Pages

Monday, February 21, 2022

പൂരകങ്ങള്‍ നാം


ഓർമ്മത്തെറ്റുകളിൽ വീണടിഞ്ഞ് 
നിന്നിലേക്ക് പടര്‍ന്നൊരു മോഹമായ്
നിൻ്റെ ഹിമശൈലങ്ങളെയലിയിക്കാൻ
കൊതിച്ച് പരാജിതനായവൻ ഞാൻ.

നീയൊരിക്കലുമൊരു താരാട്ടായി
എന്നെ തഴുകിയിരുന്നില്ലെങ്കിലും,
നിന്നെയറിയാൻ അനുവദിച്ചില്ലെങ്കിലും
വേദനകൾ തൻ ഇരുണ്ട വഴികളിലൊക്കെയും
നിൻ്റെ പിറകിലുണ്ടായിരുന്നു ഞാൻ.

തഴുകാനായ് നിന്നിലേക്കാഞ്ഞൊരെന്നെ
നിരാശയുടെ ഇരുണ്ട താഴ്വരകളിലേക്ക്
വലിച്ചെറിയുമ്പോഴും
നിശ്ചലമായൊരു നിഴലുപോലെ,
നീയുറ്റു നോക്കുന്നെന്‍ മിഴികളില്‍ !

നിന്‍ മുഖത്തേക്ക് കണ്ണെറിയുമ്പോള്‍
ഞാന്‍ നടുങ്ങുന്നു .
നിന്നിലെ മിഴികളില്‍ ഉറയും ശൈത്യത്തില്‍
എന്റെ രസനകള്‍ തളരുന്നു .
ഞാനൊരു തളര്‍ന്ന പോരാളിയായി,
പരാജയമറിഞ്ഞ യോദ്ധാവായ്‌
പിന്‍വാങ്ങുന്നു .

നമ്മള്‍ പ്രണയത്തിന്റെ താഴ്വരകളിലേക്ക്
മനസ്സുകൊണ്ടൂളിയിടുന്നു .
ഒടുവിലെൻ വഴികൾക്ക് ദിശമുട്ടുമ്പോൾ
ഞാനറിയുന്നു .
നാം രണ്ടല്ല
നാം പൂരകങ്ങള്‍ മാത്രം .
പറിച്ചുമാറ്റാന്‍ കഴിയാത്ത എന്തോ ഒന്നിനാൽ.....
@ബിജു ജി.നാഥ് 

No comments:

Post a Comment