Showing posts with label കനല്‍ ചിന്തുകള്‍. Show all posts
Showing posts with label കനല്‍ ചിന്തുകള്‍. Show all posts

Thursday, June 20, 2013

പ്രണയോപഹാരം

പ്രിയേ
നിന്നിലേക്ക്‌ എത്തുവാന്‍
ഞാന്‍ വെട്ടുമോരോ പടിയിലും
ഓരോ നിറത്തിലെ പുഷ്പങ്ങള്‍
ഞാന്‍ കരുതി വയ്ക്കും .

എങ്കിലും ...
അവയിലൊന്നിലും പെടാതെ,
ആരെയും കാട്ടാതെ ,
ഒരു വെളുത്ത പനിനീര്‍പൂവ്
ഞാനെന്‍
ഹൃദയത്തില്‍ സൂക്ഷിക്കും .

ഒടുവില്‍
നിന്നിലെത്താതെ
ഞാന്‍ പിടഞ്ഞു വീഴുന്ന
അവസാന പടിയില്‍
നീയത് കാണും .

ഓര്‍ക്കുക
അന്ന് നീയറിയും
എന്റെ പ്രണയമെന്തായിരുന്നെന്നു .
എന്റെ മനസ്സും ..
----------ബി ജി എന്‍ വര്‍ക്കല ----

Thursday, January 17, 2013

പാര്‍പ്പിടം


നാല് ചുവരുകള്‍ കൊണ്ട് കുറച്ചു മുറികള്‍ നിറയുന്നു
വീടെന്ന് പേരും കുടുംബം എന്ന സംവിധാനവും .
ഇരുട്ട് നെടുവീര്‍പ്പിടുന്ന മുറികളിലേക്ക്
വെളിച്ചമില്ലാതെ കയറി വരരുത് കാറ്റ് പോലും .

നിഷാദ സ്മരണകള്‍ ഉറങ്ങുന്ന കിടപ്പറകള്‍ ,
വിഷാദച്ഛവി പറന്ന ബാല്‍ക്കണികള്‍ ,
കണ്ണീര്‍ കുതിര്‍ന്ന കുളിമുറികള്‍ , ഒക്കെയും
ശ്വാസം മുട്ടിച്ചു കൊല്ലും നിങ്ങളെയെന്നോര്‍ക്കുക .

ഇരുണ്ട അക മുറികളില്‍ നിറഞ്ഞു നില്‍ക്കുന്ന
കഷായഗന്ധം നിങ്ങളെ ചിലപ്പോള്‍ മൂക്ക് പൊത്തിക്കാം
കാസരോഗം പറിച്ചു എരിയുന്ന കഫപ്പുരകള്‍
നിങ്ങളില്‍ മടുപ്പുണ്ടാക്കിയേക്കാം .

സ്വപ്നങ്ങളില്‍ മയങ്ങി കിടക്കുന്ന തലയിണകള്‍
ശൃംഗാരത്തിന്റെ മോണിട്ടറുകള്‍ കാട്ടിതന്നേക്കാം .
ചിലപ്പോള്‍ നീലവെളിച്ചത്തിന്റെ അതിപ്രസരത്താല്‍
മിഴികളില്‍ ജാള്യം പകരേണ്ടി വരും ,കരുതല്‍ വേണം .

ഉപേക്ഷിക്കപ്പെട്ട ഭക്ഷണത്തിനു വേണ്ടി
കലപില കൂട്ടുന്ന ചുണ്ടെലികള്‍ ചിലപ്പോള്‍
നിങ്ങളെ നോക്കി മൂക്ക് വിടര്‍ത്തിയേക്കാം ,
ഇരുളില്‍ ചവിട്ടി വീഴാതെ നോക്കുക .

അണയാത്ത ടി വിയുടെ മുഖത്തുമ്മ വയ്ക്കുന്ന
ശലഭങ്ങളെ പല്ലികള്‍ ഊഴമിട്ട് സ്നേഹിക്കുന്നതും
നിശ്വാസത്തിന്റെ തേനീച്ചക്കൂടുകളില്‍ മൂളിയാര്‍ക്കുന്ന
ഉറക്കമില്ലാത്ത മുഖങ്ങള്‍ നിങ്ങളെ ഭയപ്പെടുത്തിയേക്കും .

ഇറങ്ങി പോകുമ്പോള്‍ പൂമുഖത്തു തട്ടി വീഴാതെ നോക്കുക
ചിതറിയ പാദരക്ഷകളും , തൂക്കിയിട്ട നിലവിളക്കും
ഒരുപക്ഷെ നിങ്ങളെ ഓര്‍മ്മിപ്പിക്കുകയുണ്ടാകും
ജീവിതങ്ങള്‍ ഉള്ളില്‍ ചിതലരിക്കുക ആണെന്ന് .
-----------------------ബി ജി എന്‍ വര്‍ക്കല ------

Wednesday, November 7, 2012

ജീവിതം

ജീവിതം ഒരു കോപ്പി പേസ്റ്റ് ആണ് .
മറ്റാരുടെയോക്കെയോ ജീവിതങ്ങളെ നോക്കി
അനുകരിച്ചും , അഭിനയിച്ചും മുന്നോട്ടു നീങ്ങി
ഒരുനാള്‍ മരിച്ചു വീഴുന്ന ഒരു വെറും കഥ

കണക്കുകളില്‍ എപ്പോഴും നിഴലിക്കുന്നത്
പൊക്കിള്‍കൊടിയുടെയും പത്തുമാസത്തിന്റെ
ചുമടും പിന്നെ മുലയൂട്ടും മാത്രംമാണല്ലോ.
കണ്ണീരിന്റെ   സഹനപര്‍വ്വം താണ്ടുന്നത് .

രണ്ടു കാലില്‍ നിവര്‍ന്നു നില്ക്കാന്‍
ചോരവറ്റിച്ച യൌവ്വനത്തിന്റെ കഥകള്‍കേട്ടു
ചിരിച്ചും  കരഞ്ഞും വേദന കാണിച്ചും
കപടമുഖമണിയാന്‍ വിധിക്കപ്പെടുന്നോര്‍ .

ആശ്രയം കൊടുത്തതിന്‍ ഉപകാര സ്മരണ പോല്‍
ശയ്യാവിരി നിവര്‍ത്തിയും , പടിവേല ചെയ്തും
സന്തതികളെ പെറ്റു വംശവൃക്ഷം വളര്‍ത്തിയും
ജീവിതത്തിനു തുണ പോകുന്ന ജന്മങ്ങള്‍ ചിലര്‍ ...!

ഒരേ ഉദരം പങ്കു വയ്പ്പോര്‍ തമ്മില്‍ ഒരുമയെന്ന
കളവിനെ നാവിലും വരികളിലും പങ്കുവച്ചു
തരാതരം അവസരത്തിന്റെ പങ്കുപറ്റി കുതികാല്‍ വെട്ടിയും
ചങ്കില്‍ കഠാരമുന തിരുകിയും സ്വന്തമാക്കുന്നവര്‍ .!

ഉടമസ്ഥാവകാശത്തിന്‍ ഉറപ്പില്ലാകരാറില്‍
വേണ്ടതൊക്കെ  കൊടുത്തും ശിക്ഷിച്ചും
മറ്റൊരു ജീവിത നാടകവേദിയിലേക്ക്
തള്ളിവിടുന്ന പുതുനാമ്പിന്‍ ശലഭങ്ങള്‍

ഒടുവില്‍  മണ്ണിന്‍ ഈറന്‍ മണം ശ്വസിച്ചു
ഇരുളില്‍ഒറ്റയ്ക്ക് വേഷമഴിച്ചു കിടക്കവേ
ഓര്‍മ്മപ്പൂവില്‍ ബാക്കിയാകുന്നതോ വെറും
കരളലിയിക്കും കണ്ണീരും ശാപവും മാത്രം .
-----------ബി ജി എന്‍ വര്‍ക്കല --------------

Thursday, November 1, 2012

പുണ്യം പേറുന്ന ശാപജന്മങ്ങള്‍

അമ്മെ ഭയമാകുന്നെനിക്കെന്റെ
യൌവ്വനം നല്‍കുമീ സമ്പത്താല്‍
നക്ഷ്ടമാകുന്നെന്റെ സ്വകാര്യത ,സ്വാതന്ത്ര്യം ,
നക്ഷ്ടമാകുന്നെന്റെ ശബ്ദവും .

മുഖമുയര്‍ത്തിയീ  ലോകത്തെ നോക്കുവാന്‍
ഉള്ളുതുറന്നൊന്നു  പൊട്ടിച്ചിരിക്കുവാന്‍
ആഴിതന്‍ തീരത്തൊന്നൊറ്റക്കിരിക്കുവാന്‍
വീഥികള്‍ തോറുമലസം നടക്കുവാന്‍

നാടകശാലയില്‍ , സായാഹ്നകുടനിവരും
ഭോജനാലയങ്ങളില്‍ സ്വപ്നത്തില്‍ മുഴുകുവാന്‍
എങ്ങുമേയില്ലൊരു സ്വാതന്ത്ര്യമെനി-ക്കെന്നും
വിലക്കുകള്‍ തന്‍ ചക്രവ്യൂഹം മാത്രം ചുറ്റിലും  .

ചിറകു വിരിച്ചു പറക്കുവാന്‍ കഴിയാത്ത
കൂട്ടിലെ കിളിയായി വളര്‍ത്തീടുവാന്‍
എന്തുണ്ടെന്നിലുമവനിലും വേറിട്ട്‌
ലിംഗഭേദമെന്ന ന്യൂനതയല്ലാതെ ?

വേണ്ടെനിക്കീ സ്ത്രൈണഭാവങ്ങളൊന്നുമേ
വേണ്ടെനിക്കീ അംഗലാവണ്യങ്ങളും
പ്രസവിക്കുവാന്‍ വേണ്ടി മാത്രമായുള്ള
ഉത്പാദനയന്ത്രമാകുവാന്‍ വയ്യിനി .

ഉണ്ട് വികാരങ്ങള്‍ ,വിചാരങ്ങള്‍ , മോഹങ്ങള്‍
മണ്ണില്‍ പുരുഷനുള്ളത് പോലെനിക്കുമേ
ഇണചേരുവാന്‍ വേണ്ടി മാത്രമല്ലീ  ദേഹം
ചിറകറ്റ പക്ഷികളല്ല ഞങ്ങള്‍ കേവലം .

വിശക്കുമ്പോള്‍ ഭക്ഷണം വച്ച് വിളമ്പാനും
മുഷിയുമ്പോള്‍ വസ്ത്രം തിരുമി ഉണക്കാനും
കോപത്തിന്‍ അഗ്നിയെ ദേഹിയില്‍ താങ്ങാനും
കാമത്തിന്‍ ക്രീഡയില്‍  ഉപകരണമാകാനും .

ആവശ്യനേരത്ത് മാത്രം സ്നേഹിക്കുന്ന
ചാണക്യവേഷമഴിക്കുക പൌരുഷമേ
സ്നേഹിക്ക ഞങ്ങളെ വയ്യിനി താങ്ങുവാന്‍
മണ്ണിലീ അടിമത്തം, ഞങ്ങളും തുല്യരാണ്  .
-------------ബി ജി എന്‍ വര്‍ക്കല --------------


Monday, October 29, 2012

കാവല്‍ ദൈവം

അതിവിദൂരം ഓര്‍മ്മകള്‍ തന്‍ ശീവേലി
അതിരുകള്‍ക്കപ്പുറം ജീവന്റെ ബലി
ഇരുണ്ട പുതപ്പിന്‍ കീഴില്‍ മയങ്ങുമ്പോഴും
മനസ്സില്‍ നിറയുന്നത് ശൂന്യത മാത്രം

പുലര്‍ച്ചയില്‍ നിന്നും പുലര്‍ച്ചവരേക്കും
എന്റെ രാജ്യം ഹൃദയത്തിലേറുന്നവന്‍
വിങ്ങുന്ന നോവായ്‌ ഓര്‍മ്മച്ചെപ്പില്‍
എന്റെ വീടെന്ന് വിലപിക്കുന്നവന്‍

കോരിച്ചൊരിയുന്ന മഴയിലും ,ചെളിയിലും
എല്ലുകള്‍ കോച്ചുന്ന മഞ്ഞിന്‍കൂടിലും
ഉരുകിത്തിളക്കുന്ന വേനലിന്‍ വരുതിയിലും
നോക്ക് കുത്തിയായി ജീവിതം തളക്കുവോന്‍

ഉള്ളിലെ വ്യെഥയിലും പുഞ്ചിരിക്കാന്‍ പഠിച്ചു
കരളു നുറുങ്ങിലും കരയാതിരിക്കുന്നവന്‍
ഒരു വെടിയുണ്ടയില്‍ , ഷെല്ലില്‍ ചിതറുവാന്‍
പേരെഴുതി ഹാരമായ്‌ മാറില്‍ ചുമക്കുവോന്‍ .

 ഒരു ജവാനെന്ന പേരിന്റെ ഉള്ളിലായ്
ഒരു നാടിന്റെ വീര്യം ചുമക്കുവോന്‍
ഒരു നാള്‍ മൂവര്‍ണ്ണപതാക പുതപ്പിച്ചു
ബ്യൂഗിളിന്‍ നാദത്തില്‍ യാത്ര ചെയ്യേണ്ടവന്‍ .

നീ  എന്റെ ദൈവം , നീ എന്റെ രക്ഷ
നീ എന്റെ നാടിന്റെ കോട്ടമതിലാകുന്നു
കല്ലിന്‍കാപട്യ ഭണ്ഡാരത്തെ കടലിലെറിഞ്ഞു
നീയാം സമുദ്രത്തെ നെഞ്ഞിലെറ്റട്ടെ ഞാന്‍ .
----------------ബി ജി എന്‍ വര്‍ക്കല ----
(എന്റെ നാടിനെ സേവിക്കുന്ന , സംരക്ഷിക്കുന്ന, ജീവത്യാഗം ചെയ്ത എല്ലാ ജവാന്മാര്‍ക്കും മുന്നില്‍ എന്റെ അഞ്ജലി )


Thursday, March 29, 2012

ആനുകാലികം

വരുവിൻ മിത്രമെ
തെരുവിലൊരുവൻ
അഗ്നിയിൽ വെന്തെരിയുന്നു .
ഹൃദയം നുറുങ്ങും വേദനയാലവൻ
മണ്ണീൽ വീണുരുളുന്നു .
തരിക നീ ഒരു നിമിഷം
ഞാനെൻ
മൊബൈലൊന്നെടുത്തിടട്ടെ
ഒരുപാട് നാളായ് ഒരു നല്ല
പോസ്റ്റിന്റെ കുറവെന്റെ
വാളിനുണ്ട്.
-------------------------ബി ജി എന്‍

Tuesday, March 6, 2012

കാളിന്ദി


കാളിന്ദി ഒരിക്കല്‍ കറുത്തിരുന്നു
താമരക്കണ്ണന്റെ  താണ്ഡവത്താല്‍ ,
കാളിന്ദി മെല്ലെ  വെളുത്തു വന്നു
പൈയ്ക്കള്‍ മരണമില്ലാതെ മേഞ്ഞു നടന്നു.

ആഗോള നിര്‍മ്മാണശാലകള്‍
പുറം തള്ളിയ വിസര്‍ജ്ജ്യങ്ങളുമായ്
കാളിന്ദി പിന്നെയും കറുക്കുന്നു
ഇരുളിനെക്കാള്‍ കഠിനമായ്‌

ക്ഷണമൃത്യുവായിരുന്നു കാളിയ
വിഷം തീണ്ടിയ ജലത്തിന്,
നരകിച്ചു മരിക്കാനാണ് ഇന്ന്
കാളിന്ദി ജലത്തിന്റെ ഇരകള്‍ക്ക് യോഗം

തലമുറകളുടെ ചര്‍മ്മങ്ങളില്‍ ,
ശ്വാസകോശങ്ങളില്‍ , തലച്ചോറില്‍
മരണത്തിന്റെ ജനിതക കോഡുമായി
കാളിന്ദി കറുത്തിരുണ്ടൊഴുകുന്നു .....
===========ബി ജി എന്‍ ========

Wednesday, February 22, 2012

തുലാവര്‍ഷം

കഴിഞ്ഞ തുലാവര്‍ഷം 
എനിക്ക് തന്നത്
തോരാത്ത കണ്ണീരിന്റെ പ്രളയം.!
കോരിച്ചൊരിഞ്ഞ
മഴയുടെ ആരവം.
എന്റെ കാതില്‍ 
പകര്‍ന്നു തന്നത്
ഓമല്‍ പൈതലിന്റെ ആര്‍ത്തനാദം
.

ഒരു കൊച്ചു കളിയോടവുമായ്
ഇറമ്പിലെ 
ചെളിവെള്ളത്തിലേക്ക്
കണ്ണുവെട്ടിച്ചു ഇറങ്ങുമ്പോള്‍
ഒരു കണ്ണഞ്ചുന്ന വെളിച്ചം 
അവനെയും എന്റെ കാഴ്ചയും
 അണച്ചുകളഞ്ഞു.

ദിഗന്തങ്ങള്‍ നടുങ്ങിയ ഇടിനാദം
എന്റെ ജീവന്റെ 
തുടിപ്പിനെയും കൊണ്ടുപോയ്
ഇവിടെ ഞാനും 
ഈ ഇരുട്ടും മാത്രം ബാക്കി.
നിശബ്ദതയ്ക്ക് കൂട്ടായി 
ഇനി എന്റെ മൌനം.

ഇരുളിന് ഞാനും സഖി
ദുഃഖങ്ങള്‍ മാത്രം പങ്കിടാനാരുമില്ല.
എവിടെ നിന്നോ ഒരു ഗാനം
കാറ്റെന്റെ കാതില്‍ കൊണ്ട് വന്നു.

"ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ...
ആയിരം ആള്‍ വരും
കരയുമ്പോള്‍ കൂടെ കരയാന്‍
നിന്‍ നിഴല്‍ മാത്രം വരും ...."

---------------ബി ജി എന്‍ --

Sunday, February 19, 2012

മൂന്നു മുലകള്‍



മാറില്‍ അള്ളിപ്പിടിച്ചു

നിലവിളിക്കുന്നോരാ
അസ്ഥികൂടത്തിന്റെ വായിലേക്ക്
ശുഷ്കിച്ച മുലഞ്ഞെട്ടു തിരുകി
ആകാശങ്ങളിലേക്ക് നോക്കി
ആ അമ്മ നിലവിളിക്കുന്നു.
വലിച്ചെടുക്കുന്ന ജീവരക്തത്തില്‍
ഒന്നുമില്ലെന്നറിഞ്ഞു
കരയാന്‍ പിളര്‍ന്ന ചോരിവായില്‍
ആ കണ്ണുനീര്‍ അമൃതാകുന്നു.

പിഞ്ചു കയ്കളാല്‍
പരതി പിടഞ്ഞൊരു കുഞ്ഞു
കരയുന്നമ്മയെ നോക്കി.
അര്‍ബുദം കാര്‍ന്നു തിന്നുന്ന
മാറിലെ നോവിനെ
മറികടക്കുന്നു
അമ്മയുടെ വേദന
കണ്ണീര്‍ ചാലാകുന്നു..

വാഴച്ചുവട്ടിലേക്ക്
കറന്നു ഒഴിക്കുന്ന
അമ്മിഞ്ഞയെ നോക്കി
ദൂരെ തൈത്തെങ്ങിന്‍ ചോട്ടിലെ
നനഞ്ഞ മണ്ണിനടിയില്‍
കഴുത്തു ഞെരിഞ്ഞു
ശ്വാസം പോയൊരു
കുഞ്ഞു നാവു നീളുന്നു
പാതി അടഞ്ഞ കണ്ണുകളില്‍
സങ്കടം പെരുമഴയാകുന്നു
------------ബി ജി എന്‍ -----------
 

Saturday, February 11, 2012

വന്മരങ്ങള്‍

വന്മരങ്ങള്‍ നാമിങ്ങനെ
പടര്‍ന്നു നില്‍ക്കുന്നു
ആകാശത്തോളം ഉയരത്തില്‍
പാതാളത്തോളം താഴ്ചയില്‍
അവ സ്തംഭമാകുന്നു.

ജഡ പിടിച്ച മുടി പോലെ
വള്ളികള്‍ ഞാന്നു കിടക്കുന്നു
കിളികളുടെ  കൂജനം
ഇലകളുടെ മര്‍മ്മരം 
നിന്റെയും എന്റെയും ഭ്രമണം

തണുത്ത കാറ്റ് നിന്നെയും എന്നെയും
ഒരേപോലെ ഉമ്മ വച്ച് പോകുമ്പോള്‍
ഭൂമിയുടെ അന്തരാളങ്ങളില്‍
നമ്മുടെ വിരലുകള്‍ കോര്‍ക്കുമ്പോള്‍
നിന്നിലൂടെ ഞാന്‍ എന്നെ തൊട്ടറിയുമ്പോള്‍
നമ്മുടെ കണ്ണില്‍ നക്ഷത്രങ്ങള്‍
താരാട്ടിന്‍ ഈരടി പാടിതുടങ്ങുന്നു.

നിന്റെ മുലകളില്‍ നിന്നും
കാട്ടുമക്കള്‍ മധു നുകരുമ്പോള്‍
നിന്റെ ചുണ്ടിലെ മന്ദഹാസം
എന്റെ പൌരുഷത്തെ ഉണര്‍ത്തുന്നു.
ഒന്നിക്കാന്‍ ആകാതെ ഒന്നിച്ചവര്‍
നമ്മുക്കിടയില്‍ അകലത്തിന്റെ കടല്‍ ...!

കൂറ്റന്‍ ജലപാതകള്‍ നമുക്കിടയില്‍
മാറ്റത്തിന്റെ ചരിത്രം എഴുതുമ്പോളും
നഗ്നതയില്‍ നിന്നും നാണത്തെ അറിഞ്ഞപ്പോളും,
ഇന്ന് നാണംമറയ്ക്കുമ്പോഴും
ഞാന്‍ നിന്റെ മേനിയെ നോക്കി.
അന്നുമിന്നും പച്ചിലകളാല്‍ നിന്റെ ഗുഹ്യത,
നിന്റെ മാറിടം, നിന്റെ നാഭിതടം
എല്ലാം മറഞ്ഞു തന്നെ നില്‍ക്കുന്നു.

കാലത്തിനു മാറ്റാന്‍ കഴിയാതെ
എന്റെ കാമത്തിന് വളരാന്‍ കഴിയാതെ
എങ്കിലും നിന്നെ ഞാന്‍ പ്രണയിക്കുന്നു.
ഒന്നിക്കാന്‍ ആകില്ലെങ്കിലും
നമുക്ക് കാണാന്‍ ആവുമല്ലോ.

മരണം വരെ കണ്ണില്‍ കണ്ണില്‍ നോക്കി
നമുക്ക് വികാരങ്ങള്‍ പങ്കുവയ്കാം
എന്റെ നിശ്വാസത്തെ കാറ്റ് നിന്റെ കാതില്‍
ഒരു തോഴിയായ് എത്തിക്കട്ടെ.
നിന്റെ വിയര്‍പ്പു തുള്ളികള്‍
നാഗങ്ങള്‍ എന്റെ മാറില്‍ പരാഗമാക്കട്ടെ.
നമുക്ക് ഉഷ്ണവാതത്തില്‍
പരസ്പരം തലയറഞ്ഞു ചിരിക്കാം
----------------ബി ജി എന്‍ -------------------

Monday, January 30, 2012

തസ്ക്കരന്‍


പ്രണയനിലാവ് പൊഴിയുന്ന രാവില്‍
പനിമതി നീ എന്നരികിലിരിയ്ക്കു.
പ്രണയം ഞാന്‍ കൈകളില്‍ പുഷ്പങ്ങളാക്കാം   
നിന്‍ പേലവാധരങ്ങള്‍ എനിക്ക് തരു.

പിണമാണ്  നാമീ  ജീവനറ്റാല്‍ , പിന്നെ -
കരുതി വയ്കുന്നിതാര്‍ക്ക് വേണ്ടിയെന്‍ പ്രിയസഖി?
"കിടയറ്റ ശുദ്ധമാം നറുനെയ്യൊന്നുമേ
വിപണിയിലില്ലന്നറിയുക നീ ".

ഒരു മഴപെയ്താല്‍ ഒലിച്ചു പോകാനുള്ള
ചളിയത് മാത്രമേ ബാക്കിയുള്ളൂ.
എന്നരികത്തൊന്നു നീ ചേര്‍ന്നിരിക്കൂ
നിന്റെ മേനിയെ ഞാനൊന്ന് പുല്‍കിടട്ടെ..!

മനമതില്‍ വേപഥു  വേണ്ടിതൊട്ടും   
അവനിയിലിത് ചിരം സത്യമൊട്ടും
കഴിവതും നിന്നുടെ മേനിയില്‍ ഞാന്‍
നിറമോലും ചിത്രങ്ങളെഴുതിവയ്കാം..!

നിശാഗന്ധിതന്‍ സുഗന്ധവും വെണ്മയും
കാട്ടു തേനിന്‍ മധുരവും നിറവുമീ-
യധരങ്ങളില്‍ ഒളിപ്പിച്ചുവച്ച നീ 
ഇനിയുമെന്തിനായ് വേപഥു   പൂകണം.?

കരിയില തന്നീ മെത്തയില്‍ ഒന്നിച്ചു     
രാക്കുയില്‍ പാട്ടിന്റെ ഈണവു നുകര്‍ന്ന്   
പുതുപുതു ലോകത്തിന്‍ കാണാപുറം തേടിടാം
ഒരു നിമിഷമീ കണ്ണോന്നടയ്ക്കുകില്‍.

മറന്നുപോയിടും മറ്റെല്ലാ വ്യാധിയും..!
ഇനിയൊരിക്കലും ചോദിക്കയില്ല ഞാന്‍
ഇനിയൊരിക്കലും കാണുകയില്ല നാം
ഇത് നമുക്കായ് നാം കാത്തു വയ്ക്കുന്ന
പ്രണയ സാക്ഷ്യം ആണെന്നോര്‍ക്കണം .

കുതികുതിപ്പിലും കിതപ്പിലും മുങ്ങി
അകന്നു പോകുമാ സുഖദ നിമിഷങ്ങള്‍
കീഴടക്കുന്നു ചക്രവാളങ്ങളീ ചതഞ്ഞ -
കരിയില, ചരല്‍കല്ലിന്‍ ലോകത്തില്‍.

കടിഞ്ഞാണയച്ചോരാ കുതിരയെ പോലിതാ ..!
ഇരുള് മാത്രം കണ്ണടച്ചുള്ളോരീ
ചിതറി വീഴും ഇലക്കീറിന്‍ വെളിച്ചത്തില്‍    
കട്ടുറുമ്പുകള്‍ നുകരുന്നുണ്ടൊരു കന്യകാത്വത്തിന്‍
കറുകറുത്തൊരു രുധിരബാഷ്പങ്ങള്‍.
വെറും നിലത്തിപ്പോളും ചെറു മയക്കമാ -
ണവളുടെ ഗന്ധമേറ്റ  കരിയിലകള്‍ .

പുതിയ പൂവിന്‍ മധു തേടി പോകുമാ
മധുപന്റെ ചുണ്ടില്‍ മുരളുന്ന ഗീതവും 
കണ്ണിലൂറും കാമത്തിന്‍ വെളിച്ചവും കാണ്‍കെ
മിഴിയടക്കുന്നു പനിമതി മേലെയായ് .
മൃതിയെ ഭയന്നൊരു കൊച്ചു കൂമന്റെ
വിളിയത് മാത്രം മുഴങ്ങുന്നു ചുറ്റിലും
---------------ബി ജി എന്‍ ---------------------
     

Saturday, January 28, 2012

വില്‍ക്കുവാനുണ്ടോ


ജീവന്റെ തുടിപ്പിന്
ഒരു അണ്ഡം വേണം
തേജസ്സുള്ളതും
ജീവസ്സുറ്റതും
കന്യകയുടേതുമാകണം.
നിങ്ങള്‍ ഭാഗ്യവതികള്‍
നിങ്ങളുടെ അണ്ഡങ്ങള്‍ വിരിയുക
അങ്ങ് ദൂരെ വെളുത്തവന്റെ
ചുവന്ന ഗര്‍ഭപാത്രത്തില്‍ .
നിന്റെ പ്രതിരൂപം
അതിനി കടലുകള്‍ക്കപ്പുറം.
***********************
നിന്റെ ഗര്‍ഭപാത്രം
അതെനിക്ക് കടം തരു
എന്റെ സൗന്ദര്യം എനിക്ക് വലുത്.
നിന്റെ വിശപ്പിനു ഞാന്‍ പണം തരാം
എനിക്ക് നല്‍കൂ പകരം
നിന്റെ ജീവന്‍ കൊടുത്തൊരു കുഞ്ഞു.
പൊക്കിള്‍വള്ളി അറുത്തു നീ
ഏകിടുക, പിന്നെ
വിങ്ങി പൊട്ടുന്ന മാറിടം
പിഴിഞ്ഞ് കളയുക
കണ്ണീരും പണവും ചേര്‍ത്ത്
--------------ബി ജി എന്‍ -------

Sunday, January 22, 2012

സ്വപ്‌നങ്ങള്‍

വിരിയുമ്പോള്‍ തന്നെ കൊഴിയുകയും
കൊഴിയുമ്പോള്‍ വിതുമ്പുകയും ചെയ്യുന്ന
വര്‍ണ്ണ കടലാസ്സു പൂവുകളാണ്
സ്വപ്‌നങ്ങള്‍ എന്നാരോ പറഞ്ഞു...


ഞാനെന്റെ പൂന്തോട്ടത്തില്‍ അതിനാല്‍
നട്ടതൊക്കെ നിശാഗന്ധികള്‍ ആണ്.
അവ ഞാനുറങ്ങുമ്പോള്‍ വിരിയുകയും
ഞാനുണരുമ്പോള്‍ പുഞ്ചിരിക്കുകയും ചെയ്യുമല്ലോ.


ഏഴു വര്‍ണ്ണങ്ങള്‍ നിറഞ്ഞ മഴവില്ലാണ്
സ്വപ്നമെന്നാരോ പറഞ്ഞു
ഞാന്‍ മഴ പെയ്യാത്ത മരുഭൂമിയില്‍
ജീവിതം പറിച്ചു നട്ടു.


മഴ പെയ്യാതെ മഴവില്ലിനും,

സ്വപ്നങ്ങളില്ലാതെ  എനിക്കും 
ഭഗ്നമോഹങ്ങളില്ലാത്ത പ്രഭാതങ്ങളെ 
കണി കണ്ടു കാലം കടക്കാമല്ലോ.
------------ബി ജി എന്‍ -------------------

എന്റെ മിന്നാമിനുങ്ങിനു



പറയുവാനേറെ ഞാന്‍ ബാക്കി വയ്കുന്നിതാ-
പതിരുകള്‍ കൊത്തി കിളികള്‍ പറക്കവേ,
ഇമയനക്കാതെ എന്നെ നോക്കുന്നോരീ-
നിറനയനങ്ങള്‍ തുളുമ്പാതിരിക്കുവാന്‍....!

തിരയറിയാതെ തീരമറിയാതെ,
നനുനനെ പാദചലനം മുഴക്കാതെ.
ഒരിരുള്‍ വീണ സന്ധ്യതന്‍ വീഥിയില്‍
ഹൃദയഗീതകം പേറി നീ നില്‍ക്കവേ..!

തുഴയുവാനൊരു പങ്കായമില്ലാതെ,
ചെന്നടിയുവാന്‍ തീരവുമില്ലാതെ,
കാറ്റ് നല്‍കുന്ന സഞ്ചാരപാതയില്‍,
കരിയില പോലെ ഒഴുകിനടന്നവള്‍...!

പാരിജാതങ്ങള്‍ പൂത്ത നിശീഥങ്ങള്‍,
കള്ളിമുള്ളുകള്‍ നിറയുന്ന പാതകള്‍,
കൗശലത്തിന്റെ ചെന്നായനാവുകള്‍,
കൗതുകത്തിന്റെ ചെഞ്ചോരകണ്ണുകള്‍....!

ഇവയിലൊക്കെയും മുങ്ങിയും പൊങ്ങിയും,
ഇടയിലെത്തിയോരെന്നില്‍ തടയവേ.
ചുഴികള്‍ മലരികള്‍ നിറഞ്ഞൊരാ കടലിലെ,
ശാന്ത തീരത്ത്‌ നാമൊന്നു ചേരുന്നു...!

കളവുകള്‍ കൊണ്ട് നീ തീര്‍ത്തോരാലയം,
ഒരു ചെറു കാറ്റിലാകെ തകരവേ..!
ഹൃദയമാം നിന്‍ കമലപത്രത്തിലായ്,
ഒരു നുറുങ്ങു സ്നേഹം വെളിച്ചമായ്.

ഒരു ശിലാവിഗ്രഹം പോലെ നീ,
ഉയരുവാനാകാത്ത ഇമകളുമായി -
ഇരുള് ചൂഴുന്ന രാവുകളിലൊന്നില്‍,
ചങ്ക് പൊട്ടിയെന്‍ മുന്നിലായ് വീഴവെ..!

നിന്‍റെ സ്നേഹമെന്‍ മിഴിച്ചാര്‍ത്തിലും,
നിന്‍റെ നന്മകള്‍ മനസ്സിലും നിറക്കവേ.
പിന്നിലെ തിരശ്ശീല മറവിലായി -
ചിതറി വീഴുന്ന ഗദ്ഗദം കേള്‍പ്പൂ ഞാന്‍...!

മലകള്‍ താണ്ടി മണല്കാട് താണ്ടി ഞാന്‍,
ഹൃദയമേ നിന്നരികില്‍ വന്നപ്പോളും...!
നിന്നധര ദലങ്ങളിലൊരു ചെറു നീറ്റലായ്,
എന്‍ സ്നേഹമുദ്രകള്‍ നീ ഏറ്റു വാങ്ങവേ...!

അറിവു ഞാന്‍ നിന്‍ സ്നേഹമെന്‍ ജീവനെ,
അറിവു നിന്നുടെ കണ്ണിലെ നേരും,
അണിവു നീയാ ശിരസ്സിലെന്‍ കുങ്കുമം,
അണിവു നീയാ മാറിലെന്‍ താലിയും....!

പറയുവാനേറെ ഞാന്‍ ബാക്കി വയ്കുന്നിതാ-
പതിരുകള്‍ കൊത്തി കിളികള്‍ പറക്കവേ
ഇമയനക്കാതെ എന്നെ നോക്കുന്നൊരീ-
നിറനയനങ്ങള്‍ തുളുംബാതിരിക്കുവാന്‍....
-----------ബി ജി എന്‍ ----------------------

https://soundcloud.com/bgnath0/fxtuy49sa06r/recommended
https://www.youtube.com/watch?v=5lm6FsjShXM
(കനല്‍ ചിന്തുകള്‍ എന്ന എന്റെ ആദ്യ കവിത സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് )

Saturday, January 21, 2012

മദ്ഗലനയിലെ മരിയ

ഞാന്‍ മരിയ....
മദ്ഗലനയിലെ മരിയ...
ജോഷ്വ*യുടെ പ്രിയതമ.....
പാപികളുടെ ലോകത്ത് നിന്നും
വിശുദ്ധിയുടെ ആലയത്തിലേക്കും , പിന്നെ
അവന്റെ മനസ്സിലേക്കും പ്രയാണം ചെയ്തവള്‍.

വിയര്‍പ്പും ബീജവും നാറുന്ന
നശിച്ച രാത്രികളില്‍ നിന്നും എന്നെ
വെളിച്ചത്തിന്റെ വെണ്മയില്‍ എത്തിച്ഛവന്‍
അവന്‍ എന്റെ പ്രാണ പ്രിയന്‍...

എന്നില്‍ കുന്തിരിക്കത്തിന്റെ സുഗന്ധം..!
പ്രഭോ ഞാന്‍ നിന്‍ അടിമ.
നിന്റെ വിരല്‍ സ്പര്‍ശത്തില്‍
എന്നില്‍ സ്നേഹ ഗ്രന്ഥികള്‍ സ്രവിക്കുന്നു..

നിന്റെ അധരങ്ങളുടെ ദര്‍ശനത്തില്‍
എന്റെ  മാതൃത്വം തുടിക്കുന്നു.
അന്ധകാരത്തിന്റെ ചാട്ടവാറില്‍ പുളഞ്ഞു
അധിനിവേശത്തിന്റെ കുരിശില്‍ പിടഞ്ഞും
രക്ത പങ്കിലമായ ഇരുള് മറയവേ.

എന്റെ ചൊടിയിലെ രക്തപുഷ്പം
വാടിക്കരിയുന്നു.
ഞാന്‍ പ്രതിബിംബമില്ലാത്ത
നിഴലാകുന്ന പോലെ.

ഞാനറിയുന്നു
നീയില്ലെങ്കില്‍ ഞാനില്ല
എന്റെ സ്വപ്നങ്ങളും, ജീവിതവും...
പിന്നെ നിന്റെ സ്നേഹവും...
----------------ബി ജി എന്‍--------------------------
* ജോഷ്വ = യേശുവിന്റെ ശരിക്കുള്ള പേര് എന്ന് ചരിത്രകാരന്മാര്‍ രേഖപെടുത്തുന്നു