കൊക്കോതമംഗലത്തിന്റെ ചരിത്രം അഥവാ കോതറാണിയും കൊക്കോത മംഗലവും(ചരിത്രം)
സി. ഡി .തുമ്പോട്
വില : 40 രൂപ
ചരിത്രം എന്നത് ഒരു പ്രഹേളികയാണ് . പലപ്പോഴായി മനുഷ്യര്‍ അടയാളപ്പെടുത്തി വച്ച അവരുടെ കാലം . അതിലൂടെ വരും തലമുറ അതറിയുന്നു മനസ്സിലാക്കുന്നു. ഫ്രാന്‍സ്, ഇന്തോനേഷ്യ, സ്പെയിന്‍ തുടങ്ങിയ ഇടങ്ങളിലെ ഗുഹകളില്‍ മുപ്പത്തയ്യായിരം വർഷം പഴക്കമുള്ള കോറിയിടലുകള്‍ (അവയ്ക്കു മുന്നെയും ഉണ്ടായിരിക്കാം പക്ഷേ അവ കണ്ടെത്തപ്പെടുകയുണ്ടായില്ല എന്നതിനാല്‍ നമുക്കു അറിയാനാകാതെ പോകുന്നു.) നമ്മോടു പറയുന്നതു മനുഷ്യചരിത്രം തന്നെയാണ് . കഴിഞ്ഞ ഏഴായിരത്തി അഞ്ഞൂറു വര്‍ഷങ്ങള്‍ക്ക് മുന്നെയുള്ള കോറിയിടലുകള്‍ വരെയാണ് നമുക്ക് അത്തരം സ്വതന്ത്രമായ ചിത്ര രചനകളെ കണ്ടെത്താനും അതിലൂടെ അവരുടെ ജീവിത രീതി മനസ്സിലാക്കാനും കഴിഞ്ഞിട്ടുള്ളത് . പിന്നീടുള്ളത് മനുഷ്യന്റെ ബൌദ്ധിക വളര്‍ച്ചയുടെ കാലമായിരുന്നു. ഇക്കാലത്താണ് മനുഷ്യര്‍ മനുഷ്യരെ അടക്കിഭരിക്കാനും അധികാരം കൈയ്യാളനും ചൂഷണം ചെയ്തു ജീവിക്കാനും പഠിച്ചു തുടങ്ങിയതും. അതിനുവേണ്ടി മാത്രം മതം മനുഷ്യരിലേക്ക് കടന്നു കയറുകയാണുണ്ടായത് . ദൈവം എന്ന ഇല്ലാ സങ്കല്‍പ്പത്തിന് കൂട്ട് പിടിച്ച് പുരോഹിതവര്‍ഗ്ഗം എന്ന ഒരു പുതിയ മനുഷ്യ ജാതി ഉണ്ടാകുകയും അവരിലൂടെ മറ്റ് മനുഷ്യര്‍ പല ജാതികളായി പിരിക്കപ്പെടുകയും ഉണ്ടായി. കാലം പലതും കടന്നു പോയി . അവരുടെ ചരിത്ര രചനകള്‍ക്ക് ഇപ്പോള്‍ പുതിയ മാനങ്ങള്‍ ഉണ്ടായി. സത്യസന്ധമായ ചരിത്രഘടന രേഖപ്പെടുത്തുക എന്നത് പലപ്പോഴും ഒരു വലിയ വയ്യാവേലിയായി അവര്‍ക്ക് അനുഭവപ്പെട്ടു . ചിലപ്പോള്‍ അവരുടെ കാലത്തിലെ മേല്‍പ്പറഞ്ഞ അധികാര വര്‍ഗ്ഗം അവയെ തങ്ങളുടെ അനുകൂലനങ്ങള്‍ ആയി കാണുകയും അതിനു വിരുദ്ധമാകുന്ന പ്രവര്‍ത്തികളെ ഉന്മൂലനം ചെയ്യുകയും ഉണ്ടായതില്‍ നിന്നുണ്ടായിട്ടുള്ള ഭയമാകാം അതിനു കാരണം. ഇന്നത്തെ സാഹചര്യം അതില്‍ നിന്നും തെല്ലും മാറ്റമില്ല എന്നു നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതാണല്ലോ. പുതിയ ഭരണ നേതൃത്വം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ അജണ്ടകളുടെ ഭാഗമായി പല ചരിത്രങ്ങളും വളച്ചൊടിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നത് നമ്മുടെ കാലത്തില്‍ തന്നെ അനുഭവിക്കുന്നവരാണ് എന്നതിനാല്‍ കാര്യങ്ങള്‍ വ്യക്തമാകും എന്നു കരുതാം .
കേരളത്തിന്റെ ചരിത്ര വിഷയങ്ങളിലും ഇത്തരം പലതരം കീഴ്മേല്‍ മറിയലുകള്‍ ഉണ്ടായിട്ടുണ്ട് ഉണ്ടാകുന്നുമുണ്ട്. രാജഭരണകാലത്തും മറ്റും ഉള്ള സംഭവവികാസങ്ങളെ അടയാളപ്പെടുത്തിയിട്ടുള്ളവ പലതും ഇത്തരം കൈകടത്തലുകള്‍ക്ക് വിധേയമാകുകയോ നശിപ്പിക്കുകയോ ഒളിച്ചു വയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അവയില്‍ ഒന്നാണ് തിരുവിതാംകൂറിലെ നെടുമങ്ങാട് പ്രദേശത്ത് നിലനിന്നിരുന്ന കോതറാണിയുടെ ഭരണകാലവും അതിന്റെ രേഖകളും. ഡി.സി.തുമ്പോടെന്ന ചരിത്രന്വേഷിയുടെ കൊക്കോതമംഗലം ചരിത്രത്തിന്റെ അന്വേഷണങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ പുസ്തകത്തില്‍ ചരിത്രത്തില്‍ എന്നും തേച്ചുമായ്ക്കപ്പെട്ടു പോകുന്ന സവര്‍ണ്ണരല്ലാത്ത ജനതയുടെ ചരിത്രങ്ങളെ അടയാളപ്പെടുത്തുന്നു. തിരുവിതാംകൂര്‍ രാജ്യത്തെ നെടുമങ്ങാട് ദേശത്ത് പതിമൂന്നാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയില്‍ നിലനിന്ന കോതറാണിയുടെ ചരിത്രം അത്തരത്തില്‍ മായ്ക്കപ്പെട്ട ഒന്നാണ്. പുലയ വംശത്തിലെ പ്രശസ്തരായ ഭരണാധികാരികള്‍ ഭരിച്ച ദേശങ്ങള്‍ നമുക്കുണ്ടായിരുന്നു. എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ശങ്കരാചാര്യര്‍ പടര്‍ത്തിവിട്ട ഹിന്ദുമതമെന്ന ആശയവും തീയും ചുട്ടെരിച്ചത് ഇന്‍ഡ്യ എന്ന ഭൂവിഭാഗത്തിന്റെ തനതായ സംസ്കാരത്തെയും ചരിത്രത്തെയുമാണ്. കവികള്‍ക്കും എഴുത്തുകാര്‍ക്കും ഏറ്റവും ജനസമ്മതിയും പ്രശസ്തിയും ഉണ്ടായിരുന്ന ഒരു നാടിനെക്കുറിച്ച് നമുക്കിന്ന് സങ്കല്‍പ്പിക്കാന്‍ കഴിയുമോ ? രാജാക്കന്മാര്‍ മനസ്സറിഞ്ഞു നല്കിയിരുന്ന കൊട്ടാരവും ഭൂമിയും രത്നവും സ്വര്‍ണവും ഒക്കെ സുഭിക്ഷമായി ലഭിച്ചിരുന്ന കുറവ വര്‍ഗ്ഗത്തിലും മറ്റുമുള്ള അനവധി കവികള്‍ ഉണ്ടായിരുന്ന ഒരു നാട്ടിലേക്കാണ് ശങ്കരാചാര്യരുടെ പുതിയ മത ആശയവും ചാതുര്‍വര്‍ണ്യവും കടന്നു വരുന്നത്. സമാധാനത്തില്‍ ജീവിച്ചിരുന്ന ജനതയില്‍ നിന്നും തരം തിരിവുകള്‍ ഉള്ള മനുഷ്യരും മൃഗങ്ങളും ആയി അവര്‍ ഭിന്നിക്കപ്പെട്ടു . പതിനെട്ടാം നൂറ്റാണ്ടൊക്കെ ആയപ്പോള്‍ കുറേപ്പേര്‍ രക്ഷപ്പെടാന്‍ വേണ്ടി ക്രിസ്തുമതവും ഇസ്ലാം മതവും ഒക്കെ പൂകി . ചിലരൊക്കെ പോയിടത്തും ഇതുതന്നെ എന്നറിഞ്ഞു തിരികെ വന്നു. കോതറാണിയുടെ രാജഭരണം നഷ്ടമാകുന്നതും അവര്‍ കൊല്ലപ്പെടുന്നതും ജാതി വ്യവസ്ഥയുടെ വര്‍ദ്ധിച്ചു വന്ന പ്രഭാവം മൂലമാണ്. ആറ്റിങ്ങല്‍ ഭരിച്ചിരുന്ന നാട്ടുരാജാവ് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ബന്ധുജനം ആയിരുന്നു. കോതറാണിയുടെ അത്രപോലും ആള്‍ബലം ഇല്ലാതിരുന്ന അയാള്‍ , കോതറാണിയുടെ മകളുടെ മുടിയില്‍ ആകൃഷ്ടനായി അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും പണവും പദവിയും ഗോത്രമേല്‍ക്കോയ്മയും കോതറാണിയെ ആ അഭ്യര്‍ത്ഥന നിരാകരിക്കാന്‍ പ്രേരിപ്പിച്ചു. ഇതില്‍ കോപിഷ്ഠനായ ആറ്റിങ്ങല്‍ രാജാവ് കോതറാണിയെ കീഴ്പ്പെടുത്തി മകളെ കൊണ്ട് പോകാന്‍ പട നയിച്ചു വന്നെങ്കിലും പരാജയപ്പെട്ടു . പക്ഷേ മേല്‍പ്പറഞ്ഞ ജാതി ഭൂതം തലയില്‍ കയറിയ കോതറാണിയുടെ സേനയിലെ നായര്‍ പടയാളികള്‍ ആറ്റിങ്ങല്‍ രാജാവിനെ സഹായിക്കുകയും കൂറുമാറി പ്രവര്‍ത്തിക്കുകയും ചെയ്തതോടെ ചതിയില്‍ കോതറാണി കൊല്ലപ്പെടുകയും ഇതിനെ തുടര്‍ന്നു മകള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു എന്നാണ് പുലയരുടെ ചരിത്രത്തില്‍ അന്നാട്ടുകാരുടെ വാമൊഴികളില്‍ ഇന്നും നിറയുന്ന വസ്തുത . പക്ഷേ കൊട്ടാരവും അതിലെ രേഖകളും സമ്പത്തുമെല്ലാം തിരുവിതാംകൂര്‍ കൊട്ടാരത്തിലേക്ക് മാറ്റപ്പെടുകയോ നശിപ്പിക്കപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തു എന്നും ശേഷിപ്പുകളില്‍ രേഖപ്പെടുത്തപ്പെട്ട വസ്തുതകള്‍ പോലും തമിഴന്‍മാരുടെ കൊള്ള മൂലം നഷ്ടമായി എന്നും കരുതപ്പെടുന്നു. തന്റെ മകളുടെ തിരണ്ടു കല്യാണത്തിന് പങ്കെടുക്കാന്‍ ജാതി ഭ്രാന്ത് മൂലം വിസമ്മതിച്ച നായന്‍മാര്‍ക്ക് എതിരെ കോത റാണി പുറപ്പെടുവിച്ച ഒരു ശാസനം മാത്രമാണ് ഇന്ന് ഇങ്ങനെ ഒരു റാണി ഉണ്ടായിരുന്നു എന്നതിന്റെ തെളിവായി അവശേഷിപ്പിക്കുന്നത് എന്നതെത്ര ഖേദകരമായ വസ്തുതയാണ് .
ചരിത്രത്തിലെ ഇത്തരം അറിയപ്പെടാത്ത ചരിത്രങ്ങള്‍ രേഖപ്പെടുത്താന്‍ ചരിത്രകാരന്‍മാര്‍ മുന്നോട്ട് വരണം എന്ന ശക്തമായ ഒരു അഭിപ്രായം ഈ പുസ്തകം വായിക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകുകയുണ്ടായി. കൂടുതല്‍ വായിക്കപ്പെടേണ്ടതാണ് എഴുതപ്പെടേണ്ടതാണ് നമ്മുടെ ശരിക്കുള്ള ചരിത്രങ്ങള്‍ . ഇന്ത്യ എന്നത് ദ്രാവിഡ ദേശം ആയിരുന്നു . ഇന്നത് അങ്ങനെ അല്ലാതെ ആകുന്നു. ലോകഭാഷകളില്‍ ഏറ്റവും പഴയത് ദ്രാവിഡ ഭാഷ ആണ്. ഏറ്റവും പഴയ സംസ്കാരങ്ങളില്‍ ഒന്നും . പക്ഷേ അവയെ നാം തമസ്കരിക്കുന്നു കാരണം ദ്രാവിഡന്‍ എന്നാല്‍ രാക്ഷസന്‍ ആണല്ലോ. നല്ല വായന സമ്മാനിച്ച ഒരു പുസ്തകം . ഇന്നിത് ലഭ്യമല്ല എന്ന അറിവും ഖേദകരം തന്നെ. സസ്നേഹം ബിജു.ജി നാഥ് വര്‍ക്കല