യാത്ര തുടരുക..
....................
എന്നെ നോവിക്കും രാവിനും
എന്നെ പൊള്ളിക്കും പകലിനും
തെറ്റു പറ്റിയെന്നുറക്കെ ചൊല്ലുവാൻ
എന്തിനിത്ര വിഷമമെന്നോർത്തു ഞാൻ.
കണ്ടു നില്ക്കുന്ന കാഴ്ചകളല്ല.
കേട്ടു പോകുന്ന വാക്കുകളല്ല
നിന്ന നില്പിൽ മുഖം തിരിച്ചകലുന്ന
സ്വന്തമെന്ന കനവത്രെ വേദന!
വേച്ചു വേച്ചു നടന്നകലുന്നൊരു
കൊച്ചു കൊച്ചു സന്തോഷങ്ങളത്രയും
എത്ര കാലം ഉള്ളിലിട്ടുരുക്കിയ
മോഹമെന്നതും നീയറിഞ്ഞീടില്ല.
നിന്റെ ജീവിത പാതകൾ നീളെയും
വർണ്ണപുഷ്പങ്ങൾ വീണു കിടക്കുവാൻ
നീ നടക്കുന്ന വീഥി തന്നോരങ്ങൾ
തോറുമേ നട്ടു പോകുന്നു കാടൊന്ന്.
എന്റെ ഉയിരിൻ തിരിയെടുത്തിന്നൊരു
ദീപവും പകർന്നു വയ്ക്കുന്നു കാണുക.
പിന്തുടരുവാനാകാതെ വീണൊരീ
കാഴ്ച നീ കണ്ടു നില്ക്കരുതൊട്ടുമേ
യാത്ര തുടരുക ഒന്നും മനസ്സിലായ്
ഓർത്തു വയ്ക്കാതെ വേഗത്തിലിന്നു നീ.
....... ബിജു.ജി.നാഥ് വർക്കല
എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Pages
▼
No comments:
Post a Comment