എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Labels
Wednesday, November 28, 2018
96 ഉം ഞാനും
Monday, October 8, 2018
എന്നിലേക്ക് നോക്കുമ്പോൾ ...
എന്നിലേക്ക് നോക്കുമ്പോൾ ...
.................................................
നിശബ്ദത വല്ലാതെ ബുദ്ധിമുട്ടിച്ചു തുടങ്ങുമ്പോള്‍ ആണ് എല്ലാരും ജീവിതത്തെ വെറുത്തു തുടങ്ങുന്നതെന്ന വേദവാക്യം എന്‍റെ മനസ്സിനെയും വെറുതെ മലിനമാക്കിക്കൊണ്ടിരിക്കുന്നു . എവിടെയാണ് നിനക്ക് പിഴച്ചതെന്നു കാലത്തിന്‍റെ ഓരോ ചലനത്തേയും അളന്നു നോക്കി ചിന്തകള്‍ ആകുലപ്പെട്ടു തുടങ്ങി . എന്താകും , എവിടെയാകും വിഷുപ്പക്ഷിയുടെ ചിറകടിയൊച്ച കാത്തു ഉറക്കം നഷ്ടമായ ദിനങ്ങള്‍ തണുത്തുറഞ്ഞു കിടന്നത് ? കേവലതയുടെ വെറും നൂലുകള്‍ ഇഴചേര്‍ത്തു തുന്നിയെടുത്ത വിശ്വാസങ്ങളില്‍ എവിടെയൊക്കെയോ വിള്ളലുകള്‍ ഉണ്ടായിരിക്കുന്നു . നഷ്ടപ്പെടലുകള്‍ ആണല്ലോ എന്നും ജീവിതത്തെ മുന്നോട്ടു നയിക്കാന്‍ പ്രേരിപ്പിക്കുന്നത് . കണ്ണീര്‍ കൊണ്ടും , വ്യസനം കൊണ്ടും , പരിഭവങ്ങള്‍ കൊണ്ടും അവയെ പേര്‍ത്തും പേര്‍ത്തും ഓര്‍ത്തു നടക്കുക എന്നത് ജീവിതവൃതം ആകുന്നതു അങ്ങനെയൊക്കെയാകണം. എനിക്ക് മുന്നേ എന്നതില്‍ നിന്നും എനിക്കൊപ്പം എന്നതിലേക്ക് വാക്കുകള്‍ താഴ്ന്നു വരികയും, നമുക്ക് വേണ്ടി എന്നൊരു വെറും വാക്കില്‍ കിടന്നു ഗദ്ഗദം പിടയ്ക്കുകയും ചെയ്തു തുടങ്ങുന്നു പിന്നെ . വക്കുകള്‍ പൊട്ടിയ മണ്‍ചട്ടികള്‍ പോലെയും , വാക്കുകള്‍ പതറിയ ഗീതങ്ങള്‍ പോലെയും മനസ്സിനെ പിടയ്ക്കാന്‍ വിട്ടുകൊണ്ടും കാലം മുന്നോട്ടു തന്നെ പോകുന്നു . വിരസത എന്നതൊരു മുഖമുദ്ര ആകുകയാണ് . ഓര്‍മ്മകള്‍ക്ക് നിറം പകര്‍ന്നും ,എന്‍റെ എന്ന കാഴ്ചകള്‍ ശിഥിലമാക്കുന്നത് കണ്ടു കണ്ണീര്‍ പൊഴിച്ചും ജീവിതമെന്താണ് എന്നൊരു അന്വേഷണത്തിന് ഇറങ്ങുന്ന മനുഷ്യനാണോ ഞാന്‍ ? എവിടെയാണ് വഴി പിരിഞ്ഞത് ചിന്തകള്‍ ? എവിടെയാണ് മൊഴികള്‍ അന്യമായത് ? ആര്‍ക്കാണ് തെറ്റുസംഭവിച്ചത് ? കാലം പറയാത്ത ചില കടങ്കഥകള്‍ ആണ് ചിലപ്പോഴൊക്കെ ജീവിതമെന്ന് തോന്നിപ്പിക്കുന്നതെന്താകും . ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്ക് ഉത്തരം ആയി മനസ്സ് പറഞ്ഞു പഠിപ്പിച്ച വാക്യമാണ് ലഹരിയുടെ പൂക്കള്‍ പൂവിടുന്ന താഴ്വരകളെ സ്നേഹിക്കാന്‍ . അല്ലെങ്കില്‍ മരണം മണക്കുന്ന തണുപ്പിന്റെ ആഴങ്ങളെ അതിലുമാഴത്തില്‍ പ്രണയിക്കാന്‍ . എന്താകാം പ്രണയത്തെക്കുറിച്ച് വാചാലമാകുമ്പോള്‍ ഹൃദയം ഇത്രയേറെ തുടിക്കുന്നത് ? അന്യായമായ ഒരു വിനോദമല്ലേ അത് . ആഴങ്ങള്‍ മറന്നു പോകുന്ന ഏതു ഗര്‍ത്തമാണ് , ലഹരികള്‍ ഉറഞ്ഞു പോയ ഏതു താഴ്വരകളാണ് ജീവിതത്തെ ഇടയില്‍ കലര്‍ത്തി , വേദനയുടെയും കടപ്പാടിന്റെയും സ്നേഹരാഹിത്യത്തിന്റെയും കഥകള്‍ പറഞ്ഞു തരുന്നത് ? സ്നേഹിക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്ന മനുഷ്യന്‍ എന്നൊന്നുണ്ടാകും. അല്ല ഉണ്ടാകണം . കാരണം സ്നേഹിക്കാന്‍ കഴിയാത്തവര്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ലാത്ത ഭൂമിയിലാണ് ഞാനെന്റെ ജീവിതം തുടങ്ങി വച്ചത് . വെറുപ്പിന്റെ ബാലപാഠങ്ങള്‍ പോലും അന്യമാക്കണം എന്ന ചിന്തയില്‍ നിന്നെന്നോ തുടങ്ങിയ തേങ്ങല്‍! അതാണ് ഇന്നെന്‍റെ ജീവിതമെന്ന് കാറ്റു, പൂക്കളോടും ശലഭങ്ങളോടും പരദൂഷണം പറയുന്നത് ഞാനറിയുന്നുണ്ട്.
----ബി ജി എൻ വർക്കല
Friday, October 21, 2016
എഴുത്തുകാരോടു ....
മുൻപ് മംഗളം, മനോരമ , കുമാരി , സഖി, കണ്മണി ...... തുടങ്ങി ഒട്ടനവധി വാരികകൾ മലയാളികളിൽ വായനാശീലം വളർത്തിയത് ഇക്കിളിയുടെ ദ്രുതചലനങ്ങൾ കൊണ്ടായിരുന്നു. ഞാനും കുട്ടിക്കാലത്ത് ഒളിച്ചും പിന്നെ ധൈര്യത്തോടെയും വായിക്കുകയും കോൾമയിർ കൊള്ളുകയും ചെയ്തിരുന്നതുമാണത്. പുസ്തകങ്ങൾ വായിച്ചു തുടങ്ങും വരെ അതു തുടർന്നു പോന്നു. പിൽക്കാലത്ത് സീരിയലുകൾ ആ സ്ഥാനം മലയാളികളിൽ നിന്നും പിടിച്ചെടുക്കുന്നതും കാണാനായി. ഇവിടെ ഇതു പറയാൻ കാരണം മറ്റൊന്നാണ്. ഓരോ പുതിയ നോവലും വാരികകളിൽ വരുമ്പോൾ അതിനു മുന്നോടിയായി പരസ്യങ്ങൾ വരും. മിക്കവാറും മൂലകഥയ്ക്കു പകരം അതിലെ ലാസ്യ രംഗങ്ങൾ / ആക്ഷൻ രംഗങ്ങൾ ഒക്കെയാകും പരസ്യത്തിനുപയോഗിക്കുക. ഇതേ തന്ത്രങ്ങൾ സീരിയലുകളും പിന്തുടരുന്നു എന്നാണ് കേട്ടറിവു. ( സീരിയൽ കാണാറില്ല ഊഹം / കേട്ടു കേൾവി മാത്രം . തല്ലരുത് അത് പറഞ്ഞ് ) . ഇതൊക്കെ എന്തിനാ ഇപ്പോ പറയുന്നത് എന്നു ചോദിച്ചാൽ സാഹിത്യത്തിലെ പുതിയ ട്രെൻഡ് കണ്ടു ഇവ ഓർത്തു പോയതാണ്. നോവലുകളും മറ്റും വെളിച്ചം കാണും മുന്നേ എഴുത്തുകാർ തന്നെ അതിനെ പ്രമോട്ട് ചെയ്യുന്ന പുതിയ രീതി അതിലെ ഇക്കിളികൾ / കണ്ണീരുകൾ വായനക്കാരനു പ്രലോഭനത്തിന്റെ മാതൃകയിൽ പരസ്യം ചെയ്തുകൊണ്ടുള്ളതാകുന്നു. എഴുത്തുകാരന്റെ ആത്മവിശ്വാസക്കുറവും നിലവാരത്തകർച്ചയുമാണ് ഇതിനു കാരണമായി തോന്നുന്നത്. എനിക്കു തോന്നുന്നത് വായനക്കാർ ആകണം പുസ്തകത്തെ വിലയിരുത്തേണ്ടത്. അല്ലാതെ എഴുത്തുകാരന്റെ ചൂണ്ടുവിരലിലൂടെയാകരുത് വായന. അതു ഒരു തരത്തിൽ ഫാസിസമാണ്. വായനക്കാരനു എഴുത്തുകാരനെ ( എഴുതിയത്) മനസ്സിലാകാതെ പോകുന്നു എങ്കിൽ അതിനർത്ഥം എഴുത്തുകാരൻ ആ പണിയിൽ പരാജയം ആണെന്നാണ് . തിരിച്ചറിഞ്ഞു തിരുത്തുക നിങ്ങളെ . അല്ലെങ്കിൽ നിങ്ങൾ നാളെകളിൽ വായിക്കപ്പെടാതെ പോകും
..... ബി.ജി.എൻ വർക്കല
Saturday, October 8, 2016
എന്നിലേക്ക് നോക്കുമ്പോൾ
----ബി ജി എൻ വർക്കല
Saturday, February 6, 2016
വിചിത്രമായ ഒരു സ്വപ്നം
തുടക്കം ഇല്ലാതെ ഇടയിലെങ്ങോ നിന്നൊരു സ്വപ്നത്തിന്റെ ഇടനാഴി തുറക്കുന്നു . വളരെ പ്രൌഡിയോടെ ഒരു സ്ത്രീ ചുവന്നവലിയ വട്ടപ്പൊട്ടും(നമ്മുടെ ജയഭാരതി ചേച്ചിയുടെ അതെ പൊട്ടു smile emoticon ) ധരിച്ചു ഒരു കുങ്കുമ നിറത്തിലെ സാരിയും ചുറ്റി എന്റെ മുന്നിലേയ്ക്ക് വരുന്നു. ഞാന്‍ സര്‍വ്വാംഗം മൂടിപ്പുതച്ചു ഇരിക്കുകയാണ് . പെട്ടെന്ന്‍ ആണ് ഞാന്‍ അറിയുന്നതു ഞാനൊരു സദസ്സില്‍ ആണെന്നും എനിക്ക് മുന്നിലായ് ഒരു വലിയ ജനക്കൂട്ടം രൂപം കൊള്ളുന്നതും. ആ സ്ത്രീ എന്റെ അരികില്‍ വന്നു എന്നോട് സൗമ്യമായി പറഞ്ഞു പൂജ ഇപ്പോള്‍ തുടങ്ങും എന്ന് . പിന്നെ ആ സ്ത്രീ എനിക്ക് പുറകിലേയ്ക്ക് പോയി . ഞാന്‍ ഒരു പുതപ്പു കൊണ്ട് എന്നെ പുതച്ചിരിക്കുക ആയിരുന്നു , അതിനുള്ളില്‍ ഞാന്‍ നഗ്നന്‍ ആയിരുന്നു . ഇത്രയും ജനങ്ങളുടെ ഇടയില്‍ അങ്ങനെ ഇരിക്കേണ്ടി വരുന്നതിന്റെ അസഹ്യത എന്നില്‍ നന്നായി ഉണ്ടാകുന്നുണ്ടായിരുന്നു . ഞാന്‍ ത്രിശങ്കു സ്വര്‍ഗ്ഗം എന്നതെന്തു എന്ന് മനസ്സിലാക്കിയതുപോലെ തോന്നി . എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുമ്പോള്‍ വീണ്ടും ആ സ്ത്രീ മുന്നില്‍ ആളുകള്‍ക്ക് പിറകിലായി കാണാന്‍ കഴിഞ്ഞു . പൂജ കഴിയാറായി എന്നും ഇത് കഴിയുമ്പോള്‍ ഞാന്‍ ആ പുതപ്പു ഉപേക്ഷിച്ചു ആ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി ചെല്ലണം എന്നും അവര്‍ എന്നോട് പറഞ്ഞു . ഞാന്‍ അതോടെ വല്ലാത്ത ഒരു അവസ്ഥയില്‍ ആയി എന്ന് തന്നെ പറയാം . തീര്‍ച്ചയായും നഗ്നനായി അവര്‍ക്ക് മുന്നില്‍ ഞാന്‍ ചെല്ലുക എനിക്ക് ലജ്ജ ഉളവാക്കുന്ന ഒരു വസ്തുത ആയി അനുഭവപ്പെട്ടു , അതിലേറെ എന്നെ അലട്ടിയത് അവര്‍ക്ക് മുന്നിലേക്ക് ഞാന്‍ ചെല്ലുമ്പോള്‍ എനിക്ക് ഉദ്ധാരണം സംഭവിക്കുമോ എന്നതായിരുന്നു എന്റെ പേടി . പൂജ കഴിയാറായി . ഞാന്‍ ആകെ വിവശനാകുകയും തളരുകയും ചെയ്യുന്നുണ്ടായിരുന്നു . എന്റെ മനസ്സ് അറിഞ്ഞ പോലെ അപ്പോള്‍ ആ സ്ത്രീ എന്റെ അരികിലേയ്ക്ക് വീണ്ടും വന്നു , അവള്‍ എന്റെ അരികില്‍ എത്തിയതും അലാറം കേട്ടതും ഒരുപോലെ ആയതിനാല്‍ ശേഷം എന്ത് സംഭവിച്ചു എന്നെനിക്കറിയില്ല. ഡ്യൂട്ടിക്ക് പോകേണ്ടതിനാല്‍ വീണ്ടും കിടന്നുറങ്ങി ബാക്കി കാണാന്‍ പറ്റിയുമില്ല...... ബി ജി എന്‍ വര്‍ക്കല
Wednesday, December 24, 2014
നമുക്ക് ഒരു യാത്ര പോകാം !
നമുക്ക് കാടു പൂക്കുന്നത് കാണാന്‍ പോകാം !
നിന്റെ ദാവണിത്തുമ്പില്‍ തെരുപ്പിടിപ്പിച്ചു തൊട്ടാവാടികളെ വകഞ്ഞു മാറ്റി പുല്ലാനികള്‍ക്കിടയിലൂടെ സ്വപ്‌നങ്ങള്‍ തേടി നടക്കാം .
ഇളംകാറ്റില്‍ അളകങ്ങള്‍ നിന്റെ കപോലങ്ങളില്‍ സായന്തനസൂര്യന്റെ നിറം ചാലിക്കുന്നത് മറയ്ക്കുമ്പോള്‍ എനിക്കൊന്നുമ്മ വയ്ക്കാന്‍ കൊതിയാകുന്നു .മാനത്തു കണ്ണികള്‍ കൊതിയോടെ നോക്കുന്ന നിന്റെ പാദങ്ങളില്‍ എനിക്കൊരു മിഞ്ചി അണിയിക്കണം. പുലരികള്‍ തണുപ്പ് വാരിപ്പുതയ്ക്കുമ്പോള്‍ നിന്റെ അണിവയറിന്റെ ഇളം ചൂടില്‍ കവിള്‍ ചേര്‍ത്തു മയങ്ങണം .
നമുക്ക് ഉമ്മകള്‍ പൂക്കുന്ന താഴ് വരകളില്‍ കൊത്താരം കല്ല് കളിക്കാം .
മേഘങ്ങള്‍ കുടപിടിക്കുന്ന പച്ചപ്പരവതാനിയില്‍ കണ്ണുപൂട്ടിക്കിടക്കാം . അടഞ്ഞ കണ്‍പോളകളില്‍ നിറയുന്ന ഇരുണ്ട ചുവപ്പിനെ മനസ്സിലേക്കാവാഹിക്കാം . പരസ്പരം പുണര്‍ന്നുമുറുകുന്ന കൈപ്പത്തികളെ അവരുടെ ഇഷ്ടത്തിനു വിടാം . നിന്നെ ഞാന്‍ സ്നേഹിച്ചു തുടങ്ങുന്നു എന്നവര്‍ പരസ്പരം ബോധ്യപ്പെടുത്തട്ടെ .
മുയലുകളും മാന്‍പേടകളും ചിത്രശലഭങ്ങളും തുമ്പികളും നമുക്ക് ചുറ്റും ഒരു പൂന്തോട്ടം തീര്‍ക്കട്ടെ . നിന്നിലേക്ക് പൊഴിയുന്ന മഞ്ഞു കണികകളില്‍ ഓരോന്നിലും എന്റെ ചുണ്ടുകളെ ദാഹിക്കുന്ന മിഴികള്‍ തുറക്കട്ടെ .അപ്പൂപ്പന്‍താടികള്‍ പോലെ നമ്മള്‍ പറന്നു നടക്കുന്ന നീലാകാശം നമുക്ക് സ്വന്തമാകട്ടെ .
നമുക്ക് കടലു കാണാന്‍ പോകാം
നീലയും പച്ചയും നിറങ്ങളില്‍ വെളുത്ത നുര നിറയുന്ന കടലിന്റെ മാറില്‍ നീന്തിത്തുടിക്കാം . നിന്റെ രഹസ്യങ്ങളില്‍ ഉമ്മ വയ്ക്കുന്ന മീന്‍കുഞ്ഞുങ്ങളെ അസൂയപൂണ്ടു ഞാന്‍ ആട്ടിയോടിക്കാം . ചുഴികള്‍ , മലരികള്‍ നിറഞ്ഞ സമുദ്രങ്ങളില്‍ മുത്തുംപവിഴവും തേടി മുങ്ങാം കുഴിയിടാം . പവിഴപ്പുറ്റുകളില്‍ നിന്റെ മേനിയുരഞ്ഞു പൊടിയുന്ന ചോര എന്റെ നാവിനാല്‍ ഞാന്‍ തൊട്ടെടുക്കാം . നമുക്ക് നഗ്നതയെ മറക്കാം തൊലികളുടെ മിനുമിനുപ്പില്‍ നിന്നും ഹൃദയത്തിന്റെ ചുകചുകപ്പിലേക്ക് യാത്ര ചെയ്യാം .
നമുക്ക് നമ്മെ മറക്കാം . ജീവിതമെന്നാല്‍ ഞാനും നീയുമാണെന്ന് വെറുതെ പറയാം . പരസ്പരം ആഴങ്ങളില്‍ ചുംബിക്കാം . നിന്റെ അധരങ്ങളിലെ ചോര എന്റെ നാവില്‍ പടരും വരെ.... കരിനീലിച്ച നമ്മുടെ ചുണ്ടുകള്‍ നാണിച്ചു പരസ്പരം ഒളിക്കട്ടെ . നമുക്ക് അത് കണ്ടിരിക്കാം ........ബിജു ജി നാഥ്
Thursday, November 13, 2014
പപ്പേട്ടന്
ആള്‍ക്കൂട്ടം വിസ്മയഭരിതരായി നാടകം മറന്നു വിദൂഷകസ്തുതികളില്‍ മുഴുകി .
പപ്പേട്ടന്‍ നീണ്ട ഒരു ഏമ്പക്കവും വിട്ടു വീടണഞ്ഞപ്പോഴും ആള്‍ക്കൂട്ടം നാടകത്തെ കുറിച്ച് ആലോചിക്കുകയായിരുന്നു . നാടകം എന്നാല്‍ വിദൂഷക വേഷം മാത്രം ആണെന്ന് അവര്‍ ധരിച്ചു പോയാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ലല്ലോ . അവര്‍ക്കറിയില്ലല്ലോ പപ്പേട്ടന് വിദൂഷകന്‍ ഒരു നവ ജന്മം കൊടുക്കാന്‍ പോകുന്ന ലഹരിയില്‍ ആണെന്ന് .
Wednesday, October 29, 2014
ആറിയ കഞ്ഞി പഴങ്കഞ്ഞി
Thursday, October 9, 2014
ഒരു പ്രണയലേഖനം
ഒരുപാട് ആലോചിച്ചു . നിന്നെ ഓര്‍ത്ത് ഒരുപാട് രാത്രികള്‍ , ഉറക്കമിളച്ച ഒത്തിരി രാവുകള്‍ , ഒടുവില്‍ ഇതാ ഈ വരികള്‍ നിനക്കായി ഞാന്‍ കുറിക്കട്ടെ .
ആദ്യമായി ഈ ക്ലാസ്സില്‍ എത്തുമ്പോള്‍ തന്നെ ഞാന്‍ കണ്ടത് നിന്നെയായിരുന്നു . എന്റെ മനസ്സിലെ സങ്കല്പങ്ങളില്‍ നിന്നും നേരിട്ട് ഇറങ്ങി വന്ന രൂപം . അന്ന് മുതല്‍ ഒരു യാത്രയായിരുന്നു നിന്റെ പിന്നാലെ നീ അറിയാതെ നിഴല്‍ പോലെ . ക്ലാസ്സ് മുറിയുടെ ശബ്ദായനങ്ങളില്‍ , വഴിയോരത്തിലെ കാത്തു നില്‍പ്പുകളില്‍ ഒക്കെയും നിന്റെ മിഴികളില്‍ മിഴികള്‍ ഒന്ന് കോര്‍ത്തു കിട്ടുവാന്‍ ഞാന്‍ തപസ്സു ചെയ്യുകയായിരുന്നു . ഒരിക്കലും എനിക്ക് നിന്നോട് എന്റെ പ്രണയം തുറന്നു പറയുവാന്‍ കഴിഞ്ഞിരുന്നില്ല . ഞാന്‍ നിന്നരുകില്‍ എത്തുമ്പോള്‍ എല്ലാം അശക്തനായിരുന്നു . നിന്റെ മിഴികളില്‍ നോക്കി എന്തെങ്കിലും പറയാന്‍ കഴിയാതെ ഞാന്‍ എന്നിലേക്ക് ചുരുങ്ങുകയായിരുന്നു . മണ്ണെണ്ണ വിളക്കിന്റെ ചുവന്ന വെളിച്ചത്തില്‍ നിനക്ക് വേണ്ടി എഴുതികൂട്ടിയ എണ്ണമറ്റ കത്തുകള്‍ , കവിതകള്‍, കുറിമാനങ്ങള്‍ ...
ഒരിക്കല്‍ എന്തോ കാര്യത്തിനു നമ്മള്‍ തമ്മില്‍ സംസാരിച്ചിട്ടുണ്ട് . അന്ന് നിന്നെ കേള്‍ക്കുകയായിരുന്നു ഞാന്‍. ഒന്നും തിരികെ പറയാന്‍ കഴിയാതെ നിന്റെ മിഴികളില്‍ ഇറങ്ങി പോവുകയായിരുന്നു ഞാന്‍ ഉള്ളില്‍ എങ്ങോ എവിടെയോ ഞാന്‍ ഉണ്ടോ എന്നറിയാന്‍ ഉള്ള യാത്ര . മറ്റൊരിക്കല്‍ നിന്റെ വിരല്‍ത്തുമ്പില്‍ ഞാന്‍ സ്പര്‍ശിച്ചു . നമ്മള്‍ പരസ്പരം എന്തോ കൈമാറുകയായിരുന്നു . പക്ഷെ എന്റെ ഉള്ളില്‍ ആ വിരലിന്റെ തണുപ്പ് മാത്രമേ നിറഞ്ഞുള്ളൂ .
പലവട്ടം നിന്റെ വഴികളില്‍ ഞാന്‍ കാത്തു നിന്നിരുന്നു . ഒന്ന് ഹൃദയം തുറക്കുവാന്‍ , എന്നെ അറിയിക്കുവാന്‍ . പക്ഷെ അരികിലൂടെ കടന്നു പോകുന്ന നിന്റെ സുഗന്ധം മാത്രം നുകര്‍ന്ന് കൊണ്ട് ഞാന്‍ നിശ്ചലം നിന്നുപോയിരുന്നു അപ്പോഴെല്ലാം . കൂട്ടുകാര്‍ എന്നെ സ്വപ്നജീവി എന്ന് വിളിച്ചു കളിയാക്കി . ആര്‍ക്കും അറിയില്ലായിരുന്നു എനിക്ക് നിന്നോട് ഉള്ള ഇഷ്ടം . ഞാന്‍ ആരോടും പറഞ്ഞിരുന്നുമില്ലല്ലോ .
ദിവസങ്ങള്‍ ഓടി മറഞ്ഞു . മൂന്നു വര്‍ഷം . ഈ മൂന്നു വര്‍ഷവും എന്റെ മനസ്സിലും ചിന്തയിലും നീ മാത്രമായിരുന്നു . നിനക്ക് വേണ്ടി മാത്രമായിരുന്നു ഞാന്‍ വന്നിരുന്നത് . ഒന്ന് കാണാന്‍ , ഒരു നോട്ടം കിട്ടാന്‍ . നിന്റെ ചൊടിയില്‍ വിരിയുന്ന ചിരി കണ്ടു സന്തോഷിക്കാന്‍ . മണി കിലുങ്ങും പോലുള്ള നിന്റെ വര്‍ത്തമാനം കേട്ടിരിക്കാന്‍ . നീ നടന്ന വഴികളില്‍ നിന്റെ പാദസരത്തിന്റെ സംഗീതത്തില്‍ ലയിക്കാന്‍ .
ഒരിക്കലും പറയാതെ , അറിയാതെ പോകുന്ന ഒരു സ്നേഹം , അതെങ്ങനെ നീ മനസ്സിലാക്കും എന്ന് ഞാന്‍ ഒരിക്കലും ഓര്‍ത്ത് വിഷമിച്ചിട്ടില്ല . ഇന്ന് ഈ ദിവസം വരെ എന്റെ ഇഷ്ടം എന്നില്‍ മാത്രമായിരുന്നു . ഇവിടെ ഞാന്‍ അത് പൊട്ടിക്കുന്നു . ഈ കുറിമാനം , എന്റെ ഹൃദയം നിന്റെ കൈകളില്‍ എത്തുമ്പോള്‍ ഞാന്‍ നിന്നില്‍ നിന്നും ഒരുപാട് ദൂരെ എത്തിയിട്ടുണ്ടാകും . ഒരിക്കലും ഇനി നമ്മള്‍ കണ്ടുവെന്നും വരില്ല . പക്ഷെ നീ അറിയണം . നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു എന്ന് . കാരണം എന്റെ കയ്യില്‍ നീ നല്‍കിയ ഈ ക്ഷണക്കത്ത് എന്നോട് പറയുന്നുണ്ട് എന്റെ സ്നേഹം എന്റെ മാത്രം ആഗ്രഹമായിരുന്നു എന്ന് . ഞാന്‍ പറയാതെ പോയ എന്റെ സ്നേഹം , നീ അറിയാതെ പോയ എന്റെ സ്നേഹം .
ജീവിതത്തിന്റെ തിരക്കിനിടയില്‍ ഒരിക്കല്‍ നാം തമ്മില്‍ കണ്ടു മുട്ടുമെങ്കില്‍ , അന്ന് ഇതിന്റെ മറുപടി ഞാന്‍ കൊതിക്കുന്നു . നിന്റെ ശബ്ദങ്ങളില്‍ നിന്നും അതെനിക്ക് കേള്‍ക്കണം . വരും അതിനായ് മാത്രം ഒരിക്കല്‍ ഞാന്‍ തിരികെ വരും .
നിന്റെ മാത്രം ബി ജി എന്‍
Sunday, August 24, 2014
വേനലായിരുന്നു ചുറ്റിലും
ഉണങ്ങി വരണ്ട കരിയിലകള്‍ , ഒടിഞ്ഞു തൂങ്ങിയ ചില്ലകള്‍ , വരണ്ടു വിണ്ടു കീറിയ ഭൂമി , അരഞ്ഞാണം പോലെ പുഴകള്‍ . കാലത്തിന്റെ കൈത്തെറ്റു പോലെ ഒരു മഴ പോലുമില്ലാതെ അതങ്ങനെ നീണ്ടു പോകുന്നു . ശുഷ്കിച്ച മുലഞെട്ടുകളില്‍ കിനിയുന്ന സ്നേഹം മാത്രം ഒരു തരിപ്പായി രാത്രിയുടെ മുനിഞ്ഞു കത്തുന്ന ഇരുട്ടില്‍ വിതുമ്പിയിരുന്നു . ഏകാന്തതയുടെ ഇരുളില്‍ രാപ്പക്ഷിയെ പോലെ ഒരു വിഷാദ ഗീതത്തിന്റെ അലയൊലികള്‍ ചിലപ്പോഴൊക്കെ കേള്‍ക്കാമായിരുന്നു . ഇനിയൊരു മഴ താങ്ങുവാന്‍ ആകാതെ നാഭിച്ചുഴിയില്‍ വേദനപടര്‍ത്തി മണ്ണു മലര്‍ന്നു കിടന്നിരുന്നു . ഊഷരമായ ഗര്‍ഭപാത്രം തപിക്കുന്നുണ്ടായിരുന്നു ഒരു ജന്മത്തിന്റെ കടം കൂടി വീട്ടുവാന്‍. ഒരിക്കലും പെയ്യാതെ പോകുന്ന മഴയെ ഓര്‍ത്ത് മൂകം കേഴുമ്പോഴും തനിക്ക് മേല്‍ വിരിക്കുന്ന കോണ്‍ക്രീറ്റ് ചതുരക്കട്ടകള്‍ക്കിടയിലൂടെ എപ്പോഴോക്കൊയോ ചുണ്ട് നനച്ചുകൊണ്ട് , മുലഞ്ഞെട്ടുകളെ ത്രസിപ്പിച്ചുകൊണ്ട് അടിവയറ്റിനെ എരിയിച്ചു കൊണ്ട് മഴ നൂലുകള്‍ വരുന്നത് മണ്ണു അറിയുന്നു . എങ്കിലും ഈ മഴ അവള്‍ക്കന്ന്യമാകുന്നു . പെയ്യരുതെന്നു മോഹിക്കുന്നു . കാരണം ഇനിയൊരു മഴ താങ്ങുവാന്‍ അവളുടെ തനുവിനു ശക്തിയില്ലാതെ പോകുന്നതറിയുന്നവള്‍ ...!
Saturday, August 2, 2014
Friday, July 25, 2014
പ്രണയത്തിന്റെ അളവ് പാത്രം
ജീവിതത്തിന്റെ വസന്തങ്ങള്‍ നമ്മള്‍ ആസ്വദിച്ചു കഴിഞ്ഞു . ഇന്ന് നാം കാണുന്നത് ചാപല്യങ്ങളുടെ ചുടു വിശപ്പല്ല , ആസക്തിയുടെ തീക്കാറ്റും . നമുക്ക് ചുറ്റും കോരി ചൊരിയുന്ന മഴയും , വീശിയടിക്കുന്ന പിശറന്‍ കാറ്റും ആണ് കാവല്‍ . നിന്റെ മുടിയിഴകളില്‍ തൊട്ടുരുമ്മി അതെന്നില്‍ എത്തുന്ന കാലം മാത്രമാണ് നമ്മുടെ ഇടയിലെ അകലം . ഒരു നോക്കിനും , ഒരു വാക്കിനും വേണ്ടി ഗുല്‍മോഹറുകള്‍ പൂക്കുന്ന നടവഴികളില്‍ നാം കാത്തു നിന്നിട്ടില്ല . കോഫീ ഷോപ്പുകളുടെ തുണിക്കുട കീഴില്‍ കണ്ണുകളില്‍ നോക്കിയിരുന്നു ഒരേ ഗ്ലാസ്സില്‍ നിന്നും നാം കഴിച്ചിട്ടില്ല . വേലികള്‍ക്കപ്പുറമിപ്പുറം നിന്നു നോട്ടങ്ങളുടെ ശീതക്കാറ്റില്‍ നാം നനഞ്ഞിട്ടുമില്ല . സിനിമാതീയേറ്ററുകള്‍ക്കും നാടകശാലകള്‍ക്കും ഉള്ളിലെ ഇരുണ്ട വെളിച്ചം നമ്മുടെ പ്രണയ ലീലകള്‍ കണ്ടു കോരിത്തരിച്ചിട്ടുമില്ല . കുന്നിന്‍ ചരിവുകളും കടല്‍ത്തീരങ്ങളും നമ്മുടെ കാലടികള്‍ പതിഞ്ഞു തേങ്ങിയിട്ടുമില്ല . എന്നിട്ടും എന്തോ നമുക്കിടയിലെ മൗനം മാത്രം ചുട്ടു പഴുത്ത മണല്‍ക്കാട് പോലെ നിശ്ചലം ഉറങ്ങിക്കിടന്നുപോയത് ?
ചുള്ളിക്കാടും അയ്യപ്പനും പവിത്രനും മുരുകനും ഒക്കെ നമ്മുടെ ഇടയില്‍ പൊള്ളിച്ചു കടന്നു പോകുന്ന ഒരുപാട് നിമിഷങ്ങള്‍ ഉണ്ട് . പലപ്പോഴും നിശബ്ദമായി മിഴികളില്‍ മിഴി നട്ടു നാമിരുന്ന സമയങ്ങള്‍ എന്തൊക്കെ നാം പരസ്പരം കൈമാറിയിരുന്നു . ചിലപ്പോഴോക്കെ എന്റെ മിഴികളില്‍ നോക്കാന്‍ നീ ഭയക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് . ഒളിച്ചു വയ്ക്കാന്‍ ആകാത്ത എന്റെ സ്നേഹത്തിന്റെ മിന്നലേറ്റു കരിയാതിരിക്കാന്‍ എന്ന വണ്ണം നീ ഓടി ഒളിച്ചിട്ടുണ്ട് . പലപ്പോഴും എന്റെ നോട്ടം കാണാന്‍ മാത്രം നമ്മള്‍ കണ്ടു മുട്ടിയിരുന്നു എന്നും എനിക്ക് തോന്നിയിട്ടുണ്ട് .
എനിക്കേറ്റവും ഇഷ്ടം കടല്‍ തന്നെ ആണ് . അത് വെളുത്ത മണല്‍ വിരിച്ച കടല്‍ സുന്ദരി ഉറങ്ങുന്നിടം ആയാലും കറുത്ത മണല്‍ വിരിച്ച ആശാന്റെ ഓര്‍മ്മ വിരിയുന്ന തീരം ആയാലും .
കടല്‍ത്തീരം ചുട്ടു പഴുത്തു കിടക്കുന്ന ഉച്ചനേരം കടലിനെ നോക്കി ഇരിക്കുന്ന സുഖം അതാണ് പലപ്പോഴും ഇഷ്ടങ്ങളില്‍ ഉറങ്ങിക്കിടക്കുന്നതെന്ന് പറയാം . നിശബ്ദത , കാറ്റ് പോലും നിശ്ചലം , ഉറങ്ങി കിടക്കുന്ന കടലില്‍ ഒരു തിരപോലും ഇല്ലാതെ . തെളിഞ്ഞ ജലത്തിലേക്ക് നോക്കി അതില്‍ ഇറങ്ങി നില്ക്കാന്‍ കൊതിക്കുന്ന മനസ്സ് . ഒരു പക്ഷെ തിരയെ പുണരാന്‍ വരുന്ന തിരയോട് കൊഞ്ചി , നനഞ്ഞുല്ലസിക്കുന്ന നിനക്ക് അത് മനസ്സിലാകില്ലന്നറിയാം . ഒരിക്കല്‍ നീ ചോദിച്ചിരുന്നു കടലില്‍ നിന്നെ മോഹിപ്പിക്കുന്നതെന്തെന്നു . ഇത് തന്നെ ആണ് എന്റെ ഉത്തരം. ഒരു പക്ഷെ നിന്നില്‍ അതൊരു നല്ല ചിന്ത ആകില്ല എന്റെ വട്ടുകള്‍ എന്ന് കരുതിയേക്കാം . നിനക്കറിയുമോ ഈ കടലില്‍ ഇങ്ങനെ നോക്കി ഇരിക്കുമ്പോള്‍ എനിക്ക് തോന്നുന്നതെന്താണ് എന്ന് ?
ഒരു കളി വഞ്ചിയിലേറി ഒറ്റയ്ക്ക് ഈ കടലിന്റെ നിശബ്ദമായ ഏകാന്തതയിലെക്ക് ഒരു യാത്ര എന്റെ സ്വപ്നം ആണത് . ഒരിക്കലും തിരികെ വരാതെ അങ്ങനെ പോകണം എനിക്ക് . തുഴഞ്ഞു തളര്‍ന്നു , ദാഹിച്ചു വലഞ്ഞു ഒടുവില്‍ ബോധത്തിന്റെ അവസാന തരിയും എന്നില്‍ നിന്നകലുന്നതിനവസാന നിമിഷം മുന്നേ എനിക്കാ കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിടണം . കണ്ണുകള്‍ തുറന്നു പിടിച്ചു ആഴങ്ങളിലേക്ക് ഒരു യാത്ര . ശ്വാസത്തിന്റെ അവസാന കുമിള പൊട്ടിയമരുന്ന നിമിഷത്തിലും എന്റെ ചിന്തകളിലും കണ്ണുകളിലും നിന്റെ രൂപമാകും എന്നത് മാത്രമാണ് , പ്രണയത്തിന്റെ അളവ് ചോദിച്ച നിനക്കുള്ള എന്റെ അവസാന മറുപടി .
*****************ബി ജി എന്‍
Monday, June 30, 2014
ബാല്യകാല ഓര്‍മ്മകള്‍
നാടകത്തിന് പേര് വിളിച്ചു . കര്‍ട്ടന്‍ പൊങ്ങി അഭിനയം നടക്കുന്നു . സ്റെജില്‍ കയറിയില്‍ എനിക്കൊരു വിഷമമേ ഉള്ളൂ കാണികളെ നോക്കരുത് . നോക്കിയാല്‍ എല്ലാം പോയി . വിയര്‍ത്തു കുളിച്ചു വിറയല്‍ വരും . നാടകത്തില്‍ എനിക്ക് വില്ലന്‍ റോള്‍ ആയിരുന്നു. അങ്ങനെ നാടകം നടകുന്നു രംഗത്ത് ഷിബുലാല്‍ നായകന്‍ ആയി അരങ്ങു തകര്‍ക്കുന്നു . എന്റെ രംഗപ്രവേഷത്തിനു സമയം ആയി . അന്നത്തെ ചെത്ത് മോഡല്‍ ബെല്‍ബോട്ടം പാന്റും ഒരു കൂളിംഗ് ഗ്ലാസ്സും നീളന്‍ കോളര്‍ ഷര്‍ട്ടും ഒക്കെ ആയിട്ട് വില്ലന്‍ രംഗ പ്രവേശം ചെയ്തു. കിടിലം കിടിലം എന്തൊക്കെയോ ഡയലോഗുകള്‍ അങ്ങ് പറഞ്ഞു തീര്‍ത്ത് ഒടുക്കത്തെ ക്ലൈമാക്സ് ആയിരുന്നു . ഇനി വേണ്ടത് വില്ലന്‍ തോക്കെടുത്ത് നായകനെ വെടിവയ്ക്കാന്‍ ശ്രമിക്കണം അപ്പോള്‍ നായകന്‍ അത് മല്പിടുത്തതിലൂടെ കയ്ക്കലാക്കി വില്ലനെ കൊല്ലണം. സംഗതി തോക്ക് എടുത്തു നായകന്‍റെ കയ്യിലും ആയി . വെടി വെയ്ക്കുമ്പോള്‍ പണ്ടത്തെ പൊട്ടാസ് തോക്കിന്റെ തനിക്കോണം കാണിച്ചു . അതിന്റെ മുന്‍വശം പിന്‍ പോയിട്ട് പ്ലിംഗ് എന്ന് പറഞ്ഞു താഴോട്ട് ഇളകി വന്നു . പുറകില്‍ നിന്ന് വെടി ശബ്ദവും വന്നു . ഷിബുലാല്‍ വീഴടാ എന്ന് ആംഗ്യം കാണിക്കുക ആണ് വെടി വച്ച തോക്കിന്റെ അവസ്ഥ കണ്ടു ഞാന്‍ അന്തം വിട്ടു നില്‍ക്കുക ആണ് മറന്നു പോയി . കാണികള്‍ ചിരിച്ചു തുടങ്ങിയപ്പോള്‍ ആണ് എനിക്ക് സ്ഥലകാല ബോധം ഉണ്ടായത് . പിന്നെ മരണ അഭിനയം ആയിരുന്നു നെഞ്ചു പൊത്തുന്നു പുളയുന്നു താഴെ വീഴുന്നു . കര്‍ട്ടന്‍ വീഴുന്നു . ഹഹഹ ഇന്നതൊരു പൊട്ടിച്ചിരിയായി ഓര്‍മ്മയില്‍ വീണ്ടും .
Tuesday, June 10, 2014
നമ്മളറിയാതെ പോകുന്നു
നിന്റെ മൗനം നിറയുന്ന വാക്കുകള്‍ പെയ്യുന്നത് .
ഒരു മഴകൊതിക്കും വേഴാമ്പലിന്‍ മനസ്സറിയാതെ
ആകാശച്ചരുവില്‍ മേഘശകലങ്ങളൊഴുകും പോലെ .
മനസ്സിനെ മേയാന്‍ വിട്ടു കൊണ്ട് ആകാശം നോക്കി കിടക്കുമ്പോള്‍ ശരീരത്തിന് ഭാരം നഷ്ടം ആയതു പോലെ. നിശ്വാസങ്ങള്‍ക്ക് അപ്പുറം നിന്റെ ഗന്ധം നുകരുന്ന പകലുകള്‍ എന്നെ സ്നേഹിച്ചിരുന്നു . നിന്റെ വരികള്‍ക്കും , വാക്കുകള്‍ക്കും അപ്പുറം നിന്റെ ഉണ്മ അറിയുമ്പോള്‍ ഗതാകാലത്തിലെങ്ങോ എന്നോ നമ്മള്‍ ഒരുമിച്ചിരുന്നു എന്ന് തോന്നിക്കുന്നു.
വയല്‍ക്കാറ്റേറ്റു പാടവരമ്പത്ത് എത്രയോ പകലുകള്‍ ഏകനായി ഞാന്‍ ആകാശം നോക്കി കിടന്നിരിക്കുന്നു . അന്ന് പക്ഷെ മനസ്സില്‍ ശൂന്യത ഇരുട്ട് നിറച്ചിരുന്നു . നീയില്ലാത്ത കാലം . ഓര്‍മ്മയില്‍ കഥകള്‍ മാത്രം നിറഞ്ഞു നിന്ന കാലം .
സ്നേഹമെന്നാല്‍ വികാരരഹിതമാം കാമത്തിന്‍
കാളക്കണ്ണുകള്‍ വിടര്‍ത്തുമാസക്തിയല്ല , നിന്നില്‍
വേഗതയില്ലാതെ പടര്‍ന്നു പകരും കാറ്റിന്‍
കൈവിരല്‍ പോലെ സ്നിഗ്ദമാമോരനുഭൂതി മാത്രം .!
കടല്‍ക്കരയുടെ സാന്ത്വനം തേടി എത്രയോ നാളുകള്‍ ! കുന്നിന്‍ ചരിവുകള്‍ , നദിയോരങ്ങള്‍ , യാത്രകളുടെ കാണാ തീരങ്ങള്‍ . ആള്‍ക്കൂട്ടത്തില്‍ തനിയെ ആകുന്ന പോലെ ഒരു ഒറ്റയാന്‍ .
കൂട്ടത്തിലെടുക്കാതെ വിടാന്‍ അവര്‍ക്ക് കാരണങ്ങള്‍ ഉണ്ടായിരുന്നു . സമകാലിക സുഖങ്ങളില്‍ അവര്‍ക്കൊപ്പം നീരാടാന്‍ മനസ്സിന് താല്പര്യം ഇല്ലാതെ പോയി . വിരക്തിയുടെ പൊയ്കയില്‍ മുങ്ങി കിടന്നുകൊണ്ട് സ്വപ്‌നങ്ങള്‍ കാണാന്‍ ആയിരുന്നു എന്നും മനസ്സ് കൊതിച്ചത് .
ഇന്നു നിന്റെ മൈലാഞ്ചി മണമുള്ള തണുത്ത വിരലുകള്‍ എന്റെ നെറ്റിയില്‍ തഴുകി കടന്നു പോകുന്ന സുന്ദരസ്വപ്നങ്ങള്‍ ഓര്‍ത്ത് ഞാന്‍ രാവുകളെ തണുപ്പിക്കുമ്പോള്‍ , നിന്നെ അറിയാതിരിക്കാന്‍ കഴിയുന്നില്ല . യുഗങ്ങള്‍ക്കപ്പുറത്തെങ്ങോ കാലം സ്പന്ദനം മറന്നു നിന്ന ഒരു നിമിഷത്തെ ഞാന്‍ ഓര്‍മ്മയിലാവാഹിക്കുവാന്‍ ശ്രമിക്കുന്നു പിന്നെയും .....ബി ജി എന്‍
Wednesday, April 23, 2014
ചിലതിനു നിര്‍വ്വചനങ്ങള്‍ ഇല്ല
നീണ്ടു നില്‍ക്കുന്ന ഒരു ചലച്ചിത്രം പോലെ ഓര്‍മ്മകളില്‍ ശരിയും തെറ്റും ഇടകലര്‍ന്നു വികാര ബിന്ദുക്കളുടെ ഒരു പ്രയാണം . അതിനെ നാം ജീവിതമെന്ന് പേരിട്ടു വിളിക്കുന്നു .
വിദ്യുത് നാളം പോലെ മനസ്സിനെ പിടിച്ചു കുലുക്കുന്ന , ഞെട്ടലുളവാക്കുന്ന ഒത്തിരി അനുഭവങ്ങള്‍. നാമതിനെ പാഠങ്ങള്‍ എന്ന് വിളിക്കുന്നു. തട്ടി വീണിട്ടും മനസ്സിലാകാത്ത , വീഴും മുന്നേ മനസ്സിലാകുന്നവ , വീഴുമ്പോള്‍ അറിയുന്ന മന്ദബുദ്ധികളായി മനുഷ്യര്‍ .
