസ്റ്റുകള്‍ ഒക്കെ പറഞ്ഞു . പതിയെ പതിയെ അവരുടെ നിഗമനങ്ങള്‍ വന്നു നിന്നത് തന്റെ മാറിടത്തെ കാര്‍ന്നു തിന്നു തുടങ്ങിയ അര്‍ബുദത്തിന്റെ മുന്നില്‍ ആയിരുന്നു . അവള്‍ നടുങ്ങി നിന്നുപോയി . തന്റെ ജീവിതം ആകെ മൂടല്‍ ബാധിച്ചത് പോലെ അവള്‍ക്കു തോന്നി . ആകാശിന്റെ ഏറ്റവും ഇഷ്ടം ഉള്ള ഒരു വസ്തുവായിരുന്നു തന്റെ മാറിടം എന്നറിഞ്ഞപ്പോള്‍ മുതല്‍ ആണ് അവള്‍ക്ക് തന്റെ ശരീരത്തോട് സ്നേഹം തോന്നിത്തുടങ്ങിയത് പോലും . പ്രായം ഇടിവ് തന്നു തുടങ്ങിയിരുന്നു എങ്കിലും അത് ഭംഗിയോടെ അവള്‍ അതിനാല്‍ തന്നെ കാത്തു സൂക്ഷിക്കാന്‍ തുടങ്ങിയിട്ട് അധികകാലമായില്ല . അപ്പോഴേയ്ക്കും വിധിയുടെ ക്രൂരമായ നീതി തന്റെ സൗഭാഗ്യങ്ങളെ കവര്‍ന്നെടുക്കുന്നുവോ എന്നോര്‍ത്തു അവള്‍ വാവിട്ടു നിലവിളിച്ചു പോയി അന്ന് രാത്രിയില്‍ കുളിമുറിയുടെ ഏകാന്തതയില്‍ . എന്താണ് സംഭവം എന്നറിയാതെ രാജേട്ടന്‍ വാതിലില്‍ മുട്ടി വിളിക്കുമ്പോള്‍ ആണ് സ്ഥലകാലബോധം അവള്‍ക്ക് ഉണ്ടാകുന്നത് തന്നെ . വാതില്‍ തുറന്നു പുറത്തു വന്ന അവളെ അയാള്‍ പകച്ച മുഖത്തോടെ നോക്കി നിന്ന് . ചോദ്യങ്ങള്‍ കല്ലുകള്‍ പോലെ അവളില്‍ വീണു വേദനിപ്പിച്ചപ്പോള്‍ അവള്‍ അത് അയാളോട് തുറന്നു പറഞ്ഞു . തന്റെ ഇടതു മാറിടത്തിന്റെ ഉള്ളിലേക്ക് കാര്‍ന്നു കടന്നു കയറുന്ന അര്‍ബുദത്തിന്റെ കഥ . വിശ്വാസം വരാതെ അവളെ നോക്കി നിന്ന അയാള്‍ ഒന്നും മിണ്ടാതെ കിടക്കയിലേക്ക് പോകുകയും പുതപ്പെടുത്തു തലവഴി മൂടി കിടക്കുകയും ചെയ്യുന്നതവള്‍ കണ്ടു .
പ്രത്യേകിച്ച് ഒന്നും തോന്നാഞ്ഞത് കൊണ്ട് തന്നെ അവള്‍ ചുണ്ടുകള്‍ കടിച്ചു തന്റെ ദുഃഖം ഒതുക്കി ഇപ്പുറത്ത് ആയി ഒതുങ്ങി കിടന്നു . നിമിഷങ്ങള്‍ ഒച്ചിന്റെ വേഗതയില്‍ ഇഴഞ്ഞു പോകവേ ഇരുളില്‍ നിന്നയാളുടെ ശബ്ദം കീറിമുറിച്ചെത്തി . "അപ്പോള്‍ നിന്റെ മുല മുറിച്ചു കളയേണ്ടി വരുമല്ലേ?"
പച്ചമുള കീറും പോലൊരു തേങ്ങല്‍ അവളുടെ തൊണ്ടയില്‍ കുരുങ്ങി പുറത്തേയ്ക്ക് തെറിച്ചു . അയാള്‍ പിന്നെ ഒന്നും ചോദിച്ചില്ല . അയാളുടെ കൂര്‍ക്കം വലി മാത്രം പുറത്തു കേട്ട് തുടങ്ങി . അവള്‍ ഇരുട്ടില്‍ മറ്റൊരു ഇരുളായി മച്ചില്‍ നോക്കി കിടന്നു . തന്റെ ഇരു ചെന്നിയിലും കൂടി ഒഴുകി വീഴുന്ന കണ്ണീരിന്റെ തണുപ്പ് പോലും അവള്‍ അറിഞ്ഞതേയില്ല.
ലോകം മുഴുവന്‍ ഇരുട്ടില്‍ ആണെങ്കിലും തന്റെ ഉള്ളില്‍ നിറയുന്ന ഇരുട്ടോളം കടുപ്പം അതിനില്ല എന്നവള്‍ ഓര്‍ത്ത്‌ . തന്റെ ജീവിതം ആര്‍ക്കും വേണ്ടാത്ത ഒന്നായിരുന്നു . പക്ഷെ അതില്‍ നിന്നും തന്നെ ജീവിക്കാന്‍ പഠിപ്പിച്ചത് ആകാശ് ആയിരുന്നു . അവനില്‍ ഞാന്‍ എന്റെ മോചനവും ആശ്വാസവും കണ്ടിരുന്നത്‌ . അവനെന്നെ അത്രയേറെ ഇഷ്ടം ആണെന്ന് തിരിച്ചറിയുമ്പോഴും അവന്റെ ഇഷ്ടങ്ങളില്‍ പ്രധാനമായത് തനിക്ക് നഷ്ടമാകുന്ന ഓര്‍മ്മ പോലും അവള്‍ക്ക് താങ്ങാന്‍ കഴിയുന്നില്ല . അവനെ തന്നില്‍ തന്നെ പിടിച്ചു നിര്‍ത്താന്‍ ഉള്ള ഒരു വസ്തുപോലെ ആണ് അവള്‍ക്ക് അതിന്നു . എത്രയോ പ്രാവശ്യം ആകാശ് പറഞ്ഞിട്ടുണ്ട് നിന്റെ മടിയില്‍ കിടന്നു നിന്റെ മുലകള്‍ മണക്കണം എനിക്കെന്നു . നഗ്നമായ എന്റെ മുലകള്‍ മുഖത്ത് ഉരുമിയങ്ങനെ കിടക്കണം , ഇടയ്ക്ക് കുഞ്ഞുങ്ങളെ പോലെ മാറി മാറി എന്റെ മുലകളെ നുണയണം എന്നൊക്കെ . ഇതില്ലാതായാല്‍ ആകാശ് തനിക്കു നഷ്ടമാകുമല്ലോ എന്ന ചിന്ത വല്ലാത്ത ഭാരം നെഞ്ചില്‍ ഉണ്ടാക്കിത്തുടങ്ങിയപ്പോള്‍ രശ്മി കിടക്കയില്‍ നിന്നും എഴുന്നേറ്റു . കുറെ നേരം ഇരുട്ടിലേയ്ക്ക് നോക്കി അവള്‍ ബാല്‍ക്കണിയില്‍ വന്നു നിന്ന് . ചിന്തകളുടെ പിരിമുറുക്കത്തില്‍ ഒരു നിമിഷത്തില്‍ അവള്‍ കതകു തുറന്നു പുറത്തേയ്ക്കിറങ്ങാന്‍ പോകുമ്പോള്‍ സെറ്റിയില്‍ കിടന്ന മൊബൈലില്‍ വെളിച്ചം മിന്നി . ഒരുള്‍പ്രേരണ പോലെ അവള്‍ മൊബൈല്‍ എടുത്തു നോക്കി . ആകാശിന്റെ സന്ദേശം വന്നു കിടക്കുന്നു . പെണ്ണേ ഞാന്‍ നിന്റെ മുല കുടിക്കുന്നതായി സ്വപ്നം കണ്ടു ഇപ്പോള്‍.
പിന്നെ ഒരു നിമിഷം കൂടി അവള്‍ക്ക് സഹിക്കാനോ പിടിച്ചു നില്‍ക്കാനോ കഴിയില്ലായിരുന്നു . ആകാശ് അറിയാതെ ഇതുവരെ സൂക്ഷിച്ച ആ രഹസ്യം അതവന്‍ അറിയും മുന്നേ എനിക്കീ ലോകം വിട്ടു പോകണം എന്ന ഒറ്റ ചിന്ത മാത്രം അവളില്‍ അവശേഷിച്ചു . തൊടിയിലെ കിണറ്റിന്‍ കരയിലേക്ക് അവള്‍ നടന്നു പോകുമ്പോള്‍ അവളില്‍ ആകാശിന്റെ സ്വപ്നം തെളിഞ്ഞു വന്നു . അവള്‍ ആകാശിനെ മടിയില്‍ കിടത്തി തന്റെ മുലകള്‍ മാറി മാറി ചുണ്ടില്‍ തിരുകാന്‍ തുടങ്ങി . അവന്റെ തലമുടിയില്‍ വിരലോടിച്ചുകൊണ്ട് അവള്‍ അവന്റെ നെറ്റിയില്‍ ഉമ്മ വച്ച് . പിന്നെ പിറകോട്ടു ചാരി കണ്ണടച്ച് ഇരുന്നു നിര്‍വൃതിയോടെ മെല്ലെ മിഴികള്‍ അടച്ചു.....
ഉറക്കത്തില്‍ ഞെട്ടി ഉണര്‍ന്ന രാജന്‍ തൊടിയില്‍ കിണറ്റിലോ മറ്റോ എന്തോ വീഴുന്ന ശബ്ദം കേട്ടെങ്കിലും വീണ്ടും പിറുപിറുത്തുകൊണ്ട് പുതപ്പു തലവഴി മൂടി ഉറക്കം തുടര്‍ന്നു .
 ..............................ബിജു ജി നാഥ് വര്‍ക്കല ----------------

Monday, January 11, 2016

പിറവി

കഥ : പിറവി
ബിജു ജി നാഥ് വര്‍ക്കല
---------------------------------
തണുത്ത സിമന്റു തറയില്‍ വെറും നിലത്തു ഇരുട്ടിനു സമാന്തരമായി അയാള്‍  കുന്തിച്ചിരിക്കുകയായിരുന്നു . നീണ്ട മുടിയിഴകള്‍ തോളില്‍ വീണു കിടപ്പുണ്ട് . താടിരോമങ്ങളില്‍ വിരലോടിച്ചു കൊണ്ട് അവന്‍ പുറത്തെ ഇരുട്ടിനോട്‌  എന്തോ പറയുന്നത് കാണാം . പ്രത്യക്ഷത്തില്‍ ഒരു ഭ്രാന്തനെ പോലെ തോന്നിക്കുന്ന ഈ യുവാവിനെ നമുക്ക് വേണു എന്ന് വിളിക്കാം . ജീവിതത്തിന്റെ തീക്ഷ്ണത കണ്ണുകളില്‍ ഉറഞ്ഞു കിടക്കുന്ന ഈ യുവാവിന്റെ തടവറയിലെ ജീവിതം നാളെ കഴിയുകയാണ് . എന്നാല്‍ ആ സന്തോഷം ആ മിഴികളില്‍ കാണാന്‍ കഴിയുന്നില്ല , പകരം ആശങ്കകള്‍ ഇല്ലാത്ത നിസ്സംഗത മാത്രമാണ് അവിടെ തളംകെട്ടിക്കിടക്കുന്നത് . ഈ കരുത്തുറ്റ യൗവ്വനം എങ്ങനെ ഇതിനുള്ളില്‍ വേണുവിനെ എത്തിച്ചു എന്ന് അറിയാന്‍ ഉള്ള ആകാംക്ഷ വായനക്കാരാ നിന്നെ പോലെ എന്നിലും ഉണ്ട് . നോക്കാം നമുക്കാ ചെറുപ്പക്കാരന്റെ ഉള്ളിലേക്ക് കടന്നു കയറാന്‍ കഴിയുമോ എന്ന് . വിജയിച്ചാല്‍ നമുക്കും അയാള്‍ക്കൊപ്പം അയാളുടെ പിന്‍കാലങ്ങളില്‍ ഒരു യാത്ര പോകാം .

അല്ലയോ വായനക്കാരാ , നിങ്ങളുടെ കണ്ണിലെ ആകാംക്ഷ എനിക്ക് വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട് . എന്നെ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നു വയ്ക്കട്ടെ . ഒരുപക്ഷെ ഇതൊരു കുമ്പസാരം പോലെ തീവ്രവും പച്ചയായ യാഥാര്‍ത്ഥ്യവും ആയി നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാം . അതെ നിങ്ങള്‍ ശരിയാണ് . എന്റെ ജീവിതം കൊണ്ട് ഞാന്‍ കൊരുത്തു കൂട്ടിയ ഈ ഏടുകള്‍ നിങ്ങളെ ഒരുപക്ഷെ എന്റെ ശത്രുവാക്കിയേക്കാം . എന്നെ പിച്ചിചീന്തി എറിയുവാന്‍ നിങ്ങള്‍ വായനയുടെ ഒരു ഘട്ടത്തില്‍ ഒരുങ്ങിയേക്കാം . ക്ഷമിക്കുക ഞാന്‍ അതര്‍ഹിക്കുന്നു . എന്റെ ജീവിതം കൊണ്ട് ഞാന്‍ തീര്‍ക്കുന്ന ഈ പശ്ചാത്താപം എന്റെ തെറ്റുകള്‍ക്കുള്ള ശിക്ഷ അല്ല എന്നറിയാവുന്നതിനാല്‍ ഞാന്‍ നിങ്ങളെ തടയുകയില്ല ഒരു നിമിഷം പോലും .

നിറഞ്ഞ ശാന്തമായ ഈ തടവറയുടെ ഇരുളിനെ സാക്ഷി നിര്‍ത്തി ഞാന്‍ എന്നെക്കുറിച്ച് നിങ്ങളോട് പറയുകയാണ്‌ .

വേണു എന്ന ഞാന്‍ ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും അനുഭവിച്ചു വളര്‍ന്ന ഒരു കുട്ടിയായിരുന്നു എന്റെ കഴിഞ്ഞ കാലത്ത് . അന്യനാട്ടില്‍ വിയര്‍പ്പൊഴുക്കി അച്ഛന്‍ അയച്ചിരുന്ന പണം കൊണ്ട് അല്ലലില്ലാതെ വളര്‍ന്ന കുട്ടിക്കാലം . കളി ചിരിക്ക് ഒരു കൂട്ടില്ലായിരുന്നു എന്നതായിരുന്നു അന്നെന്റെ ദുഃഖം . ഒറ്റ മകന്റെ ജീവിതത്തെ സുരഭിലമാക്കുവാന്‍ മാതാപിതാക്കള്‍ നന്നേ പാടുപെട്ടിരുന്നു എന്ന് ഇന്നു ഞാന്‍ ഓര്‍ത്തെടുക്കുന്നു . ശൈശവത്തിന്റെ കുട്ടിക്കളികള്‍ മാറി വരികയും കൗമാരത്തിന്റെ പടവുകള്‍ കയറിത്തുടങ്ങുകയും ചെയ്ത സ്കൂള്‍ കാലം കഴിഞ്ഞു കോളേജില്‍ എത്തുന്നിടത്താണ് എന്റെ ജീവിതവും വഴി തിരിഞ്ഞു പോയതെന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് ഊഹിക്കാവുന്നതാണ് . അരുതുകളും നിയന്ത്രണങ്ങളും നിറഞ്ഞ സ്കൂള്‍ ജീവിതത്തില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ  ആകാശത്തേക്ക് കൂട് തുറന്നു വിടുന്ന പക്ഷികള്‍ ആയിരുന്നു ഞാനും കൂട്ടുകാരും . അറിയേണ്ടതും അല്ലാത്തതുമായ ഒരുപാട് കാര്യങ്ങള്‍ നിയന്ത്രണം ഇല്ലാതെ പഠിക്കാനും അനുഭവിക്കാനും തുടങ്ങിയ കാലം .

കൂട്ടുകെട്ടുകള്‍ എനിക്കൊരു ഹരമായിരുന്നു . ക്ലാസ്സുകള്‍ കട്ട് ചെയ്ത് കൂട്ടുകാരുമൊത്ത് കോളേജിന്റെ ഒഴിഞ്ഞ കോണുകള്‍ ആവാസകേന്ദ്രമാക്കിയ നാളുകളില്‍ കൂട്ടുകാരിലൊരുവനാണ് പുകയുന്ന ഒരു തിരി എന്റെ ചുണ്ടിലും തിരുകി വച്ചത് . കണ്ണുകള്‍ തുറിച്ചു , ശ്വാസം വിലങ്ങി ചുമച്ചു തളര്‍ന്ന ഞാന്‍ പക്ഷേ ആ സുഖം വീണ്ടും കൊതിച്ചു പോയത് അത് നല്‍കിയ ആനന്ദം തന്നെയായിരുന്നു . വെളുത്ത പുകയില്‍ മുങ്ങി നിവര്‍ന്നു പറവകളെ പോലെ ഞങ്ങള്‍ സ്നേഹിതര്‍ ആകാശത്തു ഊളിയിട്ടു പറന്നു നടന്നു .

കഞ്ചാവിന്റെ ലഹരി ഉള്ളില്‍ പടര്‍ന്നു കഴിയുമ്പോഴാകും കഥകളുടെ ചെപ്പുകള്‍ ഓരോരുത്തരായ് തുറക്കുക . അയലത്തെ ചേച്ചിയുടെ അവയവങ്ങള്‍ ഒളിഞ്ഞു കണ്ടും , അവരെ സ്വപ്നം കണ്ടും ലൈംഗികദാഹം തീര്‍ത്തിരുന്ന കൂട്ടുകാരന്‍ . ചേട്ടന്റെ ഭാര്യയില്‍ മതിയാവോളം കാമത്തിന്റെ ഹരിശ്രീ പഠിച്ച മറ്റൊരുവന്‍ . അറിയപ്പെടുന്ന എല്ലാ വേശ്യകളിലും കുറഞ്ഞ കാലം കൊണ്ട് ശരീരശാസ്ത്രം പഠിച്ചവന്‍ , കാമുകിയുമായി മരച്ചീനി തോട്ടത്തില്‍ രാവ് പകലാക്കിയവന്‍ .

കഥകളുടെ സുഖാലസ്യത്തില്‍ പരസ്പരം നല്‍കിപ്പോന്ന രതിസുഖത്തില്‍ ജീവിതം ഒരു മായാലോകം പോലെ അനുഭവപ്പെട്ടു . അനുഭവങ്ങളുടെ ഭാണ്ഡങ്ങള്‍ വിതറിയിടുന്ന കൂട്ടര്‍ക്കിടയില്‍ കന്യാചര്‍മ്മം പൊട്ടാത്ത പുതുപ്പെണ്ണിനെ പോലെ ലജ്ജിച്ചു നിന്ന പകലുകള്‍ .

രാത്രികളില്‍ പുസ്തകങ്ങള്‍ വലിച്ചെറിഞ്ഞു മുഷിഞ്ഞു കീറിയ കൊച്ചു പുസ്തകങ്ങളും , നിറം മങ്ങിയ നഗ്ന സുന്ദരികളെയും കണ്ടു ഉറക്കം വരാതെ കിടന്ന രാവുകള്‍ . ഈ വിഷമതകള്‍ മനസ്സില്‍ നെരിപ്പോടായി എരിയുന്ന കാലത്താണ് അടുത്ത വീട്ടില്‍ അവര്‍ എത്തിയത് . നിമ്മി ആന്റിയും ആലീസുമോളും. പൂട്ടിക്കിടന്ന വീടിന്റെ മുറ്റത്തും വേലിക്കരികിലും ചിലപ്പോള്‍ ഞങ്ങളുടെ വീടിനുള്ളിലും ഒരു പൂമ്പാറ്റയെ പോല്‍ ആലീസ് ഓടി നടന്നു . അഞ്ചാം ക്ലാസ്സുകാരിയായ ആ കുഞ്ഞിന്റെ ഓമനത്വത്തില്‍ ഉറങ്ങി കിടന്ന വീട് ഉണര്‍ന്നു .

പട്ടണത്തിലെ ബാങ്കിലേക്ക് പുതുതായി സ്ഥലം മാറി വന്ന ഉദ്യോഗസ്ഥ ആയിരുന്നു നിമ്മി ആന്റി . ഭര്‍ത്താവില്‍ നിന്നും അകന്നു കഴിഞ്ഞിരുന്ന നിമ്മി ആന്റി ചോദിച്ചു വാങ്ങിയതാണ് ഈ സ്ഥലമാറ്റം . സ്വരചേര്‍ച്ചയില്ലാത്ത അവരുടെ ദാമ്പത്യത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകളില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടം പോലെ . അമ്മയും ആയി വളരെ വേഗം അടുത്ത നിമ്മി ആന്റി . ഒഴിവു ദിനങ്ങള്‍ അവര്‍ ഞങ്ങളുടെ വീട്ടില്‍ ആയിരുന്നു എന്ന് തന്നെ പറയാം . ആലീസ് വളരെ വേഗം എന്നോട് അടുത്തു .

മകള്‍ക്ക് ഇംഗ്ലീഷ് അക്ഷരങ്ങള്‍ പഠിപ്പിച്ചു കൊടുക്കാന്‍ നിമ്മി ആന്റി ആവശ്യപ്പെട്ടപ്പോള്‍ എനിക്ക് സന്തോഷം ആയി .  വീട്ടില്‍ മറ്റൊരാള്‍ കളിക്കൂട്ടിനില്ലായിരുന്നതും , അനിയത്തികുട്ടിയെ പോലെ ആലീസ് മനസ്സില്‍ കയറി കൂടിയതും വളരെ പെട്ടെന്നായിരുന്നല്ലോ .

അന്ന് കോളേജ് സമരമായിരുന്നു . മഴ ആയതിനാല്‍ എല്ലാരും വീട് പിടിച്ചു , വീട്ടില്‍ എത്തുമ്പോള്‍ ആണ് അമ്മയും നിമ്മി ആന്റിയും കൂടി പുറത്തു പോകാന്‍ തയ്യാറായി നില്‍ക്കുന്നു . അടുത്തെവിടെയോ ഒരു മരണം . ഏതോ ഒരു ചേച്ചി തൂങ്ങി മരിച്ചതാണ് . അതിനാല്‍ മോളെ കൊണ്ട് പോകണ്ട എന്ന് തീരുമാനിച്ചു . എന്റെ സംരക്ഷണയില്‍ അവളെ നിര്‍ത്തി അവര്‍ യാത്രയായി . ടിവി യില്‍ സിനിമ ഇട്ടു കൊടുത്ത് കിട്ടിയ അവസരം കളയാതെ ഞാന്‍ ഒരു കഞ്ചാവ് ബീഡി എടുത്തു പുകയ്ക്കാന്‍ തുടങ്ങി . മുറിയില്‍ ലഹരിയുടെ പുക നിറഞ്ഞു കണ്ണുകളില്‍ ചുവപ്പ് രാശി തെളിഞ്ഞു തുടങ്ങി . ഒരു പഞ്ഞിക്കെട്ടു പോലെ മുകളിലേക്ക് പറന്നു പോകുമ്പോള്‍ ആണ് ആലീസ് മുറിയിലേക്ക് വന്നത് .

"അയ്യേ ചേട്ടന്‍ ബീഡി വലിക്കുന്നോ" എന്ന ചോദ്യം കേട്ട് ഞാന്‍ നോക്കുമ്പോള്‍ കണ്ടത് വാതില്‍ക്കല്‍ എന്നെ തന്നെ നോക്കി നില്‍ക്കുന്ന ആലീസിനെ ആണ് .

"നോക്കിക്കോ ഞാന്‍ ആന്റി വരുമ്പോള്‍ പറഞ്ഞു കൊടുക്കുമല്ലോ" എന്ന് പറഞ്ഞു അവള്‍ അവിടെ നിന്നും തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ എന്റെ മനസ്സില്‍ ഒരു പേടി ഉറഞ്ഞു കൂടി .

"അയ്യോ ആലീസേ, മോളെ പറയല്ലേ പ്ലീസ്" എന്ന് പറഞ്ഞു അവളെ സമീപിച്ച ഞാന്‍ അവളുടെ കൈകള്‍ കൂട്ടിപ്പിടിച്ചു കേണു .

"എനിക്കിഷ്ടമല്ല ഈ നാറ്റം" എന്ന് പറഞ്ഞു പിന്തിരിഞ്ഞു പോകാന്‍ തുടങ്ങിയ അവളെ ബലമായി പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കുതറി മാറി .

ഉള്ളിലെ വാശിയും , ദേഷ്യവും ഭയവും അവളെ ചുറ്റിപ്പിടിച്ചു അകത്തേക്ക് തന്നെ കൊണ്ട് വന്നു . കുതറിക്കൊണ്ട് അവള്‍ പറഞ്ഞു "ഞാന്‍ പറയും സത്യമായിട്ടും പറയും ".

കഞ്ചാവ് ലഹരി പൂത്തു നിറഞ്ഞ എന്റെ തലച്ചോറില്‍ പക്ഷെ അവളുടെ വാക്കുകള്‍ക്കു പകരം മറ്റൊരു ഗന്ധം നിറഞ്ഞു . അമര്‍ത്തി ചേര്‍ത്തുപിടിച്ചിരുന്ന ശരീരം പെട്ടെന്ന് ആലീസല്ലാതായി മാറി . ഒരു പെണ്ണുടല്‍ മാത്രമായി ആ മാര്‍ദ്ദവം മനസ്സിലും ശരീരത്തിലും കാമത്തിന്റെ പരാഗങ്ങള്‍ പൊടിയിച്ചു .അയ്യോ എനിക്ക് വേദനിക്കുന്നു , എന്നെ വിടൂ സത്യമായും നോവുന്നു ചേട്ടാ , ഞാന്‍ പറയൂല ആന്റിയോട്‌ പറയൂല എനിക്ക് നോവുന്നു ............കാതുകള്‍ കൊട്ടിയടയ്ക്കപ്പെട്ട എന്റെ ഉള്ളില്‍ പക്ഷെ ആ ഞരക്കങ്ങളോ കരച്ചിലോ കടന്നു ചെന്നില്ല .

മനസ്സ് കൈ വിട്ടുപോയ ഞാന്‍ അവളെ വാരിയെടുത്തു കിടക്കയിലേക്ക് ഇടുമ്പോള്‍ ചെന്നായയുടെ ക്രൗര്യമായിരുന്നു കണ്ണുകളിലുറഞ്ഞത്‌ . ഭയന്ന് ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ അവളുടെ വായ പൊത്തിപ്പിടിച്ചു ശബ്ദം പുറത്തു വരാതിരിക്കാന്‍ നോക്കി . മൂക്കും വായും അമര്‍ത്തിപ്പിടിച്ചു കൊണ്ടു അവളുടെ പുറത്തേക്ക് അമര്‍ന്നപ്പോള്‍ താഴെ പിടയുന്ന പിഞ്ചു ശരീരം  മനസ്സില്‍ വെറുമൊരു പെണ്ണുടല്‍ മാത്രമായിരുന്നു. പിടച്ചിലുകള്‍ നിലച്ചു നിശബ്ദം കിടന്ന ആ ഉടലിനെ വലിച്ചു കീറുമ്പോള്‍ മുന്നില്‍ കൂട്ടുകാര്‍ക്ക് മുന്നില്‍ ജേതാവായി നില്‍ക്കുന്ന നായകന്റെ മനസ്സായിരുന്നു എനിക്ക് .പുരുഷന്‍ ആകുന്ന അഹന്ത , കാമത്തിന്റെ ഗന്ധം നിറഞ്ഞ മുറി ശബ്ദമില്ലാതെ തേങ്ങിക്കരയുന്നത് പോലെ ഒരു നേര്‍ത്ത മുരള്‍ച്ചയോടെ ഫാന്‍ കറങ്ങിക്കൊണ്ടിരുന്നു .

സമയം കുറെ അകന്നു പോയി . എപ്പോഴോ ബോധം വരുമ്പോള്‍ കിടക്കയില്‍ ചിതറിക്കിടക്കുന്ന ഒരു രക്തപുഷ്പം പോലെ ആലീസ് ഉണ്ടായിരുന്നു . കുറെ തട്ടി വിളിച്ചു നോക്കി അനക്കമില്ലാത്ത ആ കണ്ണുകള്‍ എന്റെ നേരെ നോക്കി കിടക്കുന്നു . മേശമേല്‍ ഇരുന്ന ഫ്ലാസ്കില്‍ നിന്നും വെള്ളം എടുത്തു ആലീസിന്റെ മുഖത്ത് കുടഞ്ഞു നോക്കി . ഇല്ല അവള്‍ മിണ്ടുന്നില്ല . എന്റെ ശരീരം തളരാന്‍ തുടങ്ങി . മഴ നനഞ്ഞവനെ പോലെ ശരീരം നനഞ്ഞു കുളിച്ചു വിറയല്‍ പൂണ്ടു ഞാന്‍ ആ കട്ടിലിന്റെ മൂലയ്ക്ക് അവളുടെ മുഖത്ത് നോക്കാന്‍ ഭയന്ന് കുനിഞ്ഞിരുന്നു . ഇനി എന്ത് , ഞാന്‍ എങ്ങനെ അമ്മയുടെയും ആന്റിയുടെയും മുഖത്തു നോക്കും ഇനി . എന്നെ പോലീസ് പിടിയ്ക്കും . തൂക്കി കൊല്ലും . വിവിധ ചിന്തകളാല്‍ തലച്ചോര്‍ പഴുത്തുതുടങ്ങി . ഇനി എന്തെന്ന് ഓര്‍ത്ത്‌ നിര്‍ജ്ജീവനായി ഇരുന്ന എന്റെ ചെവിയിലേക്ക് പുറത്ത് നിന്നും അമ്മയുടെ ശബ്ദം തീക്കുടുക്ക പോലെ വീണു ചിതറി . എല്ലാം അപ്പോഴേക്കും വൈകിപ്പോയിരുന്നു .

കാലത്തിനു മാപ്പ് നല്‍കാന്‍ കഴിയാത്ത ആ മൂകസത്യത്തിനു മുന്നില്‍ നിയമം പ്രായപൂര്‍ത്തി ആകാത്ത ആനുകൂല്യം നല്‍കി വധശിക്ഷ ഒഴിവാക്കി . ദുര്‍ഗ്ഗുണ പരിഹാരശാലയില്‍ രണ്ടു കൊല്ലം നരകജീവിതം നയിക്കുമ്പോള്‍ ഞാന്‍ എന്റെ തെറ്റുകള്‍ പൂര്‍ണമായും മനസ്സിലാക്കുന്നുണ്ടായിരുന്നു. കണ്ണുകള്‍ അടയ്ക്കാന്‍ കഴിയാതെ ,ഒന്നുറങ്ങാന്‍ കഴിയാതെ കഴിച്ചുകൂട്ടിയ രാത്രികള്‍, പകലുകള്‍ .ഒന്ന് കണ്ണുകള്‍ അടച്ചാല്‍, വെളിച്ചം മങ്ങിയാല്‍ ആലീസ് മോളുടെ കണ്ണുകള്‍ എന്നെ നോക്കി നില്‍ക്കും പോലെ . കുപ്പിചില്ല് വീണുടയും പോലുള്ള അവളുടെ നിലവിളി കേട്ട് ഉറക്കം ഞെട്ടി ഉണര്‍ന്ന എത്രയോ രാത്രികള്‍ . എന്റെ മനസ്സില്‍ വച്ച് എത്രവട്ടം ,എത്ര ആയിരം പ്രാവശ്യം ഞാന്‍ ആ കാലു പിടിച്ചു മാപ്പ് പറഞ്ഞു എന്നറിയില്ല .ഈ കഴിഞ്ഞ വര്‍ഷങ്ങള്‍ ഏകാന്തതയില്‍ ആരോടും കൂട്ട് കൂടാതെ സ്വയം ഒരുക്കിയ കൂട്ടിനുള്ളില്‍  മനസ്സില്‍ എന്നും ആവര്‍ത്തിച്ചു കണ്ടു തെറ്റിന്റെ ആഴങ്ങളെ ,അതിന്റെ ആവര്‍ത്തനങ്ങളെ . നഷ്‌ടമായ അമ്മയെ , നിമ്മിആന്റിയുടെ ശാപം ,സുഹൃത്തുക്കളും നാട്ടുകാരും കൂവി ആര്‍ത്ത നിമിഷങ്ങള്‍ ,കോടതി വരാന്തയിലും മറ്റും ഒരു പുഴുത്ത പട്ടിയെ പോലെ കേട്ട ശാപവാക്കുകള്‍ ,തെറികള്‍ ,മര്‍ദ്ധനങ്ങള്‍... ഒന്നും തന്നെ അധികം ആയിരുന്നില്ല . എന്റെ തെറ്റിന്റെ ത്രാസ് അപ്പോഴും താഴ്ന്നു തന്നെ ഇരിക്കുന്നു . ഒരു കോടതിക്കും തരാന്‍ ആകില്ല എന്റെ തെറ്റുകള്‍ക്കുള്ള ശിക്ഷ . മരണം കൊണ്ട് അടിവരയിടാന്‍ പലവട്ടം ശ്രമിച്ചു . കണ്ണുകള്‍ക്ക് മുന്നില്‍ ദൈന്യതയോടെ നില്‍ക്കുന്ന ആ രണ്ടു മിഴികള്‍ , ഉറങ്ങാന്‍ കഴിയാതെ , ഇരുട്ടില്‍ സ്വയം നഷ്ടപ്പെട്ട ദിനരാത്രങ്ങള്‍ . മനോരോഗത്തിന്റെ ആഴങ്ങളില്‍ പെട്ട്  ആശുപത്രിയിലെ ഇരുമ്പ് കട്ടിലില്‍ കഴിച്ചു കൂട്ടിയ നാളുകള്‍ . ഒരിക്കല്‍ പോലും തിരിച്ചു നല്കാന്‍ ആകില്ല എന്ന ഓര്‍മ്മ , അമ്മയെ ,ആന്റിയെ , ആലീസിനെ ഓര്‍മ്മകളില്‍ എന്നും അവരോടു മാപ്പപേക്ഷിച്ചു കടന്നു പോകുന്ന ദിനങ്ങള്‍ക്ക് ഭ്രാന്ത് നല്ലൊരു മരുന്നായിരുന്നു . കുറച്ചു കാലം പിന്നെ ഞാന്‍ ഒന്നും അറിഞ്ഞില്ല . ഇടയിലെപ്പോഴോ തലച്ചോര്‍ കലങ്ങുന്ന ഷോക്ക് മാത്രം ഓര്‍മ്മകളെ പിറകില്‍ നിന്നും വലിച്ചു നീക്കി മുന്നിലേക്ക് ഇട്ടു തന്നു കൊണ്ടിരുന്നു . കാലം തന്ന മറവി എന്ന അനുഗ്രഹം അതോ മരുന്നുകളോ ഇപ്പോള്‍ ആലീസിന്റെ കണ്ണുകള്‍ എന്നെ വേട്ടയാടുന്നില്ല . എനിക്ക് പക്ഷെ മറക്കാന്‍ കഴിയുന്നില്ല ഇന്നും . ഞാന്‍ ഒരു തെറ്റുകാരന്‍ ആയതു എന്റെ അറിവില്ലായ്മയുടെ ആഴം ഇവയൊക്കെ എന്നെ വീണ്ടും വീണ്ടും ചിലപ്പോഴൊക്കെ ആ ഭ്രാന്തിന്റെ ചങ്ങല കിലുക്കം കേള്‍പ്പിക്കാറുണ്ട് .

അവിടെ നിന്നും വീണ്ടും ജയിലിലേക്ക് . ജയിലിലെ അന്തരീക്ഷം കുറെ കൂടി നന്നായി തോന്നി . തെറ്റുകള്‍ മനസ്സില്‍ ഏറ്റുപറഞ്ഞുള്ള കുമ്പസാരത്തിന്റെ ചുവന്ന നാളുകള്‍ക്കൊടുവില്‍ മനസ്സ് വായനയിലേക്ക് തിരിച്ചു വിട്ടു . ജയിലില്‍ വായിക്കാന്‍ പുസ്തകം കിട്ടിത്തുടങ്ങിയപ്പോള്‍ പിന്നെ കാലവും സമയവും എന്നില്‍ നിന്നകന്നു പോയി എന്ന് തന്നെ പറയാം . പരിമിതികള്‍ ഇല്ലാത്ത വായനയായിരുന്നു മുന്നില്‍ . വായനയുടെ ലോകത്ത് , ജീവിതത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും നിസ്സഹായതയും വരച്ചിട്ട കാലം .

നല്ല നടപ്പിന്റെ ആനുകൂല്യം നേടി നാളെ ഈ തടവറ വിട്ടു പോകേണ്ട കാലം ആയിരിക്കുന്നു . ഇന്നെന്റെ ചിന്തകള്‍ നാളെയെക്കുറിച്ചാണ് . ഈ രാവു കഴിയുമ്പോള്‍ വീണ്ടും ഞാന്‍ പോകുന്നത് കുറുക്കന്മാരുടെ നഗരങ്ങളിലേയ്ക്കാണ്. കൊലയാളിയെന്ന പേര് ചാര്‍ത്തിയ എനിക്ക് എവിടെയാണ് മനുഷ്യനായി ജീവിക്കാന്‍ ഒരു അവസരം ലഭിക്കുക . ? ഇല്ല പക്ഷെ എനിക്ക് ഇനി വിശ്രമിക്കാന്‍ ആകില്ല . വര്‍ഷങ്ങളുടെ നഷ്ടം കൊണ്ട് ഞാന്‍ നേടിയ ഒരു അറിവ് ഉണ്ട് . എന്റെ വായനകള്‍ എനിക്ക് തന്ന ശക്തി , എന്റെ മനസ്സിന്റെ ഓരോ അറയിലും ഞാന്‍ ആവര്‍ത്തിച്ചു ഉറപ്പിച്ച ഒരു ലക്‌ഷ്യം ഉണ്ട് ഇന്നെനിക്കു .

കൗമാരമനസ്സിനെ തെറ്റുകളിലേക്ക് വലിച്ചു കൊണ്ട് പോകുന്ന മയക്കു മരുന്നുകളെ കുറിച്ചും അവയുടെ ദോഷങ്ങളെക്കുറിച്ചും എനിക്ക് പറഞ്ഞു കൊടുക്കണം .ഇനി ഉള്ള എന്റെ ലക്‌ഷ്യം അതാണ് . ഓരോ കോളേജു  കാമ്പസുകളിലേക്കും ഇനി ഞാന്‍ നടന്നു ചെല്ലും . ഓരോ ചെറുപ്പക്കാരെയും ഞാന്‍ എന്റെ കഥ പറഞ്ഞു കേള്‍പ്പിക്കും . ഓരോ മനസ്സിലേക്കും ഞാന്‍ എന്നെ കയറ്റി വിടും . എന്റെ ജീവിതം എന്റെ സന്ദേശം ആകും . അതെ ആലീസുമാര്‍ ഇനി ഉണ്ടാകരുത് . ഒരമ്മയ്ക്കും ഇനി മക്കള്‍ നഷ്ടമാകരുത് . ഒരു കുരുന്നു പോലും ഇനിയും ഞെട്ടറ്റു വീഴാന്‍ പാടില്ല . ഇനി എന്റെ ജീവിതം അതിനുള്ളതാണ് .....!

Sunday, February 22, 2015

സിംഹവും മുയല്‍ക്കുഞ്ഞും


ഒരിടത്തൊരിടത്ത്  ഒരു വലിയ കാടുണ്ടായിരുന്നു.

 കാടെന്നു വച്ചാല്‍ വല്യ കാട് .....

 അതില്‍ നിറയെ മൃഗങ്ങള്‍.

ആണ്‍ മൃഗങ്ങള്‍ പെണ്‍മൃഗങ്ങള്‍, കുട്ടി മൃഗങ്ങള്‍ വയസ്സായ മൃഗങ്ങള്‍..... അങ്ങനെ എല്ലാം ഉണ്ടായിരുന്നു അതില്‍.
ആ കാട്ടില്‍ ത്തന്നെ   ഒരു ഗുഹയില്‍ ഒരു സിംഹം ഒറ്റയ്ക്ക് താമസിച്ചിരുന്നു. ആരോടും കൂട്ടില്ലാതെ, ആരോടും സ്നേഹമില്ലാതെ ക്രൂരന്‍ ആയ ഒരു സിംഹം

രാവിലെ മുതല്‍ രാത്രി വരെ തന്റെ ഗുഹയില്‍ വെറുതെ കിടക്കുന്ന സിംഹം രാത്രി ആകുമ്പോള്‍ ആണ് ഇരതേടി ഇറങ്ങുക പതിവ് . ഇര പിടിക്കുമ്പോള്‍ ഇരയെ ഏറ്റവും കൂടുതല്‍ ഓടിച്ചു ക്ഷീണിപ്പിച്ചു പിടിക്കുക , അവയെ കൊല്ലാതെ കൊല്ലുക ഇതൊക്കെ ആണ് ആ സിംഹത്തിന്റെ വികൃതികള്‍.
കാട്ടിലെ മറ്റു മൃഗങ്ങള്‍ക്കൊന്നും പക്ഷെ ഈ സിംഹത്തെ അറിയില്ലായിരുന്നു.  കാരണം ഇത് രാത്രിയില്‍ അല്ലേ ഇറങ്ങൂ . അത് പോലെ തന്നെ മറ്റു മൃഗങ്ങളും ആയി ഒരു തരത്തില്‍ ഉള്ള ബന്ധവും വച്ചിരുന്നുമില്ല ഈ സിംഹം.
അങ്ങനെയിരിക്കെ ഈ ക്രൂരനായ സിംഹം പതിവ് പോലെ ഒരു രാത്രി ഇര തേടി ഇറങ്ങി.

ഇരുട്ട്....  ഭയപ്പെടുത്തുന്ന ചീവീടുകളുടെ ശബ്ദം കേള്‍ക്കാം. എവിടെയോ ഇരുന്നു കൂമന്‍ മൂളുന്ന ശബ്ദം ഇടയ്ക്ക് കേള്‍ക്കാം. ഇടയ്ക്കിടയ്ക്ക് ചില കിളികളുടെ ചിലയ്ക്കല്‍ കേള്‍ക്കാം. ഒറ്റയാന്റെ അലര്‍ച്ച കേള്‍ക്കാം ദൂരെ.
വിശന്നു തളര്‍ന്ന സിംഹം ഇല പോലുമനങ്ങാതെ അങ്ങനെ നടക്കുകയാണ്. കണ്ണുകള്‍ കൂര്‍പ്പിച്ച് , കാതു വട്ടം പിടിച്ചു ശ്വാസം നിയന്ത്രിച്ച് പതിയെ പമ്മിപ്പമ്മി കാട്ടിലൂടെ.............
പെട്ടെന്നാണ് കാട്ടു പൊന്തയില്‍ നിന്നും ഒരു ശബ്ദം കേട്ടത്.
സിംഹം ജാഗരൂകനായി... അങ്ങോട്ട്‌ തന്നെ ഇരുട്ടില്‍ സൂക്ഷിച്ചു നോക്കി.
ഇരുട്ടിലെ പൊന്തക്കാട്ടിലെ ചലനം എന്താകും? പാമ്പ് ആണോ , ഏതെങ്കിലും മൃഗം ആണോ....! എന്താകുമോ?  ഒന്നുമറിയില്ല സിംഹം ഒരു നിമിഷം അവിടെ നിന്നു. കുറച്ചു നേരം സൂക്ഷിച്ചു നോക്കിയപ്പോള്‍ സിംഹം അത് കണ്ടു. ആ മുള്‍പ്പടര്‍പ്പില്‍ , മുള്ളില്‍ കുരുങ്ങി ഒരു മുയല്‍ക്കുഞ്ഞ്. വെള്ള, പഞ്ഞിക്കെട്ടു പോലെ ഒരു കൊച്ചു സുന്ദരി മുയല്‍ . മുള്ളുകള്‍ കൊണ്ട് രക്തം പുരണ്ട ശരീരം . ഉറക്കെ കിതയ്ക്കുന്ന ശബ്ദം കേള്‍ക്കാം. പേടിച്ചു കണ്ണുകള്‍ പുറത്തേക്കു തള്ളിയിരിക്കുന്നു. ശബ്ദം പോലും പുറത്തു പോകാതെ അതിങ്ങനെ ഇരിക്കുകയാണ്. സിംഹം  ഒന്നൊച്ച ഇട്ടാല്‍ അത് മരിച്ചു പോവും അത്ര പേടിച്ചു പോയിരിക്കുന്നു.
ഒന്നാമത് ഇരുട്ട്, പിന്നെ നിസ്സഹായത ..... ഒന്നോടി രക്ഷപ്പെടാന്‍ പോലും .....മാത്രവുമല്ല ക്രൂരനായ സിംഹത്തിനു  ഒരു ഇരയേ അല്ല താന്‍ . ഒരു വിഴുങ്ങല്‍ കൊണ്ട് എല്ലാം കഴിയും . മുയല്‍ക്കുഞ്ഞു വിറയ്ക്കാന്‍ തുടങ്ങി .
സിംഹം പതിയെ അവിടെത്തന്നെ നിന്ന് ചുറ്റും നോക്കി . കാടാകെ നിശബ്ദമായി . വരാന്‍ പോകുന്ന ഭീകര നിമിഷത്തെ ഓര്‍ത്ത്‌ കാട് നടുങ്ങി നിന്നു. ചീവീടുകള്‍ ശബ്ദം നിര്‍ത്തി . കൂമന്‍ തുറിച്ചു നോക്കി ഇരുന്നു. എന്തും സംഭവിക്കാവുന്ന നിമിഷങ്ങള്‍!
സിംഹം തന്റെ നാവു നന്നയി നീട്ടി മേല്‍ച്ചുണ്ട് നക്കി ....എന്നിട്ട് പതിയെ, കൗതുകത്തോടെ അതിന്റെ അരികില്‍ ഇരുന്നു .
ഇവിടെ ഇതാ ഓടിപ്പിടിക്കാതെ, ഒരു ഇര വിശന്നു വലഞ്ഞ എന്റെ മുന്നിലേക്കു വന്നു വീണിരിക്കുന്നു . സന്തോഷിക്കാനിതിലും വലുതെന്ത് വേണം.
സിംഹം മുയലിന്റെ കണ്ണുകളില്‍ തന്നെ നോക്കി അതിനടുത്തിരുന്നു . സിംഹത്തിന്റെ നോട്ടം മുയലിന്റെ ഉള്ളില്‍ ഭയത്തിന്റെ വേരുമുളപ്പിച്ചു. അത് ഉള്ളിലേക്ക് ആഴ്ന്നിറങ്ങാന്‍ തുടങ്ങി .
മുയല്‍ സിംഹത്തിന്റെ കണ്ണുകളില്‍ തന്നെ തറച്ചു നോക്കി . മരണം അടുത്തു വന്നു കഴിഞ്ഞു ഇനി ജീവിക്കാന്‍ ഒരു വഴിയും ഇല്ല. അങ്ങനെ എങ്കില്‍ മരിക്കുക ഭീരുവായി വേണ്ട എന്ന് മുയല്‍ക്കുഞ്ഞിനു തോന്നി.
അത് സിംഹത്തിന്റെ കണ്ണിലേക്ക്  വെല്ലുവിളി ഉയര്‍ത്തി നോക്കിയിരുന്നു.
ഒരുപാട് നേരം പരസ്പരം അവര്‍ അങ്ങനെ നോക്കിയിരുന്നു. പതിയെ മുയല്‍ക്കുഞ്ഞില്‍ ഒരു ധൈര്യവും വിശ്വാസവും വന്നു നിറയാന്‍ തുടങ്ങി . അതിന്റെ ഉള്ളിലെ ഭയം അലിഞ്ഞു പോകാന്‍ തുടങ്ങി.
സിംഹമാകട്ടെ പതിയെ അധീരനാകാന്‍ തുടങ്ങി . ഒട്ടൊരു ജാള്യതയോടെ സിംഹം അത് മനസ്സിലാക്കി . ഈ കുഞ്ഞു മുയലിന്റെ മുന്നില്‍ താന്‍ വെറും ഒരു കീടം ആകുന്നോ എന്ന് സിംഹത്തിനു സംശയമായി.
തന്റെ ധൈര്യം തിരികെ കൊണ്ട് വരാന്‍ വേണ്ടി എന്നോണം സിംഹം മുയലിനെ നോക്കി നാക്ക് നീട്ടി ചുണ്ട് ഒന്നു കൂടി നക്കി ഒരു ചിരി ചിരിച്ചു കൊണ്ട് ഒന്നു മുരളി.
മുയല്‍ ഉടനെ തന്നെ സിംഹത്തിന്റെ കണ്ണില്‍ നിന്നും നോട്ടം തെറ്റിക്കാതെ ഒരു പുഞ്ചിരി തിരിച്ചു കൊടുത്തു .
ങേ....! സിംഹം നടുങ്ങിപ്പോയി . മരണത്തിന്റെ മുഖത്തിരുന്നു നിനക്ക് ചിരിക്കാന്‍ കഴിയുന്നോ എന്നൊരു ധ്വനി ഉണ്ടായിരുന്നു സിംഹത്തിന്റെ നോട്ടത്തില്‍.
സിംഹം ചോദിച്ചു .
"
നിന്നെ ഞാന്‍ തിന്നാന്‍ പോവുകയാണ്. നിനക്ക് ഭയം തോന്നുന്നില്ലേ? "
മുയല്‍ പറഞ്ഞു.
"
എനിക്ക് ഭയം തോന്നിയാല്‍ നീ എന്നെ തിന്നാതിരിക്കുമോ?"
"
ഇല്ല നിനക്ക് ഭയം തോന്നിയില്ലേലും നിന്നെ ഞാന്‍ തിന്നും കാരണം എനിക്ക് വിശക്കുന്നു നീയാണ് എന്റെ ഇന്നത്തെ ഇര."
"
എന്നെ തിന്നത് കൊണ്ട് നിന്റെ വിശപ്പ്‌ മാറുമോ ?"
"
ഇല്ല നീ എനിക്ക് തല്ക്കാല വിശപ്പ്‌ മാറാന്‍ ഉള്ള ഒരു ഇട ഭക്ഷണം മാത്രം ."
"
എങ്കില്‍ ആയിക്കൊള്ളൂ . അശരണയാണ് ഞാന്‍ എങ്കിലും നിന്നെപ്പോലൊരു ക്രൂരന്റെ ഇരയാകേണ്ടി വന്നതില്‍ ദുഖമുണ്ട്. പക്ഷെ എനിക്ക് ഓടാന്‍ കഴിയില്ല, പ്രതികരിക്കാന്‍ കഴിയില്ല... ഇനി നിനക്ക് കീഴടങ്ങാതെ മറ്റൊരു വഴിയുമില്ല എന്റെ മുന്നില്‍. അതിനാല്‍ നീ എന്നെ എന്തുവേണമെങ്കിലും ചെയ്തു കൊള്ളുക. പക്ഷെ ഞാന്‍ ഇനി ഭയക്കില്ല. വേദന കൊണ്ട് പോലും ഒരു ചെറിയ സ്വരം ഞാന്‍ ഉണ്ടാക്കില്ല...."
മുയലിന്റെ വാക്കുകളില്‍ അസാധാരണമായ ഒരു ശാന്തത നിറഞ്ഞു നിന്നിരുന്നു .
സിംഹം ആദ്യമായാണ്‌ ഇങ്ങനെ ഒരു പ്രതിസന്ധിയില്‍ ചെന്ന് പെടുന്നത് . ആകെ വിഷമത്തിലായി സിംഹം. ശരിയാണ് ഈ മുയല്‍ എതിര്‍ത്താലും ഇല്ലേലും ഞാന്‍ ഇതിനെ തിന്നും. പക്ഷെ ഇതിന്റെ ധൈര്യം അതിനെ എനിക്ക് കീഴടക്കാനോ ,ഇല്ലാതാക്കാനോ കഴിയില്ല . ഞാന്‍ ഭീരുവാകുന്നു.
സിംഹം മുയലിന്റെ കണ്ണുകളില്‍ വീണ്ടും വീണ്ടും നോക്കി . അവിടെ ഭയം ലവലേശം ഇല്ല . മാത്രവുമല്ല അതില്‍ സിംഹം ആദ്യമായി സ്നേഹം കണ്ടു . തനിക്കു അജ്ഞാതമായ ഒരു വികാരം . സിംഹത്തിന്റെ കുഞ്ചി രോമങ്ങള്‍ എഴുന്നു വന്നു തനിക്കെന്തോ മാറ്റം സംഭവിക്കും പോലെ തോന്നി അതിനു.
സിംഹം പതിയെ തന്റെ കൈ ഉയര്‍ത്തി . ആസന്നമായ മരണത്തിനു മുന്നില്‍ അചഞ്ചലയായി മുയല്‍ നിന്നു .
മരണത്തിന്റെ തണുത്ത കാറ്റ് തനിക്കു ചുറ്റും വീശുന്ന പോലെ അതിനു തോന്നി . അവസാനമെന്നോണം അത് സിംഹത്തിന്റെ മുഖത്തേക്ക് ഒന്ന് നോക്കി.
പിന്നെ, പതിയെ കണ്ണുകള്‍ അടച്ചു മണ്ണിലേക്ക് അമര്‍ന്നു . ഇനിയില്ല ജീവിതം.... ഇനിയില്ല സുന്ദരമായ ഈ കാഴ്ചകള്‍ ,ഇനിയെനിക്കൊന്നും സ്വന്തമായില്ല . മുയലിന്റെ ഉള്ളില്‍ വേദന നിറഞ്ഞു. എങ്കിലും അത് ഭയം പുറത്തു കാണിക്കാതെ കണ്ണുകളടച്ചു ശാന്തമായി നിലത്തേക്ക് അമര്‍ന്നു കിടന്നു.
സിംഹം തന്റെ കൈ കൊണ്ട് പതിയെ ആ മുള്ളുകള്‍ ഇളക്കി മാറ്റി . പിന്നെ പതിയെ ആ മുയല്ക്കുഞ്ഞിനെ നോവിക്കാതെ കടിച്ചെടുത്തു പുറത്തേക്ക് കൊണ്ട് വന്നു തുറസ്സായ ഒരു സ്ഥലത്ത് വച്ച് .
പിന്നെ അതിന്റെ അടുത്ത് സിംഹം കിടന്നു കൊണ്ട് അതിന്റെ മുഖത്തിന്‌ അടുത്ത് ആയി തന്റെ മുഖം വച്ച് അതിന്റെ മുഖത്തേക്ക് നോക്കി.
സമയം കടന്നു പോയി. തന്റെ മരണം ഇനിയും വൈകുന്നത് കണ്ടു അസഹ്യത പൂണ്ട മുയല്‍ ചോദ്യരൂപേണ കണ്ണുകള്‍ ഉയര്‍ത്തുമ്പോള്‍ കാണുന്നത് തന്നെ നോക്കി തന്റെ അരികത്തു മുഖം വച്ച് അടുത്ത് കിടക്കുന്ന സിംഹത്തെ ആണ് .
"
ഇനിയും എന്തിനീ താമസം . എന്റെ ജീവനെ എടുത്തു കൊണ്ട് എനിക്ക് ശാന്തി തരൂ . മുള്‍മുനയില്‍ ഉള്ള ഈ ജീവിതം എനിക്ക് മരണത്തെക്കാള്‍ അസഹനീയം ആണ്..."
മുയലിന്റെ വാക്കുകള്‍ കേട്ട സിംഹം ഒരു പുഞ്ചിരിയോടെ മുയലിന്റെ തലയില്‍ തലോടിക്കൊണ്ടു പറഞ്ഞു .
"
ഞാന്‍ എന്റെ ജീവിതത്തില്‍ ആദ്യമായി സ്നേഹത്തോട് കൂടി ഒരു ജീവിയെ തൊടുന്നു . നീ എനിക്ക് പ്രിയപ്പെട്ടത് . നിന്നെ ഞാന്‍ ഒരിക്കലും കൊല്ലില്ല . നീ എന്റെ കൂടെ വരിക നിനക്ക് ഞാന്‍ കാവലാകാം . ഇനിയൊരു മുള്‍പ്പടര്‍പ്പിലും വീഴാതെ ഒരു മൃഗ നഖങ്ങളിലും പെടാതെ നീ സുരക്ഷിതയായിരിക്കും വരൂ ."
അവിശ്വസനീയമായ എന്തോ കേട്ട പോലെ മുയല്‍ സിംഹത്തെ തന്നെ നോക്കി നിന്നു. സിംഹം മുയലിനെ എടുത്തു തന്റെ പുറത്തു വച്ച് തിരികെ തന്റെ ഗുഹയിലേക്ക് നടന്നു . അകലെ കിളികള്‍ മധുരമായി പാടി തുടങ്ങി വീണ്ടും.....
-------------------------------------------
ബി.ജി.എന്‍ വര്‍ക്കല
(
ഒരു കുഞ്ഞാവയ്ക്ക് വേണ്ടി പറഞ്ഞ കഥ ... എല്ലാ കുഞ്ഞാവകള്‍ക്കും വേണ്ടി ........)