പൂത്താലി നനയാതെ കാക്കുന്നു മനം .
നിറങ്ങളെല്ലാം ഒഴുകിയകലിലും
സീമന്തരേഖ നനയാതെ കാക്കും പോലെ
-----ബിജു.ജി.നാഥ്
എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
ആത്മബലി
കാലപ്പഴക്കത്താൽ
നീ മറന്നതായ് ഭാവിക്കുന്ന
വാക്കുകൾക്കീ
ജീവിതം ബലി.
.... ബിജു.ജി.നാഥ് വർക്കല
ഒറ്റ ഋതുവിലും
ഒരേ പക്ഷി തിരികെ വരാത്ത
ഓർമ്മ പോലെ
ഒരു നദിയിലും
ഒരിക്കൽ മാത്രം മുങ്ങാനാവുന്ന
ഒഴുക്കു പോലെ
നിന്റെ പ്രണയവും...!
..... ബി.ജി.എൻ വർക്കല
പാതാളത്തോളം
വേരിറങ്ങിപ്പോയതിനാലാവാം
ഊരിയെടുക്കാനാവാത്തതും
വേദനിക്കുന്നതും.
... ബി.ജി.എൻ വർക്കല
ദൂരെ, കടലിന്റെ ആഴങ്ങളില്‍ വീണുരുകുന്ന
സൂര്യന്റെ ചെന്തീനിറമോലും സന്ധ്യയില്‍ .
നിന്നെ പ്രതീക്ഷിച്ചു നിന്നേകാന്തം, നിശ്ചലം
നിര്‍ന്നിമേഷമിതെത്ര കാലമീ ഞാനറിവൂ .
...... ബി.ജി.എൻ. വർക്കല
വിടപറയുമ്പോൾ
............................
ഇനിയെന്റെ രസനയിൽ നീ പകർന്നീടുക
മൃതിയുടെ കറുത്ത വിഷ ബീജങ്ങളെ.
ഇനിയില്ല മഴയും മഴക്കാറുമീയാകാശമാം
പ്രണയ ഹൃത്തിലെന്നറിഞ്ഞീടുക.
ഒരു കാലമുണ്ടാം നമുക്കായി വീണു പോം
ഇലകൾക്കു പറയുവാൻ കഥകളായി.
അതിലെവിടെയോ നാം പതിഞ്ഞു കിടപ്പുണ്ട്
ഒരു നേർത്ത തേങ്ങലിൽ കുരുങ്ങി വീണോർ.
....... ബി.ജി.എൻ വർക്കല
മരുന്ന്
...........
വേനലാണെന്നതു മറന്നുവോ കാറ്റേ
വേഗത്തിൽ യാത്ര തുടങ്ങീടുക .
പാരിടമാകെ തീമഴ പെയ്യവേ, നീ-
യെൻ പ്രേയസിക്കു കുടയാവുക.
...... ബി.ജി.എൻ വർക്കല
പ്രതീക്ഷ
............
ഒരിയ്ക്കലും മുളയ്ക്കില്ലെന്നറിഞ്ഞും
ചിലര്‍ വച്ചീടുന്നുണ്ടു ചില തൈകള്‍.
മണ്ണിന്റെ മാറിലായാഴത്തിലാഴ്ത്തി
വെള്ളവും വളവുമേകിടുന്നെന്നുമേ .
..... ബി.ജി.എൻ
ചിതൽ തിന്നുന്ന ജീവിതങ്ങൾ.
......................................
നിന്റെ മുലയില്‍ നിറയെ കാമമായിരുന്നു,
അതെനിക്ക് വെളിപ്പെടുത്തും വരെ മാത്രം .
പിന്നതിൽ തെളിഞ്ഞത് സ്നേഹത്തിന്റെ പാലാഴിയാണ് .
ജീവിതം ഉരുകിയമരുംവരേയ്ക്കും വേണ്ടുന്ന അമൃതം.
ഞാനാ ക്ഷീരസാഗരത്തിന്റെ തീരത്തേകനായിരുന്നു.
അശ്വത്ഥാമാവിന്റെ ജന്മം കടമെടുത്തവൻ ഞാൻ ....
പക്ഷേ, ഇപ്പോള്‍ മരിച്ചു കൊണ്ടിരിക്കുന്നതും ...!
---------ബി.ജി.എൻ
ഏതിരുൾക്കാട്ടിലും പെണ്ണേ
നിന്റെ,താരകമിഴികൾ തിളങ്ങും.
ഏതു പൂവാടിയെന്നാലും നിന്റെ,
ചേതോഹര വദനം വേറിട്ടറിയും.
എങ്കിലും ഞാൻ ശ്വസിക്കുന്നൊരീ-
കാറ്റിൽ നിൻ വിയർപ്പിൻ ഗന്ധമറികേ
ഉള്ളിൽ നിന്നുയരുന്നതെന്തേ തീ-
ക്കാറ്റിന്റെ ഹുങ്കാരമിങ്ങനെ?
..... ബി.ജി.എൻ വർക്കല
എരിവും പുളിയുമില്ലാതനുവാദമില്ലാതെ
ഇരവും പകലും കവര്‍ന്നെടുക്കാന്‍ വന്ന
നിറമുള്ള സ്വപ്നങ്ങളെ നിങ്ങള്‍ തന്നണി-
വയറില്‍ മുഖമമര്‍ത്തിയിനി ഞാനുറങ്ങട്ടെ.
....... ബി.ജി.എൻ വർക്കല
ഇവിടെയീ പൊള്ളുന്ന ചൂടിൽ ഞാനും,
അവിടെയാ പേമാരി നടുവിൽ നീയും...
പ്രണയമില്ലാത്തിരു ലോകത്തിൽ നാ-
മപരിചിതത്വം പങ്കുവച്ചീടുന്നു നിത്യം .
...... ബി.ജി.എൻ വർക്കല
ഇലകള്‍ക്ക് പറയാനൊരു കഥയുണ്ട്
പൂക്കള്‍ക്ക് പറയാനുമൊരു കഥയുണ്ട്
മുള്ളുകള്‍ പറയുന്നുണ്ട് പല കഥകള്‍
എനിക്ക് കേള്‍ക്കാനിതെത്ര കഥമരങ്ങള്‍ !
..... ബി.ജി.എൻ വർക്കല
നിന്നെ വായിക്കാന്‍ ശ്രമിച്ചുതുടങ്ങുമ്പോള്‍
എന്റെ ഹൃദയം വിതുമ്പിത്തുടങ്ങുന്നു .
കണ്ണുനീര്‍ വീണെന്റെ കാഴ്ച മറയുന്നു .
എന്നെ എനിക്ക് നഷ്ടമായ്ത്തുടങ്ങുന്നു .
നമ്മള്‍ രണ്ടല്ലെന്നറിയുന്നു നോവുന്നു .
..... ബി.ജി. എൻ വർക്കല