Pages

Wednesday, January 19, 2022

തൊട്ടാവാടി

, തൊട്ടാവാടി
...........................
ഞാനൊന്നു തൊടുമ്പോൾ മാത്രം
മിഴികൾ താഴ്ത്തി
ശക്തി ക്ഷയിച്ച്
കൂമ്പിപ്പോകുന്നു നീ .!
നിൻ്റെ മുള്ളുകൾ കൊണ്ട്
ചോര പൊടിഞ്ഞവർക്കും
നിൻ്റെ പച്ചപ്പിൽ 
ഉയർത്തെഴുന്നേറ്റവർക്കും
കാണാനാകാതെ
കാണിക്കാതെ
നീ ഒളിച്ചുവച്ചിരുന്നതാണല്ലേ.!
നോക്കൂ ...
നിൻ്റെ കണ്ണിലൂടെയെനിക്കു 
സഞ്ചരിക്കണം.
കൃഷ്ണമണിയുടെ നക്ഷത്രപ്പൊലിമയിൽ
കണ്ണഞ്ചിനില്ക്കണം.
വെളുത്ത നിറങ്ങളിലൂടെ
മുലപ്പാൽ മണക്കും വരെ അലിഞ്ഞിറങ്ങണം.
ചുവന്ന രേണുക്കൾ പടർന്നു തുടങ്ങുമ്പോൾ
ഒരു വിരൽ സ്പർശം കൊണ്ട്
നിന്നെ തളർത്തണം.
ആരും നമ്മെ തിരിച്ചറിയാത്ത സുഖം !
നമുക്കിനിയും കഥകൾ പറയാം
കവിതകൾ ചൊല്ലാം.
പകലുകൾ മായട്ടെ
രാവുകൾ നീളട്ടെ.
ഞാനുറക്കം വിട്ടെഴുന്നേറ്റിരിക്കുന്നു. 
എത്ര തൊട്ടാലും മതിവരുന്നില്ല
നീയിങ്ങനെ കൂമ്പിയടയുന്നത്
എത്ര കണ്ടാലും മതിവരുന്നില്ല.
@ബിജു ജി.നാഥ്

No comments:

Post a Comment