Saturday, October 18, 2025

അതിജീവിത.................................ഡോ. സജിത ജാസ്മിന്‍

അതിജീവിത(ഖണ്ഡകാവ്യം )

ഡോ. സജിത ജാസ്മിന്‍

സ്വദേശാഭിമാനി ബുക്സ്

വില : 100 രൂപ



            മലയാള സാഹിത്യത്തില്‍ കാവ്യശാഖയുടെ വളര്‍ച്ച ഉണ്ടാകുന്നത് കവിത്രയങ്ങളുടെ അവസാനങ്ങളിലാണെന്ന് കരുതുന്നു. സംസ്കൃതഭാഷയുടെ വിളയാട്ടം ആയിരുന്ന പദ്യ-ഗദ്യ ശാഖകള്‍ ക്രമേണ ഭാഷയുടെ അവാന്തരങ്ങളിലൂടെ മുന്നോട്ട് സഞ്ചരിക്കാന്‍ വൃഥാ ശ്രമിക്കുകയാണുണ്ടായതെങ്കിലും ഭാഷയുടെ വളര്‍ച്ചയേക്കാള്‍, സാഹിത്യത്തിന്റെ വളര്‍ച്ച സംഭവിക്കുകയായിരുന്നുണ്ടായത്. ആംഗലേയ സാഹിത്യത്തിനെ മലയാള ഭാഷയിലേക്ക് വായനയ്ക്കായെടുത്ത് തുടങ്ങിയപ്പോള്‍ കാവ്യരീതികള്‍ക്കും തനതായ ഒരു മാറ്റം സംഭവിച്ചു തുടങ്ങി. അതുവരെ ദൈവശ്ലോകങ്ങളും ഇതിഹാസങ്ങളുടെ ഉപകഥകളുമായി തിങ്ങി ഞെരുങ്ങി ക്കിടന്ന പദ്യലോകം പതിയെ ജീവിതത്തിന്റ്റെ മധുരങ്ങളായ പാതകളെ സമീപിച്ചു തുടങ്ങുകയുണ്ടായി. അതുകൊണ്ടുതന്നെയാണ് മഹാകാവ്യങ്ങളില്‍ നിന്നു പടിയിറങ്ങിയ കവിതാലോകം ഖണ്ഡകാവ്യങ്ങളില്‍ നിലയുറപ്പിച്ചതും അതൊരു പ്രത്യേക സൗന്ദര്യമായി മാറിയ അനുഭവം ഉണ്ടായതും. കുമാരനാശാനും ചങ്ങമ്പുഴയും ഒക്കെ തുറന്നിട്ട ഖണ്ഡകാവ്യരചനകള്‍ കവിതസാഹിത്യശാഖയ്ക്ക് പുത്തന്‍ ഉണര്വ്വുകള്‍ നല്‍കിത്തുടങ്ങി. ജീവിതം ദൈവങ്ങളില്‍ നിന്നും മണ്ണിലേക്ക് ഇറങ്ങി വന്ന ഒരു അനുഭവമാണ് അത് .



            ആധുനിക കവിതകള്‍ വെറും പതം പറച്ചിലുകള്‍ മാത്രമാണിന്ന്. വിഷയ ദാരിദ്ര്യത്തില്‍ ഊന്നിയുള്ള മുടന്തി നടത്തമല്ല മറിച്ച് കവിത എഴുതാനുള്ള കഴിവില്ലായ്മയെ മറച്ചു പിടിക്കാനുള്ള തത്രപ്പാടുകള്‍ ആണവ. വൃത്തവും അലങ്കാരവും തുടങ്ങി ഒരു കവിത കവിതയാകാനുള്ള ഒന്നും തന്നെ അറിയാതെ എന്നാല്‍ കവിത നിറഞ്ഞു തുളുമ്പി ഒഴുക്കിത്തൂകുന്ന കവികളെ ആണ് ഇന്ന് പൊതുവേ കാണാന്‍ കഴിയുക. ഇതിന് കാരണം ഭാഷയോടുള്ള അനീതികാണിക്കല്‍ മനപ്പൂര്‍വം ചെയ്യുന്നതിനാലാണ്. ഇന്നത്തെ തലമുറ കവിത എന്നാല്‍ ഈണത്തില്‍ ചൊല്ലുന്നത് എന്നല്ല എളുപ്പത്തില്‍ പറയുന്ന ഒന്നാണെന്ന് കരുതിപ്പോയിരിക്കുന്നു. പല കവിത ആലാപന സദസ്സുകളിലും മറ്റും കവികള്‍ വന്നു സ്വന്തം കവിത വായിക്കുന്നത് കേള്‍ക്കാന്‍ കഴിയാറുണ്ട്. അവ ചൊല്ലുക എന്നല്ല പാടുക എന്നാണ് പലപ്പോഴും അവര്‍ തന്നെ പറയുക. എന്നാല്‍ പാടുകയും അല്ല പറയുകയാണ് ചെയ്യുന്നതെന്ന് അവര്‍ അറിയുന്നുമില്ല. കഥ പറയുന്ന ലാഘവത്വത്തോടെ കവിത പറയുക എന്നതാണു അവരുടെ ഭാഗത്ത് നിന്നും പറയുകയാണെങ്കില്‍ കവിതാ രീതി. കുറച്ചു മധുരമായി, ഭാവം വരുത്തി, വികാരപരമായി പറഞ്ഞു പോയാല്‍ മതിയാകും ഏതൊരു ഗദ്യവും. ഇടയില്‍ അല്പം കാവ്യ രീതിയില്‍ നീട്ടലും കുറുക്കലും കൂടിയായാല്‍ അതിമനോഹരം. ഇവയ്ക്ക് തുടക്കമിടുന്നത്, കവിതകള്‍ കാസറ്റ് കവിതകള്‍ ആയ കാലം മുതല്‍ ആണ്.



            കവിതയ്ക്കൊരു നിയമം ഉണ്ടായിരുന്ന കാലത്ത് കവിത എഴുതാന്‍ കഴിയാതിരുന്നവര്‍ക്കതിന് ഒരു കാരണവും ഉണ്ടായിരുന്നു. അന്ന്, അവരിലേക്ക് വിദ്യ എത്തിയിരുന്നില്ല. വാഗ്ഭാഷ അല്ലാതെ ലിഖിത ഭാഷയും അതിന്റെ നിയമങ്ങളും ഒന്നും എത്താതെ പോയ ഒരു കാലത്ത് എല്ലാവരും കവികള്‍ അല്ലായിരുന്നു. പക്ഷേ ഇന്ന് എല്ലാവർക്കും ഭാഷ അറിയാം പക്ഷേ പറയാനെ അറിയൂ എന്നു മാത്രം. അതിലെ നിയമങ്ങളോ ചട്ടങ്ങളോ ഒന്നും തന്നെ സ്കൂളില്‍ പോലും പഠിച്ചതു മറന്നു പോയി എന്നതിനപ്പുറം പ്രയോഗിക്കാന്‍ അറിയാത്തതിനാല്‍ അവരുടെ കവിതകള്‍ പറച്ചില്‍ കവിതകള്‍ ആയി പോകുകയും അതിനെ അവര്‍ ആധുനിക കവിത എന്നും അത്യന്താധുനിക കവിത എന്നും പേരിട്ടു വിളിക്കുകയും ചെയ്യുന്നു. ആലോചിക്കുക... എന്തുകൊണ്ടാകും പഴയകാല കവിതകള്‍ ഇന്നും നമ്മള്‍ ഓര്‍ത്ത് വയ്ക്കുന്നതും പുതിയകാല കവിതകള്‍ വായിച്ച ഉടന്‍ മറന്നു പോകുന്നതും എന്നത്.



            ഇത്തരം ഒരവസ്ഥയില്‍ നിന്നുകൊണ്ടു കവിതയെ സ്നേഹിക്കുന്നവര്‍ കവിതകള്‍ തേടിപ്പിടിച്ചു വായിക്കുമ്പോള്‍ തീര്‍ച്ചയായും നീലക്കുറിഞ്ഞി പൂക്കുന്നതുപോലെ ചില കവിതകള്‍ വന്നു വീഴുക സ്വാഭാവികമായും വലിയ സന്തോഷം നല്‍കുന്ന ഒന്നാകും. മുന്‍പ് ഒരിക്കല്‍ വായിച്ചു എഴുതിയ ഡോ.ദീപ സ്വരന്‍ എന്ന കവിയുടെ കവിതകള്‍ അത്തരമൊരു സന്തോഷം നല്കിയിരുന്നത് എഴുതുകയുണ്ടായിരുന്നു. ഇടയ്ക്കു ഖണ്ഡകാവ്യങ്ങള്‍ പലതും പഴയത് വായിക്കാന്‍ കഴിഞ്ഞുവെങ്കിലും ഡോക്ടര്‍ സജിത ജാസ്മിന്‍ എഴുതിയ അതിജീവിത വായിക്കുന്നത് വരെ പുതിയകാല കവികളുടെ ഇടയില്‍ നിന്നും ഖണ്ഡകാവ്യ ശൈലിയില്‍ ഒരു കവിത വായിക്കാന്‍ ആയിട്ടുണ്ടായിരുന്നില്ല. ഡോ.സജിത ജാസ്മിന്‍ ഗള്‍ഫ് മേഖലയില്‍ ആരോഗ്യ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയിലും ഒരു ഭാഷ അധ്യാപികയോ ബിരുദധാരിയോ അല്ല എന്ന നിലയിലും തികച്ചും അഭിനന്ദനം അര്‍ഹിക്കുന്ന ഒരു സംഗതിയാണ് ചെയ്തിരിക്കുന്നത് എന്നു പറയാതെ വയ്യ. വളരെ നല്ല വായനാശീലം ഉള്ള ഒരു വ്യക്തി ആകണം ഈ കവി എന്നു ദ്യോതിപ്പിക്കുന്ന രീതിയില്‍ ഭാഷയുടെ പ്രയോഗങ്ങളെയും ഘടനകളെയും സജിത ഈ കവിതയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത് കാണാന്‍ കഴിയുന്നുണ്ട്. ഒരു സ്ത്രീയുടെ ജീവിതത്തിലെ അതികഠിനമായ ഒരു അവസ്ഥയെ അവള്‍ എങ്ങനെ തരണം ചെയ്തു എന്നുമാത്രം പ്രതിപാദിക്കുന്ന ഈ കാവ്യമാലയില്‍ അഞ്ച് ഭാഗങ്ങള്‍ ആണ് ഉള്ളത്. ആദ്യം അവളുടെ ജീവിത്തിന്റെ ദുര്യോഗത്തിന് തുടക്കം കുറിക്കുന്ന ഘട്ടത്തെ വിവരിക്കുന്നു. രണ്ടില്‍ പുതിയ ജീവിതത്തിന്റെ കാഴ്ചയും താളപ്പിഴകളും വിവരിക്കുന്നു. മൂന്നില്‍ അവള്‍ നേരിടുന്ന ഭീകരമായ അപകടവും അതില്‍ നിന്നുള്ള അവളുടെ രക്ഷപ്പെടലും വിവരിക്കുന്നു. നാലില്‍ അവള്‍ എത്തിച്ചേരുന്ന അഭയസ്ഥാനവും അഞ്ചില്‍ അവളുടെ തിരികെ വരവും വിവരിക്കുന്നു.



            ഒരു സാമൂഹ്യ ഉത്തരവാദിത്വമെന്ന കവിയുടെ ഭാരം കവിതയില്‍ പലയിടത്തും ഒളിഞ്ഞും തെളിഞ്ഞും ഉപമകളായും ഉപദേശങ്ങള്‍ ആയും കവി എടുത്തു പറയുകയും അവയെ സന്ദര്‍ഭത്തോട് ചേര്‍ത്ത് വയ്ക്കുകയും ചെയ്യുന്നുണ്ട്.



സ്വന്തം വീട് ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പമായ്

സ്വയം പരിത്യജിച്ചു ത്യാഗിയായ പെണ്ണിനെ

സ്വന്തം പ്രാണാനോളം സ്വന്തം മകള്‍ക്കൊപ്പം

സ്നേഹിക്കാനാവാത്തതിനെ പരാജയം



കപട സ്നേഹത്താല്‍ ചതിക്കരുതാരെയും

കപട വാക്കാല്‍ മോഹിപ്പിക്കരുതാരെയും

കപട മുഖം കണ്ടാല്‍ ഗ്രഹിച്ചിടുവാന്‍

കഴിയുന്നവരായി വളര്‍ന്നിടേണം



പൂര്‍ണ്ണമായും തള്ളണ്ട വേണ്ടത്  നല്കി

പുരുഷന്‍ മാതാപിതാക്കളെയുപേക്ഷിച്ച്

പൂര്‍ണമായി പറ്റിച്ചേരണം താന്‍ നാരിയോട്

പണിതിടാം നാകം എന്നാല്‍ ഈ ഭൂമിയില്‍



തുടങ്ങിയ ചില ചിന്തകളും ഉപദേശങ്ങളും കാഴ്ചപ്പാടുകളും ഉദാഹരണമായി പറയാന്‍ കഴിയും.


ഈ കാവ്യത്തിന്റെ കാലം ദേശം എന്നിവ എന്തുകൊണ്ടോ ആധുനിക സാംസ്കാരിക പുരോഗമന കാലത്തിന്റെ ഒരു വേദി ആയി കാണാന്‍ കഴിയുന്നില്ല. ഇതൊരു ഗ്രാമത്തിന്റെ കഥയായി പഴയകാലത്തിന്റെ കാഴ്ചയായി മാത്രമാണു കാണാന്‍ കഴിയുന്നത്. ആധുനികമായ കാഴ്ചപ്പാടുകളോ വീക്ഷണങ്ങളോ കവിതയില്‍ ദര്‍ശിക്കാന്‍ കഴിയുന്നില്ല എന്നൊരു നിരാശ വായനയില്‍ ഉണ്ടായി. ഉത്തമ കുലനാരിയുടെ ജീവിതവും ദര്‍ശനങ്ങളും ഗ്രാമീണ ജീവിതത്തില്‍ എങ്ങനെയായിരുന്നോ കണ്ടു വന്നിരുന്നത് അതിനെ അതുപോലെ ചിത്രീകരിക്കുകയായിരുന്നു എന്നു കാണാം. ഈ പുസ്തകം തയ്യാര്‍ ചെയ്യുമ്പോള്‍ ഇതിലൊരു ദീര്‍ഘവീക്ഷണം കൂടി കവിയില്‍ ഉണ്ടായിരുന്നതായി കരുതാന്‍ തക്കവണം ഭാഷകളെ അര്‍ത്ഥം നല്കി പുതിയകാല വായനക്കാരിലെ അറിവിനെ വികസിപ്പിക്കാന്‍ ഉള്ള ഒരു ശ്രമം എന്ന നിലയ്ക്ക് അവസാന പേജുകളില്‍ ഓരോ അധ്യായത്തെ ആയി തിരിച്ചു വാക്പരിചയം നടത്തിയത് ഒരു വിധത്തില്‍ ഭാഷാവിദ്യാര്‍ത്ഥികള്‍ക്കും കവിതാസ്വാദകരായ ആധുനിക മലയാളികള്‍ക്കും സഹായകമായിരിക്കും എന്നതില്‍ തര്‍ക്കമില്ല. പൊതുവേ വിദേശങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് ഇത് വളരെ സഹായകമായ ഒരു സംഗതിയാണ്.



            പുസ്തകത്തിലെ നന്മകള്‍ പോലെ തന്നെ അതിന്റെ പോരായ്മകളും നമുക്ക് പറയാതിരിക്കാന്‍ കഴിയില്ലല്ലോ. കവിതയുടെ ശൈലിയും രീതികളും അനുവര്‍ത്തിക്കാനും അവയെ ഉപയോഗപ്പെടുത്താനും ഉള്ള ശ്രമങ്ങള്‍ക്കിടയില്‍ പലയിടങ്ങളിലും ആശയക്കുഴപ്പം , അര്‍ത്ഥശങ്കകള്‍ എന്നിവയ്ക്കുള്ള ഒരുപാട് സാധ്യതകള്‍ കാണാം. ഫസ്റ്റ് പേര്‍സന്‍ സെക്കന്‍റ് പേര്‍സന്‍ വിദൂഷകന്‍ എന്നിവരുടെ റോളുകള്‍ പലപ്പോഴും കൂട്ടിക്കുഴക്കപ്പെടുന്നതിനാല്‍ ഇവിടെ ആരാണ് സംസാരിക്കുന്നതു എന്നതില്‍ ആശയക്കുഴപ്പം വായനക്കാര്‍ക്ക് സമ്മാനിക്കുന്നുണ്ട്. അതുപോലെ വാക്കുകള്‍ അളന്നുമുറിച്ച് അടുക്കിവയ്ക്കുന്ന ഒരു പ്രതീതി വായനയിലുടനീളം കാണാം. കവിതയുടെ കനിവും മധുരവും നുകരുന്നതില്‍ അതൊരു ദുസ്വാദായി തോന്നാം. പാരായണക്ഷമത ഉള്ള വരികള്‍ തന്നെയാണുള്ളത്. പാതി ചെത്തിമിനുക്കിയ ഒരു വജ്രമായി ഈ കവിയെ അടയാളപ്പെടുത്തുന്നു. പില്‍ക്കാലത്ത് ഒരുപക്ഷേ കാവ്യശാഖയില്‍ ഒരുപാട് നല്ല മികവും ഗുണവും ഉള്ള കവിതകള്‍ സമ്മാനിക്കാന്‍ കഴിയുന്ന നല്ലൊരു തിളങ്ങുന്ന വജ്രമായി മാറും എന്ന ശുഭപ്രതീക്ഷ വായന നല്കുന്നുണ്ട്. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല .

Monday, October 6, 2025

ഭൂപടം വരയ്ക്കുന്ന കുഞ്ഞുങ്ങൾ

ഭൂപടം വരയ്ക്കുന്ന കുഞ്ഞുങ്ങള്‍ 

ഇരുളിലിരുന്നൊരു കുഞ്ഞ്, ഭൂപടം വരയ്ക്കുന്നു. 
ഭൂപടത്തിന്റെ അതിരുകളില്‍ ഒക്കെയും 
നിരാശയുടെ തൊങ്ങലുകള്‍ കൊണ്ടലങ്കരിക്കുന്നു. 
കുഞ്ഞിന്നറിയില്ലല്ലോ അത് പിറന്ന യോനിയെന്തെന്ന് ....

മിഴികളില്‍ കൗതുകം നിറച്ചാ കുഞ്ഞ് നോക്കുന്നു .
വിഭജിക്കപ്പെട്ട ലോകങ്ങളില്‍ ഒക്കെയും പല മനുഷ്യര്‍
തിന്നുകൊഴുത്ത ചിലര്‍ കൂടുതല്‍ കൊഴുപ്പിനായും, 
കൊന്നുകൊതി പൂണ്ട ചിലര്‍ വിനോദത്തിനായും ,

വേട്ടയാടാന്‍ വെറി പൂണ്ടവര്‍ ആയുധമെടുക്കുന്നു.
വേട്ടമൃഗങ്ങളെ കൂടുതുറന്നു വിട്ടവര്‍ പിന്നാലെ പായുന്നു.
ലക്ഷ്യം തെറ്റുന്ന ആയുധമുനകളില്‍ പിടയുന്ന ചോരയില്‍ 
കുഞ്ഞു മുഖങ്ങള്‍ മാത്രം കണ്ടു ലോകം പകയ്ക്കുന്നു . 

ചോര കൊണ്ട് ചരിത്രമെഴുതാന്‍ തയ്യാറെടുത്തവര്‍ക്ക് 
കുഞ്ഞുചോര കണ്ടാല്‍ അറയ്ക്കില്ലെന്ന് കുഞ്ഞിനറിയില്ലല്ലോ. 
വിത്തുകാളകള്‍ ഇരകളാക്കാന്‍ കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നതും, 
വെറിപിടിച്ച കണ്ണുകളുമായി തെരുവിലലയുന്നതും.

സ്വാതന്ത്ര്യം എന്നാല്‍ എന്തെന്ന് കുഞ്ഞ് തിരയുന്നു.
നൈജീരിയന്‍ കാടുകളില്‍ കുഞ്ഞു ജനനേന്ദ്രിയം തകരുന്നു.
സുഡാനിയന്‍ മരുഭൂമികളിലാ ആമാശയം ഉണങ്ങിവരളുന്നു. 
'നനവേ'മലകളില്‍ പിഞ്ചുടലുകള്‍ മണ്ണ് തിന്നുന്നു . 

കണ്ണുനീര്‍ പൊടിയാതിരിക്കാന്‍ പഠിച്ച കുഞ്ഞുങ്ങള്‍ക്ക് 
സ്വാതന്ത്ര്യം എന്ന വാക്കുച്ഛരിക്കാന്‍ അറിയില്ലല്ലോ.
അപ്പന്‍മാര്‍ കൊലക്കു കൊടുക്കുന്ന ഗാസാമുനമ്പുകളില്‍ 
കുട്ടികള്‍ പക്ഷേ സന്തുഷ്ടരാണ് രക്തസാക്ഷികളാണ് .

കുഞ്ഞുങ്ങള്‍ക്ക് മതമില്ലെന്ന് കുഞ്ഞുങ്ങള്‍ക്ക് മാത്രമറിയാം. 
ലോകം കുഞ്ഞുങ്ങളില്‍ വായിക്കപ്പെടുന്നതും മതം,
എഴുതപ്പെടുന്നതും അണിയിക്കപ്പെടുന്നതും മതം.
മരണം കൊണ്ടുപോലും അടയാളപ്പെടുന്നതും മതം!

കുഞ്ഞുങ്ങളെ വച്ച് വിലപേശുന്നവര്‍ക്ക് മഹത്വം.
കുഞ്ഞുങ്ങളെ കൊലക്കു കൊടുക്കുന്നവര്‍ക്ക് മഹത്വം.
കുഞ്ഞുങ്ങളെ കൊടുക്കുന്നവനും എടുക്കുന്നവനും മഹത്വം. 
ഭൂപടം വരയ്ക്കുന്ന കുഞ്ഞുങ്ങള്‍ മാത്രം  ഇരുളില്‍ ഉഴറുന്നു. 
@ബി.ജി.എന്‍ വര്‍ക്കല

* നനവേ : ഇറാക്കിലെ യസീദി ഗോത്രങ്ങൾ പാർക്കുന്ന ഇടം