Showing posts with label പുസ്തക പരിചയം. Show all posts
Showing posts with label പുസ്തക പരിചയം. Show all posts

Monday, August 24, 2026

Ballards of North Malabar വടക്കന്‍ പാട്ടുകള്‍ .................... ചെലനാട്ട് അച്യുത മേനോന്‍

 

Ballards of North Malabar

വടക്കന്‍ പാട്ടുകള്‍

ചെലനാട്ട് അച്യുത മേനോന്‍

യൂണിവേഴ്സിറ്റി ഓഫ് മദ്രാസ്  (1956)

 

 

നാടന്‍ പാട്ടുകള്‍ ഒരു ദേശത്തിന്റെ ജീവിതവും സംസ്കാരവും അടയാളവും ആണ് . അവയിലൂടെ ആ പാട്ടിന്റെ കാലഘട്ടത്തിലെ ആ ഭൂവിഭാഗത്തിന്റെ രാഷ്ട്രീയ സാമൂഹിക ആത്മീയ കാഴ്ചപ്പാടുകളും ജീവിത രീതികളും മനുഷ്യരുടെ വേഷം ഭാഷ ഭക്ഷണം തുടങ്ങി എല്ലാ തരത്തിലുമുള്ള വിഷയങ്ങളെ പഠിക്കാന്‍ ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ കഴിയുന്നു. കേരളത്തിന്റെ സാഹിത്യ സാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയ പഴംകഥകള്‍ ആണ് വടക്കന്‍ പാട്ടുകള്‍. തച്ചോളി ഒതേനന്‍ , ആരോമലുണ്ണി , ചതിയന്‍ ചന്തു , കണ്ണപ്പനുണ്ണി , ഉണ്ണിയാര്‍ച്ച , ചാപ്പന്‍ , കുങ്കി തുടങ്ങി ഒരുപാട് കഥാപാത്രങ്ങള്‍ ഇന്നും മലയാളിക്ക് പരിചിതങ്ങള്‍ ആണ്. എത്ര സിനിമകളും കഥകളും ആണ് അവയിലൂടെ പിറന്നു വീണിട്ടുള്ളത് എന്നു നമുക്കറിയാം .

കാലം മാറുന്നതിന് അനുസരിച്ചു മനുഷ്യരുടെ ചിന്തകളും രീതികളും കാഴ്ചപ്പാടുകളും മാറുക സ്വാഭാവികമായ ഒരു മാനുഷിക പ്രത്യേകതയാണ്. എഴുതിവയ്ക്കപ്പെടാതെ പോകുന്ന പല സംഗതികളും വായ്മൊഴിയായി പങ്കുവയ്ക്കപ്പെടുന്നത് മൂലം കാലവും ഭാഷയും ചിന്തയും അവയില്‍ ഒരുപാട് കൈകടത്തലുകള്‍ നടത്തുന്നത് നമുക്ക് അനുഭവവേദ്യമായ കാഴ്ചയാണ്. വടക്കന്‍ പാട്ടുകളുടെ വ്യെത്യസ്തങ്ങള്‍ ആയ എത്രയോ വകഭേദങ്ങള്‍ നമുക്ക് വായിക്കാനും കാണാനും കഴിഞ്ഞിട്ടുണ്ട്.

പഴയ എഴുത്തുകള്‍ ശേഖരിച്ചു വയ്ക്കുവാന്‍ ഒരു തലമുറ കാണിച്ച ഉത്സാഹം മൂലം ലഭ്യമായ പലതും പക്ഷേ ഇന്ന് പുനര്‍വായന ചെയ്യപ്പെടുമ്പോള്‍ മനസ്സിലാകുന്നത് അവയുടെ വായ്മൊഴികളും പകര്‍പ്പുകളും ഉപേക്ഷിക്കുകയോ മനപ്പൂര്‍വ്വം അവഗണിക്കുകയോ ചെയ്ത എന്തൊക്കെ പ്രധാനപ്പെട്ട വിഷയങ്ങള്‍ ആണ് കാലത്തിനു നഷ്ടമായിട്ടുള്ളത് എന്നുള്ളത്. 1956ല്‍ ശേഖരിച്ചു പബ്ലിഷ് ചെയ്ത വടക്കന്‍പാട്ടുകള്‍ പരിശോധിച്ചാല്‍ വടക്കന്‍ പാട്ടിന്റെ തനതായ സുഗന്ധവും രസവും അനുഭവിക്കാന്‍ കഴിയുന്നുണ്ട്. അതുപോലെ അന്നത്തെ കാലത്തെ ബാലവിവാഹങ്ങള്‍ , മരുമക്കത്തായ സമ്പ്രദായം , നിയമവാഴ്ച , സാമൂഹിക ക്രമങ്ങള്‍ ,ആചാരങ്ങള്‍ , ഭാഷ , ബന്ധങ്ങളിലെ കൊടുക്കല്‍ വാങ്ങലുകള്‍ , സാമുദായിക കാഴ്ചപ്പാടുകള്‍ വളരെ വിശദമായിത്തന്നെ അറിയാന്‍ ഉതകുന്നുണ്ട്. കുഞ്ഞാലിമരക്കാരെ തച്ചോളി ഒതേനന്‍ തല്ലിനന്നാക്കുന്നതും ഉണ്ണിയാര്‍ച്ച ജോനകരെ നേരിടുന്നതും , നാടുവാഴിത്തത്തിനു നേരെയുള്ള  ജോനകരുടെ കാഴ്ചപ്പാടുകളും ഒക്കെ ചരിത്രപഠന കാഴ്ചപ്പാടിലൂടെ വായിക്കാനും മനസ്സിലാക്കാനും കഴിയുന്നുണ്ട്.

 

ഇത്തരം പഴയ എഴുത്തുകള്‍ , സാഹിത്യപരമായ ഒരു സംവേദന സുഖം എന്നതിനപ്പുറം കാലത്തിനു അടയാളപ്പെടുത്താന്‍ കഴിയാതെ പോകുന്ന ജീവിതങ്ങളുടെ കാഴ്ചയായി കൂടി കാണേണ്ടതുണ്ട് . അതുമൂലം നമുക്ക് നമ്മുടെ ഇന്നത്തെ സാമൂഹിക സാമുദായിക കാഴ്ചപ്പാടുകളെ അവയുടെ പരിണാമത്തെ ഒക്കെയും തിരിച്ചറിയാനും നമ്മിലുണ്ടായ മാറ്റങ്ങളെ മനസ്സിലാക്കി അവയുടെ ശരിതെറ്റുകളുടെ തോതുകള്‍ അടയാളപ്പെടുത്താനും കഴിയും. ഇന്‍റര്‍നെറ്റ് ആര്‍ക്കൈവില്‍ ലഭ്യമായ പല ഗ്രന്ഥങ്ങളും നാം വായിക്കേണ്ടതുണ്ട് എന്നത് ഓര്‍മ്മിക്കപ്പെടേണ്ട ഒരു വസ്തുതയാണ്. കേവലമായ വാചോടോപങ്ങള്‍ കൊണ്ട് സമയം കളയുന്നതിലും നല്ലത് ഇത്തരം വായനയാകും. സസ്നേഹം ബി.ജി..എന്‍ വര്‍ക്കല

പെണ്‍കുരിശ് ........സോണിയ റഫീക്ക്

പെണ്‍കുരിശ് (കഥകള്‍)
സോണിയ റഫീക്ക് 
മാതൃഭൂമി ബുക്സ് 
വില:100 രൂപ 

നിത്യജീവിതത്തെ കഥകളുമായി ബന്ധിപ്പിക്കുന്ന കഥാകാരന്മാരാണ് മിക്ക എഴുത്തുകാരും. അവരുടെ സര്‍ഗ്ഗശേഷി എത്രത്തോളം മികച്ചതാണോ അത്രയും സ്വീകാര്യത അവരുടെ കഥകളില്‍ ഉണ്ടാകുകയും ചെയ്യും. കഥകള്‍ ജീവിതഗന്ധികള്‍ ആകുന്നത്പോലെ തന്നെയാണ് കഥകള്‍ പുതിയ മാനങ്ങള്‍ തേടുന്നതും . പതിവ് ശൈലികള്‍ , കേട്ടു , വായിച്ചു മറന്ന വിഷയങ്ങള്‍ , അവതരണങ്ങള്‍ തുടങ്ങി ഒരേ അച്ചില്‍ വാര്‍ത്തെടുത്ത കഥകള്‍ വായിച്ചു വായിച്ചു കഥകള്‍ തന്നെ വെറുത്തുപോകുന്ന ഒരവസ്ഥ ഉണ്ടായി വരുന്നുണ്ട് സാഹിത്യത്തില്‍. പുതുമ തേടി ആരെ വായിക്കണം എന്ന് തിരയാന്‍ കഴിയാതെ പോകുന്നത് ഒരുതരത്തില്‍ ഭാഷയുടെ, തഥാ സാഹിത്യത്തിന്റെ അപചയം ആണ് . സോഷ്യല്‍ മീഡിയ വന്ന ശേഷം കഥകളും കവിതകളും നാനാതരം വേഷം കെട്ടി ആടുന്ന കാഴ്ച ലഭ്യമാണ് . അവിടെയും ഇപ്പറഞ്ഞത് പോലെ പുതുമയുള്ള ഭാഷയോ പ്രയോഗങ്ങളോ എഴുത്തുകളോ ലഭ്യമാകുന്നില്ല. തീര്‍ത്തൂം ഈ പറഞ്ഞത് ശരിയുമല്ല . കഥകള്‍ എഴുതുന്നതില്‍ വളരെ പ്രാവീണ്യം ഉള്ള ചിലരൊക്കെ വളരെ ദുര്‍ലഭമെങ്കിലും ലഭ്യമാണ്. ഇവരെ പക്ഷേ അച്ചടി മാധ്യമങ്ങളില്‍ കാണാന്‍ ലഭിക്കാറില്ല . അച്ചടി മാധ്യമങ്ങള്‍ ഇന്നും പഴയ അതേ നിലപാടുകളില്‍ തൂങ്ങിക്കിടക്കുകയാണല്ലോ. പുതുമയുള്ള എഴുത്തുകളെയോ പുതിയ എഴുത്തുകാരെയോ സ്വീകരിക്കാന്‍ അവര്‍ക്ക് മടിയാണ് ഇപ്പൊഴും . പകരം അഴകളവുകള്‍ നോക്കിയും ആരാധകരെ നോക്കിയും റഫറന്‍സ് നോക്കിയും മറ്റുമുള്ള തിരഞ്ഞെടുപ്പുകള്‍ മൂലം നല്ല എഴുത്തുകള്‍ വായിക്കാന്‍ വായനക്കാരന് കഴിയാതെ പോകുന്നു. ഈ ഒരവസ്ഥ ഇനിയെങ്കിലും മാറേണ്ടതുണ്ട് . 
സോണിയ റഫീക്ക് എന്ന എഴുത്തുകാരിയെ ശ്രദ്ധിക്കുന്നത് ഹെര്‍ബെറിയം എന്ന നോവല്‍ വായനയിലൂടെയാണ്. യു എ ഇ യിലെ ചുരുക്കം നല്ലപോലെ എഴുതുന്നവരില്‍ എന്തുകൊണ്ടും മുന്നില്‍ നില്‍ക്കുന്ന ഒരു പേരാണ് സോണിയ റഫീക്കിന്റെ എന്നു നിസ്സംശയം പറയാം. പതിവ് ക്ലീഷേ എഴുത്തുകാരുടെ തിരമാലകള്‍ക്കിടയില്‍ വേണ്ട വിധം ശ്രദ്ധിക്കാതെ പോകുന്ന എഴുത്തുകാരുടെ കൂട്ടത്തില്‍പ്പെട്ടുപോയ ഒരാളായാണ് സോണിയ റഫീക്കിനെ കാണേണ്ടത് . ഹെര്‍ബെറിയം , പെണ്‍കുട്ടികളുടെ വീട് തുടങ്ങിയ രണ്ടു നോവലുകള്‍ ആണ് സോണിയ റഫീക്കിന്റെ കഴിവ് ബോധ്യപ്പെടുത്തിത്തന്ന വായനകള്‍ . നോവലുകള്‍ക്കിടയില്‍ ഈ എഴുത്തുകാരിയുടെ കഥകള്‍ കൂടി വായിക്കാന്‍ അവസരം കിട്ടിയതില്‍ ഒട്ടും ഖിന്നത തോന്നാത്ത വിധത്തില്‍ മനോഹരങ്ങളായ പത്തു കഥകള്‍ അടങ്ങിയ “പെണ്‍ കുരിശ് “എന്ന പുസ്തകം തീര്‍ച്ചയായും വായിക്കപ്പെടേണ്ട ഒന്നുതന്നെയാണ്. പെണ്‍കുരിശ്, സോണിയ റഫീക്കിന്റെ ആദ്യ കഥ സമാഹാരം ആണ് . എന്‍ എസ് മാധവന്റെ മനോഹരമായ അവതാരിക കടന്നാല്‍ പുസ്തകത്തിന്റെ തലക്കെട്ട് പേറുന്ന കഥയാണ് ആദ്യം വായിക്കുക . തിരുവനന്തപുരത്തെ ഒരു പള്ളിക്കാട്ടില്‍ നിശബ്ദം ശയിക്കുന്ന മാധവിക്കുട്ടിയുടെ ഖബറില്‍ ആണ് പെണ്‍കുരിശിന്റെ കഥ വിരിയുന്നത്. മൂന്നു സ്ത്രീകള്‍ മൂന്നുപേരും അവരുടെ നിലപാടുകളില്‍ കൂടി സ്വന്തമായ ഒരു അടയാളം ഉണ്ടാക്കിയെടുത്തവര്‍ . അവരുടെ മറ്റൊരു ലോകം അതാണ് ഈ കഥയ്ക്ക് പറയാനുള്ളത് . കഥാപാത്രങ്ങളുടെ സൂക്ഷ്മമായ തിരഞ്ഞെടുപ്പുകളും ശൈലിയും വളരെ മനോഹരമായി അനുഭവപ്പെട്ടു .സക്കര്‍ ഫിഷ് എന്ന രണ്ടാമത്തെ കഥയുടെ ലോകം ഗള്‍ഫ് ജീവിതം ആണ് . വീട്ടുടമയും കുടുംബവും അവധിക്കു പോകുമ്പോള്‍ വീടിന്റെ അധിപനാകുന്ന ബംഗാളി ജോലിക്കാരന്റെ കഥയാണ് ഇതില്‍ . വീട്ടുകാരും നോക്കുകാരനും പരകായപ്രവേശം ചെയ്യപ്പെടുന്ന ഇന്ദ്രജാലമാണ് ഈ കഥയെ വ്യത്യസ്ഥമാക്കുന്നത്. സക്കര്‍ ഫിഷ് ആണിക്കഥയിലെ വിദൂക്ഷകന്‍. അഴുക്കുകള്‍ വൃത്തിയാക്കുന്ന ഈ ഇനം മീനെ കഥയില്‍ തിരഞ്ഞെടുത്ത തന്ത്രം എഴുത്തുകാരിയുടെ സര്‍ഗ്ഗശേഷിയുടെ വളരെ വലിയ ഉദാഹരണമായി കാണാന്‍ കഴിയും. കഥ അവസാനിക്കുന്നിടത്ത് കഥാകാരി വിജയിക്കുന്നത് ആ തിരഞ്ഞെടുപ്പിലൂടെയാണ്. അടുത്ത കഥ Y എന്നതാണു . അടുക്കള എന്ന സാമ്രാജ്യത്തെക്കുറിച്ചുള്ള സ്ത്രീയുടെ ലോക കഥകള്‍, കവിതകള്‍ ഒരുപാട് വായിച്ചിട്ടുണ്ട് എങ്കിലും പാവള്ളികള്‍ നിറഞ്ഞ ഈ അടുക്കളയും നായികയും വായനക്കാരെ തെല്ലൊന്നു അമ്പരിപ്പിക്കാതിരിക്കില്ല.  അടുക്കള, കിടപ്പുമുറി, ഹാള്‍ എന്നിവയുടെ ആര്‍ക്കിടെക്കല്‍ വ്യൂ തലക്കെട്ടുകൊണ്ട് തന്നെ പ്രത്യേകത വരുത്തുന്നു. അടുത്ത കഥയുടെ പേര് ധ്യാനം 180 ഡിഗ്രീ പ്രാപിക്കുമ്പോള്‍ എന്നതാണു . സത്യത്തില്‍ പ്രകൃതിയിലെ സൂക്ഷ്മ ജീവികളെയും മനുഷ്യരെയും ഒന്നിച്ചു ഒരു ഫ്രെയിമില്‍ അതുതാനല്ലയോ ഇതെന്ന വര്ണ്യാശങ്ക വരുത്തിക്കാന്‍ സോണിയയിലെ എഴുത്തുകാരി നല്ല കയ്യടക്കം കാട്ടുന്നുണ്ട്.ഹെര്‍ബേറിയം അതിനു നല്ലൊരു ഉദാഹരണമായിരുന്നല്ലോ. രണ്ടു പെണ്‍കുട്ടികളും ലാര്‍വ്വകളും ഷഡ്പദങ്ങളും ജീവിതവും ഒരു നൂലില്‍ കോര്‍ത്ത് വച്ച ഈ കഥ വായനയില്‍ സന്തോഷം നല്കിയ ഒന്നുതന്നെ . അഫ്ഗാനിസ്താന്റെ സംഘര്‍ഷഭൂവില്‍ നിന്നുകൊണ്ടൊരു കൊച്ചുകുഞ്ഞിന്റെ നായകത്വത്തില്‍ തികച്ചും മാറ്റം ദ്യോതിപ്പിക്കന്ന കഥയായിരുന്നു പട്ടുനൂല്‍പ്പുഴുക്കള്‍  വാ പിളര്ന്നത്  മള്‍ബറി ഇലകള്‍ക്ക്  വേണ്ടിയായിരൂന്നില്ല എന്നത്. എല്ലാവരും സാരി  ഉടുക്കാറുണ്ട് .ഒരു ശരാശരി ഇന്ത്യന്‍ സ്ത്രീയുടെ ഔദ്യോഗിക വേഷം പോലെ സാരി ഒരു വലിയ സാമ്രാജ്യമാണ് . ഒരു ശരീരത്തില്‍ സാരി ഉടുക്കപ്പെടുമ്പോള്‍  അതിനൊരു താളം ,അളവ് , ശൈലി ഉണ്ടെന്നത് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാവുമോ? ശരീരം ശാരീരം സാരീരം എന്ന കഥ വായിച്ചു കഴിഞ്ഞാല്‍ സാരി എന്നത് വെറുമൊരു വസ്ത്രമല്ല എന്ന ബോധം ഉണ്ടാകും എന്നതാണു ഇക്കഥയുടെ പ്രത്യേകത . നീലയും പച്ചയും ഇടക്കിടെ ചുവക്കാറുണ്ട് എന്ന കഥയില്‍ നൈസര്‍ഗ്ഗികമായ പ്രണയത്തിന്റെ നനുത്ത നൂലുകള്‍ മെനോപാസത്തിന്റെ അരികുകളിലൂടെ കടന്നുപോകുന്ന ഒരാളില്‍ ചിത്രങ്ങള്‍  വരയ്ക്കുന്നു എന്നു കാണിച്ചു തരുന്നുണ്ട്. അതുപോലെ മറ്റൊരു മനോഹരം പ്രണയകഥയാണ് വൈഫൈ . വാര്‍ദ്ധക്യത്തിന്റെ പ്രണയം അധികമൊന്നും ആരും എഴുതാതെ പോയ ഒന്നാണെന്ന് കരുതുന്നു. ഈ കഥയിലെ നായികാ നായകന്മാരുടെ പ്രണയം ശരിക്കും ഒരു ക്ലാസ്സിക് ടച്ച് ഉള്ള രീതിയില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത് എന്നു കാണാം. നെഫെര്‍ട്ടിസ് എന്ന ഈജിപ്ക്ഷ്യന്‍ റാണിയുടെ കഥയിലേക്കും ജീവിതത്തിലേക്കും തുറന്നുപിടിക്കുന്ന ഒരു കഥയായിരുന്നു നെഫെര്‍ട്ടിസ്. എഴുത്തുകാരിയുടെ ആത്മഗതങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും വായനക്കാരെ ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴിയിലേക്ക് വഴിനടത്തിക്കുന്ന ഒന്നായിരുന്നു അത് .അവസാന കഥയും മോശമല്ലായിരുന്നു. ഒരുസ്കൂള്‍ കുട്ടിയും ഒരു എഴുപത്തിരണ്ടുകാരനും ഏതൊക്കെയോ ലോകത്തിരുന്നുകൊണ്ടു ഒരു ഗെയിമിന്റെ ഭാഗമാകുന്ന ആധുനിക ലോകത്തിന് പരിചിതമായ ഒരു ലോകത്തിന്റെ കഥയായിരുന്നു അത് . തികച്ചും പുതിയ കാലത്തിന്റെയും പഴയകാലത്തിന്റെയും വികാരവിചാരാങ്ങളെ സസൂക്ഷ്മം വീക്ഷിച്ചു തയ്യാറാക്കിയ ഒരു തിരക്കഥ പോലെ ഉണ്ടായിരുന്നു കളിജീവനം എന്ന  ഇക്കഥ. 
തീര്‍ച്ചയായും നല്ല എഴുത്തുകള്‍ ഇവിടെ സംഭവിക്കുന്നുണ്ട്.പക്ഷേ അവയെ തിരഞ്ഞു കണ്ടെത്താനുള്ള ഒരു മാര്‍ഗ്ഗമാണ് ഇല്ലാത്തത്. മലയാള സാഹിത്യത്തിലെ നല്ല കഥകളുടെ കൂട്ടത്തില്‍ സോണിയയുടെ കഥകള്‍ക്കും നിസ്സങ്കോചം കയറിയിരിക്കാം . എന്‍ എസ് മാധവന്‍ ഈ പുസ്തകത്തില്‍ പറഞ്ഞ വാക്കുകള്‍ കടമെടുത്തുകൊണ്ടു ഈ വായനാനുഭവം അവസാനിപ്പിക്കാം. “ചില ന്യൂജെന്‍ സിനിമാക്കാരെപ്പോലെ അനുവാചകര്‍ക്ക് അടിമപ്പെട്ടുകൊണ്ട്, അവര്‍ക്ക് വേണ്ടതെന്താണെന്ന് ഊഹിച്ചുകൊണ്ടും അതിപ്രകടമായ സൂത്രവാക്യങ്ങളിലൂടെയും ക്ലീഷേകളിലൂടെയും അനുനിമിഷം മാറുന്ന സമകാലിക ജീവിതം തങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും തെളിയിക്കുന്ന രീതിയിലുള്ള മലയാള കഥയെഴുത്ത് വായനയെ ഗ്രസിക്കുന്ന ഈ കാലത്തില്‍ സോണിയ റഫീക്കിന്റെ കഥകള്‍ ശിശിരാന്ത്യത്തില്‍ വിരിയുന്ന ആദ്യപൂക്കളെപ്പോലെ നവീനവും ഉനെംശജനകവുമായ അനുഭൂതിയാണ് നല്കിയത്” . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

Wednesday, July 1, 2026

അകം (നോവല്‍)...........................................കെ ആര്‍ മല്ലിക

അകം (നോവല്‍)

കെ ആര്‍ മല്ലിക

മാതൃഭൂമി ബുക്സ്

വില 100 രൂപ




ഇന്ന് വായനക്കെടുത്ത പുസ്തകം കെ.ആര്‍. മല്ലിക എഴുതിയ അകം എന്ന നോവല്‍ ആണ്. ആഖ്യായന ശൈലിയിലും വിഷയാവതരണത്തിലും അത്യന്തം നവ്യമായ ഒരു രചനാ രീതിയാണ് കെ.ആര്‍. മല്ലിക ഈ നോവലിലൂടെ പരിചയപ്പെടുത്തുന്നത് . മൂന്നുതലമുറയിലെ സ്ത്രീകളെ വിവിധങ്ങളായ സാഹചര്യങ്ങളിലൂടെ നടത്തിക്കൊണ്ട് പോകുവാന്‍ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട് . അതിന്റെ വായനാനുഭവം അത്രയും നന്നായിരുന്നു എന്നതാണു നോവലിന്റെ മഹത്വം ആയി പറയാനുള്ളത് . സമൂഹത്തിന്റെ താഴെക്കിടയില്‍ ജീവിക്കുന്ന മനുഷ്യരുടെ പ്രത്യേകിച്ചു സ്ത്രീകളുടെ ജീവിതത്തെ അധികമാരും അടയാളപ്പെടുത്തിക്കണ്ടിട്ടില്ല എന്നതിനാല്‍ ഈ നോവല്‍ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട് . അമ്മയില്‍ നിന്നും തുടങ്ങി മകളിലും മകളുടെ മകളിലും ചെന്നു നില്‍ക്കുന്ന കഥാതന്തു വായനക്കാരില്‍ മുഷിപ്പ് അനുഭവപ്പെടാതെ കൊണ്ടുപോകാന്‍ കഴിയുന്ന രീതിയില്‍ ത്തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത് . മാറുന്ന കാലഘട്ടം , മാറുന്ന കാഴ്ചപ്പാടുകള്‍ മാറുന്ന പ്രതിരോധങ്ങള്‍ ഒക്കെയും വളരെ സ്പഷ്ടമായി വായനക്കാരെ മനസ്സിലാക്കിച്ചുകൊടുക്കാന്‍ കെ.ആര്‍. മല്ലികയ്ക്ക് കഴിഞ്ഞിട്ടുണ്ട് .


സമൂഹ ജീവിതത്തിന്റെ പഴയ കാലഘട്ടം മനസ്സിലാക്കാനും അത് എങ്ങനെ ഓരോ തലമുറയിലും അവരുടെ ജീവിതത്തിലും ചിന്താഗതിയിലും പ്രതിഫലിപ്പിക്കാനും കഴിയുന്നു എന്നത് പറഞ്ഞു മനസ്സിലാക്കിക്കാന്‍ കഴിയുന്നതിലും നല്ലത് അവയെ വരച്ചു കാണിക്കുക എന്നതാണു. സാഹിത്യ രചനകള്‍ എല്ലാം തന്നെ ഒരു തരത്തില്‍ ചിത്രങ്ങളുടെ ആഖ്യായനം ആണ്. വായനക്കാരന് ഒരു പ്രതലത്തിലൂടെയുമല്ലാതെ മനസ്സില്‍ അവയെ അതേ നിറങ്ങളും മിഴിവുകളും ആയി കാണാനും മനസ്സിലാക്കാനും അത് സഹായിക്കുന്നു. കുടുംബ ജീവിതത്തിലെ, സ്ത്രീയുടെ പ്രത്യേകിച്ചും ദാരിദ്ര്യ രേഖയ്ക്ക് താഴെ ജീവിക്കുന്ന  സ്ത്രീയുടെ അവസ്ഥയും അനുഭവങ്ങളും അവയെ അവര്‍ക്ക് എങ്ങനെ മറികടക്കാന്‍ കഴിയുന്നു എന്ന കാഴ്ചകളും അതിലവര്‍ നേരിടുന്ന വിജയപരാജയങ്ങളും വളരെ നന്നായി തന്നെ ഈ നോവലില്‍ പറഞ്ഞു വയ്ക്കുന്നുണ്ട്. ഓരോ തലമുറയും അവരുടെ കുടുംബ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്താണ് അല്ലെങ്കില്‍ അവയില്‍ സ്ഥായിയായ എന്തെങ്കിലും ഘടകങ്ങള്‍ മാറാതെ നിലനില്‍ക്കുന്നുണ്ടോ എന്നൊക്കെയുള്ള ഒരു അന്വേഷണം ആയും ഇതിനെ വായിക്കാന്‍ കഴിയും.


രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലെ സ്ത്രീയുടെ കാഴ്ചപ്പാടിനെ വ്യക്തമായി അടയാളപ്പെടുത്താന്‍ കെ.ആര്‍. മല്ലികയിലെ നോവലിസ്റ്റിന് കഴിയുന്നുണ്ട് എന്നത് ഈ നോവലിന്റെ വിജയ ഘടകങ്ങളില്‍ ഒന്നായി കണക്കാക്കാം. ഒഴുക്കുള്ള , ലളിതവും ശക്തവും സാന്ദ്രവുമായ ഭാഷയും പ്രയോഗങ്ങളും ശൈലിയും കൊണ്ട് വായനയില്‍ കല്ലുകടികള്‍ ഇല്ലാതെ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുന്നതിനാല്‍ ഒറ്റയിരുപ്പിന് വായിച്ചു തീര്‍ക്കാനാവുന്ന ഒരു നോവല്‍ ആണ് ഇതെന്ന് പറയാം. അധികം വായിക്കപ്പെടേണ്ടതുണ്ട് ഈ എഴുത്തുകാരിയുടെ രചനകളെ എന്നു കരുതുന്നു. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

Thursday, May 14, 2026

മോഹമേരു(കവിതകള്‍) ............................. ഡോ. രമ്യ വി.എസ്

 


മോഹമേരു(കവിതകള്‍)

ഡോ. രമ്യ വി.എസ്

കൈരളി ബുക്സ്

വില: ₹ 260.00 



        മലയാള കവിതാ ലോകം നിരന്തരം പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എങ്കിലും കാലികമായ പരിഷ്കാരങ്ങള്‍ അവയില്‍ ഉണ്ടാകുന്നുണ്ടോ എന്നത് ഒരു ചോദ്യം തന്നെയാണ്. എല്ലാവരും കവിത എഴുതുന്ന ഒരു കാലം വരും വരെയും ഈ പരിഷ്കാരങ്ങള്‍ തുടരട്ടെ . എന്തെഴുതണം എങ്ങനെ എഴുതണം എന്നൊക്കെ ഉള്ള പരിശീലനക്കളരികള്‍ ഇന്നത്തെ കവികള്‍ക്ക് ആവശ്യമുള്ള ഒന്നായി തോന്നുന്നില്ല. എഴുതാനുള്ള സ്വാതന്ത്ര്യം അതിനെ വിനിയോഗിക്കാനുള്ള മാധ്യമം ഇവ രണ്ടും മാത്രം മതി . ഭാഷാ ജ്ഞാനം പോലും ആവശ്യമില്ല ഇന്ന് കവിതയ്ക്ക് . ''വെള്ളം വെള്ളം സര്‍വ്വത്ര തുള്ളി കുടിക്കാന്‍ ഇല്ലത്രെ" എന്ന അവസ്ഥ കവിതയിലും അനുയോജ്യമാകുന്നുണ്ട് എന്നതാണു പലപ്പോഴും സോഷ്യല്‍ മീഡിയകളും, ഗ്രൂപ്പുകളും, പ്രിന്‍റ് മീഡിയകളും കാണുമ്പോളനുഭവപ്പെടുന്നത് .


               ഇങ്ങനെയൊക്കെ ആണെങ്കിലും ചിലപ്പോള്‍ വേനല്‍ മഴപോലെ ചില കവിതകള്‍ വായനക്കാരെ വിശിഷ്യാ ആസ്വാദകരെ തേടി വരാറുണ്ട്. അതിന്റെ മധുരം പലപ്പോഴും കവിതയോടുള്ള ഈര്‍ഷ്യ അകറ്റാനും പുതിയവ കാത്തിരിക്കാനും പ്രതീക്ഷ നല്‍കാറുമുണ്ട്. ഇന്നത്തെ വായന 'ഡോ. രമ്യ വി.എസ്.' എഴുതിയ "മോഹമേരു" എന്ന കവിത സമാഹാരത്തെക്കുറിച്ചാണ് . മൈക്രോസ്കോപ്പുകളും സൂക്ഷ്മാണുക്കളുമായി നിരന്തരം വിനിമയങ്ങള്‍ നടത്തുന്ന ഒരു മനസ്സില്‍ നിന്നും കവിതകളുടെ മായാകിരണങ്ങളെ വികിരണം ചെയ്യാന്‍ കഴിയുന്ന അവസ്ഥ അഭിനന്ദനാര്‍ഹമായ ഒന്നാണ്. തിരക്കുകള്‍ക്കിടയിലെ ജീവിതം കവിതയുടെ ലോകത്തിന് വേണ്ടിക്കൂടി തുറന്നു വയ്ക്കുന്ന ഡോ. രമ്യയുടെ ആദ്യ കവിത സമാഹാരമാണ് മോഹ മേരുവെന്ന ഈ പുസ്തകം. 75 കവിതകള്‍ അടങ്ങിയ ഈ പുസ്തകത്തിന് അവതാരിക എഴുതിയത് ശ്രീ. കെ. ജയകുമാര്‍ ഐ. എ. എസ്. ആണ്.


        ജീവിതത്തിലെ വിവിധങ്ങളായ മുഹൂര്‍ത്തങ്ങളെ അടയാളപ്പെടുത്തുന്ന ഈ കവിതകള്‍, പ്രണയവും സാമൂഹിക വിഷയങ്ങളും ആരോഗ്യവിഷയങ്ങളും സ്ത്രീ ജീവിതത്തിന്റെ കഠിനമായ ചില അവസ്ഥകളും ബാല്യവും പ്രകൃതിയും ഒക്കെ വിഷയമാക്കിയ വിവിധങ്ങളായ ആസ്വാദക നിലവാരങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒന്നാണ്. കവിതകള്‍ വായിക്കുമ്പോള്‍ ആദ്യം തന്നെ തോന്നിയ ഒരു ചിന്ത ഒരു കവിതക്കളരിയില്‍ വിഷയം നല്കി കവിതകള്‍ എഴുതിക്കുന്ന മത്സരത്തില്‍ പങ്കെടുത്ത ഒരാളുടെ എഴുത്തുകള്‍ ആണോ ഇവ എന്നാണ് . കാരണം ഓരോ കവിതയ്ക്കും ഓരോ തലക്കെട്ടുകള്‍ ഉണ്ട് . കവിത ആ തലക്കെട്ടിനുള്ളില്‍ ഒതുങ്ങിക്കൂടുന്നു. ചിലപ്പോഴൊക്കെ പ്രണയത്തിന്റെ അതിവൈകാരികമായ മായാവലയത്തില്‍പ്പെട്ടുഴറുന്ന ഒരു കാമിനിയായോ അതിലുപരി സ്വപ്നലോകത്തില്‍ സഞ്ചരിക്കുന്ന ഒരു മനസിന്റെ ഉടമയായോ കവിതകളെ വായിക്കപ്പെടുന്നുണ്ട്. സ്ത്രീകളുടെ മാനസിക ഭാവങ്ങളെ പുരുഷ കാഴ്ചകളിലൂടെ അവതരിപ്പിക്കപ്പെടുന്ന പരകായ പ്രവേശത്തിന് കവി ശ്രമിക്കുന്നത് എല്ലാ കവിതകളിലും കാണാന്‍ കഴിയുന്നുണ്ട്.


       ഒരു സ്ത്രീയുടെ , ഒരു പ്രണയിനിയുടെ, ഒരമ്മയുടെ, ഒരു കൊച്ചുമകളുടെ ഒക്കെ ഭാവാന്തരീക്ഷങ്ങള്‍ കവിതയില്‍ ഉണ്ടാകുന്നുണ്ട്. മഴയെയും , മഞ്ഞിനെയും പുഴയെയും ഒക്കെ തന്റെ ശൈലിയില്‍ വാര്‍ത്തെടുക്കുമ്പോള്‍ വായനയില്‍ കല്ലുകടികള്‍ ഉണ്ടാകുന്നില്ല . മറ്റുള്ളവര്‍ പറഞ്ഞു പോകുന്ന സ്ഥിരം പാറ്റേണുകള്‍ ഒഴിവാക്കി സ്വന്തമായ ഒരു ശൈലി കവി പിന്തുടരുന്നത് കവിതാ ലോകത്തിന് ഒരു നല്ല ദിശാബോധം നല്കാന്‍ ഉപയുക്തമാണ്. ഭാഷയുടെ പ്രയോഗങ്ങളും വിന്യാസവും പൊതുവായി ഇന്നത്തെ കവികളില്‍ കാണുന്ന ഭാഷ അറിവില്ലായ്മ ചെ ഒളിപ്പിക്കല്‍ പോലുള്ള ഗിമ്മിക്കുകള്‍ ഉപയോഗിക്കുന്നതല്ല എന്നു മനസ്സിലാക്കിക്കുന്ന രചനാ രീതിയുടെ സന്തോഷം വായനയില്‍ വളരെ നന്നായി തോന്നിപ്പിച്ചു. 


         ഓരോ കവിതകളും ഓരോ വിഷയങ്ങളെ ആസ്പദമാക്കി ആണെങ്കിലും അവയിലൊക്കെയും ഒളിഞ്ഞും തെളിഞ്ഞും ജീവിതത്തിന്റെ പാതകള്‍ വരച്ചിട്ടിട്ടുണ്ട് . വൈകാരിക മുഹൂര്‍ത്തങ്ങളെയും , അനുഭവങ്ങളെയും പാഠങ്ങളെയും അടയാളപ്പെടുത്തുന്നുണ്ട് . മാനുഷിക മൂല്യങ്ങളെ പറഞ്ഞു പോകാനും അവയിലെ മധുരവും എരിവും ചൂണ്ടിക്കാണിക്കാനും ശ്രമിക്കുന്നുണ്ട്. സമൂഹത്തോട് ചോദ്യങ്ങള്‍ ഉണ്ട്. അതുപോലെ സ്ത്രീയുടെ അടുക്കള എന്ന അലിഖിത സാമ്രാജ്യത്തിനപ്പുറം അവളുടെ സ്വന്തം ആകാശം ഉണ്ടെന്ന പ്രഖ്യാപനങ്ങള്‍ ഉണ്ട്. കുടഞ്ഞെറിയാന്‍ വെമ്പുന്ന പെണ്‍ മനസ്സുകള്‍ ഉണ്ട്. ആകുലതയുടെ അമ്മ മനസ്സുകള്‍ ഉണ്ട്. സാരോപദേശത്തിന്റെ മുത്തശ്ശി ചിന്തകള്‍ ഉണ്ട്.


       കവിതകളുടെ ഏകീകൃതമായ പാതയിലൂടെയല്ലാതെ പല കൈവഴികള്‍ ആയി ഒഴുകി ഒരു സമുദ്രത്തില്‍ (വായനക്കാരനില്‍ ) എത്തുന്ന അനവധി പുഴകളെ ഓര്‍മ്മിപ്പിക്കുന്നു ഡോ. രമ്യ വി.എസ്സി. ന്റെ ഈ കവിതകള്‍. തുടക്കം തന്നെ നല്ല ഒരു സംഭാവന നല്കാന്‍ കഴിഞ്ഞ ഈ കവിയില്‍ നിന്നും കൂടുതല്‍ മനോഹരങ്ങള്‍ ആയ വായനകള്‍ പ്രതീക്ഷിക്കുന്നു. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

Friday, January 30, 2026

നിശാഗന്ധിയുടെ സുഗന്ധം........ഡോ.സജിത ജാസ്മിൻ

നിശാഗന്ധിയുടെ സുഗന്ധം ( കവിതകൾ )
ഡോ.സജിത ജാസ്മിൻ
 സ്വദേശാഭിമാനി ബുക്സ് 
വില 100 രൂപ 


"നിന്നിലേക്ക് വീണമർന്നിട്ടും നിർദ്ദയം 
നീ നിരസിച്ച ഈ മഞ്ഞുകണം
നിപതിച്ചു പരമാനന്ദരസം നുകർന്നു പുൽ-
ക്കൊടിയിലെപ്പൂവിൽ പിന്നെ മണ്ണിലലിഞ്ഞു.

ഏതിൽ നിന്നുയരുന്നു പ്രണയ ക്കിനാവ് 
ഏതിലേക്കിറ്റു വീഴുന്നൊരു കണമായ്
ഏതൊന്നിൽ നിർവൃതിയടഞ്ഞിടുന്നു
ഏതിലലിഞ്ഞു സമ്പൂർണ്ണമായിടുന്നു."


കവിതകൾക്ക് ഒരു ഭംഗിയും രൂപവും ഭാവവും ഒക്കെ ഉണ്ടായി വന്നത് ഭാഷ വികസിച്ച കാലത്ത് തന്നെയാണ്. ഭാഷയുടെ വികാസം കവിതയെ വളരെ ഉയർന്ന ഒരു തലത്തിലേക്ക് കൈപിടിച്ച് നടത്തുകയാണ് ഉണ്ടായത്. വികസിച്ചത് ഭാഷയാണോ അതോ സാഹിത്യമാണോ എന്നതിനെക്കുറിച്ച് വളരെ ഗഹനമായി ചിന്തിക്കേണ്ടതുണ്ട്. കാരണം, ഭാഷയുടെ വളർച്ച സാഹിത്യത്തെ ആണോ സാഹിത്യത്തിൻറെ വളർച്ച ഭാഷയാണ് സ്വാധീനിച്ചത് അല്ലെങ്കിൽ രൂപ പരിണാമം സംഭവിപ്പിച്ചത് എന്ന് ചിന്തിക്കേണ്ടതുണ്ട്. ഓരോ കാലത്തും ,ഓരോ തലമുറയിലും ഭാഷ അതിന്റേതായ രീതിയിലുള്ള കൈകടത്തലുകൾ നടത്തിയിട്ടുണ്ട് എന്ന് സാഹിത്യം നമ്മെ ഓർമിപ്പിക്കുന്നു. സാഹിത്യത്തിന്റെ വിവിധ തലങ്ങൾ ആയ കഥ, കവിത, നോവൽ ,പാട്ടുകൾ, അങ്ങനെ തുടങ്ങി വിഭിന്നങ്ങളായ തലങ്ങളിൽ അത് നിലയുറപ്പിക്കുമ്പോഴും അതിനെ ഒരു ഐകരൂപ്യം എപ്പോഴും ഉണ്ടായിരുന്നു. പണ്ടുകാലത്ത് ഭാഷയുടെ വികാസ രൂപീകരണ തുടക്കകാലത്ത് രചനകൾ എങ്ങനെയായിരിക്കണം എന്നും, എന്തുകൊണ്ട് അങ്ങനെ ആയിരിക്കണമെന്നും ഒക്കെയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമായിരുന്നു. അത്, ഒരു തരത്തിൽ പറഞ്ഞാൽ സാഹിത്യത്തിൻറെ വളർച്ചയ്ക്ക് ഒരു ദിശാബോധം നൽകാനുള്ള ശ്രമം ആയിരുന്നുവെന്ന് മനസ്സിലാക്കാൻ കഴിയും. എന്നാൽ വഴിനടന്നു തുടങ്ങിയപ്പോൾ, യാത്ര തുടങ്ങുമ്പോൾ നാം കാൽനടക്കാരായിരുന്നു എന്നതും പിന്നീട് കാളവണ്ടിയിൽ യാത്ര ചെയ്തു എന്നുള്ളതും മോട്ടോർ വാഹനങ്ങളിലേക്ക് മാറുമ്പോൾ നാം ഓർക്കേണ്ടതുണ്ടെന്ന് മാത്രമാണ് പ്രധാനം. അല്ലാതെ നമ്മൾ ആ കാൽനടയ്ക്ക് അല്ലെങ്കിൽ കാളവണ്ടി യാത്രയ്ക്ക് ഉപയോഗിച്ച രീതികളോ സങ്കേതങ്ങളോ മാതൃകകളോ പിന്തുടരേണ്ടതില്ല എന്നും ആധുനിക മനുഷ്യൻ നമുക്ക് പറഞ്ഞു തരുന്നു. അതിനാൽത്തന്നെ ഭാഷയുടെ വളർച്ചാഘട്ടത്തിൽ ഉണ്ടായിരുന്ന ഭാഷയോ വാക്കുകളോ വാക്യങ്ങളോ പ്രയോഗങ്ങളോ എന്തിനധികം രൂപമോ ഭാവമോ പോലും ആധുനിക കവിതാ സങ്കേതത്തിൽ അല്ലെങ്കിൽ ആധുനിക സാഹിത്യരംഗത്ത് നമുക്ക് കാണാൻ കഴിഞ്ഞു എന്ന് വരില്ല. ഇത് അപചയമാണോ എന്നത് ഒരു ആവശ്യമില്ലാത്ത ചോദ്യമായി മാറുകയാണ്. രൂപാന്തരം പ്രാപിക്കുന്ന ഭാഷയ്ക്ക് കൂടുതൽ മികവും കൂടുതൽ അഴകും സംഭവിക്കുന്നതും വികാസം എന്നത് ഒതുങ്ങി ചേരൽ ആണെന്ന് മനസ്സിലാക്കുന്നതും ഒരു അനുഭവം തന്നെയായിരിക്കും.


ഇവിടെ ഇന്ന് പരാമർശിക്കപ്പെടുന്ന പുസ്തകം "നിശാഗന്ധിയുടെ സുഗന്ധം " എന്ന 36 കവിതകളുടെ സമാഹാരമാണ്. ഇത് എഴുതിയിരിക്കുന്നത് ഡോക്ടർ സജിത ജാസ്മിൻ എന്ന എഴുത്തുകാരിയാണ്. ബഹറിനിൽ ജോലി ചെയ്യുന്ന ഡോക്ടർ സജിത, തിരുവനന്തപുരം സ്വദേശിയാണ്. ഡോക്ടർ സജിതയുടെതായി ഇതിനു മുൻപ് വായിച്ചത് ഒരു ഖണ്ഡകാവ്യം ആയിരുന്നു. 'അതിജീവിത' എന്ന പേരിൽ അന്ന് ആ പുസ്തകം വായിക്കുമ്പോൾ മനസ്സിൽ വന്ന ചിന്ത, നമുക്ക് ഇന്ന് നഷ്ടപ്പെടുന്ന കാവ്യരൂപമാണ് ഖണ്ഡകാവ്യം എന്നത് തന്നെയായിരുന്നു. അതിജീവിത എന്ന ഖണ്ഡ കാവ്യത്തിൽ നമുക്ക് വായിക്കാൻ കഴിഞ്ഞത് ഒരു സ്ത്രീയുടെ ജീവിതത്തിൻറെ രണ്ട് ഘട്ടങ്ങളായിരുന്നു. അതിനെ ഭാഷയുടെ മധുരവും സൗന്ദര്യവും നന്നായി സന്നിവേശിപ്പിച്ചുകൊണ്ട് ഒട്ടും മോശമല്ലാത്ത രീതിയിൽ ഒരു പുസ്തകമായി വായിക്കുവാൻ ലഭ്യമായി. അതിൽ വായനക്കാർക്ക് സന്തോഷിക്കാൻ കഴിയുന്ന ഒരു സംഗതി പഴയകാല കവികളിൽ നിലനിന്നിരുന്ന കവിതാ സമ്പ്രദായത്തെ, അവർ പിന്തുടരുന്ന കവിത രൂപത്തെ ഖണ്ഡകാവ്യത്തിലും സജിതയ്ക്ക് കൊണ്ടുവരാൻ കഴിഞ്ഞു എന്നുള്ളതായിരുന്നു. അത് ഇന്നത്തെ കവിതാ ലോകത്ത് വളരെ വിരളമായി സംഭവിക്കുന്ന ഒരു അനുഭവമായിരുന്നു. അതുകൊണ്ടുതന്നെ ആ പുസ്തകം ശ്രദ്ധിക്കപ്പെടണം എന്ന് തോന്നിയിരുന്നു. അതേ പുസ്തകത്തിനൊപ്പം തന്നെയാണ് ഡോക്ടർ സജിത നിശാഗന്ധികളുടെ സുഗന്ധം എന്ന ഈ കവിത പുസ്തകവും പുറത്തിറക്കിയത് എന്ന് ഇത് വായിക്കുമ്പോൾ ഇതിൻറെ ആമുഖത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു. ഒരു വ്യക്തി ഒരുപോലെതന്നെ എഴുതുന്നത് ഒരിക്കലും ശരിയായ ഒരു എഴുത്തുകാരന്റെ രീതിയാണ് എന്ന് കരുതുന്നില്ല. ഇവിടെ ഇവിടെ ഡോ. സജിതയുടെ ഈ കവിത പുസ്തകത്തിൽ ഈ കവിതകളിലൂടെ കടന്നുപോകുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് എഴുത്തിന്റെ പ്രാരംഭഘട്ടത്തിൽ നിൽക്കുന്ന ഒരാൾ എങ്ങനെയാണ് മുന്നോട്ട് ഭാഷയെ കൈപിടിച്ചുകൊണ്ട് നടന്നു നീങ്ങുന്നത് എന്നുള്ളതാണ്. ചെറുതും വലുതുമായ 36 കവിതകൾ ഇതിനകത്ത് ഉണ്ട്. അവയിൽ പൊതുവേ കാണാൻ കഴിയുന്ന ഒരു സംഗതി എന്ന് പറയുന്നത് ,ഇന്നത്തെ പൊതു കവിത സമ്പ്രദായ രീതിയും എഴുത്തുകാരുടെ ശൈലിയും ഒക്കെ വളരെ ഖേദകരത്തോടുകൂടി പറയാം പ്രണയവും  സ്ത്രീയും മാത്രമായി ഒതുങ്ങിപ്പോകുന്ന ഒന്നാണ് ചുരുക്കം ചിലർ മാത്രം രാഷ്ട്രീയ ദേശീയ അന്തർദേശീയ വിഷയങ്ങളിൽ കൈകൾ നടത്തുന്നുണ്ട് എന്നത് എന്നത് വിസ്മരിക്കുന്നില്ല  എന്നാലവയ് ക്ക് ഘടക വിരുദ്ധമായിരുന്നു. എന്നതാണ്. ഇവിടെ ഡോക്ടർ സജിത തൻറെ 36 കവിതകളിൽ കൂടെ പ്രകൃതിയെയും, പ്രണയത്തെയും, പെണ്ണിനെയും, തൻറെ ചുറ്റുപാടുകളെയും വളരെ വ്യത്യസ്തമായ രീതിയിൽ സാധാ കവിതകളുടെ പ്രഭവങ്ങളിൽ നിന്ന് മാറ്റി നിർത്തിക്കൊണ്ട് പറയുവാൻ ശ്രമിക്കുന്ന ഒരു കാഴ്ച തീർച്ചയായിട്ടും കവിത ആസ്വദർക്ക് സന്തോഷം നൽകുന്ന ഒരു വസ്തുതയാണ്. വിജയിച്ച കവിതകൾ എത്ര എന്നെണ്ണുവാൻ അതിനാൽത്തന്നെ മുതിരുന്നുമില്ല. എഴുത്തിന്റെ പ്രാരംഭ ഘട്ടത്തിലെ എല്ലാ പോരായ്മകളും ഒരു എഴുത്തുകാരൻ നടന്നു കയറുമ്പോൾ അയാളിൽ ഉണ്ടാകുന്ന വികാസങ്ങളും പഠിക്കുവാനും മനസ്സിലാക്കുവാനും ഈ പുസ്തകം സഹായിക്കുകയും ചെയ്യുന്നുണ്ട്. താൻ ജനിച്ചു വളർന്ന ചുറ്റുപാടിനെ കവിതയിലേക്ക് കൊണ്ടുവരാനും അടയാളപ്പെടുത്താനും അതുവഴി കവിതയിലൂടെ തൻറെ ദേശത്തെ തന്റെ ചുറ്റുപാടുകളെ ചേർത്തുപിടിക്കാനും ശ്രമിക്കുന്ന കവിയുടെ  മനസ്സ് തീർച്ചയായിട്ടും മറ്റുള്ള കവികളിൽ നിന്നും വേറിട്ട എഴുത്തിനെ സമീപിക്കുന്ന ഒരാളുടെ രീതിയായി കാണാൻ കഴിയുന്നു. ഇത് കവികൾക്ക് നല്ലൊരു പാഠം ആയിരിക്കുമെന്ന് കരുതുന്നു. എഴുതുന്നവന് എന്തും എഴുതാമെങ്കിലും വായിക്കുന്നവനെ അതെങ്ങനെ സ്വാധീനിക്കും എന്നുള്ളതിനെ ഇവിടെ കവി മനസ്സിലാക്കുകയും അതനുസരിച്ച് എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് വിജയമായി ആഘോഷിക്കപ്പെടേണ്ടത്.


എല്ലാ കവിതകളും മികച്ചതാണെന്നും ഈ പുസ്തകം ഒരു മികച്ച പുസ്തകം ആണെന്നും ഉള്ള അഭിപ്രായത്തിൽ ഒരിക്കലും നിൽക്കുന്നില്ല. എങ്കിൽത്തന്നെയും ഒരു പുസ്തകത്തിൻറെ ചട്ടക്കൂടിനകത്തുനിന്നുകൊണ്ട് ഒരു കവിത പുസ്തകത്തിൻറെ രൂപകല്പന നടത്താനുള്ള ഈ ശ്രമത്തെ തീർച്ചയായിട്ടും കാണാതിരിക്കാനാവില്ല. ഡോ. സജിത എന്ന കവിയിൽ, ഈ കവിതകളിൽ കണ്ട ചില കാര്യങ്ങളെ ശ്രദ്ധിക്കാതിരിക്കാൻ കഴിയുന്നില്ല. അതായത് കൈയ്യടക്കമുള്ള, കഴിവുള്ള എഴുത്തുകാർക്ക് മാത്രം കഴിയുന്ന ഒന്നാണ് പ്രാസം ഒപ്പിച്ചുകൊണ്ട് അതും ആദ്യാക്ഷരപ്രാസം ശ്രദ്ധിച്ചുകൊണ്ട് കവിതകൾ രചിക്കുക എന്നുള്ളത് .ഇവിടെ ഈ കവിയിൽ എനിക്ക് കാണാൻ കഴിഞ്ഞ ഒരു പ്രധാന കാര്യം കഴിവതും ഇദ്ദേഹം തന്റെ കവിതകളിൽ ഒക്കെ ആദ്യാക്ഷരപ്രാസത്തെ ഉപയോഗിക്കാനായി ശ്രമിക്കുന്ന കാഴ്ചകളാണ് . ഇവിടെ ഇങ്ങനെ ചെയ്യുമ്പോൾ സംഭവിക്കുന്ന ഒരു പ്രധാന പ്രശ്നം എന്നത് വാക്കുകൾ ഒപ്പിച്ചു കൊണ്ടുവരാനായി പറച്ചിലുകൾ ആയിപ്പോകും എന്നുള്ളതൊക്കെയാണ്. ഇത്തരം ചില പോരായ്മകൾ ഈ കവിതകളിലും ചിലയിടത്തൊക്കെ വ്യക്തമാക്കുന്നുണ്ട്.  അതായത് തുടങ്ങിവെച്ച സംഗതിയെ എങ്ങനെയും മുഴുമിപ്പിക്കാനുള്ള ഒരു ശ്രമവും അതിനിടയിൽ ആ രീതി തന്നെ ആ ശൈലി തന്നെ തുടർന്നുകൊണ്ട് പോകാനുള്ള ധൃതിയിൽ അല്ലെങ്കിൽ ശ്രമത്തിൽ പലപ്പോഴും കവിത പറച്ചിലുകൾ ആയോ പ്രസ്താവനകളായ അല്ലെങ്കിൽ പിരിഞ്ഞു പിരിഞ്ഞു നിൽക്കുന്ന വാക്യങ്ങൾ ആയോ ഒക്കെ മാറിപ്പോകുന്നതായിട്ട് തോന്നിയിട്ടുണ്ട്. എന്നാൽ ത്തന്നെയും മുന്നോട്ടുള്ള കവിതകളിൽ വളരെ വ്യത്യാസങ്ങളും കാണാൻ കഴിയുന്നുണ്ട്. തുടക്കത്തിൽ നിന്നും അവസാനത്തിലേക്ക് എത്തുമ്പോഴേക്കും കവിതകൾക്ക് കവിതയുടെ രൂപവും ഭാവവും തനിയെ കൈവരുന്നത് കാണാൻ കഴിയുന്നുണ്ട്. ഇനിയും കൂടുതൽ കവിതകൾ ഈ കവിയിൽ നിന്നും ലഭ്യമാകട്ടെ എന്ന പ്രതീക്ഷയോടെ ആശംസകൾ . ബി.ജി.എൻ വർക്കല

പ്രണയം പ്രതിജ്ഞ പ്രവാസം ....... പി. ശിവ പ്രസാദ്

പ്രണയം പ്രതിജ്ഞ പ്രവാസം (കവിതകൾ)
സമ്പാദകൻ : പി. ശിവ പ്രസാദ്
ഫേബിയൻ ബുക്സ്
വില: ₹270

കവിതകൾക്ക് ഒരു ഐകരൂപം വേണമെന്ന കാഴ്ചപ്പാട് വളരെ മുൻപ് തന്നെ കണ്ടുവരുന്ന ഒന്നാണ്. പക്ഷേ കവിതകൾ ജനിച്ച നാൾ മുതൽ രൂപാന്തരത്തിന് നിരന്തരം അടിമപ്പെട്ടു കൊണ്ടിരിക്കുന്ന ഒന്നുതന്നെയാണ്. നിരന്തരമായ പരിണാമം അല്ലെങ്കിൽ പുതുക്കൽ കൊണ്ടാണ് കവിത ഇന്നത്തെ പുതിയ തലത്തെ അടയാളപ്പെടുത്തുന്നത്. നമുക്ക് കിട്ടാവുന്ന രേഖകൾ വച്ച് പുറകോട്ടു പോകുമ്പോൾ നമ്മുടെ ഭാഷയിൽ നമുക്ക് കിട്ടുന്ന കവിതകൾ ഒക്കെയും വളരെ പഴയ ഭാഷയിൽ എഴുതപ്പെട്ട ഒന്ന് തന്നെയാണ്. അവയൊക്കെയും കാവ്യങ്ങളായി തന്നെയാണ് നിലനിൽക്കുന്നത്. പക്ഷേ എന്തുകൊണ്ടോ കവിതകൾ ഒരുകാലത്ത് സംസ്കൃത കവിതകളുടെ, സംസ്കൃത പദപ്രയോഗങ്ങളുടെ കടന്നുകയറ്റം കൊണ്ട് വരേണ്യരായ ഒരു വിഭാഗത്തിന്റെ കൈകളിൽ മാത്രം അതല്ലെങ്കിൽ  ഭാഷ അറിയുന്നവരുടെ കൈകളിൽ മാത്രം ഒതുങ്ങി നിന്ന ഒന്നായിരുന്നു.  എഴുതപ്പെടാത്ത ഒരുപാട് കവിതകളുണ്ട്. പാട്ട് പോലുള്ള കവിതകൾ ആയിരുന്നു ഒരുപക്ഷേ ഏറ്റവും കൂടുതൽ രചിക്കപ്പെട്ട രചിക്കപ്പെടാതെ പോയ മൺമറഞ്ഞുപോയ കവിതകൾ എന്നു തോന്നുന്നു.  പണിയെടുക്കുന്ന മനുഷ്യർ തങ്ങളുടെ പണിയുടെ ആയാസം കുറയ്ക്കാൻ ഉണ്ടാക്കിയ ഒരുപാട് പാട്ടുകൾ ഉണ്ട്. അവയൊന്നും എഴുതപ്പെട്ടിട്ടോ അടയാളപ്പെടുത്തി വെച്ചിട്ടോ ഒന്നുമില്ലാത്ത, കൈമറിഞ്ഞ് വരുമ്പോൾ രൂപാന്തരം സംഭവിച്ച ഒന്നു മാത്രമായി മറഞ്ഞു പോകുകയാണുണ്ടായത്.  

 ഇങ്ങനെയൊക്കെ നോക്കുമ്പോൾ കവിതകൾ സംഭവിക്കുന്നത് നിരന്തരമായ പരിണാമ പ്രക്രിയയിലൂടെയോ രൂപാന്തരപ്രകൃതിയുടെ ആണ് എന്ന് നമുക്ക് മനസ്സിലാക്കാം .ഈ സംസ്കൃത കവിതകൾ ഒക്കെയും ഒരു ചട്ടക്കൂടിനുള്ളിൽ ഒതുങ്ങി നിന്ന കവിതകൾ ആയിരുന്നു. അതായത്, അന്ന് ഭാഷ രൂപാന്തരപ്പെടുന്ന സമയത്ത് ഭാഷാ വിദഗ്ധർ കവിതകൾ എങ്ങനെയായിരിക്കണം എഴുതപ്പെടേണ്ടതെന്നും  ചിട്ടപ്പെടുത്തേണ്ടതെന്നുമൊക്കെ ചില നിയമങ്ങൾ വെച്ചിരുന്നു. അതിൻറെ കാരണം ഒരുപക്ഷേ എല്ലാവരും കവിത എഴുതാതിരിക്കാൻ വേണ്ടിയോ അതല്ലെങ്കിൽ എഴുതാൻ അറിയുന്നവർ മാത്രം എഴുതട്ടെ എന്ന് കരുതിയോ ഒക്കെ ആകണം. കാരണം ഇന്ന് വാളെടുത്തവർ ഒക്കെയും വെളിച്ചപ്പാടുകൾ തന്നെയാണ് അന്നും അതുതന്നെയായിരിക്കാം അവസ്ഥ ഉണ്ടായിരിക്കുക. അങ്ങനെ വരുമ്പോൾ നല്ലത് ചീത്ത എന്നുള്ളതാണ് തിരിച്ചറിയാൻ പറ്റാതെ പോകും എന്ന ഒരു തോന്നലിൽ നിന്നായിരിക്കണം കവിതയ്ക്ക് ചിട്ടവട്ടങ്ങളും മറ്റും രേഖപ്പെടുത്തി വയ്ക്കപ്പെട്ടത്. എ.ആർ. രാജരാജവർമ്മയുടെയും മറ്റും ഇത്തരം മാർഗ്ഗനിർദേശങ്ങൾ അടങ്ങിയ പുസ്തകങ്ങൾ ഭാഷയിൽ പ്രചരിച്ചിരുന്നുമുണ്ട്.  സ്കൂളുകളിലും മറ്റും പഴയകാലത്ത് ഭാഷ പഠിപ്പിക്കുമ്പോൾ അതിൽ വ്യക്തമായും വൃത്തങ്ങളെക്കുറിച്ചും സന്ധികളെ കുറിച്ചും സമാസങ്ങളെ കുറിച്ചും ഗുരു ലഘു വിശേഷങ്ങളെ കുറിച്ചും ഒക്കെ വളരെ വിശദമായി പഠിപ്പിച്ചിരുന്നു. വിദ്യാഭ്യാസത്തിൽ വന്ന പുതിയ നിയമങ്ങളും വിദ്യാഭ്യാസത്തിൻറെ പുതിയ തലങ്ങളും ഇവയൊക്കെ പഴയപോലെ അത്ര കാര്യമാത്ര പ്രസക്തമായി എടുക്കാത്ത ഒരു അവസ്ഥ ഉണ്ടായി. ഇങ്ങനെ വന്നപ്പോൾ പുതിയ തലമുറയ്ക്ക് ഭാഷ എന്നത് എഴുതാനും വായിക്കാനും സംസാരിക്കാനും ഒന്നാക്കി മാറുകയായിരുന്നു. അതുകൊണ്ടുതന്നെയാകണം കവിതാരചന ഒരുപാട് പേർ തയ്യാറാക്കുന്നുണ്ട്. പക്ഷേ അതിനുള്ളിൽ കവിതയുണ്ടോ എന്ന് ചോദിക്കുമ്പോൾ മാത്രമാണ് അവരും  കവിത അറിയുന്നവരും അല്ലെങ്കിൽ കവിതയെ ആസ്വദിക്കുന്നവരും തമ്മിൽ ഒരു ചർച്ചയോ ബഹളമോ ഉണ്ടാകുന്നത്. ഭാഷ അറിയുന്നവനും അറിയാത്തവനും തമ്മിലുള്ള ഒരു മത്സരം അല്ലത് ഒരു സംവാദവുമല്ല. പകരം ഭാഷ അറിയുന്നവരിൽ തന്നെ ഭാഷയെ അറിഞ്ഞവരും ഭാഷ അറിയുന്നവരും തമ്മിലുള്ള ഒരു ചർച്ചയായോ അല്ലെങ്കിൽ ഒരു വിമർശനപരമായ വായനയായാേ അതു മാറുന്നു. പുതിയ കാലത്തെ കവിതകൾ ഗദ്യ കവിതകളാണ് എന്നുള്ളതാണ് ഏറ്റവും വലിയ ഒരു മാറ്റമായി കാണുന്നത്. പദ്യത്തിൽ നിന്നും ഗദ്യത്തിലേക്ക് വരുമ്പോൾ പദ്യമായിരുന്നവ പെട്ടെന്ന് ഗദ്യമായി മാറുമ്പോൾ അവയെ എങ്ങനെ ഉൾക്കൊള്ളും പുതിയ തലമുറ എന്നതിൽ സംശയമൊന്നും വേണ്ട. കാരണം അവർക്ക് വേണ്ടതാണ് അവരെഴുതുന്നത്. പദ്യം ചൊല്ലാൻ ഒന്നും അവർക്കിന്ന് സമയമില്ല. പകരം അവർക്ക് വേണ്ടത്, പറഞ്ഞു പോകുന്ന ചൊൽക്കവിതകളാണ്. ഇവിടെ പലരും കവിതകൾ എന്ന പേരിൽ കുറിക്കുന്നത് ഒരു ചെറുകഥയോ ഒരു മിനിക്കഥയോ അല്ലെങ്കിൽ ഒരു കുറിപ്പോ എടുത്തിട്ട് വെട്ടി വെട്ടി താഴേക്കിടുകയാണ്.  അതിനെ ഒരു ഗദ്യക കവിത എന്ന രീതിയിൽ അവതരിപ്പിക്കാൻ വേണ്ടി ഒപ്പം തന്നെ കവിതകളുടെ ഈണവും താളവും മാറ്റിവെച്ചിട്ട് വെറുതെ ലളിതമായി സംഗീതം പോലെ പറഞ്ഞു പോവുകയാണെങ്കിൽ അത് ഒരു മഹത്തരമായ കവിതയായി എല്ലാവരും വായിക്കപ്പെടുകയും അല്ലെങ്കിൽ കേൾക്കുകയും ചെയ്യും.  ഇത് ഗദ്യ കവിതയുടെ ഒരു ശൈലിയും ഒരു പോരായ്മയുമാണ്.  ആ ശൈലി നല്ലത് തന്നെയാണ്. അതുകൊണ്ട് ഒരുപാട് പേർക്ക് എഴുതാനും കഴിയുന്നുണ്ട്. മനോഹരമായിട്ട് തന്നെ അത് പറഞ്ഞു പോകാനും കഴിയുന്നുണ്ട്. പക്ഷേ ഇത് പറയുന്നതിനു പോലും ഒരു കലയുണ്ട് എന്ന് പറഞ്ഞ പോലെ എഴുത്തിൽ ഒരു കവിത വേണമെന്ന വളരെ വ്യക്തമായി മനസ്സിലാക്കാത്ത ആൾക്കാർ ഇതിനെ വെറുതെ എന്തൊക്കെയോ പറഞ്ഞു പോകുന്ന ഒന്നാക്കി മാറ്റുന്നുണ്ട്. ആംഗലേയ കവിതകളെ മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോൾ പല പ്രമുഖരും അതിനെ പദാനുപദം മൊഴി മാറ്റി ഗദ്യ രീതിയിൽ എഴുതിയതിൻ്റെ ബാക്കിപത്രമാകാം ഈ കവിതകളുടെ ജനന ഹേതു എന്നു തോന്നിപ്പോകുന്നു.  "വഴിയരിക നിൽക്കുന്ന പൂച്ചയ്ക്ക്, പട്ടിക്ക് സുഖമാണോ എന്ന് ചോദിച്ചത് വളരെ വിഷമത്തോടെ കൂടിയാണ്" എന്ന് നമ്മൾ പറയുന്നതിനെ കട്ട് ചെയ്ത് കട്ട് ചെയ്ത് വെച്ചുകഴിഞ്ഞാൽ അതൊരു കവിതയാകുന്നതാണ് ആധുനിക കവിത എന്ന് ഞാൻ കരുതുന്നു. അതുകൊണ്ടുതന്നെ ഈ കവിതകളിൽ പലപ്പോഴും എഴുതാൻ അറിയാത്തവനും  കവിയായി അറിയപ്പെടാൻ കഴിയുകയും മഹത്വമുള്ള അല്ലെങ്കിൽ മഹാനായ കവി എന്നറിയപ്പെടാനും കഴിയുന്നവർ അണികളുടെ 'ആഹാ' കളിലുടെ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. 


പ്രണയം പ്രതിജ്ഞ പ്രവാസം എന്ന ഈ കവിത സമാഹാരം പ്രവാസത്തിലുള്ള 45 കവിതകളെ അടയാളപ്പെടുത്തുന്നതാണ് അഥവാ 45 കവികളെ അടയാളപ്പെടുത്തുന്നതാണ്. ഇതിൻ്റെ സമ്പാദകനും എഡിറ്ററുമായ കവി പി.ശിവപ്രസാദ്  അടക്കമുള്ള 45 പേർ ആണ് ഇതിനകത്ത് എഴുതിയിരിക്കുന്നത് .ഇത് ഒരു കുറവ് സംഖ്യയാണ്. കാരണം ഗൾഫ് മേഖലയിലെ തൊഴിലാളികളെ (തൊഴിലാളികൾ എന്ന് വിളിക്കാൻ പാടില്ല എന്നാണ് അവർ പറയുന്നത് ) പ്രവാസികൾ എന്ന് വിളിക്കണം കാരണം അവൻ ഇവിടെ തന്നെ ജീവിക്കാൻ വന്നവരാണ് തിരിച്ചു പോകില്ല എന്നാണ് നിർബന്ധം പിടിച്ചിരിക്കുന്നത്. ഓഫീസിനകത്ത് ഇരിക്കുമ്പോൾ അവർക്ക് തോന്നും ഞങ്ങൾ ഇവിടെ തന്നെയാണ് ജീവിക്കുന്നത് കൊറോണയും മറ്റും വരുമ്പോൾ അവർ ഇറങ്ങി എങ്ങനെയെങ്കിലും വീട്ടിലേക്ക് ഓടുവാനും ശ്രമിക്കും. അന്നേരം അവർ പ്രവാസി അല്ല ഗൾഫ് തൊഴിലാളി മാത്രമായിരിക്കും. എന്തായാലും അവിടെ ജോലി ചെയ്യുന്ന  മനുഷ്യരിൽ എഴുതാൻ അറിയുന്ന അല്ലെങ്കിൽ എഴുതുന്ന ഒരുപാട് പേരുണ്ട്. സോഷ്യൽ മീഡിയ ഉള്ളതുകൊണ്ട് 10 പേര് അറിയാനും ലൈക്ക് കിട്ടാനും എന്തും എഴുതാം ഒരു കുഴപ്പവുമില്ല കവിയായി അറിയപ്പെടും എന്ന ഒരു ചിന്തയിൽ എല്ലാവരും അവരുടെ വാളുകൾ കവിതകൾ കൊണ്ട് കുത്തി നിറയ്ക്കുന്നുണ്ട്. അവയിൽ എത്രയെണ്ണം കവിതയുണ്ട് എന്ന് ചോദിച്ചാൽ അറിയില്ല. കുറച്ചുപേർ ഇവിടെ ഇരുന്നുകൊണ്ട് നാട്ടിലെ കാട് മഴ പുഴ സ്കൂളിൽ പോയ ഓർമ്മ നഴ്സറിയിൽ മുള്ളിയ ഓർമ്മ തുടങ്ങിയതൊക്കെ കവിതകളാക്കി, ഓർമ്മകൾ ആക്കി എഴുത്തുകാർ ആകുമ്പോൾ ചിലർ പ്രവാസത്തിലെ അല്ലെങ്കിൽ ഗൾഫ് മേഖലയിലെ തങ്ങളുടെ ചുറ്റാകെയുള്ള ബംഗാളിയെ ബീഹാറിയെയും പാകിസ്ഥാനിയേയും ഫിലിപ്പീനിയും ഒക്കെ ഓർമ്മിച്ചുകൊണ്ട്, നോക്കിക്കൊണ്ട് അവരുടെ രീതികളെ ഹാസ്യമോ ദയനീയതയോ ഒക്കെ അടയാളപ്പെടുത്തിക്കൊണ്ട് സാഹിത്യ മേഖലയിലെ പ്രധാനികൾ ആകുന്നു.    കുബൂസ് ഇല്ലാത്ത ഒരു ഗൾഫ് സാഹിത്യം ഉണ്ടാകുകയില്ല. അത് കഴിച്ചിട്ടാണോ അവർ അത് എഴുതുന്നതെന്ന് ചോദിക്കാതിരിക്കുന്നതാകും ബുദ്ധി. ഇങ്ങനെ ഇത്തരം കവിതകളുടെ ഒരു വലിയ തിരമാല തന്നെയാണ് അവിടെ സാഹിത്യ രംഗത്ത് ഉണ്ടായിരുന്നതെങ്കിൽ, കവിതകളിൽ പുതിയ പരീക്ഷണങ്ങളും മറ്റുകാര്യങ്ങളും ആഗോളതലമായ വിഷയങ്ങളും ഒക്കെ കടന്നുവരുന്നുണ്ട് എന്ന കാഴ്ചയെ പി.ശിവപ്രസാദ് താൻ ശേഖരിച്ച  45 കവിതകളിൽ കൂടി അവതരിപ്പിക്കുന്നു. ഇവയിൽ പ്രത്യേകിച്ച് ഇപ്പറഞ്ഞ വിഷയങ്ങളൊന്നും കടന്നു വന്നിട്ടില്ല എന്ന് വേണമെങ്കിൽ പറയാം. നാലോ അഞ്ചോ പദ്യങ്ങൾ  ഇതിൽ വായിക്കാൻ കിട്ടും. അവയെ പദ്യങ്ങൾ എന്ന് എടുത്തു പറയാൻ കാരണം കവിതകൾ എന്ന് പറഞ്ഞാൽ മറ്റെഴുത്തുകാരെല്ലാം കൂടി ഇവിടെ ബഹളം ഉണ്ടാക്കും എന്ന് പറയാം. എന്തുകൊണ്ടവ പദ്യമെന്ന് ചോദിച്ചാൽ അവയ്ക്ക് കവിതയുടെ എല്ലാ മാനദണ്ഡങ്ങളും അടങ്ങിയ ഒരു ഫോർമാറ്റ് കാണാൻ പറ്റുന്നുണ്ട് എന്നതു തന്നെ.അവരിൽ ചിലർ ഭാഷാ അധ്യാപകരാണ് എന്നുള്ളത് തന്നെയാകാം . മറ്റുള്ള കവിതകൾ ഒക്കെയും ഗദ്യ കവിതകളാണ്. ഗദ്യ കവിതകളാണ് ചിലതൊക്കെ. ചെറു കുറിപ്പുകളെ വെട്ടി നുറുക്കി എടുത്തവയും ഉണ്ട് ചിലരുടെ രചനകൾ.  ചിലതാണെങ്കിൽ വളരെ ദീർഘമായ വായനയാണ്.  എഴുതിയിരിക്കുന്നതെന്തൊക്കെയാണ് എന്ന് ചോദിച്ചാൽ ആധുനികതയാണെന്ന് പറഞ്ഞു അവർ തന്നെ വാൾ എടുക്കേണ്ടിവരും എന്നു മാത്രമേ പറയാൻ കഴിയൂ. ഇവയൊക്കെ വിമർശിക്കാൻ ഇരിക്കണമെങ്കിൽ ഇതിനകത്ത് എന്തെങ്കിലും ഉണ്ടായിരിക്കണം.  ഒന്നുമില്ലാത്തതിനെ എടുത്ത് വിമർശിച്ചിട്ട് ഒരു കാര്യവും ഇല്ലാത്തതിനാൽ അത്തരം കവിതകളെ ഒഴിവാക്കി പോകാൻ ആണ് ആഗ്രഹിക്കുന്നത്.  45 കവിതകളും അഥവാ 45 പേരുടെ എഴുത്തുകളും അടങ്ങിയ ഈ പുസ്തകം നല്ല രീതിയിൽ തന്നെ ചിട്ടപ്പെടുത്തി  എന്നുള്ളതും എല്ലാവരുടെയും രചനകളെ നല്ല രീതിയിൽ തന്നെ എഡിറ്റ് ചെയ്യപ്പെട്ടിരിക്കുന്നതെന്നതും   ശിവപ്രസാദ് എന്ന കവിയുടെ കഴിവായി കാണുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു. ഇത് കൂടുതൽ വായിക്കപ്പെടേണ്ട ഒന്ന് തന്നെയാണ് എന്ന് കരുതാൻ കാരണം കവിതയ്ക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന അപചയം എന്താണെന്ന് മനസ്സിലാക്കാനും പഠിക്കാനും കവിതയെഴുതുന്നവർക്ക് ഇത്തരം ചില പുസ്തകങ്ങൾ വളരെ നല്ല ഒരു ഉദാഹരണമാണ്. നല്ല കവിതകളും ചീത്ത കവിതകളും, അഥവാ എങ്ങനെയൊക്കെ കവിതകൾ എഴുതാം എന്നുള്ളതിനെക്കുറിച്ചും ഒക്കെ പഠനം നടത്തുന്നവർക്ക് ഒരു നല്ല പഠന ഉപാധിയാണ് ഈ പുസ്തകം എന്ന് പറയാൻ കഴിയും. കവി പി.ശിവപ്രസാദിൻ്റെ ഈ സംരംഭത്തിന് ആശംസകൾ നേരുന്നു ഒപ്പം ഇതുപോലുള്ള കൂടുതൽ അടയാളപ്പെടുത്തലുകൾ ഇനിയും ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു
സസ്നേഹം ബി.ജി.എൻ വർക്കല

Sunday, November 30, 2025

കൊക്കോതമംഗലത്തിന്റെ ചരിത്രം അഥവാ കോതറാണിയും കൊക്കോത മംഗലവും..... സി. ഡി .തുമ്പോട്

 

കൊക്കോതമംഗലത്തിന്റെ ചരിത്രം അഥവാ കോതറാണിയും കൊക്കോത മംഗലവും(ചരിത്രം)

സി. ഡി .തുമ്പോട്

വില : 40 രൂപ

ചരിത്രം എന്നത് ഒരു പ്രഹേളികയാണ് . പലപ്പോഴായി മനുഷ്യര്‍ അടയാളപ്പെടുത്തി വച്ച അവരുടെ കാലം . അതിലൂടെ വരും തലമുറ അതറിയുന്നു മനസ്സിലാക്കുന്നു. ഫ്രാന്‍സ്, ഇന്തോനേഷ്യ, സ്പെയിന്‍ തുടങ്ങിയ ഇടങ്ങളിലെ ഗുഹകളില്‍ മുപ്പത്തയ്യായിരം വർഷം പഴക്കമുള്ള കോറിയിടലുകള്‍ (അവയ്ക്കു മുന്നെയും ഉണ്ടായിരിക്കാം പക്ഷേ അവ കണ്ടെത്തപ്പെടുകയുണ്ടായില്ല എന്നതിനാല്‍ നമുക്കു അറിയാനാകാതെ പോകുന്നു.) നമ്മോടു പറയുന്നതു മനുഷ്യചരിത്രം തന്നെയാണ് . കഴിഞ്ഞ ഏഴായിരത്തി അഞ്ഞൂറു വര്‍ഷങ്ങള്‍ക്ക് മുന്നെയുള്ള കോറിയിടലുകള്‍ വരെയാണ് നമുക്ക് അത്തരം സ്വതന്ത്രമായ ചിത്ര രചനകളെ കണ്ടെത്താനും അതിലൂടെ അവരുടെ ജീവിത രീതി മനസ്സിലാക്കാനും കഴിഞ്ഞിട്ടുള്ളത് . പിന്നീടുള്ളത് മനുഷ്യന്റെ ബൌദ്ധിക വളര്‍ച്ചയുടെ കാലമായിരുന്നു. ഇക്കാലത്താണ് മനുഷ്യര്‍ മനുഷ്യരെ അടക്കിഭരിക്കാനും അധികാരം കൈയ്യാളനും ചൂഷണം ചെയ്തു ജീവിക്കാനും പഠിച്ചു തുടങ്ങിയതും. അതിനുവേണ്ടി മാത്രം മതം മനുഷ്യരിലേക്ക് കടന്നു കയറുകയാണുണ്ടായത് . ദൈവം എന്ന ഇല്ലാ സങ്കല്‍പ്പത്തിന് കൂട്ട് പിടിച്ച് പുരോഹിതവര്‍ഗ്ഗം എന്ന ഒരു പുതിയ മനുഷ്യ ജാതി ഉണ്ടാകുകയും അവരിലൂടെ മറ്റ് മനുഷ്യര്‍ പല ജാതികളായി പിരിക്കപ്പെടുകയും ഉണ്ടായി. കാലം പലതും കടന്നു പോയി . അവരുടെ ചരിത്ര രചനകള്‍ക്ക് ഇപ്പോള്‍ പുതിയ മാനങ്ങള്‍ ഉണ്ടായി. സത്യസന്ധമായ ചരിത്രഘടന രേഖപ്പെടുത്തുക എന്നത് പലപ്പോഴും ഒരു വലിയ വയ്യാവേലിയായി അവര്‍ക്ക് അനുഭവപ്പെട്ടു . ചിലപ്പോള്‍ അവരുടെ കാലത്തിലെ മേല്‍പ്പറഞ്ഞ അധികാര വര്‍ഗ്ഗം അവയെ തങ്ങളുടെ അനുകൂലനങ്ങള്‍ ആയി കാണുകയും അതിനു വിരുദ്ധമാകുന്ന പ്രവര്‍ത്തികളെ ഉന്മൂലനം ചെയ്യുകയും ഉണ്ടായതില്‍ നിന്നുണ്ടായിട്ടുള്ള ഭയമാകാം അതിനു കാരണം. ഇന്നത്തെ സാഹചര്യം അതില്‍ നിന്നും തെല്ലും മാറ്റമില്ല എന്നു നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതാണല്ലോ. പുതിയ ഭരണ നേതൃത്വം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ അജണ്ടകളുടെ ഭാഗമായി പല ചരിത്രങ്ങളും വളച്ചൊടിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നത് നമ്മുടെ കാലത്തില്‍ തന്നെ അനുഭവിക്കുന്നവരാണ് എന്നതിനാല്‍ കാര്യങ്ങള്‍ വ്യക്തമാകും എന്നു കരുതാം .

കേരളത്തിന്റെ ചരിത്ര വിഷയങ്ങളിലും ഇത്തരം പലതരം കീഴ്മേല്‍ മറിയലുകള്‍ ഉണ്ടായിട്ടുണ്ട് ഉണ്ടാകുന്നുമുണ്ട്. രാജഭരണകാലത്തും മറ്റും ഉള്ള സംഭവവികാസങ്ങളെ അടയാളപ്പെടുത്തിയിട്ടുള്ളവ പലതും ഇത്തരം കൈകടത്തലുകള്‍ക്ക് വിധേയമാകുകയോ നശിപ്പിക്കുകയോ ഒളിച്ചു വയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അവയില്‍ ഒന്നാണ് തിരുവിതാംകൂറിലെ നെടുമങ്ങാട് പ്രദേശത്ത് നിലനിന്നിരുന്ന കോതറാണിയുടെ ഭരണകാലവും അതിന്റെ രേഖകളും. ഡി.സി.തുമ്പോടെന്ന ചരിത്രന്വേഷിയുടെ കൊക്കോതമംഗലം ചരിത്രത്തിന്റെ അന്വേഷണങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ പുസ്തകത്തില്‍ ചരിത്രത്തില്‍ എന്നും തേച്ചുമായ്ക്കപ്പെട്ടു പോകുന്ന സവര്‍ണ്ണരല്ലാത്ത ജനതയുടെ ചരിത്രങ്ങളെ അടയാളപ്പെടുത്തുന്നു. തിരുവിതാംകൂര്‍ രാജ്യത്തെ നെടുമങ്ങാട് ദേശത്ത് പതിമൂന്നാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയില്‍ നിലനിന്ന കോതറാണിയുടെ  ചരിത്രം അത്തരത്തില്‍ മായ്ക്കപ്പെട്ട ഒന്നാണ്. പുലയ വംശത്തിലെ പ്രശസ്തരായ ഭരണാധികാരികള്‍ ഭരിച്ച ദേശങ്ങള്‍ നമുക്കുണ്ടായിരുന്നു. എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ശങ്കരാചാര്യര്‍ പടര്‍ത്തിവിട്ട ഹിന്ദുമതമെന്ന ആശയവും തീയും ചുട്ടെരിച്ചത് ഇന്‍ഡ്യ എന്ന ഭൂവിഭാഗത്തിന്റെ തനതായ സംസ്കാരത്തെയും ചരിത്രത്തെയുമാണ്. കവികള്‍ക്കും എഴുത്തുകാര്‍ക്കും ഏറ്റവും ജനസമ്മതിയും പ്രശസ്തിയും ഉണ്ടായിരുന്ന ഒരു നാടിനെക്കുറിച്ച് നമുക്കിന്ന് സങ്കല്‍പ്പിക്കാന്‍ കഴിയുമോ ? രാജാക്കന്മാര്‍ മനസ്സറിഞ്ഞു നല്കിയിരുന്ന കൊട്ടാരവും ഭൂമിയും രത്നവും സ്വര്‍ണവും ഒക്കെ സുഭിക്ഷമായി ലഭിച്ചിരുന്ന കുറവ വര്‍ഗ്ഗത്തിലും മറ്റുമുള്ള അനവധി കവികള്‍ ഉണ്ടായിരുന്ന ഒരു നാട്ടിലേക്കാണ് ശങ്കരാചാര്യരുടെ പുതിയ മത ആശയവും ചാതുര്‍വര്‍ണ്യവും കടന്നു വരുന്നത്. സമാധാനത്തില്‍ ജീവിച്ചിരുന്ന ജനതയില്‍ നിന്നും തരം തിരിവുകള്‍ ഉള്ള മനുഷ്യരും മൃഗങ്ങളും ആയി അവര്‍ ഭിന്നിക്കപ്പെട്ടു . പതിനെട്ടാം നൂറ്റാണ്ടൊക്കെ ആയപ്പോള്‍ കുറേപ്പേര്‍ രക്ഷപ്പെടാന്‍ വേണ്ടി ക്രിസ്തുമതവും ഇസ്ലാം മതവും ഒക്കെ പൂകി . ചിലരൊക്കെ പോയിടത്തും ഇതുതന്നെ എന്നറിഞ്ഞു തിരികെ വന്നു. കോതറാണിയുടെ രാജഭരണം നഷ്ടമാകുന്നതും അവര്‍ കൊല്ലപ്പെടുന്നതും ജാതി വ്യവസ്ഥയുടെ വര്‍ദ്ധിച്ചു വന്ന പ്രഭാവം മൂലമാണ്. ആറ്റിങ്ങല്‍ ഭരിച്ചിരുന്ന നാട്ടുരാജാവ് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ബന്ധുജനം ആയിരുന്നു. കോതറാണിയുടെ അത്രപോലും ആള്‍ബലം ഇല്ലാതിരുന്ന അയാള്‍ , കോതറാണിയുടെ മകളുടെ മുടിയില്‍ ആകൃഷ്ടനായി അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും പണവും പദവിയും ഗോത്രമേല്‍ക്കോയ്മയും കോതറാണിയെ ആ അഭ്യര്‍ത്ഥന നിരാകരിക്കാന്‍ പ്രേരിപ്പിച്ചു. ഇതില്‍ കോപിഷ്ഠനായ ആറ്റിങ്ങല്‍ രാജാവ് കോതറാണിയെ കീഴ്പ്പെടുത്തി മകളെ കൊണ്ട് പോകാന്‍ പട നയിച്ചു വന്നെങ്കിലും പരാജയപ്പെട്ടു . പക്ഷേ മേല്‍പ്പറഞ്ഞ ജാതി ഭൂതം തലയില്‍ കയറിയ കോതറാണിയുടെ സേനയിലെ നായര്‍ പടയാളികള്‍  ആറ്റിങ്ങല്‍ രാജാവിനെ സഹായിക്കുകയും കൂറുമാറി പ്രവര്‍ത്തിക്കുകയും ചെയ്തതോടെ ചതിയില്‍ കോതറാണി കൊല്ലപ്പെടുകയും ഇതിനെ തുടര്‍ന്നു മകള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു എന്നാണ് പുലയരുടെ ചരിത്രത്തില്‍ അന്നാട്ടുകാരുടെ വാമൊഴികളില്‍ ഇന്നും നിറയുന്ന വസ്തുത . പക്ഷേ കൊട്ടാരവും അതിലെ രേഖകളും സമ്പത്തുമെല്ലാം തിരുവിതാംകൂര്‍ കൊട്ടാരത്തിലേക്ക് മാറ്റപ്പെടുകയോ നശിപ്പിക്കപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തു എന്നും ശേഷിപ്പുകളില്‍ രേഖപ്പെടുത്തപ്പെട്ട വസ്തുതകള്‍ പോലും തമിഴന്‍മാരുടെ കൊള്ള മൂലം നഷ്ടമായി എന്നും കരുതപ്പെടുന്നു. തന്റെ മകളുടെ തിരണ്ടു കല്യാണത്തിന് പങ്കെടുക്കാന്‍ ജാതി ഭ്രാന്ത് മൂലം വിസമ്മതിച്ച നായന്‍മാര്‍ക്ക് എതിരെ കോത റാണി പുറപ്പെടുവിച്ച ഒരു ശാസനം മാത്രമാണ് ഇന്ന് ഇങ്ങനെ ഒരു റാണി ഉണ്ടായിരുന്നു എന്നതിന്റെ തെളിവായി അവശേഷിപ്പിക്കുന്നത് എന്നതെത്ര ഖേദകരമായ വസ്തുതയാണ് .

ചരിത്രത്തിലെ ഇത്തരം  അറിയപ്പെടാത്ത ചരിത്രങ്ങള്‍ രേഖപ്പെടുത്താന്‍ ചരിത്രകാരന്‍മാര്‍ മുന്നോട്ട് വരണം എന്ന ശക്തമായ ഒരു അഭിപ്രായം ഈ പുസ്തകം വായിക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകുകയുണ്ടായി. കൂടുതല്‍ വായിക്കപ്പെടേണ്ടതാണ് എഴുതപ്പെടേണ്ടതാണ് നമ്മുടെ ശരിക്കുള്ള ചരിത്രങ്ങള്‍ . ഇന്ത്യ എന്നത് ദ്രാവിഡ ദേശം ആയിരുന്നു . ഇന്നത് അങ്ങനെ അല്ലാതെ ആകുന്നു. ലോകഭാഷകളില്‍ ഏറ്റവും പഴയത് ദ്രാവിഡ ഭാഷ ആണ്. ഏറ്റവും പഴയ സംസ്കാരങ്ങളില്‍ ഒന്നും . പക്ഷേ അവയെ നാം തമസ്കരിക്കുന്നു കാരണം ദ്രാവിഡന്‍ എന്നാല്‍ രാക്ഷസന്‍ ആണല്ലോ. നല്ല വായന സമ്മാനിച്ച ഒരു പുസ്തകം . ഇന്നിത് ലഭ്യമല്ല എന്ന അറിവും ഖേദകരം തന്നെ. സസ്നേഹം ബിജു.ജി നാഥ് വര്‍ക്കല

ബീജ ബാങ്കിലെ പെൺകുട്ടി. ....ജി.ആർ.ഇന്ദുഗോപൻ

ബീജ ബാങ്കിലെ പെൺകുട്ടി (നോവലെറ്റുകൾ)
ജി.ആർ.ഇന്ദുഗോപൻ
സൈകതം ബുക്സ്
വില: ₹ 70.00


ജീവിതഗന്ധിയായ കഥാപരിസരങ്ങൾ വളരെ കുറവാണിന്ന് വായനകളിൽ. ഒരു പക്ഷേ, എഴുതുവാൻ ഒന്നും ബാക്കിയാകാതെ പോയെന്ന ധാരണപ്പിശകോ അതല്ലെങ്കിൽ എഴുതിപ്പിടിപ്പിക്കാൻ അറിവില്ലാതെ പോകുന്നതോ ന്താകാം കാരണമെന്നറിയില്ല. സ്വയം വലിയ എഴുത്തുകാർ എന്നു നടിക്കുന്ന ചിലരൊക്കെ ഒരു പുസ്തകം പോലും വായിക്കാൻ സമയം ഇല്ലാത്തത്ര തിരക്കാർന്ന എഴുത്തുകാരാണ് എന്നത് ഒരു വലിയ യാഥാർത്ഥ്യമാണ്. സ്വന്തം രചനകൾ എങ്കിലും വായിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നത് വായനക്കാരാണ്. 

'ജി. ആർ ഇന്ദുഗോപ'ൻ്റെ, "ബീജ ബാങ്കിലെ പെൺകുട്ടി" എന്ന പുസ്തകം വായനക്കെടുക്കുമ്പോൾ ഉള്ളിൽ ഈ എഴുത്തുകാരൻ്റെ കൊല്ലപ്പാട്ടി ദയ ,വാട്ടർബോഡി എന്നീ പുസ്തകങ്ങൾ വായിച്ച ഓർമ്മതികട്ടിവരുന്നുണ്ടായിരുന്നു. ആ വായനകളുടെ സുഗന്ധവും മേന്മയും ഉൾക്കൊണ്ടു കൊണ്ടാണ് ഈ നോവലെറ്റ് വായനയ്ക്കായെടുത്തത്. 

രണ്ടു നോവലെറ്റുകൾ അടങ്ങിയതാണീ പുസ്തകം. 'പാശം' എന്ന ആദ്യത്തെ നോവലെറ്റ്  പുതുമയുള്ള ഒരു പകയുടെ, പ്രതികാരത്തിൻ്റെ കഥയാണ് പറയുന്നത്. പൊതുവിലായ് കണ്ടുവരുന്ന പ്രതികാര കഥകൾക്ക് പകരം വ്യത്യസ്ഥമായ ഒരു പ്ലോട്ട് ഇന്ദുഗോപൻ സമ്മാനിക്കുന്നു. കഥയിലെ കഥയില്ലായ്മയെ റദ്ദ് ചെയ്തു കൊണ്ട്  രുദ്രൻ പിള്ളയും ചക്രപാണിയും വായനക്കാരെ സമീപിക്കുന്ന അനുഭവം. തികച്ചും സാധാരണമായി പറഞ്ഞു പോകാവുന്ന ഒരു വിഷയത്തെ ചടുലമായ ആകാംഷയിൽ നിർത്തി അവസാനം വരെ നടത്താൻ എഴുത്തുകാരനു കഴിഞ്ഞിരിക്കുന്നു. പറഞ്ഞു നീട്ടാതെ കുറുക്കിപ്പറയുന്ന തന്ത്രത്തിൽ എഴുത്തുകാരൻ നല്ല കൈയ്യടക്കം പാലിച്ചു. 
ബീജ ബാങ്കിലെ പെൺകുട്ടി എന്ന കഥയിൽ വിഷയദാരിദ്രതയല്ല കാണുന്നതെങ്കിലും അത് ഒരു സാധാരണ വായിച്ചു പോകുന്ന കഥാ  പരിസരമായി മാറിപ്പോയി. സീരിയലുകൾക്കും സിനിമകൾക്കും വേണ്ടി എഴുതുന്ന തിരക്കഥകളുടെ ഔട്ട് ലൈൻ പോലെ ഒരു കഥയായിരുന്നു അത്. അടുത്ത നിമിഷങ്ങളിൽ എന്താണ് സംഭവിക്കുക എന്നത് വ്യക്തമായറിയിക്കുന്ന വായന. പ്രത്യേകതകൾ നല്കാനില്ലാതെ പോയ വായന.

വളരെ ലഘുവായ വായനകൾ തന്ന രണ്ടു നോവലെറ്റുകൾ. അധികം സമയം നല്കാതെ അടച്ചു വയ്ക്കാൻ കഴിയുന്നതും ഓർത്തു വയ്ക്കാൻ കൂടുതലൊന്നും സമ്മാനിക്കാത്തതും എന്നാൽ വിരസമല്ലാത്തതുമായ വായന സമ്മാനിച്ച ഒരു പുസ്തകമാണിത്. സസ്നേഹം ബിജു.ജി.നാഥ് വർക്കല

Thursday, November 20, 2025

പുരുഷാരവം.........എഡിറ്റര്‍ : സി പി അനില്‍കുമാര്‍

*പുരുഷാരവം(കഥകള്‍)

എഡിറ്റര്‍ : സി പി അനില്‍കുമാര്‍

പ്രസാധനം : മാക്സ് ബുക്സ്

വില : 270 രൂപ*

 

പന്ത്രണ്ടു കഥകള്‍ അടങ്ങിയ ഒരു സമാഹാരമാണ്  പുരുഷാരവം . എഴുത്തുകാരനായ സി പി അനില്‍കുമാര്‍ സമാഹരിച്ച ഈ കഥകള്‍ മാക്സ് ബുക്സിലൂടെ വായനക്കാരിലെത്തുമ്പോള്‍ ഇതിനൊരു സവിശേഷത ഉള്ളതായി പ്രകടിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത്  ഇപ്പോള്‍ ട്രെന്‍ഡ് ആയിട്ടുള്ള ലിംഗ വിഭജിത സാഹിത്യ ശാഖാവത്കരണത്തിനെ ഉപയോഗപ്പെടുത്തിയ ഒന്നായിട്ടാണ് . സ്ത്രീ കഥാകാരികളുടെ അല്ലെങ്കില്‍ കവയിത്രികളുടെ കവിതകള്‍ മാത്രം അടങ്ങിയ പുസ്തകം ഇറക്കുന്നവരും പ്രവാസ എഴുത്തുകാരുടെ മാത്രം കഥകളോ കവിതകളോ ഇറക്കുന്നവരും സോഷ്യല്‍ മീഡിയ പ്രത്യേകിച്ചു ഫേസ് ബുക്ക് കവികള്‍ അല്ലെങ്കില്‍ കഥാകാരുടെ പുസ്തകങ്ങള്‍ ഇറക്കുന്നവരും ഒക്കെ അരങ്ങ് കയ്യടക്കുന്ന കാലം. പുസ്തകം ഇറക്കുന്നതിന്റെ പേരില്‍ രചനകള്‍ വാങ്ങുന്നതിനൊപ്പം പണം കൂടി വാങ്ങുന്നവര്‍ മുതല്‍ ഇറക്കുന്ന പുസ്തകത്തിന്റെ പത്തു കോപ്പി എങ്കിലും വാങ്ങണം എന്നു നിയമം പറയുന്നവര്‍ വരെ ഉള്ള സാഹിത്യ ലോകം . എഴുത്തുകാരെ ഉദ്ധരിപ്പിക്കാന്‍ വേണ്ടി ആണെന്നോരു സാമൂഹ്യ സേവന വാഗ്ദാനം നടത്തി ഇറക്കുന്ന പുസ്തകത്തിന്റെ ചിലവുകള്‍ ഒക്കെ കൈ നനയാതെ കിട്ടുകയും ഒപ്പം ഒരു വരുമാനമാര്‍ഗ്ഗമായി ഇതിനെ കണ്ടു സ്വന്തം പബ്ലീഷിങ് കമ്പനി പോലും തുടങ്ങുന്ന എഴുത്തുകാര്‍ കം പ്രസാധകര്‍ . മലയാള സാഹിത്യം ഇന്ന് വല്ലാതെ പൂത്തുലഞ്ഞു നില്‍ക്കുകയാണല്ലോ. പുതുമ ഒട്ടും തന്നെ ഇല്ലാത്ത ഒരു കാര്യമാണ് പുരുഷ എഴുത്തുകാരുടെ മാത്രം കഥകള്‍ അല്ലെങ്കില്‍ കവിതകള്‍ ഉള്‍പ്പെടുത്തിയ ഒരു പുസ്തകം എന്നത് . കാരണം പുരുഷ കേന്ദ്രീകൃത സാഹിത്യ ലോകത്ത് വനിതകള്‍ക്കുള്ള സ്ഥാനം എന്തെന്നത് അധികം വിശദീകരിക്കേണ്ട ഒന്നായി തോന്നുന്നില്ല. ഇപ്പോഴത്തെ പുതിയ ട്രെന്‍ഡ് എന്നത് ആയിരം കോഴിക്ക് അരക്കാട എന്ന ചൊല്ലിനെ സൂചിപ്പിക്കും പോലെ പത്തു പുരുഷന്‍മാര്‍ക്കിടയില്‍ ഒന്നോ രണ്ടോ സ്ത്രീകള്‍ പ്രതിഷ്ടിക്കപ്പെടുകയും പുരോഗമനം എന്നൊരു ആര്‍പ്പ് വിളി ഉയരുകയും ചെയ്യുന്ന കാഴ്ചകള്‍ ആണ് . അതല്ലാതെ ലിംഗ നീതി എന്നൊരു സംഗതി സമൂഹത്തിലെ ഒരു തുറയിലും ഈ നൂറ്റാണ്ടിലും ഉണ്ടെന്ന് തോന്നുന്നില്ല. ചില വാര്‍ഷിക പതിപ്പുകളും വിശേഷാല്‍ പതിപ്പുകളും ഒക്കെ കണ്ടാല്‍ പെണ്ണുങ്ങള്‍ ഒന്നും എഴുതാന്നില്ല എന്നൊരു തോന്നല്‍ ഉണ്ടാകും. എന്തായാലും ഇത്തരം ബിസിനസ് സാധ്യതയിലെ ജയപരാജയങ്ങള്‍ കണക്കിലെടുത്തുകൊണ്ടാകണം *മാക്സ് ബുക്സ്, സി പി അനില്‍കുമാറിലൂടെ “പുരുഷാരവം”* എന്ന ഈ പുസ്തകം ഇറക്കിയതെന്ന് കരുതുന്നു.

മികച്ച ഒരു എഴുത്തുകാരന്‍ എന്നത് പോലെ നല്ലൊരു വായനക്കാരനും എഡിറ്ററും ആണ് സി പി അനില്‍കുമാര്‍. അദ്ദേഹത്തിന്റെ , കഥകളുടെ തിരഞ്ഞെടുപ്പും എഡിറ്റിങ്ങും അതിനാല്‍ തന്നെ വളരെ നല്ല ഒരു വായനാനുഭവം സമ്മാനിച്ചു എന്നത് സന്തോഷകരം തന്നെ . *രൂപനിര്‍മ്മാണം* എന്ന *വി ദിലീപി*ന്റെ കഥയാണ് ആദ്യത്തേത് . മാനവ ചരിത്രത്തില്‍ ദൈവങ്ങളുടെ വരവും രൂപ പരിണാമങ്ങളും വളരെ കൌതുകകരമായ ഒരു സംഗതിയാണ്. ഒരുപക്ഷേ ലോകത്തെ ഇത്രയും നല്ലൊരു വ്യവസായം തുടങ്ങി വച്ച ആ പൂര്‍വ്വമനുഷ്യര്‍ മനുഷ്യകുലം ഉള്ള കാലം കഴിഞ്ഞും ഓര്‍ക്കപ്പെടുക തന്നെ ചെയ്യും. ദൈവങ്ങള്‍ എങ്ങനെ ഉരുവായി എന്നതിന്റെ ഒരു നോക്കിക്കാണല്‍ ആണ് ഈ കഥ കൈകാര്യം ചെയ്യുന്ന വിഷയം. നിരീശ്വരന്‍ എന്ന നോവലിന്റെ ഓര്മ്മ ഇതിന്റെ വായനയില്‍ ഉണ്ടായി എന്നത് വിഷയത്തിന്റെ സാമ്യത കൊണ്ടാകാം. *രമണനും മദനനും* എന്ന *വി എച്ച് നിഷാദി*ന്റെ കഥയാണ് അടുത്തത് . എക്കാലത്തും കണ്ടു വരുന്ന ദുരഭിമാന കൊലയുടെ ഒരു ആവര്‍ത്തനം മാത്രമാണു ഇക്കഥ . ഇതില്‍ പുതുമയായി ഒന്നും ഇല്ലായിരുന്നു എന്നത് നിരാശ തന്നു . മകളുടെ കാമുകനെ അച്ഛന്‍ പോലീസ് വെടിവച്ച് കൊല്ലുന്നതൊക്കെ ഇന്നും നമ്മുടെ സിനിമകളും എഴുത്തുകാരും പുതിയ വിഷയമായി കരുതുന്നുണ്ടല്ലോ എന്നൊരു അതിശയവും ഉണ്ടായി. *ജേക്കബ് എബ്രഹാം* എഴുതിയ *ഹിപ്പി പ്രേതം* ആയിരുന്നു അടുത്ത കഥ . പഴയകാല എജുത്തുകാരുടെ പ്രേതം വിട്ടുപോകാത്ത ഒരാള്‍ ആകണം എജുത്തുകാരന്‍ എന്നു തോന്നിപ്പിച്ചു വായനയില്‍. സക്കറിയയുടെ ഒക്കെ ഭാഷാരീതികളെ കടം എടുത്ത പോലെ അനുഭവിച്ചു. നാടന്‍ ജീവിത പരിസരങ്ങളുടെ കാഴ്ചയായിരുന്നു കഥ കൈ കൈകാര്യം ചെയ്തത് . കഥാ നായകനില്‍ ആയാലും പ്രേതവും ആയുള്ള അന്യന്‍ കളിയെ വേണ്ട വിധം പ്രകടിപ്പിക്കാന്‍ എഴുത്തുകാരന് കഴിഞ്ഞിട്ടില്ല എന്നൊരു പോരായ്മ ഒഴിച്ച് നിര്‍ത്തിയാല്‍ കഥ നല്ലതാണ് . വായനാസുഖം ഉണ്ട്. *സുദീപ് ടി ജോര്‍ജ്ജ്* എഴുതിയ *ആമ* എന്ന കതയായിരുന്നു അടുത്തത് . പതിവ് ഈ പാറ്റേണ്‍ കഥകളിലേക്ക് വഴുതി വീണുപോകും എന്നു പലപ്പോഴും സംശയിച്ചു പോയെങ്കിലും കൈയ്യടക്കത്തോടെ കൈകാര്യം ചെയ്ത നല്ല ഒരു കഥ തന്നെയായിരുന്നു ഇത്. മനുഷ്യരുടെ നിസ്സഹായതയും കുടിലതയും ഒക്കെ നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ എഴുത്തുകാരന് കഴിഞ്ഞിരിക്കുന്നു. *ബാര്‍ബേറിയന്‍* എന്ന, *അമല്‍* എഴുതിയ കതയായിരുന്നു അഞ്ചാമത്തേത് . ആധുനിക സോഷ്യല്‍ മീഡിയാ മാധ്യമങ്ങള്‍ ഉരുട്ടിത്തരുന്ന വാര്‍ത്തകളും വിശേഷങ്ങളും പറഞ്ഞും പങ്ക് വച്ചും ജീവിക്കുന്ന മനുഷ്യര്‍ യാഥാര്‍ത്യങ്ങളുടെ മുന്നില്‍ അകപ്പെടുമ്പോഴുണ്ടാകുന്ന അവസ്ഥകളെ അവതരിപ്പിക്കുന്ന ഒരു കഥയാണ് ഇതില്‍ ഉള്ളത് . കേരളം എന്ന ഇട്ടാവട്ടത്തിന് പുറത്തേക്ക് രാജ്യത്തിന് തന്നെ വെളിയിലേക്ക് വരുമ്പോള്‍ ആണ് ഇത്തരം മനുഷ്യരുടെ കാഴ്ചകള്‍ക്കും ചിന്തകള്‍ക്കും സാരമായ പരിക്കുകള്‍ സംഭവിക്കുന്നതെന്ന് ഇക്കഥ സൂചിപ്പിക്കുന്നു. *വാട്ടീസാല്‍ബി* എന്ന *അജിജേഷ് പച്ചാറ്റി*ന്റെ കഥ വായനയില്‍ സന്തോഷം നല്കിയ ഒന്നായിയരുന്നു.കഥ വായിക്കുമ്പോള്‍ തന്നെ അതില്‍ നിന്നും വായനക്കാരന്‍ അകന്നു മറ്റേതോ ലോകത്തേക്ക് സഞ്ചരിക്കുകയും എന്നാല്‍ ഇതൊരു കതയാണല്ലോ എന്നു തോന്നിപ്പിക്കുകയും ചെയ്യുന്ന ഒരു കഥയാണ് ഇത്. *അഗ്രേപശ്യാമി* എന്ന കഥയിലൂടെ *പ്രദീപ് കൂവേരി* ആശയങ്ങളുടെ പരസ്പര സംഘട്ടനങ്ങള്‍ക്കിടയിലും രക്തബന്ധങ്ങളും വ്യെക്‍തിബന്ധങ്ങളും തമ്മിലുള്ള ഇഴപൊട്ടാത്ത ചില കെട്ടുപാടുകള്‍ ഉണ്ടെന്നതും ഇവ അവരെ എങ്ങനെയൊക്കെ മാനസികമായും സാമൂഹികമായും ഉള്ള ചുറ്റുപാടുകളില്‍ അതിജീവനം സാധ്യമാക്കുമെന്നും ഒക്കെയുള്ള ഒരന്വേഷണം ആയി വായിക്കാന്‍ കഴിയും .

*ഒരു മീശയുടെ രണ്ടു കരകള്‍* എന്ന *പി എസ് റഫീഖിന്റെ* കഥ വായിച്ചിട്ടുള്ളതും കണ്ടിട്ടുള്ളതുമായ സ്ഥിരം പട്ടാളക്കാരുടെ ഭാവങ്ങളില്‍ നിന്നൊക്കെ മാറി മറ്റൊരു കഥാപാത്രമാണ്. പട്ടാളക്കാരന്‍ ആണ് കഥയെ നയിക്കുന്നതെങ്കിലും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വ്യേവഹാരങ്ങളിലൂടെയുള്ള ഒരു നിഴല്‍ യാത്രയാണ് ഇക്കഥ എന്നു പറയാം. അതിനാല്‍ത്തന്നെ സൂക്ഷ്മമായി ശ്രദ്ധിക്കാതിരുന്നതിനാല്‍ തുടക്കവും ഒടുക്കവും തമ്മില്‍ ഒരു സ്വരച്ചേര്‍ച്ചയില്ലായ്മ കഥയില്‍ സംഭവിക്കുന്നുണ്ട് . പണത്തിന് മേലെ പരുന്തും പറക്കില്ല എന്ന ചൊല്ലിന്റെ അനുസ്മരണം ആണ് *ചാരുമാനം* എന്ന കഥയുടെ സാരം. *പ്രിന്‍സ് അയ്മനം* എന്ന എഴുത്തുകാരന്‍,  ജാതീയതയുടെ ശാപം ഉള്ളില്‍ പേറുകയും പുറമെ അതില്ല എന്നു പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരാളെ അവതരിപ്പിക്കാന്‍ ശ്രമിച്ചതില്‍ പരാജയപ്പെട്ടുപോയ ഒന്നു കഥയില്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. ധനാര്‍ത്ഥി മൂലം മനുഷ്യര്‍ ക്രൂരരും വഞ്ചകരും ആകുന്ന സ്ഥിരം കഥകളുടെ (പഴയകാല കഥകളുടെ ) ഒരു നിഴല്‍ വീണു കിടക്കുന്നുണ്ട് ഇക്കഥയില്‍ . കുട്ടിക്കാലത്തിന്റെ ചില ഓര്‍മ്മകളും അനുഭവങ്ങളും വിടാതെ പിന്തുടരുന്ന മനുഷ്യരാണ് മിക്കവരും. അത്തരത്തില്‍ പെട്ട ഒരു കുട്ടിയുടെ ബാല്യവും യൌവ്വനവും അടയാളപ്പെടുത്തുന്ന കഥയാണ് *ജയറാം സാമി* എഴുതിയ *പേറ്റുസുഖം* എന്ന കഥ. എന്നാല്‍ ഇക്കഥയില്‍ ഉറൂബിന്റെ രാച്ചിയമ്മ മുതല്‍ പില്‍ക്കാലത്ത് ഒറ്റപ്പെട്ട ചില എഴുത്തുകാര്‍ തിരികെ പിടിക്കാന്‍ ശ്രമിച്ച പെണ്ണത്തത്തിന്റെ ചൂരും ചൂടും നിറയുന്നതും ത്രസിപ്പിക്കുന്നതും കാണാന്‍ കഴിയുന്നുണ്ട് . വായനക്കാരും നായകനൊപ്പം നീലവരകള്‍ തെളിയുന്ന ഉരുണ്ട ടൂടകള്‍ക്കിടയിലൂടെ കടന്നുപോകുന്ന പ്രതീതി ജനിപ്പിക്കാന്‍ സാമിയിലെ എജുത്തുകാരുയാണ് ക്‍ഴിഞ്ഞിരീക്കുന്നു.ഒരു വെറും മുത്തുച്ചിപ്പി കഥയായിപ്പോകുമായിരുന്ന വിഷയത്തെ മനോഹരമായി അടയാളപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. *ഭൈരവി* എന്ന കഥയിലൂടെ *ഉണ്ണികൃഷ്ണന്‍ പൂഴിക്കാട്* ഓര്‍മ്മിപ്പിക്കുന്ന സംഗതിയാണ് നഗരവത്കരണവും വികസനവും മൂലം അന്യം നിന്നുപോയ നാടന്‍ ദൈവങ്ങളുടെ അവസ്ഥ. തെരുവ്  വിളക്കുകള്‍ വന്നപ്പോള്‍ അപ്രത്യക്ഷമായ യക്ഷികളെപ്പോലെ ലോക്കല്‍ ദൈവങ്ങളും ഇന്ന് ബുദ്ധിമുട്ടിലാണ്എന്ന കൌതുകകരമായ ചിന്തയ്ക്ക് ഇക്കഥ വഴി വയ്ക്കുന്നു . പ്രഭാതത്തിന്റെ മണം എന്ന കഥയിലൂടെ വിവേക് ചന്ദ്രന്‍ വായനക്കാരെ ഭ്രമാത്മകരമായ ഒരു ലോകത്തിലേക്ക് വഴി നടത്തിക്കുന്നു.ഒരു മാന്ത്രികന്റെ കഥ പറഞ്ഞുകൊണ്ടു വായനക്കാരിലും ആ മാസ്മരികതയുടെജാലം അനുഭവവേദ്യമാക്കാന്‍ എഴുത്തുകാരന്‍ ശ്രമിക്കുന്നത് നല്ല വയനാനുഭവം ആയിരുന്നു നല്കിയത് .

ഒരു നല്ല എഴുത്തുകാരന്‍ ഒരു നല്ല വായനക്കാരനും ആയിരിയ്ക്കും. സി പി അനില്‍കുമാര്‍ എന്ന എഴുത്തുകാരന്റെ തിരഞ്ഞെടുപ്പുകള്‍ എല്ലാം വളരെ നന്നായിരുന്നു എന്ന അഭിപ്രായം ഇല്ല എങ്കിലും വിഷയ സമീപനത്തില്‍ കാണിച്ച മിടുക്ക് വ്യെക്തമാണ്. എല്ലാത്തരം വായനക്കാരെയും ഒരുപോലെ സന്തോഷിപ്പിക്കാനുള്ള കഴിവ് കഥകളുടെ തിരഞ്ഞെടുപ്പില്‍ പ്രകടമാണ്. വായനയുടെ ലോകത്ത് കൂടുതല്‍ തിരഞ്ഞെടുപ്പുകള്‍ സംഭവിക്കട്ടെ എന്നും തിരഞ്ഞെടുപ്പുകള്‍ ഏകപക്ഷീയമാകാതെ ലിംഗഭേദം നോക്കാതെ രചനകളുടെ മൂല്യം മാനദണ്ഡമാകട്ടെ എന്നും ആശിക്കുന്നു. ആശംസകളോടെ *ബി.ജി.എന്‍ വര്‍ക്കല*

ശിൽപവൃക്ഷം ...........,രാജേഷ് ബി.സി

ശിൽപ വൃക്ഷം (കവിതകൾ),
രാജേഷ് ബി.സി., 
കറൻ്റ് ബുക്സ്, 
വില 75 രൂപ


കവിതകൾ ആത്മാവിൻ്റെ തേങ്ങലുകളാണ്. കാലാനുവർത്തികളായ കവിതകൾ പലതും പേറുന്നത് അജ്ഞാത ദുഃഖങ്ങളുടെ മാറാപ്പുകളാണ്. പ്രണയം, വിരഹം, രതി, ജീവിതം .... അതിൻ്റെ ഭാണ്ഡം നിറയെ വ്യഥകളും സന്തോഷങ്ങളും ആണ്. കണ്ണീരുണങ്ങാത്ത ഈ ജീവിതമുഹൂർത്തങ്ങളെ എത്ര ഹൃദയവേദനയോടെയാകും ഓരോ കവികളും എഴുതിയിട്ടുണ്ടാവുക.  രാഷ്ട്രം ,മതം, ഭക്തി, പ്രണയം, പ്രകൃതി തുടങ്ങിയ എന്തിലും ഏതിലും കവിതകൾ ഇടം കണ്ടെത്തുന്നുണ്ട്. അവയെ അവതരിപ്പിച്ചു കടന്നു പോകുന്ന കവികളെ കാലം മറന്നു പോയേക്കാം. പക്ഷേ അവർ കോറിയിട്ടു പോയ വരികൾ പിന്നെയും പിന്നെയും ആവർത്തിച്ചു ജനിക്കുകയാണ് ഭാഷാന്തരങ്ങളിലും ദേശാന്തരങ്ങളിലും. 
ശിൽപ വൃക്ഷം എന്ന ഈ കവിത പുസ്തകം 41 കവിതകളുടെ ഒരു സമാഹാരമാണ്. വായനക്കാരനാണ് കവിയാണ് എഴുത്തുകാരനാണ് എന്നൊക്കെയുള്ള ലേബലുകൾ പലപ്പോഴായി പേറേണ്ടി വന്നതിനാൽ യാത്രയിലെവിടേയോ വച്ച് ആരോ സമ്മാനിച്ച പുസ്തകമാണിത്. വായിച്ചു നോക്കൂ എന്നും പറയുകയുണ്ടായി. കുറേക്കാലമായി ഈ പുസ്തകം കൈകളിലെത്തിയിട്ട്. ഇന്നാണ് മുടങ്ങിപ്പോയ വായനയെ തിരികെപ്പിടിക്കുന്ന സാഹസത്തിനിടയിൽ വീണ്ടും ഈ പുസ്തകം കണ്ണിൽത്തടഞ്ഞത്. ആമുഖത്തിലൂടെ ഇതിൻ്റെ രചയിതാവായ കവി ഒരു ഡോക്ടറാണെന്ന് മനസ്സിലായി. രോഗികൾക്കും മരുന്നിനുമിടയിൽ അകം നിറയെ കവിതകളുമായി ഒരു മനുഷ്യനെ മനസ്സിൽ സങ്കല്പിച്ചു നോക്കി. വായന തുടങ്ങുമ്പോൾ ഡോക്ടർ എന്ന വിലാസം ഇറങ്ങിപ്പോകുകയും കവി എന്ന ലേബൽ മുഴച്ചു നില്ക്കുകയുമാണുണ്ടായത്. 
ഈ പുസ്തകത്തിലെ കവിതകൾ എല്ലാം ഗദ്യപാറ്റേൺ പേറുന്ന ചെറു കവിതകളാണ് . എന്നാൽ ,നല്ലൊരു സംഗീതജ്ഞന് ഇവയെ ഈണത്തിൽ ചൊല്ലാൻ ബുദ്ധിമുട്ടും ഉണ്ടാകില്ല. പ്രണയം, ജീവിതം, രാഷ്ട്രീയം തുടങ്ങിയ പരമ്പരാഗത കാവ്യ വഴികളിലൂടെ ഒക്കെയും ഈ പുസ്തകം സഞ്ചരിക്കുന്നുണ്ട്. എന്നാൽ എല്ലാത്തിനുമുപരിയായ് കാണാനാകുക എല്ലാ കവിതകളിലും ഉറയുന്ന മൗനത്തിൻ്റെ വിഭിന്ന ഭാഷകളാണ്. പലപ്പോഴും ശ്വാസം മുട്ടിപ്പിടയുന്ന ആത്മാക്കളുടെ ചിറകടി ശബ്ദം കവിതകൾ മുഴക്കുന്നത് ശ്രവിക്കുവാനാകും. ജീവിതങ്ങളെ വളരെ ലളിതമായി അവതരിപ്പിക്കുന്ന കാഴ്ചകൾ കാണാനാകും. വീടു വിട്ടിറങ്ങിപ്പോകുന്നവൾ വീടു പൂട്ടാതെയാണ് പോകുന്നത്. അവളുടെ മണം വീട്ടിൽ ഉള്ളതിനാൽ വീട് കൂടെ പോകുന്നുമില്ല. നാട്ടുകാർക്ക് രതി ദാഹത്തിൻ്റെ നീല പാനീയം മോന്തി കൊതിതീരാത്ത ചർച്ചകൾ നടക്കുമ്പോൾ കിണറ്റിൻകരയിലെ നിശാഗന്ധിയുടെ ഗന്ധത്തിലേക്ക് കവി വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്ന ജനിതകം എന്ന കവിത പുസ്തകമടച്ചു വച്ചിട്ടും മനസ്സിൽ തങ്ങി നില്ക്കുന്നു. ജനാധിപത്യത്തെയും രാഷ്ട്രീയത്തെയും കമ്യൂണിസത്തെയും മാന്യമായ രീതിയിൽ കവിതകളിൽ വലിച്ചു കീറി ഒട്ടിക്കാൻ കവി ശ്രദ്ധിച്ചിട്ടുണ്ട്. 
ജീവിതത്തിൻ്റെ വിഭിന്നതലങ്ങളുടെ കാഴ്ച ഫലം തരുന്ന കവിതകൾ എളുപ്പം വഴക്കിത്തരുന്നവയല്ല. അതിനാൽത്തന്നെ കവിതകളെ സമീപിക്കുമ്പോൾ വായനക്കാരൻ അല്പം ക്ഷമയോടെയാകുന്നത് നല്ലതായിരിക്കും. ആശംസകളോടെ ബി.ജി.എൻ. വർക്കല

ഈശോവാസ്യോപനിഷത്ത് , കഠോപനിഷത്ത്

 

ഈശോവാസ്യോപനിഷത്ത്(ആത്മീയം)

പരിഭാഷ: പി.കെ.നാരായണപിള്ള

ശ്രീരാമവിലാസം പ്രസിദ്ധീകരണശാല

വില 5 രൂപ

കഠോപനിഷത്ത് (ആത്മീയം)

പരിഭാഷ : ലക്ഷ്മി നാരായണ്‍

ലക്ഷ്മി നാരായണ്‍ ഗ്രന്ഥശാല

വില 20 രൂപ

“യസ്മിൻ സർവാണിഭൂതാനി ആത്മൈവാ ഭൂദ്വിജാനത: തത്ര കോ മോഹ: ക: ശോക ഏകത്വമനുപശ്യത: " – ഈശോവാസ്യോപനിഷത്ത്

          മനുഷ്യന്‍ സാംസ്കാരികമായി വികസിക്കുന്നതിന് മുന്നേതന്നെ അവനില്‍ ഉരുത്തിരിഞ്ഞ ഒന്നാണ് ഭക്തിയും ആത്മീയതയും. ദൈവീകമായ കാഴ്ചപ്പാടുകളെ അവനിലെ ഭയത്തിന്റെ നിറം കൊടുത്ത് വളര്‍ത്തിയെടുത്ത ഒരു വലിയ യാഥാര്‍ഥ്യമാണ് അത് . സിന്ധൂനദിയുടെ തീരത്ത് വളര്‍ന്ന് വന്ന സംസ്കാരത്തിന്റെ അവാന്തരമായ ഒരു കാഴ്ചയാണത്. വേദങ്ങള്‍ ഒരു സംസ്കാരത്തിന്റെ ഭാഗമായി നിലവില്‍ വരികയും വേദാന്തവും ബ്രാഹ്മണ്യവും സമൂഹ വ്യേവസ്ഥിതിയില്‍ പിടിമുറുക്കുകയും ചെയ്തു തുടങ്ങിയ കാലത്ത് , അതിലേക്കു വേണ്ടിയുള്ള വിദ്യാഭ്യാസ സമ്പ്രദായവും പഠനക്രമവും നിലവില്‍ വരികയുണ്ടായി. വേദങ്ങള്‍ പഠിക്കുക എന്നത് കൊണ്ട് പൂര്‍ണ്ണമാകുന്നില്ല ഒരുവനിലെ അദ്ധ്യയനം അതിനു ഉപവിഭാഗമായി ഉപനിഷത്തുകളും സംസ്കൃതികളും പഠിക്കേണ്ടതുണ്ട് . പ്രധാനമായും നാലു വേദങ്ങളും നൂറിലേറെ ഉപനിഷത്തുകളും മറ്റുമായി ചേര്‍ന്ന് ആ വിദ്യാഭ്യാസം വികസിച്ചുകിടക്കുന്നു. അളവറ്റ തര്‍ക്കശാസ്ത്രങ്ങളും രാജനീതികളും ഒക്കെ ചേര്‍ന്ന് പൌരോഹത്യം ഒരു ജന സമൂഹത്തെ എങ്ങനെ തങ്ങളുടെ അധീനതയില്‍ നിലനിര്‍ത്താം എന്നതിനെ ശാസ്ത്രീയമായി അഭ്യസിക്കുകയും പിന്തുടരുകയും ചെയ്ത ഈ സംസ്കൃതിയെ ആധുനിക കാലത്ത് സനാതന ധര്മ്മം എന്നും ഹൈന്ദവ ധര്മ്മം എന്നുമൊക്കെ ഉദാരവത്കരിക്കുകയും അതിനെ ജനകീയമായി ഒരു ഐക രൂപ്യത്തില്‍ വരുത്തി നിര്‍മ്മലീകരിക്കല്‍ പ്രക്രിയ ചെയ്യുകയും ചെയ്യുന്ന ഒരു കാലത്തിന്റെ നടുക്കിരുന്നുകൊണ്ടു വേദങ്ങളും ഉപനിഷത്തുകളും ഒക്കെ ആത്മീയത , മതം , ഭക്തി എന്നിവയെ മാറ്റിവച്ചുകൊണ്ടു പഠിക്കാന്‍ ശ്രമിക്കുന്നത് തികച്ചും ഉചിതമായിരിക്കും എന്നു കരുതുന്നു. കാവ്യശീലകള്‍ കൊണ്ട് സാഹിത്യത്തെ പരിഭോഷിപ്പിക്കുകയും ഒപ്പം സാമൂഹ്യ പരിഷ്കരണത്തില്‍ ശ്രദ്ധാലുവാകുകയും ചെയ്ത നാരായണ ഗുരുവും മറ്റും ഈ തരത്തിലുള്ള ഒരു വായനയാകാം നടത്തിയിട്ടുണ്ടാവുക എന്നു തോന്നിയിട്ടുണ്ട്.

          ഈ ഉപനിഷത്ത് കൈകാര്യം ചെയ്യുന്നത് വേദാന്തം ആണ്. ഒരാള്‍ കര്മ്മം കൊണ്ട് വിദ്യ കൊണ്ടും പൂര്‍ണ്ണത നേടുന്നു എന്ന തത്വത്തില്‍ നിന്നുകൊണ്ട് രണ്ടു വിഭാഗത്തിനും ഉണ്ടായിരിക്കേണ്ട ഗുണങ്ങളും നടപടികളും സൂചിപ്പിക്കുകയാണ് അല്ലെങ്കില്‍ പഠിപ്പിക്കുകയാണ് ഈ ഉപനിഷത്തിലൂടെ. ലോക സമസ്താ സുഖിനോ ഭവന്തു: എന്ന മുറിച്ച് മാറ്റി പ്രചരിപ്പിക്കുന്ന വാക്കിന്റെ വിശാലാര്‍ഥം ആണ് ഇതില്‍ പറയുന്ന മുഖ്യ കാര്യം. “യസ്മിൻ സർവാണിഭൂതാനി ആത്മൈവാ ഭൂദ്വിജാനത: തത്ര കോ മോഹ: ക: ശോക ഏകത്വമനുപശ്യത: " അതായത് ഏത് കാലത്ത് , അല്ലെങ്കിൽ ഏതൊരാത്മാവിൽ പരമാർത്ഥാത്മ ദർശനത്താൽ എല്ലാ ഭൂതങ്ങളും ആത്മാവ് തന്നെയായി തീർന്നിരിക്കുന്നുവോ അക്കാലത്തിൽ അല്ലെങ്കിൽ ആ ആത്മാവിൽ മോഹം ഏത്? ശോകമേത് ? എന്നതാണു ഇതില്‍ എടുത്തു പറയേണ്ടുന്ന ഒരാശയമായി കാണാവുന്നത് . ഒരാള്‍ തനിക്കും പ്രകൃതിക്കും സകല ചരാചരങ്ങള്ക്കും ആത്മാവുണ്ട് എന്നും (ആത്മാവെന്നാല്‍ മനസ്സല്ല) അത് മനസ്സിലാക്കുന്നതോടെ എല്ലാ കാമമോഹങ്ങളില്‍ നിന്നും പൂര്‍ണ്ണനായി ഈ ആത്മാക്കളുടെ പൂര്‍ണ്ണത എന്നത് പരമാത്മാവ് അഥവാ ഈ കാര്യകാരണങ്ങളുടെ കര്‍ത്താവ് എന്നതില്‍ ലയിക്കുക എന്നുമാണ് പറയുന്നതു .

“എസ്തു സർവാണി ഭൂതാന്യാത്മന്യേവാനു പശ്യതി സർവ്വ ഭൂതേഷു ചാ ത്മാനം തതോ ന വിജ്ജുഗുപ്സതേ” അഥവാ ഏത് മോക്ഷേഛുവായ സന്യാസി അവ്യക്തം മുതൽ സ്ഥാവരങ്ങൾ വരെയുള്ള എല്ലാത്തിനെയും തന്നിൽതന്നെ കാണുകയും - അതായത് ആത്മാവല്ലാത്തതായി യാതൊന്നിനെയും കാണാതിരിക്കുകയും അതുപോലെ സർവ്വഭൂതങ്ങൾക്കും ആത്മാവായിത്തന്നെ കാണുകയും ചെയ്യുന്നുവോ അവൻ ആ വിധത്തിലുള്ള  കാഴ്ച നിമിത്തം യാതൊന്നിനെയും നിന്ദിക്കുകയില്ല.  ഇതിന് പകരം കര്‍മ്മങ്ങള്‍ (വേദ ക്രിയകളും അത് വഴി ധന സമ്പാദനം കുടുംബം തുടങ്ങിയ വ്യേവഹാരങ്ങളില്‍ കടന്നുപോകുന്നവര്‍ വീണ്ടും വീണ്ടും ഇരുണ്ട യോനികളില്‍ പിറന്നു ഒടുവില്‍ മുകളില്‍ പറയുന്ന ദര്‍ശനത്തില്‍ എത്തുമ്പോള്‍ മാത്രം പൂര്‍ണ്ണമാകുന്നുള്ളൂ എന്ന് ഈശോവാസ്യോഉപനിഷത്തില്‍ പ്രതിപാദിക്കുന്നു. ചുരുക്കത്തില്‍ ഇതിന്റെ സത്തയെ “വിദ്യയാ ദേവലോക: കർമണാ പിതൃ ലോക:” എന്ന് ഉപസംഹരിക്കാം. വിദ്യ കൊണ്ട് ആത്മാവിനെ അറിയുന്നതു കൊണ്ട് ദേവലോകത്തില്‍ നിത്യവാസിയാകാം കര്മ്മലോകത്തില്‍ വിഹരിക്കുന്നവര്‍ പിതൃ ലോകത്തില്‍ എത്തുകയും വീണ്ടും വീണ്ടും ജന്മമെടുക്കുകയും ചെയ്യും എന്ന് സാരം .

ഊർധ്വ മൂലോ വാക് ശാഖ ഏഷോ ശ്വത്ഥ:  സനാതന: - (കഠോപനിഷത്ത് ) അതായത്  സംസാരമായിടും വൃക്ഷമായതിൻ വേര് മുകളിലേക്കായിടുന്നതിൻ  ശാഖ; വാക്ക് കീഴ് തൂങ്ങിടുന്നരയാലതായിടുന്നൂ സനാതനം എന്ന് സനാതനത്തെ വിവക്ഷിക്കുന്നു. ആധുനിക ലോകത്ത് അതിനു പുതിയ അര്‍ഥങ്ങളും വ്യാഖ്യാനങ്ങളും ചമയ്ക്കപ്പെടുന്നു. കഠോപനിഷത്ത് പ്രതിപാദിക്കുന്ന വിഷയം മരണം എന്ന സത്യത്തിന്റെ അര്ത്ഥം തിരയുന്ന നചികേതസ്സിന്റെ ചോദ്യങ്ങളും യമന്റെ ഉത്തരങ്ങളും ആണ്. പിതാവ് ആര്‍ക്കും വേണ്ടാത്ത മൃതപ്രായരായ കന്നുകാലികളെ ദാനം ചെയ്യുന്നത് കണ്ടു എന്നെ ആര്‍ക്കാകും അങ്ങ് ദാനം ചെയ്യുക എന്ന ചോദ്യവും തുടര്‍ന്നു നിന്നെ മരണദേവന് ദാനം കൊടുക്കുന്നു എന്ന് പറയുന്നതും തുടര്‍ന്നുള്ള സംഭാക്ഷണങ്ങളും ആണ് ഇതിവൃത്തം . മരണം , ജീവിതം , ആത്മാവു , പ്രകൃതി , ദാനം തുടങ്ങിയ കുറച്ചു കാര്യങ്ങളെ പ്രതിപാദിക്കുന്ന ഒന്നാണ് കഠോപനിഷത്ത്.

          നമ്മള്‍ കടന്നു വന്നതും കളഞ്ഞതുമായ കാര്യങ്ങളെ ഒന്നോര്‍മ്മിക്കാനും അതെന്തിനായി നാം കളഞ്ഞു എന്നതിനെ തലമുറകള്‍ക്ക് പറഞ്ഞു കൊടുക്കാനും ഇത്തരം വായനകള്‍ ഉപകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. സസ്നേഹം ബി.ജി. എന്‍ വര്‍ക്കല

പെണ്ണാളി .......... പി.വിശ്വനാഥൻ

പെണ്ണാളി (കവിതകൾ)
പി.വിശ്വനാഥൻ
പ്രിൻ്റ് ബുക്സ്
വില: 180 രൂപ
'


കവിതാലോകമെന്നത് ഭാവനയും അതിഭാവുകത്വവും നിറഞ്ഞ ഒരു വലിയ ലോകം തന്നെയാണ് എന്ന് മനസ്സിലാക്കുന്ന രീതിയിലാണ് എപ്പോഴും കവികൾ, കവിതകൾ എഴുതുന്നത് കാണാൻ കഴിയുന്നത്. കവിതകൾ സംവദിക്കുന്നത് മനുഷ്യൻറെ ഹൃദയത്തോടാണ്. അത് ഉണ്ടാകുന്നത് മനസ്സിൻ്റെ ഉള്ളിൽ നിന്നും ആണ് എന്നൊക്കെ നമുക്കറിയാം. എങ്കിൽപ്പോലും ഈ കവിതകൾ എപ്പോഴും നമ്മൾ വായനക്കാർ ആസ്വദിക്കുന്നത് ആ കവിതകൾ നമ്മോട് നമുക്ക് മനസ്സിലാകുന്ന രീതിയിൽ നമുക്കുകൂടി ബോധ്യമാകുന്ന രീതിയിൽ എന്തെങ്കിലുമൊക്കെ നമുക്ക് പറഞ്ഞു മനസ്സിലാക്കി തരുമ്പോഴാണ് എന്ന് ഞാൻ കരുതുന്നു. പക്ഷേ പലപ്പോഴും ഇവിടെ സംഭവിക്കുന്നത്, കവിത ചിലരുടെ ഭ്രാന്തമായ സന്ദേഹങ്ങളോ അവരുടെ ആശങ്കകളോ അവരുടെ ആത്മഭാഷണങ്ങളോ ഒക്കെ ആകുമ്പോൾ അത് ആരോടാണ് പറയുന്നത് എന്നത് വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയായി മുന്നിൽ നിൽക്കും എന്നതാണ്. എഴുത്തുകാരനെ വായിക്കരുത് എഴുത്ത് മാത്രം വായിക്കണം എന്ന് പറയുന്നത് അവിടെ ഒരു വസ്തുതയായി മുന്നോട്ടു വരും. കാരണം ചില എഴുത്തുകൾ വായിക്കുമ്പോൾ അത് ആരോടോ പറയുന്ന ഒന്നായിട്ട് മാത്രമേ നമുക്ക് വായിക്കാൻ കഴിയുകയുള്ളൂ. ഈ പറയുന്ന ആളും അത് വായിക്കുന്ന ആളും മാത്രം മനസ്സിലാക്കുന്ന നിഗൂഢമായ പലതും ആ കവിതകളിൽ ഒളിഞ്ഞിരിക്കും. അങ്ങനെ വരുന്ന കവിതകൾ പൊതുജനങ്ങൾ വായിക്കുമ്പോൾ, ആസ്വാദകർ വായിക്കുമ്പോൾ അവർ അവിടെ മൗനം പാലിക്കുകയാണ് പതിവ്. കാരണം എനിക്കൊന്നും മനസ്സിലായില്ല എന്ന് ഞാൻ പറഞ്ഞാൽ അതിനർത്ഥം ഞാനൊരു മണ്ടൻ ആയിപ്പോയല്ലോ എന്ന് അവർ ചിന്തിക്കുമല്ലോ എന്ന ഭയത്താൽ ബലേ ഭേഷ് എന്ന് പറഞ്ഞ് അവർ അതിനെ തഴുകി തലോടി കടന്നു പോവുകയും ചെയ്യും. ഇത്തരം കവിതകളെ പുസ്തകങ്ങൾ ആക്കുമ്പോൾ സംഭവിക്കുന്നത് ഈ ഒരു സംഗതി തന്നെയാണ്. സോഷ്യൽ മീഡിയകളിൽ അത്തരം കവിതകൾ പങ്കു വയ്ക്കുമ്പോൾ അവ വായിക്കുന്നവരും അത് എഴുതുന്നവരും ആ നിമിഷത്തിൽത്തന്നെ അത് മറന്നു പോവുകയും പിറ്റേദിവസം അത് ഒരു ഓർമ്മ മാത്രമായി നിലനിൽക്കുകയും ചെയ്യുന്നതായിട്ടാണ് കാണുന്നത്. ഒരാഴ്ച കഴിഞ്ഞാൽ പിന്നെ അതിനെക്കുറിച്ച് അവർക്ക് കൂടി അത് അറിയുക വളരെ ബുദ്ധിമുട്ടായിരിക്കും .എന്നാൽ അത് പുസ്തകം ആകുമ്പോൾ അവിടെ ആ പുസ്തകം വാങ്ങുന്ന ആൾക്കാർ കവിത പുസ്തകം തിരഞ്ഞെടുക്കുകയാണെങ്കിൽ അതിനർത്ഥം അവർ കവിതയെ സ്നേഹിക്കുന്നവരാണ് എന്നാണ്. അങ്ങനെ വരുമ്പോൾ അവർ അതിൽ കവിതയാകും തിരയുക. പക്ഷേ അവർക്ക് ലഭിക്കുക ഇങ്ങനെയുള്ള ആത്മഭാഷങ്ങൾ ആയിരിക്കും. ആരോടോ പറഞ്ഞ കാര്യങ്ങൾ അവർ വായിക്കേണ്ട ഗതികേട് ഉണ്ടാകും . ഇവിടെ ഈ കവിയുടെ ഈ കവിത പുസ്തകത്തിൽ 51 കവിതകളാണ് ഉള്ളത്. ഈ 51 കവിതകൾ വായിച്ചു കഴിയുമ്പോൾ അതിനകത്തു നിന്നും വായനക്കാരന് ലഭിക്കുക രണ്ടോ മൂന്നോ കവിതകൾ മാത്രമാണ് എന്ന് വരുകിൽ ആ കവിത പുസ്തകം അതിൻറെ നിലവാരം എത്ര ഉയരത്തിൽ ആകാം അല്ലെങ്കിൽ എത്ര കണ്ടത് വായനക്കാരോട് സംവദിച്ചിരിക്കുന്നു എന്നുള്ള കാര്യത്തെക്കുറിച്ച് നമുക്ക് ചർച്ച ചെയ്യേണ്ടിവരും.  കവിതകൾ ,കുറുങ്കവിതകൾ, ഹൈക്കു കവിതകൾ ഒക്കെ ചേർന്ന് ഈ 51 കവിതകളിൽ ഭൂരിഭാഗം കവിതകളും മഴയുമായി ബന്ധപ്പെട്ട അല്ലെങ്കിൽ മഴയെ കേന്ദ്രമാക്കിയോ  കഥാപാത്രമാക്കിയോ ഉള്ള കവിതകളാണ് പിന്നെ  കുറച്ചു കവിതകൾ അത് പ്രകൃതിയുമായി ബന്ധപ്പെട്ടതാണ് അങ്ങനെ മഴ പ്രകൃതി പിന്നെ ഒരു അല്പം രാഷ്ട്രീയം ഇവ കൂടിക്കലർന്ന ഒരു കവിത പുസ്തകം ആണ് ഇത് എന്ന് പറയാം. ഒരു കവിത "നീ വന്നപ്പോൾ" എന്ന കവിത അത് ഈ കവിയുടെ കാവ്യ രൂപത്തിലുള്ള അറിവ് അല്ലെങ്കിൽ അതിനോടുള്ള അദ്ദേഹത്തിൻറെ പ്രതിപത്തി എത്രയാണെന്ന് ബോധ്യപ്പെടുത്തുന്ന ഒരു വളരെ നല്ല കവിതയായിട്ട് അനുഭവപ്പെട്ടിരുന്നു. മഴ, ഓലമേഞ്ഞ ഒരു വീടിൻറെ, ചോർച്ചയുള്ള ഒരു വീടിൻറെ ഉള്ളിൽ ജീവിക്കുന്ന ഒരു മനുഷ്യൻറെ ചിന്തകളിലും മറ്റും എന്ത് ഭാവമാണ് ഉണ്ടാക്കുക എന്നുള്ളതിന് വളരെ വ്യക്തമായി വരഞ്ഞു വച്ചിരിക്കുന്ന ഒരു കവിതയായിരുന്നു അത്. ഇതുപോലെ തന്നെ വളരെ നല്ല ഒരു ചിന്ത കാണാൻ കഴിഞ്ഞു വൈകുന്നേരം നമ്മളൊക്കെ കിളികളുടെ ചിലപ്പു കേട്ടിട്ടുണ്ടാകും. പക്ഷേ നാം അവരെ കുറ്റം പറഞ്ഞ്, അവരെ പുലഭ്യം പറഞ്ഞു നമ്മൾ നമ്മുടെ ദേഷ്യമകറ്റാറുണ്ട്. ഇവിടെ കവി അവരെ അവരുടെ ശബ്ദത്തെ കാണുന്നത് പകൽ മൊത്തം അവർ നായാടി കിട്ടിയ അല്ലെങ്കിൽ ചികഞ്ഞു കിട്ടിയ ഭക്ഷണങ്ങളുടെ, ആ യാത്രയുടെ, അവർക്ക് നേരിട്ട് വിജയ പരാജയങ്ങളുടെ ഒക്കെ കഥകൾ പരസ്പരം പങ്കുവയ്ക്കുന്നതാണ് എന്നാണ് കവി കാണുന്നത്. എത്ര നല്ലൊരു ചിന്തയാണത് ! വളരെ നല്ല ചിന്ത തന്നെയാണ്. വളരെ കുറച്ചു മാത്രം കവിതകളാണ് ഇത്തരം ചിന്തകൾ നൽകുന്ന  കവിതകളായ് ഈ കവി നമുക്ക് തരുന്നത്. ബാക്കിയുള്ള കവിതകളിൽ ഈ പറഞ്ഞപോലെ ആത്മഭാഷങ്ങൾ കൂടുതൽ നിൽക്കുന്നത് കൊണ്ട് തന്നെ അവ ദുർഗ്രാഹ്യമായ ഒരു മൗനം വായനക്കാരനിൽ നിന്ന് സമ്പാദിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയും. ഇത്തരം പോരായ്മകൾ... ഇതിനെ പോരായ്മകൾ എന്ന് പറയാനും കഴിയില്ല . കാരണം കവിത എന്നത് ഒരു സാമൂഹിക പരിഷ്കരണം എന്ന സംഗതി മാത്രമല്ല. അത് ഞാൻ എന്റെ പ്രണയിനിയോടോ, എൻറെ മനസ്സിനോടോ, എൻറെ സമൂഹത്തോടോ, ഈ പ്രകൃതിയോടോ ദൈവത്തോട് തന്നെ വേണമെങ്കിലും എനിക്കത് പറയാം അത് പ്രകടിപ്പിക്കാം പറ്റുന്ന ഒന്നായിരിക്കും. അതിന് ഉപയോഗിക്കുന്ന ഭാഷ അതിലുപയോഗിക്കുന്ന മാധ്യമം കവിതയാകാം. അത് ശ്രവിക്കുന്ന ആൾക്കാർ ഒരു പക്ഷേ അത് മനസ്സിലാക്കിയേക്കാം അല്ലെങ്കിൽ മനസ്സിലാക്കാതെ പോയേക്കാം. എന്തുതന്നെയായാലും കവിതയുടെ ഫോർമാറ്റിനകത്ത് കുറച്ച് ചിന്തയും കുറച്ച് യാഥാർത്ഥ്യങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് കുറച്ചു കവിതകൾ നമുക്ക് ഈ പുസ്തകത്തിൽ വായിക്കാൻ കഴിയും എന്നതിനപ്പുറം ഈ പുസ്തകം വളരെ വലിയ ഒരു കാവ്യ ആസ്വാദന സംഗതി വായനക്കാരൻ നൽകുന്നുണ്ട് എന്നുള്ള കാര്യത്തിൽ സംശയമുണ്ട്. ആശംസകളോടെ ബി.ജി.എൻ.വർക്കല

Saturday, October 18, 2025

അതിജീവിത.................................ഡോ. സജിത ജാസ്മിന്‍

അതിജീവിത(ഖണ്ഡകാവ്യം )

ഡോ. സജിത ജാസ്മിന്‍

സ്വദേശാഭിമാനി ബുക്സ്

വില : 100 രൂപ



            മലയാള സാഹിത്യത്തില്‍ കാവ്യശാഖയുടെ വളര്‍ച്ച ഉണ്ടാകുന്നത് കവിത്രയങ്ങളുടെ അവസാനങ്ങളിലാണെന്ന് കരുതുന്നു. സംസ്കൃതഭാഷയുടെ വിളയാട്ടം ആയിരുന്ന പദ്യ-ഗദ്യ ശാഖകള്‍ ക്രമേണ ഭാഷയുടെ അവാന്തരങ്ങളിലൂടെ മുന്നോട്ട് സഞ്ചരിക്കാന്‍ വൃഥാ ശ്രമിക്കുകയാണുണ്ടായതെങ്കിലും ഭാഷയുടെ വളര്‍ച്ചയേക്കാള്‍, സാഹിത്യത്തിന്റെ വളര്‍ച്ച സംഭവിക്കുകയായിരുന്നുണ്ടായത്. ആംഗലേയ സാഹിത്യത്തിനെ മലയാള ഭാഷയിലേക്ക് വായനയ്ക്കായെടുത്ത് തുടങ്ങിയപ്പോള്‍ കാവ്യരീതികള്‍ക്കും തനതായ ഒരു മാറ്റം സംഭവിച്ചു തുടങ്ങി. അതുവരെ ദൈവശ്ലോകങ്ങളും ഇതിഹാസങ്ങളുടെ ഉപകഥകളുമായി തിങ്ങി ഞെരുങ്ങി ക്കിടന്ന പദ്യലോകം പതിയെ ജീവിതത്തിന്റ്റെ മധുരങ്ങളായ പാതകളെ സമീപിച്ചു തുടങ്ങുകയുണ്ടായി. അതുകൊണ്ടുതന്നെയാണ് മഹാകാവ്യങ്ങളില്‍ നിന്നു പടിയിറങ്ങിയ കവിതാലോകം ഖണ്ഡകാവ്യങ്ങളില്‍ നിലയുറപ്പിച്ചതും അതൊരു പ്രത്യേക സൗന്ദര്യമായി മാറിയ അനുഭവം ഉണ്ടായതും. കുമാരനാശാനും ചങ്ങമ്പുഴയും ഒക്കെ തുറന്നിട്ട ഖണ്ഡകാവ്യരചനകള്‍ കവിതസാഹിത്യശാഖയ്ക്ക് പുത്തന്‍ ഉണര്വ്വുകള്‍ നല്‍കിത്തുടങ്ങി. ജീവിതം ദൈവങ്ങളില്‍ നിന്നും മണ്ണിലേക്ക് ഇറങ്ങി വന്ന ഒരു അനുഭവമാണ് അത് .



            ആധുനിക കവിതകള്‍ വെറും പതം പറച്ചിലുകള്‍ മാത്രമാണിന്ന്. വിഷയ ദാരിദ്ര്യത്തില്‍ ഊന്നിയുള്ള മുടന്തി നടത്തമല്ല മറിച്ച് കവിത എഴുതാനുള്ള കഴിവില്ലായ്മയെ മറച്ചു പിടിക്കാനുള്ള തത്രപ്പാടുകള്‍ ആണവ. വൃത്തവും അലങ്കാരവും തുടങ്ങി ഒരു കവിത കവിതയാകാനുള്ള ഒന്നും തന്നെ അറിയാതെ എന്നാല്‍ കവിത നിറഞ്ഞു തുളുമ്പി ഒഴുക്കിത്തൂകുന്ന കവികളെ ആണ് ഇന്ന് പൊതുവേ കാണാന്‍ കഴിയുക. ഇതിന് കാരണം ഭാഷയോടുള്ള അനീതികാണിക്കല്‍ മനപ്പൂര്‍വം ചെയ്യുന്നതിനാലാണ്. ഇന്നത്തെ തലമുറ കവിത എന്നാല്‍ ഈണത്തില്‍ ചൊല്ലുന്നത് എന്നല്ല എളുപ്പത്തില്‍ പറയുന്ന ഒന്നാണെന്ന് കരുതിപ്പോയിരിക്കുന്നു. പല കവിത ആലാപന സദസ്സുകളിലും മറ്റും കവികള്‍ വന്നു സ്വന്തം കവിത വായിക്കുന്നത് കേള്‍ക്കാന്‍ കഴിയാറുണ്ട്. അവ ചൊല്ലുക എന്നല്ല പാടുക എന്നാണ് പലപ്പോഴും അവര്‍ തന്നെ പറയുക. എന്നാല്‍ പാടുകയും അല്ല പറയുകയാണ് ചെയ്യുന്നതെന്ന് അവര്‍ അറിയുന്നുമില്ല. കഥ പറയുന്ന ലാഘവത്വത്തോടെ കവിത പറയുക എന്നതാണു അവരുടെ ഭാഗത്ത് നിന്നും പറയുകയാണെങ്കില്‍ കവിതാ രീതി. കുറച്ചു മധുരമായി, ഭാവം വരുത്തി, വികാരപരമായി പറഞ്ഞു പോയാല്‍ മതിയാകും ഏതൊരു ഗദ്യവും. ഇടയില്‍ അല്പം കാവ്യ രീതിയില്‍ നീട്ടലും കുറുക്കലും കൂടിയായാല്‍ അതിമനോഹരം. ഇവയ്ക്ക് തുടക്കമിടുന്നത്, കവിതകള്‍ കാസറ്റ് കവിതകള്‍ ആയ കാലം മുതല്‍ ആണ്.



            കവിതയ്ക്കൊരു നിയമം ഉണ്ടായിരുന്ന കാലത്ത് കവിത എഴുതാന്‍ കഴിയാതിരുന്നവര്‍ക്കതിന് ഒരു കാരണവും ഉണ്ടായിരുന്നു. അന്ന്, അവരിലേക്ക് വിദ്യ എത്തിയിരുന്നില്ല. വാഗ്ഭാഷ അല്ലാതെ ലിഖിത ഭാഷയും അതിന്റെ നിയമങ്ങളും ഒന്നും എത്താതെ പോയ ഒരു കാലത്ത് എല്ലാവരും കവികള്‍ അല്ലായിരുന്നു. പക്ഷേ ഇന്ന് എല്ലാവർക്കും ഭാഷ അറിയാം പക്ഷേ പറയാനെ അറിയൂ എന്നു മാത്രം. അതിലെ നിയമങ്ങളോ ചട്ടങ്ങളോ ഒന്നും തന്നെ സ്കൂളില്‍ പോലും പഠിച്ചതു മറന്നു പോയി എന്നതിനപ്പുറം പ്രയോഗിക്കാന്‍ അറിയാത്തതിനാല്‍ അവരുടെ കവിതകള്‍ പറച്ചില്‍ കവിതകള്‍ ആയി പോകുകയും അതിനെ അവര്‍ ആധുനിക കവിത എന്നും അത്യന്താധുനിക കവിത എന്നും പേരിട്ടു വിളിക്കുകയും ചെയ്യുന്നു. ആലോചിക്കുക... എന്തുകൊണ്ടാകും പഴയകാല കവിതകള്‍ ഇന്നും നമ്മള്‍ ഓര്‍ത്ത് വയ്ക്കുന്നതും പുതിയകാല കവിതകള്‍ വായിച്ച ഉടന്‍ മറന്നു പോകുന്നതും എന്നത്.



            ഇത്തരം ഒരവസ്ഥയില്‍ നിന്നുകൊണ്ടു കവിതയെ സ്നേഹിക്കുന്നവര്‍ കവിതകള്‍ തേടിപ്പിടിച്ചു വായിക്കുമ്പോള്‍ തീര്‍ച്ചയായും നീലക്കുറിഞ്ഞി പൂക്കുന്നതുപോലെ ചില കവിതകള്‍ വന്നു വീഴുക സ്വാഭാവികമായും വലിയ സന്തോഷം നല്‍കുന്ന ഒന്നാകും. മുന്‍പ് ഒരിക്കല്‍ വായിച്ചു എഴുതിയ ഡോ.ദീപ സ്വരന്‍ എന്ന കവിയുടെ കവിതകള്‍ അത്തരമൊരു സന്തോഷം നല്കിയിരുന്നത് എഴുതുകയുണ്ടായിരുന്നു. ഇടയ്ക്കു ഖണ്ഡകാവ്യങ്ങള്‍ പലതും പഴയത് വായിക്കാന്‍ കഴിഞ്ഞുവെങ്കിലും ഡോക്ടര്‍ സജിത ജാസ്മിന്‍ എഴുതിയ അതിജീവിത വായിക്കുന്നത് വരെ പുതിയകാല കവികളുടെ ഇടയില്‍ നിന്നും ഖണ്ഡകാവ്യ ശൈലിയില്‍ ഒരു കവിത വായിക്കാന്‍ ആയിട്ടുണ്ടായിരുന്നില്ല. ഡോ.സജിത ജാസ്മിന്‍ ഗള്‍ഫ് മേഖലയില്‍ ആരോഗ്യ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയിലും ഒരു ഭാഷ അധ്യാപികയോ ബിരുദധാരിയോ അല്ല എന്ന നിലയിലും തികച്ചും അഭിനന്ദനം അര്‍ഹിക്കുന്ന ഒരു സംഗതിയാണ് ചെയ്തിരിക്കുന്നത് എന്നു പറയാതെ വയ്യ. വളരെ നല്ല വായനാശീലം ഉള്ള ഒരു വ്യക്തി ആകണം ഈ കവി എന്നു ദ്യോതിപ്പിക്കുന്ന രീതിയില്‍ ഭാഷയുടെ പ്രയോഗങ്ങളെയും ഘടനകളെയും സജിത ഈ കവിതയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത് കാണാന്‍ കഴിയുന്നുണ്ട്. ഒരു സ്ത്രീയുടെ ജീവിതത്തിലെ അതികഠിനമായ ഒരു അവസ്ഥയെ അവള്‍ എങ്ങനെ തരണം ചെയ്തു എന്നുമാത്രം പ്രതിപാദിക്കുന്ന ഈ കാവ്യമാലയില്‍ അഞ്ച് ഭാഗങ്ങള്‍ ആണ് ഉള്ളത്. ആദ്യം അവളുടെ ജീവിത്തിന്റെ ദുര്യോഗത്തിന് തുടക്കം കുറിക്കുന്ന ഘട്ടത്തെ വിവരിക്കുന്നു. രണ്ടില്‍ പുതിയ ജീവിതത്തിന്റെ കാഴ്ചയും താളപ്പിഴകളും വിവരിക്കുന്നു. മൂന്നില്‍ അവള്‍ നേരിടുന്ന ഭീകരമായ അപകടവും അതില്‍ നിന്നുള്ള അവളുടെ രക്ഷപ്പെടലും വിവരിക്കുന്നു. നാലില്‍ അവള്‍ എത്തിച്ചേരുന്ന അഭയസ്ഥാനവും അഞ്ചില്‍ അവളുടെ തിരികെ വരവും വിവരിക്കുന്നു.



            ഒരു സാമൂഹ്യ ഉത്തരവാദിത്വമെന്ന കവിയുടെ ഭാരം കവിതയില്‍ പലയിടത്തും ഒളിഞ്ഞും തെളിഞ്ഞും ഉപമകളായും ഉപദേശങ്ങള്‍ ആയും കവി എടുത്തു പറയുകയും അവയെ സന്ദര്‍ഭത്തോട് ചേര്‍ത്ത് വയ്ക്കുകയും ചെയ്യുന്നുണ്ട്.



സ്വന്തം വീട് ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പമായ്

സ്വയം പരിത്യജിച്ചു ത്യാഗിയായ പെണ്ണിനെ

സ്വന്തം പ്രാണാനോളം സ്വന്തം മകള്‍ക്കൊപ്പം

സ്നേഹിക്കാനാവാത്തതിനെ പരാജയം



കപട സ്നേഹത്താല്‍ ചതിക്കരുതാരെയും

കപട വാക്കാല്‍ മോഹിപ്പിക്കരുതാരെയും

കപട മുഖം കണ്ടാല്‍ ഗ്രഹിച്ചിടുവാന്‍

കഴിയുന്നവരായി വളര്‍ന്നിടേണം



പൂര്‍ണ്ണമായും തള്ളണ്ട വേണ്ടത്  നല്കി

പുരുഷന്‍ മാതാപിതാക്കളെയുപേക്ഷിച്ച്

പൂര്‍ണമായി പറ്റിച്ചേരണം താന്‍ നാരിയോട്

പണിതിടാം നാകം എന്നാല്‍ ഈ ഭൂമിയില്‍



തുടങ്ങിയ ചില ചിന്തകളും ഉപദേശങ്ങളും കാഴ്ചപ്പാടുകളും ഉദാഹരണമായി പറയാന്‍ കഴിയും.


ഈ കാവ്യത്തിന്റെ കാലം ദേശം എന്നിവ എന്തുകൊണ്ടോ ആധുനിക സാംസ്കാരിക പുരോഗമന കാലത്തിന്റെ ഒരു വേദി ആയി കാണാന്‍ കഴിയുന്നില്ല. ഇതൊരു ഗ്രാമത്തിന്റെ കഥയായി പഴയകാലത്തിന്റെ കാഴ്ചയായി മാത്രമാണു കാണാന്‍ കഴിയുന്നത്. ആധുനികമായ കാഴ്ചപ്പാടുകളോ വീക്ഷണങ്ങളോ കവിതയില്‍ ദര്‍ശിക്കാന്‍ കഴിയുന്നില്ല എന്നൊരു നിരാശ വായനയില്‍ ഉണ്ടായി. ഉത്തമ കുലനാരിയുടെ ജീവിതവും ദര്‍ശനങ്ങളും ഗ്രാമീണ ജീവിതത്തില്‍ എങ്ങനെയായിരുന്നോ കണ്ടു വന്നിരുന്നത് അതിനെ അതുപോലെ ചിത്രീകരിക്കുകയായിരുന്നു എന്നു കാണാം. ഈ പുസ്തകം തയ്യാര്‍ ചെയ്യുമ്പോള്‍ ഇതിലൊരു ദീര്‍ഘവീക്ഷണം കൂടി കവിയില്‍ ഉണ്ടായിരുന്നതായി കരുതാന്‍ തക്കവണം ഭാഷകളെ അര്‍ത്ഥം നല്കി പുതിയകാല വായനക്കാരിലെ അറിവിനെ വികസിപ്പിക്കാന്‍ ഉള്ള ഒരു ശ്രമം എന്ന നിലയ്ക്ക് അവസാന പേജുകളില്‍ ഓരോ അധ്യായത്തെ ആയി തിരിച്ചു വാക്പരിചയം നടത്തിയത് ഒരു വിധത്തില്‍ ഭാഷാവിദ്യാര്‍ത്ഥികള്‍ക്കും കവിതാസ്വാദകരായ ആധുനിക മലയാളികള്‍ക്കും സഹായകമായിരിക്കും എന്നതില്‍ തര്‍ക്കമില്ല. പൊതുവേ വിദേശങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് ഇത് വളരെ സഹായകമായ ഒരു സംഗതിയാണ്.



            പുസ്തകത്തിലെ നന്മകള്‍ പോലെ തന്നെ അതിന്റെ പോരായ്മകളും നമുക്ക് പറയാതിരിക്കാന്‍ കഴിയില്ലല്ലോ. കവിതയുടെ ശൈലിയും രീതികളും അനുവര്‍ത്തിക്കാനും അവയെ ഉപയോഗപ്പെടുത്താനും ഉള്ള ശ്രമങ്ങള്‍ക്കിടയില്‍ പലയിടങ്ങളിലും ആശയക്കുഴപ്പം , അര്‍ത്ഥശങ്കകള്‍ എന്നിവയ്ക്കുള്ള ഒരുപാട് സാധ്യതകള്‍ കാണാം. ഫസ്റ്റ് പേര്‍സന്‍ സെക്കന്‍റ് പേര്‍സന്‍ വിദൂഷകന്‍ എന്നിവരുടെ റോളുകള്‍ പലപ്പോഴും കൂട്ടിക്കുഴക്കപ്പെടുന്നതിനാല്‍ ഇവിടെ ആരാണ് സംസാരിക്കുന്നതു എന്നതില്‍ ആശയക്കുഴപ്പം വായനക്കാര്‍ക്ക് സമ്മാനിക്കുന്നുണ്ട്. അതുപോലെ വാക്കുകള്‍ അളന്നുമുറിച്ച് അടുക്കിവയ്ക്കുന്ന ഒരു പ്രതീതി വായനയിലുടനീളം കാണാം. കവിതയുടെ കനിവും മധുരവും നുകരുന്നതില്‍ അതൊരു ദുസ്വാദായി തോന്നാം. പാരായണക്ഷമത ഉള്ള വരികള്‍ തന്നെയാണുള്ളത്. പാതി ചെത്തിമിനുക്കിയ ഒരു വജ്രമായി ഈ കവിയെ അടയാളപ്പെടുത്തുന്നു. പില്‍ക്കാലത്ത് ഒരുപക്ഷേ കാവ്യശാഖയില്‍ ഒരുപാട് നല്ല മികവും ഗുണവും ഉള്ള കവിതകള്‍ സമ്മാനിക്കാന്‍ കഴിയുന്ന നല്ലൊരു തിളങ്ങുന്ന വജ്രമായി മാറും എന്ന ശുഭപ്രതീക്ഷ വായന നല്കുന്നുണ്ട്. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല .

Thursday, May 29, 2025

കുന്താപുരത്തെ കടൽ........ഡോ. വള്ളിക്കാവ് മോഹൻദാസ്,

 
കുന്താപുരത്തെ കടൽ(കഥകൾ),
ഡോ. വള്ളിക്കാവ് മോഹൻദാസ്,
സാഹിത്യപ്രവർത്തകസഹകരണ സൊസൈറ്റി,
വില :120 രൂപ.


ലളിതമായ കഥകൾ വായിക്കാൻ കഴിയുന്നത് ഒരു സുഖാനുഭൂതിയാണ്. നമ്മുടെ സമയം ലാഭിക്കുക മാത്രമല്ല ചെയ്യുന്നത് ഒപ്പം തന്നെ വളരെ രസാവഹമായ ജീവിതാനുഭവങ്ങളെ നമുക്കവ സമ്മാനിക്കുക കൂടിച്ചെയ്യും. അതിനാലാകണം കഥകൾ പലപ്പോഴും ചെറിയതാണെങ്കിൽ വായനക്കാർ കൂടുന്നതിൻ്റെ ഒരു കാരണവും. ഡോ. വള്ളിക്കാവ് മോഹൻദാസിൻ്റെ പത്തുകഥകളാണ് കുന്താപുരത്തെ കടൽ എന്ന ഈ ചെറിയ പുസ്തകത്തിലുള്ളത്. വളരെ ലളിതമായി എന്നാൽ മനോഹരമായി പറഞ്ഞു പോകുന്ന കഥകൾ. ഭാഷയുടെ ലാളിത്യം മാത്രമല്ല കഥയെ മികച്ച താക്കുന്നത് അവയുടെ വ്യവഹാര തലങ്ങളുമാണ്. ജീവിതത്തിലെ നമ്മൾ കണ്ടിട്ടും കേട്ടിട്ടുമുള്ള കുറേ മനുഷ്യരെ ഒരു പുസ്തകത്തിൽ ഒതുക്കി എഴുത്തുകാരൻ വച്ചുനീട്ടുകയാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ നിറഞ്ഞു നില്ക്കുന്ന ഈ കഥകളും കഥാപാത്രങ്ങളും ഇന്നത്തെ മധ്യവയസ്കർക്കു വരെ മാത്രമാകും പരിചിതരെന്നു കരുതാം. എന്നാൽ അവയിപ്പോൾ പുതു തലമുറയും പരിചയപ്പെടും. അത്രമേൽ ഹൃദ്യമായി അവയെ കഥകളിലേക്ക് പറിച്ചു നടപ്പെട്ടിരിക്കുന്നു.

മാന്തളിർഗന്ധം എന്ന കഥയാണാദ്യം. നാട്ടിലെ, മെച്ചപ്പെട്ട ഒരു റൗഡിയും പണിക്കാരനും ആയിരുന്ന ഒരാൾ ഇഎംഎസിന്റെ പ്രസംഗം കേട്ടതോടെ മനുഷ്യനായി മാറിയ കഥയാണിത്. കുത്തും കോമയും ഇടങ്ങളിൽ വേണ്ടതുപോലെ ഉപയോഗിക്കാതിരുന്നത് മൂലം തമാശകൾ വായനയിൽ കല്ലുകടിയായെങ്കിലും തുടക്കം നല്ലതായിരുന്നു. മണ്ണും പ്രകൃതിയും മനുഷ്യനും ഒരു സ്വാഭാവിക ചോദന പോലെ കടന്നുവരുന്ന കാഴ്ച ഒടുവിൽ എത്തുമ്പോൾ വിപ്ലവം, ഇടതുപക്ഷം എന്നീ കാഴ്ചകളിലേക്ക് ചിന്തകളിലേക്കും പരിവർത്തനം ചെയ്യുന്നു കഥയിൽ. പാലമൂടുകാവിലെ അന്തേവാസികൾ ആയിരുന്നു അടുത്ത കഥ. ബ്രാഹ്മണ്യം തല ഉയർത്തി നിന്ന നാട്ടിൻപുറത്തിന്റെ അപചയ കാഴ്ചകളിലേക്കാണ് മുഴുത്ത മുലകളും കറുത്ത ദേഹവും 10 മക്കളുമായി അവൾ വന്നത്. ഒടുവിൽ പുറമ്പോക്കിൽ നിന്നും അവൾ ജനങ്ങളുടെ സ്വീകാര്യതയിലേക്ക് നടന്നു കയറുമ്പോൾ മകൾ നമ്പൂതിരിയെ കെട്ടി പുരോഗമന വിപ്ലവം പൂർണമാക്കിയ ഒരു കഥയായിരുന്നു അത്.
അടുത്ത കഥ ആനിമേഷൻ ചെയർ എന്നതായിരുന്നു. യാന്ത്രിക ലോകത്തിൻറെ ശുദ്ധ ജീവിതം വെളിപ്പെടുത്തുന്ന ഒരു കഥ. കലാകാരന്മാരുടെ ദാമ്പത്യജീവിതം എന്നും പരാജയങ്ങളുടെ ശവപ്പറമ്പ് ആയിരിക്കും എന്ന പൊതുബോധത്തിന് ശരിവെക്കുന്ന രണ്ടുപേരുടെ കഥയാണിത്. വിഭിന്ന വഴികളിൽ സഞ്ചരിച്ച ഒരു ഭർത്താവും ഭാര്യയും മകനും  തലമുറകളുടെ കാഴ്ചപ്പാടുകൾ കുടുംബ ബന്ധങ്ങളിൽ എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്നത്  ഈ കഥയിൽ അവതരിപ്പിക്കുന്നു. ശീലാവതിയുടെ അപൂർവ്വ രഹസ്യങ്ങൾ ആണ് അടുത്ത കഥ. പഴയകാല നാട്ടിൻപുറ ജീവിതങ്ങളുടെ കാഴ്ചകളെ എഴുത്തുകാരൻ പുനഃസൃഷ്ടിക്കുന്ന ലളിത കാഴ്ചകളാണ് ഈ കഥയിലെ മർമ്മം. തൂങ്ങിയാടുന്ന മുലകളുമായി വീട്ടുപണിക്കു വന്നിരുന്ന സമൂഹ കണ്ണുകളിലെ താഴ്ന്ന ജാതിക്കാരായ ചില മനുഷ്യരുടെ കഥയാണിത്. ആധുനിക കാലത്തിന് നഷ്ടവും കൗതുകവുമായ കാഴ്ച. അവർ വളർത്തിയ കുട്ടികൾ. അവർ പഠിപ്പിച്ച പാഠങ്ങൾ, പറഞ്ഞ കഥകൾ അവരുടെ മാർച്ചൂടിൽ വളർന്ന കുഞ്ഞുങ്ങൾ ഇന്നു വലുതായിരിക്കുന്നു. അവരുടെ മക്കളുടെ മക്കൾക്ക് ഇന്ന് കഥയറിയില്ല ജീവിതവും. സുറുമയെഴുതിയ നാത്തൂൻ എന്ന കഥ ഗ്രാമീണ ജീവിതത്തിലെ മറ്റൊരു കാഴ്ചയാണ്. ട്രാൻസ് ജീവിതം നയിക്കുന്ന ഒരു മനുഷ്യൻ്റെ കഥ മനുഷ്യത്വപരമായ ഒരു നല്ല പ്ലോട്ട് തന്നതോടെ ആ കഥ പാടെ മാറി. പതിവു ശീലുകളിൽ നിന്നും മാറി വളരെ മികച്ച ഒരു വായന തന്നു. കിളിമരം എന്ന കഥയും നല്ല കഥയായിരുന്നു. ഒറ്റപ്പെട്ട മനുഷ്യ ജീവിതങ്ങളുടെ ആത്മനൊമ്പരങ്ങളെ പറയാതെ കാട്ടിത്തന്ന ഒരു കഥ. വെള്ളിക്കോളാമ്പി എന്ന കഥയിലെ പശ്ചാത്തലം ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ രാത്രി മേളകളെ ഓർമ്മിപ്പിച്ചു. നർമ്മം കൂട്ടിക്കലർത്തിയ ഒന്നാണെങ്കിലും ഉദരനിമിത്തം ബഹുകൃതവേഷം എന്ന തത്വത്തിലൂന്നി കഥയെ വഴി നടത്തുന്നത് കാണാനാവുന്നുണ്ടായിരുന്നു.  ടൈറ്റിൽ കഥയായ കുന്താപുരത്തെ കടൽ കേരളം വിട്ട് കർണാടകത്തിൽ വച്ചാണ് സംഭവിച്ചിരിക്കുന്നത്. സംഗീതം ഇതിവൃത്തമായ ഇക്കഥയിൽ ശുദ്ധസംഗീതവും ആധുനിക സംഗീതവും തമ്മിലുള്ള അമേയമായ ആലിംഗനം കാണാം. നന്നായി വിഷയം പഠിച്ചെഴുതിയ ഒരു കഥ ആയിരുന്നു. നല്ല വായന സുഖം നല്കി. സൈക്കിൾ എന്ന കഥ പതിവുപോലെ ഗ്രാമ പശ്ചാത്തലം തന്നെ. പഴയ ഓർമ്മകളിലെ സൈക്കിൾ യജ്ഞക്കാരുടെ ജീവിതത്തിൽ നിന്നും ഒരേട്. സാധാരണ കേൾക്കുന്ന ക്ലീഷേകൾക്കപ്പുറം വ്യത്യസ്ഥതയുള്ള ജീവിതകഥ. ദയാസഞ്ചാരമെന്ന അവസാന കഥ ഒരു രാത്രികാലട്രെയിൻ യാത്രയുടെ ഭംഗിയും ഭയവും ഗന്ധവും വ്യക്തമായി അനുഭവപ്പെടുത്തിയ കഥയായിരുന്നു. ചില മനുഷ്യർ നാം കരുതുന്നത് പോലെ വെറും ചീഞ്ഞ മനുഷ്യരല്ല എന്ന ചൂണ്ടിക്കാട്ടൽ കൂടിയായിരുന്നു ആ കഥയുടെ സാരം.
ഇടതുപക്ഷ ചിന്താഗതിയുമായി അടുത്തു നില്ക്കുന്ന ഒരാൾ എന്ന കാഴ്ച നല്കിയ ആദ്യ രണ്ടു കഥകൾക്കു ശേഷം കഥാകാരൻ തൻ്റെ യാത്ര നഗരത്തിലേക്കും പൊടുന്നനെ ഗ്രാമീണാന്തരീക്ഷത്തിലേക്കും മാറ്റിയപ്പോൾ വ്യത്യസ്തമായ രുചി ഭേദങ്ങൾ അനുഭവിച്ചറിയാൻ കഴിഞ്ഞു എന്നതാണീ പുസ്തകം നല്കിയ വായനാനുഭവം. കൂടുതൽ വായനകൾ അർഹിക്കുന്ന ഒരെഴുത്തുകാരൻ്റെ കൈയ്യൊപ്പുപതിഞ്ഞു കിടക്കുന്ന ഈ പുസ്തകം കുറേയേറെ വായിക്കപ്പെടട്ടെ എന്നാശംസിക്കുന്നു. സസ്നേഹം ബി.ജി.എൻ വർക്കല

Monday, May 19, 2025

നശാ........ നിഷ നാരായണൻ

നശാ (കവിതകള്‍ )
നിഷാ നാരായണന്‍ 
പുസ്തക പ്രസാധക സംഘം 
വില :100 രൂപ


കവിയവൾ - സ്നേഹമുള്ളവൾ, ഞങ്ങളെ
എഴുതിക്കൊണ്ടേയിരിക്കുന്നു.
കവിയവൾ - ഭാഷയുള്ളവൾ,
അവരെഴുതിക്കൊണ്ടേയിരിക്കുന്നു." (അവൾ )

കവിതകളുടെ വായന എന്നത് ഒരു അനുഭൂതിയാകുന്നത് വ്യത്യസ്ഥത സ്പര്‍ശിക്കുമ്പോഴാണ് . കവിതകളുടെ രൂപഭാവങ്ങളെ , പരമ്പരാഗതകളെ ഒക്കെ കീഴ്മേല്‍ മറിക്കുന്ന പരീക്ഷണങ്ങളുടെ കാലമാണിത് . അതിനാല്‍ത്തന്നെ കവിതകളെ സമീപിക്കുന്നവര്‍ അല്പം ശ്രദ്ധ വായനയില്‍ കൊടുത്തില്ലെങ്കില്‍ കവിത അവരെ ബലാല്‍ഭോഗം ചെയ്യുകയും മോഹാലസ്യത്തില്‍ അകപ്പെടുത്തുകയും ചെയ്യും. വികാരങ്ങളെ ജനിപ്പിക്കുക , അനുഭവിപ്പിക്കുക , ആനന്ദിപ്പിക്കുക ഇവയൊക്കെ കവിതകളുടെ സ്ഥായിയായ ധര്‍മ്മമായി കാണണം. അതിനാലാണ് കവിതകള്‍ വായിക്കുമ്പോള്‍ പലപ്പോഴും ആസ്വാദകര്‍ കവിയെ പ്രണയിക്കുകയോ കവിയുടെ ആരാധകര്‍ ആയി മാറുകയോ ഒക്കെ ചെയ്യുന്നത് . നിര്‍ഭാഗ്യവശാല്‍ അത്തരം കവികള്‍ ഇന്ന് വളരെ ദുര്‍ലഭമാണ്. നമുക്കിപ്പോഴും പാശ്ചാത്യരെ നോക്കി ഇരിക്കാനാണ് ആ കാര്യത്തില്‍ താത്പര്യവും അനുഭവവും. ഷെല്ലി കീത്ത് , ഇബ്സന്‍ , നെരൂദ , സില്‍വിയ പ്ലാത് ,റൂമീ തുടങ്ങിയ കുറച്ചു ഐക്കണുകള്‍ അല്ലാതെ നമുക്ക് എന്താണ് കൂട്ട് . മലയാളത്തില്‍ മാധവിക്കുട്ടിയും ബാലചന്ദ്രന്‍ ചുള്ളിക്കാടും ഇത്തരം പ്രണയവും ആരാധനയും ആവോളം ആസ്വദിക്കാന്‍ കഴിഞ്ഞവര്‍ ആണെന്നത് മറച്ചു വയ്ക്കുന്നില്ല. ഓണ്‍ലൈന്‍ കവികളിലേക്ക് വരികയാണെങ്കില്‍ അഥവാ സോഷ്യല്‍മീഡിയ കവികളിലേക്ക് വരികയാണെങ്കില്‍ ഇവിടെ കാട്ടിക്കൂട്ടലുകളുടെ അയ്യരുകളിയാണെന്ന്  മാത്രം പറയാം. മുലയെന്നോ യോനിയെന്നോ ലിംഗമെന്നോ എഴുതുന്നവളും രതിയെ പറയുന്നവളും, അതുപോലെ രാഷ്ട്രീയമെഴുതുന്നവനും സ്ത്രീ വര്‍ണ്ണനയോ രതിയോ പ്രണയമോ എഴുതുന്നവനും  മഹാകവികള്‍ എന്നു പറയുന്ന ഒരു സമൂഹമാണത്. നിമിഷ കവിതകള്‍ ആണ് ഇന്ന് സംഭവിക്കുന്നത് . ഒന്നു വായിച്ചു ഒന്നു കേട്ടു ഒന്നു ആസ്വദിച്ച് മറന്നു പോകാന്‍ വിധിക്കപ്പെട്ട കവിതകള്‍ . വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണു ഇതില്‍ നിന്നും രക്ഷപ്പെട്ടു പോകുക . അവരുടെ വരികള്‍ ചിലപ്പോള്‍ ചിലരെങ്കിലും ഓര്‍മ്മയില്‍ കരുതിവയ്ക്കുകയോ കുറിച്ചു വയ്ക്കുകയോ ചെയ്യാന്‍ തക്കവണ്ണം കാമ്പുള്ള , രസാവഹമായ സ്മരണകള്‍ ആകുന്നതിനാലാണത്. 
കൂട്ടത്തില്‍ ഭേദപ്പെട്ടവയെ വായിക്കുക എന്നത് മാത്രമാണു കരണീയമായുള്ളത് . അതിനാല്‍ത്തന്നെ വ്യത്യസ്ഥമായ വായനകളെ ഓര്‍ത്തു വയ്ക്കേണ്ടതുണ്ട് . ഇത്രയും പറഞ്ഞത് നിഷാ നാരായണന്റെ നശാ എന്ന കവിത പുസ്തകത്തെ വായിച്ചത് അടയാളപ്പെടുത്താന്‍ വേണ്ടിയാണ്. സോഷ്യല്‍ മീഡിയകളില്‍ എഴുതുന്ന കവികളില്‍ അകത്തും പുറത്തും അറിയപ്പെടുന്ന ചുരുക്കം എഴുത്തുകാരില്‍ ഒരാള്‍ ആണ് നിഷാ നാരായണന്‍. അധ്യാപികയായ ഈ കവി , പൊതുവേദികളില്‍ ഒക്കെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടു അധികകാലമാകുന്നില്ല . പ്രസാധകര്‍ ഇല്ലാതെ സ്വന്തം പുസ്തകം സ്വയം പ്രസിദ്ധീകരിച്ചുകൊണ്ടു ശ്രദ്ധാ കേന്ദ്രമായി മാറിയ ഒരാള്‍ കൂടിയാണ് നിഷാ നാരായണന്‍. നശാ എന്ന കവിത പുസ്തകത്തിലെ 21 കവിതകളെ സമീപിക്കുമ്പോള്‍ , നിഷാ നാരായണന്‍ എന്ന കവിയുടെ വ്യാപ്തി മനസ്സിലാക്കാന്‍ എളുപ്പം സാധിക്കുന്നതാണ്. കാരണം നിഷയുടെ കവിതകള്‍ വായിക്കുമ്പോള്‍ ഇത് ഒരു മലയാളം കവിതയാണോ കവി മലയാളി തന്നെയാണോ ഇതൊരു ആംഗലേയ കവിതകളുടെ മൊഴിമാറ്റങ്ങള്‍ ആണോ എന്നൊക്കെ സംശയം തോന്നിപ്പിക്കുന്ന വിധത്തില്‍ കവിതയുടെ രൂപ ഭാവങ്ങളെ കാല ദേശങ്ങളെ ഭിന്നിപ്പിച്ചു കൊരുത്ത് വച്ചിരിക്കുന്നന്തായി കാണാം. 
സാധാരണ നാം കാണുന്ന കവിതകളും, എഴുത്തുകാരും തങ്ങളുടെ ഭൂമികയില്‍ നിന്നുകൊണ്ടുള്ള ഉപമാലങ്കാരങ്ങളില്‍ വിരാജിക്കുക എന്നതാണല്ലോ. നിഷ ഇവിടെ തന്റെ പാദങ്ങൾ മാറ്റി സ്ഥാപിക്കുന്നു. ആഗോളതലത്തില്‍ ഒരു വിശാല കാഴ്ചപ്പാടും ചിന്തയും ആലേഖന രീതിയും നിഷ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇത് പരന്ന വായനയുടെയും കാവ്യാഖ്യാന ശൈലി കരഗതമാക്കിയ അറിവിന്റെയും ഒരു തെളിവായി കാണാം. ചിലപ്പോഴൊക്കെ മാധവിക്കുട്ടിയെയും , ചുള്ളിക്കാടിനെയും അനുസ്മരിപ്പിക്കുന്ന രചനാ വൈശിഷ്ട്യത്തോടെ നിഷ കവിതകള്‍ എഴുതുമ്പോൾ അത് വായനയെ ഒരു മിസ്റ്റിക് കാഴ്ചപ്പാടില്‍ ജ്വലിപ്പിക്കുന്നതായി കാണാന്‍ കഴിയും.  ചിലപ്പോള്‍ ചുള്ളിക്കാടിന്റെ ഭൂതം ബാധിച്ചുവോ നിഷയെ എന്നു തോന്നിപ്പിക്കാതെയിരിക്കുന്നില്ല. പ്രണയമായാലും ജീവിതമായാലും രാഷ്ട്രീയമായാലും അതിനെ അവതരിപ്പിക്കുന്ന രീതിയാണ് ഓരോ എഴുത്തുകാരെയും വേറിട്ട ഒരു തലത്തിലേക്ക് ഉയര്‍ത്തുകയും പ്രതിഷ്ഠിക്കുകയും ചെയ്യുന്നത്. നിഷയുടെ കവിതകളുടെ വായനകള്‍ ഒരിയ്ക്കലും ഒറ്റ വായനയില്‍ നിന്നും ഉള്‍ക്കൊണ്ട് പോകാന്‍ കഴിയുന്നവ ആണെന്ന് കരുതുന്നില്ല. അതിനെ സമീപിക്കുമ്പോഴൊക്കെ ആദ്യവായനയില്‍ നിന്നും അകന്നു പോകുന്ന പുതിയ ചിന്തകളെ സൃഷ്ടിക്കാറുണ്ട് എന്നു കാണാം. ഇത് കവിതയിലെ മാജിക്കല്‍ റിയലിസം എന്ന സംഗതിയോട് ചേര്‍ത്തു വായിക്കാന്‍ ആണ് ഇഷ്ടം. ആ ഒരു കയ്യടക്കവും മാന്ത്രികതയും നിഷ തന്റെ കവിതകള്‍ക്കുളില്‍ സന്നിവേശിപ്പിച്ചു കാണുന്നു. 
ഇരുത്തം വന്ന ചുരുക്കം കവികളേ ഇന്ന് സോഷ്യല്‍ മീഡിയയില്‍ കാണാന്‍ കഴിയൂ. അവരിലെ ലിംഗ വ്യത്യാസം എടുത്തു പറഞ്ഞുകൊണ്ടു ഒരു ക്രോഡീകരണം എന്തായാലും നടത്താന്‍ ഉദ്ദേശിക്കുന്നില്ല . കാരണം കാലകാലങ്ങളായി പറഞ്ഞുവരുന്ന ഒരു സംഗതിയാണ് എഴുത്തിലെ ലിംഗ വിഭജനവും അതിലെ അസമത്വവും. ഇവയൊക്കെ പഴയ കാര്യങ്ങള്‍ ആയതിനാല്‍ ഇന്നത് ഒരു ചര്‍ച്ചാ വിഷയമായി കാണുന്നതില്‍ അര്‍ത്ഥമില്ല. ഇന്ന് കരസ്ഥമാക്കിയ ഇടങ്ങള്‍ , കഴിവിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ഈ ലിംഗ വിഭജന ചര്‍ച്ചകള്‍ വെറും വാചോടോപങ്ങള്‍ മാത്രമാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നതിനാല്‍ ആ ഭാഗത്തേക്ക് പോകുന്നില്ല. മലയാള സാഹിത്യത്തിന് അഭിമാനിക്കാവുന്ന ചുരുക്കം പുതുകാല എഴുത്തുകാര്‍ വളര്‍ന്ന് വരുന്നുണ്ട്. അവരെ അംഗീകരിക്കാന്‍ വായനക്കാര്‍ തയ്യാറായാല്‍ മതിയാകും. കോക്കസുകളില്‍ കുരുങ്ങിക്കിടന്ന് തുറന്നെഴുതുന്നവനും തുറന്നെഴുതുന്നവളും ആണ് കവി എന്നു വായ്പ്പാട്ട് പാടാതെ എഴുതുന്നതിലെ തുറന്നെഴുത്തുകള്‍ ആ വരികളെ എങ്ങനെ നിങ്ങൾക്ക് അനുഭവവേദ്യമാക്കുന്നു ,നിങ്ങളില്‍ വികാരങ്ങള്‍ ജനിപ്പിക്കുന്നു. എങ്ങനെ അവ സ്വീകരിക്കപ്പെടുന്നു എന്നു മനസ്സിലാക്കി , മാറ്റങ്ങളെ മനസ്സിലാക്കി അവയെ അംഗീകരിക്കുകയാണ് വേണ്ടത്. എഴുത്താളിയെ നോക്കാതെ എഴുത്തിനെ നോക്കി എന്നാണോ ആസ്വാദകര്‍ രചനകളെ വിലയിരുത്തുക അന്നേ ഈ പറയുന്ന അംഗീകാരങ്ങള്‍ ലഭിക്കുകയുള്ളൂ . അതിലേക്കു വായനക്കാരും വികാസം പ്രാപിക്കേണ്ടതുണ്ട് എന്നു മാത്രം, 
നിഷയുടെ കവിതകള്‍ നല്ല വായനാസുഖം നല്കി എന്ന സന്തോഷം പങ്കിടുന്നു. 
" പാൽക്കടൽത്തിര തള്ളിയേറി-
വരുന്ന പോലെ പദങ്ങളെൻ
നാവിലിങ്ങനെ നൃത്തമാണൊരു
ഭോഷ്ക് ചൊല്ലുകയല്ല ഞാൻ ." എന്ന വരികൾ അന്വർത്ഥമാക്കാൻ നിഷക്ക് കഴിയട്ടെ. 
കൂടുതല്‍ കൂടുതൽ കവിതകള്‍ കാവ്യാസ്വദകർക്ക് സമ്മാനിക്കാൻ  നിഷയ്ക്ക് കഴിയുമെന്ന വിശാസത്തോടെ പ്രതീക്ഷയോടെ ആശംസകള്‍ . ബി.ജി.എന്‍ വര്‍ക്കല

Sunday, February 2, 2025

കനല്‍പ്പെണ്ണ്.....................സരസ്വതി . എസ്

കനല്‍പ്പെണ്ണ് (കവിതകള്‍)
സരസ്വതി . എസ് 
ചിന്ത പബ്ലിക്കേഷന്‍സ് 
വില : 160 രൂപ 


“എന്നിട്ടുമെന്തെന്‍റെ ജീവിതാന്ത്യത്തിലെന്‍
പൊള്ളുന്ന നെറ്റിയിൽ ഉമ്മ വയ്ക്കാൻ വന്നു. 
കാവ്യലോകത്തിന്‍ കെടാവിളക്കിലായൊ-
രുതുള്ളി നെയ് ഞാനുമർപ്പിച്ചു കൊള്ളട്ടെ” (മൊഴിയാഴി)
 

ഇന്ന് ഞാൻ വായിക്കാൻ എടുത്തത് ശ്രീമതി സരസ്വതി എസ് എഴുതിയ കവിത പുസ്തകമാണ്. “കനൽപ്പെണ്ണ്” എന്നാണ് ഈ പുസ്തകത്തിൻറെ പേര്. ഇത് പബ്ലിഷ് ചെയ്തത് ചിന്ത പബ്ലിക്കേഷൻസ് ആണ്. 
മൊത്തം 56 കവിതകളാണ് ഈ പുസ്തകത്തില്‍ നമുക്ക് വായിക്കാൻ കഴിയുക. ഈ 56 കവിതകൾ രാഷ്ട്രീയപരമായും സാമൂഹ്യപരമായും ഉള്ള കാഴ്ചപ്പാടുകൾ, പ്രണയം ജീവിതം എന്നിവയുടെ അടയാളപ്പെടുത്തലുകൾ, കവിതയിലേക്കുള്ള കടന്നുവരവിന്, കവിത എങ്ങനെ തന്നിലേക്ക് ആഴ്ന്നിറങ്ങുന്നുവെന്നത്, കവിത എങ്ങനെ തന്നെ സ്വാധീനിക്കുന്നു എന്നുള്ള കണ്ടെത്തലുകള്‍, ഒരു സ്ത്രീ എന്താണെന്നുള്ള കാഴ്ചപ്പാടുകളും,സ്ത്രീയുടെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തുടങ്ങിയവയുടെയൊക്കെ സമ്മിശ്ര കാഴ്ചകള്‍ ആണ് .

ഓരോന്നായി എടുത്തു നോക്കുകയാണെങ്കില്‍, രാഷ്ട്രീയപരമായ കാഴ്ചകൾ എന്ന് പറയുമ്പോൾ പ്രധാനമായും ഇടതുപക്ഷ രാഷ്ട്രീയ സ്വഭാവവും കാഴ്ചപ്പാടുകളും നിറഞ്ഞ വരികളും സൂചനകളും മറ്റും അടങ്ങിയതാണ് രാഷ്ട്രീയ കവിതകള്‍ എന്നു പരാമര്‍ശിച്ചവ. അതിൽ വിപ്ലവകാവ്യങ്ങൾ പോലെ വായിച്ചുപോകാവുന്നതുമുണ്ട്. അഭിമന്യുവിനെ പോലെയുള്ള രക്തസാക്ഷികളെക്കുറിച്ച് ഓർമിക്കുന്നുണ്ട്. വിപ്ലവം ഒടുവിൽ ഇന്നത്തെ നിലയിൽ എത്തി നിൽക്കുമ്പോൾ ഇനി എന്ത് എന്നുള്ള തോന്നലുകൾ ഉണ്ട്. ഇങ്ങനെ കുറേ കാര്യങ്ങളാണ് രാഷ്ട്രീയപരമായ കവിതകളിൽ നമുക്ക് വായിച്ചെടുക്കാൻ കഴിയുന്നത്. സാമൂഹ്യപരമായ കവിതകൾ എന്ന് പറയുമ്പോൾ ‘കൂനന്‍പറമ്പിലെ ഉറുമ്പുകൾ’എന്ന കവിതയില്‍  ജനാധിപത്യത്തിൻറെ നാലാം തൂണുകളെ പരിഹസിക്കുന്നതുപോലെ  പല എഴുത്തുകളും ഇതിനകത്ത് നമുക്ക് കാണാൻ കഴിയും. ചെറുതും വലുതുമായ പല എഴുത്തുകൾ. അതിൽ നിന്നും മുന്നോട്ടു നടക്കുമ്പോൾ നമുക്ക് കവിതകളില്‍ കാണാവുന്ന മറ്റൊന്ന് സ്ത്രീകളുടെ ജീവിതം അടയാളപ്പെടുത്തലാണ്. അത് ‘നഗരത്തിലെ അമ്മയെ’ ആയ്ക്കോട്ടെ ‘അടുക്കളയിലെ പെണ്ണി'നെ ആയ്ക്കോട്ടെ, അവയെ അടയാളപ്പെടുത്തുമ്പോൾ അവയുടെ ആഴങ്ങളിലേക്കിറങ്ങി ചെന്ന് അവയെ മനസ്സിലാക്കുകയും അവ അടയാളപ്പെടുത്തുകയും ചെയ്യാനുള്ള ശ്രമങ്ങളാണവയിലൊക്കെയും നമുക്ക് കാണാൻ കഴിയുന്നത്. മറ്റൊരു വിധം കവിതകൾ എന്ന് പറയുന്നത് പ്രധാനമായും പ്രണയത്തെയാണ് അടയാളപ്പെടുത്തുന്നത്. പ്രണയം എന്ന് പറയുമ്പോൾ ഈ പ്രണയം പലപ്പോഴും പങ്കുവയ്ക്കാനുള്ളതോ അല്ലെങ്കിൽ വിതരണത്തിനുള്ളതോ ആയ ഒരു തലത്തിൽ ആണല്ലോ എഴുത്തുകളില്‍ കാണാറുള്ളത് . എന്നാല്‍ ഇവിടെ അങ്ങനെയല്ല മറിച്ച് പ്രണയത്തിൻറെ അന്തഃസത്തയെ ഉൾക്കൊണ്ടുകൊണ്ട് വൈകി വരുന്ന പ്രണയത്തെയും പ്രണയത്തെ സ്വീകരിക്കാൻ കഴിയാതെ നിൽക്കുന്ന ചിന്താഗതികളെയും, പ്രണയം എന്നാൽ ആ പ്രണയത്തിൻറെ വഴികാട്ടിയായി മുന്നിൽ നടക്കാനുള്ള തണലായി മുന്നേ നടക്കാനുള്ള ത്വരകളും, അതുപോലെ യാഥാസ്ഥിക കാഴ്ചപ്പാടുകളില്‍ ജീവിക്കുന്ന കീഴ്പ്പെട്ടു നില്ക്കാൻ ശ്രമിക്കുന്ന സ്ത്രീയുടെ ചിന്തകളും ഒക്കെയാണ് ഈ പ്രണയ കവിതകളിൽ വരുന്നത് എന്നു വായിക്കാം. ഇനി മറ്റൊരുതരം കവിതകൾ എന്ന് പറഞ്ഞവ എന്തുകൊണ്ട് അല്ലെങ്കില്‍ എങ്ങനെയാണ് കവിതകള്‍ തന്നെ സ്വാധീനിക്കുന്നതെന്നും തന്റെ ആത്മാവിനെ ഈ കവിതയിലേക്ക് എങ്ങനെയാണ് സന്നിവേശിപ്പിക്കുന്നത് എന്നും കവിതയിലൂടെ എന്താണ് തനിക്ക് പറയാനും അറിക്കുവാനും ഉള്ളതെന്ന് പറയാന്‍ ശ്രമിക്കുന്ന കുറെ കവിതകളാണ് . ഇവയൊക്കെ ചേർന്ന 56 കവിതകളാണ് ഈ പുസ്തകം നമുക്ക് സമ്മാനിക്കുന്നത്. 

ഈ കവിതകളെല്ലാം തന്നെ വളരെ മഹത്തരമാണെന്നും എല്ലാം പാരായണക്ഷമതയോടുകൂടി വായിക്കാൻ കഴിയുന്നവയാണെന്നോ എല്ലാം കാമ്പും കാതലും ഉള്ളവ ആണെന്നോ ഉള്ള അഭിപ്രായം എനിക്കില്ല. എങ്കിൽക്കൂടിയും ചില കവിതകൾ ഒക്കെ വളരെ മനോഹരമാണ്. അത് നമ്മെ ചിന്തിപ്പിക്കുന്ന തലത്തില്‍ ഉപയോഗിക്കാൻ കവിക്ക് കഴിഞ്ഞിട്ടുമുണ്ട്. എന്നാൽ മറ്റുള്ള കവിതകൾക്കൊപ്പം വച്ചുനോക്കുമ്പോൾ എല്ലാം ഈ പറഞ്ഞ തലത്തില്‍ എത്തിയിട്ടില്ല എന്നുള്ളതുകൊണ്ട് മാത്രം ഈ പുസ്തകം ഉത്തമമായ ഒരു വളരെ മനോഹരമായ ഒരു സംഗതിയായി എടുത്തു പറഞ്ഞു കൊണ്ട് അവസാനിപ്പിക്കാൻ കഴിയില്ല. തെറ്റുകള്‍ ഇല്ലാത്ത ഒന്നുംതന്നെ ഇല്ലല്ലോ അതുകൊണ്ട് കവിതകൾ സംവദിക്കുന്നത് ഹൃദയത്തോടു കൂടിയായതിനാല്‍ കവിതകൾ എഴുതുന്ന മനസ്സും എഴുതുന്ന ആൾ പറയാന്‍ ശ്രമിക്കുന്ന സന്ദേശങ്ങളും വായനക്കാരിലേക്ക് എങ്ങനെ എത്തിക്കാന്‍ കഴിയുന്നു, എത്രത്തോളം  നിഗൂഢതകളില്ലാതെ അവയെ വായനക്കാരന് ഗ്രാഹ്യമാക്കാന്‍ കഴിയുന്നു എന്നുള്ളവ അനുസരിച്ചിരിക്കും ഓരോ കവിതയും വായനക്കാർ സ്വീകരിക്കുക.  എന്തുകൊണ്ടാണ് പഴയ കാല കവിതകളും പുതിയകാല കവിതകളും തമ്മിൽ ഒരു അന്തരം നിലനില്‍ക്കുന്നു? പുതിയ കവിതകൾ എന്തുകൊണ്ടാണ് വായനക്കാരൻ ഒരു വട്ടം വായിച്ചു മറന്നു പോകുന്നതെന്നത് ചിന്തിക്കുകയാണെങ്കില്‍ ആ ഉത്തരത്തിലടങ്ങിയിരിക്കുന്ന ഒരു സംഗതിയാണ് ഞാനീ പറഞ്ഞ വായനക്കാരനോട് എഴുത്തുകാരനും പറയാനുള്ളത് എന്താണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കാൻ കഴിയാതെ പോകുന്നത് എന്ന സംഗതി.  ഇവിടെ സരസ്വതിയുടെ ചില  കവിതകളിലും ഇത്തരം പോരായ്മകള്‍ കാണാൻ കഴിയുന്നുണ്ട്. എങ്കിൽക്കൂടിയും കുറെയൊക്കെ കവിതകൾ നമ്മളെ വായിക്കാന്‍ പ്രേരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ് എന്നത് എടുത്തു പറയാം. കവിതകളുടെ മൊത്തത്തിലുള്ള ഒരു അഭിപ്രായം പറഞ്ഞു നോക്കുകയാണെങ്കില്‍ ഒരു മോശമില്ലാത്ത വായന നമുക്ക് സമ്മാനിക്കുന്ന പുസ്തകമാണ് ഇത് എന്ന് പറയാം.

“മഴനീര്‍ക്കിളികളെ! നിങ്ങളെ 
മൗനത്തിന്‍ നൊമ്പരക്കൂട്ടിലടക്കാം 
മതിയെ മയക്കും കഥകൾ ചൊല്ലി 
മതിയാവോളം തളച്ചിടാമല്ലോ”
ഇത് മൊഴിയുറുമി എന്ന കവിതയിലെ നാലു വരികളാണ്. 

മറ്റൊന്ന് 

“എന്നിലെന്നൊക്കെ മൗനങ്ങൾ പൂക്കുന്നോ 
വാക്കിനാലെന്‍റെ കണ്ഠവും തേങ്ങുന്നോ
അന്നുമാത്രമെന്‍ വിരൽത്തുമ്പിലെത്തി 
പൊൻ നിലാവിന്‍റെ വരികളാകുന്നു നീ.” 
കാവ്യം എന്ന കവിതയിലെ ചില വരികൾ 

“അറിവ് നല്ലൊരുറവയായി 
ആഴ്ന്നിറങ്ങണമിവരിലും 
അതിന് നമ്മിൽ സന്മനസ്സും 
അലിവുമൊന്നായി ചേരണം” 
അകംപൊരുള്‍ എന്ന കവിതയിലെ ചില വരികള്‍ . 

ഇങ്ങനെ മൊത്തം കവിതകൾ നോക്കുമ്പോള്‍ അതിനകത്ത് ചില കവിതകളിൽ നിന്നും ചില വരികൾ മാത്രം നമ്മെ ആകർഷിക്കുകയും മറ്റുള്ളത് അതിനു മുമ്പും പിമ്പുമുള്ള വരികളൊക്കെയും നഷ്ടമാകുകയോ ആശയഭ്രംശം സംഭവിക്കുകയോ ഒക്കെ ചെയ്യുന്ന ചില സംഗതികൾ കവിതകളിൽ നമുക്ക് ദര്‍ശിക്കാന്‍ കഴിയും എന്ന ആധുനിക കവിതകളിലെ പ്രശ്നം ഇവിടെ സരസ്വതിയുടെ കവിതകളിലും നമുക്ക് കാണാൻ കഴിയും. മൊത്തത്തിൽ ഒരു ഭേദപ്പെട്ട വായനാ സന്തോഷം നൽകിയ ഈ പുസ്തകത്തിനു എല്ലാ ആശംസകളും നേരുന്നു. കൂടുതല്‍ കവിതകള്‍ ഈ തൂലികയില്‍ നിന്നും പിറക്കട്ടെ എന്നും , മലയാള കവിതാ സാഹിത്യ മേഖലയില്‍ അറിയപ്പെടുന്ന ഒരാള്‍ ആകാന്‍ കഴിയട്ടെ എന്നും ആഗ്രഹിക്കുന്നു. സർക്കാര്‍ ജോലിയില്‍ നിന്നും വിരമിച്ച, സംസ്കൃത ഭാഷയില്‍ പ്രാവീണ്യമുള്ള കവയിത്രിക്ക് മലയാളകവിതയില്‍ ഒരുപാട് സമ്മാനിക്കാന്‍ കഴിയുക തന്നെ ചെയ്യും എന്നതില്‍ സംശയമില്ല. ഇത് സരസ്വതിയുടെ രണ്ടാമത്തെ കവിത പുസ്തകം ആണ്. എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് മേന്മയും വര്‍ദ്ധിക്കും എന്ന ശുഭപ്രതീക്ഷയോടെ ബി.ജി.എന്‍ വര്‍ക്കല

Saturday, January 25, 2025

അമ്ലം................ സിതാര

 

അമ്ലം (കഥകള്‍)

സിതാര

ഡിസി ബുക്സ്

വില 199 രൂപ

 

 

11 കഥകൾ അടങ്ങിയ സമാഹാരമാണ് അമ്ലം എന്ന ഈ പുസ്തകം. സിതാര. എസ്, മലയാള സാഹിത്യത്തിൽ വളരെ നല്ലൊരു സ്ഥാനം അർഹിക്കുന്ന എഴുത്തുകാരി ആയിട്ടാണ് ഈ പുസ്തകം വായിക്കുമ്പോൾ മനസ്സിലാകുന്നത് . ജീവിതത്തിൻറെ എല്ലാ മേഖലകളിലും പരാജയപ്പെട്ടു പോകുന്ന അതല്ലങ്കിൽ എങ്ങും എത്തപ്പെടാൻ കഴിയാതെ പോകുന്ന മനുഷ്യരുടെ പ്രത്യേകിച്ചും സ്ത്രീകളുടെ വികാരവിചാരങ്ങളെ വളരെ ആഴത്തിൽ സമീപിക്കാനും അവയെ അടയാളപ്പെടുത്താനും ഈ എഴുത്തുകാരിയുടെ രചനകൾ സഹായിക്കുന്നുവെന്ന് തോന്നിപ്പോകുന്ന വായനകൾ ആണ് കഥകൾ ഒക്കെയും പങ്കു വെക്കുന്നത്. പ്രതികരിക്കാൻ ആകാതെ പോകുന്ന നിസ്സഹായമായ അവസ്ഥകളെയും നിരാലംബം  എന്ന് കരുതുന്ന പല ഘടകങ്ങളെയും എങ്ങനെ അഭിമുഖീകരിക്കപ്പെടുന്നു എന്ന വസ്തുതയെ എഴുത്തുകാരി ഇവിടെ പറയാൻ ശ്രമിക്കുന്നുണ്ട് തൻറെ കഥാപാത്രങ്ങളിലൂടെ.

 

ആദ്യത്തെ കഥയായ “മറ”, ഭർത്താവ് മരണപ്പെട്ടാൽ നാലുമാസവും പത്ത് ദിവസവും ഒരു മുറിയിൽ ഒറ്റയ്ക്ക് യാതൊരു ആഡംബരങ്ങളും ഇല്ലാതെ ഭാര്യ ഇരിക്കണമെന്ന് ഇസ്ലാം മതവിശ്വാസത്തിന് പിടിയിൽ പെട്ടുപോയ ഹമീദയുടെ ഇരുട്ടിലേക്ക് കടന്നുവരുന്ന പ്രിയപ്പെട്ട കൂട്ടുകാരനും ഭാര്യയും ഒച്ചപ്പാടുകളുടെയും അതിശയോക്തികളുടെയും നടുക്ക് കൂടി അവർക്കൊപ്പം അൽപനേരം കാറ്റുകൊള്ളാൻ പുറത്തിറങ്ങുന്ന കാഴ്ചയെ വളരെ മനോഹരമായി പറയുന്നു ഈ കഥയിൽ. മനസ്സിലാക്കലുകളുടെ രസതന്ത്രം, സ്നേഹത്തെയും വിശ്വാസത്തെയും സൗഹൃദത്തെയും കുറിച്ചുള്ള വർണ്ണ മനോഹരമായ കാഴ്ച നൽകുന്ന ഒരു കഥയായിരുന്നു ഇത് .

“അവളും ഞാനും” ,സ്ത്രീകളെ പ്രണയ ഭാവം നടിച്ചു കിടക്കയിലേക്ക് എത്തിക്കുന്ന ഒരുവന്റ്റെയും അവന്റെ പെണ്ണുങ്ങളുടെയും കതയായിരുന്നു . ഭാര്യയും രണ്ട് കാമുകിമാരും ഒരു ത്രികോണം തീർക്കുമ്പോൾ ഈ മൂന്നുപേർക്കും അവരുടേതായ ന്യായങ്ങളും ചിന്തകളും വിഷമതകളും തിരിച്ചറിവുള്ള ഉണ്ടാകുന്ന കാഴ്ചയും അവയുടെ പരിണിത ഫലങ്ങളും അവതരിപ്പിക്കുന്ന ഒരു കഥയാണിത്. ആദ്യഭാര്യയുടെ കുറ്റം പറഞ്ഞു രണ്ടാമത്തവളിലെത്തുന്ന അയാൾ ആ രണ്ടാമത്തവാളുടെ കുറ്റവും ആയാണ് മൂന്നിലേക്ക് വരുന്നത്. ഇത് അയാളുടെ ഒരു തുടർച്ചയാണ്. ഒടുവിൽ മൂന്നാമത്തെ അവൾ തനിക്കു മറ്റൊരാളെ ഇഷ്ടമാണെന്ന് വെറുതെയെങ്കിലും പറയുമ്പോൾ അയാളിലെ വന്യമായ പൊസസീവ്നെസ് ഉണരുകയും അയാൾ അവളെ അപകടപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു . അവൾ അത്ര ദുർബല അല്ലാത്തതിനാൽ തൻറെ യാത്രയിലേക്ക് അയാളെയും കൂട്ടി കൊണ്ടുപോകാൻ ശ്രമിക്കുന്നതും ഇരുകൂട്ടരും രക്ഷപ്പെടുന്നതും പിന്നീട് ആശുപത്രിയിൽ അവർ നാല് പേരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ചിന്തകളും വിഷയങ്ങൾ ആക്കിയ ഈ കഥ വളരെ നല്ലൊരു വായന അനുഭവം തന്നെയാണ് നൽകിയത്.

 

അടുത്ത കഥ “വേട്ട” എന്ന തലക്കെട്ടിൽ ആയിരുന്നു. കുറച്ചു കാലങ്ങൾക്കുള്ളിൽ മാത്രം കേരളത്തിൽ അടക്കമുള്ള ഇന്ത്യൻ നഗരങ്ങൾ പരിചയിച്ച ഒന്നാണ് ജിഗോള എന്ന സംസ്കാരം പുരുഷവേശ്യ എന്നാണ് ഇതിനെ പറയപ്പെടുന്നത്. വേട്ടയിൽ ഇത്തരം ഒരു പ്ലോട്ട്  ആണ് കൈകാര്യം ചെയ്തത് എങ്കിലും നായികയുടെ യജമാനന ഭാവങ്ങളും വേട്ടമൃഗത്തെ പോലുള്ള ഇരയെ തേടലും ആഗ്രഹങ്ങളും ഒക്കെ ഒറ്റ നൊടിയിൽ അവസാനത്തിൽ തകർന്നു വീണതും അവൾ വെറും ഒരു സാധാരണ സ്ത്രീയായി വേട്ടക്കാരനില്‍ന്നും ഇരയിലേക്ക് മാറപ്പെടുന്നതുമാണ് കഥ പങ്കുവയ്ക്കുന്നത്.  എന്നാൽ അത് ഒരു നല്ല കാഴ്ചപ്പാടായി തോന്നിയില്ല എന്നതും കഥ നല്ലൊരു വായന പങ്കുവയ്ക്കുമ്പോഴും സ്ത്രീയുടെ കാഴ്ചപ്പാടുകൾ എപ്പോഴും അടിയറവില്‍ പൂര്‍ണ്ണമാകുന്നു എന്നു കരുതിപ്പിക്കുന്നതായിണ് ഇവിടെയും അവതരിപ്പിക്കപ്പെടുന്നത് എന്നത് വളരെ നിരാശാജനകമായ കാര്യമാണ്

 

അടുത്ത കഥ “വാക്കുകളുടെ ആകാശം”, ഞണ്ടുകൾ വിഴുങ്ങിത്തുടങ്ങിയ മാറിലെ പാല്‍ ഞരമ്പുകളില്‍ നിന്നും വർദ്ധിതമായ ഒരു പ്രവാഹം ഉണ്ടാവുകയും അത്, നിസ്സഹായതയും രോഗാതുരതയെയും  മുതലെടുത്തുകൊണ്ട് വികലമായ ആ ശരീരത്തിൽ കാമത്തിന്റെ  വിഷജ്വരം പകരാന്‍ ശ്രമിക്കുന്ന ഒരുവന്റെ മുഖത്തേക്ക് മാതൃത്വത്തിന്ടെ പാൽത്തുള്ളികൾ തെറുപ്പിക്കുക വഴി അതൊരു വല്ലാത്ത പ്രതികാരം തന്നെയാണ് ഒരു പ്രതിരോധം തന്നെയാണ് അവള്‍ നടത്തുന്നത് . അവൻറെ ഇടറിയ പാദങ്ങളും ഭയപ്പാടും നിറഞ്ഞ മുഖം നോക്കി ‘ഞാൻ ജീവിക്കും’ എന്ന് പറയുന്ന ഒറ്റമുലച്ചി ആകുന്നു അവൾ. എന്തൊരു തീഷ്ണമായ ഭാവമാണവള്‍ക്ക്!  സോഫിയെ എന്ന കഥാപാത്രത്തെ മനോഹരമാക്കിയ വളരെ നന്നായി പറയാൻ കഴിഞ്ഞ ഒരു കഥയായിരുന്നു ഇത്

 

അടുത്ത കഥ “ഇരുൾ” എന്നതായിരുന്നു. സദ്ഗുണ സമ്പന്നയായ നായികമാരെ മാത്രം വാർത്തെടുക്കുന്ന കഥാകാരുടെ ലോകത്ത്, പ്രതിനായക സ്വഭാവമുള്ള നായകനോ നായികയോ വേറിട്ടുനിൽക്കുന്ന ഒരു കാഴ്ച ആയിരിക്കും. ഇങ്ങനെ ഒരു രണ്ടാനമ്മ അവരുടെ കണ്ണുകളിലൂടെ അവതരിപ്പിച്ചത് കഥാരംഭം മുതൽ അവസാനം വരെയും തിളക്കമാര്‍ന്നു നിൽക്കുന്നു.  ഒരേസമയം നായികയും ഇല്ലാതെയും ഒക്കെയായി ചടുലമായ ഭാവമാറ്റങ്ങൾ ഓടിനടക്കുന്ന കഥാപാത്രസൃഷ്ടിയുടെ പ്ലോട്ട് നല്ലതായിരുന്നു വ്യത്യസ്തമായ ശൈലി.  

 

അടുത്ത കഥ “റാണി”, ഒരിക്കൽ ജീവിതസമരത്തിൽ അശ്ലീല സിനിമകളിലൂടെ അഭിനയിച്ചു പോയാൽ പിന്നെ ജീവിതത്തിൻറെ പുഴുക്കുത്തുകൾ അടർന്നുവീണവസാന ശ്വാസം നിലയ്ക്കും വരെയും അതേ അഴുക്കുചാലില്‍ നീന്തി  മരുപ്പച്ചകൾ തേടുന്ന ജീവിതത്തെ ജീവിക്കേണ്ടി വരുന്നവരുടെ കഥയാണിത്. ഇത്തരം വീഡിയോകളില്‍ കൂടെ ശയിക്കുന്ന പുരുഷൻറെ മുഖം ആരും അറിയില്ല ഓർക്കുകയും ഇല്ല പക്ഷേ സ്ത്രീയെ എല്ലാവരും അറിയും ഏത് പാതിരാവിലും ഏത് ആൾക്കൂട്ടത്തിലും അവളുടെ ഓരോ അവയവ പ്രത്യേകതയും അവർ തിരിച്ചറിയും എന്ന സമൂഹത്തിൻറെ അധോമുഖത്തെ ഇക്കഥ വലിച്ചുകീറി കാട്ടുന്നു. ജീവിതത്തിന്റെ പെരുവഴിയില്‍ ഏത് നായ്ക്കള്‍ക്കും എപ്പോള്‍ വേണമെങ്കിലും കടിച്ചു കീറാവുന്ന ജീവിതങ്ങളുടെ നിസ്സഹായതയും നെടുവീര്‍പ്പുമാണ് ഈ കഥയില്‍ വായിക്കപ്പെടുന്നത്.  

 

ലോകത്തിൻറെ ക്രൌര്യതകൾ അറിയാത്ത ചിത്രശലഭങ്ങളുടെ വർണ്ണച്ചിറകുകളില്‍  പോറലുകൾ വീഴ്ത്തുന്ന നഖ മുനകൾ എത്ര ക്രൂരമായ മനസ്സുള്ളവരുടേതാകും എന്നോര്‍മ്മിപ്പിക്കുന്ന കഥയാണ് “കവചം”.  ഒന്നും അറിയാത്ത ഒരു എട്ടു വയസ്സുകാരിയുടെ സ്വാതന്ത്ര്യങ്ങളെ, സഞ്ചാര പാതയിൽ എവിടെയൊക്കെയോ ചോണനുറുമ്പുകൾ ഊഴം പാര്‍ത്തിരിപ്പുണ്ടെന്ന് തിരിച്ചറിയാതേ പോകുന്ന ജന്മങ്ങള്‍. ഓരോ മാതൃത്വത്തെയും വേദനിപ്പിക്കുന്നതാണ് ആ ചിന്ത പോലും.  അതിനാലാണ് ഹാജിറയിലെ അമ്മ അത്രയും കഠിനമായി ശലഭച്ചിറകുകൾ കുത്തിക്കീറാന്‍ കാരണമാകുന്നത്.  നല്ല വായന അനുഭവവും വ്യത്യസ്തമായ പ്ലോട്ടും ആയിരുന്നു ഈ കഥയും.  

 

“വേതാളം”, രണ്ട് വ്യത്യസ്ത ലോകങ്ങളിൽ ജീവിക്കുന്ന അമ്മയും മകളും. അവരുടെ ജീവിതത്തിന്ടെ നീറുന്ന കഥയാണ് വേതാളം. വായനയിലെമ്പാടും ഒരു കനത്ത ഗദ്ഗദം തൊണ്ടക്കുഴിയിൽ തടയുന്ന അനുഭവമായിരുന്നു ഈ കഥ വായിക്കുമ്പോൾ.  

“കിണരിനരികിലെ വെളുത്ത ചെമ്പകം”.  ഇതും വളരെ വ്യത്യസ്തമായ കഥയായി വായിച്ചെടുത്തു.  പ്രണയം, നിരാശ, ദുഃഖം ഒടുവില്‍ പ്രതികാരം വളരെ തന്മയത്വത്തോടെ പറഞ്ഞുപോകുന്നു മാനുഷികാവസ്ഥകളിലെ വ്യത്യസ്ത വികാരവിചാരങ്ങളുടെ  പ്രസരണം ഈ കഥ അനുഭവിച്ചു.  ഭ്രമകല്പനകള്‍ അടങ്ങിയ മനസ്സിൻറെ വ്യവഹാരങ്ങളെ വായിച്ചെടുക്കാൻ ഒപ്പംതന്നെ അതീവ തീവ്രതയോടുകൂടിയ മനുഷ്യന്‍റെ  സ്വാര്‍ഥതാൽപര്യങ്ങളെയും ക്രൂരതയെയും ഇതിനകത്ത് വെളിവാക്കുന്നത് കാണാൻ കഴിഞ്ഞു.

 

“അമ്ലം” എന്ന കഥയിൽ വെറുപ്പിന്റെ അമ്ലത്വം വീണു പൊളിപ്പൊളിഞ്ഞുപോയ അനേകം സ്ത്രീകളുടെ കണ്ണിൻറെ ശക്തിയുന്ടായിരുന്നു അവളുടെ ചവിട്ടിലും തുപ്പലും. അവളിലെ പ്രായോഗികമതിയുടെ മനക്കരുത്തും കൈക്കരുത്തും പുതിയ തലമുറക്ക് വാഗ്ദാനവും പ്രതീക്ഷയും ആയിരുന്നുവെങ്കിൽ എന്നീകഥ വായിക്കുമ്പോൾ തോന്നിപ്പോയി.

 

“ഒന്നാമത്തെ സ്ത്രീ” എന്ന കഥയിൽ ഓരോ പുരുഷന്‍റെയും ജീവിതത്തിൽ ഒരു ഒന്നാമത്തെ സ്ത്രീ ഉണ്ടായിരിക്കുമെന്ന എഴുത്തുകാരിയുടെ പ്രസ്താവനയെ പിന്തുടർന്നു പോകുന്ന ഒരു സ്ഥിരീകരണം ആണ് ഈ കഥ പ്രതിനിധാനം ചെയ്യുന്ന വിഷയം. ജീവിതത്തിലെ ഏതു ഘട്ടങ്ങളിലും അവൾക്കു വേണ്ടി അവൻ ഉറപ്പോടെ നിൽക്കുമെന്ന് ഓരോ സ്ത്രീയുടെയും ജീവിതത്തിൽ ഇത് പോലെ ഒരു പുരുഷൻ ഉണ്ടാവുക എന്നുള്ളത് പ്രാധാന്യമുള്ളതാണെന്ന് അത് അവരെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നും ഈ കഥ പറയുന്നതായി അനുഭവപ്പെട്ടു.

 

സിതാരയുടെ കഥകൾ മനുഷ്യ മനസ്സിൻറെ പ്രത്യേകിച്ചും സ്ത്രീ മനസ്സിൻറെ ഭൂഖണ്ഡങ്ങളെ തുറന്നുകാട്ടുന്നതാണ് .സമരവീര്യവും ഇച്ഛാശക്തിയുമുള്ള സ്ത്രീയുടെ മനോവിചാരങ്ങൾക്ക് സ്ത്രീകളുടെ മനോവിചാരങ്ങള്‍ക്ക് ശക്തമായ ഭാഷ നൽകുകയാണ് ഈ കഥകളൊക്കെ. ആത്മധ്യാനം പോലെ നിഗൂഡമായി പുഞ്ചിരിയോടെ പ്രസരിപ്പിക്കുന്ന ആ രശ്മികളുടെ ഇളക്കം തട്ടി അഹന്തയുടെ കണ്ണുകൾ മഞ്ഞളിച്ചു പോകുന്ന ഒരു ലോകമാണ് ഓരോ കഥകൾക്കും മുന്നോട്ടുവയ്ക്കാൻ ഉള്ളത് . എല്ലാ കഥകളും വായിച്ചുകഴിയുമ്പോൾ ഇനിയും വൈകിയതെന്തേ എഴുത്തുകാരിയെ വായിക്കാൻ എന്ന് തോന്നിപ്പോയി . കഥ ആസ്വാദകരെ കഥയുടെ വ്യത്യസ്തതകളെ ആസ്വദിക്കുന്നവരെ ആഗ്രഹിക്കുന്നവരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന കഥകളാണ് ഈ എഴുത്തുകാരി സമ്മാനിക്കുന്നത് ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല