ജാനകീവധം
പുനരാഖ്യാനം ബി.ജി.എൻ വർക്കല
"ജാനകീ ...... രാഘവന് വരുന്നുണ്ട് . ഭക്ഷണം എടുത്തു വയ്ക്കാന്‍ ഉള്ള ഏര്‍പ്പാടുകള്‍ ചെയ്യൂ."
കൗസല്യയുടെ വാക്കുകള്‍ കേട്ട ജാനകി പെട്ടെന്നു തന്നെ തല്പത്തില് നിന്നും എഴുന്നേറ്റ് കുശിനിപ്പുരയിലേക്ക് വേഗത്തില്‍ നടന്നു. കൗസല്യ ഉടനെ തന്നെ ജാനകി വരച്ചു വച്ച പലക എടുത്ത് തിരശ്ശീലയ്ക്ക് പിന്നിലേക്ക് മാറ്റി ആരും കാണാത്ത വിധം വച്ച ശേഷം സുമിത്രയുമൊത്ത് അറയിലേക്ക് നടന്നുപോയി. കൈകേയി പുറകെ ചെല്ലാന്‍ ഒരുങ്ങിയിട്ടു പെട്ടെന്നു തിരിഞ്ഞു തിരശ്ശീലക്കു പിറകില്‍ വച്ച പലക എടുത്തു പുറമെ കാണാന്‍ കഴിയുന്ന വിധത്തില്‍ വച്ചശേഷം ഗൂഢമായ ഒരു പുഞ്ചിരിയോടെ അവരുടെ പിന്നാലേ നടന്നു പോയി.
മുറിവാതില്ക്കല് രാഘവന്റെ കാലടി ശബ്ദം കേള്‍ക്കുമ്പോഴേക്കും ജാനകി കഴുകിത്തുടച്ച തൂശനിലയുമായി എത്തിക്കഴിഞ്ഞിരുന്നു . അകത്തേക്ക് വന്ന രാഘവന് ഇരിക്കാന്‍ അവള് അടുത്തുകണ്ട പലക എടുത്തു മുന്നിലേക്ക് നീക്കി വച്ച് ഭവ്യതയോടെ കാത്തു നിന്നു.
********
ജാനകിയുടെ സമൃദ്ധമായമുടിയില് എണ്ണയിട്ടുകൊണ്ട് കൗസല്യയും ഇരുവശവും അവളുടെ മുഖത്ത് നോക്കി കൈകേയിയും സുമിത്രയും ഇരുപ്പുണ്ടായിരുന്നു.
ലങ്കയിലെ വിശേഷങ്ങള്‍ കേട്ടു മതിയായിട്ടില്ല എന്നു തോന്നും മൂവരുടെയും ആകാംഷയും ചോദ്യങ്ങളും കേട്ടാല്‍ . ഇതിപ്പോള്‍ എത്രവട്ടമായി എന്നു ജാനകിക്കു നിശ്ചയമില്ല രാവണക്കോട്ടയുടെ കഥകള്‍ പറയുന്നത് . മുത്തും പവിഴവും തങ്കവും കൊണ്ട് അലംകൃതമായ രാവണരാജ്യം . ലങ്കയുടെ മഹിമ അയോദ്ധ്യക്ക് സങ്കല്പ്പിക്കാന് പോലും കഴിയില്ല . ദൂതന്മാരും സഞ്ചാരികളും വര്‍ണ്ണിച്ച് കേട്ടിട്ടുള്ളതല്ലാതെ ആരും കണ്ടിട്ടുപോലുമില്ലാത്ത ആ സ്വര്‍ഗ്ഗഭൂമിയില്‍ ജാനകി കുറെക്കാലം ജീവിച്ചവള്‍ ആണെന്നതിനാല്‍ അവളുടെ വാക്കുകള്‍ക്ക് കൂടുതല്‍ തെളിമ ഉണ്ടാകും എന്നവര്‍ക്കറിയാം. അതുകൊണ്ടു തന്നെ അവര്‍ ചോദിച്ചുകൊണ്ടേയിരുന്നു സമയം കിട്ടുമ്പോള്‍ ഒക്കെ . അന്തപ്പുരം വിട്ടു പുറത്തു പോയിട്ടു എത്രയോ കാലമായി. ദശരഥന് മരിക്കുകയും രാമനും ലക്ഷ്മണനും രാജ്യമുപേക്ഷിച്ചു കാട്ടിലേക്കും അധികാരം ഉപേക്ഷിച്ചു മുനിജനങ്ങളെപ്പോലെ ഭരതനും ശത്രുഘ്നനും ജീവിക്കുകയും ചെയ്ത അയോദ്ധ്യയില്‍ ഇത്രകാലവും അമാവാസിയായിരുന്നല്ലോ. അതിനാല്‍ത്തന്നെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ സീതയുടെ ചുറ്റും സമയം ലഭിക്കുമ്പോഴൊക്കെ മൂവരും എത്തിക്കൊണ്ടിരുന്നു.
വിശേഷങ്ങള്‍ തിരക്കുന്നതിലെ ഉത്സാഹം പതിയെ രാവണന്റെ നേരെ ആയി മാറിയത് പൊടുന്നനെയായിരുന്നു. സത്യത്തില്‍ അതിന്റെ പിന്നിലെ ബുദ്ധി കൈകേയിയുടെ ആയിരുന്നു. ജാനകിയുടെ ഉള്ളില്‍ രാവണന് ഉണ്ടോ എന്നറിയാനുള്ള ഒരു മാര്‍ഗ്ഗം തിരയലായിരുന്നു മൂന്നമ്മമാരിലും വളര്‍ന്ന് നിന്നത് . കുലവധൂടികള്‍ ആയ സ്ത്രീകള്‍ സ്വന്തം പുരുഷനെ അല്ലാതെ മറ്റൊരാളെ മനസ്സില്‍ പോലും നിനയ്ക്കാറില്ല എന്നതാണു ചട്ടം. അതാണ് ശാസ്ത്രങ്ങള്‍ പഠിപ്പിക്കുന്നതും. അതിനപ്പുറം അവള് മറ്റൊരു പുരുഷനെക്കുറിച്ച് ഓര്‍മ്മിക്കുകയോ സങ്കല്‍പ്പിക്കുകയോ എന്തിന് നോക്കുകയോ ചെയ്യുന്നത് പോലും സദാചാരസീമകള്ക്കപ്പുറം ആണ്. അതിനാല്‍ത്തന്നെ ജാനകിയുടെ ഉള്ളില്‍ രാവണന് ഉണ്ടോ എന്നറിയുക അത്യാവശ്യമായി മാറിയിരിക്കുന്നു. അലക്കുകാരന് പറഞ്ഞത് കേട്ടു രാഘവന് ജാനകിയെ കാട്ടില്‍ ഉപേക്ഷിച്ചു എങ്കിലും രാജസൂയത്തോട് അനുബന്ധിച്ച് പുനര്‍ സംഗമം നടന്നത് എല്ലാര്ക്കും അറിയാമെങ്കിലും ഇപ്പഴും ജനങ്ങളുടെ മനസ്സില്‍ ഒരു കരട് കിടപ്പുണ്ട്. സ്ത്രീജിതനായി പേര് കേട്ട ഒരാള്‍ . അയാളുടെ തടങ്കലില്‍ ജാനകിയെപ്പോലൊരു സാധുവും സുന്ദരിയുമായ പതിവൃത എത്ര കാലം പിടിച്ച് നിന്നിരിക്കാം. ദേവ സ്ത്രീകള്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയായിരുന്നു എന്നു കേട്ടിട്ടുണ്ട്. അപ്പോള്‍ ജാനകി രാവണന് വെറും സാധാരണ ഒരു സ്ത്രീ മാത്രമല്ലേ.
ഹനുമാന് ജാനകിയെ , രാവണ വധത്തിന് ശേഷം രാഘവന് പറഞ്ഞത് കേട്ടു വിളിച്ചുകൊണ്ടു വരുമ്പോള്‍ ജാനകി അണിഞ്ഞൊരുങ്ങി കുലവധൂ വേഷത്തില്‍ ആയിരുന്നു വന്നതെന്ന് കേട്ടിട്ടുണ്ട്. അത്രയും കാലം വിരഹ ദുഖം അനുഭവിച്ച ഒരുവള്‍ ആയിരുന്നില്ല രാഘവന്റെ മുന്നില്‍ വന്നു നിന്ന ജാനകി. ഹനുമാന്റെ അപേക്ഷ പ്രകാരമാണ് മുഷിഞ്ഞ വസ്ത്രങ്ങള്‍ മാറി , സ്നാനം ചെയ്തു ഒരുങ്ങി വന്നതെന്നത് പക്ഷേ രാഘവനോ കൂടെയുള്ളവര്‍ക്കോ മനസ്സിലായതുമില്ല. ശാസ്ത്രവും , വിധിയും, സമൂഹ നടപടികളും ഒക്കെ വിശദീകരിച്ചു നിര്‍ബന്ധിച്ച് ഹനുമാന് ജാനകിയെ അണിഞ്ഞൊരുങ്ങി വരാന്‍ അപേക്ഷിക്കുമ്പോള്‍ അയാളുടെ മനസ്സിലും മറ്റൊരു ചിന്ത ഉണ്ടായിരുന്നു എന്നു കരുതാന്‍ വയ്യ. എന്തായാലും അത് കണ്ടതോടെ രാഘവന്റെയും കൂട്ടരുടെയും മുഖം കറുത്തു എന്നത് വാസ്തവം. നാട്ടുകാരുടെ വായടയ്ക്കാന്‍ എന്ന പേരിലാണെങ്കിലും രാഘവന് അന്ന് അഗ്നിപരീക്ഷ നടത്തി ജാനകിയെ പരീക്ഷിക്കുകയും ചെയ്തിരുന്നുവല്ലോ.
സംശയാസ്പദമായ ഒരു ദാമ്പത്യജീവിതമാണ് രാഘവന് എന്നും നയിക്കേണ്ടി വന്നത് എന്നതില്‍ അമ്മമാര്‍ക്ക് വേദനയുണ്ടാക്കിയിരുന്നു. അതില്‍ നിന്നും ഒരു മോചനം നല്കാന് അവര്‍ പലവുരു കരുതിയതാണെങ്കിലും ജാനകിയെ കാട്ടില്‍ ഉപേക്ഷിച്ചു വന്നപ്പോഴും രാഘവന് ബ്രഹ്മചര്യം സ്വീകരിക്കാന്‍ ആണ് തയ്യാറായത്. അതൊരു വലിയ പരാജയം തന്നെയായിരുന്നു തങ്ങളുടെ ഭാഗത്ത് നിന്നും സംഭവിച്ചത് എന്നത് അമ്മമാര്‍ ഓര്‍ക്കുന്നുണ്ടു എപ്പോഴും. ആ ഒരു കുറ്റബോധം ആണ് ജാനകിയെ പരീക്ഷിക്കാന്‍ കിട്ടുന്ന ഓരോ അവസരത്തിലും അവര്‍ ഉപയോഗിച്ചുകൊണ്ടിരുന്നതും.
അമ്മമാരുടെ കൗതുകാന്വേഷണങ്ങളില് രാവണന്റെ പരാമര്‍ശം വരുമ്പോഴൊക്കെ ജാനകി അസ്വസ്ഥത കാണിക്കാറുണ്ടായിരുന്നു. പക്ഷേ സ്ത്രീ സഹജമായ കാഴ്ചപ്പാടും , സംശയങ്ങളും അവരെ വിട്ടുപോയിട്ടില്ലായിരുന്നു. ഒടുവില്‍ അന്ന് അത് സംഭവിച്ചു.
കൈകേയി ആണ് വിഷയം ആദ്യം എടുത്തിട്ടത് . ജാനകീ നീ എത്ര ഇല്ലെന്നു പറഞ്ഞാലും ഞങ്ങള്‍ വിശ്വസിക്കില്ല . രാവണനെ നീ കണ്ടിട്ടുണ്ട് ഒരിക്കലെങ്കിലും. അങ്ങനെയെങ്കില്‍ നിന്റെ ജീവിതത്തെ നശിപ്പിച്ച ആ ദുഷ്ടന്റെ മുഖം നീ ഒരിയ്ക്കലും മറക്കാന്‍ വഴിയില്ല. ഞങ്ങള്‍ ആണെങ്കില്‍ വയസ്സായി , മരിക്കാറായി. ഇനിയും ഞങ്ങൾക്ക് രാവണനെ കാണാന്‍ കഴിയുകയുമില്ല . ലോകം മുഴുവന്‍ ദുഷിക്കുകയും ശപിക്കുകയും ഭയക്കുകയും ചെയ്തിരുന്ന ആ ദുഷ്ടനെ മരിക്കും മുന്നേ ഒന്നു കാണാന്‍ കഴിയാതെ പോകുന്നത് ഈ ജന്മത്തില് ഒരു വലിയ കുറവ് തന്നെയാകും. ജാനകിയ്ക്കു നന്നായി ചിത്രരചന അറിയാമല്ലോ . ഞങ്ങള്‍ക്കു കാണാന്‍ വേണ്ടി ഒരിക്കല്‍ മാത്രം രാവണനെ ഒന്നു വരച്ചു കാണിക്കാമോ. കൗസല്യയുടെയും സുമിത്രയുടെയും മുഖത്തും ഇതേ ആവശ്യവും ആകാംഷയും തിങ്ങി നില്‍ക്കുന്നത് കണ്ട ജാനകി ചകിതയായി.
അമ്മേ , പതിവൃതയായ ഒരു സ്ത്രീയും ചെയ്യാന്‍ പാടില്ലാത്തത് ആണ് പരപുരുഷനെ ഓര്‍മ്മിക്കുകയോ അയാളെ സങ്കല്‍പ്പിക്കുകയോ ചെയ്യുക എന്നത്. എന്റെ ജീവിതത്തിലെ ആ കറുത്ത ദിനങ്ങളെ ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണ് ഇത്ര കാലവും. അതിനെ വീണ്ടും ഓര്‍മ്മിപ്പിച്ചു എന്നെ കഷ്ടത്തിലാക്കരുതേ . ലോക നിയമം പാലിക്കാന്‍ ബാധ്യസ്ഥരായ കുലസ്ത്രീകള്‍ ആണ് നമ്മള് എന്നത് അമ്മമാര്‍ മറന്നുപോകുന്നുവോ .
ജാനകി എന്തിന് വിഷമിക്കണം. ഈ അന്തപ്പുരത്തില്‍ നടക്കുന്നതൊന്നും പുറത്തറിയുന്നതല്ല. നമ്മള് ആരും നമ്മുടെ ചിത കൊളുത്താന്‍ ആഗ്രഹിക്കുന്നവരുമല്ല. അതിനാല്‍ ജാനകിയുടെ ഭയം അസ്ഥാനത്താണ്. ഇവിടെ ആരും ഇല്ല ആരും കടന്നുവരികയുമില്ല നമ്മുടെ അനുവാദമില്ലാതെ.
അമ്മേ ലോകം എത്ര അറിയാതെ പോയാലും നമ്മള് തെറ്റുകള്‍ ചെയ്യാന്‍ പാടുണ്ടോ . ശാസ്ത്രങ്ങള്‍ അനുസരിക്കാനുള്ളതല്ലേ . അവയെ നാം തന്നെ അവഗണിക്കുകയോ എതിര്‍ത്തു പെരുമാറുകയോ ചെയ്താല്‍ പിന്നെ പ്രജകള്ക്കെങ്ങനെ നാം നല്ലൊരു സന്ദേശം നല്കാന് കഴിയും. അവരെ എങ്ങനെ നമുക്ക് നയിക്കാന്‍ കഴിയും. എല്ലാ കണ്ണുകളും മറച്ചു വയ്ക്കാന്‍ കഴിയുമോ നമുക്ക് .
മകളെ , നമ്മുടെ മനോരഥങ്ങള്‍ ഒന്നും തന്നെ സമൂഹത്തില്‍ നിന്നും വേറിട്ടതല്ല. നാം നമ്മുടെ മഹിമ കൊണ്ടും സ്ഥാനം കൊണ്ടും അവയെ ഗോപ്യമായി വയ്ക്കുന്നു എന്നതിനപ്പുറം നമുക്കാര്‍ക്കാണ് അതിനെ പൂര്‍ണ്ണമായും നിരാകരിച്ചുകൊണ്ടു ജീവിക്കാന്‍ കഴിയുക.
വാദോപവാദങ്ങള്ക്കു ഒടുവില്‍ ജാനകി രണ്ടും കല്പ്പിച്ചു അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കാം എന്നു കരുതി അവിടെ ഉണ്ടായിരുന്ന പലക എടുത്തു അതിന്റെ അടി ഭാഗത്ത് രാവണനെ വരയ്ക്കാന്‍ ശ്രമിച്ചു. അവളുടെ മനസ്സ് പഴയ കാലത്തിലേക്ക് കുതിച്ചുപാഞ്ഞു.
തന്നെ തട്ടിക്കൊണ്ടു പോകാന്‍ ആദ്യം പര്‍ണ്ണശാലയില്‍ വന്ന രാവണന്റെ മുഖത്ത് അവള് കണ്ടത് ആരാധനയും അസൂയയും പ്രേമവും ആയിരുന്നു എന്നവള്‍ ഓര്‍ത്തെടുത്തു. തന്നെ തട്ടിയെടുത്ത് പുഷ്പക വിമാനത്തില്‍ കയറുമ്പോള്‍ അയാളുടെ മുഖത്ത് ഒരു വീരന്റെ ഗര്‍വ്വ് ആയിരുന്നു. ശിംശിപാ വൃക്ഷച്ചുവട്ടില്‍ പക്ഷേ പല സമയത്തും അയാള്‍ക്കു പല മുഖമായിരുന്നു. ചിലപ്പോള്‍ കാമപരവശന്‍ , ചിലപ്പോള്‍ ക്രോധത്താല്‍ തിളച്ചു നില്ക്കുന്നു ചിലപ്പോള്‍ വാശി മൂത്ത ഭാവം ചിലപ്പോള്‍ ദയനീയമായ അപേക്ഷഭാവം ചിലപ്പോള്‍ ദുഖിതനായ ഒരാള്‍ . അവസാനം കണ്ടപ്പോള്‍ അവശനും പരാജിതനുമായ ഒരാള്‍ ആയിരുന്നു രാവണന് .
മനസ്സിലെ എല്ലാ ഭാവങ്ങളും ഓര്‍ത്തെടുത്ത് അവള് രാവണനെ വരച്ചു പൂര്‍ത്തിയാക്കി. പത്തു മുഖങ്ങള്‍ പത്തു ഭാവങ്ങള്‍ . അറിഞ്ഞോ അറിയാതെയോ അയാളുടെ ശരീരം അവള് വരച്ചു തീരുമ്പോള്‍ അമ്മമാരില്‍ നിറഞ്ഞ കൗതുകം മെല്ലെ മാറി അതില്‍ അമ്പരപ്പ് ഭയം വിദ്വേഷം ലജ്ജ തുടങ്ങിയ പല ഭാവങ്ങള്‍ ആയി മാറുകയായിരുന്നു. അന്യപൂരുഷനെ നോക്കുന്നത് പോലും പാപമായിരിക്കുമ്പോള്‍ തന്നെ ഉപദ്രവിച്ച മനുഷ്യന്റെ എത്ര മുഖങ്ങള്‍ ഭാവങ്ങള്‍ ആണ് ജാനകി ഓര്‍ത്ത് വച്ചിരിക്കുന്നത് എന്നവര്‍ അത്ഭുതപ്പെട്ടു . അയാളുടെ ശരീരത്തിന്റെ കായ ബലവും അഴകും ഒരു പക്ഷേ അയാള്‍ക്കു പോലും ലജ്ജ തോന്നും വിധം അവള് പകര്‍ത്തിയിരിക്കുന്നു . അതിനര്‍ത്ഥം ജനങ്ങള്‍ പിറുപിറുക്കുന്നത് ശരിതന്നെയാണെന്നല്ലേ. രാഘവന് ജാനകിയെ അഗ്നിപരീക്ഷ ചെയ്തതിലോ കാട്ടില്‍ ഉപേക്ഷിച്ചതിലോ ഒരു തെറ്റുമില്ല എന്നവര്‍ക്ക് തോന്നി. അവള് ഒരിയ്ക്കലും സത്യസന്ധയായിരുന്നില്ല എന്നും അവള് പാപിനിയാണെന്നും അവര്‍ക്ക് തോന്നി. അയോധ്യയുടെ മേല്‍ വീണ കളങ്കം തന്നെയാണ് ജാനകി . രാഘവന് ജാനകിയെ പരിണയിച്ച നാള് മുതല്‍ അയോധ്യയുടെ മേല്‍ നിറഞ്ഞു നില്‍ക്കുന്നത് കരിനിഴലുകള്‍ മാത്രമാണു .പിന്നൊരിക്കലും അയോധ്യ സന്തോഷം എന്തെന്നറിഞ്ഞിട്ടില്ല. ഭരിക്കുന്നവരോ ഭരിക്കപ്പെടുന്നവരോ സന്തുഷ്ടരല്ലാതെ പോയ ഒരു കാലം . ഇത് അയോധ്യയുടെ മേല്‍ ഒരു കളങ്കമാണ്. സൂര്യവംശത്തിന് ഏറ്റ അപമാനം.
ഈ ദുര്‍ഘടന എങ്ങനെ ആണ് അയോദ്ധ്യയില്‍ നിന്നൊഴിയുക. എങ്ങനെയാണ് ഇത് രാഘവനെ അറിയിക്കുക. അത് പാടുണ്ടോ . കൂടുതല്‍ ദുഖങ്ങളിലേക്കും ദുരിതങ്ങളിലേക്കും ആണ് അയോധ്യ കടന്നു പോകാന്‍ പോകുന്നതെന്ന് കൗസല്യ ഭയപ്പെട്ടു . സുമിത്രയുടെ മുഖത്ത് അതേ പരിഭ്രാന്തിയും സംശയവും വായിച്ചെടുക്കാന്‍ കഴിഞ്ഞു. പക്ഷേ കൈകേയി ചിരിക്കുകയായിരുന്നു ഉള്ളാല്‍. കഴിഞ്ഞു. ഇതോടെ ജാനകിയുടെ കാര്യം അവസാനിക്കുന്നു. ഒപ്പം രാഘവനും. ഈ വിവരം രാഘവന് അറിഞ്ഞാല്‍ ജാനകിയുടെ ജീവന് ആ നിമിഷം അവസാനിക്കും. പിന്നെ ദുഖഭാരം മൂലം രാജ്യം ഉപേക്ഷിച്ചു രാഘവനും എന്നെന്നേക്കുമായി അയോധ്യ വീടും. ഇനിയെങ്കിലും ഭരതന് രാജ്യം മനസമാധാനത്തോടെ ഭരിക്കാം. രാജമാതാവായി ഇനി എങ്കിലും എനിക്കും വാഴാമല്ലോ.
*******
രാഘവന് ഭക്ഷണം കഴിക്കാന്‍ വേണ്ടി പലകയിലേക്കിരിക്കുമ്പോള് പലക തെന്നി പിറകിലോട്ട് പോയി. എന്തു പറ്റിയെന്ന് നോക്കാന്‍ പലക എടുത്തു നേരെയാക്കുമ്പോള്‍ ആണ് അതിന്റെ പിറകില്‍ വരച്ചിരിക്കുന്ന രാവണന്റെ ചിത്രം രാഘവന് കണ്ടത്. അടിമുടി ഒരു തീക്കാറ്റു കടന്നുപോയി രാഘവന്റെയും ജാനകിയുടെയും ശരീരത്തില്‍ ഒരേ പോലെ. അവൾ ഭയന്ന് തളര്‍ന്ന് അടുത്തുള്ള ചിത്രത്തൂണില്‍ തന്റെ ശരീരം താങ്ങി നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ രാഘവന്റെ തീക്കണ്ണുകള്‍ ജാനകിയ്ക്കു മേല്‍ ആയിരുന്നു.
ആരാണ് ഈ പലകയില്‍ രാവണന്റെ ചിത്രം വരച്ചത് . രാഘവന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ജാനകി ഓര്‍ത്തത് ഇതേ ശബ്ദമായിരുന്നന്ന് അഗ്നിപരീക്ഷയ്ക്ക് തന്നെ നിര്ബന്ധിക്കുമ്പോഴും രാഘവനെന്നായിരുന്നു.
അത് ..... അമ്മമാര്‍ എന്നോടു രാവണനെ കാണണം എന്നു ആശ പറഞ്ഞപ്പോള്‍........
വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല ജാനകിയ്ക്കു അപ്പോഴേക്കും മതി എന്നര്‍ത്ഥത്തില്‍ രാഘവന് കൈ എടുത്തു തടഞ്ഞു . ജാനകിയ്ക്കു ഇന്നുവരെ നമ്മെ ഒന്നു വരയ്ക്കാന്‍ ആയിട്ടില്ല പൂര്‍ണ്ണമായും. എന്തിന് പറയുന്നു ലവ കുശന്മാരെ വരച്ചിട്ടില്ല . പക്ഷേ , എത്ര ഗഹനമായി സൂക്ഷ്മമായി രാവണനെ വരച്ചിരിക്കുന്നു . ഇക്കണ്ട കാലം മുഴുവന്‍ ഞാനൊരു വിഡ്ഢി വേഷം കെട്ടുകയായിരുന്നു അല്ലേ. നമ്മുടെ മനസിനെ വഞ്ചിച്ചുകൊണ്ടു നമുക്കെങ്ങനെ ജീവിക്കാന്‍ കഴിയും ജാനകീ.
അരുതു അങ്ങനെ ഒന്നും കരുതരുത് പറയരുതു . ഞാന്‍ ചിത്രം വരച്ചു എന്നത് ശരിയാണ് . പക്ഷേ അതിനര്‍ത്ഥം എന്റെ മനസ്സില്‍ ആ രൂപം ആണെന്ന് കരുതരുത് . അത് പാപമാണ്. എനിക്കു അങ്ങയോടുള്ള സ്നേഹവും ഭക്തിയും എന്നും അതേ നിലയില്‍ തന്നെയുണ്ട്. എന്റെ മനസ്സിലെയും ജീവിതത്തിലെയും പുരുഷന് അങ്ങ് മാത്രമാണു. അങ്ങല്ലാതെ ആരും എന്നെ ......
ജാനകീ ...... പാഴ്വാക്കുകള്‍ കൊണ്ട് നീ തീര്‍ക്കുന്ന ഒന്നും തന്നെ പാപപരിഹാരം ആകുന്നില്ല . ഇനി ഈ ഭൂമിക്ക് ഭാരമായി നീയുണ്ടാകന് പാടില്ല .ഇനിയും എന്റെ ജനതയെ അഭിമുഖീകരിക്കുവാന്‍ എനിക്കു കഴിയില്ല . ഞാന്‍ ഒരു കോമാളിയുടെ വേഷം ആണ് ആടുന്നതെന്ന് കരുതുന്നു. എനിക്കു ഇനിയും ഇത് കഴിയില്ല.
ആദ്യമായി ജാനകിയുടെ കണ്ണുകളില്‍ രാഘവന് പുതിയ ഒരു ഭാവം കാണുകയായിരുന്നു.
അങ്ങേക്ക് എന്തു യോഗ്യതയാണുള്ളത് ഇനിയും എന്നെ അപമാനിക്കുവാന്‍. ശരിക്കും ഞാനല്ലേ ഇവിടെ കോമാളിയായി ജീവിക്കുന്നത്? ഒരു ഭാര്യ എന്ന നിലയില്‍ എന്റെ സംരക്ഷണം അങ്ങയുടെ ചുമതല അല്ലേ . അത് ചെയ്യാന്‍ മറന്ന അങ്ങേക്ക് എങ്ങനെയാണ് എന്റെ രക്ഷകന് എന്ന ഭാവവും അധികാരവും ഭൂഷണമാകുന്നത് .
ജാനകീ . ... എല്ലാം കാലത്തിന്റെ ആവശ്യമായിരുന്നു. കാലാകാലങ്ങളില്‍ സംഭവിക്കേണ്ടവ സംഭവിക്കുക തന്നെ വേണമല്ലോ.
അതിനാലാണോ അങ്ങ് ഒരന്യപുരുഷന് തട്ടിക്കൊണ്ടു പോയ ഭാര്യയെ പാടുപെട്ടു വീണ്ടെടുത്തത്. അതിനായിരുന്നോ അക്കണ്ട ജനങ്ങള്‍ക്ക് മുന്നില്‍ വച്ച് എന്നെ അവമതിക്കുകയും അവിശ്വസിക്കുകയും അഗ്നിപരീക്ഷ നടത്തുകയും ചെയ്തത് . അതിനാലാണോ ഏതോ വായാടി പറഞ്ഞ ഭോഷത്തരം കേട്ട് ഗര്‍ഭിണിയായ എന്നെ കാട്ടില്‍ ഉപേക്ഷിച്ചത് . ഇതാണോ രാജ ധർമ്മം. ഇതാണോ കൊട്ടിഘോഷിക്കുന്ന സൂര്യ വംശത്തിന്റെ മഹിമ . ഇതിലും നല്ലത് അങ്ങേന്നെ വീണ്ടെടുക്കാതിരിക്കുന്നതായിരുന്നു. വീണ്ടും വീണ്ടും മരിക്കാന്‍ വേണ്ടി അങ്ങെന്നെ വീണ്ടെടുക്കാതിരിക്കണമായിരുന്നു.
ജാനകീ ..... നിന്റെ വാക്കുകള്‍ അതിര് കടക്കുന്നു. ഒരു പുരുഷന്റെ , ഭര്‍ത്താവിന്റെ കടമയാണ് തന്റെ ഭാര്യയെ രക്ഷിക്കുക എന്നത്. അതില്‍ എനിക്കു സംഭവിച്ച വീഴ്ചയാണ് നിന്നെ രാവണന്റെ കോട്ടയില്‍ എത്തിച്ചതെന്നറിയാം. പക്ഷേ അത് ദൈവവിധിയായിരുന്നു. ഞാന്‍ അവിടെ നിന്നും നിന്നെ വീണ്ടെടുത്ത് സകല പുരുഷന്മാരുടെയും അഭിമാനം ആണ് സംരക്ഷിച്ചത്.
എന്തു അഭിമാനം . പുരുഷന്റെ അഭിമാനം എന്നത് സ്ത്രീയെ രക്ഷിക്കുന്നതില്‍ ആണോ ? അവളെ മനസ്സിലാക്കുകയും ഒപ്പം നടക്കുകയും ചെയ്യുന്നതിലാണ്. പരസ്പരം വിശ്വാസം നഷ്ടമാകുന്ന ഒരു ബന്ധത്തിലും ശാന്തിയും സമാധാനവും ഉണ്ടാകുന്നില്ല എന്നങ്ങേക്ക് മനസ്സിലാകുന്നില്ലേ ഇനിയും.
അങ്ങ് കൊട്ടിഘോഷിക്കുന്ന പുരുഷത്വം , അന്യരുടെ വാക്കുകള്‍ കേട്ടു സ്വന്തം ഭാര്യയെ തീയില്‍ ചുട്ടെടുക്കുന്നതില്‍ അല്ല നിലനില്‍ക്കുന്നത് . ഗര്‍ഭാവസ്ഥയില്‍, സംരക്ഷിക്കപ്പെടേണ്ട കാലത്ത് വനത്തില്‍ ഉപേക്ഷിച്ചല്ല അത് തെളിയിക്കേണ്ടത്. എന്തിന് , കേവലം ഒരു ചിത്രം വരച്ചതിന്റെ പേരില്‍ കൊല്ലാന്‍ പുറപ്പെടുന്നതല്ല പുരുഷത്വം. എങ്ങനെയാണ് താങ്കളെ പ്രജകള്‍ പിന്തുടരുക . എങ്ങനെയാണ് താങ്കളെ ജനങ്ങള്‍ മാനിക്കുക. ചതിയിലൂടെയും വഞ്ചനയിലൂടെയും അങ്ങ് നേടിയെന്ന് കരുതുന്ന ഒരു വിജയവും വിജയമല്ല എന്നറിയുക. കൗശലം കൊണ്ട് മാത്രമാണ് അങ്ങ് യുദ്ധം ജയിച്ചു എന്നെ വീണ്ടെടുത്തത് . പക്ഷേ അത് ലോകത്തിന് മുന്നില്‍ സ്വന്തം പുരുഷത്വം തെളിയിക്കാന്‍ വേണ്ടിയുള്ള ഒരു കസര്‍ത്ത് മാത്രം. ഉള്ളിന്റെ ഉള്ളില്‍ അങ്ങ് പേറുന്ന അപകര്‍ഷതാബോധം കാലം അങ്ങേക്ക് നേരെ വിരല്‍ ചൂണ്ടുന്നതിന് കാരണമാകും എന്നറിയുക.
ഒരു രാജാവെന്ന നിലയ്ക്ക് എന്റെ കടമയാണ് പ്രജകളെ സംരക്ഷിക്കുക എന്നതും അവരുടെ താത്പര്യങ്ങള്‍ നിവര്‍ത്തിക്കൊടുക്കുക എന്നതും. അതിനപ്പുറം ഞാന്‍ എന്റെ സ്വകാര്യതയ്ക്ക് അവിടെ സ്ഥാനം എങ്ങനെ നല്‍കും. രാജനീതി എന്തെന്ന് ജാനകിയ്ക്കു അറിയില്ല എന്നില്ലല്ലോ .
അങ്ങ് പറയുന്ന രാജനീതി , അവിടത്തെ ഒരു പ്രജയായ എനിക്കും കൂടി അവകാശപ്പെട്ടതല്ലേ . ലോകത്തിന് മുന്നില്‍ പരിഹാസ്യയായി പതിതയായി നില്ക്കാന് തക്കവണ്ണം എന്തു തെറ്റ് ഞാന്‍ ചെയ്തു. എന്നെ രാവണന് പിടിച്ച് കൊണ്ടുപോയത് എന്റെ അനുവാദത്തോടെ ആയിരുന്നില്ല. അവിടെ അറിയാത്ത ഒരു സ്ഥലത്തു ഒറ്റയ്ക്ക് ഭയന്ന് കഴിഞ്ഞതും എന്റെ സമ്മതത്തോടെ അല്ലായിരുന്നു. പക്ഷേ എല്ലാവരും പറയുന്നതു പോലെ ഒരു മനുഷ്യന് ആയിരുന്നു രാവണന് എങ്കില്‍ അങ്ങെന്നെ തിരികെ കൊണ്ട് വരുമ്പോള്‍ ഞാന്‍ രാവണന്റെ പത്നിയായി അയാളുടെ വിധവയായി ആയിരുന്നെനേ. സുഗ്രീവന്റെ മുന്നിലേക്ക് താരയെ എങ്ങനെ ബാലിയെ കൊന്നു അങ്ങ് തിരിച്ചു കൊടുത്തോ ആ ഒരു അവസ്ഥ എന്തായാലും ജാനകിയ്ക്കു അവകാശപ്പെടാന്‍ കഴിയാത്ത വണ്ണം രാവണന് മാന്യന് തന്നെയായിരുന്നു. എന്നിട്ടും അങ്ങെന്നെ പരീക്ഷിച്ചു. ഗര്‍ഭിണി ആണെന്നറിഞ്ഞും കാട്ടില്‍ ഉപേക്ഷിച്ചു. രണ്ടു മക്കള്‍ അവര്‍ക്ക് അങ്ങയുടെ രൂപവും സൗന്ദര്യവും കണ്ടത് കൊണ്ട് മാത്രം എന്നെ തിരികെ കൊണ്ട് വന്നു. ഇപ്പോഴോ ….. വെറുമൊരു ചിത്രത്തിന്റെ പേരില്‍ അങ്ങെന്നെ കൊല്ലാന്‍ തുടങ്ങുന്നു. ഇത് രാജനീതി. ഇത് പുരുഷ ധർമ്മം. കൊള്ളാം നന്നായിരിക്കുന്നു അങ്ങയുടെ രാജ്യത്തിന്റെ ഭാവി ഇതില്‍ നിന്നാകും ഇനി മുന്നോട്ട് പോവുക.
ലജ്ജയും അപമാനവും ക്രോധവും നല്കിയ ആവേശത്തില്‍ ജാനകിയുടെ നേരെ ക്രൂദ്ധനായി ഓടി അടുത്ത രാഘവനില്‍ നിന്നും രക്ഷപ്പെടുവാന്‍ വേണ്ടി ജാനകി മട്ടുപ്പാവിലേക്കു ഓടിക്കയറി . പിറകെ അവളെ കൊല്ലുവാനുള്ള പകയുമായി രാഘവനും. ഒടുവില്‍ ഓടാന്‍ മുന്നില്‍ വഴിയില്ല എന്നു കണ്ട ജാനകി ഒരു നിമിഷം പകച്ചു നിന്നു. ജീവിതത്തോടും ലോകത്തോടുമുള്ള ഒടുങ്ങാത്ത പകയും വാശിയും അവളിലേക്ക് ഇരച്ചു കയറവേ മറ്റൊന്നും ചിന്തിക്കാതെ അവള് താഴേക്കു ചാടി. ഓടിയടുത്ത രാഘവന് ഇച്ഛാഭംഗത്തോടെ താഴേക്കു നോക്കി. കൊട്ടാരത്തിന് പുറത്തു സുരക്ഷയ്ക്കായി കെട്ടിയ അഗാധമായ കൊക്കയിലെവിടെയോ ജാനകി മറഞ്ഞു കഴിഞ്ഞിരുന്നു. രാഘവന് ഇതികര്‍ത്തവ്യതാമൂഢനായി അകലേക്ക് നോക്കി നിന്നു . തനിക്ക് നേരെ വിരല്‍ ചൂണ്ടി ആര്‍ത്തട്ടഹസിക്കുന്ന പ്രജകളെ മനസ്സില്‍ കണ്ടു ശരീരം തളര്‍ന്നു രാഘവന് ഇരുകൈകളും തലയില്‍ പിടിച്ച് കുനിഞ്ഞിരുന്നു പൊട്ടിക്കരയാന്‍ തുടങ്ങി.
കൊട്ടാരം ഒരു വലിയ മൂകതയിലേക്ക് വീണപോലെ നിശബ്ദമായി കണ്ടു. ആകാശം കറുത്തുപോയി ...